മലയാള ഭാഷയ്ക്ക് പൗളീനോസ് പാതിരിയുടെ സംഭാവനകള്‍

മലയാള ഭാഷയ്ക്ക് പൗളീനോസ് പാതിരിയുടെ സംഭാവനകള്‍

എഫ്. ആന്‍റണി പുത്തൂര്‍, ചാത്യാത്ത്

മലയാള സാഹിത്യ ചരിത്രത്തിനും ക്രൈസ്തവ സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ശ്രേഷ്ഠഗ്രന്ഥകാരനാണ് പൗളീനോസ് പാതിരിയെന്ന പൗളീനോസ് ആ സാങ് തോ ബര്‍ത്തലോമിയോ (Paulinus
of St. Bartholomew) പാതിരി. കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കത്തോലിക്കാ മിഷനറിമാരില്‍ മത്തേവൂസ് പാതിരിയെന്ന മത്തേവൂസ് ആ സാങ്തോ ജോസഫ് പാതിരി, അര്‍ണോസ് പാതിരിയെന്ന യൊഹാന്‍ ഏണ്‍സ്റ്റ് ഫോണ്‍ ഹാങ്സ് ലേഡന്‍ പാതിരി എന്നിവര്‍ കഴിഞ്ഞാല്‍ വിജ്ഞാനം കൊണ്ട് അദ്വിതീയനാണ് പൗളീനോസ് പാതിരി. പാശ്ചാത്യ ക്ലാസിക്കുകളിലും പ്രാചീന ഗ്രീക്കോ-റോമന്‍ രചനകളിലും അവഗാഹം നേടിയ അദ്ദേഹം ഭാരതത്തെയും ഇവിടത്തെ നാട്ടുരാജ്യങ്ങളെയും കുറിച്ച് യൂറോപ്യന്‍ ഭാഷകളില്‍ രചിച്ച ഗ്രന്ഥങ്ങള്‍ നിരവധിയാണ്. ഈ ഗ്രന്ഥങ്ങള്‍ പൗളീനോസിന്‍റെ നാമം പാശ്ചാത്യ പണ്ഡിതരുടെ ഇടയില്‍ സുവിദിതമാക്കി. അതേ സമയം പതിനെട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെ രാജാക്കന്മാരുടെയും കുലീനവ്യക്തിത്വങ്ങളുടെയും ഇടയില്‍ അദ്ദേഹം സുസമ്മതനുമായി മാറി.

ചരിത്രത്താളുകളില്‍ പൗളീനോസ് പാതിരി എന്നറിയപ്പെടുന്ന ഈ മഹാപണ്ഡിതന്‍റെ ജനനം 1748 ഏപ്രില്‍ 25-ാം തീയതി മദ്ധ്യ യൂറോപ്പിലെ ആസ്ട്രിയയിലെ ലോവര്‍ ഓസ്ട്രിയ സംസ്ഥാനത്തിലെ ഹോഫ് ആം ലൈതാ ബെര്‍ഗെയിലാണ്. യൊഹാന്‍ ഫിലിപ്പ് വെസ്ഡിന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ (Maiden Name) നാമം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ക്രൊയേഷ്യന്‍ വംശജരായ ജോര്‍ജ്ജ് വെസ്ഡിന്‍-ഹെലേന ദമ്പതികളുടെ ആറുമക്കളില്‍ മൂത്തയാളായിരുന്നു നമ്മുടെ കഥാപുരുഷന്‍. ജസ്യൂട്ട് വൈദികര്‍ ഓര്‍സ്ബര്‍ഗ്, ഹാര്‍ബ് എന്നിവിടങ്ങളില്‍ നടത്തിക്കൊണ്ടിരുന്ന കലാലയങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കര്‍മ്മലീത്താസന്യാസസഭയില്‍ ചേര്‍ന്നതോടെ 'പൗളീനോസ് ആ സാങ്തോ ബര്‍ത്തലോമിയോ' എന്ന പേരു സ്വീകരിച്ച അദ്ദേഹം 1769 ആഗസ്റ്റ് 21-ാം തീയതി വ്രതവാഗ്ദാനം നടത്തി. റോമിലെ വിശുദ്ധ പംക്രേഷ്യസിന്‍റെ സെമിനാരിയില്‍നിന്നും ദൈവശാസ്ത്രവും തത്വശാസ്ത്രവും പഠിച്ച അദ്ദേഹം 1773-ല്‍ വൈദികനായി. 1774 മാര്‍ ച്ച് മാസത്തില്‍ പൗളീനോസ് പാതിരി കേരളത്തിലെ മിഷന്‍ പ്രവര്‍ത്തന രംഗത്തേക്ക് നിയോഗിക്കപ്പെട്ടു.

