ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കേരളീയ സ്വപ്നങ്ങള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കേരളീയ സ്വപ്നങ്ങള്‍


ഡോ. ജോസ് വടക്കേടം

സഭ ദൈവജനമാണ് എന്ന് സാധാരണക്കാര്‍പോലും കേട്ടു തുടങ്ങിയിട്ട് അരനൂറ്റാണ്ടായി. കേരളത്തിലെ സഭയ്ക്ക് ഇന്നും ഈ നിര്‍വചനം പരിചിതമായി വരുന്നതേയുള്ളൂ. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. സീറോ മലബാര്‍ കുര്‍ബാനയില്‍ ദൈവജനം ഒരുമിച്ചു നടത്തുന്ന ഒരു പ്രാര്‍ത്ഥന ശ്രദ്ധിക്കാം. "സഭയോടൊത്തു ചിന്തിക്കുവാനും അവളുടെ പ്രവര്‍ത്തനങ്ങളില്‍ കഴിവിനൊത്ത് പങ്കാളികളാകാനുമുള്ള സന്മനസ്സ് നിന്‍റെ ജനത്തിനു നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു" (കൈത്താക്കാലം: കാറോസൂസ). നിന്‍റെ ജനത്തിന് എന്നതു മാറ്റി നീ തിരഞ്ഞെടുത്തു നിയോഗിച്ച ശുശ്രൂഷകര്‍ക്ക് നല്‍കണമേ എന്ന് ദൈവജനം പ്രാര്‍ത്ഥിക്കുകയാണ്. ദൈവശാസ്ത്രപരം എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ തെറ്റു പറയാനാകില്ല.

സഭയുടെ നിര്‍വചനത്തിന് തിരുവചനത്തില്‍ പല സൂചകങ്ങളുണ്ട്. ആദ്യമാര്‍പാപ്പ സഹപ്രവര്‍ത്തകര്‍ക്ക് കൊടുക്കുന്ന ഉപദേശം ഇപ്രകാരമാണ്. "നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ അജഗണത്തെ പരിപാലിക്കുവിന്‍. അതു നിര്‍ബന്ധം മൂലമായിരിക്കരുത്. ദൈവത്തെപ്രതി സന്മനസ്സോടെ ആയിരിക്കണം. ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം. അജഗണത്തിന്‍റെമേല്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്‍കിക്കൊണ്ടായിരിക്കണം" (1 പത്രോ. 5:2-3). ഇടയന്മാരുടെയും ആടുകളുടെയും യഥാര്‍ത്ഥനിലപാടുകള്‍ എസക്കിയേല്‍ പ്രവാചകന്‍ അതിശക്തമായ ഭാഷയില്‍ അവതരിപ്പിക്കുന്നുണ്ട് (എസ. 34:2-22). കൂലിക്കാരന്‍ ചെന്നായ് വരുമ്പോള്‍ ഓടിപ്പോകുന്നത് അവന്‍ കൂലിക്കാരനായതുകൊണ്ടും ആടുകളെക്കുറിച്ച് അയാള്‍ക്ക് താല്പര്യമില്ലാത്തതുകൊണ്ടുമാണ് (യോഹ. 10:13). ആടുകളുടെ മണമുള്ള ഇടയന്മാരെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വപ്നം മനോഹരമാണ്. യേശുവിന് ജനക്കൂട്ടത്തെ കണ്ടപ്പോള്‍ അവരുടെമേല്‍ അനുകമ്പ തോന്നി. കാരണം അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു (മത്താ. 9:36). പ്രധാനപുരോഹിതന്മാര്‍ തുടങ്ങി ഒരുവന്‍ ഇടയസമൂഹം അതിശക്തമായി നയിച്ചുകൊണ്ടിരുന്ന 1-ാം നൂറ്റാണ്ടിലെ യഹൂദജനതയെ കണ്ടാണ് യേശുവിന് കരള്‍നൊന്തത് എന്നോര്‍ക്കണം. കേരളത്തിലെ സഭയുടെ എല്ലാ നന്മകളും ഉള്‍ക്കൊണ്ടുതന്നെ ചില വിയോജനചിന്തകള്‍ ഇവിടെ പങ്കിടുകയാണ്.

