പരിസ്ഥിതി: സഭ മാറുകയും മാറ്റുകയും വേണം

പരിസ്ഥിതി: സഭ മാറുകയും മാറ്റുകയും വേണം

ഡോ. ജോഷി വി. ചെറിയാന്‍

മണ്ണ് കൃഷിയോഗ്യമായിരിക്കുക എന്നത് ഏതു കൃഷിയുടെയും വിജയത്തിന് ഏറ്റവും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട കാര്യമാണ്. മണ്ണില്‍ ജല-വായു സന്തുലനം ഉണ്ടാകണം, കാര്‍ബണ്‍ ഉണ്ടായിരിക്കണം, പോഷകങ്ങള്‍ ഉണ്ടായിരിക്കണം. ഇതെല്ലാം മണ്ണിനു നല്‍കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് ജൈവമാലിന്യവും അതില്‍നിന്നു രൂപീകരിക്കുന്ന വളവും. എന്നാല്‍ മാലിന്യം മുഴുവന്‍ നാം ഓരോയിടങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കും. മാലിന്യപ്ലാന്‍റുകള്‍ പോലും മാലിന്യം തള്ളുന്ന സ്ഥലങ്ങളായി ക്രമത്തില്‍ മാറുന്നു. ഇതു വലിയ പരിസ്ഥിതിപ്രശ്നമായി മാറും. ഇത്തരം സ്ഥലങ്ങളില്‍ പട്ടിയും എലിയും മുതലുള്ള ജീവികളും കീടങ്ങളും പെരുകും. മണം അടുത്ത പ്രദേശത്തെല്ലാം ജനജീവിതം ദുഷ്കരമാക്കും. പലതരം മാലിന്യങ്ങള്‍ കൂടിക്കലരുന്നതിലൂടെ പുതിയ തരം വിഷവസ്തുക്കളുണ്ടാകും. ഇതും ഇത്തരം മാലിന്യസംഭരണകേന്ദ്രങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ്.

മാലിന്യക്കൂമ്പാരം മീതൈന്‍ ഉത്പാദിപ്പിക്കും. അതൊരു ഹരിതഗൃഹവാതകമാണ്. ഹരിതഗൃഹവാതകപ്രഭാവം മൂലം അന്തരീക്ഷത്തിലെ താപനില വര്‍ദ്ധിക്കും. കാര്‍ബണ്‍ ഡൈയോക്സൈഡിനേക്കാള്‍ അനേകമടങ്ങ് അപകടകാരിയാണ് മീതൈന്‍ വാതകം. അശാസ്ത്രീയമായ മാലിന്യകൈകാര്യം ആഗോളതാപനം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ട്.

മാലിന്യം ശാപമല്ല, അനുഗ്രഹം
വീടുകള്‍, വിപണികള്‍, വ്യവസായശാലകള്‍, കൃഷിഭൂമികള്‍ എന്നിങ്ങനെ എവിടെ നിന്നുമുള്ള ജൈവമാലിന്യത്തെ വേര്‍തിരിച്ചു കമ്പോസ്റ്റാക്കി, മണ്ണിലെത്തിക്കുമ്പോള്‍ ജൈവമാലിന്യം നമുക്കുപകാരമായി മാറുകയാണ്. ലോകം മുഴുവന്‍ ഇപ്രകാരം വികേന്ദ്രീകൃത മാലിന്യസംസ്കരണത്തെ കുറിച്ചാണു ചിന്തിക്കുന്നത്. മാലിന്യം എവിടെ ഉണ്ടാകുന്നുവോ അവിടെ തന്നെ സംസ്കരിക്കുക. അപ്പോള്‍ ഗതാഗതം, ജീവനക്കാര്‍, യന്ത്രങ്ങള്‍, വിതരണം തുടങ്ങിയ അനുബന്ധ ചെലവുകള്‍ ആവശ്യമില്ല.