സുദീര്‍ഘവും ക്ലേശപൂര്‍ണ്ണവുമായ യാത്രയ്ക്കൊടുവില്‍ 1776 നവംബര്‍ 21-ാം തീയതി തന്‍റെ 28-ാം വയസ്സില്‍ കേരളത്തില്‍ എത്തിച്ചേര്‍ന്ന പൗളീനോസ് പാതിരി അല്‍പകാലം ചാത്യാത്ത് കര്‍മ്മലനാഥയുടെ ദേവാലയത്തില്‍ കഴിഞ്ഞശേഷം വരാപ്പുഴ കേന്ദ്രമാക്കി മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. വരാപ്പുഴ സെമിനാരി റെക്ടറായും, അഞ്ചുതെങ്ങ് പള്ളി വികാരിയായും, വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന ബിഷപ്പ് അലോഷ്യസ് മേരി(1784-1802)യുടെ കീഴില്‍ വികാരി ജനറാളായും സേവനം അനുഷ്ഠിച്ച അദ്ദേഹം 14-ാം ക്ലമന്‍റ് മാര്‍പ്പാപ്പ 1774 ജൂലൈ രണ്ടിന് എഴുതി തിരുവിതാംകൂര്‍ മഹാരാജാവിനായി അയച്ച കത്തുമായി 1780 ജൂണ്‍ 20-ാം തീയതി തിരുവനന്തുപുരത്തു ചെന്ന് ആ തിരുവെഴുത്ത് തന്‍റെ സഹപ്രവര്‍ത്തകനായ ക്ലമന്‍റ് പിയാനിയൂസ് (ക്ലമന്‍റ് ജേസു) പാതിരിയുമായി ചേര്‍ന്ന് മഹാരാജാവിന് നേരിട്ട് നല്കി.

