പൗലോസിന്‍റെ രണ്ടാമത്തെ മാനസാന്തരവും ചില വിസ്മൃത സത്യങ്ങളും

പൗലോസിന്‍റെ രണ്ടാമത്തെ മാനസാന്തരവും ചില വിസ്മൃത സത്യങ്ങളും


ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍

തത്ത്വശാസ്ത്രം പഠിക്കുന്ന കാലത്ത് എന്നെ ഏറെ സ്വാധീനിച്ച ഒരു പ്രെപ്പോസിഷന്‍ ആണ് "Cogito ergo sum,' "I think therefore I am,' അതായത്, ഞാന്‍ ചിന്തിക്കുന്നു. അതിനാല്‍ ഞാന്‍ ഉണ്ട് എന്നത്. പിന്നീട് തത്ത്വശാസ്ത്രം 'ഡെക്കാര്‍ട്ടില്‍' നിന്ന് അന്‍റൊണിയൊ ലിനാര്‍ഡൊ തോമസില്‍ എത്തുമ്പോള്‍, ഈ താത്വിക പ്രസ്താവന "I doubt, therefore I think, therefore I am" എന്നാകും. അതായത് ചിന്താപ്രകിയയില്‍ ഇത് – "ഞാന്‍ സംശയിക്കുന്നു, അതിനാല്‍ ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാന്‍ ഉണ്ട്," എന്നാകും. പാശ്ചാത്യ തത്ത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനശിലയായിത്തീര്‍ന്ന, AD 1644-ല്‍ എഴുതപ്പെട്ട ഡെക്കാര്‍ട്ടിന്‍റെ "പ്രിന്‍സിപ്പിള്‍സ് ഓഫ് ഫിലോസഫി"യിലാണ് ഈ ചരിത്ര പ്രസ്താവന ആദ്യം വെളിച്ചം കണ്ടത്. ഫ്രഞ്ചില്‍ എഴുതപ്പെട്ട ഈ തത്ത്വശാസ്ത്ര കണ്ടുപിടുത്തം മനുഷ്യരാശിയുടെ ചിന്താപരമായ മുന്നേറ്റത്തിലെ ഒരു വഴിത്തിരിവായിരുന്നു. എന്നാല്‍ ഇത് പാശ്ചാത്യജനതയെ എവിടെക്കൊണ്ടുപോയി എത്തിച്ചു എന്നു ചിന്തിക്കുന്നതും പ്രസക്തമാണ്.

ഡെക്കാര്‍ട്ടിലൂടെ ഫ്രാന്‍സില്‍ ആരംഭിച്ച ഈ ചിന്താവിപ്ലവമാണ് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ "The cult of reason" ആയി വളര്‍ന്നു വന്നത് Cult de la raison. ദൈവത്തിന്‍റെ സ്ഥാനത്ത് യുക്തിയെ പ്രതിഷ്ഠിച്ച നിരീശ്വരമതം പിന്നീട് യുക്തിദേവത ആരാധന (worship of reason
goddess) ആരംഭിച്ചു. ഫ്രാന്‍സില്‍ ആരംഭിച്ച ഈ യുക്തിദേവതാ അനുഷ്ഠാനവും ആരാധനയും, കത്തോലിക്കാ വിശ്വാസ ആരാധനയ്ക്ക് പകരമായാണ് തല്‍കര്‍ത്താക്കള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അത് ഫ്രഞ്ചുവിപ്ലവചരിത്രത്തിന്‍റെ ഭാഗമാണ്.

ഒരു ബൈബിള്‍ തത്വശാസ്ത്രത്തിന്‍റെ പ്രസക്തി
വിപ്ലവകാരികള്‍ നശിപ്പിച്ച ക്രിസ്റ്റ്യന്‍ ദേവാലയങ്ങള്‍ പിന്നീട് അവര്‍തന്നെ യുക്തിദേവതാ ആരാധനയ്ക്കുള്ള അള്‍ത്താരയാക്കി മാറ്റുകയും ചെയ്തു. ഇതിനൊക്കെ പ്രാരംഭം കുറിച്ച ഡെക്കാര്‍ട്ടിന്‍റെ യുക്തിചിന്തകളുടെ പിന്നാലെ പോയ പല തത്ത്വചിന്തകന്മാരും ഒടുവില്‍ അറിഞ്ഞോ അറിയാതെയോ ചെന്നെത്തിയത് യുക്തിയെ പൂജിക്കുന്ന ഈ നിരീശ്വര മതത്തിന്‍റെ അള്‍ത്താരയില്‍ തന്നെയാണ്. അതായത് ക്രൈസ്തവവിശ്വാസത്തിന്‍റെ അറവുശാലയില്‍. സാര്‍ത്രും, നീഷേയും ഒക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ഈ ചരിത്രവസ്തുത അവഗണിച്ച് സഭയിലെ പല പണ്ഡിത ശ്രേഷ്ഠരും  യുക്തിയില്‍നിന്ന് വിശ്വാസത്തിലേയ്ക്ക് എന്ന സരണി തന്നെയാണ് പിന്നീടും പിന്‍തുടര്‍ന്നത്. എന്നാല്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവാനുഭവത്തില്‍ എത്തിച്ചേരാന്‍ ഈ രീതി എത്രത്തോളം ഫലപ്രദമായി എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. ദൈവസ്നേഹത്തില്‍നിന്നു ദൈവവിശ്വാസത്തിലേയ്ക്ക് എന്ന ബൈബിള്‍ തത്ത്വശാസ്ത്രം, അവലംബിക്കുന്ന വിശ്വാസത്തിലെ യുക്തി അന്വേഷിക്കുന്നതായിരുന്നു സഭയിലെ 99% വരുന്ന പൊതുജനങ്ങളുടെ ആത്മീയ അഭ്യുന്നതിക്ക് സഹായകരമായിരുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം യുക്തിയുടെ 'ചിന്താസരണി' കാര്യങ്ങള്‍ക്ക് എല്ലാം ഒരു 'കാരണം' അന്വേഷിക്കുന്നതാണ്. യുക്തി അടിസ്ഥാനപ്പെടുത്തുന്നത് തെളിവിനെ (evidence) ആണ്.

