പൊങ്ങച്ചത്തിന്‍റെ കുമിളകള്‍ പൊട്ടുമ്പോള്‍

പൊങ്ങച്ചത്തിന്‍റെ കുമിളകള്‍ പൊട്ടുമ്പോള്‍

"ചില കുഞ്ഞു സ്വാതന്ത്ര്യദിനചിന്തകള്‍"

ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

മഴ മാറി മാനം തെളിയുന്നു. ഓണത്തപ്പനും വരവായി. ഭാരതം ഒരു സ്വതന്ത്രരാജ്യമായിട്ട് 70 വര്‍ഷങ്ങള്‍ പിന്നിടുന്നു. സത്യദീപം ആരംഭിച്ചിട്ട് 91 വര്‍ഷങ്ങള്‍ കഴിയുന്നു. ആഹ്ലാദിക്കുവാന്‍ ഒത്തിരിയേറെയുണ്ട്. സമ്പത്ത് വര്‍ദ്ധിക്കുന്നു; സൗകര്യങ്ങള്‍ കൂടുന്നു; ജീവിതനിലവാരം ഉയരുന്നു; ആരോഗ്യം മെച്ചപ്പെട്ടു വരുന്നു; നീണ്ട നാളുകള്‍ ആളുകള്‍ ജീവിക്കുന്നു; ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും സാധാരണ മനുഷ്യര്‍കൂടി ധാരാളമായി യാത്ര ചെയ്യുന്നു. ലോകത്തിലുള്ള സര്‍വരുമായി സംവദിക്കുവാന്‍ സുവര്‍ണാവസരങ്ങള്‍.

അതിന്‍റെ നടുവിലും നീറ്റലുണര്‍ത്തുന്ന നൊമ്പരങ്ങളുടെ മദ്ധ്യത്തിലാണു സമൂഹങ്ങളും ഗോത്രങ്ങളും വ്യക്തികളും. കുട്ടികള്‍ മാനഭംഗം ചെയ്യപ്പെടുന്നു. മാതാപിതാക്കള്‍പോലും കൂട്ടിക്കൊടുക്കലുകാരാകുന്നു. ജീവിക്കുവാന്‍ നിവൃത്തിയില്ലാത്ത, നെഞ്ചത്തുകൂടി "വികസനത്തിന്‍റെ " തേരോട്ടങ്ങള്‍ നടത്തപ്പെടുന്നു. നടുവൊടിക്കുന്ന റോഡുകളും, മരുന്ന് ആവശ്യത്തിനില്ലാത്ത ഗവണ്‍മെന്‍റ് ആശുപത്രികളും, വൃത്തിഹീനമായ ജീവിതസാഹചര്യങ്ങളും, സാധാരണ രീതിയില്‍ നീതി ലഭിക്കുവാന്‍ സാധിക്കാത്ത നിയമചട്ടങ്ങളും മനുഷ്യനെ നിരന്തരമായി കണ്ണീരിലാഴ്ത്തുന്നു. പഠിക്കുന്നതു ജോലി ലഭിക്കുന്നതിനും പണമുണ്ടാക്കുന്നതിനും എന്നു നാം പൂര്‍ണമായി വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. പണമുണ്ടാക്കുന്നതാണു ജീവിതവിജയം എന്നു രാഷ്ട്രീയക്കാര്‍ മുതല്‍ മതപുരോഹിതന്മാര്‍ വരെ നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുന്നു. പ്രാര്‍ത്ഥനകള്‍ പോലും ആ ലക്ഷ്യത്തിലേക്കു തിരിച്ചു വിടുന്നതില്‍ വിജയിച്ചിരിക്കുന്നു, നാം.