പൗളീനോസ് പാതിരിയുടെ നാനാഭാഷകളിലുള്ള പാണ്ഡിത്യം ഈ അഭിമുഖ സന്ദര്‍ശന വേളയില്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിനു ബോധ്യമായി. ശുദ്ധമലയാളം സംസാരിക്കുന്ന, അമരകോശം മുതലായ സംസ്കൃത ഗ്രന്ഥങ്ങളില്‍ പാണ്ഡിത്യം ആര്‍ജിച്ചിട്ടുള്ള, പൗളീനോസ് പാതിരിയെ മഹാരാജാവിന് ഏറെ ഇഷ്ടപ്പെട്ടു. സന്തുഷ്ട ചിത്തനായ മഹാരാജാവ് കുറച്ചു കാലം കൊട്ടാരത്തില്‍ താമസിച്ച് തന്നെ ഇംഗ്ലീഷും മറ്റു പാശ്ചാത്യ ഭാഷകളും പഠിപ്പിക്കാമോ എന്നു പാതിരിയോടു ചോദിച്ചു. അതനുസരിച്ചു കുറച്ചുകാലം തിരുവനന്തപുരത്തു താമസിച്ച് ഇംഗ്ലീഷ് വ്യാകരണവും മറ്റും പഠിക്കുന്നതില്‍ അദ്ദേഹം മഹാരാജാവിനെ സഹായിച്ചു. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് അദ്ദേഹത്തെ 'ഗുരു' എന്നാണ് വിളിച്ചിരുന്നത്. തിരുവിതാംകൂറില്‍ ദിവാന്‍ പേഷ്കാര്‍ ആയിരുന്ന പി. ശങ്കുണ്ണി മ നോന്‍ എഴുതി 1878-ല്‍ പ്രസിദ്ധീകരിച്ച 'എ ഹിസ്റ്ററി ഓഫ് ട്രാവന്‍ കൂര്‍ ഫ്രം ദി ഏര്‍ലിയസ്റ്റ് ടൈംസ്' എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തില്‍ പൗളീനോസ് പാതിരിയെ ബര്‍ത്തലോമിയോ പാതിരിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശാസ്ത്ര രംഗത്തും മലയാള സാഹിത്യരംഗത്തും പ്രവര്‍ത്തിച്ച് നമ്മുടെ ഭാഷയെ പരിപോഷിപ്പിച്ച ആദ്യകാല കര്‍മ്മലീത്താ മിഷനറിമാരില്‍ പ്രമുഖരാണ് മത്തേവൂസ് പാതിരി, പൗളീനോസ് പാതിരി, ഡോക്ടര്‍ മര്‍സല്ലീനസ് പാതിരി എന്നിവര്‍. കിഴക്കിന്‍റെ ഔഷധ സസ്യങ്ങള്‍ (Virudarem Orientale), കേരളസസ്യാരാമം (ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ്) എന്നീ സസ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന നിലയില്‍ പ്രശസ്തനാണ് ചാത്യാത്ത് (1673), വരാപ്പുഴ (1674) പള്ളികളുടെ സ്ഥാപകനും ബഹുഭാഷാപണ്ഡിതനും ആയ മത്തേവൂസ് പാതിരി. ആദ്യമായി മലയാള അക്ഷരങ്ങള്‍ അച്ചടിക്കപ്പെട്ടതും ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ഈ ബൃഹത്ഗ്രന്ഥത്തിലാണ്. 'മലയാളം എന്നൊരു ഭാഷയും അതിനു മനോഹരമായ ഒരു സാഹിത്യവും ഉണ്ടെന്ന് യൂറോപ്യന്മാരെ മനസ്സിലാക്കിക്കൊടുത്തത് പൗളീനോസ് പാതിരിയാണ്' എന്നും '18 -ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭാഷാഗവേഷകന്‍' എന്നും മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ തന്‍റെ കേരളസാഹിത്യചരിത്രത്തില്‍ പറഞ്ഞിരിക്കുന്നതു തന്നെ ആ പണ്ഡിത ശ്രേഷ്ഠനുള്ള അംഗീകാരമാണ്.

ജര്‍മ്മന്‍, ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് എന്നീ യൂറോപ്യന്‍ ഭാഷകള്‍ക്കു പുറമെ ഭാരതീയ ഭാഷകളായ മലയാളം, സംസ്കൃതം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഗാധ പണ്ഡിതനായിരുന്നു പൗളീനോസ് പാതിരി. പൗരസ്ത്യ – പാശ്ചാത്യ ഭാഷകളിലായി അന്‍പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള പൗളീനോസ് പാതിരി ഇരുപതോളം കൃതികളാണ് മലയാളത്തില്‍ രചിച്ച് കൈരളിക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ക്രൈസ്തവ വേദപാരംഗതയായ ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ ജീവചരിത്രം കേകവൃത്തത്തില്‍ 480 വരികളിലൂടെ രചിച്ച് കൈരളിക്കു സമര്‍പ്പിച്ച ഖണ്ഡകാവ്യമായ 'മാര്‍ ത്രേസ്യാചരിതം' (മാര്‍ എന്നത് സുറിയാനി ഭാഷയില്‍ പുല്ലിംഗമാണ്. സ്ത്രീലിംഗപദമായ മാര്‍ത്ത എന്നതാണ് ശരി), ക്രൈസ്തവ വിശ്വാസ പ്രകാരമുള്ള ദൈവത്തിന്‍റെ ആറു ലക്ഷണങ്ങള്‍ 279 ഈരടികളിലൂടെ ആവിഷ്കരിക്കുന്ന 'ദേവസ്യ ഷഡ് ചിഹ്ന ഗാനം' എന്നിവ പണ്ഡിതന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളവയാണ്.

