വൈവിധ്യങ്ങളെ ആശ്ലേഷിക്കുന്ന കത്തോലിക്കാ വിശ്വാസം

വൈവിധ്യങ്ങളെ ആശ്ലേഷിക്കുന്ന കത്തോലിക്കാ വിശ്വാസം

പോള്‍ ഫിറ്റ്സ് ജെറാള്‍ഡ്, എസ്. ജെ.
പ്രസിഡന്‍റ്, യൂണിവേഴ്സിറ്റി ഓഫ്
സാന്‍ ഫ്രാന്‍സിസ്കോ

അമേരിക്കയില്‍ ഈശോസഭ നടത്തുന്ന 28 യൂണിവേഴ്സിറ്റികളില്‍ ഒന്നാണ് 'യൂണിവേഴ്സിറ്റി ഓഫ് സാന്‍ ഫ്രാന്‍സിസ്കോ.' 1855-ല്‍ എളിയ രീതിയില്‍ വിദ്യാഭ്യാസസ്ഥാപനമായി ആരംഭിച്ച ഈ ജസ്യൂട്ട് യൂണിവേഴ്സിറ്റി ഇന്ന് 12,000 വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും അതിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും വിവിധ കോഴ്സുകളില്‍ പരിശീലനം നല്കി വരുന്നു. മനഃശാസ്ത്രവിഭാഗത്തില്‍ അമേരിക്കയിലെ മികച്ച പത്തു യൂണിവേഴ്സിറ്റി കളില്‍ ഒന്നാണ് യൂണിവേഴ്സിറ്റി ഓഫ് സാന്‍ ഫ്രാന്‍സിസ്കോ. ഈ യൂണിവേഴ്സിറ്റിയുടെ 28-ാമത്തെ പ്രസിഡന്‍റ് റവ. ഡോ. പോള്‍ ഫിറ്റ്സ്ജെറാള്‍ഡ് എസ്.ജെയുമായി അതേ യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായ ഫാ. വിന്‍സെന്‍റ് പെരേപ്പാടന്‍ നടത്തിയ സംഭാഷണമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ആദ്യ ഈശോ സഭാംഗങ്ങളില്‍ ഒരാളായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സൊര്‍ബോണിലെ യൂണിവേഴ്സിറ്റി ഓഫ് പാരിസില്‍ നിന്നാണ് ഫാ. പോളിന്‍റെ ഡോക്ടറേറ്റ് ബിരുദം. ദൈവശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും അവഗാഹമുള്ള അദേഹം ഫെയര്‍ ഫീല്‍ഡ്, സാന്താക്ലാര തുടങ്ങിയ യൂണിവേഴ്സിറ്റികളിലും ചൈനയിലെയും കെനിയയിലെയും കോളജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

? അമേരിക്കയിലെ മുന്‍നിരയൂണിവേഴ്സിറ്റികളില്‍ ഒന്നായ യൂണിവേഴ്സിറ്റി ഓഫ് സാന്‍ ഫ്രാന്‍സിസ്കോയുടെ പ്രസിഡന്‍റായി താങ്കള്‍ ചുമതലയേറ്റത് 2014 ആഗസ്റ്റ് 1 നാണ്. നേതൃത്വത്തില്‍ താങ്കള്‍ അവലംബിക്കുന്ന തത്ത്വങ്ങള്‍ എന്തൊക്കെയാണ്?
ജസ്യൂട്ട് വിദ്യാഭ്യാസം പ്രാഥമികമായി ലക്ഷ്യം വയ്ക്കുന്നത് ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും ബിരുദധാരികളും ഉന്നതവിദ്യാഭ്യാസമുള്ളവരുമാക്കി മാറ്റുന്നതോടൊപ്പം അവരെ ധാര്‍മ്മിക ബോധമുള്ള നേതാക്കളാക്കുക എന്നതാണ്. അതിനാല്‍ ഭാവാത്മകവും സര്‍ഗ്ഗാത്മകവുമായ നേതൃത്വം ഇവിടെ പ്രയോഗത്തില്‍ വരുത്താനാണ് ശ്രമിക്കുന്നത്. ധാര്‍മ്മികതയുടെ പരമതത്വമെന്ന് നാം അംഗീകരിക്കുന്ന ക്രിസ്തുവചനം തന്നെയാണ് ഇവിടെയും നാം പാലിക്കുന്നത്: മറ്റുള്ളവര്‍ എന്തു ചെയ്തു തരണമെന്ന് നാം ആഗ്രഹിക്കുന്നുവോ, അത് അവര്‍ക്ക് ചെയ്തു കൊടുക്കുക.