ബദല്‍ സംവിധാനങ്ങള്‍ അന്യമാകുന്നുവോ?
ചരിത്രം എപ്പോഴെല്ലാം ഇരുള്‍ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുമ്പോഴും ആ ചരിത്രത്തിനു പ്രത്യാശയേകിയിരുന്നതു ബദല്‍ ജീവിതശൈലികളും സമീപനങ്ങളുമായിരുന്നു. ബെനിയനും ഷര്‍ട്ടും ധരിച്ചതിന്‍റെ മുകളില്‍ ഓവര്‍ കോട്ടിട്ട്, അതിന്‍റെ മീതെ നീണ്ട ജാക്കറ്റിട്ട്, ഇന്ത്യാമഹാരാജ്യത്തെ ഭരിക്കുവാന്‍ ആംഗലേയസംസ്കാരം വെമ്പല്‍ കൊണ്ടപ്പോള്‍, മേല്‍ മുണ്ടുപോലും ഇടാതെ ഭാരതത്തിലെ പട്ടിണിപ്പാവങ്ങളുടെ അരികു ചേര്‍ന്നുനിന്ന ഒരു വലിയ "കുറുകിയ" മനുഷ്യന്‍ നിഷേധത്തിന്‍റെ ബദല്‍ ജീവിതശൈലിയൊരുക്കി. ആ ശൈലിയില്‍ അനേകര്‍ ആകൃഷ്ടരായി, അദ്ദേഹത്തോടൊപ്പം അവരും അണിചേര്‍ന്നു. പങ്കാളിത്തത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ജീവിത തത്ത്വശാസ്ത്രം അദ്ദേഹം ആവിഷ്കരിച്ചു. വെളുത്ത മനുഷ്യന്‍ ഇരുന്ന കസേരയില്‍ ഇരുണ്ട മനുഷ്യന്‍ കയറിയിരുന്നതല്ലാതെ, തന്‍റെ ജീവിതസമരം വഴിയായി ഒരു ജനത്തിന്‍റെ മനസ്സിനെ വിശാലമാക്കാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖത്തോടെയാണ് ആ "ഫക്കീര്‍" ഈ ലോകം വെടിഞ്ഞത്.

ബദല്‍സംവിധാനങ്ങള്‍ ചവിട്ടിത്തേയ്ക്കപ്പെടുന്ന ഒരു ഭൂമികയിലാണു നാം ജീവിക്കുന്നത്. അതു വൈപ്പിനിലായാലും കീഴാറ്റൂരിലായാലും അടിമാലിയിലായാലും സ്ഥിതി ഒന്നുതന്നെ. സാമൂഹ്യസേവനരംഗത്തും സാംസ്കാരികരംഗത്തും അതിന്‍റെ അനുരണനങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. പാവപ്പെട്ടവരുടെ കാര്യം ഇവിടെ മിണ്ടിപ്പോകരുത് എന്ന പ്രമാണം ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവര്‍ക്കു പഠിക്കുവാന്‍ ഗവണ്‍മെന്‍റ് സ്കൂളില്ലേ? അവര്‍ക്കു സഞ്ചരിക്കുവാന്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സില്ലേ? അവര്‍ക്കു വൈദ്യസഹായം ലഭിക്കുവാന്‍ താലൂക്ക് ആശുപത്രിയില്ലേ? പിന്നെന്തിനു പരാതിപ്പെടണം. ഇതു തന്നെ കൂടുതലല്ലേ?

ലോകം ഒരു ഗ്രാമമാണെങ്കില്‍ നമുക്ക് ഒരു ശൈലി മതി. അത് ആര്‍ത്തിയുടെ ശൈലിയാണ്, പിടിച്ചെടുക്കുവാനുള്ള തന്ത്രമാണ്, നേടിയെടുക്കുവാനുള്ള കരവിരുതാണ്. ആരെ തകര്‍ത്തും മുന്നേറുവാനുള്ള തീരാത്ത ദാഹമാണ്. അതിനു വഴിവച്ചു കൊടുക്കുന്നതു നമ്മുടെ പരസ്യങ്ങളും, ടിവി ചാനലുകളും സാമൂഹ്യമാധ്യമങ്ങളും. പ്രത്യയശാസ്ത്രങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളിലും മതസംസ്കാരങ്ങളിലും കൂടി ബദലുകള്‍ അപ്രത്യക്ഷമാകുന്നതോടെ വെളിച്ചത്തിന്‍റെ മിന്നാമിനുങ്ങ് വെട്ടംകൂടി നഷ്ടപ്പെട്ടതായി തോന്നി തുടങ്ങുന്നു, സാധാരണ മനുഷ്യജീവിതങ്ങള്‍ക്ക്.

