പാപബോധവും കുമ്പസാരവും

പാപബോധവും കുമ്പസാരവും

ഡോ. അലോഷ്യസ് പാറത്താഴം സിഎസ്ടി

നമ്മുടെ കത്തോലിക്കാ പള്ളികളില്‍ ക്രിസ്മസിനും ഈസ്റ്ററിനും നൊവേനപള്ളികളില്‍ നൊവേന ദിവസങ്ങളിലും ധ്യാനകേന്ദ്രങ്ങളില്‍ ധ്യാനത്തിനോടനുബന്ധിച്ചും ധാരാളം ഭക്തജനങ്ങള്‍ കുമ്പസാരിച്ചു ജീവിതനവീകരണം സാധിച്ചിട്ടുണ്ട്. നമ്മുടെ കേരളത്തിലുള്ളതുപോലെ യൂറോപ്പിലോ അമേരിക്കയിലോ ഇത്ര തീവ്രമായി ഇതുപോലെ കുമ്പസാരം നടക്കുന്നില്ല എന്ന് അവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കറിയാം. ശരിയായി ഒരുങ്ങി കുമ്പസാരിക്കുന്നതുവഴി ശാന്തിയും സമാധാനവും ഉണ്ടാവുകയും അതുവഴി ജീവിതനവീകരണം ഉണ്ടാവുകയും ചെയ്യും.

കുമ്പസാരത്തിന്‍റെ ഘടകങ്ങള്‍
കുമ്പസാരത്തിനു പ്രധാനമായി മൂന്നു ഘടകങ്ങളുണ്ട്. 1. മനഃസ്താപം (sorrow). 2. ഏറ്റുപറച്ചില്‍ (confession). 3. ജീവിതനവീകരണം (Renewal).

മുകളില്‍ പറഞ്ഞ മൂന്നു ഘടകങ്ങളില്‍ ഏറ്റുപറച്ചിലിന് അല്ലെങ്കില്‍ കുമ്പസാരത്തിന് അമിത പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അ തുകൊണ്ടാവാം ഈ കൂദാശയും 'കുമ്പസാരം' എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്നത്. അനുരഞ്ജനകൂദാശ (Sacrament of Reconciliation) എന്നു നാമകരണം ചെയ്യുന്നതാണ് ഉത്തമം. വാര്‍ദ്ധക്യമായി രോഗം മൂര്‍ച്ഛിച്ചു മരണാസന്നരാകുമ്പോള്‍ സ്വീകരിക്കേണ്ട കൂദാശ അല്ല ഇത്, പ്രത്യുത ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ദൈവവും മനുഷ്യരുമായി അനുരഞ്ജനപ്പെട്ടു സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാനുള്ള ഒന്നാണിത്.

1. മനഃസ്താപം: ബലിയര്‍പ്പിക്കുന്ന വൈദികന്‍ എത്ര വിശുദ്ധനായാലും അപ്പവും വീഞ്ഞും ഉണ്ടെങ്കിലേ ബലിയര്‍പ്പണം നടക്കൂ. അതുപോലെ അനുരഞ്ജന കൂദാശ പരികര്‍മം ചെയ്യുന്ന വൈദികന്‍ വി. ജോണ്‍ മരിയ വിയാനിയെപ്പോലെ വിശുദ്ധനായാലും കൂദാശയ്ക്ക് അണയുന്ന വ്യക്തിക്കു താന്‍ ചെയ്ത തെറ്റിനെക്കുറിച്ചു ശരിയായ മനഃസ്താപം ഉണ്ടെങ്കിലേ പാപമോചനം ലഭിക്കുകയുള്ളൂ. പാപം ചെയ്യുന്ന വ്യക്തിയല്ല; മനഃസ്തപിച്ചു മാപ്പപേക്ഷിക്കുന്ന വ്യക്തിയാണു സ്വര്‍ഗരാജ്യം അവകാശമാക്കാന്‍ സാധിക്കാത്ത വ്യക്തി.