അതിനാല്‍, നിങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നതുപോലെ പ്രധാനപ്പെട്ടതാണ് എങ്ങനെ നിങ്ങള്‍ പരസ്പരം ഇടപെടുന്നു എന്നതും. വ്യാപാരമേഖലയിലുള്ള എന്‍റെ സ്നേഹിതര്‍ ഓര്‍മ്മപ്പെടുത്തുന്നതിങ്ങനെയാണ്: ധാര്‍മ്മികമായ വ്യാപാരം ദീര്‍ഘകാലം നിലനില്ക്കുന്നവയും ന്യായമായ ലാഭം തരുന്നവയുമാണ്; എന്നാല്‍ അധാര്‍മ്മികമായ വ്യാപാരം വലിയ ലാഭം തന്നേക്കാം, ദീര്‍ഘകാലം നിലനില്ക്കാറില്ല.

? ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കോര്‍പ്പറേറ്റ് ശൈലിയിലുള്ള ഭരണരീതികളെക്കുറിച്ചാണ്. ഇവയില്‍ എത്ര മാത്രം ജസ്യൂട്ട് മുന്‍ഗണനകളുണ്ട്? ഈശോസഭയുടെ കാഴ്ചപ്പാടുകള്‍ ഈ പ്രവര്‍ത്തന ശൈലിയെ എത്രത്തോളം പിന്തുണയ്ക്കുന്നു?
ഇഗ്നേഷ്യന്‍ ആത്മീയതയുടെ ഒരു പ്രധാന സവിശേഷതയും ബലവും അതിന് വിശാലത ഏറെയാണെന്നതാണ്. ഉദാഹരണത്തിന്, യൂണിവേഴ്സിറ്റിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്‍റ് രൂപേന്ദര്‍ ഭോല സിംഗ് ഒരു സിക്കുമത വിശ്വാസിയാണ്. ഇഗ്നേഷ്യന്‍ കോളേജ് പ്രോഗ്രാമിന്‍റെ ചുമതല വഹിക്കുന്നതും അദ്ദേഹമാണ്. അദ്ദേഹം തന്നെ പറയുന്നത്, തന്‍റെ സിക്കു മതമൂല്യങ്ങളുമായി ഈ ദര്‍ശനങ്ങള്‍ ഏറെ ചേര്‍ന്നു പോകുന്നു എന്നാണ്. ഇഗ്നേഷ്യന്‍ തത്ത്വങ്ങളെ അദ്ദേഹത്തിന് സിക്കുമതപാരമ്പര്യത്തില്‍ നിന്നുകൊണ്ടും മനസ്സിലാക്കാം. ഇപ്പോള്‍ അത് തിരിച്ചും സാധ്യമാണ്. സിക്കുമതമൂല്യങ്ങളെ ഇഗ്നേഷ്യന്‍ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാം. മറ്റൊരു വൈസ് പ്രസിഡന്‍റ് ജൂത മതപാരമ്പര്യത്തില്‍ നിന്നുള്ളയാളാണ്. ജൂതപാരമ്പര്യത്തിലെ 'ടിക്കും അലൂം' ലോകത്തിന് സൗഖ്യം നല്കുന്ന ഇഗ്നേഷ്യന്‍ ധ്യാനക്രമത്തിലെ അതേ ആത്മീയാനുഭവമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, കത്തോലിക്കാ സഭയിലെ ഒരു ജസ്യൂട്ട് യൂണിവേഴ്സിറ്റി ആയതിനാല്‍ വിശാലമായ ഒരു പ്രതലത്തിലാണ് നമ്മള്‍ നിലയുറപ്പിച്ചിരിക്കുന്നത്. വിവിധ പാരമ്പര്യങ്ങളില്‍നിന്ന് അത് ജനങ്ങളെ ആകര്‍ഷിക്കുന്നു. അവര്‍ അനുഭവിക്കുന്ന ചില വൈരുദ്ധ്യങ്ങളെ മറികടക്കാനുള്ള ഒരു വേദി കൂടെയാണ് അവര്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം.

