കളസം കത്തുന്ന കലികാലം

കളസം കത്തുന്ന കലികാലം

ഡോ. സൂരജ് പിട്ടാപ്പിള്ളില്‍
വടവാതൂര്‍ സെമിനാരി, കോട്ടയം

ഒരിക്കല്‍ ആംസ്റ്റര്‍ഡാമിലെ ഒരു മ്യൂസിയത്തില്‍ (റൈക്സ് മ്യൂസിയമാണെന്നാണോര്‍മ്മ) സന്ദര്‍ശനം നടത്തിയപ്പോള്‍ എന്‍റെ ശ്രദ്ധയാകര്‍ഷിച്ച രണ്ട് പ്രതിമകളുണ്ട്. രാജകീയ വിളംബരങ്ങളും ഔദ്യോഗിക ആശയവിനിമയങ്ങളും നടത്തുന്ന മണ്ഡപത്തിന്‍റെ ഇരുവശത്തുമായി നില്‍ക്കുന്നവയാണ് ആ രണ്ടു പ്രതിമകള്‍. അവയില്‍ ഒന്നിന്‍റെ പക്കല്‍ ഒരു കാഹളവും രണ്ടാമത്തേതിന്‍റെ പക്കല്‍ രണ്ടു കാഹളങ്ങളും ഉണ്ട്. ഡച്ചുകാര്‍ക്ക് അതിന് രസകരമായ ഒരു വ്യാഖ്യാനമുണ്ട്. ഒരു കാഹളവുമായി നില്‍ക്കുന്ന പ്രതിമ സത്യം വിളംബരം ചെയ്യുമ്പോള്‍ രണ്ടു കാഹളങ്ങളുമായി നില്‍ക്കുന്ന പ്രതിമ നുണയും അപവാദവും വിളംബരം ചെയ്യും. അതായത് സത്യത്തിന്‍റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന നുണ സത്യത്തിന്‍റെ ഇരട്ടി സ്വീകാര്യതയും നേടുന്നു. സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ഉലകംചുറ്റി തിരിച്ചെത്തും എന്ന പഴമൊഴി സൂചിപ്പിക്കുന്നതും അതുതന്നെ. എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ പത്തും എയ്യുമ്പോള്‍ നൂറും പായുമ്പോള്‍ ആയിരവും തറയ്ക്കുമ്പോള്‍ പതിനായിരവുമാകുന്ന 'അര്‍ജ്ജുനബാണവികാസം' പോലെയുള്ള നുണയുടെ പ്രഹരശേഷിക്ക് ദൃഷ്ടാന്തങ്ങള്‍ നമുക്കുചുറ്റും ധാരാളമുണ്ട്.

2016-ല്‍ ഓക്സ്ഫഡ് ഡിക്ഷനറി ആ വര്‍ഷത്തെ വാക്കായി തിഞ്ഞെടുത്തത് പോസ്റ്റ് ട്രൂത്ത് എന്ന വാക്കായിരുന്നു. നിജാനന്തരം എന്ന് ഞാന്‍ വിവര്‍ത്തനം ചെയ്യുന്ന ഈ പദത്തിന്‍റെ അര്‍ത്ഥവ്യാപ്തി ചിന്താതീതമാം വിധം വലുതാണ്. യാഥാര്‍ത്ഥ്യത്തെ തമസ്കരിച്ചുകൊണ്ടും നുണയുടെ ഏണിയില്‍ ചവിട്ടിക്കൊണ്ടുമുള്ള ഡോണാള്‍ഡ് ട്രംപിന്‍റെ വൈറ്റ് ഹൗസ് കുടിയേറ്റവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്‍റെ കുടിയിറക്കവുമായിരുന്നു നിജാനന്തര യുഗത്തിന്‍റെ (post-truth era) വലിയ ഉദാഹരണങ്ങളായി ചിത്രീകരിക്കപ്പെട്ടത്.

