Latest News
|^| Home -> Cover story -> പശ്ചിമോദയത്തിന്‍റെ പാറേക്കാട്ടില്‍ പതിപ്പ്

പശ്ചിമോദയത്തിന്‍റെ പാറേക്കാട്ടില്‍ പതിപ്പ്

Sathyadeepam

പോള്‍ തേലക്കാട്ട്

കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ കഥാവശേഷനായിട്ട് 31 വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹം അവശേഷിപ്പിച്ചത് ഒരു പൗരസ്ത്യസഭയുടെ പശ്ചിമോദയത്തിന്‍റെ പ്രോജ്ജ്വലകഥയാണ്. ആ നേതൃത്വത്തിന്‍റെ ബലം അദ്ദേഹം മെത്രാനായപ്പോള്‍ സ്വീകരിച്ച മുദ്രാവാക്യത്തിലുണ്ട്.”Da quod Jubes, Jube quod vis.” വി. അഗസ്റ്റിന്‍റെ ആത്മകഥയില്‍ പത്താം പുസ്തകത്തിലെ പ്രാര്‍ത്ഥനയാണത്. “നീ കല്പിക്കുന്നതു തരിക, നീ ഇച്ഛിക്കുന്നതു കല്പിക്കുക.” ഇത് ഒരു ക്രൈസ്തവന്‍റെ തികച്ചും ആന്തരികമായ നെടുവീര്‍പ്പാണ്. ഇതാകട്ടെ ദൈവത്തിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഭക്തന്‍റെ ഉത്തരവാദിത്വത്തിന്‍റെ നിലപാടത്രേ. പലവട്ടം പഴയ നിയമത്തില്‍ ആവര്‍ത്തിക്കുന്നതും ഏതു സിനഗോഗില്‍ പ്രവേശിച്ചാലും ആവര്‍ത്തിച്ചു കേള്‍ക്കുന്നതുമായ പ്രാര്‍ത്ഥന. ശ്മ ഇസ്രായേല്‍ – ഇസ്രായേലേ കേള്‍ക്കുക.

ബൈബിള്‍ ദൈവത്തെ കാണാനാവില്ല എന്ന് ഉറക്കെ പറയുന്നു, പക്ഷെ ദൈവത്തെ കേള്‍ക്കാം. അതാണ് ഒരാളുടെ ദൈവവിളി എന്ന ഉത്തരവാദിത്വം ഉണ്ടാക്കുന്നത്. അഗസ്റ്റിന്‍റെ ആത്മകഥ വളരെ സമൃദ്ധമായി വ്യക്തമാക്കുന്നതുപോലെ ദൈവത്തെ കേള്‍ക്കാന്‍ മനുഷ്യന്‍ തന്നിലേക്കുതന്നെ മടങ്ങണം. “അകത്തേയ്ക്കു മടങ്ങുക, സത്യം നിന്നില്‍ കുടികൊള്ളുന്നു” എന്ന് അഗസ്റ്റിന്‍ എഴുതി. അദ്ദേഹം വേദനയോടെ പ്രാര്‍ത്ഥിച്ചു. “നീ എന്നിലായിരുന്നു, ഞാന്‍ നിന്നിലായിരുന്നില്ല. നീ എനിക്കുള്ളിലായിരുന്നു, ഞാന്‍ പുറത്തായിപ്പോയി.”

ഇതാണ് അഗസ്റ്റിന്‍റെ സത്യകുമ്പസാരം. അതാണ് അഗസ്റ്റിന്‍റെ ദൈവാനുഭവം. അതു സത്യത്തില്‍ അടിയുറച്ച ആന്തരകികതയുടെ ജീവിതമാണ്. എനിക്കു പട്ടം തന്നതും എന്നെ ബെല്‍ജിയത്ത് പഠിക്കാന്‍ വിട്ടതുമായ പാറേക്കാട്ടില്‍ പിതാവിനെ പലവിധത്തില്‍ അടുത്തറിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹം സത്യനിഷ്ഠനായിരുന്നു, വാക്ക് പാലിക്കുന്നതില്‍ വലിയ തീക്ഷ്ണമതിയായിരുന്നു. നിങ്ങള്‍ക്ക് അദ്ദേഹം വാക്ക് തന്നാല്‍ അതു തീര്‍ച്ചയായും അദ്ദേഹം തന്‍റെ ഡയറിയില്‍ എഴുതിയിരിക്കും. അതു പാലിക്കാതിരിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല. 1983-ല്‍ നിലയ്ക്കല്‍ കുരിശു കണ്ടെടുത്തു എന്നു പറഞ്ഞ് ഉണ്ടായ വിവാദത്തില്‍ സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് സത്യസന്ധമായ നിലപാടു സ്വീകരിച്ചപ്പോള്‍ കാണിച്ച ആത്മബലവും ധീരതയുമാണ് ഒരു ഗൗരവമായ സമുദായസംഘര്‍ഷം ഒഴിവാക്കിയത്.

രാഷ്ട്രീയനേതാക്കള്‍ പാറേക്കാട്ടില്‍ പിതാവിനെ സന്ദര്‍ശിച്ചതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കാണ്; സമുദായ വിലപേശലുകള്‍ക്കല്ല. അവിടെയൊക്കെ നിലപാടുകള്‍ എടുത്തതു മനഃസാക്ഷിയെ ശ്രദ്ധിച്ചുകൊണ്ടാണ്. എന്നില്‍ മൃദുവായി സ്പന്ദിക്കുന്ന എന്‍റേതല്ലാത്ത ശബ്ദം ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മാത്രം കിട്ടുന്ന വരമാണത്. ആശ്രദ്ധയാണ് ചരിത്രത്തില്‍ ഇടപെടാന്‍ അദ്ദേഹത്തെ ശക്തനാക്കിയത്. ചരിത്രം നമ്മെ ഇടിച്ചുവീഴ്ത്തും, നമ്മളാണു ചരിത്രം എന്ന നല്ല വെളിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സാദ്ധ്യതകളുടെ ഭാരം അറിഞ്ഞവനായിരുന്നു; നിരാമയമായ പ്രലോഭനമാണ് ജീവിതമെന്നും.