രോഗം ബാധിച്ച സഭ
മൂന്ന് അടിസ്ഥാന രോഗങ്ങള്‍ ദീര്‍ഘകാലമായി കേരളത്തിലെ സഭയെ ബാധിച്ചിരിക്കുന്നു. അതില്‍ ആദ്യത്തേത് Triumphalism ആണ്. വിജയിച്ചു തിളങ്ങി നില്‍ക്കുന്നു എന്നു കരുതുന്ന, അഥവാ അത്തരത്തില്‍ ആയിരിക്കുന്ന ഒരു സഭാസമൂഹനിര്‍വചനമാണ് കേരളസഭയ്ക്ക് ഇന്നു നല്‍കാവുന്നത്. രണ്ടാമത് Formalism. സംവിധാനക്രമങ്ങളുടെ സൂക്ഷ്മതയില്‍ കരുത്താര്‍ജ്ജിക്കാന്‍ തയ്യാറായി നില്ക്കുന്ന നിലപാടത്രെ അത്. മൂന്നാമത്തേതാകട്ടെ Ritualism വും. അനുഷ്ഠാനങ്ങളുടെ ആധികാരികതയും അനന്യതയും ഉയര്‍ത്തിക്കാട്ടി സ്വയം ശക്തിപ്പെടുത്താന്‍ ശ്രമം ചെയ്യുന്ന സഭാചിത്രമാണിവിടെ കാണാനാവുക. ഈ മൂന്നു രോഗങ്ങള്‍ക്കും പുറമെ Pietism (ഭക്തിഭ്രാന്ത്), Narcissism (സ്വയാ സ്വാദനഭ്രാന്ത്) തുടങ്ങിയ വൈകല്യങ്ങളും സഭയില്‍ കടന്നുകൂടിയിരിക്കുന്നു.

സഭാദര്‍ശന കാഴ്ചപ്പാട്
കേരളസഭയുടെ നിര്‍വചനത്തില്‍ മേല്പ്പറഞ്ഞ രോഗലക്ഷ ണങ്ങളെല്ലാം വ്യക്തമാണ്. അതിനു ചികിത്സ  ആവശ്യമത്രെ. ദൈവജനത്തിലെ ഒന്നാമത്തേതും നിര്‍ണായകവുമായ ഘടകത്തെ പരിഗണിക്കാതെയും വിശ്വാസത്തിലെടുക്കാതെയും വിജയിച്ച് തിളങ്ങി വിളങ്ങി നില്‍ക്കുന്ന സഭ അടിസ്ഥാനപരമായിത്തന്നെ പൊളിച്ചെഴുത്തിന് വിധേയപ്പെടേണ്ടതാണ് (Deconstruction). മാര്‍പാപ്പ, മെത്രാന്മാര്‍, വൈദികര്‍, സന്യാസിസന്യാസിനികള്‍ തുടങ്ങി ശുശ്രൂഷാവിളി സ്വീകരിച്ചിരിക്കുന്നവരിലേക്ക് സഭയുടെ നിര്‍വചനം ചുരുങ്ങിപ്പോകുന്നുവെങ്കില്‍, ദൈവജനമാണ് സഭ എന്ന അടിസ്ഥാനപരവും ആധികാരികവുമായ നിലപാട് വീണ്ടെടുക്കണം. അല്മായനേതൃത്വം, യുവജനങ്ങള്‍, സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ സഭാദര്‍ശനം (എക്ളേസിയോളജി) വ്യക്തമായ നിലപാടുകളിലെത്തണം.

ക്രിസ്തുദര്‍ശന കാഴ്ചപ്പാടുകള്‍
കേരളത്തിലെ സഭ യേശുവിന്‍റെ ചിത്രമായി അവതരിപ്പിക്കുന്നത് എന്താണ്? വലിയ പള്ളികള്‍, പ്രൗഢിയോടുകൂടിയ തിരുനാളുകള്‍, വലിയ സ്ഥാപനങ്ങള്‍ (മെഡിക്കല്‍ കോളേജുകള്‍, വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ), വലിയ ആഡംബരവാഹനങ്ങള്‍, തിളങ്ങുന്ന വസ്ത്രങ്ങള്‍, ആള്‍ക്കൂട്ട നൊവേനകള്‍, ധ്യാനകേന്ദ്രങ്ങള്‍ എന്നിവയെല്ലാമാണ് സഭയുടെ ചിത്രങ്ങള്‍. മധ്യകാല സഭയുടെ ചരിത്രം പരിശോധിച്ചാല്‍ അന്നത്തെ കലാരൂപങ്ങളും പള്ളികളുടെ രൂപകല്പനയുമെല്ലാം മനോഭാവങ്ങളെ എടുത്തുകാണിക്കും. കിരീടം വച്ച് രാജകീയ വസ്ത്രങ്ങളണിഞ്ഞ് കുരിശില്‍ കിടക്കുന്ന യേശുവിന്‍റെ ചിത്രം ഉദാഹരണമാണ്. ബസിലിക്കകളും സിംഹാസനങ്ങളുമെല്ലാം വലിയ പ്രതീകങ്ങളാണ്. ഇന്ന് കേരളത്തിലെ സഭയുടെ പ്രഖ്യാപിതചിത്രവും മറിച്ചല്ല. ശരിക്കുള്ള സഭ (ദൈവജനമാകുന്ന സഭ) മത്സ്യത്തൊഴിലാളിയുടെ കടപ്പുറത്തും മീന്‍മാര്‍ക്കറ്റിലും കുട്ടനാട്ടിലെ ചെളിയിലും മലബാറിലെ മലയോരങ്ങളിലും വയനാട്ടിലെയും പാലക്കാട്ടെയും ആദിവാസികോളണിയിലുമാണ്.

