Latest News
|^| Home -> Cover story -> യോനായുടെ അടയാളം

യോനായുടെ അടയാളം

Sathyadeepam

പോള്‍ തേലക്കാട്ട്

“യോനാ പ്രവാചകന്‍റെ അടയാളമല്ലാതെ മറ്റൊരടയാളവും നല്കപ്പെട്ടില്ല” (മത്താ. 12:38-42) എന്നു യേശു അസന്ദിഗ്ദ്ധമായി പറഞ്ഞു. പക്ഷേ, യോനായുടെ അടയാളം എന്താണ്? ഇസ്രായേല്‍ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്; തിരഞ്ഞെടുക്കപ്പെട്ടവരില്‍നിന്നു ദൈവം തിരഞ്ഞെടുത്തവനാണു പ്രവാചകന്‍. ആ വിധത്തില്‍ രണ്ടു വിളി സ്വീകരിച്ച ദ്വിജനാണു യോനാ. ദൈവവിളി യോനായ്ക്കു ലഭിക്കുന്നു. നിനിവേയുടെ ദുഷ്ടത ദൈവമറിഞ്ഞു. മഹാനഗരമായ നിനിവേയില്‍ ചെന്ന് “അതിനെതിരെ വിളിച്ചുപറയുക” എന്ന വിളിയാണത്. പക്ഷേ വിളി കിട്ടി തിരഞ്ഞെടുക്കപ്പട്ടവന്‍ കാര്യഗൗരവം മനസ്സിലാക്കി – അതില്‍ നിന്ന് ഓടിമാറുന്നു. വിപരീതദിശയിലേക്കു യാത്ര ചെയ്ത് അയാള്‍ താര്‍സീസിലേക്കു കപ്പല്‍ കയറി. ഒരു പരിഹാസകൃതിയായി യോനായുടെ കഥയെ വായിക്കുന്നവരുണ്ട.് ദൈവവിളിക്കാരനെ പരിഹസിക്കുന്നു. കര്‍ത്താവില്‍നിന്ന് ഓടിമാറുന്ന ദൈവിളിക്കാരന്‍!

പക്ഷേ, കപ്പല്‍ കോളില്‍പ്പെട്ടു. കപ്പല്‍യാത്രക്കാര്‍ പരിഭ്രാന്തരായി. അവര്‍ അവരുടെ ദേവനെ വിളിച്ചപേക്ഷിക്കുമ്പോള്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന്‍ ഉറങ്ങുകയായിരുന്നു. അവര്‍ അമിതഭാരമെല്ലാം കടലിലേക്കു വലിച്ചെറിഞ്ഞു. പ്രാര്‍ത്ഥിക്കാന്‍ ദൈവവിളിക്കാരനെ അനുസ്മരിപ്പിക്കുന്നതു കപ്പിത്താനാണ്. പ്രാര്‍ത്ഥിക്കാത്തവനെ പരിഹസിക്കുന്ന കഥയോ പ്രാര്‍ത്ഥനയെത്തന്നെ പരിഹസിക്കുന്നതോ?

കൊടുങ്കാറ്റും കോളിളക്കവും ആരുടെയോ പാപം നിമിത്തമാണ് എന്നതില്‍ കപ്പലിലെ ആളുകള്‍ക്കു സംശയമില്ല. ഇതു പുരാണ മതങ്ങളിലൊക്കെ സാധാരണമാണ്. പക്ഷേ, ഈ ഭൂരിപക്ഷത്തില്‍പ്പെടാത്ത ന്യൂനപക്ഷമാണു യോനാ. കൊടുങ്കാറ്റിന് കാരണക്കാരനെ അവര്‍ അന്വേഷിച്ചു. യോനായുടെ പേരില്‍ത്തന്നെ കുറി വീണു. കുറ്റക്കാരന്‍ ന്യൂനപക്ഷക്കാരനാണ്. കപ്പല്‍ സുരക്ഷിതമാക്കാനുള്ള ഏക വഴി, അവനെ കടലിലെറിയുകയാണ്. ആ ബലി അനിവാര്യമായിരുന്നു. ക്രമസമാധാനം ഉണ്ടാക്കാന്‍, അക്രമത്തില്‍ നിന്നു രക്ഷപ്പെടാന്‍. അതിനൊരു ബലി വേണമായിരുന്നു. അയാള്‍ ബലിയാടായി.