ഈ ഭാരവും പ്രലോഭനവും നല്കുന്നതു സര്‍ഗാത്മകമായ ഉത്തരവാദിത്വമായി അദ്ദേഹം മനസ്സിലാക്കി തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിയതു രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെയാണ്. സത്യദീപത്തിന്‍റെ പത്രാധിപരായിരുന്ന ജോസഫ് പാറേക്കാട്ടില്‍ തന്നെത്തന്നെയും കത്തോലിക്കാസഭയെയും പുതുതായി കണ്ടെത്തിയത് 2700-നും 2100-നും ഇടയില്‍ മെത്രാന്മാര്‍ പങ്കെടുത്തതും മൂന്നു വര്‍ഷം നീണ്ടതുമായ സാര്‍വത്രികസഭയുടെ ആഗോളസമ്മേളനത്തിലൂടെയാണ്. പൊതുവില്‍ പരമ്പരാഗത മെത്രാനായിരുന്ന ജോസഫ് പാറേക്കാട്ടില്‍ പിതാവിനെ അപനിര്‍മ്മിച്ചതു കൗണ്‍സില്‍ തന്നെയാണ്. അതോടൊപ്പം പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായുണ്ടായിരുന്ന നല്ല ബന്ധവും കര്‍ദിനാള്‍ സ്ഥാനവും അദ്ദേഹത്തിനു പുതിയ സാദ്ധ്യതകളും സന്ദര്‍ഭങ്ങളും പുതിയ ഉള്‍ക്കാഴ്ചകളും ദര്‍ശനവ്യക്തതയും നല്കി. ഒരു പുതിയ പെന്തക്കുസ്തായുടെ ലഹരി ജീവിതത്തിലേക്കു കടന്നുവന്നതു പുതിയ കണ്ടെത്തലിലാണ്. പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന്‍റെ ശക്തിയായി ഒരു ലേഖകന്‍ കാണുന്നതാണു പാറേക്കാട്ടില്‍ പിതാവും തിരിച്ചറിഞ്ഞത്. “ചരിത്രപശ്ചാത്തലത്തിന്‍റെ പ്രസക്തി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു കാര്യം ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു – അതു ദൈവശാസ്ത്ര ആശയങ്ങളുടെ പ്രാധാന്യമാണ്. ദൈവശാസ്ത്രമാണു ചരിത്രസംഭവങ്ങളുടെ പിന്നിലെ ചാലകശക്തി… മറിച്ചു ചിന്തിക്കുന്നതു കാലഹരണപ്പെട്ട വിചാരമാണ്.” പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന്‍റെ മേലങ്കി മാത്രമായിരുന്നില്ല, ദൈവശാസ്ത്രം. മറിച്ചൊരു കഥയായിരുന്നില്ല രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെയും. പ്രാതിഭാസികചിന്ത അസ്തിത്വദര്‍ശനം എന്നിവയുടെ പിന്‍ബലത്തില്‍ രൂപംകൊണ്ട ദൈവശാസ്ത്രചിന്തകളും തികച്ചും നവീനമായ ശാസ്ത്രരീതികളിലൂടെ ഉരുത്തിരിഞ്ഞ വേദപുസ്തക പഠനങ്ങളും സഭാപിതാക്കന്മാരെക്കുറിച്ചുണ്ടായ പുതിയ ഉള്‍ക്കാഴ്ചകളുമുണ്ടാക്കിയ വിസ്ഫോടനവുമാണു കൗണ്‍സിലിന്‍റെ ചിന്താപദ്ധതിയുടെ മാറ്റത്വരകം. അതു നല്കിയതു പുതിയ വിധത്തിലുള്ള സഭാജീവിതവും നടപടികളും കത്തോലിക്കാസഭയെ ആപാദചൂഡം ഗ്രസിക്കുന്നതായിരുന്നു. പ്രാവാചികവീക്ഷണങ്ങള്‍ ഭാവിയുടെ പുതിയ വസന്തത്തിന്‍റെ ചക്രവാളങ്ങള്‍ വിരിയിക്കുന്നതായിരുന്നു. ലോകവും ജീവിതവും പുതിയതായി സങ്കല്പിക്കുന്ന പ്രാവാചികസമ്മേളനമായിരുന്നു അന്നു നടന്നത്. സര്‍ഗാത്മകതയുടെ കുഴച്ചിലില്ലാതെ പുതിയ യുഗങ്ങള്‍ പിറക്കില്ല.

വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പുള്ള കേരളസഭ ക്രൈസ്തവജീവിതത്തിന്‍റെ സാദ്ധ്യതകളുടെ സമ്മര്‍ദ്ദമോ ഭാരമോ അനുഭവിച്ചതല്ലായിരുന്നു. മറിച്ചു ക്ഷീണിപ്പിക്കുന്ന തഴക്കങ്ങളുടെ, ആവര്‍ത്തനത്തിന്‍റെ തളര്‍ന്ന സഭയായിരുന്നു. ഇടവകജീവിതം അതിനുമാത്രം സാമ്പ്രദായികവും അതിലേറെ അനുഷ്ഠാനബന്ധിയുമായിരുന്നു. വിശ്വാസം മച്ചിന്‍പുറത്തു സുരക്ഷിതമായി സൂക്ഷിച്ച സഭ; മനസ്സിലാക്കാന്‍ മടിച്ച വിശ്വാസതഴക്കങ്ങളില്‍ തഴമ്പു പിടിച്ച സഭ. അര്‍ത്ഥം അറിയാതെ ജനങ്ങള്‍ക്കായി സുറിയാനി-ലത്തീന്‍ കുര്‍ബാനകള്‍ ചിട്ടപ്പടി അനുഷ്ഠിച്ച ശാന്തിക്കാരായി വൈദികര്‍ മാറി. ദൈവശാസ്ത്രപരമായ ചിന്തകളോ സങ്കല്പങ്ങളോ മാറി ചിന്തിക്കാനുള്ള സ്വാതന്ത്ര്യമോ ഇല്ലാത്ത സഭ. ചിന്ത പാരമ്പര്യമാകാതെ വന്ധ്യതയില്‍ സഭ തളര്‍ന്നുകിടന്നു. ചന്ദ്രനിലേക്ക് ആരും സംഘം ചേര്‍ന്ന് ഉല്ലാസയാത്ര നടത്താറില്ലല്ലോ. വ്യക്തികള്‍ അവരുടെ ആത്മാവുകളെയും സാമാന്യബുദ്ധിയെയും സങ്കല്പത്തെയും അപകടപ്പെടുത്തുന്ന സാഹസികതയില്‍ ദൈവത്തിന്‍റെ മണ്ഡലത്തിലേക്കു തലയിട്ട് നമ്മെ അമ്പരപ്പിക്കുന്നു. തോമസ് അക്വിനാസിന്‍റെ ദൈവശാസ്ത്രചിന്തകളാണു യൂറോപ്പിനെ ലോകത്തിന്‍റെ ആധിപത്യസ്ഥാനത്തേയ്ക്ക് എത്തിക്കുന്ന സാഹസികചിന്തകള്‍ക്കു തീപിടിപ്പിച്ചത്. ഈ ദൈവശാസ്ത്രചിന്തകളുടെ ഉറവിടത്തില്‍ നിന്നു യൂറോപ്പ് ആധുനികശാസ്ത്രങ്ങളുടെ സെമിനാരിയായി വളര്‍ന്നു യൂറോപ്യന്‍ നാഗരികത സൃഷ്ടിച്ചതു. ആഥന്‍സിനു ജെറുസലേമുമായി എന്തു ബന്ധം എന്ന തെര്‍ത്തുല്യന്‍റെ ചോദ്യമാണ് എല്ലാറ്റിന്‍റെയും ആരംഭം. ബൈബിളിന്‍റെ പ്രവാചികവീക്ഷണങ്ങളും ഗ്രീക്കു കാവ്യദാര്‍ശനിക പാരമ്പര്യവും സര്‍ഗാത്മകമായ സ്കൊളാസ്റ്റിക് ചിന്തികരില്‍ സമ്മേളിച്ചു. വിരുദ്ധമായി തോന്നിയ രണ്ടിന്‍റെ സന്ധിസമാസങ്ങള്‍ ഉണ്ടാക്കിയതു പുതിയ നവോത്ഥാനമാണ്.

ഗുണ്ടര്‍ട്ട് സായ്പിനെപ്പോലുള്ളവര്‍ കേരളത്തില്‍ വന്നപ്പോഴും അതുപോലുള്ള മാറ്റങ്ങളുണ്ടായി. അദ്ദേഹം തലശ്ശേരിയില്‍ നിന്നു പുറത്തിറക്കിയ ‘രാജ്യസമാചാരം’ വാര്‍ത്താപത്രികയായിരുന്നു. എന്നാല്‍ 1847 ഒക്ടോബറില്‍ ആരംഭിച്ച “പശ്ചിമോദയം” എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിന്‍റെ പേരിലെ വൈരുദ്ധ്യം ആരു ശ്രദ്ധിച്ചു? ഉദയം പാശ്ചാത്യത്തിലാക്കിയതു നാം ശ്രദ്ധിച്ചോ? ചാവറയച്ചന്‍ ഇതുതന്നെയല്ലേ ഈ സഭയില്‍ ഉണ്ടാക്കിയത്? പ്രിന്‍റിംഗ് പ്രസ്സാണു പ്രൊട്ടസ്റ്റന്‍റിസം ഉണ്ടാക്കിയത് എന്നു ചരിത്രകാരന്മാര്‍ സമ്മതിക്കുന്നു. “സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു; എന്‍ സ്വദേശം കാണ്മതിനായി ഞാന്‍ തനിയെ പോകുന്നു” എന്ന ലളിത മനോഹരകാവ്യം നാഗല്‍ സായിപ്പ് എഴുതിയതാണ് എന്ന് ആരു വിശ്വസിക്കും?

ബൈബിള്‍ കണ്ടെത്തിയതു പ്രൊട്ടസ്റ്റന്‍റ് വിപ്ലവമാണ്. അതു കത്തോലിക്കാസഭ സ്വീകരിച്ചതു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലുമാണ്. കേരളത്തില്‍ ഉദയം പടിഞ്ഞാറുനിന്നായിരുന്നു എന്നത് ഇവിടത്തെ നവോത്ഥാനചരിത്രം പരിശോധിച്ചാല്‍ മതി. ലെയോ പത്താമന്‍ മാര്‍പാപ്പയുടെ കാലത്തെ പ്രസാദവരവാണിഭവും വൈദികരുടെ ഇടയിലെ വിശുദ്ധ വ്യാപാരങ്ങളും വിമര്‍ശനം മുടക്കി നിശ്ശബ്ദമാക്കിയ സഭ വിളിച്ചുവരുത്തിയ വിധിയായിരുന്നില്ലേ? റോമിലെ പൗരസ്ത്യ കാര്യാലയാദ്ധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ യൂജിന്‍ ടിസറാന്‍റിനെ പാറേക്കാട്ടില്‍പിതാവു സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ആത്മകഥയില്‍ പിതാവ് ഉദ്ധരിക്കുന്നു. “നിങ്ങളുടെ സഭ മുന്നോട്ടു നോക്കുന്നു, മറ്റു പൗരസ്ത്യ സഭകള്‍ പിന്നോട്ടു നോക്കുന്നു.” പക്ഷേ, പാറേക്കാട്ടില്‍ പിതാവ് ഈ സഭയില്‍ അനുഭവിച്ച ഞെരുക്കങ്ങളും ദുഃഖങ്ങളും എന്തിന്‍റെ പേരിലായിരുന്നു? മുന്നോട്ടു പോകാന്‍ വിസമ്മതിക്കുന്ന ആ ഖര്‍ വാപ്പസി, സഭയില്‍ നിന്നാണോ രാജ്യസംസ്കാരത്തിലേക്ക് അതു പ്രവേശിച്ചത് എന്ന് വല്ലവരും സംശയിക്കുമോ? പടിഞ്ഞാറുനിന്ന് ആശയങ്ങള്‍ സ്വാംശീകരിക്കുമ്പോഴും പാശ്ചാത്യവത്കരണത്തിന്‍റെ വക്താവായിരുന്നില്ല പാറേക്കാട്ടില്‍. സീറോ മലബാര്‍ റീത്ത് “സ്വീകാര്യമാകണമെങ്കില്‍, അതിന്‍റെ വൈദേശിക ഛായ ആവുന്നത്ര നിഷ്കാസനം ചെയ്തു ഭാരതീയഛായ നല്കുക അത്യന്താപേക്ഷിതമാണെന്ന എന്‍റെ ഖണ്ഡിതമായ അഭിപ്രായം ആവര്‍ത്തിച്ചുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” അദ്ദേഹം എഴുതി. ദൈവത്തിനു മുഖമില്ല, പൗരസ്ത്യമുഖങ്ങളും ദൈവത്തിന്‍റെയാകും. ഒരു മുഖത്തിലും അവനെ ഒതുക്കാനും ആവില്ല. ഞാനാകുന്ന കല്‍ക്കരിയില്‍ അവന്‍ ജ്വലിക്കും; അവനെ വായിക്കുന്ന അക്ഷരം ഞാനാകും. അതു പൗരസ്ത്യ വേദമാകില്ലേ?

