പാർപ്പിടമില്ലാത്തവനായി അവൻ പ്രത്യക്ഷനായപ്പോൾ…

പാർപ്പിടമില്ലാത്തവനായി അവൻ പ്രത്യക്ഷനായപ്പോൾ…

ഷിജു ആച്ചാണ്ടി

ഇടുക്കി, നാടുകാണി കപ്പുച്ചിന്‍ ആശ്രമത്തിലെ ഫാ. ജിജോ കുര്യനും സംഘവും ഭവനരഹിതര്‍ക്കു നിര്‍മ്മിച്ചു
നല്‍കുന്ന ലാളിത്യവും ഭംഗിയുമുള്ള 'ഹെറിറ്റേജ് വീടുകള്‍' ശ്രദ്ധിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്നു...

കേരളത്തിലെ സമ്പന്നര്‍ ഒരു വീടു പണിയുന്ന പണം കൊണ്ട് വീടില്ലാത്തവര്‍ക്ക് ഒരുനൂറു വീടു പണിയാമെന്നു തെളിയിച്ചിരിക്കുകയാണ് ഇടുക്കി നാടുകാണി കപ്പുച്ചിന്‍ ആശ്രമത്തിലെ ഫാ. ജിജോ കുര്യനും സംഘവും. ഇത്തരത്തില്‍ നാല്‍പതോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഏതാനും എണ്ണത്തിന്‍റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ താത്പര്യമുള്ളവരും വീടുകള്‍ ലഭിക്കാനാഗ്രഹമുള്ളവരുമെല്ലാം ഇപ്പോള്‍ ജിജോയച്ചനേയും അച്ചന്‍റെ നേതൃത്വത്തിലുള്ള 'ഗ്രാമാശ്രമം' എന്ന കൂട്ടായ്മയേയും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണിപ്പോള്‍. ഇവരെയെല്ലാം കൂട്ടിയിണക്കി, കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന പ്രത്യാശ അവര്‍ പങ്കുവയ്ക്കുന്നു.

വീടുനിര്‍മ്മാണം പുരോഗമിക്കുന്നതറിഞ്ഞ് സ്പോണ്‍സര്‍ ചെയ്യാന്‍ ബന്ധപ്പെട്ട പലരും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ഫാ. ജിജോ പറഞ്ഞു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാള്‍ വിളിച്ചു. "നാട്ടില്‍ സ്വന്തമായി വീടില്ല. അതുകൊണ്ടു വീടില്ലാത്തവരുടെ വിഷമം മനസ്സിലാകും. മക്കള്‍ പഠിക്കുന്നതിന്‍റെ ചിലവുകളുണ്ട്. അതുകൊണ്ടു കുറെക്കൂടി കഴിഞ്ഞിട്ടു മാത്രമേ സ്വന്തമായി ഒരു വീടു വയ്ക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. എങ്കിലും നിങ്ങള്‍ക്ക് ഒരു വീടു പണിയുന്നതിന് രണ്ടു ലക്ഷം രൂപ മതിയല്ലോ. അതു ഞങ്ങള്‍ക്കിപ്പോള്‍ നല്‍കാനാകും. അതുകൊണ്ട് ഒരു വീടു വച്ചു കൊടുക്കുക," ഇതാണ് ആ വ്യക്തി പറഞ്ഞത്. സ്വന്തമായി വീടില്ലാത്തവര്‍ മറ്റുള്ളവര്‍ക്കു വീടു നിര്‍മ്മിച്ചു നല്‍കുന്ന അനുഭവം.

വിദേശത്തു ജോലി ചെയ്യുന്ന ഏതാനും വനിതകള്‍ കുറെ മാസം ഓവര്‍ ടൈം ജോലി ചെയ്ത് ലഭിച്ച തുക ഇതുപോലെ വീടുനിര്‍മ്മാണത്തിനു നല്‍കിയിട്ടുണ്ട്. ഒരു സ്കൂളിലെ സ്റ്റാഫ് ഒരു വീടിനുള്ള തുക സമാഹരിച്ചു നല്‍കി. മറ്റൊരു കൂട്ടര്‍ ഒരു ഓണ സദ്യ നടത്തി അതില്‍ നിന്നുള്ള ലാഭം ഒരു വീടു നിര്‍മ്മിക്കുന്നതിനു നല്‍കി. കരോള്‍ നടത്തി കിട്ടിയ പണം വീടു നിര്‍മ്മിക്കാന്‍ നല്‍കിയവരുമുണ്ട്.