ഗ്രീക്ക് നാടകമായ “ഈഡിപ്പസിലെ രാജാവിനും ഇതേ പ്രതിസന്ധിയുണ്ടായി. അദ്ദേഹം തേബസിലെ രാജാവായി, പക്ഷേ, അദ്ദേഹം അന്നാട്ടുകാരനായിരുന്നില്ല. യോനായെപ്പോലെ അന്യന്‍. അദ്ദേഹം രാജാവായിരിക്കുമ്പോള്‍ നാട്ടില്‍ ഒരു വസന്ത. അത് ആടുമാടുകളെയും കൃഷിയെയും ജനങ്ങളെയും ബാധിച്ചു. ഈ ബാധയില്‍ നിന്നു രക്ഷിക്കാന്‍ ജനം രാജാവിനോടു പ്രാര്‍ത്ഥിച്ചു. ആ വസന്തയുടെ കാരണം ക്ഷേത്രത്തില്‍ നിന്നു വെളിവായി. മുന്‍ രാജാവിനെ കൊന്നവന്‍ നാട്ടിലുണ്ട്. അവനെ കൊല്ലുകയോ നാടുകടത്തുകയോ ചെയ്യാതെ നാട്ടില്‍ നിന്നു വസന്തയൊഴിയില്ല. ആരാണു രാജാവിനെ കൊന്നത്? അന്ധനായ പ്രവാചകനെ വരുത്തി. അയാള്‍ രാജാവിനോടു പറഞ്ഞു: “നീ വേട്ടയാടുന്ന കൊലപാതകി നീ തന്നെ.” വരത്തനും പരദേശിയുമായവന്‍ കുറ്റക്കാരനായി. രാജഘാതകനെ കണ്ണുകുത്തി നാടുകടത്തി വസന്തയില്‍നിന്ന് ഒഴിവാക്കി. അങ്ങനെ ഈഡിപ്പസ് രാജാവ് ബലിയാടായി.

1348-1350 കാലഘട്ടത്തില്‍ യൂറോപ്പിന്‍റെ പകുതിയോളം ആളുകളെ കൊന്ന കറുത്ത പ്ലേഗ് എന്ന വസന്തയുടെ കാരണവും ജനം മനസ്സിലാക്കി. ആ അക്രമത്തിന്‍റെ ദീനം നാട്ടിലെ ന്യൂനപക്ഷമായ യഹൂദര്‍ മൂലമാണ്. ആയിരക്കണക്കിനു യഹൂദരെ പിടിച്ചു കത്തിച്ചു. യഹൂദര്‍ ബലിമൃഗങ്ങളായി. ഹിറ്റ് ലര്‍ ജര്‍മന്‍ ജനതകളുടെ എല്ലാ പ്രതിസന്ധിക്കും കാരണക്കാരായി യഹൂദരെ പ്രഖ്യാപിച്ചു. 60 ലക്ഷം യഹൂദര്‍ കൊല്ലപ്പെട്ടു. യഹൂദര്‍ ബലിയാടുകളായി.