അനുഷ്ഠാനരംഗത്താണു പാറേക്കാട്ടില്‍പിതാവ് സര്‍ഗാത്മകമായി പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ കാഴ്ചവച്ചത്. ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിലാണു നാട്യവേദത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്. വേദത്തെ നാട്യമാക്കുന്ന അനുഷ്ഠാനങ്ങള്‍ അഴിച്ചുപണിത് അര്‍ത്ഥപൂര്‍ണവും സമ്പന്നവുമാക്കാനുള്ള ശ്രമങ്ങള്‍ നിരസിക്കപ്പെടുകയാണു പലപ്പോഴും ഉണ്ടായത്. അപ്പോഴൊക്കെ പാശ്ചാത്യവിരോധത്തിന്‍റെ മറവില്‍ പഴയ സൂര്യാധിപത്യത്തിന്‍റെ പാശ്ചാത്യ കൊളോണിയല്‍ യുഗങ്ങളിലേക്കു മടങ്ങുന്ന നിലപാടുകളാണു പ്രകടമായത്. സൂര്യാരാധന ഉപേക്ഷിക്കാന്‍ സന്നദ്ധമല്ലാത്ത കോണ്‍സ്റ്റന്‍റയിന്‍റെ സഭയിലേക്കുള്ള തിരിച്ചുപോക്ക് കിഴക്കോട്ട് തിരിയണമെന്ന നിര്‍ബന്ധത്തില്‍ സാമ്രാജ്യസ്ഥാപനത്തിന്‍റെ ആവേശം ഒളിഞ്ഞിരിക്കുന്നില്ലേ? “പാത്രിയാര്‍ക്കിസോ കാതോലിക്കോസോ ഇല്ലാത്ത സീറോ-മലബാര്‍ സഭ തത്ത്വത്തില്‍ പൗരസ്ത്യമെങ്കിലും ഭരണക്രമത്തില്‍ പാശ്ചാത്യംതന്നെയാണ്” എന്നു കാര്‍ഡിനല്‍ പാറേക്കാട്ടില്‍ എഴുതി. താത്പര്യം പാത്രിയാര്‍ക്കിസിനോ കത്തോലിക്കാസ്ഥാനത്തിലോ മാത്രമാണോ? അധികാരഭ്രമത്തിന്‍റെ പാശ്ചാത്യഭാവം അഴിച്ചുപണിയാന്‍ താത്പര്യമുണ്ടോ? ഏകസ്വരാധിപത്യത്തോടു വിടപറയാന്‍ നാം ഇപ്പോഴും തയ്യാറാണോ? ഏകസ്വരാധിപത്യത്തിന്‍റെ ഇതിഹാസകാലം അസ്തമിച്ചു എന്ന് ബാക്ത്തിനും ലുക്കാക്സും സമര്‍ത്ഥിക്കുമ്പോള്‍ ബഹുസ്വരത പ്രായോഗികജീവിതവ്യാകരണത്തിന്‍റെ ഭാഗമാക്കാത്ത പ്രതിസന്ധികള്‍ അനുദിനവാര്‍ത്തകളാകുന്നു.

വിദേശപഠനം അവസാനിപ്പിച്ചു നാട്ടില്‍ തിരിച്ചെത്തി സത്യദീപത്തിന്‍റെ പത്രാധിപത്യം ഏറ്റെടുക്കുന്നതിനുമുമ്പു പാറേക്കാട്ടില്‍ പിതാവിനെ കണ്ടപ്പോള്‍ അദ്ദേഹം എനിക്കു തന്ന സമ്മാനം ഒരു കത്തായിരുന്നു. ആ കത്ത് എന്‍റെ തലച്ചോറില്‍ പൊട്ടിത്തെറികള്‍ ഉളവാക്കി. റോമാ കല്പിച്ചു, പ്രശ്നം അവസാനിച്ചു എന്ന പാരമ്പര്യത്തില്‍ പൗരസ്ത്യ കാര്യാലയ സെക്രട്ടറി ആര്‍ച്ച്ബിഷപ് മറുസിന്‍ അയച്ച കത്തിനു കാര്‍ഡിനല്‍ എഴുതിയ മറുപടിയായിരുന്നു ആ കത്ത്. ആര്‍ച്ച്ബിഷപ്പിന്‍റെ കത്തിലെ യുക്തിയും ദൈവശാസ്ത്രവും ചോദ്യം ചെയ്തുകൊണ്ടു പക്വവും ആദരപൂര്‍വകവും പക്ഷേ നിര്‍വിശങ്കവുമായ വിമര്‍ശനത്തിന്‍റെ കത്ത്. പാരമ്പര്യഭക്തിയുടെ അപകടങ്ങള്‍ വ്യക്തമാക്കിയ കത്ത്. അധികാരത്തിന്‍റെ അടിസ്ഥാനം സത്യത്തിന്‍റെയും ദൈവികതയുടെയും കര്‍ത്തൃബോധമാകാതെ താന്‍ പോരിമയാല്‍ അത് ആധിപത്യജ്വരം തന്നെയാണെന്നു പറയുന്ന മനസ്സ്. എങ്ങനെയും ജീവിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ മരിക്കുന്നില്ല, ചാവുന്നു. മര്‍ത്യന്‍ മഹാനാകുന്നതു മഹോന്നതമായ നിലപാടുകള്‍ക്കുവേണ്ടി മരിക്കുമ്പോഴാണ്. പാറേക്കാട്ടില്‍ പിതാവു തന്‍റെ നിലപാടുകള്‍ക്കുവേണ്ടി സഹിച്ചവനും കഷ്ടനഷ്ടങ്ങള്‍ ഉണ്ടായവനുമാണ്. കാലത്തിന്‍റെ വേലിയേറ്റയിറക്കങ്ങള്‍ക്കനുസരി ച്ചു മാറുന്ന കുപ്പായമല്ല ദൈവശാസ്ത്ര സമീപനങ്ങള്‍.