എല്ലാ കാര്യങ്ങള്‍ക്കും ഒരു കാരണം ഉണ്ടാകുമെന്ന തത്ത്വശാസ്ത്രം അരിസ്റ്റോട്ടില്‍ മുതല്‍ അക്വിനാസ് വരെ പിന്‍തുടര്‍ന്നാലും എല്ലാ കാര്യങ്ങള്‍ക്കും യുക്തി സഹമായി ഉണ്ടാകേണ്ട ആ 'കാരണം' ദൈവം തന്നെയാണ് എന്ന് പറയാനും ആ ദൈവം ഒരു വ്യക്തിയാണെന്നു സമര്‍ത്ഥിക്കാനും യുക്തിക്ക് പരിമിതികള്‍ ഉണ്ട്. ഇവിടെ ബൈബിള്‍ വെളിപാടുകളെയാണ് വിശ്വാസിക്ക് ആശ്രയിക്കേണ്ടി വരുന്നത്. യുക്തിക്കു പകരം വിശ്വാസമാണ് ഇവിടെ നമ്മുടെ സഹായത്തിനായി എത്തുന്നത്. ദൈവത്തിന്‍റെ ഏകജാതനായ ഈശോമിശിഹായാണ് എന്‍റെ പാപപരിഹാരാര്‍ത്ഥം കുരിശില്‍ മരിച്ചത്, ഉയര്‍ത്തെഴുന്നേറ്റത് എന്നും, അവിടുത്തെ വാഗ്ദാനപ്രകാരമാണ് എന്‍റെ നിത്യജീവനായി ആത്മസ്നാനം നല്‍കിയത് എന്നൊക്കെ വിശ്വസിക്കുമ്പോള്‍, നമ്മള്‍ പിന്‍തുടരുന്നത് കേവലയുക്തി അല്ല നമ്മുടെ വിശ്വാസത്തിന്‍റെ യുക്തിയെയാണ്. ഈ വിശ്വാസത്തിന്‍റെ, യുക്തിയുടെ അടിസ്ഥാനമാകട്ടെ അപ്പസ് തോലന്മാരുടെ വിശ്വാസമാണ്. അപ്പസ്തോലന്മാരുടെ വിശ്വാസത്തിന്‍റെ യുക്തി എന്നു പറയുന്നത് അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, കൈകൊണ്ട് സ്പര്‍ശിച്ച് ഗ്രഹിച്ച ക്രിസ്തുവിന്‍റെ തൊട്ട് അനുഭവം ആണ്. അതെ അനുഭവം ആണ് വിശ്വാസത്തിന്‍റെ യുക്തി.

വെറും കോപ്പിയടികളായ ബദല്‍ മാതൃകകള്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ആണോ?
അതാത് കാലഘട്ടങ്ങളിലെ ചിന്താമണ്ഡലങ്ങളില്‍, ലോകത്ത് ഉണ്ടാകുന്ന പുതിയ പുതിയ പ്രവണതകളെ (trends) പ്രതിരോധിക്കാന്‍, 'ബദല്‍ മാതൃകകളെ' ചമച്ച് ഉണ്ടാക്കുന്നതിനുള്ള അമിതമായ താല്‍പ്പര്യം അതിന് ഒരുമ്പെടുന്നവരുടെ ധൈഷണിക അടിമത്വത്തെയാണ് വെളിവാക്കുന്നത്. ലോകപ്രവണതയോട് ഉള്ള ഒരുതരം ദാസ്യവൃത്തിയാണിത്. ലോകചിന്താമണ്ഡലത്തില്‍ രൂപപ്പെടുന്ന പുതിയ പുതിയ തത്വചിന്തകളുടെ, പ്രവണതകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ സഭയ്ക്കുള്ളിലും പ്രചരിപ്പിക്കുവാന്‍ സഭയിലെ ചില തത്ത്വജ്ഞാനികളും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇത്തരം ലോക 'പ്രവണതകളും' ആത്മാവിന്‍റെ 'പ്രചോദനങ്ങളും' രണ്ടും രണ്ടാണ് എന്നും, 'സഭ' പ്രവണതകളെ അല്ല പ്രചോദനങ്ങളെ ആണ് പിന്‍തുടരേണ്ടത് എന്നും അപ്പസ്തോലന്മാര്‍ വഴിതന്നെ പരിശുദ്ധാത്മാവ് സഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ് (1 പത്രോ. 2:11, റോമാ 8:4). മതപീഢനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും അപ്പസ്തോല കാലപാരമ്പര്യത്തില്‍നിന്ന്, സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും കോണ്‍സ്റ്റന്‍റൈന്‍ പാരമ്പര്യത്തിലേക്ക് സഭ കടന്നുവന്ന പരിവര്‍ത്തനദിശയില്‍ ആണോ നിലനില്‍പ്പിനുവേണ്ടി ലോക പ്രവണതകളെ പ്രതിരോധിക്കാന്‍ ലോകത്തിന്‍റെ തന്നെ ചട്ടക്കൂടുകളെ കടം എടുത്ത് നമ്മള്‍ സ്വയം പ്രതിരോധത്തിന് ഒരുങ്ങിയത് എന്ന് ആത്മശോധന ചെയ്യേണ്ടതാണ്.