കടലിലേക്ക് എറിയപ്പെട്ട യോനായെ തിമിംഗലം വിഴുങ്ങി. കഥയില്‍ മാത്രമാണു കാറില്‍ കയറുന്നതുപോലെ തിമിംഗലത്തിന്‍റെ വയറ്റില്‍ കടന്നു കരയ്ക്കെത്തുന്നതു പറയാനാവൂ. പക്ഷേ, എന്താണു കഥയിലെ തിമിംഗലം? തോമസ് ഹോബ്സ് (1642-1651) എഴുതിയ “ലവിയാത്തന്‍” സര്‍ക്കാര്‍ എന്ന ഭരണകൂട ഭീകരതയാണ്. ഈ പേരു ബൈബിളിലെ ജോബിന്‍റെ പുസ്തകം ഏശയ്യ, ആമോസ്, സങ്കീര്‍ത്തനങ്ങള്‍ എന്നീ പുസ്തകങ്ങളിലും പ്രതിപാദിക്കുന്ന ഭീകരജനമാണ്. ഏശയ്യയുടെ പ്രവചനങ്ങളില്‍ ബാബിലോണാണ് ഈ ഭീകരതിമിംഗലമെന്നു പറയുന്നത്. ഭരണകൂടത്തിന്‍റെ ഭീകരതയ്ക്ക് ഇരയാക്കപ്പെട്ടവനാണു യോനാ എന്നാണു സൂചിതം. അതൊരു ആള്‍ക്കൂട്ടപീഡനവുമായിരുന്നു. പ്രവാചകന്‍ വിഘടനവഴിയില്‍ പ്രതിപാദിച്ച കഥയാണിത്. അയാളെ തിമിംഗലം ബാബിലോണില്‍ എത്തിച്ചു. അയാള്‍ നഗരത്തിലെത്തി. മൂന്നു ദിവസത്തെ വഴി നടക്കാനുള്ള നഗരത്തില്‍ ഒരു ദിവസത്തെ വഴി നടന്ന് അയാള്‍ ദൈവം ആവശ്യപ്പെട്ട സന്ദേശം അറിയിച്ചു. അതു ഒറ്റവാചകത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. സന്തോഷമുള്ള ഒരു കാര്യമല്ലല്ലോ പറയാനുള്ളത്. അപ്രിയസത്യം പറയാതിരിക്കാന്‍ വയ്യാത്ത സാഹചര്യത്തില്‍ അതു പറഞ്ഞുതീര്‍ത്തു. “നാല്പതു ദിവസം കഴിയുമ്പോള്‍ നിനിവേ നശിപ്പിക്കപ്പെടും.” നശിക്കാന്‍ പോകുന്നവരോടു കൂടുതല്‍ പറഞ്ഞിട്ട് എന്തു കാര്യം? ആളുകള്‍ എങ്ങനെ അതു സ്വീകരിച്ചു?

അതു പ്രസംഗക്കാരനെയും നമ്മെയും അത്ഭുതപ്പെടുത്തുന്നു. ദുഷ്ടന്മാരുടെ പര്യായമായിരുന്നവര്‍ അയാളെ കൂവിയെന്നോ പീഡിപ്പിച്ചുവെന്നോ അല്ല നാം അറിയുന്നത്. ആളുകള്‍ മാത്രമല്ല മൃഗങ്ങള്‍ വരെ ചാക്കുടുത്തു ചാരം പൂശി അനുതപിച്ചു. യോനാ നഗരത്തിനു പുറത്തു കടന്ന്, നോക്കിയിരിപ്പായി. എന്തിന്? ദൈവം വെടികെട്ടു നടത്തി നഗരം നശിപ്പിക്കുന്നതു കാണാന്‍. അതിനിടയില്‍ ചുട്ടുപൊള്ളുന്ന ചൂടകറ്റാനുണ്ടായ തണല്‍ച്ചെടിയും പോയി. യോനാ കുപിതനാകുന്നതു നാം കാണുന്നു. എന്തിന്? കാരണമുണ്ട്. ഓടിയൊളിച്ചവനെ അറസ്റ്റ് ചെയ്താണ് ഇവിടെ കൊണ്ടുവന്നു പ്രസംഗിപ്പിച്ചത്. ഇപ്പോള്‍ താന്‍ നാറുകയും ചെയ്യും. ദൈവം നാറ്റിക്കും എന്ന് ഉറപ്പായി. ദൈവം വാക്കുമാറ്റി. ഒരു വെടിക്കെട്ടും നടക്കില്ല. താന്‍ പരമ ബോറനും വിഡ്ഢിയുമായി.

