പാരിസ്ഥിതികാവബോധം ജനകീയ മുന്നേറ്റങ്ങളായി മാറണം

പാരിസ്ഥിതികാവബോധം  ജനകീയ മുന്നേറ്റങ്ങളായി മാറണം

സാറാ ജോസഫ്

ഇത്രയേറെ ശുദ്ധജലം ഒഴുകുന്ന നദികള്‍ കൊണ്ടു സമ്പന്നമായ കേരളത്തില്‍ ഇന്നു നാം ഒരു വലിയ വിപത്തിനു മുമ്പില്‍ നില്‍ക്കുകയാണ്. പ്രാണന്‍റെ പിടച്ചില്‍ നമ്മെ സമരരംഗത്തേയ്ക്ക് എത്തിച്ചിരിക്കുന്നു. കുടിവെള്ളത്തിന്‍റെ അലഭ്യത എത്ര ഭീകരമാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ട് ജനങ്ങള്‍ ഓടിക്കൂടുന്നു. കുടിവെള്ളം മുട്ടുമ്പോള്‍ കറന്‍റ് കുടിക്കാന്‍ പറ്റുമോ മനുഷ്യര്‍ക്ക്? ഇല്ല. കുടിക്കണമെങ്കില്‍ ശുദ്ധജലം വേണം. ആ ശുദ്ധജലത്തിനു വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. പാരിസ്ഥിതിക സംരക്ഷണം കൂടാതെ നമുക്കു മുന്നോട്ടുപോകാന്‍ പറ്റില്ലെന്നു കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മരവും വെട്ടാതിരിക്കുക, ഒരു പുഴയും നശിപ്പിക്കാതിരിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും തിരിച്ചറിവാണ്.
മഴ കിട്ടിയില്ല. രൂക്ഷമായ വേനല്‍ അനുഭവിക്കുന്നു. ഇനി പെയ്യാന്‍ പോകുന്ന മഴ നമ്മള്‍ എന്തു ചെയ്യാന്‍ പോകുന്നു? നമ്മള്‍ അതു സംരക്ഷിക്കാന്‍ വേണ്ട ഉപാധികള്‍ കണ്ടെത്തിയോ? വെള്ളം മണ്ണിലേയ്ക്ക് ഇറക്കി നമുക്കെങ്ങനെ കിണറുകള്‍ നിറയ്ക്കാം?
ആറു മാസത്തേങ്കിലും ഈ വ്യവസായശാലകള്‍ പൂട്ടട്ടെ. അപ്പോള്‍ പുഴയ്ക്കുണ്ടാകാന്‍ പോകുന്ന വ്യതിയാനം നമുക്കു ഗവണ്‍മെന്‍റിനെ ബോദ്ധ്യപ്പെടുത്താന്‍ കഴിയും. ആറു മാസത്തേയ്ക്ക് വ്യവസായശാലകള്‍ പൂട്ടിയാല്‍ നമുക്കൊന്നും വരാന്‍ പോകുന്നില്ല. തൊഴിലാളികള്‍ക്കു കൊടുക്കേണ്ടതു കൊടുക്കാനുള്ള ഉത്തരവാദിത്വം ആ വ്യവസായശാലകള്‍ക്കാണ്. ആറു മാസത്തെ ശമ്പളം കൊടുത്ത് തൊഴിലാളികളെ നിലനിറുത്തിക്കൊണ്ട് വ്യവസായശാലകള്‍ അടച്ചിടണം. തൊഴിലാളികളെ കഷ്ടത്തിലാക്കണമെന്ന് ആ രും പറയുന്നില്ല. ഇനിയൊരു തുള്ളി വെള്ളവും മലിനമാകാതെ നോക്കുകയാണു പ്രധാനം.