2018-ലെ പ്രളയകാലത്താണ് പാര്‍പ്പിടമില്ലാത്ത മനുഷ്യരുടെ കാര്യം പ്രത്യേകമായി ഫാ. ജിജോയുടെ ശ്രദ്ധയില്‍ വരുന്നത്. പ്രളയത്തിന്‍റെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയപ്പോള്‍ അനേകം മനുഷ്യര്‍ മനുഷ്യോചിതമല്ലാത്ത ഇടങ്ങളില്‍ പാര്‍ക്കുന്നതായി കണ്ടു.

പ്രളയം നേരിട്ടു ബാധിച്ചവരായിരുന്നില്ല അവര്‍. നേരത്തെ മുതല്‍ ഭൂരഹിതരും ഭവനരഹിതരുമായ മനുഷ്യര്‍. പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ചും ഫ്ളക്സ് ബോര്‍ഡു കൊണ്ടു മേഞ്ഞും തയ്യാറാക്കിയ കൊച്ചുകുടിലുകളില്‍ ജീവിക്കുന്നവര്‍. ഇടുക്കിയുടെ ഉള്‍ഭാഗങ്ങളില്‍ രേഖകളൊന്നുമില്ലാത്ത ഭൂമികളില്‍ വന്നു താമസിക്കുന്ന ധാരാളം കുടുംബങ്ങളെ കണ്ടുമുട്ടാനിടയായി. ഭൂമിക്കു രേഖകളില്ല എന്നതുകൊണ്ടു തന്നെ ഇവര്‍ക്കു സര്‍ക്കാരിന്‍റെ ഭവനപദ്ധതികളില്‍ നിന്നു സഹായം കിട്ടുക പ്രായോഗികമല്ല. ഭവനരഹിതരുടെ സര്‍ക്കാര്‍ പട്ടികയില്‍ പേരു പോലുമില്ലാത്തവരാണിവര്‍. ഇവരില്‍ വൃദ്ധരും സ്ത്രീകളും ഭിന്നശേഷിക്കാരും ഒക്കെയായ ആളുകള്‍ക്ക് ഉറപ്പുള്ള ഓരോ കൊച്ചുവീടുകള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ കഴിയുമോ എന്നാരാഞ്ഞുകൊണ്ടാണു ഫാ. ജിജോയുടേയും സംഘത്തിന്‍റേയും തുടക്കം. ഒരു ലക്ഷം രൂപ കൊണ്ട് ഒരു കുടിലിനെ ഉറപ്പുള്ള ഒരു കൂരയാക്കി മാറ്റാനാകുമോ എന്ന ആലോചന, അങ്ങനെയാണ് ക്യാബിന്‍ ഹൗസ് എന്ന സങ്കല്‍പത്തിന്‍റെ പ്രയോഗത്തിലേയ്ക്കെത്തുന്നത്.

ഭര്‍ത്താവു മരിച്ചു പോയ, ഒറ്റയ്ക്കു കഴിയുന്ന ഒരു സ്ത്രീക്കു വേണ്ടിയാണ് ഇങ്ങനെയൊരു വീട് ആദ്യം പണിയാന്‍ തുടങ്ങിയത്. ഒരു മുറി, ഒരു തുറന്ന അടുക്കള, ചെറിയ വരാന്ത എന്നിവയടങ്ങിയ ഈ വീട് വാഴത്തോപ്പ് പഞ്ചായത്തില്‍ പണിതു. പണി പൂര്‍ത്തിയായപ്പോള്‍ ഒന്നര ലക്ഷം രൂപയായി. ഇതാണ് ആദ്യം നിര്‍മ്മിച്ച ക്യാബിന്‍ ഹൗസ്.