തിരുവിതാംകൂറിലെ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന് സമര്‍പ്പിക്കപ്പെട്ട ഈ കാവ്യങ്ങളില്‍ മാര്‍ ത്രേസ്യാചരിതത്തെക്കുറിച്ച് പണ്ഡിത ശ്രേഷ്ഠനായ ശ്രീ. സി.ജി. വാരിയര്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. 'പൗളീനോസ് പാതിരിയുടെ മലയാള ഭാഷയിലുള്ള സ്വാധീനം മാര്‍ ത്രേസ്യാചരിതം എന്ന ഒറ്റ കൃതിയിലൂടെ തന്നെ വ്യക്തമാകുന്നു. ഒന്നാം തരം ഉപമകളും ഭാവാത്മകങ്ങളായ തൂലികാചിത്രങ്ങളും ഇടതൂര്‍ന്നുവിലസുന്ന ഈ കാവ്യഗ്രന്ഥം ഭക്തിസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടു തന്നെ' എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. പൗളീനോസ് പാതിരിയുടെ രണ്ടാമത്തെ കാവ്യമായ 'ദേവസ്യ ഷഡ് ചിഹ്നഗാന'ത്തെക്കുറിച്ച് ഭാഷാപണ്ഡിതനായ ശ്രീ. ജി.ആര്‍.സി. നമ്പൂതിരി എഴുതിയിരിക്കുന്നത്: ഈ കൃതിയില്‍ നിന്നു രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. പൗളീനോസ് പാതിരിക്ക് ഹൈന്ദവമതത്തിലും അതോടനുസൃതമായ പുരാണേതിഹാസങ്ങളിലും പരിപക്വമായ ജ്ഞാനമുണ്ടായിരുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. ഏതദ്ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ മാത്രമായതിനാല്‍ ആ ദേവഭാഷയില്‍ അദ്ദേഹത്തിന് അസാമാന്യമായ നൈപുണ്യം ഹ്രസ്വകാലം കൊണ്ടു നേടുവാന്‍ കഴിഞ്ഞുവെന്നുള്ളതാണ് രണ്ടാമതു വ്യക്തമാകുന്ന കാര്യം എന്നാണ്. ഈ രണ്ട് പദ്യകൃതികള്‍ക്കു പുറമെ കോസല രാജാവിന്‍റെ പാട്ടുകള്‍, ചന്ദ്രോദയം, സ്നാനപര്‍വ്വം എന്നീ പദ്യകൃതികളും സന്മാര്‍ഗ്ഗ ശാസ്ത്ര സംഗ്രഹം, എട്ടു ദിവസത്തെ ധ്യാനങ്ങള്‍, ഈശോയുടെ ജീവചരിത്രം എന്നീ ഗദ്യകൃതികളും അദ്ദേഹത്തിന്‍റേതായുണ്ട്.

1791-ല്‍ റോമില്‍ നിന്നു പ്രസിദ്ധീകരിച്ച നൂറ് പഴഞ്ചൊല്ലുകള്‍ (ചേന്തും അദാജിയും മലബാറിക്കും തെക്സു ഒറിജിനാലി) എന്ന ഗ്രന്ഥത്തില്‍ ഒന്നാമതായി പൗളീനോസ് പാതിരി ചേര്‍ത്തിരിക്കുന്നത് 'പഴഞ്ചൊല്ലില്‍ പൊളിയുണ്ടെങ്കില്‍ പാലും കയ്ക്കും' എന്നതാണ്. 'കോഴിമുട്ടയുടപ്പാന്‍ കുറുവടി വേണ്ട; പൊട്ടനെ ശിഷ്ടന്‍ ചതിച്ചാല്‍ ശിഷ്ടനെ ദൈവം ചതിക്കും' എന്നിങ്ങനെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ള പഴഞ്ചൊല്ലുകളെല്ലാം കേരളീയ സമൂഹത്തില്‍ പ്രചാരമുള്ളവ തന്നെ. മലയാള ഭാഷയില്‍ ഇദംപ്രഥമമായി പഴഞ്ചൊല്ലുകള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത് പൗളീനോസ് പാതിരിയാണ്. 'മലയാള ഭാഷയുടെ പരമോപകര്‍ത്താക്കളില്‍ ഒരാളായി പൗളീനോസ് പാതിരി പരിലസിക്കുന്നു' എന്ന് സാഹിത്യചരിത്രത്തില്‍ മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