ജനങ്ങള്‍ വിചാരിച്ചാല്‍ ഇതു സാധിക്കും. ഭൂട്ടാന്‍റെ പ്രധാനമന്ത്രി നടത്തിയ പരിസ്ഥിതിയെ കുറിച്ചുള്ള ടെഡ് പ്രഭാഷണം പ്രസിദ്ധമാണല്ലോ. ആ രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്നത് രാജ്യത്തിന്‍റെ 65 ശതമാനവും വനമായിരിക്കണം എന്നാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ ലോകത്തിനു വേണ്ടി തങ്ങളുടെ രാജ്യത്തിന് എന്തു ചെയ്യാന്‍ സാധിക്കും എന്നവര്‍ ചിന്തിച്ചു. രാജ്യത്തിന്‍റെ 75 ശതമാനവും അതിലധികവും വനമാക്കി മാറ്റുക എന്നതാണ് തങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുക എന്നു പറഞ്ഞുകൊണ്ട് അതിനുള്ള പരിശ്രമത്തിലാണു തങ്ങളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. അവരുടെ രാജ്യം കാര്‍ബണ്‍ നെഗറ്റീവ് ആണ്. ഇത്രയും സമൃദ്ധമായ വനങ്ങള്‍ ഉള്ളതുകൊണ്ട് അരുവികളെല്ലാം തെളിനീര്‍ സമൃദ്ധമാണ്. ധാരാളം പുഴകളുള്ളതുകൊണ്ട് ക്ലീന്‍ എനര്‍ജി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് വിറകു കത്തിച്ച് കാര്‍ബണ്‍ഡൈഓക്സൈഡ് ഉണ്ടാക്കേണ്ടതില്ല, മറിച്ചു ജനങ്ങള്‍ക്കു കറന്‍റ് സൗജന്യമായി നല്‍കുന്നു. അങ്ങനെ ഒരു രാജ്യത്തിനു സാധിക്കുന്നത് ആ രാജ്യത്തിനൊരു ഭരണഘടനയും അതിനെ മാനിക്കുന്ന ജനങ്ങളും ഉള്ളതുകൊണ്ടാണ്.
നിയമത്തെ അനുസരിക്കാന്‍ ഒരു പൗരസമൂഹം തീരുമാനിക്കുക കൂടി ചെയ്യുമ്പോഴാണ് ഇതെല്ലാം സാദ്ധ്യമാകുക. എന്‍റെ പുഴ എന്നു പറയുകയും അതിലേയ്ക്കു മാലിന്യം വലിച്ചെറിയുകയും ചെയ്യുന്ന ഒരു സംസ്കാരത്തിലൂടെയാണ് നാമിനി മുന്നോട്ടു പോകുന്നതെങ്കില്‍ നമുക്കിതൊന്നും വീണ്ടെടുക്കാന്‍ സാധിക്കില്ല. ഭൂമിയെ മലിനമാക്കുന്നതില്‍ എന്‍റെ പങ്കെന്താണെന്ന് നാമോരോരുത്തരും സ്വയം ചോദിക്കണം. അതെത്ര ശതമാനം കുറയ്ക്കാന്‍ എനിക്കു സാധിക്കുമെന്നും നാം ചിന്തിക്കണം. നമ്മുടെ ജീവിതരീതികള്‍ തിരുത്തണം. വലിയ പ്രയത്നമില്ലാതെ തന്നെ ചെയ്യാവുന്ന തിരുത്തലുകള്‍. നമ്മളങ്ങനെ തിരുത്തിയാല്‍ മറ്റൊരാളെ തിരുത്തലിനു പ്രേരിപ്പിക്കാനും നമുക്കു സാധിക്കും. നാമൊത്തൊരുമിച്ച് സ്വയം തിരുത്തിയാല്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനും നമുക്കു സാധിക്കും. കോര്‍പറേറ്റുകള്‍ക്കും വ്യവസായശാലകള്‍ക്കും പുഴ ഊ റ്റിക്കൊടുത്ത് അതില്‍ മാലിന്യം തള്ളാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നു പറയാനുള്ള അവകാശം നമുക്കുണ്ടാകണമെങ്കില്‍ നാം ആ രീതിയിലുള്ള ജീവിതം നയിക്കുന്നവരാകണം. നമ്മുടെ ഒരു പുഴയും ഒരു കുളവും ഇനിയൊരു തുണ്ടു പോലും മലിനമാക്കുകയില്ല എന്ന് നാം ഒരു ദൃഢപ്രതിജ്ഞയെടുക്കണം. അതു ലംഘിക്കുന്നവരെ ജനകീയമായി നേരിടാന്‍ നമുക്കു സാധിക്കുകയും വേണം.