അപ്പോഴേയ്ക്കും കൂടുതല്‍ ആവശ്യക്കാര്‍ എത്താന്‍ തുടങ്ങി. കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഒറ്റമുറി വീടുകള്‍ മതിയാകില്ലെന്നു കണ്ടു. അപ്പോള്‍ കൂറെക്കൂടി സൗകര്യമുള്ള വീടുകള്‍ പണിയാന്‍ തുടങ്ങി. രണ്ടു മുറികളും അടുക്കളയും ഡൈനിംഗ് ഇടവും വരാന്തയും ടോയ്ലറ്റും ഒക്കെയായി ഓരോ കുടുംബത്തിന്‍റേയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഓരോ വീടിന്‍റെയും രൂപകല്‍പന. അതോടെ ക്യാബിന്‍ ഹൗസ് എന്ന സങ്കല്‍പം ഏറെക്കുറെ ഹെറിറ്റേജ് ഹോം എന്ന സങ്കല്‍പത്തിലേയ്ക്കു മാറി. ഇപ്പോള്‍ നിര്‍മ്മിക്കുന്നത് ഹെറിറ്റേജ് വീടുകളാണെന്നു പറയാവുന്നതാണ്. ഇത്തരം വീടുകള്‍ക്കു രണ്ടു ലക്ഷം രൂപ ചിലവാകും.

വീട്ടുകാരുടെ പങ്കാളിത്തവും നിര്‍മ്മാണവേളയില്‍ പ്രധാനമാണ്. കുറെ ജോലികള്‍ വീട്ടുകാര്‍ സ്വയം ചെയ്തും വീട്ടുകാരുടെ ചിലവില്‍ ജോലിക്കാര്‍ക്കുള്ള ആഹാരം കൊടുത്തുമൊക്കെയാണ് ചിലവു നിയന്ത്രിക്കാന്‍ കഴിയുന്നത്. ഏതെങ്കിലും ഒരു ചാരിറ്റി ഏജന്‍സി നിര്‍മ്മിച്ചു, സൗജന്യമായി സമ്മാനിക്കുന്ന വീടുകള്‍ എന്നതിനേക്കാള്‍ തങ്ങള്‍ കൂടി പങ്കാളികളായി നിര്‍മ്മിക്കുന്ന വീടുകളാണു തങ്ങളുടേത് എന്നു വരുന്നത് മനശ്ശാസ്ത്രപരമായും ആവശ്യമായ ഒരു ഘടകമാണെന്ന് ഫാ. ജിജോ ചൂണ്ടിക്കാട്ടി.

ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളിലായാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതൊരു ടീം വര്‍ക്കിന്‍റെ നേട്ടമാണെന്ന് ഫാ. ജിജോ പറഞ്ഞു. മേല്‍നോട്ടം വഹിക്കുന്നത് റെജിയാണ്. മേസണ്‍, വെല്‍ഡിംഗ്, ഫാബ്രിക്കേഷന്‍, വയറിംഗ് & പ്ലംബിംഗ് എന്നിങ്ങനെ നാലു ടീമുകളായിട്ടാണ് ജോലികള്‍. ആകെ ഇരുപതോളം പേരുണ്ട്.

സ്വന്തം പ്രദേശങ്ങളില്‍ ഈ രീതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സാങ്കേതികോപദേശങ്ങളും സഹായങ്ങളും നല്‍കാന്‍ ഇവര്‍ തയ്യാറാണ്. ഹെറിറ്റേജ് ഹോമുകള്‍ക്കായി ഗ്രാമാശ്രമം രൂപപ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണരീതി ഉയര്‍ന്ന വൈദഗ്ദ്ധ്യം ആവശ്യമുള്ളതല്ല. പ്രാദേശികമായി ലഭിക്കുന്ന മേസണ്‍മാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ഒന്നു കണ്ടു മനസ്സിലാക്കിയാല്‍ ചെയ്യാവുന്നതേയുള്ളൂ. നിര്‍മ്മാണവസ്തുക്കളും അതതു പ്രദേശങ്ങളില്‍ തന്നെ കണ്ടെത്താനാകും.

വീടിന്‍റെ ഭിത്തികള്‍ പകുതിയോളം കോണ്‍ക്രീറ്റ് കട്ട വച്ചും ബാക്കി സിമന്‍റ് ഫൈബര്‍ ബോര്‍ഡ് ഉപയോഗിച്ചുമാണു നിര്‍മ്മിക്കുന്നത്. ഇരിമ്പുപയോഗി ച്ചു മേല്‍ക്കൂര നിര്‍മ്മിച്ച ശേഷം പഴയ ഓടുകള്‍ വാങ്ങി കഴുകി മേയുന്നു. മരം ഉപയോഗിക്കുന്നില്ല.