അതോടൊപ്പം നാമവര്‍ക്കു നല്കുന്ന ചില കാര്യങ്ങള്‍ കൂടെയുണ്ട്. ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, ചരിത്രം, രാഷ്ട്രബോധം, പ്രസംഗകല തുടങ്ങിയവയിലുള്ള പരിശീലനം. ഇത് എല്ലാ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക പരിശീലനത്തിന്‍റെ ഭാഗമായി നല്കപ്പെടുന്നു. ഇത്തരം മാനവികമൂല്യങ്ങളുടെ പരിശീലനം യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

? 96 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നു. '2028 പദ്ധതി' എന്നു പേരിട്ടിരിക്കുന്ന ആസൂത്രണ പരിപാടിയിലെ അഞ്ചു മുന്‍ഗണനകളില്‍ ഒന്ന് വൈവിധ്യത്തെ കേന്ദ്രീകരിച്ചാണെന്നും കാണുന്നു. അതേസമയം, അമേരിക്കന്‍ ഭരണനേതൃത്വം ഇന്ന് ലക്ഷ്യം വയ്ക്കുന്നത് വൈവിധ്യത്തെ നിരാകരിച്ചു കൊണ്ടുള്ള 'ഒരു മഹത്തായ അമേരിക്ക'യാണ്. വൈവിധ്യത്തിന് യൂണിവേഴ്സിറ്റി നല്കുന്ന ഇത്ര വിപുലമായ പ്രാധാന്യത്തെ എങ്ങനെയാണ് വിശദീകരിക്കുന്നത്?
അമേരിക്കയുടെ ഒരു ചരിത്ര പശ്ചാത്തലത്തില്‍ നിന്നേ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയൂ. കത്തോലിക്കരും, യഹൂദരും, ആഫ്രിക്കന്‍ അമേരിക്കക്കാരും, വടക്കേ അമേരിക്കയുടെ പ്രധാന വിദ്യാഭ്യാസ മുന്നേറ്റ പ്രസ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ക്ലബുകളില്‍നിന്ന്, മുന്‍നിര വ്യവസായശാലകളില്‍നിന്ന്, ഉയര്‍ന്ന ഉദ്യോഗങ്ങളില്‍നിന്ന്, എല്ലാം തന്നെ കത്തോലിക്കര്‍ ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിനു ശേഷം, പ്രത്യേകിച്ച് 1960-കളില്‍, ഈ സമീപനത്തില്‍ മാറ്റം വരാന്‍ തുടങ്ങി. കത്തോലിക്കര്‍ക്ക് മറ്റു യൂണിവേ ഴ്സിറ്റികളില്‍ പ്രവേശനം നിഷേധിച്ചപ്പോള്‍, നമ്മുടേതായ ഒരു ഉപ സംസ്കാരത്തെ നമുക്കു നിര്‍മ്മിക്കേണ്ടിവന്നു. അത് നിലനില്പിന്‍റെ ആവശ്യവുമായിരുന്നു. അതിനാലാണ് ഈ യൂണിവേഴ്സിറ്റി പോലും ശക്തമായിത്തീര്‍ന്നത്. സവിശേഷമായ തരത്തില്‍ നാം സാമൂഹിക ബഹിഷ്കരണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടിരുന്നു. അതേസമയം, അമേരിക്കക്കാരെന്ന് അവകാശപ്പടുന്നവര്‍ ജീവിച്ചു കൊണ്ടിരുന്നത് ഒരുതരം ആക്രമണ മനോഭാവത്തോടെയായിരുന്നു. അത് ചിലയിടങ്ങളെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ഗ്രസിച്ചിരുന്നു. അതിന്‍റെ ഫലമായി കൃഷിയിടങ്ങളില്‍ വിളവെടുക്കാന്‍ പോലും ആളുകളില്ലാതായി. കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലായി. സമൂഹത്തില്‍ ഒരു വിഭാഗം സ്വയം നിര്‍മ്മിച്ചെടുത്ത വ്രണമാണത്.

