ഒരു പാരലല്‍ കോളജ് പ്രഘോഷിക്കുന്ന സമാന്തര സുവിശേഷം

ഒരു പാരലല്‍ കോളജ് പ്രഘോഷിക്കുന്ന സമാന്തര സുവിശേഷം

ഫ്രാങ്ക്ളിന്‍ എം.

രക്തദാന-നേത്ര ദാന രംഗത്തും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും ഇതര സാമൂഹ്യസേവന മേഖലകളിലും കഴിഞ്ഞ നാലു പതിറ്റാണ്ടുകാലമായി കര്‍മ്മധീരതയോടെ മുന്നേറുകയാണ് ചേര്‍ത്തലയിലെ യുവര്‍ കോളജ്. ഒരു പാരലല്‍ കോളജിന്‍റെ സാധാരണ സങ്കല്‍പത്തില്‍ നിന്നു വ്യത്യസ്തമായി വിദ്യാര്‍ത്ഥികളെ സഹകരിപ്പിച്ചുകൊണ്ട് സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കു രൂപം കൊടുക്കാനും അതു പ്രവൃത്തിപഥത്തിലെത്തിക്കാനും യുവര്‍ കോളജിനു കഴിഞ്ഞു. കോളജ് പ്രിന്‍സിപ്പലും റിട്ടയേര്‍ഡ് അധ്യാപകനു മായ കെ.ഇ. തോമസ് മാഷിന്‍റെ സൗമ്യസാന്നിധ്യവും പ്രചോദനാത്മകമായ ഇടപെടലുകളുമാണ് ഇതിന്‍റെ പ്രേരകശക്തി.

തോമസ് മാഷ് മൈസൂറില്‍ ബിഎഡിനു പഠിക്കുന്ന കാലം. ചിക്കന്‍ പോക്സ് പിടിപെട്ട സഹപാഠിയെ സഹായിക്കാന്‍ ഹോസ്റ്റലില്‍ ആരും തയ്യാറായില്ല. എല്ലാവരും ഭയന്നു പിന്മാറി. ഈ ഘട്ടത്തില്‍ തോമസ് മാഷാണ് ആ കൂട്ടുകാരനു തുണയായത്. ഫലമോ, തോമസ് മാഷിനും ചിക്കന്‍പോക്സ് പിടിപെട്ടു. അന്ന് ഒറ്റപ്പെട്ട് നാലുചുമരുകളില്‍ കിടന്നത് സത്യത്തില്‍ ഒരു ഏകാന്ത ധ്യാനമായിരുന്നുവെന്ന് തോമസ് മാഷ് ഓര്‍ക്കുന്നു: "ഇത്തരം ഘട്ടത്തില്‍ നാം എന്തു ചെയ്യും? എല്ലാവരും കയ്യൊഴിയുന്ന അവസ്ഥ. രോഗത്തിന്‍റെ അസ്വസ്ഥതയേക്കാള്‍ മനസ്സിന്‍റെ വേദനയാണ് അസഹനീയം.'