എങ്കിലും പ്രതീക്ഷയുടെ തിരിനാളങ്ങള്‍ അറ്റുപോയിട്ടില്ല. ഗ്രാമകൂട്ടായ്മകളില്‍, ഗ്രാമചന്തകളില്‍, അത്യാവശ്യത്തിനു മാത്രമുള്ളവ മതി എന്ന ശാഠ്യങ്ങളില്‍ പ്രത്യാശയുടെ നറുപൂക്കള്‍ വീണ്ടും വിരിയുകയായി. ഈന്തപ്പഴം തിന്നു വിശപ്പടക്കിയിരുന്ന ഡയോജിനിസ് കൊട്ടാരവാസി പറഞ്ഞതുപോലെ, രാജാവിനെതിരായി സംസാരിക്കാതിരുന്നാല്‍ മൃഷ്ടാന്നഭോജനം നടത്താമായിരുന്നില്ലേ? ഈന്തപ്പഴം സ്വാതന്ത്ര്യത്തോടെ കഴിച്ചു പകുതിവിശപ്പുമായി കഴിഞ്ഞു കൂടുന്നതാണു കൂടുതല്‍ അഭികാമ്യം; ഡയോജിനിസ് ശാന്തമായി മറുപടി നല്കി. രാജാവിന്‍റെ എല്ലാ സ്വേച്ഛാധിപത്യങ്ങളോടും ഞാന്‍ കൂട്ടുനില്ക്കേണ്ടല്ലോ! ഇങ്ങനെയുള്ളവര്‍ക്ക് ഇന്ന് ഈ മഹാരാജ്യം ജന്മം നല്കിക്കൊണ്ടിരിക്കുന്നു.

അകന്നകന്നു പോകുന്ന ആന്തരികത
ആന്തരികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടമായി മാറുന്നു നാം. ഞാന്‍ എങ്ങനെ കാണപ്പെടുന്നു എന്നുള്ളതാണു പ്രധാനം. എന്തായിരിക്കണം എന്നുള്ളതല്ല. എന്നെത്തന്നെ നന്നായി കാണിക്കുവാനുള്ള തിരക്കില്‍ "ആത്മാവും ആന്തരികതയും" നഷ്ടപ്പെടുന്നതില്‍ വലിയ വ്യസനം പലരിലും കാണുന്നില്ല. ആന്തരികത സ്വന്തം ആത്മാവിനെക്കുറിച്ചുള്ള അറിവാണ്. എന്‍റെ ആത്മാവിനെക്കുറിച്ച് എനിക്ക് അറിവില്ലാതെ വരുമ്പോള്‍ എന്‍റെ പ്രകടനാത്മകതയെ ഞാനാണെന്നു തെറ്റിദ്ധരിക്കുന്നു. ആ പ്രകടനാത്മകത എത്രയും മെച്ചപ്പെടുത്തുവാന്‍ ഞാന്‍ പരിശ്രമിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ കാണുന്നതു മാത്രമായി ഞാന്‍ മാറുന്നു. എന്‍റെ സേവനം, എന്‍റെ ആരോഗ്യം, എന്‍റെ കഴിവ്, എന്‍റെ ശരീരം അതിനപ്പുറത്തേയ്ക്കു കാണുവാന്‍ എനിക്കു സാധിക്കുന്നില്ല. ദൈവത്തില്‍ ആത്യന്തികമായി വിശ്വസിക്കുമ്പോഴും ഉടലിന്‍റെ കോലാഹലങ്ങളിലേക്കു ഞാന്‍ ഒതുങ്ങിപ്പോകുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ എന്താണു സംതൃപ്തി നല്കുന്നത് എന്ന ചോദ്യത്തിലേക്കു മാത്രമായി ഞാന്‍ ഒതുങ്ങുന്നു.