ദൈവപുത്രന്‍റെ മനുഷ്യ അവതാരം വഴി മനുഷ്യരാശിക്ക് ചാര്‍ത്തിക്കിട്ടിയ മഹത്ത്വത്തിന്‍റെ കൈമാറ്റമാണ് നമ്മുടെ മതാത്മകതയുടെയും ആത്മീയതയുടെയും അന്തഃസത്ത. ആ അന്തഃസത്തയുടെ പഠനങ്ങള്‍ക്കും പരിപോഷണത്തിനും പകര്‍ച്ച കൊടുക്കലിനുമായി അപ്പസ്തോല പാരമ്പര്യം വിട്ട,് അരിസ്റ്റോട്ടിലിന്‍റെ പാരമ്പര്യം കൈകൊണ്ടത് സഭയെ എപ്രകാരം സ്വാധീനിച്ചു എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്. അരിസ്റ്റോട്ടേലിയന്‍ മെറ്റാഫിസിക്സും പ്ലേറ്റോയുടെ ഡയലോഗും ചേര്‍ത്തു രൂപപ്പെട്ട നിയോ പ്ലേറ്റോണിസം എന്ന് പണ്ഡിതര്‍ വിളിക്കുന്ന ചിന്താധാരയായിരുന്നു മൂന്നാം നൂറ്റാണ്ടു മുതല്‍ 6-ാം നൂറ്റാണ്ടുവരെ റോമന്‍ ബുദ്ധിജീവികളെ സ്വാധീനിച്ചത്. നിയോ പ്ലേറ്റോണിസത്തിന്‍റെ ഉപജ്ഞാതാവായ പ്ലോട്ടിനൂസ് തന്‍റെ കാഴ്ച്ചപ്പാടില്‍ സ്വരുകൂട്ടിയെടുത്ത ദര്‍ശന സങ്കല്‍പ്പമായ ജീവിത രീതിയായ "angelic life' (life of embodied in the body), പ്ലേറ്റോയുടെ തത്ത്വചിന്തയുടെ റോമന്‍ അലക്സാണ്‍ഡ്രിയന്‍ പതിപ്പ് ആയിരുന്നു. ക്രിസ്തുമതം വികസിച്ചുവന്ന ആദിമ നൂറ്റാണ്ടില്‍ റോമിലും അലക്സാണ്‍ ഡ്രിയായിലും പ്രബലമായിരുന്ന നിയോ പ്ലേറ്റോണിക് തത്ത്വശാസ്ത്രത്തെ രൂപപ്പെടുത്തിയത് പ്ലേറ്റോയുടെ ഗുരുവായിരുന്ന അരിസ്റ്റോട്ടിലിന്‍റെ മെറ്റാ ഫിസിക്കല്‍ സങ്കല്‍പ്പങ്ങള്‍ ആയിരുന്നു. അതിനാല്‍ സുവിശേഷ വിഹിതമായ പുതിയ ജീവിതവീക്ഷണം പ്രചരിപ്പിച്ച അപ്പസ്തോലന്മാര്‍ക്ക് പ്രത്യേകിച്ച് സെന്‍റ് പോളിന് സെനക്കായും, എപ്പിക്കൂരിയന്‍സും, സ്റ്റോയിക്കുകളും അവരുടെ തത്ത്വചിന്തകളുമായി ഏറ്റുമുട്ടേണ്ടതായി വന്നു. സുവിശേഷം പ്രചരിപ്പിക്കാന്‍ അപ്പസ്തോലന് അവരെ പ്രതിരോധിക്കേണ്ടതോ, അവരുടെ ചിന്താധാരകള്‍ക്ക് അനുപേക്ഷണീയമായി തന്‍റെ മതത്തെ ജനപ്രിയമായി അവതരിപ്പിക്കേണ്ടതോ ആയി വന്നു. അതിനാല്‍ അക്കാലത്ത് ആഥന്‍സില്‍ പ്രബലമായിരുന്ന മതചിന്തകള്‍ക്ക് ഉള്ളില്‍ ഒരു ഇടം കണ്ടെത്തി, സെന്‍റ് പോള്‍ താന്‍ പ്രസംഗിക്കുന്ന പുതിയ മതചിന്തയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതു കാണാം (നടപടി 17:23) എന്നാല്‍ പൗലോസിന്‍റെ ഈ ഉദ്യമം ആഥന്‍സില്‍ പാടെ പരാജയപ്പെടുകയാണുണ്ടായത് (നടപടി 17:32). ഇവിടെ വെച്ചാണ് സെന്‍റ് പോളിന്‍റെ രണ്ടാമത്തെ മാനസാന്തരം നടക്കുന്നത്.

മാനസാന്തരം ഒരു കാലസമാന്തര പ്രക്രിയ
പോളിന്‍റെ രണ്ടാമത്തെ മാനസാന്തരം, എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വി. പൗലോസ് അപ്പസ് തോലന്‍റെ മാനസാന്തര കഥ അദ്ദേഹം നടപടി പുസ്തകത്തില്‍ രണ്ടുപ്രാവശ്യം പരാമര്‍ശിക്കുന്നതിനെ സൂചിപ്പിക്കാനല്ല. മറിച്ച് സെന്‍റ് പോളിന്‍റെ ജീവിതം അടുത്തുനിന്നു വീക്ഷിച്ചാല്‍ അദ്ദേഹത്തിന്‍റെ മാനസാന്തരത്തിന് വ്യക്തമായും രണ്ടു ഘട്ടങ്ങള്‍ ഉള്ളതായി കാണാം. 1. സാവൂള്‍ യേശുവിനെ സ്വയം അറിയുന്നതാണ് ഒന്നാം ഘട്ടം. അതായത് ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ അദ്ദേഹത്തിന് പ്രത്യക്ഷനായ (1 കോറി 15:8), താന്‍ പീഢിപ്പിച്ചിരുന്ന ഉത്ഥിതനായ ഈശോയെ (നടപടി 9:5) അറിയല്‍. ആ അനുഭവത്തിലൂടെ യേശു ആരാണ് എന്ന് പൗലോസ് അറിഞ്ഞു. എന്നാല്‍ അപ്രകാരം താന്‍ അറിഞ്ഞ "രക്ഷയെ" മറ്റുള്ളവരെ അറിയിക്കുന്നതില്‍ വന്ന മനം മാറ്റമാണ് പൗലോസിന്‍റെ രണ്ടാമത്തെ മാനസാന്തരം. അത് താന്‍ അറിഞ്ഞതും അനുഭവിച്ചതുമായ ക്രിസ്തുരഹസ്യം മറ്റുള്ളവരെ അറിയിക്കുന്നതിന് ആദ്യം അദ്ദേഹം സ്വീകരിച്ച രീതി അക്കാലത്ത് അവിടങ്ങളില്‍ പ്രബലമായിരുന്ന തത്ത്വശാസ്ത്രത്തിന്‍റെ ശൈലി ആയിരുന്നു. പൗലോസിന്‍റെ അത്തരം സമീപനത്തിനു കാരണം ആ സമൂഹത്തെക്കുറിച്ചുള്ള പൗലോസിന്‍റെ മുന്‍ വിധിയാണ്. ആഥന്‍സ് വാസികളെക്കുറിച്ച് പൗലോസ് ധരിച്ചിരുന്നത് നടപടി പുസ്തകം ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്. ശ്രദ്ധിക്കുക: "എല്ലാ ആഥന്‍സുകാര്‍ക്കും അവിടെ താമസിച്ചിരുന്ന വിദേശികള്‍ക്കും പുതിയ പുതിയ കാര്യങ്ങളെക്കുറിച്ച് പറയുന്നതിനും കേള്‍ക്കുന്നതിനുമല്ലാത്ത മറ്റൊന്നിനും സമയം ഉണ്ടായിരുന്നില്ല" (നടപടി 17:21). "ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു" -എന്ന പൗലോസിന്‍റെ ധാരണയോ തെറ്റിധാരണയോ പിന്നീട് കൊറിന്ത്യലേഖനത്തില്‍ പൗലോസ് തന്നെ വെളിവാകുന്നുണ്ട് (1 കോറി. 1:22) ഇപ്രകാരം തന്‍റെ കേള്‍വിക്കാര്‍ വിജ്ഞാനം ആണ് അന്വേഷിക്കുന്നത് എന്ന് ധരിച്ച പൗലോസ് ആണ് ആദ്യമായി ക്രിസ്തുരഹസ്യത്തെ അതിബൗദ്ധികമായി (higly intellectual) ആയി അവതരിപ്പിക്കുവാന്‍ ശ്രമം ആരംഭിച്ചത് – അതിനാല്‍ പൗലോസ് താത്വികമായി അവതരിപ്പിക്കാന്‍ ശ്രമിച്ച ക്രിസ്തുരഹസ്യം വി. പത്രോസിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യങ്ങള്‍" ആയി (2 പത്രോ. 3:16) മാറിപ്പോയി.