മനഃസ്താപം എന്നതു ചെയ്തുപോലെ പാപങ്ങള്‍ തെറ്റാണെന്ന് അംഗീകരിക്കുകയും അതിനെയോര്‍ത്തു ദുഃഖിക്കുകയും ചെയ്യുകയാണു മനഃസ്താപം എന്നു ചിന്തിക്കുന്നവരുണ്ട്. മനസ്സ് മാറുക, പുതിയൊരു മനോഭാവം പടുത്തുയര്‍ത്തുക എന്നതു മനഃസ്താപത്തിന്‍റെ അവശ്യഘടകമാണ്. കരുണാനിധിയായ ദൈവത്തിന്‍റെ സ്നേഹവും കരുണയും അനുഭവിച്ചെങ്കിലേ ശരിയായ മനഃസ്താപം ഉണ്ടാവുകയുള്ളൂ. ധൂര്‍ത്തപുത്രനു സുബോധം ഉണ്ടായത് ആദ്യം തന്‍റെ സ്നേഹമുള്ള പിതാവിന്‍റെ ഭവനത്തിലെ അവസ്ഥയെപ്പററിയാണ്. അതിനുശേഷമാണു തന്‍റെ ഇപ്പോഴത്തെ ദയനീയമായ അവസ്ഥയിലേക്കു തിരിഞ്ഞത്. അവനു സുബോധമുണ്ടായി അവന്‍ പറഞ്ഞു: "എന്‍റെ പിതാവിന്‍റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായ ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു" (ലൂക്കാ 15:17). പാപം എന്നതു ദൈവത്തിന്‍റെ ഭവനത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെങ്കില്‍ മനഃസ്താപം എന്നതു പിതാവിന്‍റെ ഭവനത്തിലേക്കുള്ള തിരിച്ചുവരവാണ്.

മനഃസ്താപം എന്നതു ഞാന്‍ കൊള്ളരുതാത്തവനാണ്. ഇനി എനിക്കു രക്ഷയില്ല എന്ന ചിന്തയല്ല. ഇത്തരത്തിലുള്ള ചിന്ത ഒരിക്കലും നമ്മെ ജീവിതനീവകരണത്തിലേക്കല്ല നയിക്കുന്നത്; നിരാശയിലേക്കാണ്. എന്നാല്‍ ദൈവത്തിന്‍റെ കരുണയിലാശ്രയിച്ചാല്‍ ജീവിതനവീകരണം സാദ്ധ്യമാകും. "അനുതാപം ആവശ്യമില്ലാത്ത 99 നീതിമാന്മാരെ എന്നതിനേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ചു സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു" (ലൂക്കാ 15:7).

2. ഏറ്റുപറച്ചില്‍: ഏറ്റുപറച്ചില്‍ എന്നതു കരുണാസമ്പന്നനായ ദൈവം എന്നോടു പാപങ്ങളെല്ലാം ക്ഷമിച്ചിരിക്കുന്നു എന്നതിന്‍റെ പ്രഘോഷണമാണ്. പക്ഷേ, പലപ്പോഴും ഏറ്റുപറച്ചിലിന് അമിത പ്രാധാന്യം കൊടുക്കുന്നതായി കാണുന്നു. കഴിഞ്ഞുപോയ കാലങ്ങളിലെ ചില പാപങ്ങള്‍ പല പ്രാവശ്യം ഏറ്റുപറഞ്ഞിട്ടുള്ളതാണെങ്കിലും അപ്രകാരമുള്ള പാപങ്ങള്‍ വീണ്ടും കുമ്പസാരിക്കാന്‍ ചില വചനപ്രഘോഷകരും കൗണ്‍സിലേഴ്സും നിര്‍ബന്ധിക്കുന്നതായി കാണാറുണ്ട്. അത്തരത്തിലുള്ള നിലപാടു കുറ്റബോധത്തിലേക്കു നയിക്കാം. ഓര്‍മിക്കുക. Every Saint has a past, ever sinner has a future.