ദീര്‍ഘകാലമായി ആത്മവിമര്‍ശനം മുടക്കപ്പെട്ടതും ആത്മീയത വറ്റിവരണ്ടതുമായ സാമ്പത്തിക കുത്തകകളുടെയും അധികാരാധിപത്യത്തിന്‍റെയും ഫലമാണു പ്രൊട്ടസ്റ്റന്‍റ് വിപ്ലവം. മറിച്ച് അതിഭൗതികാസ്തിത്വത്തിന്‍റെ മുമ്പില്‍ വിശ്വാസത്തോടെ നില്ക്കുമ്പോഴത്തെ അളവിന്‍റെ ആഴത്തില്‍നിന്നു ജീവിക്കുമ്പോഴാണു ദൈവഭാഷണത്തിന്‍റെ നേതാക്കളുണ്ടാകുന്നത്. ഇത്തരക്കാരുടെ അഭാവം ഒരു സഭയെ ഇടത്തരം അലസതയിലേക്കു മയങ്ങിവീഴാന്‍ ഇടയാക്കും. അതു നമ്മെ ബാധിക്കുന്നുണ്ടോ എന്നു ചിന്തിക്കണം. ചിന്തയുടെയും സങ്കല്പത്തിന്‍റെയും ആവേശം തണുക്കുക – നിര്‍വികാരനായ കാമുകനെപ്പോലെ. ചിന്തിക്കാനാവാത്തതിനെ ചിന്തിക്കുന്ന വൈരുദ്ധ്യത്തിന്‍റെ ആവേശം നമുക്കുണ്ടാകണം. നമ്മുടേത് ആത്മീയതയോ അതോ ആത്മീയതയുടെ ആസക്തിയോ? നമ്മുടെ ആത്മീയതയില്‍നിന്നു ലോകവും ലോകത്തോടുള്ള ഉത്തരവാദിത്വവും ഒളിച്ചോടുന്നു; നമുക്കു വേണ്ടതു ദൈവശാസ്ത്രാധിഷ്ഠിതമായ ലൗകികതയാണ്.

വിശ്വസിക്കുന്നില്ലെങ്കില്‍ മനസ്സിലാക്കില്ല. അതു ദൈവത്തെക്കുറിച്ചു മാത്രമുള്ള പ്രസ്താവമല്ല. ജീവിതത്തിലുടനീളം ഇതു പ്രമാണമാണ്. ദൈവാനുഭവം പാല് കുടിക്കുന്നതുപോലെയോ മധുരം നുണയുന്നതുപോലെയോ ഒരു അനുഭവമല്ല. നീതി ചെയ്തതിന്‍റെ പേരില്‍ സഹിക്കുമ്പോള്‍ അതില്‍ ദൈവാനുഭവം ഉണ്ടാകുന്നുണ്ടോ? വെറുക്കുന്നവനോടു സംഭാഷിക്കുന്നിടത്തു ദൈവത്തെ കാണാറുണ്ടോ? കടമകളുടെ വിശ്വസ്തനിര്‍വഹണത്തില്‍ ദൈവസാന്നിദ്ധ്യം അനുഭവപ്പെടാറുണ്ടോ? കര്‍ദിനാളിന്‍റെ ഉയര്‍ന്ന താരശോഭയുണ്ടായിരുന്നപ്പോഴും ആധിപത്യത്തില്‍ ആരെയും കൊച്ചാക്കാത്ത ദൈവസാന്നിദ്ധ്യബോധം ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന പിതാമഹന്മാരുടെ പാരമ്പര്യമാണ് ഇവിടെ ഉണ്ടാക്കപ്പെട്ടത്. അധികാരകാമത്തില്‍ ആത്മാവിനെ വിറ്റ് ഐശ്വര്യം സമ്പാദിക്കാമെന്നു കരുതു ന്ന ഡോ. ഫൗസ്റ്റിനെപ്പോലെ ഒരു കൂട്ടുകെട്ടിനും വഴിപ്പെടാത്ത മഹത്തായ പൈതൃകമാണു പാറേക്കാട്ടില്‍പിതാവിനെപ്പോലുള്ള പിതാമഹന്മാര്‍ ഇവിടെ ഉണ്ടാക്കിയത്. തന്‍റെ ആത്മകഥ അവസാനിപ്പിച്ചുകൊണ്ടു പാറേക്കാട്ടില്‍ പിതാവ് ഉദ്ധരിക്കുന്നത് ഒരു കവിതയുടെ ഭാഷാന്തരത്തോടെയാണ് “തെളിയാത്ത ദിനങ്ങള്‍ക്കും ഫലശൂന്യമായ വര്‍ഷങ്ങള്‍ക്കും തകര്‍ന്ന സ്വപ്നങ്ങള്‍ക്കും ദുഃഖബാഷ്പങ്ങള്‍ക്കും കര്‍ത്താവേ അങ്ങയോടു ഞാന്‍ നന്ദി പറയുന്നു. കാരണം, ഇപ്പോള്‍ എനിക്കറിയാം, എന്നെ വളരാന്‍ സഹായിച്ചവ അവയാണെന്ന്.” ആ തൂലിക പിന്‍വലിയുന്നത് “കുരിശില്‍ ആത്മബലി പൂര്‍ത്തിയാക്കിയ ക്രിസ്തുവിന്‍റെ രൂപം ദര്‍ശിച്ചുകൊണ്ടാണ്.” തൂലിക പിന്‍വലിഞ്ഞു; മരണത്തില്‍ ഞാന്‍ അവിശ്വസിക്കുന്നു. ആയുസ്സിന്‍റെ ഓരോ വിനാഴികയും ഞാന്‍ മരിക്കുകയായിരുന്നോ? അത് എന്‍റെ ആയിത്തീരല്‍; പുസ്തകം പൂര്‍ത്തിയായി എഴുത്തുകാരന്‍ മടങ്ങി, വായനക്കാരന്‍ ജനിച്ചു.