ക്രിസ്തുരഹസ്യത്തെ വീണ്ടും മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമായി മാറ്റുമ്പോള്‍…
വളരെ ലളിതമായ 'ക്രിസ്തുരഹസ്യം' എങ്ങനെയാണ് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമായി മാറി പോയത്. പൗലോസിന്‍റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ – ദൈവത്തിന് ഭോഷത്തമായ ഈ ലോകത്തിന്‍റെ വിജ്ഞാനത്തിന്‍റെ (1 കോറി. 3:19) മാതൃകയില്‍ – അതായത് ബദല്‍ മാതൃകയില്‍ വെളിപാട് രഹസ്യത്തെ അഥവാ ദൈവജ്ഞാനത്തെ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ക്രിസ്തുരഹസ്യം മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമായി മാറിപ്പോയത്. ആഥന്‍സിലെ സ്റ്റോയിക്കുകളും എപ്പിക്കൂരിയന്‍സുമായുള്ള വിജ്ഞാന തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ആയിരിക്കാം പൗലോസിനെ വഴിതെറ്റിച്ചത്? (അപ്പ.പ്രവ. 17:18) അല്‍പ്പം കടന്നുചിന്തിച്ചാല്‍ പൗലോസ് തന്നെ അത്തരം ലോകവിജ്ഞാനത്തിന്‍റെ ഒരു ആരാധകനായിരുന്നു എന്നും കാണാം. കാരണം പൗലോസ് തന്‍റെ ലേഖനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും ആശയങ്ങളും തന്നെ ഗ്രീക്കു ചിന്തയുടെ സങ്കേതങ്ങളോട് സാധര്‍മ്മ്യം പുലര്‍ത്തുന്നവയായിരുന്നു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലെ തത്ത്വചിന്തകരായിരുന്ന പ്ലേറ്റോ, സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, റോമന്‍ സ്റ്റോയിക്ക് തത്ത്വജ്ഞാനിയായ സെനക്ക എന്നീ തത്ത്വജ്ഞാനികളുടെ ആശയങ്ങളോടാണ് പൗലോസിന്‍റെ അവതരണങ്ങള്‍ക്ക് കൂടുതല്‍ താദാത്മ്യം കാണുന്നത്. താന്‍ അവതരിപ്പിക്കുന്ന പുതിയ ക്രിസ്തുവിജ്ഞാനീയം പൗലോസ് സംബോധന ചെയ്യുന്ന വിജ്ഞാന സദസ്സിന് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഈ രീതിയെ ആദ്യം അവലംബിച്ചു നോക്കിയത്. റോമന്‍ ചരിത്രകാരനായ ജോസഫിയൂസിന്‍റെ പ്രസ്താവന അനുസരിച്ച് എ.ഡി. 52-ല്‍ സെന്‍റ് പോള്‍ പഠിച്ചിരുന്നത് ഗമാലിയേലിന്‍റെ സ്കൂളിലാണ്. ഈ ഗമാലിയേല്‍ സ്കൂളിലെ സിലബസില്‍ യഹൂദ മതശാസ്ത്രത്തിന്‍റെ കൂടെ പ്രധാന വിഷയമായി പഠിപ്പിച്ചിരുന്നത് ഗ്രീക്കുഫിലോസഫിയും പ്ലേറ്റോണിസവുമായിരുന്നു. "ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്. അദൃശ്യങ്ങള്‍ അനശ്വരങ്ങളും" (2 കോറി. 4:18) തുടങ്ങി റോമന്‍ സ്റ്റോയിക്ക് തത്ത്വചിന്തകനായ സെനക്കായുടെ ദര്‍ശനമായ ""God is at hand everywhere and to all men, God is near thee, he is with thee, he is with in" എന്ന പ്രസ്താവനയെ അതേപടി അനുസ്മരിപ്പിക്കുന്നതാണ്, സെന്‍റ് പോളിന്‍റെ 'ദൈവം നമ്മില്‍ ആരില്‍നിന്നും അകലെയല്ല, അവനിലാണ് നമ്മള്‍ നില്‍ക്കുന്നത്, ചരിക്കുന്നത്, ആയിരിക്കുന്നത്' (നടപടി 17:28) എന്ന പ്രസ്താവം. അതുപോലെ നമ്മള്‍ അവന്‍റെ സന്താനങ്ങള്‍ ആണെന്ന് നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടില്ലേ എന്ന വാചകത്തിലെ കവി (നടപടി 17:28,29) ഫിനോമിന എഴുതിയ 'അറാത്തസ്' ആണ് എന്നതും പ്രത്യേകം ശ്രദ്ധേയം. ഇത്തരം സമാന്തരങ്ങള്‍ കുറേക്കൂടി കാണുന്നുണ്ട് എങ്കിലും ഈ നിരീക്ഷണം ഇവിടെ ചുരുക്കുന്നു. ഇത്രയും പറഞ്ഞത് ലോകവിജ്ഞാനത്തിന്‍റെ മാതൃകയില്‍ ക്രിസ്തുര ഹസ്യത്തെ വിളമ്പിക്കൊടുക്കാന്‍ ശ്രമിച്ച സെന്‍റ്പോളിന്‍റെ പൊളിഞ്ഞുപോയ ആദ്യകാല ക്രിസ്തുവിജ്ഞാനീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പരാമര്‍ശിക്കാനാണ്. അത്തരം ശ്രമം പൊളിഞ്ഞുപോയി എന്നു സെന്‍റ് പോള്‍ തന്നെയാണ് പിന്നീട് പരിതപിച്ചത്. പൊളിഞ്ഞത് ഇങ്ങനെയാണ്. മുകളില്‍ പറഞ്ഞതുപോലെ ഹൈലി ഇന്‍റ ല്വക്ച്ചല്‍ ആയി അക്കാദമിക് പ്രൊഫിഷ്യന്‍സിയോടെ അവത രിപ്പിച്ച ബൗദ്ധിക മികവുള്ള പൗലോസിന്‍റെ പാഠ്യമുറകള്‍ പരാജയപ്പെട്ടു എന്നു തിരിച്ചറിയുന്നത,് അത് കേട്ട ശ്രോതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നാണ്. അതെ, തന്‍റെ ശ്രോതാക്കളില്‍ നിന്ന് രണ്ടുതരം പ്രതികരണമാണ് പൗലോസിന് ലഭിച്ചത്.

1. ഒരുകൂട്ടം ശ്രോതാക്കള്‍ പൗലോസിനെ പരിഹസിച്ചു. (നടപടി 17:32a)

2. രണ്ടാമത്തെ കൂട്ടര്‍ക്ക് വളരെ തണുത്ത പ്രതികരണമായിരുന്നു. ഇതേക്കുറിച്ച് ഞങ്ങള്‍ നിന്നില്‍നിന്ന് പിന്നീട് ഒരിക്കല്‍ കേട്ടുകൊള്ളാമെന്നാണ് അവര്‍ പറഞ്ഞത് (അപ്പ.പ്രവ. 17:32b).