ശരിയായ കുമ്പസാരം എന്നത് ഒരുവന്‍ ചെയ്ത പാപങ്ങളുടെ നീണ്ട ലിസ്റ്റെഴുതി വയ്ക്കുന്നതല്ല; മനഃസ്താപത്തോടെയുള്ള ഹൃദയത്തിന്‍റെ ഭാഷയിലുള്ള ഏറ്റുപറച്ചിലാണ്. ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ അതു വ്യക്തമായി കാണുന്നുണ്ട്. "പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്‍റെ പുത്രനെന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല" (ലൂക്കാ 15:21). മകന്‍റെ ഹൃദയത്തില്‍ നിന്നുള്ള ഏറ്റു പറച്ചില്‍ കേട്ട പിതാവ് അവന്‍റെ കഴിഞ്ഞ കാലത്തിലെ തെറ്റുകളെപ്പറ്റി കുറ്റാരോപണം നടത്താതെ മകന്‍ തിരിച്ചുവന്നതിലുള്ള ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ചെയ്യുകയാണ്. പിതാവു ഭൃത്യനോടു പറഞ്ഞു: "കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച് ആഹ്ലാദിക്കാം" (ലൂക്കാ 15:23). നല്ല കുമ്പസാരം വഴി ജീവിതം ആഘോഷിക്കണം.

"ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും" ഉപമയില്‍ (ലൂക്കാ 18: 9-14). ഫരിസേയന്‍റെ സ്വയം നീതീകരിച്ചുള്ള നീണ്ട പ്രസംഗമല്ല ദൈവത്തിന് ഇഷ്ടപ്പെട്ടത്. പ്രത്യുത ചുങ്കക്കാരന്‍റെ ഹൃദയത്തില്‍ നിന്നുള്ള അപേക്ഷയാണ്. "ആ ചുങ്കക്കാരനാകട്ടെ ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ടു ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ത്ഥിച്ചു" (ലൂക്കാ 18:3). ഈ ചുങ്കക്കാരന്‍റെ ലഘു പ്രാര്‍ത്ഥനയില്‍ സംപ്രീതനായ കര്‍ത്താവു പറയുകയാണ്, അവന്‍ നീതീകരിക്കപ്പെട്ടവനായി സ്വഭവനത്തിലേക്കു മടങ്ങിയെന്ന്. കുമ്പസാരത്തില്‍ മാരകപാപങ്ങളെല്ലാം എറ്റുപറയേണ്ടത് അത്യാവശ്യമാണ്.

3. ജീവിതനവീകരണം: പഴയ പാപകരമായ ജീവിതത്തില്‍ നിന്നും ഒരു പുതിയ പുണ്യജീവിതം നയിക്കാന്‍ കുമ്പസാരം എന്ന കൂദാശ നമ്മെ സഹായിക്കണം. കുമ്പസാരത്തിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനയില്‍ "ഇനിമേല്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുന്നു" എന്നു പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. മാനുഷികമായ രീതിയില്‍ നമുക്കു പരാജയങ്ങള്‍ ഉണ്ടാകാം. എന്നിരുന്നാലും കുമ്പസാരത്തോടുകൂടി ഒരു പുതിയ ജീവതത്തിനുള്ള ആഗ്രഹവും തീക്ഷ്ണമായ പരിശ്രമവും ഉണ്ടായിരിക്കണം. "പിടിക്കപ്പെട്ട വ്യഭിചാരണിയുടെ ഉപമയില്‍ (യോഹ 8:1-11) അവരുടെ പാപങ്ങള്‍ ക്ഷമിച്ച കര്‍ത്താവ് അവള്‍ക്കു കൊടുക്കുന്ന ഉപദേശം "പൊയ്ക്കൊള്ളുക, ഇനിമേല്‍ പാപം ചേയ്യരുത്"ڔ(യോഹ. 8:11).

ചില കുറവുകള്‍
കര്‍ത്താവ് വിഭാവനം ചെയ്തത് അനുരഞ്ജനം വഴി സന്തോഷവും സമാധാനവും അനുഭവിക്കണമെന്നാണ്. ധാരാളം വിശ്വാസികള്‍ക്ക് അതു ലഭിക്കുന്നുണ്ട്. എന്നാല്‍ ചില കുറവുകള്‍ പരിഹരിച്ചാല്‍ അതുവഴിയുള്ള അനുഗ്രഹം എല്ലാവര്‍ക്കും ലഭ്യമാകും.

