ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ സ്വപ്നം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ സ്വപ്നം


ബിഷപ്  തോമസ് ചക്യത്ത്

ഫ്രാന്‍സിസ് മാര്‍പാപ്പ സഭയുടെ സുവിശേഷവത്കരണ കാര്യാലയത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ഫിലോണിക്ക് 2017 ഒക്ടോബര്‍ 22-ന് അയച്ച കത്തിലാണ് തന്‍റെ പുതിയൊരു സ്വപ്നം വെളിപ്പെടുത്തുന്നത്. 2019 ഒക്ടോബര്‍ മാസം സവിശേഷവും അസാധാരണവുമായ ഒരു മിഷനറി മാസമായി ആഘോഷിക്കണമെന്നും അതിനുളള ഒരുക്കങ്ങള്‍ താമസിയാതെ ആരംഭിക്കണമെന്നും കത്തില്‍ മാര്‍പാപ്പ സൂചിപ്പിച്ചിരുന്നു. സഭ ഒന്നാകെ മിഷന്‍ ചൈതന്യം വീണ്ടെടുക്കാന്‍ ഈ മാസാചരണം വഴി സാധിക്കണം എന്ന സ്വപ്നമാണ് കര്‍ദ്ദിനാള്‍ ഫിലോണിയുമായി മാര്‍പാപ്പ പങ്കുവച്ചത്. 'സ്നാനം ചെയ്യപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു' – Baptised and Sent എന്ന ആപ്ത വാക്യമാണ് സവിശേഷമായ ഈ മാസാചരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മാമ്മോദീസ സ്വീകരിച്ച് സഭയില്‍ അംഗമാകുന്ന ഓരോ വ്യക്തിയും തനിക്കു ലഭിച്ച വിശ്വാസം നല്‍കുന്ന സന്തോഷം മറ്റുളളവരുമായി പങ്കുവയ്ക്കാന്‍ കടപ്പെടുന്നുവെന്ന സുപ്രധാന ചിന്തയാണ് ഇതിന്‍റെ പിന്നില്‍.

2019 ഒക്ടോബര്‍ മാസം മിഷണറി മാസമായി ആഘോഷിക്കണമെന്ന് തീരുമാനിക്കാന്‍ പ്രത്യേക കാരണമുണ്ട്. നൂറ് വര്‍ഷം മുമ്പ് – 1819 നവംബറില്‍ ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ പുറപ്പെടുവിച്ച Maximum Illud എന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ ശതാബ്ദിയാണ് ഈ വര്‍ഷം. വളരെ സുപ്രധാനമായ ആ തിരുവെഴുത്ത് പാത്രീയര്‍ക്കീസുമാര്‍ മെത്രാപ്പോലീത്താമാര്‍ മെത്രാന്മാര്‍ തുടങ്ങിയവരെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുള്ളതാണ്. ആധുനിക സഭാചരിത്രത്തില്‍ മിഷനറിചൈതന്യം വര്‍ദ്ധമാനമാക്കുന്നതിനും മിഷനറി പ്രവര്‍ത്തനമേഖലയില്‍ പുതിയൊരു വഴിത്തിരിവു സൃഷ്ടിക്കുന്നതിനും ഈ രേഖ സഹായകമായിട്ടുണ്ട്. കോളോണിയല്‍ ഭരണകാലത്ത് നിലനിന്നിരുന്ന മിഷനറി പ്രവര്‍ത്തനരീതികളില്‍ പുതിയ സമീപനങ്ങളും ആവേശവും ഉണ്ടാകണമെന്ന് ബെനഡിക്ട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഭരണസംവിധാനത്തിന്‍റെ ഭാഗമായി വളര്‍ന്ന സഭയുടെ മിഷനറി പ്രവര്‍ത്തനം ദേശീയ താത്പര്യങ്ങള്‍ക്ക് അതീതമായി സാര്‍വ്വത്രിക മാനം കൈവരിക്കണമെന്നും തദ്ദേശിയ ദൈവവിളി പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. വിദേശമിഷണറിമാരുടെ പ്രവര്‍ത്തനം തുടരുന്നതോടൊപ്പം ഏതദ്ദേശിയ സഭാനേതൃത്വം വളര്‍ത്തിയെടുക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇതിന്‍റെ വെളിച്ചത്തില്‍ പതിനൊന്നാം പീയൂസ് പാപ്പ 1930-കളില്‍ ചൈന, ജപ്പാന്‍, വിയറ്റനാം, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവയില്‍ ആദ്യമായി തദ്ദേശിയ മെത്രാന്മാരെ നിയമിക്കുന്നതിന് ആരംഭം കുറിച്ചു. ആധുനിക മിഷനറി മുന്നേറ്റത്തിന്‍റെ ശക്തിസ്രോതസ്സായി പരിഗണിക്കപ്പെടുന്ന Maximum Illud എന്ന രേഖയുടെ അടിസ്ഥാനത്തില്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും മിഷണറി പ്രവര്‍ത്തനം ലക്ഷ്യംവച്ച് സന്യാസസമൂഹങ്ങള്‍ രൂപംകൊണ്ടു. സ്ത്രീകള്‍ക്കുവേണ്ടിയുളള സന്യാസസമൂഹങ്ങളാണ് അവയില്‍ പലതും.

ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്യുന്ന മിഷന്‍ മാസാചരണം വിജയിപ്പിക്കാന്‍ സുവിശേഷവത്കരണത്തിനുള്ള വത്തിക്കാന്‍ കാര്യാലയം ഇതിനകം ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്: മിഷണറി മാസാചരണത്തിനായി ഒരുങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത കാര്യാലയം പ്രീഫക്റ്റ്, കര്‍ദ്ദിനാള്‍ ഫിലോണി 2017 ഡിസംബര്‍ 3-ന് ലോകത്തിലെ എല്ലാ മെത്രാന്മാര്‍ക്കും സന്യാസസഭകളുടെ മേലധികാരികള്‍ക്കും കത്തയച്ചു. വീണ്ടും, 2018 ഏപ്രില്‍ 8-ന് അദ്ദേഹം ഈ രണ്ടു കൂട്ടര്‍ക്കും ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി. അക്കൂട്ടത്തില്‍ സഭയിലെ അല്മായ സംഘടനകള്‍, എക്ളേസിയല്‍ മൂവ്മെന്‍റസ് എന്നിവകളുടെ അന്തര്‍ദ്ദേശിയ നേതാക്കള്‍, മേജര്‍ സെമിനാരികളുടെ പരിശീലകര്‍ റെക്റ്റര്‍ന്മാര്‍ എന്നിവര്‍ക്കു കര്‍ദ്ദിനാള്‍ ഫിലോണി കത്തുകള്‍ അയയ്ക്കുകയുണ്ടായി. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ പ്രതിനിധികള്‍ക്കായി വത്തിക്കാനില്‍ അസംബ്ളി നടത്തുകയും അവര്‍ക്കു മാര്‍പാപ്പ സന്ദേശം നല്‍കുകയും ചെയ്തു.