ഇവിടെ പൗലോസ് ഈശോയെക്കുറിച്ച് സത്യമായ കാര്യമാണ് പറഞ്ഞതെങ്കിലും അവതരണ രീതിയിലാണോ വേണ്ടത്ര ഫലം കാണാതിരുന്നത് എന്നത് ചിന്തനീയമാണ്.

പൗളിയന്‍ കെരിഗ്മ
ഈ പരാജയം പൗലോസിനെ ഏറെ ചിന്താക്കുഴപ്പത്തിലാക്കി. പണ്ടു കുതിരപ്പുറത്തുനിന്ന് ദൈവിക സൂര്യവെളിച്ചത്തില്‍ നിലത്തു വീണപ്പോള്‍, മേലോട്ടു നോക്കി "കര്‍ത്താവേ അങ്ങ് ആരാണ്" (നടപടി 9:5) എന്നു ചോദിച്ച ആ 'മുന്‍ ഫരിസേയന്‍' ഇപ്പോള്‍ തന്‍റെ വി ജ്ഞാന തലക്കനത്തിന്‍റെ കുതിരപ്പുറത്തുനിന്ന് താഴെ വീണിരിക്കുന്നു. ആദ്യം വീണപ്പോള്‍ ചിരിക്കാന്‍ ആരും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിഹസിച്ചു ചിരിക്കാനും ആളു കൂടിയിരിക്കുന്നു. എങ്കിലും പഴയതുപോലെ പ്രാര്‍ത്ഥനയോടെ, വിനയത്തോടെ പൗലോസ് കര്‍ത്താവിനോട് തന്നെ ചോദിച്ചു കാണും, "കര്‍ത്താവേ എങ്ങനെയാണ് ഞാന്‍ അങ്ങയെ ലോകത്തിനു കൊടുക്കേണ്ടത്?' "കര്‍ത്താവേ ഞാന്‍ എന്തുചെയ്യണം" (നടപടി 22:10), ആ പ്രാര്‍ത്ഥനയ്ക്കും ഉത്തരം കിട്ടി. പൗലോസിനോട് എന്തു ചെയ്യണം എന്നു കര്‍ത്താവ് പറഞ്ഞതുപോലെ അവന്‍ പിന്നെ ചെയ്യാന്‍ തുടങ്ങി. പ്രസംഗിക്കാന്‍ തുടങ്ങി. അതേ, 'അടയാളം' ആവശ്യപ്പെടുന്ന യഹൂദരെ അവഗണിച്ച് (1 കോറി. 1:22), 'വിജ്ഞാനം' ആവശ്യപ്പെടുന്ന ഗ്രീക്കുകാരെ അവഗണിച്ച് പൗലോസ് പ്രസംഗിച്ചു. അതെ വിജ്ഞാനി എവിടെ? നിയമജ്ഞന്‍ എവിടെ? ഈ യുഗത്തിന്‍റെ താര്‍ക്കികന്‍ എവിടെ? ലൗകിക വിജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയൊ (1 കോറി. 1:20). പിന്നെ കുരിശിനെ നോക്കിക്കൊണ്ട് വിശുദ്ധ പത്രോസിന്‍റെ മാതൃക സ്വീകരിച്ച് പൗലോസ് പ്രസംഗിച്ചു തുടങ്ങി. നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം 'കര്‍ത്താവും ക്രിസ്തുവുമാക്കി' ഉയര്‍ത്തി. "അത്തരം പ്രസംഗങ്ങള്‍ കേട്ടാല്‍ ജനത്തിന്‍റെ ഹൃദയം നുറുങ്ങും" (നടപടി 2:36,37). ജനത്തിന്‍റെ ഹൃദയം നുറുക്കുന്ന അത്തരം പ്രസംഗങ്ങള്‍ പിന്നെ പൗലോസും പറയാന്‍ തുടങ്ങി.

പൗലോസ് പറഞ്ഞു, "യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങള്‍ ആകട്ടെ യഹൂദര്‍ക്ക് ഇടര്‍ച്ചയും, വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവര്‍ക്ക് ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവുമാണ്" (1 കോ റി. 1:23,24). അതാണ് പൗലോസ് തന്‍റെ വിജ്ഞാനത്തിന്‍റെ ഔദ്ധത്യം വെടിഞ്ഞ് നടത്തിയ ലളിതമായ വിശ്വാസ കൈമാറ്റം. ഇതാ ണ് മുന്‍പറഞ്ഞ പൗലോസിന്‍റെ രണ്ടാമത്തെ മാനസാന്തരം.