1 ഏറ്റുപറച്ചിലിനു മനഃസ്താപത്തെയും ജീവിതനവീകരണത്തേക്കാളും പ്രധാന്യം കൊടുക്കുന്നതായി കാണുന്നു. അതിന്‍റെ ഫലമായി ധ്യാനത്തില്‍ പങ്കുകൊണ്ട പലരും പാപങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാനുള്ള വ്യഗ്രയുള്ളവരായി കാണുന്നു.

2. പക്വമായ ക്രിസ്തീയ മനഃസാക്ഷി രൂപപ്പെടത്താന്‍ സാധിക്കാത്തതുകൊണ്ടു മാരകപാപവും ലുപാപവും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു.

ധര്‍മികത രണ്ടു വിധമുണ്ട്

1. ഹെട്ടറോണമസ് മൊറാലിറ്റി: വചനപ്രഘോഷകരോ കൗണ്‍സിലേഴ്സോ പറയുന്നതനുസരിച്ചു മാത്രം തന്‍റെ തെറ്റു പാപമാണോ അല്ലയോ എന്നു തീരുമാനിക്കുന്നു.

2. ഓട്ടോണമസ് മൊറാലിറ്റി: മാതാപിതാക്കന്മാരുടെ പ്രബോധനങ്ങളും ജീവിതരീതികളും അനുസരിച്ചും മതബോധന ക്ലാസ്സുകളില്‍ നിന്നു ലഭിച്ച പഠനവും പിന്നീടുള്ള പഠനവും അറിവുമനുസരിച്ചു പക്വമായ അറിവു രൂപീകരിച്ചതിന്‍റെ വെളിച്ചത്തില്‍ ഒരു പ്രവൃത്തി പാപമാണോ അല്ലയോ എന്നു ഗ്രഹിക്കണം. ഇത്തരത്തിലുള്ളവര്‍ക്കു നല്ല കുമ്പസാരം കഴിക്കാന്‍ എളുപ്പമാണ്.

3. നല്ല കുമ്പസാരം കഴിക്കുന്ന വ്യക്തികള്‍ ദൈവം തന്നോടു ക്ഷമിച്ചു എന്നു ബുദ്ധികൊണ്ട് അറിഞ്ഞാല്‍ പോരാ ഹൃദയംകൊണ്ട് അനുഭവിക്കണം, അറിവിന്‍റെ തലത്തില്‍ നിന്ന് അനുഭവത്തിന്‍റെ തലത്തിലേക്കു കടക്കണം. ദൈവം നമ്മോടു ക്ഷമിച്ചെങ്കിലും നമ്മള്‍ നമ്മോടുതന്നെ ക്ഷമിക്കണം ശിരസ്സില്‍ നിന്നു ഹൃദയത്തിലേക്കുള്ള ദൂരം ശാരീരികമായി വളരെ ഹൃസ്വമാണ്, എന്നാല്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന ദീര്‍ഘയാത്രയാണിത്.

4. കുമ്പസാരം എന്ന കൂദാശ പരികര്‍മം ചെയ്യുന്ന വൈദികന്‍ കരുമയുള്ള വൈദികനായിരിക്കണം. ഒരു പാപിയെയും എഴുതിത്തള്ളാന്‍ പാടില്ല. പാപമോചനത്തിനായി തല കുനിക്കുന്ന വിശ്വാസിയെ പുണ്യജീവിതത്തിന്‍റെ വഴി കാണിച്ചുകൊടുക്കണം.

കൗണ്‍സലിംഗും കുമ്പസാരവും
കുമ്പസാരം കൗണ്‍സിലിംഗോ സൈക്കോതെറാപ്പിയോ അല്ല. അനുരഞ്ജനപ്രഘോഷണവും അതോടൊപ്പമുള്ള സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന ഒന്നാകണം. ഒരു നല്ല കുമ്പസാരം കഴിച്ചു സമാധാനവും സമഗ്രതയും കൈവരിച്ചാല്‍ അതു വ്യക്തിയുടെ മാനസികരംഗത്തും പ്രതിഫലിക്കും. ഫങ്ക് എന്ന മനഃശാസ്ത്രജ്ഞന്‍റെ നിരീക്ഷണത്തില്‍ നല്ലതുപോലെ ഒരുങ്ങി കുമ്പസാരിച്ച് അനുരഞ്ജനം കൈവരിച്ചാല്‍ ആവശ്യമില്ലാത്ത ഉത്കണ്ഠകള്‍ ഒഴിവാക്കാം. റൈറ്റ് എന്ന മനഃശാസ്ത്രജ്ഞന്‍റെ പഠനത്തില്‍ പതിവായി കുമ്പസാരിക്കുന്ന വ്യക്തികള്‍ ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിലൂടെ സഹോദരങ്ങളോടു മെച്ചപ്പെട്ട ബന്ധത്തില്‍ ജീവിക്കാന്‍ സാധിക്കും.