ഓരോ വീടും ഒന്നില്‍ നിന്നു വ്യത്യസ്തമാണ്. ഉറപ്പും ഭംഗിയും തനിമയും സൂക്ഷിച്ചുകൊണ്ടാണ് നിര്‍മ്മിതി.

ഇത്തരം ഹെറിറ്റേജ് ഭവനങ്ങളുടെ നിര്‍മ്മാണം പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള വീടുനിര്‍മ്മാണത്തില്‍ ഒതുങ്ങി നില്‍ക്കരുതെന്ന സന്ദേശം കൂടിയാണ് ഗ്രാമാശ്രമം മുന്നോട്ടു വയ്ക്കുന്നത്. ഭാവിയുടെ പാര്‍പ്പിടനിര്‍മ്മാണം ഇങ്ങനെയൊരു ശൈലിയിലേയ്ക്കു മാറേണ്ടതുണ്ടെന്നാണ് ഫാ. ജിജോയുടെ അഭിപ്രായം. "ഹൈറേഞ്ച് ഭാഗങ്ങളില്‍ ഇതു കൂടുതല്‍ പ്രധാനമാണ്. പ്രളയം വന്നപ്പോള്‍ ദശലക്ഷങ്ങളും കോടികളും മുടക്കിയ വീടുകള്‍ പോലും തകര്‍ന്നു പോയതു നാം കണ്ടു. ഒരു ശരാശരിക്കാരന്‍ അനേകലക്ഷങ്ങള്‍ മുടക്കി ഒരു വീടു പണിയുമ്പോള്‍ അവന്‍റെ സമ്പാദ്യം മുഴുവനുമാണ് ചിലവഴിക്കുന്നത്. കൂടാതെ കടവും കാണും. ആ വീടു തകര്‍ന്നു പോകുമ്പോള്‍ അവര്‍ക്കു ആയുസ്സില്‍ മറ്റൊരു വീടു കൂടി നിര്‍മ്മിക്കാന്‍ ഒരിക്കലും സാധിക്കില്ല. എന്നാല്‍, രണ്ടോ മൂന്നോ ലക്ഷം രൂപയുടെ ഒരു വീടാകുമ്പോള്‍, ഒന്നാമത് അതു ഭൂമിയെ ഭാരപ്പെടുത്തുന്നില്ല. കുറച്ചു വിഭവങ്ങള്‍ മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. ഇനി, അഥവാ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തത്തില്‍ അതു നഷ്ടപ്പെട്ടാല്‍ തന്നെ മറ്റൊരു വീടു കൂടി അവര്‍ക്കു നിര്‍മ്മിക്കാന്‍ സാധിക്കും. ഇത്തരം ഹെറിറ്റേജ് വീടുകള്‍ പണിയുന്ന ഇടത്തരക്കാര്‍ക്കു ആവശ്യമെങ്കില്‍ ഒന്നോ രണ്ടോ വീടു നിര്‍മ്മിക്കാന്‍ പിന്നീടു ബുദ്ധിമുട്ടു വരില്ല."

കൂടാതെ, ഒരു മനുഷ്യനു ജീവിക്കാനാവശ്യമായ ഇടം എത്ര എന്ന ചിന്തയും പ്രധാനമാണെന്നു ഫാ. ജിജോ ചൂണ്ടിക്കാട്ടി. "വിസ്തീര്‍ണം കൂടുതലുള്ള വീടുകള്‍ നിര്‍മ്മിക്കുന്നത് അവസാനം പലര്‍ക്കും ബാദ്ധ്യതയായി മാറുന്നുണ്ട്. വിശേഷിച്ചും പ്രായം കൂടി വരുമ്പോള്‍, മെയിന്‍റനന്‍സ് അടക്കം എല്ലാ രീതിയിലും അതു ഭാരമാകുന്നു. വീട്ടില്‍ ഒരുപാട് ഇടം ആരും ഉപയോഗിക്കാതെ കിടക്കുന്നു. പ്രായമാകുമ്പോള്‍ ജീവിതം ചുരുങ്ങി വരികയാണ്. മലയാളികളാണ് ഇത്രയും വലിപ്പമുള്ള വീടുകളുടെ നിര്‍മ്മാണത്തിനു ഭ്രമം കാണിക്കുന്നത്. യൂറോപ്യന്മാര്‍ വലിയ ഇടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. പക്ഷേ അവ പൊതുസ്ഥാപനങ്ങളും കാലത്തെ അതിജീവിക്കുന്ന നിര്‍മ്മിതികളുമായിരിക്കും. അവ നൂറ്റാണ്ടുകള്‍ നിലനില്‍ക്കാനുദ്ദേശിച്ചിട്ടുള്ളതാണ്. വീടുകളുടെ കാര്യത്തില്‍ ഇപ്പോള്‍ യൂ റോപ്പിലൊക്കെയുള്ള രീതി അനാവശ്യമായി പുതിയ വീടുകള്‍ നിര്‍മ്മിക്കാതിരിക്കുക എന്നതാണ്."