യാത്രാവിവരണം, ദേശചരിത്രം, സഭാചരിത്രം, ജീവചരിത്രം, വ്യാകരണം, നിഘണ്ടു തുടങ്ങിയ വൈവിധ്യ മേഖലകളിലാണ് അദ്ദേഹത്തിന്‍റെ കൃതികള്‍ വ്യാപരിക്കുന്നത്. ഭാഷാപരമായ പുസ്തകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്രമാത്തിക്കാ സംസ്കൃദാമിക (സിദ്ധരൂപം അഥവാ സംസ്കൃത വ്യാകരണം). ലത്തീന്‍ ഭാഷയില്‍ രചിച്ചിട്ടുള്ള ഇതോടൊപ്പം സംസ്കൃത ഭാഷയെ സംബന്ധിച്ച ചരിത്രപരവും വിമര്‍ശനാത്മകവുമായ ഒരു പ്രബന്ധവും ചേര്‍ത്തിരിക്കുന്നു. 1790-ല്‍ റോമിലെ പ്രൊപ്പഗാന്ത തിരുസംഘത്തിന്‍റെ അച്ചുകൂടത്തില്‍ നിന്നു പ്രസിദ്ധീകരിച്ച 188 പുറങ്ങളുള്ള ഈ ഗ്രന്ഥത്തില്‍ സംസ്കൃത ഭാഷയുടെ ഉല്‍പത്തി, പൗരാണികത്വം, മാഹാത്മ്യം, വ്യാപ്തി എന്നിവ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.

ലത്തീന്‍-മലയാളം-സംസ്കൃത നിഘണ്ടു, ഗ്രീക്കു ഭാഷയുടെ ലത്തീന്‍ ഭാഷയിലുള്ള വിവരണവും വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്ന 'ഹെല്ലനോ പീഡിയ,' സംസ്കൃത വ്യാകരണമായ 'ഗ്രമാത്തിക്ക ഗ്രന്ഥോനിക്ക കോണ്‍സ്ക്രീപ്ത,' തമിഴ്വ്യാകരണമായ 'ഗ്രമാത്തിക്കാ തമോലിക്ക,' കല്‍ദായ സുറിയാനി വ്യാകരണമായ 'ഗ്രമാത്തിക്കാ സിറിയോ കല്‍ദായിക്ക' എന്നിവ പൗളീനോസ് പാതിരിയുടെ വ്യാകരണഗ്രന്ഥങ്ങളും 'പൗരസ്ത്യ ഭാരതത്തിലെ ക്രിസ്തുമതം' എന്നറിയപ്പെടുന്ന 'ഇന്ത്യാ ഒറിയന്താലിസ് ക്രിസ്ത്യാന,' ചരിത്രപരവും വിമര്‍ശനാത്മകവുമായ 'എക്സാമിന്‍ ഹിസ്തോറിക്കോ, ക്രിത്തിക്കും കോദിക്കും ഇന്തിക്കോരും,' കത്തോലിക്കാ സഭയുടെ മലബാര്‍ മിഷനെക്കുറിച്ചുള്ള ഭൂമിശാസ്ത്രപരവും പൗരധര്‍മ്മപരവും രാഷ്ട്രീയവും മതപരവുമായ വിവരങ്ങള്‍ വിശദമാക്കുന്ന 'നൊത്തീസിയ ടൊപ്പോഗ്രാഫിക്ക ചിവിലിസ്, കൊളിത്തിക്ക ആക്ക് റെലിജിയോസ മിസയോനിസ്' എന്നിവ ചരിത്ര ഗ്രന്ഥങ്ങളും 'വീത്ത സിനോപ്സിസ് സ്റ്റെഫാനീസ് ബോര്‍ജിയെ' എന്ന ഗ്രന്ഥം റോമിലെ പ്രൊപ്പഗാന്ത തിരുസംഘത്തിന്‍റെ അധിപനായിരുന്ന കര്‍ദിനാള്‍ സ്റ്റീഫന്‍ ബോര്‍ജിയായുടെ ജീവചരിത്ര സംഗ്രഹവും, A Voyage to East Indies (1795) എന്ന ഗ്രന്ഥം യാത്രാവിവരണവും ആണ്.