സാമൂഹ്യദര്‍ശനപരമായ കാഴ്ചപ്പാടുകള്‍
'ഈ തൊഴുത്തില്‍പ്പെടാത്ത ആടുകളും' എന്ന സുവിശേഷദര്‍ശനം കേരളസഭ കണ്ടെത്തേണ്ടതുണ്ട്. ആരാണ് സഭ? പള്ളിയില്‍ വരുന്നവര്‍ മാത്രമാണോ സഭാശുശ്രൂഷകരുടെ ശ്രദ്ധയില്‍പ്പെടേണ്ടവര്‍. ആരാണ് അയല്‍ക്കാരന്‍. ക്രിസ്ത്യാനി മാത്രമോ? സമുദായിക – ജാതീയ പരിമിതപ്പെടുത്തലുകള്‍ സഭയ്ക്കു ചേരുന്നതല്ല. സമുദായം – റീത്ത് – ഭാഷാ പരിമിതപ്പെടുത്തലുകള്‍ സഭയുടെ അടിസ്ഥാന സ്വഭാവത്തിനു ചേര്‍ന്നതല്ല. ഇത്തരം ചിന്തകള്‍ നാമോരോരുത്തരുടെയും രക്തത്തില്‍ത്തന്നെ കലര്‍ന്നിരിക്കുന്നു. യേശുവിന്‍റെ രക്തം നമ്മെ അധികം സ്വാധീനിച്ചിട്ടില്ല.

പ്രേഷിതപരമായ നിലപാടുകള്‍
ഇന്നത്തെ കേരളസഭയുടെ മിഷന്‍ദര്‍ശനങ്ങള്‍ പുനഃപരിശോധിക്കണം. അധികാരപരിധി വര്‍ദ്ധിപ്പിക്കാനുള്ള കഠിനാധ്വാനങ്ങള്‍ ആദരിക്കപ്പെടേണ്ടതാണ്. എന്നാല്‍ അതാര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ഉത്തരേന്ത്യയിലെ ദളിതനും ദരിദ്രനും നമ്മുടെ മലബാറും മലങ്കരയും ലത്തീനുമൊന്നും പ്രധാനമല്ല. അവരുടെ വിശപ്പും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങളും സഭയുടെ നിറത്തിന്‍റെയും പ്രാര്‍ത്ഥനയിലെ ട്യൂണിന്‍റെയും വേര്‍തിരിവുകളില്ലാത്തതാണ്. സഭാശുശ്രൂഷകരുടെ വേഷഭൂഷാദികള്‍ അവര്‍ക്ക് മനസ്സിലാകില്ല. കേരളത്തിലെ സഭ ഇനിയും മിഷനറിയായോ എന്നതാണ് ചോദ്യം.

അജപാലന നിലപാടുകള്‍
കേരളസഭയിലെ അജപാലനപദ്ധതിക്ക് കാലാനുസൃതമായ പരിശീലനങ്ങളും പദ്ധതികളും ഇനിയും രൂപപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ ആവര്‍ത്തിക്കപ്പെടുന്ന പരമ്പരാഗതരീതികള്‍ക്ക് ചില മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍ അജപാലനശുശ്രൂഷകള്‍ ആവശ്യത്തിന് ഫലദായകമായിട്ടില്ല. ഇന്ന് സഭാംഗങ്ങളില്‍ വലിയൊരു ശതമാനവും വിശ്വാസം ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യമായി എടുക്കാത്തവരാണ്. ഒരുതരം സൂപ്പര്‍ മാര്‍ക്കറ്റ് ആത്മീയതയാണിന്ന്. കണ്‍സ്യൂമര്‍ ഫ്രണ്ട്ലിയായ ബിസ്സിനസ്സ് നടത്തി ലാഭമുണ്ടാക്കുന്ന സാഹചര്യമാണുള്ളത്. സമൃദ്ധിയുടെ സുവിശേഷത്തിനാണ് ഇക്കാലത്ത് കേള്‍വിക്കാരേറുന്നത്. രാഷ്ട്രീയശൈലീനേതൃത്വമാണ് വിജയമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. പരസ്പരം പുകഴ്ത്തിയും അവാര്‍ഡുകൊടുത്തും നേതാക്കള്‍ സ്വയം സംതൃപ്തരാകുന്നു. ദൈവജനത്തിന്‍റെ ജീവിതത്തെ ഇത്തരം ആഘോഷങ്ങളൊന്നും കാര്യമായി സ്പര്‍ശിക്കുന്നില്ല.