നിജാനന്തരയുഗം (post-truth era) എന്ന തലക്കെട്ടില്‍ 2004-ല്‍ അമേരിക്കന്‍ എഴുത്തുകാരനായ റാല്‍ഫ് കെയ്സ് ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. (എന്നാല്‍ ഈ പദത്തിന്‍റെ ആദ്യഉപയോഗം അതിനും ഒരു വ്യാഴവട്ടക്കാലം മുന്‍പായിരുന്നു). നിജാനന്തരയുഗം അമേരിക്കയിലോ ബ്രിട്ടനിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഒരു ദേശവും ദിക്കും ഇതിന്‍റെ കടന്നുകയറ്റത്തിനതീതമല്ല. ഏതാണ്ടെല്ലാ വൈജ്ഞാനിക മണ്ഡലങ്ങളും ഇതിന്‍റെ സമ്പര്‍ക്കത്താല്‍ മലിനമായിക്കഴിഞ്ഞു. എങ്കിലും മാധ്യമപ്രവര്‍ത്തനവും രാഷ്ട്രീയരംഗവുമാണ് ഏറ്റവും മലീമസമായ രംഗങ്ങളെന്നു പറയാം.

കസ്തൂരിയും അമേധ്യവും കൂട്ടിക്കുഴച്ചാല്‍ കസ്തൂരി നാറുമെന്നതാണ് യാഥാര്‍ത്ഥ്യം. നുണ കലര്‍ത്തുന്നതോടെ സത്യവും വെടക്കാകുന്നു. സത്യം വെടക്കാകുന്ന പ്രവണത എന്തുകൊണ്ട് വളരുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. പുരാതനകാലം തൊട്ടേ ജ്ഞാനത്തെ ഉദാത്തമായ ലക്ഷ്യവും ജ്ഞാനാന്വേഷണത്തെ പവിത്രമായ പ്രവൃത്തിയും ആയി കണ്ടിരുന്ന ഒരു സംസ്കാരമുണ്ടായിരുന്നു (knowledge is virtue). എന്നാല്‍ ഇതിനെ സാമാന്യവല്‍ക്കരിക്കാനുമാകില്ല. ജ്ഞാനംകൊണ്ട് പണമോ, അധികാരമോ, മികച്ച സാമൂഹ്യജീവിതമോ സ്വന്തമാക്കാം എന്നു കരുതിയവരുമുണ്ടായിരുന്നു. അവര്‍ക്ക് ജ്ഞാനം ലക്ഷ്യത്തേക്കാളുപരി ഒരു മാര്‍ഗമായിരുന്നു. ഇക്കൂട്ടര്‍ ലോകത്തില്‍ എല്ലായിടത്തും എക്കാലത്തും ഉണ്ടായിരുന്നു.

വിദ്യയെ കച്ചവടം ചെയ്യുന്ന (വിദ്യാപണ്യത) ജ്ഞാനവണിക്കുകളെക്കുറിച്ച് കൗടില്യന്‍ 'അര്‍ത്ഥശാസ്ത്ര'ത്തില്‍ പറയുന്നുണ്ട്. പ്രാചീന ഗ്രീസിലെ സോഫിസ്റ്റുകള്‍ ജ്ഞാനം വിറ്റ് ജീവിച്ചവരായിരുന്നു. മൂല്യാധിഷ്ഠിത ജീവിതത്തിലുപരി പ്രായോഗികമായി വിജയകരമായ ജീവിതം നയിക്കാനുതകുന്ന വിദ്യയാണ് അവര്‍ ഉപഭോക്താക്കള്‍ക്ക് വിറ്റത്. ഇത്തരം ജ്ഞാനക്കച്ചവടത്തിന്‍റെ പേരിലാണ് സോക്രട്ടീസിനെപോലുള്ളവര്‍ അവരോട് കലഹിച്ചത്. പിന്നീടിങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ ഉദാത്തമായ സത്യത്തെ ലക്ഷ്യംവച്ചവരെ ഒരുവശത്തും നുണകളുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെ സത്യത്തെ തമസ്കരിച്ചും വ്യഭിചരിച്ചും ലക്ഷ്യം പ്രാപിച്ചവരെ മറുവശത്തും കാണാം.