അതേസമയം, കത്തോലിക്കാ വിശ്വാസവും ദര്‍ശനങ്ങളും നമ്മെ വിശാലമായി, എല്ലാവരെയും ആശ്ലേഷിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. കത്തോലിക്കാ സഭയുടെ സൗന്ദര്യവും അതാണ്. ഒരേ സഭയില്‍ നൂറുകോടിയലധികം വിശ്വാസികള്‍. നാം എത്രയോ വൈവിധ്യങ്ങള്‍ നിറഞ്ഞവരായിരിക്കുമ്പോഴും നമുക്ക് ഒരു സഭാസമൂഹമായി നമ്മെ നിര്‍വ്വചിക്കുവാന്‍ കഴിയു ന്നു. ഫ്രാന്‍സിസ് പാപ്പ പിന്തുടരുന്ന പത്രോസിന്‍റെ ശുശ്രൂഷയുടെ പ്രധാന ധര്‍മ്മം വൈവിധ്യമാര്‍ന്ന സഭയെ ഏകോപിപ്പിച്ചു നിറുത്തുകയെന്നതാണ്. സഭയുടെ മൗലിക ധര്‍മ്മം ഭരണമോ, നിയമനിര്‍മ്മാണമോ, വിധി പ്രസ്താവനകളോ അല്ല, പിന്നെയോ, നാം വിശുദ്ധ കുര്‍ബാനയില്‍ ആഘോഷിക്കുന്ന ഐക്യത്തിന്‍റെ അടയാളമാവുക എന്നതാണ്. ക്രിസ്തുവാണ് അതിന്‍റെ കേന്ദ്രബിന്ദു. അതുകൊണ്ടു തന്നെ വൈവിധ്യത്തെ ഉള്‍ക്കൊള്ളുകയെന്നത് സഭയുടെ ആന്തരിക ചൈതന്യം തന്നെയാണ്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം കത്തോലിക്കരും, 10 ശതമാനം മറ്റു ക്രൈസ്തവസമൂഹങ്ങളില്‍ നിന്നുള്ളവരും, 10 ശതമാനം ലോകമതങ്ങളില്‍ നിന്നുള്ളവരും ബാക്കിയുള്ള 30-40 ശതമാനം പേരും മതവും അര്‍ത്ഥവും അന്വേഷിക്കുന്നവരുമാണ്. അവസാന വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഒരുപക്ഷേ, മതപരിശീലനമുള്ള കുടുംബ പശ്ചാത്തലമുണ്ടായിരിക്കില്ല, അല്ലെങ്കില്‍ ഏതെങ്കിലും തിക്താനുഭവങ്ങള്‍ അവര്‍ക്കുണ്ടായിരുന്നിരിക്കാം. എന്നിട്ടും അവര്‍ ഒരു കത്തോലിക്കാ യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുന്നു. ഇവിടെ എല്ലാ ക്ലാസ്സുമുറികളിലും ക്രൂശിതരൂപമുണ്ട്; വിശ്വാസത്തെ പ്രകടമാക്കുന്ന ചിത്രങ്ങളോ എഴുത്തുകളോ ഉണ്ട്; തോട്ടങ്ങളില്‍ വിശുദ്ധരുടെ രൂപങ്ങളുണ്ട്; അവഗണിക്കാന്‍ കഴിയാത്തവിധം ഭീമാകാരമായ ഒരു ദേവാലയവുമുണ്ട്. ഇവിടെ പഠിക്കുന്നവര്‍ ദൈവശാസ്ത്ര കോഴ്സുകളും തത്വശാസ്ത്ര കോഴ്സുകളും പഠനത്തിനായി തെരഞ്ഞെടുക്കുന്നു. അവര്‍ അന്വേഷിക്കുകയാണ്. അതിനായി നാം വൈവിധ്യത്തെ പ്രോത്സാഹിപ്പിച്ചേ പറ്റൂ.