Comments

2 thoughts on “പശ്ചിമോദയത്തിന്‍റെ പാറേക്കാട്ടില്‍ പതിപ്പ്”

 1. Jomon says:

  ലത്തീൻ തൊഴുത്തിൽ മലബാറിലെ സുറിയാനി സഭയെ കെട്ടിയതിനെ വെള്ളപൂശാനുള്ള സാഹിത്യ വിസ്ഫോടനം … അത്രയേ ഉള്ളു …

 2. Jomon says:

  കർദിനാൾ പാറേക്കാട്ടിലും വൈദിക കലാപവും

  വിമത വൈദികർ കലാപക്കൊടിയുയർത്തിയുള്ള പ്രതിഷേധ റാലി ആരംഭിച്ചത് കർദിനാൾ പാറേക്കാട്ടിലിന്റെ കബറിടം സന്ദർശിച്ചു പ്രാർത്ഥിച്ചിട്ടായിരുന്നു എന്ന വാർത്ത വായിച്ചപ്പോൾ ആണ് കർദിനാൾ പാറേക്കാട്ടിലിന് ഇപ്പോൾ എറണാകുളത്തു നടക്കുന്ന ഭൂമി വിവാദവുമായുള്ള ബന്ധമെന്തെന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. വിമത മുന്‍ഗാമികളുടെ ചരിത്രം വായിച്ചപ്പോൾ മനസ്സിലായി അവര്‍ ആരംഭിച്ച എല്ലാ കലാപങ്ങളും കർദിനാൾ പാറേക്കാട്ടിലിന്റെ കബറിടത്തിൽനിന്നു തന്നെയാണ്. മാത്രമല്ല, വർഷാവർഷം അതീവ പ്രാധാന്യത്തോടെ അദ്ദേഹത്തിന്റെ അനുസ്മരണം എറണാകുളത്തു വിവിധ പരിപാടികളോടെ നടത്താറുണ്ട്.

  എറണാകുളത്തെ ആദ്യത്തെ മെത്രാൻ മാർ അലോഷ്യസ് പഴേപറമ്പിൽ ആണ്. അതിനുശേഷം മാർ അഗസ്റ്റിൻ കണ്ടതിൽ എറണാകുളം രൂപതയെ നയിച്ചു. അതിനുശേഷമാണ് കർദിനാൾ പാറേക്കാട്ടിൽ എറണാകുളം അതിരൂപതാധ്യക്ഷനാകുന്നത്. അദ്ദേഹത്തിനുശേഷം മാർ ആന്റണി പടിയറ, മാർ വർക്കി വിതയത്തിൽ എന്നീ പിതാക്കന്മാർ ഈ അതിരൂപതയെ നയിച്ചു. ഇതുകൂടാതെ അപ്പസ്തോലിക ഡെലിഗേറ്റ് ആയി മാർ എബ്രഹാം കാട്ടുമനയും വിവിധസഹായമെത്രാന്മാരും ഉണ്ടായിട്ടുണ്ട്. ഇവരിൽ മറ്റാർക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് കർദിനാൾ പാറേക്കാട്ടിലുലിനുള്ളത് എന്നുള്ളത് പഠിച്ചാലേ കലാപശ്രമങ്ങൾക്കെല്ലാം എറണാകുളം വിമത വൈദികർ അദ്ദേഹത്തെ കൂട്ടുപിടിക്കുന്നതെന്തിന് എന്ന് മനസ്സിലാവുകയുള്ളൂ.

  ആരായിരുന്നു കർദിനാൾ പാറേക്കാട്ടിൽ?

  കത്തോലിക്കാ സഭയിലെ പ്രതിഭാശാലികളായ പിതാക്കന്മാരുടെ കൂട്ടത്തിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു കർദിനാൾ പാറേക്കാട്ടിൽ. രണ്ടാം വത്തിക്കാൻ സൂനഹദോസിലും പൗരസ്ത്യ സഭകളുടെ കാനോൻ നിയമ സംഹിതയുടെ ക്രോഡീകരണം ഉൾപ്പെടെ സർവതിക സഭയുടെ നിരവിധിപ്രവര്‍ത്തനങ്ങളിലും ഉദാത്തമായ സംഭാവന നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷെ തന്റെ രൂപതാഭരണത്തിന്റെ അവസാനകാലനങ്ങളിൽ ചില നിലപാടുകളുടെ പേരിൽ പരിശുദ്ധ സിംഹാസനത്തിന്റെ അതൃപ്തി പിടിച്ചു പറ്റി.കാനോനിക വിരമിക്കല്‍ പ്രായത്തിനു മുൻപേ 1984-ൽ തന്റെ 71-ആം വയസ്സിൽ അദ്ദേഹത്തിന് രാജി വെക്കേണ്ടിവന്നത് ഈ അഭിപ്രായ വ്യതാസങ്ങളുടെ തുടർച്ചയായി റോം ചെലുത്തിയ നിര്ബന്ധപ്രകാരമായിരുന്നെന്നത് പരസ്യമായ രഹസ്യമാണ്.