ഏറ്റവും അവസാനമായി Baptized and Sent, The Church of Christ on Mission in the World-Extraordinary Missionary Month, October 2019 എന്ന 415 പേജുകളുള്ള ഗ്രന്ഥം തയ്യാറാക്കി വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. പ്രാദേശിക സഭകള്‍ക്കും രൂപതകള്‍ക്കും മിഷണറി മാസാചരണത്തിനു സഹായകമാകാവുന്ന ഒരു ഗൈഡ് മാത്രമായി പരിഗണിക്കപ്പെടുന്ന പ്രസ്തുത ഗ്രന്ഥത്തിന്‍റെ ആദ്യത്തെ 82 പേജുകളില്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ ഫിലോണിക്ക് അയച്ച കത്തും പൊന്തിഫിക്കല്‍ മിഷ്യന്‍ സൊസൈറ്റികളുടെ അസംബ്ളി അംഗങ്ങള്‍ക്കും (ജൂണ്‍ 3 2017) പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ദേശീയ ഡയറക്ടര്‍മാര്‍ക്കും നല്‍കിയ (2018 ജൂ ണ്‍ 10) സന്ദേശങ്ങളും കര്‍ദ്ദിനാള്‍ ഫിലോണി മെത്രാന്മാര്‍ക്കും മറ്റും അയച്ച കത്തുകളുമാണുളളത്. ബാക്കി 333 പേജുകള്‍ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യത്തെ ഭാഗത്ത് ഒക്ടോബര്‍ മാസത്തിന്‍റെ എല്ലാ ദിവസങ്ങളിലേക്കുമുളള ബൈബിള്‍ വായനകളും വ്യാഖ്യാനങ്ങളുമുണ്ട്. തുടര്‍ന്ന്, ഓരോ ദിവസത്തെയും വചനപ്രഘോഷണത്തിനു സഹായകമായേക്കാവുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസക്തങ്ങളായ പ്രസംഗങ്ങളുടെ റഫറന്‍സുകളുമുണ്ട്. രണ്ടാം ഭാഗം ജീവിതവിശുദ്ധികൊണ്ട് യേശുവിനു സാക്ഷ്യംവഹിക്കുകയും പ്രേഷിതചൈതന്യം പ്രകടിപ്പിക്കുകയും ചെയ്ത 25 പേരുടെ ഹ്രസ്വമായ ചരിത്രമാണ്. ലിസ്യൂവിലെ വി. കൊച്ചുത്രേസ്യായും വി. ഫ്രാന്‍സിസ് അസ്സീസിയും വി. ഫ്രാന്‍സിസ് സേവ്യറും അവരില്‍പ്പെടും. മൂന്നാം ഭാഗം മിഷന്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ആഴമായ വിചിന്തനങ്ങളാണ്.

ഫ്രാന്‍സിസ് പാപ്പ നല്കുന്ന ഊന്നലുകള്‍
ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ ഫിലോണിക്ക് അയച്ച മുന്‍ സൂചിപ്പിച്ച കത്തു വളരെ സവിശേഷ സ്വഭാവമുള്ളതാണ്; വത്തിക്കാന്‍ സൂനഹദോസും മുന്‍ പാപ്പമാരും മിഷന്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നല്‍കിയിട്ടുളള പ്രബോധനങ്ങളെ ആധാരമാക്കിയുള്ളതാണത്. മാത്രമല്ല, നവസുവിശേഷവത്കരണം വിശ്വാസക്കൈമാറ്റത്തിന് (New Evangelisation for the Transmission of Christian Faith) എന്ന വിഷയത്തെ സംബന്ധിച്ച് 2012-ല്‍ റോമില്‍ നടന്ന സിനഡിന്‍റെ നിര്‍ദ്ദേശങ്ങളെ ആസ്പദമാക്കി 'സുവിശേഷത്തിന്‍റെ സന്തോഷം' എന്ന തന്‍റെതന്നെ പ്രബോധനത്തിന്‍റെ ഉള്‍ക്കാഴ്ച്ചകളും ഈ കത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. മാര്‍പാപ്പ നല്‍കുന്ന സൂചനകള്‍ ഹ്രസ്വമായി ചുവടെ ചേര്‍ക്കുന്നു:

1) എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍ (മര്‍ക്കോ. 16:15) എന്ന യേശുവിന്‍റെ കല്പ്പന ഐച്ഛികസ്വഭാവമുള്ളതല്ല; സത്താപരമായി പ്രേഷിതസ്വഭാവമുള്ള സഭയുടെ സര്‍വ്വപ്രധാനമായ കടമയാണത്. ഓരോ വിശ്വാസിക്കും ഈ കടമയില്‍ പങ്കുണ്ട്.

2) സഭയുടെ സുവിശേഷപ്രഘോഷണദൗത്യം ഫലപ്രദമാകണമെങ്കില്‍ യേശുവുമായി സഭ താദാത്മ്യം പ്രാപിക്കണം; യേശു നടന്ന ദാരിദ്ര്യത്തിന്‍റെ, അനുസരണത്തിന്‍റെ, ശുശ്രൂഷയുടെ, സ്വയം പരിത്യാഗത്തിന്‍റെ വഴിയിലൂടെ സഭ നടക്കണം.