? ഇത്തരം വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന കത്തോലിക്കാ സഭയുടെ ഇന്നത്തെ ധര്‍മ്മമെന്തായിരിക്കണം?
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സവിശേഷമായ വെല്ലുവി ളികളുടെ മുമ്പില്‍ സഭ പ്രധാനമായും ലക്ഷ്യം വയ്ക്കേണ്ടത് സമാധാനവും അനുരഞ്ജനവുമായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. അതാണ് യഥാര്‍ത്ഥത്തില്‍ 'കാതോലികം' എന്നതിന്‍റെ അര്‍ത്ഥം. ഗ്രീക്കു ഭാഷയില്‍ 'കാത്ത' (Kata), 'ഹോളോസ്' (Holos) എന്ന രണ്ടു പദങ്ങള്‍ ചേര്‍ന്നു വരുന്ന 'കാതോലികം' എന്ന വാക്ക് സൂചിപ്പിക്കുന്നത് തന്നെ 'സര്‍വ്വതിനെയും ആശ്ലേഷിക്കുന്നത്' എന്നതാണ്. മനുഷ്യജീവിതത്തിന്‍റെ സമസ്ത ഭാവങ്ങളെയും വിശ്വാസം സ്പര്‍ശിക്കണം.

Sacrifice, അഥവാ ബലി എന്നത് മതാത്മക ചുറ്റുപാടില്‍ പ്രത്യേക വിവക്ഷയുള്ള പദമാണ്. 'വിശുദ്ധമാക്കുക' എന്ന അര്‍ത്ഥമുണ്ട് ആ വാക്കിന്. നമ്മെ സംബന്ധിച്ച് ഈ വാക്കിന് പ്രത്യേകമായ അര്‍ത്ഥം കൂടെയുണ്ട്. ഭൂമിയോടുള്ള സമീപനത്തിലെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട അര്‍ത്ഥം. ഉദാഹരണത്തിന്, വികസിതലോകത്ത് വസിക്കുന്നവര്‍ കൂടുതല്‍ സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണ്. അതേ സമയം, അവര്‍ ഭൂമിയില്‍ കൂടുതല്‍ ആഘാതമേല്പിക്കുന്നവരുമാണ്. അതുകൊണ്ട്, ഇവിടെ ബലി എന്നു പറഞ്ഞാല്‍, ഭൗതികമായ സുഖം നല്കുന്നതിനെ ത്യജിക്കുന്നതിലെ സമര്‍പ്പണമാണ്. ലളിതമായ ജീവിതത്തെ ആശ്ലേഷിക്കാന്‍ ബലിയര്‍പ്പണം നമ്മോടാവശ്യപ്പെടുന്നു. തെക്കേ ഇന്ത്യയിലെ കേരള സംസ്ഥാനം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നേരിട്ട വെള്ളപ്പൊക്കക്കെടുതി തന്നെ ഉദാഹരണം. അത് ഇവിടെ അമേരിക്കയിലെ ജീവിതത്തിന്‍റെ കൂടെ ഭാഗമാക്കുവാന്‍ നിര്‍ബന്ധിക്കുന്നതാണ് ബലിയര്‍പ്പണം.