തിരുവനന്തപുരത്ത് ഈ ആശയം അധിഷ്ഠിതമാക്കിയുള്ള പദ്ധതി ഗവണ്‍മെന്‍റ് സഹായത്തോടെ 15,000 വീടുകളില്‍ ഞങ്ങളുടെ സ്ഥാപനം നടപ്പാക്കുന്നുണ്ട്. ഇത്രയും വീടുകളില്‍ നിന്നുള്ള മാലിന്യം പുറത്തു പോകുകയില്ല. അതെല്ലാം അതതു വീടുകളില്‍ തന്നെ വളമാക്കി അവരുടെ തന്നെ പച്ചക്കറി കൃഷിക്കും മറ്റും ഉപയോഗിക്കാം.

ക്രൈസ്തവസഭയ്ക്ക് ഇക്കാര്യങ്ങളില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. കര്‍ഷകര്‍ ഭൂരിപക്ഷമുള്ള ഒരു സമുദായമാണല്ലോ ഇത്. കാര്‍ഷികപ്രതിസന്ധി നേരിടുകയാണ് ഇന്നു കേരള കര്‍ഷകര്‍. ഉത്പാദനക്ഷമതയില്‍ വലിയ ഇടിവു വന്നു. പണ്ടു വയനാട്ടില്‍ പോയി കുരുമുളകു കൃഷി ചെയ്തവര്‍, മുളകു പറിച്ചു മടുത്തു എന്നു പറയുന്ന സാഹചര്യമുണ്ടായിരുന്നു. അത്രയും ആരോഗ്യകരമായ മണ്ണായിരുന്നു അത്. കേടുകളില്ല, കീടനാശിനികളില്ല. നടുക, പറിക്കുക എന്നതു മാത്രമായിരുന്നു അന്നു ചെയ്യാനുണ്ടായിരുന്നത്. പിന്നീട് അശാസ്ത്രീയമായ കൈകാര്യം കൊണ്ട് നാം മണ്ണു നശിപ്പിച്ചു. മണ്ണിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പഴയ ആരോഗ്യം പുനഃസ്ഥാപിക്കുകയുമാണ് ഇവിടെയെല്ലാം ആവശ്യം. ഇതില്‍ മാലിന്യത്തിനുള്ള പ്രാധാന്യം വളരെയേറെയാണു താനും.

കേരളത്തില്‍ കോഴിയിറച്ചി മാലിന്യം മാത്രം ഒരു വര്‍ഷം ഒരു ലക്ഷം ടണ്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. മീന്‍ മാലിന്യം ഒരു വര്‍ഷം രണ്ടര ലക്ഷം ടണ്‍ ഉണ്ടാകുന്നു. ഇവ ശരിയായി സംസ്കരിച്ചാല്‍ ഒന്നാന്തരം വളമായി മാറും. കേന്ദ്രഗവണ്‍മെന്‍റ് സ്ഥാപനമായ സിഎംഎഫ്ആര്‍ഐ ഇപ്രകാരം ഉണ്ടാക്കുന്ന മീന്‍വളം കിലോഗ്രാമിന് 90 രൂപയ്ക്കു വില്‍പന നടത്തുന്നു. ചില ചെമ്മീന്‍ പീലിംഗ് ഷെഡുകളിലും കോഴിക്കച്ചവടക്കാരും ഇതു ചെയ്യുന്നുണ്ട്. ഇതു വ്യാപകമായാല്‍ ഈ മാലിന്യം മൂലമുള്ള വലിയ പരിസ്ഥിതി പ്രശ്നം ഒഴിവാകുകയും നല്ലത് ലഭ്യമാകുകയും ചെയ്യും.