അതിബൗദ്ധികത ക്രിസ്തുവിജ്ഞാനീയത്തില്‍ വരുത്തി വെയ്ക്കുന്ന അഭിഷേക ദാരിദ്ര്യം
അതിബൗദ്ധികത വരുത്തിവെച്ച അഭിഷേക ക്ഷയത്തില്‍ പടുത്തുയര്‍ത്തിയ ലോകജ്ഞാനത്തിന്‍റെ അക്കാദമിക് പ്രവണതകളുടെ (trends) വെല്ലുവിളികളെ അതിജീവിക്കാന്‍, സഭയ്ക്കുള്ളില്‍ വിജ്ഞാനശാസ്ത്രത്തിന്‍റെ ബദല്‍ മാതൃകകള്‍ സൃഷ്ടിച്ച് അതിലൂടെ ക്രിസ്തുരഹസ്യത്തെ അവതരിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് പൗലോസ് ആണ്. അലക്സാണ്‍ഡ്രിയന്‍ സ്കൂളുകളുടെ സിലബസിനെ പിന്‍പറ്റി, പ്ലേറ്റോണിസം ഐഛിക വിഷയമായി പഠിപ്പിച്ചിരുന്ന ഗെമാലിയേലിന്‍റെ ആ പഴയ ശിഷ്യന്‍റെ പ്രേഷിത ഉദ്യമം തുടക്കത്തിലേ പരാജയപ്പെട്ടത് ഇന്നും തിരിച്ചറിയാത്തവര്‍ സഭയ്ക്ക് ഉള്ളില്‍ തന്നെ ഇല്ലേ എന്ന് എനിക്ക് ആശങ്ക തോന്നിയിട്ടുണ്ട്. തന്‍റെ ഈ അമിത ഇന്‍റലക്ച്വലിസം വരുത്തിവെച്ച അഭിഷേക ദാരിദ്ര്യം ആത്മാക്കളെ വീണ്ടെടുക്കുന്നതില്‍ ഒരു പരാജിത പദ്ധതിയായി പരിണമിച്ചത് പിന്നീട് തിരിച്ചറിഞ്ഞ് പൗലോസ് അനുതപിക്കുന്നത് വേദപുസ്തകത്തില്‍ തന്നെ കാണാം. ആ വചനം ഇങ്ങനെയാണ്. "ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ച്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും, ഇനി ഒരിക്കലും അങ്ങനെ ചെയ്യുകയില്ല" (2 കോ റി. 5:16). ഈ വചനത്തേയും പൗലോസിന്‍റെ രണ്ടാമത്തെ മാനസാന്തരത്തിന്‍റെ ഭാഗമായി കാണാം. അതായത് വിശ്വാസ കൈമാറ്റത്തില്‍ അപ്പസ്തോലന്‍ ആദ്യം അമിത ബൗദ്ധികതയുടെ അക്കാദമിക് ഉല്‍പ്പന്നമായ, ഭൗതികവിജ്ഞാനത്തിന്‍റെ ബദല്‍ മാതൃകയായി അവതരിപ്പിച്ച വിശ്വാസ കൈമാറ്റരീതിയെ പൗലോസ് പിന്നീട് ഇങ്ങനെ തിരുത്തുകയാണ്. "ഞങ്ങള്‍ ഭൗതികവിജ്ഞാനത്തിന്‍റെ വാക്കുകളില്‍ പ്രസംഗിക്കുകയല്ല (മറിച്ച്) ആത്മാവ് ഞങ്ങളെ പഠിപ്പിച്ചത് അനുസരിച്ച് ആത്മാവിന്‍റെ ദാനങ്ങള്‍ പ്രാപിച്ചവര്‍ക്കുവേണ്ടി ആത്മീയ സത്യങ്ങള്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്" എന്ന് (1 കോറി. 2:13). ലോകത്തിന്‍റെ വൈജ്ഞാനിക പ്രവണതകള്‍ക്ക് (trends) സഭയില്‍ ബദല്‍ മാതൃകകള്‍ സൃഷ്ടിച്ചു ക്രിസ്തുവിജ്ഞാനീയത്തെ കാലിക പ്രസക്തമാക്കുക എന്ന പ്രലോഭനത്തെ പൗലോസ് തന്‍റെ രണ്ടാമത്തെ മാനസാന്തരത്തോടെ അതിജീവിക്കുന്നത് കാണാം.

എങ്കിലും സഭാപിതാവ് ആയ ഒരിജെനെ പോലെയുള്ളവര്‍ അ ത്തരം പഴയ പ്രവണതകള്‍ തന്നെ തുടര്‍ന്നുകൊണ്ടുപോയിരുന്നു എ ന്നുള്ളതാണ് ഏറെ വിസ്മയകരം. ഒരിജന്‍റെ എക്സിസ്റ്റന്‍സ് ഓഫ് സോള്‍സ് എന്ന ആശയം രണ്ടാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ് ശപിച്ചു വിലക്കിയത് ഇവിടെ അനുസ്മരിക്കാം. കാരണം പ്ലേറ്റോയുടെ തത്ത്വചിന്തകളുടെ ഭാഗമായിരുന്നു ഒരിജന്‍റെ അത്തരം താത്വിക പഠനങ്ങള്‍ ഏറെയും. ആദിമസഭയിലെ അതീവ തീഷ്ണമതിയും ദൈവശാസ്ത്രജ്ഞജ്ഞനുമായ ഒരിജന്‍ പരിശീലിച്ച സന്യാസത്തിലെ തീവ്രവിരക്തിപോലും പ്ലോട്ടിനൂസ് ആത്മീയതയുടെ മാതൃകയായിരുന്നോ എന്ന് ഗവേഷണബുദ്ധ്യാ അന്വേഷിക്കേണ്ടതാണ്.

ഇപ്രകാരം അതാത് കാലത്ത് ലോകചിന്താഗതിയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ക്രിസ്ത്യന്‍ ആത്മീയതയെ താത്വികമായി അപ്ഡേറ്റ് ചെയ്യാനുള്ള ബുദ്ധിജീവികളുടെ പ്രവണത സഭയുടെ വൈജ്ഞാനിക മണ്ഡലത്തെ മാത്രമല്ല ആശ്രമ ആദ്ധ്യാത്മിക മണ്ഡലത്തേയും സ്വാധീനിച്ചിട്ടുണ്ട് എന്നു കാണാം. ആത്മവിശുദ്ധീകരണത്തിന് ഉതകും എന്ന് ധരിച്ച് പ്ലേറ്റോണിക്ക് ആശയഗതി അനുസരിച്ച് നടത്തി വന്നിരുന്ന ഇത്തരം ശാരീരിക പീഢന അഭ്യാസങ്ങളുടെ കൂട്ടത്തില്‍, 'അരയ്ക്കു മുള്ളരഞ്ഞാണം ചുറ്റലും' രാത്രി സ്വന്തം ശരീരത്തില്‍ സ്വയം ചമ്മട്ടി അടിക്കലും ഒക്കെ നിലനിന്നിരുന്നു. ഇത്തരം ശാരീരിക പരിശീലനത്തിന്‍റെ ഭാഗമായി നിലവില്‍ വരുന്ന ആത്മീയതയുടെ ഗുണമേന്മയെക്കുറിച്ച് സെന്‍റ് പോളിന് പിന്നീട് വീണ്ടുവിചാരം ഉണ്ടായി. അതിനാല്‍ ശാരീരികമായ പരിശീലനം കൊണ്ട് കുറച്ച് പ്രയോജനം ഉണ്ട്. എന്നാല്‍ ആത്മീയത എല്ലാവിധത്തിലും വിലയുള്ളതാണ് (1 തി മോ. 4:8) എന്നാണ് സെന്‍റ് പോള്‍ ഇത്തരം സമ്പ്രദായങ്ങളെ നിരീക്ഷിച്ചത്. സെന്‍റ് പോള്‍ പറഞ്ഞ ആ 'ആത്മീയത' ഈ ജീവിതത്തിന്‍റെയും വരാനിരിക്കുന്ന ജീവിതത്തിന്‍റെയും വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കുന്നുണ്ട് (1 തിമോ. 4:9). തന്നിമിത്തം ആ ആത്മീയത ഭൗതിക വിജ്ഞാനത്തിന്‍റെ വാക്കുകളില്‍ പ്രസംഗിക്കാന്‍ സാദ്ധ്യമല്ല (1 കോറി. 2:13). കാരണം 'ആത്മീയത' ആത്മീയ ജ്ഞാനത്തിന്‍റെ ഭാഷയില്‍ തന്നെയാണ് സംസാരിക്കേണ്ടത്. അതുകൊണ്ടായിരിക്കാം, ഈശോ അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്ന സ്ത്രീയോട് അരയില്‍ മുള്ളരഞ്ഞാണം കെട്ടാനും, രാത്രി എഴുന്നേറ്റിരുന്നു ശരീരത്തില്‍ ചമ്മട്ടി അടിക്കാനും പറയാതിരുന്നത്. പകരം ഈശോ അവളോട് പറഞ്ഞത് "ഈ വെള്ളം കുടിക്കുന്നവന് ഇനിയും ദാഹിക്കും. ഞാന്‍ തരുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല" (യോഹ. 4:13) എന്ന ആത്മജ്ഞാനം നിറഞ്ഞ് നിത്യജീവന്‍ ആര്‍ജ്ജിക്കുന്ന കൃപയുടെ (മത്താ. 19:11) വാക്കുകളാണ്.