? ഇതൊക്കെയാണെങ്കിലും ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ വേറെയല്ലേ? 'ലൗദാതോ സി' മുന്നോട്ടുവച്ച വെല്ലുവിളികളല്ലല്ലോ ഇന്ന് സഭയുടെ വിഷയം?
ദൗര്‍ഭാഗ്യകരമായ ഒരു സ്ഥിതിവിശേഷത്തെ സഭാനേതൃത്വം നേരിടേണ്ടി വരുന്നുവെന്നത് വസ്തുതയാണ്. ഫ്രാന്‍സിസ് പാപ്പായുടെ ആദ്യത്തെ വെല്ലുവിളി വത്തിക്കാന്‍ തന്നെയായിരുന്നു. അദ്ദേഹം പഠിക്കുകയായിരുന്നു. വൈദികര്‍ക്കെതിരെയും ചില മെത്രാന്മാര്‍ക്കെതിരെയും ലൈംഗിക പീഡനാരോപണങ്ങളുയര്‍ന്നപ്പോഴും അദ്ദേഹത്തിന് ആദ്യമൊന്നും അതിന്‍റെ ഭീകരത പിടികിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കൂടുതല്‍ പഠിച്ചു വരികയാണ്. അതിന്‍റെ പ്രതിഫലനമാണ് ചിലിയിലെ മെത്രാന്മാരുടെ കൂട്ട രാജി സ്വീകരണവും മറ്റു ചില മെത്രാന്മാര്‍ക്കെതിരെയുള്ള ശക്തമായ നടപടികളും. എന്നാല്‍, ഒരാള്‍ക്കു മാത്രം നേരെയാക്കാന്‍ കഴിയുന്നവയല്ല സഭയിലെ പ്രശ്നങ്ങള്‍. മാര്‍പാപ്പയ്ക്ക് പിന്തുണ ആവശ്യമുണ്ട്. സഹകരണവും ക്രിയാത്മകമായ പങ്കാളിത്തവും ആവശ്യമുണ്ട്.

? പൗരോഹിത്യവാഴ്ചയാണ് പ്രശ്നങ്ങളുടെ കാതലെന്ന് ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചു പറയുന്നുവല്ലോ. അദ്ദേഹത്തിന് തെറ്റിയോ?
ശരിയായ ദിശയില്‍ത്തന്നെയാണ് അദ്ദേഹമെന്ന് എനിക്കു തോന്നുന്നു. അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളില്‍ വ്യക്തമായ സ്ഥിരത കാണാം. ഉദാഹരണത്തിന്, മെത്രാന്മാരെ 'വിമാനത്താവള മെത്രാന്മാര്‍' എന്നു വിശേഷിപ്പിച്ചത്. അവര്‍ അവരുടെ രൂപതകളിലെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ ശ്രദ്ധിക്കേണ്ടതിനു പകരം ലോകസഞ്ചാരം നടത്തുകയാണ് എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. 'ഇടയന് ആടുകളുടെ ചൂരുണ്ടാകണം' എന്നു പറഞ്ഞതും അതേ ദിശയിലുള്ള വിമര്‍ശനമാണ്. അവ പഠിപ്പിക്കലുകളുമാണ്. ഇന്ന് മെത്രാന്മാര്‍ പോലുമുള്‍പ്പെടുന്ന വിവാദങ്ങളും ഉതപ്പുകളുമുണ്ടാകുമ്പോള്‍, നാം പൗരോഹിത്യ വാഴ്ചയ്ക്കപ്പുറത്തേക്കാണ് പോകേണ്ടത്. പുരോഹിതന്‍ യഥാര്‍ത്ഥത്തില്‍ ശുശ്രൂഷകനാണ് എന്നതിലേക്ക് തിരികെ പോകേണ്ടതുണ്ട്. പുരോഹിതന്‍ സേവകനാണ്, അധികാരിയല്ല.

ആദിമസഭയില്‍ ദൈവജനത്തിന്‍റെ ഭാഗമായിത്തന്നെയാണ് പുരോഹിതര്‍ നിലനിന്നത്. പുരോഹിതര്‍ ദൈവജനത്തില്‍ നിന്നും വ്യത്യസ്തരാണെന്ന കാഴ്ചപ്പാടുണ്ടായത് മൂന്നാം നൂറ്റാണ്ടിലാണ്. ഈ നിലപാട് അധികാരപ്രയോഗത്തിലേക്ക് വഴിതെളിച്ചു. സേവകരെന്ന ആദിമ ചൈതന്യം നാം തിരികെ പിടിക്കേണ്ടതുണ്ട്. ഇന്ന് ബിസിനസ്സ് രംഗത്തു പോലും 'സേവക നേതൃത്വം' ഒരു മാതൃകയായിത്തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്.