പലരുടെയും ആശങ്ക, ഞാന്‍ ഏറെ പാപം ചെയ്തുപോയി, സ്വര്‍ഗത്തില്‍ ചെന്നത്താന്‍ സാധിക്കുമോ എന്താണ്. എന്നാല്‍ ദൈവവചനം പറയുന്നു: "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക, നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" (നട. 15:31). കത്തോലിക്കാസഭ പഠിപ്പിക്കുന്ന മൂന്നു ദൈവിക പുണ്യങ്ങളാണു വിശ്വാസം, ശരണം (പ്രത്യാശ), സ്നേഹം (ഉപവി) ഇവ മൂന്നും ഒരു പാക്കേജായിട്ടാണു കാണേണ്ടത്. വിശ്വാസം എന്നതു ദൈവപുത്രനായ ഈശോയും അവിടുത്തെ ദൗത്യത്തിലുമാണ്. ഉണ്ണീശോ ബെത്ലഹേമില്‍ ജനിച്ചപ്പോള്‍ ആട്ടിടയന്മാര്‍ക്കു ലഭിച്ച സന്ദേശം: "ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ യേശു പിറന്നിരിക്കുന്നു" (ലൂക്കാ 2:11) എന്നാണ്. സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് ഉറപ്പില്ലാത്തവര്‍ രക്ഷകനായ ഈശോയില്‍ വിശ്വാസമില്ലാത്തവരാണ്. ഈശോയില്‍ വിശ്വാസമുള്ളവര്‍ക്കു താന്‍ പാപിയാണെങ്കിലും ദൈവകൃപയാല്‍ താന്‍ സ്വര്‍ഗത്തില്‍ പോകുമെന്നു പ്രത്യാശിക്കാം. പാപത്തിന്‍റെ പരില്‍ ഒരുവനും നരകത്തില്‍ പോകാന്‍ പറ്റുകയില്ല എന്ന രീതിയിലാണ് ഈശോയുടെ രക്ഷാകരദൗത്യം. ദിവ്യബലിയില്‍ വൈദികന്‍ പ്രാര്‍ത്ഥിക്കുന്നു, "കര്‍ത്താവേ, അനുഗ്രഹിക്കണമേ, ഞങ്ങള്‍ അയോഗ്യരാകുന്നു, ഞങ്ങള്‍ തീര്‍ത്തും അയോഗ്യരാകുന്നു. എങ്കിലും സ്തുത്യര്‍ഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു."

കുമ്പസാരക്കൂട്ടിലെ നേര്‍ത്ത വലയിലൂടെ സ്വര്‍ഗത്തില്‍ നിന്നു പാപമോചനും പ്രസാദവരവും അഭിഷിക്തന്‍റെ കരങ്ങളിലൂടെ ഒഴുകിവന്നു പാപിയെ കഴുകി വിശുദ്ധീകരിക്കുന്ന കൂദാശയാണു കുമ്പസാരം എന്ന കൂദാശ.

ഓര്‍മിക്കുക: എന്നെ കുമ്പസാരത്തിനു പ്രേരിപ്പിക്കുന്നതു കുറ്റബാധമാണോ പാപബോധമാണോ? കുറ്റബോധമാണെങ്കില്‍ അതു പാപബോധമാക്കി മാറ്റുക.

അതു വഴി കര്‍ത്താവിന്‍റെ കരുണ നമ്മുടെ ജീവിതത്തില്‍ അനുഭവമായി മാറട്ടെ. സമാധാനം നമ്മുടെ ജീവിതത്തില്‍ നിറയട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org