വരുന്ന തലമുറ എന്തു ശ്വസിക്കും, കുടിക്കും എന്നതൊരു വിഷയമാണ്. നമ്മുടെ മുറ്റത്തുള്ള പ്ലാവ് നാം വച്ചതല്ല, നമുക്കു മുമ്പുള്ള ഏതോ കാരണവര്‍ വച്ചതാണ്. നമ്മുടെ കാലം കഴിഞ്ഞാലും അതവിടെ നില്‍ക്കും. നിങ്ങളുടെ വീട്ടിലെ പ്ലാവിന്‍റെ ഇല ഞങ്ങളുടെ അതിര്‍ത്തിയില്‍ വീണു, അതുകൊണ്ടതു വെട്ടണം എന്നു പറയുന്ന നമ്മുടെ അല്‍പത്തരം വെളിവാകുന്നതിവിടെയാണ്. ഒരില ഒരു കുമ്പിള്‍ പ്രാണവായുവാണ് എന്നു നാം മനസ്സിലാക്കണം. വയല്‍ നികത്തുന്നവര്‍ മനസ്സിലാക്കണം, രണ്ടു മഴകള്‍ക്കിടയില്‍ ഒരു വയല്‍ വെള്ളം അതു ഭൂമിയിലേയ്ക്കു വിടുന്നുണ്ട്. വയല്‍ നികത്തുമ്പോള്‍ അരിയോ നെല്ലോ മാത്രമല്ല വെള്ളം കൂടിയാണ് നഷ്ടപ്പെടുന്നത് എന്നു നാം തിരിച്ചറിയണം.
ഇതെല്ലാം കണ്ടില്ലെന്നു നടിച്ചുകൊണ്ട് നാം മരിച്ചു പോയാല്‍ നരകമാണ് നമുക്കു കിട്ടുക. സ്വര്‍ഗനരകങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കതിന്‍റെ ഗൗരവം മനസ്സിലാകും. അതുകൊണ്ടു തന്നെ ഇതു നമ്മുടെ കടമയാണ്. ആ ഉത്തരവാദിത്വത്തിലേയ്ക്ക് പടിപടിയായി നാം ഉയരുകയായിരുന്നു. വെട്ടി നശിപ്പിക്കുന്ന ഓരോ മരവും തിരിഞ്ഞു നിന്ന് കണക്കു ചോദിക്കുന്നുണ്ട്. അതു വരള്‍ച്ചയുടെയും മറ്റും രൂപത്തിലാണെന്ന് ഇപ്പോള്‍ നമുക്കറിയാം. നമുക്കുണ്ടായിട്ടുള്ള ഈ പാരിസ്ഥിതികാവബോധത്തെ ഫലപ്രദമാക്കാന്‍ ജനകീയമുന്നേറ്റങ്ങള്‍ ഉണ്ടാകണം.

(എറണാകുളം-മറൈന്‍ഡ്രൈ വ് മൈതാനിയില്‍ പെരിയാര്‍ മലിനീകരണ വിരുദ്ധ പ്രക്ഷോപത്തി ന്‍റെ സമാപനദിനത്തില്‍ ചെയ്ത പ്രസംഗത്തില്‍നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org