3) പരസ്നേഹവും സത്യസന്ധതയും ആനന്ദവും നിറഞ്ഞു നില്ക്കുന്ന സഭയുടെ മാതൃകയാണ് ഏറ്റവും വലിയ സുവിശേഷ പ്രഘോഷണം.

4) ലോകം മഴുവനിലും സുവിശേഷം പ്രസംഗിക്കാനുള്ള ദൗത്യം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും നാം ബഹദൂരം മുമ്പോട്ടു പോകാനുണ്ട്.

5) മിഷണറി പ്രവര്‍ത്തനം സജീവമാകുമ്പോള്‍ അതുവഴി സഭ പുനര്‍ജനിക്കുകയും നവീകരിക്കപ്പെടുകയും ശക്തി പ്രാപിക്കുകയും ചെയ്യും.

6) അജപാലനപരവും പ്രേഷിതപരവുമായ പുതിയ ആഭിമുഖ്യങ്ങളും മാറ്റങ്ങളും അനിവാര്യമാണിന്ന്. സഭയുടെ എല്ലാ സമീപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രേഷിതാഭിമുഖ്യം ഉണ്ടാകേണ്ടതുണ്ട്. നിലവിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിലും ഭരണ നിര്‍വഹണത്തിലും മാത്രം ശ്രദ്ധ ചെലത്തുന്ന സമീപനംകൊണ്ടു സഭയ്ക്കു തൃപ്തിപ്പെടാനാകില്ല; സഭയുടെ എല്ലാ പ്രവര്‍ത്തന മേഖലകളിലും ഒരു മിഷനറി മാനം ഉണ്ടാകണം.

7) പ്രേഷിതചൈതന്യം ഉളവാക്കാന്‍ പര്യാപ്തമല്ലാത്ത അജപാലന പരിപാടികള്‍ സ്വഭാവികമായും അന്തര്‍സ്വഭാവമുളളതാകും. സ്വാര്‍ത്ഥതയും ലൗകീകനേട്ടങ്ങളും അംഗീകാരവും ആര്‍ജ്ജിക്കാനുളള ശ്രമങ്ങളായി അതു തരം താഴും.

8) ഫലപ്രദമായ സുവിശേഷ പ്രഘോഷണത്തിനു വിശുദ്ധമായ ജീവിതം അനിവാര്യമാണ്. ദൈവത്തെ പ്രഘോഷിക്കുന്നവന്‍ ദൈവമനുഷ്യനായിരിക്കട്ടെ (May he who preaches God be a man of God) എന്ന ബെനഡിക്റ്റ് പാപ്പായുടെ ഉപദേശം ഫ്രാന്‍സിസ് പാപ്പ ഉദ്ധരിക്കുന്നുണ്ട്.

9) ശരിയായ ഹൃദയനവീകരണം നടക്കുകയും നമ്മുടെ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും പ്രേഷിത ചൈതന്യം കൊണ്ടു നിറയുകയും ചെയ്യണം; ഇതിന്‍റെ അഭാവത്തില്‍ സഭ ഒരു കാഴ്ചബംഗ്ളാവായി മാറും.

10) തന്നിലേക്കു തന്നെ ചുരുങ്ങിക്കൂടാനുളള സഭയുടെ നിരന്തരമായ പ്രലോഭനത്തെ ചെറുത്തു നില്ക്കാന്‍ പ്രേഷിതമാസാചരണം ആത്യന്തികമായി സഹായിക്കണം. സ്വന്തം സുഖവും ക്ഷേമവും അന്വേഷിക്കുന്ന പ്രവണത പ്രേഷിതപ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ല. ദൈവരാജ്യസൃഷ്ടിക്കു വേണ്ടിയുളള അടങ്ങാത്ത താത്പര്യവും ശുഭാപ്തിവിശ്വാസവും ഉണര്‍ത്താന്‍ ഈ മാസാചരണത്തിനു കഴിയണം.