"വഞ്ചനയിലൂടെ എളുപ്പം കാര്യം നേടാമെന്നിരിക്കേ അനാവശ്യമായി ബലപ്രയോഗത്തിന് മുതിരരുത്" എന്ന് രാജാവിന് ഉപദേശം നല്കുന്ന മാക്കിയവെല്ലിയും യുദ്ധത്തിലെ ഉത്തുംഗ പുണ്യങ്ങള്‍ ശക്തിയും വഞ്ചനയുമാണെന്ന് പറഞ്ഞ തോമസ് ഹോബ്സും, "അസത്യത്തെ സമര്‍ത്ഥിക്കാന്‍ ശേഷിയില്ലാത്തുകൊണ്ടു മാത്രം നുണ പറയാതിരിക്കുന്നവരാണധികവും" എന്നു പറഞ്ഞ നീത്ഷേയുമൊക്കെ ഈ ചരിത്രത്തെ സമ്പുഷ്ടമാക്കുന്നവരാണ്. സാമം, ഭേദം, ദാനം, ദണ്ഡം എന്നീ ചതുരപായങ്ങളുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെ അധികാരം നേടാനും അതിനെ നിലനിര്‍ത്താനും കിണഞ്ഞു പരിശ്രമിക്കുന്ന ആധുനിക അധികാര രസതന്ത്രത്തില്‍ നുണ ഒരു ശ്രേഷ്ഠമൂലകമാണ്.

യുദ്ധാനന്തര ജര്‍മ്മനിയെ ഒരു ലോകശക്തിയാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച ആദ്യ ചാന്‍സലര്‍ കോണ്‍റാഡ് ആഡനൗവര്‍ ഒരിക്കല്‍ പറഞ്ഞു. സത്യം മൂന്നു തരത്തിലുണ്ട്: വെറും സത്യം, യഥാര്‍ത്ഥസത്യം, ആത്മാര്‍ത്ഥസത്യം (Wahrheit, reine Wahrheit, lautere Wahrheit) എന്നിവയാണിവ. ഒരേ സത്യത്തെത്തന്നെ വ്യത്യസ്തമായ സ്വീകാര്യതയോടെ അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ് ആഡനൗവര്‍ സൂചിപ്പിച്ചത്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും സത്യത്തോട് വിളക്കിച്ചേര്‍ത്ത് സത്യത്തിന്‍റെ സ്വീകാര്യതയെ വര്‍ദ്ധിപ്പിക്കുന്ന ദൗത്യമാണ് ഇന്നത്തെ നമ്മുടെ മാധ്യമരംഗം ഏറ്റെടുത്തിരിക്കുന്നത്. ഈ സങ്കരസത്യമാണ് കലര്‍പ്പില്ലാത്ത സത്യത്തെക്കാള്‍ ശരാശരി മനുഷ്യന്‍റെ കര്‍ണ്ണപുടങ്ങളില്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്നത്. ഇങ്ങനെ സങ്കരസത്യം കൊണ്ട് സത്യത്തെ മറികടക്കുന്നതിനെയാണ് മാധ്യമപ്രവര്‍ത്തനത്തില്‍ വ്യാജസന്തുലനം (false balance) എന്നു പറയുന്നത്. സത്യത്തിന്‍റെ പക്ഷത്ത് വ്യക്തമായ നൂറു തെളിവുകളും നുണയുടെ പക്ഷത്ത് ദുര്‍ബലമായ ഒരു തെളിവും മാത്രമുള്ളപ്പോള്‍ നുണയുടെ പക്ഷത്തെ ദുര്‍ബലമായ തെളിവിനെ പര്‍വതീകരിച്ചുകൊണ്ടും സത്യത്തിന്‍റെ നൂറു തെളിവുകളെ തമസ്കരിച്ചുകൊണ്ടും കൃത്രിമമായി സൃഷ്ടിക്കുന്ന സന്തുലനാവസ്ഥയെയാണ് വ്യാജസന്തുലനം എന്ന് വിളിക്കുന്നത്. പഴക്കടയില്‍നിന്ന് നാം പഴം വാങ്ങുമ്പോള്‍ ഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുക്കുന്നതുപോലുള്ള (cherry-picking) ഒരു പ്രക്രിയ ഇവിടെയും നടക്കുന്നുണ്ട്.