ആന്തരികത ജീവിതദര്‍ശനമായി ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും ഉയര്‍ന്നുവരുന്നു എന്നുള്ളത് പ്രതീക്ഷാനിര്‍ഭരമായ ഒരു കാര്യമാണ്. വേശ്യാവൃത്തിയില്‍ അകപ്പെട്ടുപോയ ജന്മങ്ങളെ പുനരുദ്ധരിക്കുവാനയി ഒരു മലയാളി സ്ത്രീ ആന്ധ്രയില്‍ പാടുപെടുമ്പോഴും ട്രാന്‍സ്ജെന്‍ഡറുകളുടെ കാര്യത്തില്‍ ചില കന്യാസ്ത്രീകള്‍ വാത്സല്യപൂര്‍വമായ സമീപനമെടുക്കുമ്പോഴും അട്ടപ്പാടിയിലെ ചെറുജീവിതങ്ങള്‍ക്കായി ചില വൈദികര്‍ സ്വരമുയര്‍ത്തുമ്പോഴും ശുഭകരമായ തുടക്കങ്ങള്‍ വീണ്ടും കാണുന്നു. എന്നിലേക്ക് എന്നെത്തന്നെ ഒതുക്കാത്ത ഒരു ജീവിതപ്രത്യയശാസ്ത്രത്തിന്‍റെ പ്രകടമായ ഭാവങ്ങള്‍ കാണിക്കുന്ന അനേകര്‍ ഉയര്‍ന്നുവരുന്നു; മണ്ണിനു പ്രത്യാശയേകുവാന്‍. അവരാണ് ആന്തരികത ഉയര്‍ത്തിപ്പിടിക്കുന്നവര്‍.

താഴെയുള്ള ഘടകങ്ങളും അവയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും
വത്തിക്കാന്‍ കൗണ്‍സിലില്‍ സഭാപിതാക്കന്മാര്‍ ഉയര്‍ത്തിയ വലിയൊരു തത്ത്വവും ശൈലിയുമായിരുന്നു, Principle of Subsidiary. കീഴ്ഘടകങ്ങള്‍ക്കു ചെയ്യുവാന്‍ സാധിക്കുന്നത് മേല്‍ഘടകങ്ങള്‍ ചെയ്യരുതെന്നു മാത്രമല്ല, അവയില്‍ ഇടപെടുന്നതുപോലും ജാഗ്രതയോടെയായിരിക്കണമെന്നു പിതാക്കന്മാര്‍ പറഞ്ഞുവച്ചു. ഇതിന്‍റെ അടിസ്ഥാനം മനുഷ്യന്‍റെ മഹത്ത്വവും ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്ന നീക്കവുമായിരുന്നു.

താഴെയുള്ള ഘടകങ്ങള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുമ്പോഴാണു ചിട്ടപ്പടിയുള്ള, ഉന്മേഷരഹിതമായ, സംതൃപ്തി നല്കാത്ത, പ്രവര്‍ത്തനശൈലിയില്‍ നിന്നു വ്യക്തിഗതവും ആത്മസാക്ഷാത്കാരം പകരുന്നതും താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമാനപൂര്‍ണമായ ഉടമസ്ഥാവകാശം ഏറ്റെടുക്കുവാന്‍ സാധിക്കുന്നതുമായ പ്രവര്‍ത്തനശൈലിയിലേക്കു മനുഷ്യന്‍ ഉയര്‍ന്നുപൊങ്ങുക.