വേദശാസ്ത്രജ്ഞരുടെ ക്രിസ്തുവും സാധാരണക്കാരുടെ ക്രിസ്തുവും
കാലത്തിന്‍റെ ആവശ്യം അനുസരിച്ച് ക്രിസ്തുരഹസ്യം കൈമാറ്റപ്പെടണം. അത് ബുദ്ധിയുടെ ഭാഷ അന്വേഷിക്കുന്നവര്‍ക്ക് ബുദ്ധിയുടെ ഭാഷയിലും, ഹൃദയത്തിന്‍റെ ഭാഷ അന്വേഷിക്കുന്നവര്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയിലും. 120കോടി വിശ്വാസികളുള്ള സഭയില്‍ ഒരു കോടിയോളം മാത്രമാണ് വൈദികരും, സന്യസ്തരും, സമര്‍പ്പിതരും. ഈ ഒരു ശതമാനത്തിന്‍റെ കരിക്കുലത്തിനാണ് നമ്മള്‍ വലിയ പഠനകേന്ദ്രങ്ങള്‍ സ്ഥാപിച്ച് അവര്‍ക്ക് വര്‍ഷങ്ങളോളം ബ്രില്യന്‍, ട്രില്യന്‍ കണക്കിന് ഡോളര്‍ മുടക്കി പഠിപ്പിക്കുന്നത് അതാതുകാലത്തെ ലോകവിജ്ഞാനത്തിന്‍റെ ട്രെന്‍റ് അനുസരിച്ചുള്ള ബദല്‍ മാതൃകകള്‍ ആണോ എന്നത് ഇവിടെ വീണ്ടുവിചാരത്തിന് വിധേയമാക്കപ്പെടേണ്ടതാണ്.

സഭയെ കാലത്തിനൊപ്പം നവീകരിക്കാന്‍ നമ്മള്‍ വത്തിക്കാന്‍ സൂനഹദോസ് കൂടി. അഞ്ചുവര്‍ഷം ആത്മാവിന്‍റെ വെളിച്ചത്തില്‍ പഠനചര്‍ച്ചകള്‍ നടത്തി. പ്രമാണരേഖകള്‍ ക്രമീകരിച്ചു. വത്തിക്കാന്‍ സൂനഹദോസിന്‍റെ ചൈതന്യം സഭയെ ഏറെ നവീകരിച്ചു. അവശേഷിക്കുന്ന വിഷയം സെന്‍റ് പോളിന്‍റെ കാലത്ത് ആരംഭിച്ചതും പയറ്റി പരാജയപ്പെട്ട്, അദ്ദേഹം തന്നെ ഉപേക്ഷിച്ചതുമായ ലോകവിജ്ഞാനത്തിന്‍റെ സാങ്കേതിക രൂപത്തിലുള്ള പഠനരീതികള്‍ തന്നെ ആയിരുന്നോ ട്രെന്‍റ് സൂനഹദോസ് മുതല്‍ വത്തിക്കാന്‍ സൂനഹദോസ് വരെ തിരുസഭ, വിശ്വാസകൈമാറ്റം നടത്താന്‍ പ്രയോഗിച്ച പെഡഗോജി അഥവാ പാഠ്യമുറ- സഭയില്‍ 99% ശതമാനം വരുന്ന സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെട്ടു എന്ന് വിചിന്തനം ചെയ്യേണ്ടതാണ്.

1962-67 വരെ വത്തിക്കാന്‍ സൂനഹദോസ് നടന്നുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ തന്നെയാണ് സഭയുടെ പുറത്ത് സഭയെ ഏറെ പരിപോഷിപ്പിച്ച് കാലിക പ്രസക്തമാക്കി നവീകരിച്ച 'ബെയ്സിക് ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റി'യും (1960), 'ലിബറേഷന്‍ തിയോളജി'യും (1950-60) കാത്തലിക് കരിസ്മാറ്റിക് റിന്യുവല്‍ പ്രസ്ഥാനവും തിരുസഭയില്‍ ദൈവം തുടങ്ങി വെച്ചത് എന്ന ചരിത്രവസ്തുത നമ്മെ എന്താണ് പഠിപ്പിക്കേണ്ടത്. കാലത്തെ സ്വാധീനിച്ച ഈ പ്രസ്ഥാനങ്ങള്‍ ഒന്നും തിരുസഭയുടെ ഔദ്യോഗിക വിചിന്തനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വരാഞ്ഞത് എന്താണ്? പകരം സാധാരണ വിശ്വാസികളില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നത് എന്താണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, കാലം ആവശ്യപ്പെടുന്ന പുതിയ ക്രിസ്തുരഹസ്യ കൈമാറ്റത്തിനുള്ള സാര്‍വ്വജനീനവും ലളിതവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതിനെക്കുറിച്ച് നമ്മള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിക്കേണ്ടതാണെന്ന് ബോദ്ധ്യമാകും.

പക്ഷെ ഇവിടേയും ഒരു പ്രശ് നം ഉണ്ട്. മേല്‍പ്പറഞ്ഞ മൂന്നു പ്രസ്ഥാനങ്ങളില്‍ രണ്ട് എണ്ണവും നേരത്തേ സൂചിപ്പിച്ച ബദല്‍ മാതൃകകള്‍ തന്നെയാണ്. അതായത് ലിബറേഷന്‍ തിയോളജിയും, കാത്തലിക് പെന്തക്കോസ്തലിസവും. 1950 മുതല്‍ 1960 വരെ ഗുസ്റ്റാവോ ഗുട്ടിറസത്തിന്‍റെ നേതൃത്വത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ പെറുവിലും ലിനാര്‍ഡോ ബൊഫിന്‍റെ നേതൃത്വത്തില്‍ ബ്രസീലിലും വളര്‍ന്നുവന്ന വിമോചന ദൈവശാസ്ത്രം, ദൈവശാസ്ത്രത്തിന്‍റെ ഒരു മാര്‍ക്സിയന്‍ പതിപ്പാണ്. അതായത് മാര്‍ക്സിസ്റ്റ് സാമൂഹ്യ സാമ്പത്തിക ശാസ്ത്രമനുസരിച്ച് ദൈവശാസ്ത്രത്തെ വ്യാഖ്യാനിച്ച് പാവപ്പെട്ടവരുടെ പക്ഷം ചേരുന്നതിനുള്ള ബൈബിള്‍ പ്രത്യയശാസ്ത്രം രൂപപ്പെടുത്തുക എന്നതായിരുന്നു വിമോചന ദൈവശാസ്ത്രത്തിന്‍റെ പരിശ്രമം. ചുരുക്കത്തില്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ഒരു ബദല്‍ ദൈവശാസ്ത്ര മാതൃകയായിരുന്നു വിമോചനദൈവശാസ്ത്രം. അതിനാല്‍ തന്നെ മൗലികമുന്നേറ്റം എന്നു പറയാനാവില്ല.