മാലിന്യം വലിയൊരു പ്രശ്നമാണ്. ഈ പ്രശ്നത്തെ അവസരമായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കും. അതിനുള്ള സാദ്ധ്യതയും സാങ്കേതികവിദ്യയും സംസ്കരിക്കപ്പെടുന്ന മാലിന്യം കൊണ്ടുള്ള ആവശ്യവും ഇവിടെയുണ്ട്. പക്ഷേ നമ്മള്‍ ഒന്നും ചെയ്യുന്നില്ല.

മാലിന്യം അഴിമതിക്കാര്‍ക്കു സുവര്‍ണാവസരം
കാര്യക്ഷമമായ മാലിന്യസംസ്കരണപദ്ധതികളോടു ഭരണകൂടങ്ങള്‍ക്കു താത്പര്യമില്ലാതിരിക്കുന്നതിനു പല കാരണങ്ങളുണ്ട്. മാലിന്യം പലര്‍ക്കും പണമുണ്ടാക്കാനുള്ള വലിയ സാദ്ധ്യതയാണു നല്‍കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിന്‍റെയെല്ലാം തീരുമാനങ്ങളെടുക്കുന്ന തലങ്ങളിലുള്ളവര്‍ക്ക് കൃത്യമായ പരിഹാരമാര്‍ഗങ്ങളേക്കാള്‍ ഇഷ്ടം ആശയക്കുഴപ്പങ്ങളാണ്. എങ്കില്‍ മാത്രമേ അവര്‍ക്കു പണം കിട്ടുകയുള്ളൂ. അതിനാല്‍ മാലിന്യപ്രശ്നത്തിനു ശാശ്വതമായ പരിഹാരമുണ്ടാകാന്‍ ഇവരാരും ആഗ്രഹിക്കുന്നില്ല. മാലിന്യവുമായി ബന്ധപ്പെട്ട അഴിമതി ലോകമെങ്ങുമുള്ള ഒരു പ്രശ്നമാണ്. മാലിന്യശേഖരണത്തിനുള്ള വാഹനങ്ങളും ജോലിക്കാരും കോടിക്കണക്കിനു രൂപാ ചെലവഴിക്കപ്പെടുന്ന ഒരു മേഖലയാണ്. ബാംഗ്ലൂരില്‍ എണ്ണം കൂടുതലുള്ള പാര്‍പ്പിടസമുച്ചയങ്ങളിലെല്ലാം മാലിന്യം പുറത്തേയ്ക്കു കൊണ്ടുപോകുന്നതു നിരോധിച്ച് ഉറവിടസംസ്കരണം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍ നീക്കം നടന്നു. ഇതു സാദ്ധ്യമാണെന്ന് തെളിയിക്കുകയും ചെയ്തതാണ്. നൂറിലേറെ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഞങ്ങളിത് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഈ പദ്ധതി അതിനപ്പുറത്തേയ്ക്കു മുന്നോട്ടു പോകുന്നില്ല. 600 കോടി രൂപയാണ് ഒരു വര്‍ഷം മാലിന്യനീക്കത്തിനുള്ള ചെലവു വരുന്നത്. ഈ വ്യാപാരസാദ്ധ്യത നഷ്ടമാകുമെന്നതു തന്നെയാണ് ഉറവിട സംസ്കരണം നടപ്പാക്കുന്നതിന് അവിടെ തടസ്സമാകുന്നതും. എല്ലാ നഗരങ്ങളിലും മാലിന്യസംഭരണവും സമാഹരണവും ഇങ്ങനെ അനേകര്‍ക്ക് അഴിമതിക്ക് അവസരങ്ങള്‍ നല്‍കുന്നുണ്ട്.