ഇന്നത്തെ വ്യവസായസംസ്കാരം നേരെ എതിര്‍ദിശയിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നത്. നിന്‍റെ കഴിവിനെ, ശക്തിയെ ഞാന്‍ വിലയ്ക്കു വാങ്ങുന്നു. മിണ്ടാതെയിരുന്നു പറയുന്ന പണിയെടുത്തുകൊള്ളുക. ഇത് ആര്‍ക്കുവേണ്ടിയാണെന്നു ചോദിക്കുവാന്‍ നിനക്ക് അവകാശമില്ല. ഇതെങ്ങനെ ചെയ്യണമെന്നു മേലാളന്മാര്‍ പറഞ്ഞുതരും. അതുപോലെ ചെയ്യുക. നിന്‍റെ സര്‍ഗാത്മകത ഞങ്ങള്‍ക്കൊരു പ്രശ്നമല്ല. നിന്‍റെ ആശയങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. പറയുന്ന കാര്യങ്ങള്‍ പറയുന്നതുപോലെ ചെയ്യുക, പറയുന്ന സമയത്തു തീര്‍ത്തു തരിക. മനസ്സിനിണങ്ങിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടമില്ല.

ഈ പുതിയ സംസ്കാരത്തില്‍ മനം മടുത്ത്, ഈ ചട്ടക്കൂട്ടില്‍ നിന്ന് ഒഴിഞ്ഞുമാറി, സ്വന്തമായ ഇടം സൃഷ്ടിക്കുന്ന അനേകര്‍ മുന്നോട്ടുവരുന്നു എന്നതു ശുഭോദര്‍ക്കമാണ്. ഇങ്ങനെയുള്ള സംരംഭങ്ങള്‍ മനുഷ്യോചിതമായി ജോലി ചെയ്യുവാന്‍ അനേകരെ പ്രോത്സാഹിപ്പിക്കുന്നു എന്നു മാത്രമല്ല ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തുവാന്‍ സംരംഭകരെ സഹായിക്കുകയും ചെയ്യുന്നു. ജോലി ചെയ്യുന്നതു ജീവിക്കുവാനാണ്. മാത്രമല്ല എന്‍റെ സത്ത ഞാന്‍ ചെയ്യുന്നതില്‍ പ്രകടിപ്പിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ എങ്ങനെയാണു ദൈവത്തിന് എന്നെക്കുറിച്ചുള്ള പ്ലാന്‍ മനസ്സിലാക്കി ജീവിതത്തിന്‍റെ അര്‍ത്ഥം തിരിച്ചറിയുക.

ഒരു ബദല്‍ സംസ്കാരത്തിന് ആക്കം കൂട്ടുവാന്‍ കത്തോലിക്കാസഭയ്ക്കുള്ള ആര്‍ജ്ജവത്വം അനന്യമാണ്. കാക്കകളെ പോലെ ജനിച്ച്, പുഴുക്കളെപ്പോലെ ജീവിച്ച് പുഴുക്കളെപ്പോലെ മരിക്കുവാന്‍ വിധിക്കപ്പെട്ട അനേകര്‍ക്ക് ഈ ഭൂമിയില്‍ ഒരു ഇടവും അവര്‍ മനുഷ്യകുലത്തിനു വേണ്ടപ്പെട്ടവരുമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ സഭയ്ക്കുള്ള കഴിവ് ഉപയോഗിച്ചേ മതിയാകൂ. വിജയിക്കുവാനും നേട്ടം കൊയ്യുവാനുമുള്ള ശ്രമത്തില്‍ നിന്ന്, പൊങ്ങച്ചത്തിന്‍റെ കുമിളകളെ പൊട്ടിച്ച്, ജീവന്‍റെ പുനര്‍ജ്ജനികളാകുവാന്‍ സഭയ്ക്കു സാധിക്കും. അതാണു പുതിയ ആകാശവും ഭൂമിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org