ദൈവം തന്നെ പറ്റിച്ചു, നാറ്റിച്ചു. പ്രവാചകന്‍ തല്ലുകൊണ്ടു, ഇതാ പേരുദോഷവുമായി, വിഡ്ഢിയുമായി, പരിഹാസ്യനായി. പ്രവാചകന്‍റെ വിളിയാണു വെളിവാകുന്നത്. പ്രവാചകനാകുക സന്തോഷമുള്ള കാര്യമല്ല. തല്ലും നാണക്കേടും മാത്രം കിട്ടുന്ന പണി. പ്രവാചകന് സഹനദാസനായിരിക്കുന്നു. ഇതാണു കഥ വെളിവാക്കുന്നത്. മാത്രമല്ല, മതങ്ങളിലെ പരിഹാരമാര്‍ഗമല്ല ദൈവത്തിന്‍റേത്. മതങ്ങള്‍ ഏത് അക്രമത്തെയും ബലിയര്‍പ്പണത്തിലൂടെ പരിഹരിക്കുന്നു. ബലിയാടുകളെ സൃഷ്ടിച്ചു ബലിയാടിനെ കൊന്ന് അക്രമം ശമിപ്പിക്കുന്നു. എല്ലാ ബലികളിലും മനുഷ്യനു പകരമാണു മൃഗം. മൃഗമാകട്ടെ മനുഷ്യനോട് ഏറ്റവും അടുത്തുനില്ക്കുന്ന ജന്തു. ഈ ബലിയുടെ ഇരകള്‍ എല്ലാ മതങ്ങളിലും കുറ്റക്കാരാണ്. അക്രമം നിയന്ത്രിക്കാന്‍ അക്രമത്തെ ഒരാളിലേക്ക് ഒതുക്കുന്നു. അക്രമത്തിലൂടെ മാത്രമേ അക്രമത്തെ പരിഹരിക്കാനാവൂ എന്നതാണ് എല്ലാ സംസ്കാരങ്ങളുടെയും അടിസ്ഥാനം. ബലിയാടാക്കപ്പെടുന്നവന്‍ കുറ്റക്കാരനാണ്, ഒപ്പം അക്രമം സമൂഹത്തില്‍ നിന്ന് ഒഴിവാക്കുന്ന മരുന്നുമാണ്. നിനിവേക്കാരുടെ അധര്‍മത്തിന്‍റെ അക്രമത്തിനുള്ള മരുന്നു ദൈവത്തിന്‍റെ അക്രമമാണ് എന്ന അംഗീകൃത കാഴ്ചപ്പാട് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.

എന്നാല്‍ പഴയ നിയമം തികച്ചും ഭിന്നമായ നിലപാടു സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും പ്രതികാരത്തെ ചില വ്യക്തികളിലേക്കു ചുരുക്കി, ആ ഇരകളെ കൊന്ന് അക്രമത്തെ ശമിപ്പിക്കുന്നു. എന്നാല്‍ ബൈബിള്‍ നിര്‍ദ്ദോഷികളുടെ രക്തത്തിലാണു സംസ്കാരങ്ങള്‍ നിലനില്ക്കുന്നത് എന്നു സ്ഥാപിക്കുന്നു. അതുകൊണ്ടു ബലിയാടുകളാക്കപ്പെടുന്നതിനെ എതിര്‍ക്കുന്നു. ഈ ഇരകള്‍ നിര്‍ദ്ദോഷികളാണ് എന്നു പ്രഖ്യാപിക്കുന്നു. നാബോത്ത് അങ്ങനെ ബലിയാക്കപ്പെട്ടു കൊല്ലപ്പെട്ടവനാണ്. ജോസഫിനെ സഹോദരന്മാര്‍ അസൂയ മൂത്ത് കിണറ്റില്‍ തള്ളിയിട്ടു വിറ്റു. ഇങ്ങനെ ഇരയാക്കപ്പെട്ടവരുടെ കൂടെ നില്ക്കുന്നു ബൈബിള്‍. അവരുടെ നിരപരാധിത്വം പ്രഘോഷിക്കുന്നു. അവര്‍ക്കുവേണ്ടി സംസാരിക്കുന്ന “പാറേക്കലത്ത”മാരായി പ്രവാചകര്‍. ത്രിത്വത്തിലെ മൂന്നാമത്തെ ദൈവാത്മാവിനു ഗ്രീക്കു ഭാഷയില്‍ ഉപയോഗിച്ച വാക്കാണു പാറെക്കലത്ത (Paraclete)- അതിന്‍റെ അര്‍ത്ഥങ്ങളിലൊന്ന് അഭിഭാഷകന്‍ എന്നാണ്. ഏലിയാ പ്രവാചകന്‍ താബോത്തിനുവേണ്ടി സംസാരിച്ചു; നാഥാന്‍ ബെത്ഷെബയ്ക്കുവേണ്ടിയും ദാനിയേല്‍ സൂസന്നയ്ക്കുവേണ്ടിയും അക്രമത്തിനു ദൈവത്തില്‍ ന്യായീകരണം ബൈബിള്‍ കണ്ടെത്തുന്നില്ല. ബലിയുടെ വഴിയല്ല ബൈബിളിലെ പ്രവാചകരുടെ വഴി. “നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്… നിങ്ങളുടെ ദഹനബലികളും ധ്യാനബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കില്ല… നീതി ജലംപോലെ ഒഴുകട്ടെ, സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും” (ആമോസ് 5:21-28). ബലിയര്‍പ്പണത്തില്‍ അന്തര്‍ലീനമായ പേഗന്‍ അപകടമാണു പ്രവാചകര്‍ വെളിവാക്കുന്നത്.