കാര്‍ഷികഭൂമിയുടെ ആരോഗ്യ പുനഃസ്ഥാപനം, മാലിന്യസംസ്കരണം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം സഭയ്ക്കു വലിയ പങ്കു വഹിക്കാനുണ്ട്. പറഞ്ഞു കുമ്പസാരിക്കേണ്ട പാപമാണിന്ന് മലിനീകരണം. അതുകൊണ്ട് മാലിന്യവുമായി ബന്ധപ്പെട്ടും മറ്റു പരിസ്ഥിതി-കാര്‍ഷിക കാര്യങ്ങളിലും തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ച് ജനങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാന്‍ സഭയ്ക്കു ബാദ്ധ്യതയുണ്ട്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം വേണം. ഈ പരിഹാരമാകട്ടെ നമുക്ക് പുതിയ ഒരുപാടു അവസരങ്ങള്‍ തരികയും ചെയ്യുന്നു.

മേജര്‍ സെമിനാരികളും സോഷ്യല്‍ സര്‍വീസ് സെന്‍ററുകളും ഉള്‍പ്പെടെ സഭയുടെ നിരവധി സ്ഥാപനങ്ങളില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായി ആരും ഇതൊന്നും ഏറ്റെടുത്തിട്ടില്ല. ഈ രംഗത്ത് ആര്‍ക്കൊക്കെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്നാരാഞ്ഞ് അവരെയെല്ലാം ഒന്നിച്ചുചേര്‍ത്ത് മുന്നോട്ടു പോകുകയാണു വേണ്ടത്.

തിരുത്തേണ്ടതു തിരുത്തണം
ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ സഭയുടെ ഭാഗത്തു നിന്നു പ്രതിഷേധമുണ്ടായത് നാം തിരിഞ്ഞു നോക്കേണ്ട ഒരു വിഷയമാണ്. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കാലത്ത് ഏലത്തോട്ടങ്ങള്‍ക്കു പട്ടയം കൊടുക്കുന്നതിനുള്ള വ്യവസ്ഥ, ഏറ്റവും മഴ കുറവുളള മാസങ്ങളില്‍ നാലിഞ്ചു മഴ ലഭിക്കുന്ന പ്രദേശങ്ങള്‍ എന്നതായിരുന്നു. ഇത്തരം മാനദണ്ഡങ്ങളില്‍ കര്‍ക്കശമായി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കാണു പട്ടയം നല്‍കിയത്. എന്നാല്‍ ഇന്ന് ആ സ്ഥലങ്ങളില്‍ മാസങ്ങളോളം മഴ ലഭിക്കാത്ത സാഹചര്യമാണ്.