? ഇന്ന് സഭയ്ക്കെതിരെ ഉയരുന്ന കടുത്ത ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നതെന്നും അവര്‍ സഭയെ തകര്‍ക്കാനുള്ള അജണ്ടയുമായി പ്രവര്‍ത്തിക്കുന്നുവെന്നും ആക്ഷേപമുയരുന്നുണ്ട്. മാധ്യമങ്ങള്‍ സഭയ്ക്കെതിരെയാണെന്നു കരുതുന്നുണ്ടോ?
ഇവിടെ നടന്നതെന്താണ്? ഏതാനും വൈദികര്‍ ബോസ്റ്റണില്‍ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ആ കഥകള്‍ മുഴുവന്‍ പുറത്തു കൊണ്ടുവന്നത് പത്രപ്രവര്‍ത്തകരുടെ ധീരമായ പരിശ്രമങ്ങള്‍ കൊണ്ടാണ്. ഈ കഥകള്‍ പുറത്തുവന്നപ്പോള്‍, 1980-കളില്‍ത്തന്നെ മെത്രാന്മാര്‍ മാധ്യമങ്ങളെ ശ്ലാഘിച്ചുകൊണ്ട് കുറ്റവാളികളായ വൈദികര്‍ക്കെതിരെ ശക്തമായ നടപടികളെടുത്തിരുന്നുവെങ്കില്‍, സിവില്‍ നിയമങ്ങളുടെ പരിധിയിലേക്ക് അത്തരം കേസുകള്‍ അന്നു തന്നെ വിട്ടിരുന്നുവെങ്കില്‍, ഒരുപക്ഷേ, സഭയിന്ന് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ക്ക് നേതൃത്വം വഹിക്കുന്ന സമൂഹമായി മാറിയേനെ. കുട്ടികളെ പീഡിപ്പിക്കുകയെന്നത് നമുക്കു ചുറ്റും നടന്നുകൊണ്ടേയിരിക്കുന്ന ഭീകരത തന്നെയാണ്. ഇവയെ മൂടിവച്ച് സഭയുടെ സല്‍പ്പേര് നിലനിറുത്താനെടുത്ത പരിശ്രമങ്ങള്‍ക്കു പകരം, കുറ്റവാളികളെ ശുശ്രൂഷകരില്‍ നിന്നൊഴിവാക്കി നിയമ നടപടികള്‍ക്ക് വിട്ടുകൊടുത്തിരുന്നുവെങ്കില്‍, സഭയിലുള്ള വിശ്വാസം ജനങ്ങളില്‍ വര്‍ദ്ധിക്കുമായിരുന്നു. മൂടി വയ്ക്കാനുള്ള ശ്രമങ്ങളില്‍ സഭ കൂടുതല്‍ ദുഷിക്കുകയാണ് ചെയ്തത്. ചുരുക്കത്തില്‍, നമ്മുടെ പ്രശ്നങ്ങള്‍ക്ക് മാധ്യമങ്ങളെയല്ല പഴിക്കേണ്ടത്.