"ധൃതിയില്‍ പടച്ചുവിടുന്ന സാഹിത്യം" എന്ന് മാധ്യമപ്രവര്‍ത്തനത്തെ നിര്‍വചിച്ചത് ബ്രിട്ടീഷ് കവിയായ മാത്യു അര്‍നോള്‍ഡാണ്. അതിനാല്‍ കുറവുകള്‍ സ്വാഭാവികമാണുതാനും. എന്നാല്‍ തിന്നാനും നുണപറയാനുംവേണ്ടി മാത്രം വാപൊളിക്കുന്ന മാധ്യമപ്രവര്‍ത്തനം ഒരു സാംസ്കാരിക സമൂഹത്തെ നിലനിര്‍ത്തുന്ന സനാതനമൂല്യങ്ങള്‍ക്ക് ഭീഷണിയാണ്. ഇറ്റാലിയന്‍ ബാലസാഹിത്യത്തിലെ അനശ്വരകഥാപാത്രമായ പിനോക്കിയോയെപ്പോലെ നുണ പറയുമ്പോള്‍ മൂക്കു നീണ്ടുപോയാല്‍ നിജാനന്തര യുഗത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തുമ്പിക്കൈയ്യുമായി നടക്കേണ്ടിവരും. മലയാളത്തിലെ 'കല്ലുവച്ച നുണ' എന്നതിന് പകരം നില്‍ക്കാവുന്ന ഇംഗ്ലീഷ് പ്രയോഗമാണ് കളസം കത്തുന്ന (pants on fire) നുണ എന്നത്. നുണ ആര്‍ത്തിയോടെ വെട്ടിവിഴുങ്ങാന്‍ വെമ്പിനില്‍ക്കുന്ന ഒരു സമൂഹമാണ് കളസം കത്തുന്ന നുണകളെ ഉല്‍പാദിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത്. നമ്മുടെ ഈ കേരളത്തിലെ മാധ്യമപ്രവര്‍ത്തനം ഈ നിലയിലേക്ക് തരംതാണു എന്നു നിസ്സംശയം പറയാം. ഇതില്‍ ശരാശരി മലയാളിയുടെ പങ്കെന്ത്?

ലോകപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരനും 1957-ലെ സാഹിത്യനോബല്‍ ജേതാവുമായ ആല്‍ബര്‍ കമ്യൂവിന്‍റെ പ്രസിദ്ധമായ ഒരു കൃ തിയാണ് പതനം (The Fall). സംസ്കാരത്തിന്‍റേയും വിദ്യാസമ്പന്നതയുടേയും പുറംമോടികളില്‍ മേനി നടിക്കുന്ന ആധുനികമനുഷ്യന്‍റെ മുഴുവന്‍ കാപട്യത്തേയും കമ്യൂ വിവരിക്കുന്നത് ഒരു ചെറിയ വാചകം കൊണ്ടാണ്. "അവന്‍ വ്യഭിചരിക്കുകയും പത്രം വായിക്കുകയും ചെയ്തു" യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കൊള്ളരുതായ്മ ചെയ്തിട്ട് നാടൊട്ടുക്ക് നടക്കുന്ന കൊള്ളരുതായ്മകളുടെ റിപ്പോര്‍ട്ട് വായിച്ച് വിലയിരുത്തി സകലതിനെയും വിധിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കമ്യൂവിന്‍റെ ആധുനികമനുഷ്യന്‍ ഞാനാണ്, നീയാണ്, നമ്മെളെല്ലാവരുമാണ്. സ്വന്തം കണ്ണില്‍ തടി കിടക്കുമ്പോഴും അപരന്‍റെ കണ്ണിലെ കരട് മാറ്റാന്‍ ഉത്സാഹിക്കുന്ന മലയാളി ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. എല്ലാ അര്‍ത്ഥത്തിലും ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഇന്ന് ഏറ്റവും മാര്‍ക്കറ്റുള്ള നിത്യോപയോഗ വസ്തുവായി 'വിവാദങ്ങള്‍' മാറിയിരിക്കുന്നു. വിവാദത്തിന്‍റെ പിന്നാലെ പരക്കം പായുന്ന വിവാദഭുക്കുകളുടെ നാടായി ഇതു മാറി. വിവാദം തിന്ന് വെറുപ്പ് വിസര്‍ജ്ജിക്കുന്ന സംശയരോഗികളായി നാം തരംതാഴുന്നു. മറ്റുള്ളവരെ വിമര്‍ശിക്കുന്ന, സര്‍വ്വരേയും അടച്ചാക്ഷേപിക്കുന്ന നിരീക്ഷക നപുംസകങ്ങള്‍ക്കും അവതാര അലവലാതികള്‍ക്കുമാണ് ചാനലുകളില്‍ വീരവേഷം. ഒന്നിന്‍റേയും നന്മ കാണാന്‍, ഒരുവനെക്കുറിച്ചും നല്ലതുപറയാന്‍ കഴിയാതെ വരുന്നത് ഒരു രോഗമാണ്. താനൊഴികെ മറ്റെല്ലാവരും വൃത്തികെട്ടവരാണ് എന്ന നിഗൂഢമായ ആനന്ദം ഒരു ഉറക്കഗുളികപോലെ അകത്താക്കിയാണ് ഒരു ശരാശരി മലയാളി ടി.വി. ഓഫാക്കി കിടക്കാന്‍ പോകുന്നത്. ഇതിനൊരറുതി സംഭവിച്ചേ തീരൂ. "മക്ഷികാവൃണമിച്ഛന്തി" എന്ന് നീതിസാരം പറയുന്നതുപോലെ വൃണത്തിലും പുണ്ണിലും ഇരുന്ന് അര്‍മ്മാദിക്കുന്ന ഈച്ചകളുടെ തലത്തിലേക്ക് നാം തരംതാഴരുത്. ഇന്ന് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണമുന്നയിക്കാനും തദ്വാരാ വിവാദമുണ്ടാക്കാനും വളരെ എളുപ്പമാണ്. വൃണകാമികളായ ഈച്ചകളെപ്പോലെ വിവാദകാമികളായ മനുഷ്യരുടെ കണ്ണിനും സര്‍വ്വഇന്ദ്രിയങ്ങള്‍ക്കും വിരുന്നായി മാറുകയാണ് ഈ വിവാദങ്ങള്‍. ആരോപണം ഉന്നയിക്കുന്നവരുടെ മാനസികാരാഗ്യത്തെക്കുറിച്ചോ മുന്‍വിധികളെ കുറിച്ചോ സര്‍വ്വോപരി വിശ്വാസ്യതയെക്കുറിച്ചോ ലവലേശം ചിന്തിക്കാതെ ആരോപണമത്രയും ഏറ്റെടുത്താഘോഷിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാന സ്തംഭം എന്ന തങ്ങളുടെ കടമ തന്നെ മറക്കുകയാണ്. തരംതാണ വ്യാജ ആരോപണങ്ങളിലൂടെയും പുകമറ സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെയും രാഷ്ട്രീയ പ്രതിയോഗികളെയോ മറ്റാരെയെങ്കിലുമോ ലക്ഷ്യമിടുമ്പോള്‍ നാം ഒരു കാര്യം മറക്കരുത്; "അപ്പനെ കുത്തിയ കാള അളിയനേയും കുത്താതിരിക്കില്ല." നുണപ്രചാരണശാലകളാക്കി മാധ്യമ സ്റ്റുഡിയോകളെ മാറ്റുന്നത് നമ്മളാണ്.

കഥയില്ലാത്തവന്‍റെ കഥനം കേട്ട് കഴമ്പില്ലാത്തവന്‍ കലിതുള്ളുന്ന കാലമാണ് കലികാലം. ധര്‍മ്മം ഒറ്റക്കാലിലോ പൊയ്ക്കാലിലോ നില്‍ക്കുന്ന കലികാലം. നിജാനന്തരകാലം തീര്‍ച്ചയായും മാധ്യമപ്രവര്‍ത്തനത്തിലെ കലികാലം തന്നെ. കളസം കത്തുന്ന കലികാലം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org