  പ്രതിഭാശാലിയായ ഈ കർദിനാളെങ്ങനെ പരിശുദ്ധ സിംഹാസനത്തിന്‌ അപ്രിയനായി?
  ആരാധനാക്രമത്തിലെ ഭാരത വത്കരണത്തിന്റെ ശക്തനായ വക്താവായിരുന്നു കർദിനാൾ പാറേക്കാട്ടിൽ. ഇന്ത്യയിൽ ലത്തീൻ, സിറോ മലബാർ, സിറോ മലങ്കര എന്നീ റീത്തുകൾക്കു സാങ്കത്ത്യമില്ലെന്നും ഭാരതീയ ആരാധനക്കും ഭാരതീയ ശൈലികൾക്കും മാത്രമേ പ്രാധാന്യമുള്ളൂ എന്നും പറഞ്ഞു പഠിപ്പിച്ച അബദ്ധസിദ്ധാന്ത സംഘമായ ഏകറീത്തു വാദവുമായുള്ള അടുപ്പവും അദ്ദേഹത്തിന് വിനയായി. സിറോ മലബാർ സഭയെ ഇന്നത്തെ വിധത്തിലുള്ള ആരാധനാ വൈകൃതങ്ങളിലേക്കും അച്ചടക്കരാഹിത്യത്തിലേക്കും നയിച്ചതിൽ കർദിനാൾ പാറേക്കാട്ടിലിന്റെ ഈ നിലപാടുകൾക്ക് വലിയ പങ്കുണ്ടെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
  മിനി കുർബാന, ഭാരതീയ പൂജ തുടങ്ങിയ ആരാധനാ വൈകൃതങ്ങളുമായി മുന്നേറിയ കർദിനാൾ പാറേക്കാട്ടിൽ സഭയിൽ സൃഷ്ടിച്ച അനൈക്യവും പ്രതിസന്ധിയും ചെറുതായിരുന്നില്ല. രണ്ടാം വത്തിക്കാൻ സൂനഹദോസ് വരെ സുറിയാനിയിൽ വിശ്വസ്തതാപൂർവം കുർബാന അർപ്പിച്ചുകൊണ്ടിരുന്ന അതിരൂപതയിൽ എന്ത് പരിഷ്‌കരവും എങ്ങിനെയും പരീക്ഷിക്കാവുന്ന ഒരു ഫ്രീക്കൻ കലാരൂപമായി കുർബാനയെ മാറ്റിയതിൽ പാറേക്കാട്ടിൽ വഹിച്ച പങ്കു നിസ്തുലമാണ്. ഈ പരിഷ്‌കാരങ്ങൾ പുരോഗമിച്ച് കർത്താവിന്റെ പീഡാസഹനങ്ങളെ അനുസ്മരിച്ച് ഉപവാസത്തിലൂടെയും പ്രാർത്ഥനയുടെയും സഭ കടന്നുപോകുന്ന വലിയ ആഴ്ചയിൽ കുരിശിന്റെ വഴി മത്സരം എന്ന ഉത്തരാധുനിക മത്സര ഇനം നടത്താൻമാത്രം അധഃപതിച്ചു ഈ അതിരൂപത.
  കർദിനാൾ പാറേക്കാട്ടിൽ വിഭാവനം ചെയ്ത ഭാരതവത്കരണത്തിനു സിറോ മലബാർ സഭയുടെ പ്രഭവസ്ഥാനമായ കേരളക്കരയുമായോ ദ്രാവിഡ ഭാഷയായ മലയാളവുമായോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഉത്തരേന്ത്യൻ ബ്രഹ്മിണിക് ഹിന്ദു ആചാരങ്ങളുടെ ഒരു പകർപ്പ് കേരളത്തിൽ സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ രക്ഷകർതൃത്വത്തിൽ ശ്രമം നടന്നത്. അവർ ഇന്ത്യൻ സംസ്കാരമെന്നും ആധ്യാത്മികതയെന്നുമൊക്കെ പറഞ്ഞു അവതരിപ്പിച്ച ആചാരങ്ങൾക്ക് ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതമോ സംസ്കാരമോ ആയി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ബ്രഹ്മിണിക് ഹിന്ദു സംസ്കാരം കേരളത്തിലെത്തുന്നതിനു ഏഴെട്ടു നൂറ്റാണ്ടു മുൻപിൽ ഇവിടുത്തെ മണ്ണിൽ ഉദയം ചെയ്ത ക്രൈസ്തവധർമത്തെ ഉത്തരേന്ത്യൻ ബ്രഹ്മണിക് ആചാരങ്ങളുടെ പേരിൽ വികലമാക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ അരങ്ങേറിയത്. പാറേക്കാട്ടിലിന്റെ ഈ വർഷത്തെ അനുസ്മരണങ്ങളോടനുബന്ധിച്ച് പാറേക്കാട്ടിലിസത്തിന്റെ ഇപ്പോഴത്തെ പ്രധാനവക്താവ് പോൾ തേലക്കാട്ട് സത്യദീപത്തിൽ എഴുതിയ “പശ്ചിമോദയത്തിന്‍റെ പാറേക്കാട്ടില്‍ പതിപ്പ്” എന്ന ലേഖനം തന്നെ ഈ കേരളസംസ്കാരത്തോടു ഒട്ടും മമതയില്ലാത്ത സാംസ്കാരികാനുരൂപണത്തിനു ഉത്തമ ഉദാഹരണമാണ്. ആ ലേഖനം വായിക്കണമെങ്കിൽ മലയാളം നിഘണ്ടു പോരാ സംസ്കൃത നിഘണ്ടു തന്നെ വേണം എന്ന അവസ്ഥയാണ്.
  പാറേക്കാട്ടിലിന്റെ ഇത്തരം സഭാ നശീകരണ പ്രവർത്തനങ്ങളിൽ സഭയിലെ മറ്റു മെത്രാന്മാർക്ക് കഠിനമായ മനോവേദന ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന കർദിനാൾ ഇക്കാര്യങ്ങൾ മെത്രാൻ സമിതിയിൽ ചർച്ച ചെയ്യാനോ കൂട്ടായ തീരുമാനം കൈക്കൊള്ളാനോ തയ്യാറായിരുന്നില്ല. അദ്ദേഹം കാണിച്ചുകൂട്ടുന്നത് ആരാധനാപഭ്രംശങ്ങൾ സഭയുടെ നാശത്തിനേ ഉപകരിക്കൂ എന്ന് അദ്ദേഹത്തോട് പറയാൻ പോലുംമറ്റു മെത്രാന്മാർക്ക് ഭയമായിരുന്നു. അദ്ദേഹത്തോട് ഈ കാര്യം സംസാരിക്കുന്ന അത്യന്തം സാഹസികമായ ഈ ദൗത്യം ഒരിക്കൽ അദ്ദേഹത്തേക്കാൾ സീനിയർ ആയ ഒരു മെത്രാൻ ഏറ്റെടുത്തു. തൻ അദ്ദേഹത്തേക്കാളും സീനിയർ ആണെന്നും അതുകൊണ്ടു അദ്ദേഹം തന്നോട് സൗമ്യമായി പെരുമാറുമെന്നും ആയിരുന്നു മെത്രാന്‍റെ യുക്തി. എന്നാൽ അന്ന് ആ പാവം മെത്രാൻ കേൾക്കാത്ത ചീത്തയോ ഏൽക്കാത്ത അപമാനമോ ഉണ്ടായിരുന്നില്ല. അത്രയ്ക്ക് ഭീകരമായിരുന്നു കർദിനാൾ പാറേക്കാട്ടിലിന്റെ പ്രതികരണം. അന്നുതന്നെ ആ സാധു മെത്രാന് ഹൃദയാഘാതം ഉണ്ടായെന്നത് വല്യച്ചന്മാർ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. കർദിനാൾ പാറേക്കാട്ടിലിന്റെ ഭാരതീകരണ – ആരാധന വികലമാക്കൽ – പ്രക്രിയ തുടർന്നാൽ അത് സഭയുടെ നാശത്തിനു കാരണമാകുമെന്ന് തിരിച്ചറിഞ്ഞ റോം അദ്ദേഹത്തോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