അന്ന് തോമസ് മാഷ് ഒരു പ്രതിജ്ഞയെടുത്തു. സാധിക്കുന്ന വിധത്തില്‍ സഹോദരങ്ങളെ സഹായിക്കുക ചേര്‍ത്തല ഹോളി ഏഞ്ചല്‍സ് സ്കൂളിലും സെന്‍റ് മേരീസ് ഹൈസ്ക്കൂളിലും അധ്യാപകനായിരിക്കേ ഭാര്യ റീത്താമ്മ തോമസിന്‍റെ നേതൃത്വത്തിലാണ് യുവര്‍ കോളജ് ആരംഭിക്കുന്നത്. യുവര്‍ കോളജിന്‍റെ നേതൃത്വത്തില്‍ നടന്നുവന്ന സാമൂഹ്യസേവനങ്ങളുടെ അമരക്കാരനായിരുന്നു തോമസ് മാഷ്. അപകടത്തില്‍പ്പെട്ട ഒരു കുട്ടിക്ക് തന്‍റെ 'ഒ നെഗറ്റീവ്' രക്തം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. 'രക്തദാന സേന' ആരംഭിക്കുന്നത് അവിടം മുതലാണ്. "റോഡപകടങ്ങള്‍ ഇക്കാലത്തു വളരെ കൂടുതലാണ്. പ്രസവാനന്തര രക്തസ്രാവം, കാന്‍സര്‍, കിഡ്നി, ലിവര്‍, ഹൃദയം തുടങ്ങിയ ശസ്ത്രക്രിയകള്‍ക്ക് വളരെയധികം യൂണിറ്റു രക്തം വേണം. ഇതില്‍ നെഗറ്റീവ് രക്തം കിട്ടാനാണു ഏറെ പ്രയാസം" -തോമസ് മാഷ് പറയുന്നു ഇതിനു പ്രതിവിധിയായി ഇദ്ദേഹം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിനോടകം 400 രക്തദാന ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്. നാല്‍പതിനായിരത്തോളം പേരെ സൗജന്യമായി ഗ്രൂപ്പു ചെയ്ത് അവര്‍ക്ക് കാര്‍ഡുകള്‍ നല്‍കുകയും അതില്‍ നിന്ന് നെഗറ്റീവ് ഗ്രൂപ്പുക ളില്‍പെട്ട 1200 പേരെ പ്രത്യേകം വേര്‍തിരിച്ച് ഫോണ്‍ നമ്പര്‍ സഹിതം നെഗറ്റീവ് രക്തഗ്രൂപ്പ് ഡയറക്ടറി പ്രസിദ്ധീകരിക്കുകയും ചെയ്തു. യുവര്‍ കോളജിന്‍റെ രക്തദാന സേനയില്‍ നിന്നു ഇപ്പോള്‍ പ്രതിദിനം 25 പേരെങ്കിലും വിവിധ ആശുപത്രികളില്‍ രക്തം ദാനം ചെയ്യുന്നുണ്ടെന്ന് തോമസ് മാഷ് വ്യക്തമാക്കുന്നു. കോളജിലെ സോഷ്യല്‍ സര്‍വീസ് വിംഗിന്‍റെ ആഹ്വാനത്തിലൂടെ നിരവധി പേര്‍ രക്തദാതാക്കളുടെ ശ്രംഗലയില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.

രക്തദാന രംഗത്തെ സജീവ ഇടപെടലുകള്‍ക്കും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായി മികച്ച രക്തദാന സംഘടനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് യുവര്‍ കോളജിനു ലഭിക്കുകയുണ്ടായി. ദേശീയ – അന്തര്‍ദേശീയ രക്തദാന ദിനങ്ങള്‍ ആഘോഷപൂര്‍വം ആചരിക്കുന്ന കോളജില്‍ കൂടുതല്‍ തവണ രക്തദാനം നടത്തിയിട്ടുള്ളവരെ പ്രത്യേകം ആദരിക്കുകയും ചെയ്യുന്നു.

തോമസ് മാഷ് ചേര്‍ത്തല സെന്‍റ് മേരീസ് ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കുമ്പോള്‍ കാഴ്ചപരിമിതിയുള്ള ഒരു എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ കഷ്ടപ്പാടുകള്‍ നേരിട്ടറിയാനിടയായി. ആ കുട്ടിയെ സഹായിക്കാനും കാഴ്ചപരിമിതിയുള്ളവര്‍ക്ക് നേത്രദാനത്തിലൂടെ കാഴ്ചപകരാനുമുള്ള ചിന്തയാണ് നേത്രദാന ബോധവത്കരണത്തിലേക്കു തോമസ് മാഷിനെ നയിച്ചത്. "ഈ സുന്ദരമായ ലോകം കാണാന്‍ കാഴ്ചയില്ലാത്തവരെ അതിനു സഹായിക്കാനാകുമെങ്കില്‍ ഉദാത്തമായൊരു കാര്യമാണു നാം അനുഷ്ഠിക്കുന്നത്. മുപ്പതു ലക്ഷം അന്ധന്മാരുള്ള നമ്മുടെ രാജ്യത്ത് നേത്ര ദാനമായി ഓരോ വര്‍ഷവും ലഭ്യമാകുന്നത് വെറും പതിനയ്യായിരം നേത്രപടലങ്ങള്‍ മാത്രമാണ്. മരണശേഷം മണ്ണായിത്തീരുന്ന നമ്മുടെ നേത്രങ്ങള്‍ ദാനം ചെയ്താല്‍ എത്രയോ അന്ധര്‍ക്ക് അതു ഗുണകരമാകും നമ്മുടെ ജീവിതങ്ങള്‍ മരണശേഷവും സുകൃതപൂര്‍ണവുമാകും" – തോമസ് മാഷ് അനുസ്മരിപ്പിക്കുന്നു. യേശുക്രിസ്തു അന്ധര്‍ക്കു കാഴ്ച നല്‍കിയ വലിയ അത്ഭുതം ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെ ഇന്നും തുടരാനാകും. മരണശേഷം ആറുമണിക്കൂര്‍ കൂടി ആയുസ്സുള്ള കണ്ണുകള്‍ നാം ദാനം ചെയ്താല്‍ മതി.

നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി യുവര്‍ കോളജിന്‍റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പേരുടെ നേത്രദാന സമ്മതപത്രം ശേഖരിച്ചിട്ടുണ്ട്. മരണശേഷം പരിമിതമായ സമയപരിധിക്കുള്ളില്‍ നേത്രപടലം എടുക്കുന്നതിനു ആശുപത്രി കളുടെ ഫോണ്‍ നമ്പറുകള്‍ സഹിതമുള്ള സ്റ്റിക്കര്‍ മുപ്പതിനായിരത്തോളം ഭവനങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. ബോധവത്കരണത്തിന്‍റെ ഭാഗമായി ഒരു അന്ധവിദ്യാലയത്തെ കേന്ദ്രീകരിച്ച് ഒരു മ്യൂസിക്ക് ആല്‍ബം പുറത്തിറക്കുകയുണ്ടായി. രാജീവ് ആലുങ്കലിന്‍റെ ഗാനചിത്രീകരണവും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ സന്ദേശവുള്ള ആല്‍ബം ഇരുപത്തയ്യായിരം പേര്‍ കണ്ടുകഴിഞ്ഞതായി തോമസ് മാഷ് സൂചിപ്പിച്ചു.

റോഡപകടങ്ങളില്‍ ചോരവാര്‍ന്നു മരിക്കുന്ന ഹതഭാഗ്യരായ യാത്രക്കാരെ രക്ഷിക്കുന്നതിനു യുവര്‍ കോളജിന്‍റെ സോഷ്യല്‍ സര്‍വീസ് വിംഗ് രൂപംകൊടുത്ത സംഘടനയാണ് "സേഫ് വീല്‍സ്." നൂറു രൂപയുടെ അംഗത്വ കാര്‍ഡ് എടുത്ത് ഇതില്‍ അംഗമാകുന്നവരുടെ വാഹനത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ പതിപ്പിക്കും. അപകടത്തില്‍ പെട്ടാല്‍ ഈ നമ്പറില്‍ ബന്ധപ്പെട്ടു സഹായം തേടാം. അംഗത്വമുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് സഹായമടക്കം മറ്റു പരിരക്ഷകളും ലഭിക്കും. ആയിരത്തോളം പേര്‍ ഇപ്പോള്‍ ഈ സംരംഭത്തില്‍ അംഗങ്ങളാണ്.

പണപ്പിരിവോ മറ്റു വിധത്തിലുള്ള ഫണ്ടു ശേഖരണമോ ഇല്ലാതെ രക്തദാന – നേത്രദാന രംഗത്തു ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന യുവര്‍ കോളജിന്‍റെ സാമൂഹിക സേവനയത്നങ്ങള്‍ വിദ്യര്‍ത്ഥികളടക്കം അനേകരുടെ പിന്‍ബലത്തോടെയാണു മുന്നേറുന്നത്. ആരും ആളാകാനോ ആരവമുണ്ടാക്കാനോ ശ്രമിക്കുന്നില്ല. എല്ലാവരും ഒന്നിച്ചു ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നു. ഇരുളിനെ പഴിക്കാതെ തങ്ങളാല്‍ കഴിയുംവിധം ചെറിയൊരു വെട്ടം പരത്താന്‍ പരിശ്രമിക്കുന്ന മിന്നാമിനുങ്ങകളെപ്പോലെ. അതുതന്നെയാണ് ഈ സംരംഭത്തിന്‍റെ സവിശേഷതയും വിജയവും. "ഈ സംഘടനയ്ക്കു ജനറല്‍ബോഡിയോ എക്സിക്യൂട്ടീവോ ഇല്ല. പണം പിരിക്കാന്‍ രശീതു കുറ്റിയുമില്ല. സ്വയം അദ്ധ്വാനിച്ച പണം മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുകയാണ്. സാമഹ്യ സേവകര്‍ പ്രശസ്തിയോ പണമോ ആഗ്രഹിക്കരുതെന്നാണ് എന്‍റെ അഭിപ്രായം. സത്പ്രവൃത്തികളില്‍ നിന്നു കിട്ടുന്ന സന്തോഷവും സംതൃപ്തിയുമായിരിക്കണം അവരുടെ ഊര്‍ജ്ജം. അത് ചിരകാലം നിലനില്‍ക്കും" – തോമസ് മാഷ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org