കേരളസഭയും പ്രേഷിതദൗത്യവും
തോമ്മാശ്ളീഹായില്‍നിന്ന് വിശ്വാസം സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച സഭയാണ് കേരള കത്തോലിക്കാ സഭ. ചരിത്രത്തിലെ വലിയ പ്രേഷിതാചാര്യനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറില്‍ നിന്ന് സുവിശേഷം സ്വീകരിക്കാനും നമുക്കു ഭാഗ്യമുണ്ടായി. യേശുവിന്‍റെ രക്ഷാകര സുവിശേഷം നമ്മുടെ സഹോദരങ്ങള്‍ക്കു ഫലപ്രദമായി കൈമാറാനുളള ഗൗരവമായ കടമ നിര്‍വഹിക്കുന്നതില്‍ നാം വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നത് ദുഃഖകരമായ വസ്തുതയാണ്. സുവിശേഷവെളിച്ചം 'പറയുടെ കീഴില്‍' (മത്താ. 5:15) നാം മറച്ചുവച്ചുവെന്ന് തോന്നിപ്പോകുന്നു. രണ്ടായിരം വര്‍ഷമായിട്ടും നമുക്കു ഭാരത ജനതയെ സുവിശേഷം അറിയിക്കാന്‍ കഴിഞ്ഞില്ല.

എങ്കിലും, കേരളസഭയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന മിഷനറി മുന്നേറ്റം നമ്മുടെ ഇടയില്‍നിന്നുണ്ടായിട്ടുണ്ട്. ഭാരതത്തിന്‍റെ ഏതു പ്രദേശത്തു ചെന്നാലും കേരളത്തില്‍ നിന്നുളള വൈദികരുടെയും സന്യസ്തരുടെയും സാന്നിദ്ധ്യം കാണാനാകും. കേരളസഭയ്ക്കു സ്വന്തമായ മെത്രാന്മാരെ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് മിഷനറി മുന്നേറ്റത്തിന് ആക്കം കൂടിയത്. കേരളത്തില്‍ ധാരാളം മിഷനറി ദൈവവിളികളുണ്ടായി. ഭാരതത്തിനു പുറത്ത് ആഫ്രിക്ക, സൗത്ത് അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അടുത്ത കാലത്ത് സന്യാസസമൂഹങ്ങള്‍ തങ്ങളുടെ മിഷനറി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തുടങ്ങിയെന്നതും ശ്രദ്ധേയമാണ്.

ഇതിനിടയില്‍ കേരളീയ വിശ്വാസസമൂഹത്തില്‍ പ്രേഷിത ചൈതന്യത്തിനു വലിയ ഇടിവു സംഭവിച്ചിട്ടുണ്ട്. അന്തര്‍മുഖത്തം സംഭവിച്ച ഒരു സഭയായി നാം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതൊരു അനിഷേദ്ധ്യ സത്യമാണ്. രൂപതകളുടെയും ഇടവകകളുടെയും സന്യാസസമൂഹങ്ങളുടെയും ജീവിതക്രമം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. മിഷന്‍ ഞായറാഴ്ചയാചരണത്തില്‍ നാം പ്രേഷിതപ്രവര്‍ത്തനം ഒതുക്കുന്ന ദുഃഖകരമായ സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. അതുതന്നെ വെറുമൊരു തഴക്കത്തിന്‍റെ സ്വഭാവത്തിലുള്ളതല്ലേയെന്ന് സംശയിക്കണം. മിഷനറി ദൈവ വിളികള്‍ കുത്തനെ കുറയുന്നുവെന്നതും നിര്‍ഭാഗ്യകരമാണ്.

പ്രസക്തങ്ങളായ ചില ചോദ്യങ്ങള്‍
ഫ്രാന്‍സിസ് പാപ്പായുടെ മുകളില്‍ സൂചിപ്പിച്ച പത്ത് ഉള്‍ക്കാഴ്ചകളുടെ വെളിച്ചത്തില്‍ കേരളസഭ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളാണ് ചുവടെ കൊടുക്കുന്നത്.