  പാറേക്കാട്ടിൽ ലെഗസി

  എറണാകുളത്തെ വിമത വിഭാഗം മറ്റെല്ലാ പിതാക്കന്മാരെയും മറന്നു പാറേക്കാട്ടിലിനെ മാത്രം അനുസ്മരിക്കുന്നത് അദ്ദേഹത്തിൽ നിന്നും ലഭിച്ചിരിക്കുന്ന ലെഗസി അടിത്തറയിട്ട് ഉറപ്പിക്കുന്നതിനാണ്. എറണാകുളം വൈദികർക്ക് പാറേക്കാട്ടിൽ എന്ന പേര് ആരാധനാ വൈകൃതത്തിന്റെ പര്യായമാണ്. ലിറ്റർജിയിൽ എന്ത് തോന്നിയവാസവും കാണിക്കുന്നതിനുള്ള ലൈസന്‍സാണ് കർദിനാൾ പാറേക്കാട്ടിൽ. സിനഡിന്റെ തീരുമാനങ്ങളെ ധിക്കരിക്കുന്നതിനുള്ള ന്യായീകരണം തങ്ങൾ പിന്തുടരുന്നത് കർദിനാൾ പാറേക്കാട്ടിലിന്റെ പാതയാണ് എന്നതാണ്. നിലവിലുള്ള അതിരൂപതാധ്യക്ഷനെ ഭീഷണിപ്പെടുത്താനും ഒതുക്കാനുമൊക്കെയുള്ള വജ്രായുധമാണ് കർദിനാൾ പാറേക്കാട്ടിൽ. തങ്ങൾ കാട്ടിക്കൂട്ടുന്ന എല്ലാ തോന്നിയവസങ്ങൾക്കും ഗുണ്ടായിസത്തിനും ഉള്ള യുക്തിയാണ് എറണാകുളം വിമത വൈദികർക്ക് പാറേക്കാട്ടിൽ. ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും തോന്നിയവാസത്തിന്റെയും പ്രതീകമായാണ് കർദിനാൾ പാറേക്കാട്ടിലിനെ വിമതർ അനുസ്മരിക്കുന്നത്.
  ഈ വർഷത്തെ അനുസ്മരണത്തിനു ഫേസ്ബുക്കിൽ ഇറക്കിയ പോസ്റ്ററിൽ പറയുന്നത് അതിരൂപതാ വൈദകരുടെ ഒരുമയുടെയും പിതാക്കന്മാരോടുള്ള ബഹുമാനത്തിന്റെയും പ്രകടനമായി ഒരുമിച്ചു ചേരുന്നു എന്നാണ്. പിതാക്കന്മാരോടുള്ള ബഹുമാനം എന്നാൽ പാറേക്കാട്ടിലിനെപ്പറ്റി വാതോരാതെ സംസാരിക്കുകയും നിലവിലുള്ള അതിരൂപതാധ്യക്ഷന്മാരെ പിന്നിൽ നിന്ന് കുത്തുകയും ചെയ്യുക എന്നാണ്. കർദിനാൾ പാറേക്കാട്ടിൽ അതിരൂപതാധ്യക്ഷനായിരുന്നപ്പോൾ അദ്ദേഹത്തെയും വിമതവിഭാഗം ഒത്തിരി പീഡിപ്പിച്ചിട്ടുണ്ടെന്നുള്ളത് അദ്ദേഹത്തെ നേരിട്ട് പരിചയമുള്ള വല്യച്ചന്മാർ തുറന്നു സമ്മതിക്കുന്ന കാര്യമാണ്. ഈ അനുസ്മരണ കോലാഹലങ്ങളെല്ലാം തങ്ങളുടെ തെറ്റുകളെ മഹത്വീകരിക്കാനുള്ള എറണാകുളം വിമത വൈദികരുടെ പരിശ്രമത്തിന്റെ ഭാഗമായി മാത്രം മനസ്സിലാക്കിയാൽ മതിയാകും.

  സമാപനാഭ്യർത്ഥന

  പ്രിയ എറണാകുളം വൈദികരേ, നിങ്ങൾക്ക് കർദിനാൾ പാറേക്കാട്ടിലിനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ദയവായി അദ്ദേഹത്തെ അനുസ്മരിക്കരുതേ. മാലോകരുടെ മനസ്സിൽ അദ്ദേഹത്തെക്കുറിച്ചുള്ള പ്രതിച്ഛായ കൂടുതൽ വികൃതമാകാൻ മാത്രമേ നിങ്ങളുടെ അനുസ്മരണങ്ങള്‍ ഉപകരിക്കൂ.

  Sharing here as received …

Leave a Comment

*
*