“ലോകാരംഭം മുതല്‍ ചൊരിയപ്പെടുന്ന സകല പ്രവാചകന്മാരുടെയും രക്തത്തിന്… ആബേല്‍ മുതല്‍ ബലിപീഠത്തിനും വിശുദ്ധ സ്ഥലത്തിനും മദ്ധ്യേ വച്ചു കൊല്ലപ്പെട്ട സഖറിയാവരെയുള്ളവരുടെ രക്തത്തിന്, ഈ തലമുറ ഉത്തരം പറയേണ്ടി വരും” (ലൂക്കാ 11:51). ദൈവം അയച്ച പ്രവാചകരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്തത് എന്തുകൊണ്ട്? സമൂഹത്തിന്‍റെ ഏതു പ്രശ്നത്തിനും ഇരയെ കണ്ടെത്തി അവരെ ബലി ചെയ്യുന്ന സംസ്കാരത്തിലാണു നാം ജീവിക്കുക. കുറ്റത്തിന് ആരെയെങ്കിലും കുറ്റക്കാരനാക്കാന്‍ എല്ലാവര്‍ക്കും സമ്മതമാണ്. കുറ്റം ഏറ്റെടുക്കാന്‍ ആരും തയ്യാറുമല്ല. കുറ്റം എന്‍റെയല്ല, നിന്‍റെയാണ് എന്ന പിശാചിന്‍റെ പ്രതിവിധി. കുറ്റക്കാരനെ കൊല്ലാന്‍ പാടില്ല എന്നു പറയുന്നവനെ കൊല്ലണം. കുറ്റക്കാരനാക്കപ്പെടുന്ന ഇരയുടെ കൂടെനില്ക്കുന്നതിന്‍റെ അപകടമിതാണ്. ഗരസേനരുടെ നാട്ടില്‍ പിശാചുബാധിതന്‍ അവന്‍റെ പേര് ലെഗിയോണ്‍ (legion) എന്നാണെന്നു പറയുന്നു. അതിന്‍റെ അര്‍ത്ഥം ആള്‍ക്കൂട്ടമെന്നാണ്. അതാണു പിശാച് – ആള്‍ക്കൂട്ടം. അതിന്‍റെ ഇരയായവനെ രക്ഷിക്കുന്നതില്‍ അവര്‍ക്കു താത്പര്യമില്ല. അവരുടെ പന്നികള്‍ ചത്തതിലാണ് അമര്‍ഷം. അതുകൊണ്ടു പ്രവാചകനെ നാട്ടില്‍നിന്നു പുറത്താക്കി. ആള്‍ക്കൂട്ടം തല്ലിക്കൊന്നവനല്ലേ ഏശയ്യാ പ്രവാചകന്‍ സാക്ഷിക്കുന്ന സഹനദാസന്‍?