ഇതുപോലെതന്നെയായിരുന്നു, 1967-ല്‍ സഭയ്ക്കുള്ളില്‍ രൂപപ്പെട്ട കാത്തലിക് കരിസ്മാറ്റിക് പ്രസ്ഥാനം. ഈ മുന്നേറ്റവും ഒരു ബദല്‍മാതൃക മാത്രമായിരുന്നു. അതായത് 1960-ല്‍ കാലിഫോര്‍ണിയയിലെ എപ്പിസ്ക്കോപ്പല്‍ സഭയില്‍, സെന്‍റ് മാര്‍ക്ക് ഇടവകയുടെ റെക്ടര്‍ ആയിരുന്ന ഡെന്നിസ് ജെ. ബെന്നറ്റ് ആണ് എപ്പിസ്ക്കോപ്പന്‍ സഭയില്‍ പെന്‍റക്കോസ്റ്റല്‍ പ്രസ്ഥാനം ആരംഭിച്ചത്. ആത്മാഭിഷേകത്തിലും ഭാഷാവര പ്രാര്‍ത്ഥനയിലും കൃപാവരങ്ങളുടെ ഉപയോഗത്തിലും പ്രത്യേകം ഊന്നല്‍ നല്‍കപ്പെട്ട പെന്‍റക്കോസ്റ്റല്‍ പ്രസ്ഥാനം 1967-ല്‍ പിറ്റ്സ്ബെര്‍ഗിലെ ഡൂക്വന്‍സ് സര്‍വ്വകലാശാലയില്‍ ആരംഭംക്കുറിച്ച പ്രസ്ഥാനം ആണ്. ഇന്ന് അത് സഭയില്‍ കാത്തലിക് കരിസ്മാറ്റിക് മുന്നേറ്റം എന്ന് അറിയപ്പെടുന്നു. അതിനാല്‍ ഈ പ്രസ്ഥാനവും ഒരു ബദല്‍ മാതൃകയായിരുന്നു എന്ന് കാണാം. അതായത് മൗലിക മുന്നേറ്റം അല്ല എന്നര്‍ത്ഥം. മൗലികമല്ലെങ്കില്‍ പകര്‍ത്തപ്പെട്ടതാണ്. വെറും പകര്‍പ്പ്. ഒരു പ്രസ്ഥാനം മറ്റൊരു മുന്നേറ്റത്തിന്‍റെ ബദല്‍ മാതൃകകള്‍ സ്വീകരിക്കുന്നത് അതിജീവനത്തിനുവേണ്ടിയോ, അഭിരുചിക്ക് അനുസരിച്ചോ ആവും. മാനുഷിക ബുദ്ധിയും ഇടപെടലുമാണ് അതിന് കാരണമായി പറയാവുന്നത്. അതിനാല്‍ തന്നെ സഭയില്‍ നടന്ന മൗലികമായ പരിശുദ്ധാത്മ ഇടപെടലായി ഈ ബദല്‍ മാതൃകകളെ വിലയിരുത്താനാവില്ല.

1960-ല്‍ ബ്രസീലില്‍ ആരംഭിച്ച ബെയ്സിക് ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റിയും 1964-ല്‍ സ്പെയിനിലെ മാട്രിഡില്‍ കിക്കൊ ആര്‍ഗെല്ലൊയും കാര്‍മ്മന്‍ ഹെര്‍ണാണ്ടസും കൂട്ടരും ആരംഭിച്ച നിയൊ കാറ്റകുമനേറ്റ് മാര്‍ഗ്ഗവും ആദിമസഭയുടെ ചൈതന്യം ഉള്‍ക്കൊണ്ട് സഭയെ ശക്തിപ്പെടുത്തിയ പ്രസ്ഥാനങ്ങള്‍ ആണ്. ഇവ പക്ഷെ ബദല്‍ മാതൃകകള്‍ ആയിരുന്നില്ല. അതിനാല്‍ തന്നെ സഭയ്ക്കുള്ളില്‍ സംഭവിച്ച മൗലികമായ പരിശുദ്ധാത്മ പ്രവര്‍ത്തനമായി ഇവയെ വിലയിരുത്താം.

ചുരുക്കിപ്പറഞ്ഞാല്‍ 1960-1967 വരെയാണ് സഭാലോകത്തെ സ്വാധീനിച്ച ചരിത്ര സംഭവങ്ങള്‍ ഏറെയും നടന്നത്. അതില്‍ 1962-67 ല്‍ സഭയുടെ ഔദ്യോഗിക ആശീര്‍വാദത്തോടെ ആരംഭിച്ച വത്തിക്കാന്‍ സൂനഹദോസിനെ മാറ്റിനിര്‍ത്തിയാല്‍, 1950-ല്‍ ആരംഭിച്ച ലിബറേഷന്‍ തിയോളജിയും, അതിന്‍റെ ചുവടുപിടിച്ച് 1967-ല്‍ ആരംഭിച്ച ബെയ്സിക് എക്ലേസിയല്‍ കമ്മ്യൂണിറ്റി, 1967-ല്‍ തന്നെ ആരംഭിച്ച കരിസ്മാറ്റിക് മുന്നേറ്റം, 1964-ല്‍ ആരംഭിച്ച നിയൊ കാറ്റകുമനേറ്റ് പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ ഹൈഅക്കാദമിക് മികവോടെ സഭ പഠിപ്പിച്ച് വാര്‍ത്തെടുത്ത പണ്ഡിത സമൂഹത്തില്‍നിന്ന് അല്ല ഉരുത്തിരിഞ്ഞ് വന്നത് എന്ന തിരിച്ചറിവ് ഒരു മാനസാന്തരത്തിന്‍റെ ഫലം ചെയ്യേണ്ടതാണ്. പൗലോസിന്‍റെ രണ്ടാമത്തെ മാനസാന്തരം പോലെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org