ഇതിന്‍റെ ഒരു കാരണം ഞാന്‍ പരിശോധിച്ചിട്ടുണ്ട്. ഞള്ളാനി എന്ന ഒരിനം ഏലം ഇവിടെ കൃഷി ചെയ്യാന്‍ തുടങ്ങി. ഇതു സാധാരണ ഇനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മാസങ്ങളില്‍ കൂടുതല്‍ വിളവു നല്‍കും. പക്ഷേ ഇതിനു സൂര്യപ്രകാശം കൂടുതല്‍ വേണം. വിശേഷിച്ചും മഴക്കാലങ്ങളില്‍. ഇതിനായി ഏലത്തോട്ടങ്ങളില്‍ തണല്‍ നല്‍കിയിരുന്ന നിത്യഹരിതമരങ്ങള്‍ക്കു പകരം ഇലപൊഴിയും മരങ്ങളെ നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. നിത്യഹരിതമരങ്ങള്‍ ധാരാളമുള്ളിടങ്ങളില്‍ വളരെ കുറച്ചു മേഘങ്ങളെ പോലും മഴ കൂടുതലായിരിക്കും. ഹൈറേഞ്ചില്‍ നിന്ന് നിത്യഹരിതമരങ്ങളെ മാറ്റി സൗകര്യാര്‍ത്ഥം ഇലപൊഴിയും മരങ്ങളെ നട്ടപ്പോള്‍ കാലാവസ്ഥയില്‍ മാറ്റം വന്നു, മഴ കുറഞ്ഞു. ഇതു ചെയ്തവര്‍ക്ക് നിത്യഹരിതമരങ്ങളുടെ ഈ പ്രാധാന്യം അറിയുമായിരുന്നില്ല. അതുകൊണ്ടു ബോധവത്കരിച്ചും ആവശ്യമായ പിന്തുണയും സഹായങ്ങളും നല്‍കിയും വന്ന തെറ്റുകള്‍ തിരുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ എല്ലാവരും കൂടി എതിര്‍ത്തു. അതില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ തീര്‍ന്നു. എന്നാല്‍ ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ നമുക്കുണ്ടെന്നും അതു നമുക്കു തിരുത്താന്‍ കഴിയണമെന്നുമാണ് എന്‍റെ അഭിപ്രായം. നല്ല ഇടതൂര്‍ന്ന ഒരു നിത്യഹരിതവനത്തിന്‍റെ ഒരു വര്‍ഷത്തെ പാരിസ്ഥിതികമൂല്യമെന്നത് ഏതാണ്ട് 28 ലക്ഷം രൂപയാണ്. ഒരേക്കര്‍ വനം നല്‍കുന്ന ഓക്സിജന്‍, ഭൂഗര്‍ഭജലശേഖരണം തുടങ്ങിയവയെല്ലാം കണക്കാക്കിയാണിത്. ഇതിന്‍റെ പ്രയോജനം ആഗോളസമൂഹം അനുഭവിക്കുകയാണ്. ഒരാള്‍ പത്തേക്കര്‍ സ്ഥലം കൃഷിയവസാനിപ്പിച്ച് വനം വളര്‍ത്താന്‍ തയ്യാറാകുമ്പോള്‍ അതിന്‍റെ പാരിസ്ഥിതിക മൂല്യം കോടികളാണ്. അതിന്‍റെ ഒരു നിശ്ചിത ശതമാനം ആ ഭൂവുടമയ്ക്കു നല്‍കാന്‍ ആഗോളസമൂഹം തയ്യാറാകണം. ഇത്തരം സാദ്ധ്യതകള്‍ ഇന്നു ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയും നടപ്പാക്കുകയുമൊക്കെ ചെയ്തുവരുന്നുണ്ട്. പറഞ്ഞു വരുന്നത്, പരിസ്ഥിതി സംരക്ഷണത്തിനുള്ള വിവിധ പരിശ്രമങ്ങളെ അടച്ചെതിര്‍ക്കാതെ അതു മനസ്സിലാക്കാനും ആവശ്യമായ തിരുത്തലുകളെ കുറിച്ചുള്ള സംവാദങ്ങള്‍ക്കു മുന്‍കൈയെടുക്കാനും സഭ തയ്യാറാകണം. പരിസ്ഥിതി സംരക്ഷണത്തിനുള്ള ആശയങ്ങളെ നാം സ്വീകരിക്കണം. നമ്മുടെ അനേകം വീടുകളിലെ പുതിയ തലമുറ ഇന്നു ജോലിക്കായി വിദേശരാജ്യങ്ങളിലേയ്ക്കു കുടിയേറിക്കൊണ്ടിരിക്കുകയാണ്. നാളെ ഈ സ്ഥലമെല്ലാം കൃഷി ചെയ്യാന്‍ ഇവിടെ ആരുമില്ല. അപ്പോള്‍ വനപാലനത്തിനുള്ള റോയല്‍റ്റിയായിരിക്കും ഒരുപക്ഷേ നമുക്കു നല്ലത്. അത്തരം സൃഷ്ടിപരമായ സാദ്ധ്യതകള്‍ ആലോചിക്കണം. നാം നമ്മുടെ പഴയ കാഴ്ചപ്പാടുകള്‍ വച്ചു മാത്രം എല്ലാത്തിനേയും വിലയിരുത്തിയിട്ടു കാര്യമില്ല. പുതിയ ആശയങ്ങളോടും അവസരങ്ങളോടും തുറവി പുലര്‍ത്തിക്കൊണ്ട് മുന്നോട്ടു പോകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org