ഈജിപ്തിലുണ്ടായ വസന്തകളുടെ കുറ്റമാരോപിച്ചു നാട്ടില്‍ നിന്ന് ഈഡിപ്പസിനെപ്പോലെ പുറത്താക്കപ്പെട്ടവരായിരുന്നു ഇസ്രായേല്‍ക്കാര്‍. അക്രമത്തിന്‍റെ ഇരകളാക്കപ്പെട്ടവര്‍ക്കുവേണ്ടി വാദിച്ചതിന്‍റെ പേരില്‍ പീഡിതരായവരാണു പ്രവാചകന്മാര്‍. അക്രമത്തിന്‍റെ സാംസ്കാരിക പ്രതിസന്ധിയുടെ സത്യം വെളിവാക്കുന്ന അനന്യതയാണു ക്രൈസ്തവികതയുടേത്. ഇതു മറന്നു ചിലപ്പോഴൊക്കെ ബലിയാടുകളെ സൃഷ്ടിക്കുന്ന പാരമ്പര്യത്തിലേക്കു പ്രലോഭിതമാകുന്നു. യേശുക്രിസ്തു ബലിയാടാക്കപ്പെട്ടു, ക്രൂശിക്കപ്പെട്ടവനായിരുന്നു. ജനത്തിനുവേണ്ടി ഒരാള്‍ മരിക്കുന്നതിനെ ന്യായീകരിക്കുന്ന പൗരോഹിത്യത്തിന്‍റെ പ്രതിസന്ധി. ക്രിസ്തുമതത്തിന്‍റെ അനന്യത വ്യക്തമാക്കിക്കൊണ്ടു റെനെ ജിറാര്‍ഡ് എഴുതി: “വിശുദ്ധിയുടെ ഹൃദയരഹസ്യവും ആത്മാവും അക്രമമാണ്.” അടിച്ചുതകര്‍ക്കുന്ന ദൈവത്തിന്‍റെ അക്രമത്തെയല്ല ഇത് അര്‍ത്ഥമാക്കുന്നത്. അതു ദൈവത്തിന്‍റെ സഹനരഹസ്യമാണ്, അതാണു ക്രൂശിതന്‍റെ വെളിപാട്. സഹനദാസന്‍റെ മൊഴി. അതാണു ജോബിന്‍റെ സഹനത്തിന്‍റെ രഹസ്യം, യോനായുടെ കഥയുടെ ആത്മാവ്. സഹനത്തിന്‍റെ പാതയില്‍ നിന്നു യോനാ ഓടിമാറുന്നു. പക്ഷേ, അത് അദ്ദേഹം ഏറ്റെടുത്തു. “എന്‍റെ ജീവന്‍ എടുത്തുകൊള്ളുക എന്നു ഞാന്‍ അപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്” (യോനാ. 4:3). പ്രവാചകമാനം ഏതു സമൂഹത്തിലുമുണ്ട്. പക്ഷേ, തിരുത്തലിനു ദൈവവുമായുള്ള ബന്ധവും പ്രവാചകസ്വഭാവത്തിനു സഹനവുമായുള്ള ബന്ധവും പലര്‍ക്കും വ്യക്തമല്ല. അനുദിനജീവിതത്തില്‍ നടമാടുന്നതു സെല്‍ഫി നാടകങ്ങളുടെയും കിടമത്സരങ്ങളുടെയും സ്പര്‍ദ്ദയുടെ ബലിയാടുനിര്‍മാണങ്ങളുടെയും കഥയാണ്. യോനായുടെ പുസ്തകം അവസാനിക്കുന്നത് അമ്പരപ്പിക്കുന്ന ദൈവത്തിന്‍റെ വാചകത്തിലാണ്. ‘ഇടം-വലം തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരു ലക്ഷത്തിയിരുപതിനായിരത്തില്‍പ്പരം ആളുകളും അസംഖ്യം മൃഗങ്ങളും വസിക്കുന്ന മഹാനഗരമായ നിനിവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?” ബലിയാടാക്കപ്പെടുന്ന ഇരയെ കുറ്റക്കാരനാക്കുന്ന നരവര്‍ഗശാസ്ത്ര വ്യാഖ്യാനത്തെ തകിടം മറിച്ചു നിര്‍ദോഷിയായ ഇരയുടെ കൂടെ നില്ക്കുന്നതാണു ക്രൈസ്തവികത. അത് ആ ഇരയുടെ വക്കാലത്തും അതിന്‍റെ സഹനവുമേല്ക്കലാണ്. ജിരാര്‍ഡ് എഴുതി: “ഇതുകൊണ്ടാണു ക്രൈസ്തവികത പല മതങ്ങളില്‍ ഒന്നാകാതെ എല്ലാ മതങ്ങളുടെയും നുണ വെളിവാക്കുന്നത്.”

Comments

One thought on “യോനായുടെ അടയാളം”

  1. Ben john says:

    Really meaningful. The days will proclaimed it’s necessary….

Leave a Comment

*
*