? ഇവിടെ ജസ്യൂട്ട് ഇടവകകളുമുണ്ടല്ലോ. ലൈംഗിക പീഡനകഥകള്‍ പുറത്തു വന്നപ്പോള്‍ ക്ഷുഭിതരായ വിശ്വാസി സമൂഹത്തെ എങ്ങനെയാണ് ജസ്യൂട്ട് അജപാലകര്‍ നേരിട്ടത്?
വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ ഇവിടെ കൊടുങ്കാറ്റായപ്പോള്‍ ജസ്യൂട്ട് വികാരിയായുള്ള ഇവിടുത്തെ ഇടവകയില്‍ എന്തു സംഭവിച്ചുവെന്നു പറയാം. ആ ഞായറാഴ്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെ ഏറ്റവും പ്രധാനവാര്‍ത്ത പിറ്റ്സ്ബര്‍ഗ് ഇടവകയില്‍ 40 വര്‍ഷം മുമ്പ് വികാരിയായിരുന്ന (2003-ല്‍ അദ്ദേഹം അന്തരിച്ചു) വൈദികനെ സംബന്ധിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളായിരുന്നു. അതിനു മുമ്പേ ഗ്രാന്‍റ് ജൂറി പുറത്തു വിട്ട 300 ലധികം വൈദികരുടെ പേരുവിവരങ്ങള്‍ രാജ്യത്തെ മുഴുവന്‍ നടുക്കിയിരുന്നു. ജനത്തിന്‍റെ വേദനയും ക്ഷോഭവും ആര്‍ക്കും താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു. ചിലര്‍ പള്ളി വിട്ടു പോയി. മറ്റു ചിലര്‍ പള്ളികളില്‍ പ്രതിഷേധവുമായെത്തി. വൈദിക സമൂഹം മുഴുവന്‍ പ്രതിക്കൂട്ടിലായ അവസ്ഥ. വിശുദ്ധ ഇഗ്നേഷ്യസിന്‍റെ നാമധേയത്തിലുള്ള ദേവാലയത്തിലെ വികാരി ഫാ. ഗ്രിഗറി ബൊണ്‍ഫീലിയോ ഈ സ്ഥിതി വിശേഷത്തെ തികച്ചും വ്യത്യസ്തമായാണ് നേരിട്ടത്. നേരത്തേ നിശ്ചയിച്ചിരുന്ന പ്രകാരം അന്ന് യൂണിവേഴ്സിറ്റിയിലെ ഈശോ സഭാവൈദികരുടെ നേതൃത്വത്തിലായിരുന്നു ദിവ്യബലി. സ്വാഭാവികമായും ഞാനായിരുന്നു പ്രധാന കാര്‍മ്മികന്‍. എന്നാല്‍, കുര്‍ബാന മധ്യേയുള്ള പ്രസംഗം നടത്തിയത് ഞങ്ങളാരുമായിരുന്നില്ല. യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് മിനിസ്ട്രിയുടെ ചുമതലയുള്ള ഡോ. ജൂലി ഡൗഡായിരുന്നു പ്രസംഗ വേദിയില്‍. അവര്‍ വികാരഭരിതയായി പൊട്ടിത്തെറിച്ചു. വൈദികര്‍ ആരായിക്കരുത് എന്ന് അതിശക്തമായി അവര്‍ പറഞ്ഞു. അവിടെയിരുന്ന മുഴുവന്‍ ജനങ്ങളുടെ വേദനയും ആത്മപീഡയും ക്ഷോഭവും പ്രതിഷേധവും അവര്‍ വാക്കുകളായും വികാരമായും ഇടയ്ക്കു കണ്ണുനീരായും ചെയ്തു. ഞങ്ങളെല്ലാവരും അത് കേട്ടിരുന്നു, കുറ്റബോധത്തോടെ, ഹൃദയം നുറുങ്ങുന്ന വേദനയോടെ, അതിലേറെ സ്നേഹവായ്പോടെ ഞങ്ങള്‍ ആ വാക്കുകള്‍ കേട്ടു; അവരോടൊപ്പം കരഞ്ഞു.

വൈദികര്‍ സഭയെ കേള്‍ക്കണം. ഡോ. ജൂലിയുടെ സ്വരം സഭയുടെ സ്വരമായിരുന്നു; അവര്‍ പ്രകടിപ്പിച്ചത് സഭയുടെ വികാരമായിരുന്നു; അവരുടെ ആഹ്വാനം സഭയുടെ ആഹ്വാനമായിരുന്നു; വൈദികര്‍ക്ക് അതൊരു കല്പനയുമായിരുന്നു. പറയുന്നതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കേണ്ടവരാണ് നേതാക്കളാണെന്നാണ് നേതൃത്വത്തിന്‍റെ തത്ത്വശാസ്ത്രവും. വൈദികസമൂഹം മുഴുവന്‍ ഇത്തരത്തില്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായാല്‍ സഭയ്ക്ക് പ്രതിസന്ധികളെ മറികടന്ന ഒരു അജഗണമാകാന്‍ കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org