അര്‍ണോസ് പാതിരിയുടെ ഇന്ത്യന്‍ കയ്യെഴുത്തു താളിയോലഗ്രന്ഥങ്ങളെക്കുറിച്ച് കര്‍മ്മലീത്താ സഭാംഗമായ അലെക്സിയൂസ് പാതിരിക്ക് പൗളീനോസ് പാതിരി എഴുതിയ കത്ത് പ്രസിദ്ധമാണ്. അര്‍ണോസ് പാതിരിയുടെ അപദാനങ്ങളെയും അദ്ദേഹത്തിന്‍റെ വിവിധ കൃതികളെയും കുറിച്ച് സുന്ദരവും പ്രൗഢവും ആയ ഭാഷയിലാണ് 'ദെമാനുസ്ക്രീപ്തിസ് കോദിച്ചിബൂസ് ഇന്‍ദിച്ചിസ് ആര്‍. പി. യൊവാന്നീസ് ഏണസ്റ്റി ഹാങ്സ്ലേഡന്‍ എന്ന തലക്കെട്ടോടു കൂടിയ കത്ത് എഴുതിയിരിക്കുന്നത്. അര്‍ണോസ് പാതിരിയെയും മത്തേവൂസ് പാതിരിയെയും സംബന്ധിച്ച അറിവുകള്‍ പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളില്‍ എത്തിക്കുന്നതും പൗളീനോസ് പാതിരി തന്നെയാണ്. 1794-ല്‍ ഫെബ്രുവരിയില്‍ റോമിലെ സലമേനിയന്‍ പ്രസ്സില്‍ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ച പൗളീനോസ് പാതിരിയുടെ 'ഇന്ത്യാ ഓറിയന്താലീസ് ക്രിസ്ത്യാന' എന്ന ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ 'പൗരസ്ത്യ ഭാരതത്തിലെ ക്രിസ്തുമതം' എന്ന പേരില്‍ ഫാദര്‍ ജോണ്‍ പള്ളത്ത് ഒ.സി.ഡി 1988-ല്‍ പരിഭാഷപ്പെടുത്തി കളമശ്ശേരിയിലെ ജ്യോതിര്‍ ഭവന്‍ പബ്ലിക്കേഷന്‍സ് വഴി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് ഇത്തരുണത്തില്‍ സ്മരിക്കപ്പെടേണ്ടതു തന്നെ. ഭാരത ക്രൈസ്തവ സഭയുടെ വികാസ പരിണാമങ്ങള്‍ നിരവധി ചരിത്ര രേഖകളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തില്‍ മത്തേവൂസ് പാതിരിയുടേയും അര്‍ണോസ് പാതിരിയുടെയും സംഭാവനകള്‍ വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി സമര്‍പ്പിക്കുന്നതിനായി 1787-ല്‍ റോമിലേക്ക് മടങ്ങിപ്പോയ അദ്ദേഹം വിദേശ മിഷനറിമാര്‍ക്ക് പരിശീലനം നല്കുന്ന സെമിനാരിയില്‍ 1790-ല്‍ നിയമിതനായി. പ്രൊപ്പഗാന്ത തിരുസംഘം നടത്തി വരുന്ന ഊര്‍ബന്‍ കോളേജില്‍ പ്രീഫെക്ടായി 1803 മാര്‍ച്ച് 24-ന് നിയമിതനായ അദ്ദേഹം നാലു മാസങ്ങള്‍ക്കു ശേഷം ആ സ്ഥാപനത്തിന്‍റെ റെക്ടറായി. 1806 ഫെബ്രുവരി 7-ാം തീയതി തന്‍റെ 58 -ാം വയസ്സില്‍ റോമിലെ സാങ്ത മരിയ ദെല്ലസ്കാല എന്നറിയപ്പെടുന്ന കര്‍മ്മലീത്താ ആശ്രമത്തില്‍ വച്ച് നിര്യാതനായ അദ്ദേഹത്തിന്‍റെ ജന്മഗൃഹത്തിന്‍റെ കവാടത്തില്‍ ആസ്ത്രിയായിലെ ഇംപീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുള്ള സ്മാരകഫലകത്തില്‍ അദ്ദേഹത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നത് 'അഖില ആസ്ത്രിയായുടെ മഹത്വവും ബഹുമാനവും' എന്നാണ്.