1) ആദിമ ക്രൈസ്തവസമൂഹം പുലര്‍ത്തിയ പ്രേഷിതചൈതന്യത്തോട് നമ്മുടെ രൂപതകളും ഇടവകകളും മറ്റും എത്ര വിശ്വസ്തത പുലര്‍ത്തുന്നുണ്ട്?

2) ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം (കൊറി. 9:16) എന്ന് പറഞ്ഞ അപ്പസ്തോലന്‍റെ ചൈതന്യം എത്ര പേര്‍ക്ക് അവകാശപ്പെടാനാകും?

3) ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്യുന്ന മിഷണറി മാസാചരണംകൊണ്ടു നമ്മുടെ ഇടവകകള്‍, മതബോധനം, ഭക്തസംഘടനകള്‍ യുവജനപ്രസ്ഥാനങ്ങള്‍ തുടങ്ങയിവകളില്‍ പ്രേഷിതചൈതന്യം ശക്തിപ്പെടുത്താന്‍ എന്തു ചെയ്യാനാകും?

4) വൈദിക-സന്യസ്തപരിശീലനം സഭാസമൂഹങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു പോകുന്നതിനു മാത്രം ലക്ഷ്യം വയ്ക്കുന്നുണ്ടോ? ഫലപ്രദമായ സുവിശേഷവത്ക്കരണത്തിന് സഹായകമാകുന്ന ചൈതന്യവും തീക്ഷ് ണതയും വളര്‍ത്താന്‍ ഇന്നത്തെ പരിശീലന രീതികള്‍ക്കു കഴിയുന്നുണ്ടോ?

5) നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യക്തമായ ക്രിസ്തീയ സാക്ഷ്യം നല്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടോ?

6) നാനാജാതി മതസ്ഥരായ വിദ്യാത്ഥികള്‍ക്കു ഈശ്വരവിശ്വാസവും ക്രിസ്തീയമൂല്യങ്ങളും പഠിപ്പിക്കുന്നതിനു ചെലവഴിക്കുന്ന ആളും അര്‍ത്ഥവും മതിയാകുമോ? അവ എത്ര ഫലപ്രദമാണ്? എന്‍ജിനീയറിങ്ങ്, മെഡിക്കല്‍, ആര്‍ട്സ് കോളേജുകളില്‍ ആത്മീയ ശുശ്രൂഷയ്ക്കായി-Campus spiritual ministry- യ്ക്ക് വിദഗ്ദരുടെ സേവനം ഉറപ്പു വരുത്താറുണ്ടോ?

7) പതിവുപോലെ ഈ മാസാചരണവും ഒരു ചടങ്ങായി അവശേഷിക്കുമോ?

8) മിഷന്‍ പ്രദേശങ്ങളിലെ സഭാ സമൂഹങ്ങളെ കേരളസഭയിലെ രൂപതകള്‍, ഇടവകകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ദത്തെടുക്കാന്‍ പ്രോത്സാഹിപ്പിക്കാന്‍ എന്തു ചെയ്യാനാകും?

ഇനിയും വേറെ അര്‍ത്ഥവത്തായ ചോദ്യങ്ങളുണ്ടാകാം. സഭയുടെ എല്ലാ പ്രവര്‍ത്തനമേഖലകളും സുവിശേഷപ്രഘോഷണത്തിന് അര്‍ഹമായ പ്രാധാന്യം കൊടുക്കുന്നതിനും സഭയെ ഒന്നായിക്കാണുന്നതിനും സുവിശേഷപ്രഘോഷണ ദൗത്യം എല്ലാ സഭാമക്കളുടെയും ഒഴിച്ചുകൂടാനാകാത്ത കടമയാണെന്നുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഊന്നല്‍ നല്കുന്നത്. സ്വന്തം പ്രസ്ഥാനത്തെ വളര്‍ത്തുക മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന ശൈലികള്‍ ഉപേക്ഷിച്ച് പ്രേഷിതദൗത്യത്തിന് അര്‍ഹമായ പ്രാമുഖ്യം നല്കുന്ന സമീപനം വളര്‍ത്തിയെടുക്കാന്‍ അസാധാരണ മാസാചരണം സഹായകമാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org