തുണിയും ഷീറ്റും മറച്ചു കെട്ടി കിടന്നിരുന്ന അശരണരായ മനുഷ്യര്‍ക്കു സ്വന്തമായി വീടു കിട്ടുമ്പോഴുള്ള സന്തോഷവും ആശ്വാസവും തീര്‍ച്ചയായും ഈ പ്രവര്‍ത്തനങ്ങള്‍ക്കിടെ ധാരാളമായി കണ്ടിട്ടുണ്ട്, ഫാ. ജിജോയും സംഘവും. പക്ഷേ, മനുഷ്യരുടെ പ്രതികരണം നോക്കി ഇത്തരം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങരുതെന്നാണ് അദ്ദേഹം തന്‍റെ സംഘത്തിനും മറ്റുള്ളവര്‍ക്കും നല്‍കുന്ന നിര്‍ദേശം. "വീടു ലഭിക്കുന്നവര്‍ എന്തു ചിന്തിക്കുന്നു എന്നതു പ്രധാനമല്ല. അവര്‍ക്കു വീട് ആവശ്യമുണ്ടോ എന്നതു മാത്രം നോക്കുക. ആവശ്യമുണ്ടെന്നു ബോദ്ധ്യപ്പെട്ടാല്‍ നല്‍കുക. അതിനോട് പിന്നീടവര്‍ ഏതു തരത്തില്‍ പ്രതികരിച്ചാലും പ്രശ്നമില്ല. അക്കാര്യത്തില്‍ നാം സ്വന്തം മനസാക്ഷിയോടു മാത്രമാണ് പ്രതികരണമാരായേണ്ടത്."

സര്‍ക്കാരാകട്ടെ, സഭയാകട്ടെ, മറ്റു വ്യവസ്ഥാപിത സന്നദ്ധ സംഘടനകളാകട്ടെ ഭവനരഹിതര്‍ക്കു വീടു നല്‍കുമ്പോള്‍ പല പരിശോധനകള്‍ നടത്തും. ഭൂമി, ജാതി, മതം, പ്രദേശം തുടങ്ങിയവയ്ക്കു പുറമെ സദാചാര പരിശോധന കൂടി നടത്തുന്നതു സാധാരണമാണ്. എന്നാല്‍, വീട് ആവശ്യമുണ്ടോ എന്നതാണ് ഗ്രാമാശ്രമം നടത്തുന്ന പ്രധാന പരിശോധന. വീടു ലഭിക്കുന്നവരുടെ ധാര്‍മ്മികത തങ്ങളുടെ ആകുലതാവിഷയമല്ല.

ഓടിട്ട ഇത്തരം ചിലവു കുറഞ്ഞ വീടുകളും വീടുകളാണ് എന്ന ധാരണയിലേയ്ക്ക് ഇപ്പോള്‍ കൂടുതല്‍ പേര്‍ വരുന്നുണ്ടെന്നു ഫാ. ജിജോ പറഞ്ഞു. ഇടവകപ്പള്ളികളും വ്യക്തികളുമെല്ലാം ഇപ്പോള്‍ ഇത്തരം വീടുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യപ്പെടുന്നു. ഇതു ഭവനരഹിതരായ കൂടുതല്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നേക്കുമെന്ന പ്രത്യാശയാണ് ഫാ. ജിജോ കുര്യനും ഗ്രാമാശ്രമവും പങ്കുവയ്ക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org