ഡോ. മര്‍സല്ലീനസ് പാതിരി എന്ന് ചരിത്രത്താളുകളില്‍ അറിയപ്പെടുന്ന മര്‍സെലിനോസ് ബെ റാര്‍ഡി ഒ.സി.ഡി പാതിരിയെ വരാപ്പുഴ അതിരൂപതയുടെ ബര്‍ണാര്‍ദിന്‍ മെത്രാപ്പോലീത്ത 1866 -ല്‍ പുത്തന്‍പള്ളി വലിയ സെമിനാരിയുടെ റെക്ടറായും തുടര്‍ന്ന് വരാപ്പുഴ അതിരൂപതാ വികാരിജനറല്‍ ആയും നിയമിച്ചു. 1877-ല്‍ ലിയോനാര്‍ദ് മെത്രാപ്പോലീത്തായുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി നിയമിക്കപ്പെട്ട അദ്ദേഹത്തിന് സുറിയാനി ക്രിസ്ത്യാനികളുടെ മേല്‍ സ്വതന്ത്രമായ അധികാരമുണ്ടായിരുന്നു. ജ്ഞാനദീപം, സത്യവേദചരിത്രം (1872) തുടങ്ങിയ നിവരവധി കൃതികളുടെ രചയിതാവും പണ്ഡിതനും ആയിരുന്ന ഡോ. മര്‍സല്ലീനസിനെ സുറിയാനിക്കാരുടെ പ്രത്യേക (1892-ല്‍ നിര്യാതനായി) മെത്രാനായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.

ഇന്ത്യയുടെയും വിശിഷ്യ കേരളത്തിന്‍റെയും നവോത്ഥാന പ്രക്രിയയില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള ക്രൈസ്തവ മിഷനറിമാരേയും ക്രൈസ്തവ സഭയെയും നവനവോത്ഥാനത്തെകുറിച്ചുള്ള കോലാഹലങ്ങള്‍ക്കിടയില്‍ തികച്ചും മനഃപൂര്‍വമെന്നോണം പാടെ തമസ്കരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ മലയാളികളും കേരളസഭയും ഈവിധ ചരിത്രങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.
പൗളീനോസ് പാതിരിയുടെ 213-ാം ചരമവാര്‍ഷികത്തില്‍ കേരളത്തില്‍ നവോത്ഥാന ചിന്തയ്ക്ക് ബീജവാപം നടത്തി, കേരള നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വിദേശീയരും തദ്ദേശീയരും, കത്തോലിക്കരും അകത്തോലിക്കരും ആയ മഹാമിഷനറിമാരെയും അല്‍മായരെയും നമുക്ക് ആദരപൂര്‍വ്വം സ്മരിക്കാം.

റഫറന്‍സ്
1. A History of Travancore From The Earliest Times – P. Sankunni Menon (1878).
2. The Jesuits in Malabar Vol II by D. Ferroli S.J. (1951)
3. പൗരസ്ത്യഭാരതത്തിലെ ക്രിസ്തുമതം – ഫാ. ജോണ്‍ പള്ളത്ത് ഒ.സി.ഡി. (1988)
4. കേരളസഭാചരിത്രം – ഫാ. ജോര്‍ജ്ജ് വെളിപ്പറമ്പില്‍ (2010)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org