എന്താണ് പരിഹാരം?
ഇവിടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. ആനുകാലികങ്ങളായ പ്രമാദവിഷയങ്ങള്‍ ഈ അവതരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും ചില പ്രായോഗിക പാഠങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നു. കേരളസഭയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മനസ്സുവന്നുചേരാന്‍ വളരെയധികം ആഴത്തില്‍ നാം കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. സൂചനകളെന്നോണം ചില പരിഹാരവഴികള്‍ പരാമര്‍ശിക്കാം.

കേരളസഭയില്‍ പ്രവാചകരുണ്ടാകണം. വ്യക്തികളോ വ്യക്തികളുടെ കൂട്ടായ്മകളോ ആകാമത്. ദൈവഹിതം തിരിച്ചറിഞ്ഞ് അത് എന്തു വിലകൊടുത്തും വിളിച്ചുപറയാന്‍ കൃപയുള്ളവരാണല്ലോ പ്രവാചകര്‍. ജറുസലേം കൗണ്‍സിലിന്‍റെ (അപ്പ. 15) ശൈലി സഭയിലെ തീരുമാനങ്ങളില്‍ ഉണ്ടാകേണ്ടതാണ്. ധാര്‍മ്മികമൂല്യങ്ങള്‍ (സത്യം, നീതി, സമത്വം തുടങ്ങിയവ) സഭാജീവിതത്തിന്‍റെ അടിസ്ഥാനമാര്‍ഗ്ഗരേഖകളാകണം. വ്യക്തിപരവും സംഘാതവുമായ വിശുദ്ധി സഭാജീവിതത്തിന്‍റെ നിര്‍വചനമായിരിക്കട്ടെ. ആരാധനകളും ഭക്തിപ്രസ്ഥാനങ്ങളും വ്യക്തികളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നവയും സ്വഗതവും സര്‍ഗ്ഗാത്മകവുമാകണം. സാമ്പത്തികഘടകങ്ങള്‍ ആരാധനാ – ആത്മീയമേഖലയില്‍നിന്ന് പൂര്‍ണമായും ഒഴിവാകണം. സഭയിലെ നേതൃത്വം സുവിശേഷാത്മകമായിത്തീരണം. യഥാര്‍ത്ഥ സന്യാസം വീണ്ടും സഭയ്ക്ക് കൈമുതലും നവീകരണ പ്രചോദനവുമായി പുനര്‍ജനിക്കണം.

കേരള സഭയുടെ കരുത്ത് ഭാരതീയ മൂല്യങ്ങളും സുവിശേഷവും ചേര്‍ന്നുള്ള ജീവിതസാക്ഷ്യമാണ്. ആ വിധത്തില്‍ കേരളത്തിലെ സഭ അഭിമാനത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ആത്മാര്‍പ്പണത്തിന്‍റെയും സഭയാകട്ടെ!

കേരളസഭയ്ക്കുവേണ്ട
അടിസ്ഥാന നിലപാടുകള്‍
1. ദൈവത്തിന്‍റെ ജനമാണ് സഭ. ജനങ്ങളുടെ ചിത്രമാണ് സഭയെന്നാല്‍ മുമ്പില്‍ വരേണ്ടത്.

2. സഭ ദരിദ്രപക്ഷം ചേര്‍ന്നതുകൊണ്ടുമാത്രമായില്ല, സഭ ദരിദ്രമാകണം.

3. സഭ ലോകത്തിലാണെങ്കിലും ലോകത്തിന്‍റെ മനോഭാവങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അസ്തിത്വപരമായിത്തന്നെ കഴിയാത്ത ഒന്നാണ്.

4. കാലത്തിനും ദേശത്തിനും സംസ്ക്കാരത്തിനുമനുസരിച്ച് അനുരൂപണപ്പെടുകയും അധുനാധുനീകരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് സഭ.

5. സഭയുടെ ലക്ഷ്യം രക്ഷയുടെ പൂര്‍ണ്ണതയാണ്. യേശുവിലും അവിടുത്തെ സുവിശേഷത്തിലും സഹനവഴിയിലൂടെയുമാണ് രക്ഷയുടെ പൂര്‍ണതയായ നിത്യതയില്‍ എത്തുന്നത്.

പത്തു പ്രമാണങ്ങള്‍:
കേരള സഭയ്ക്കുവേണ്ടി ഒരു പുനര്‍വായന
1. ദൈവമഹത്വം മാത്രമായിരിക്കണം കേരളസഭയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ഏകലക്ഷ്യം.

2. ദൈവത്തിന്‍റെ പേരില്‍ നടത്തുന്ന ഭക്ത്യാഭ്യാസങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും ഭൗതിക – സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കരുത്.

3. ബഹളമയമായ പ്രാര്‍ത്ഥനകളും വിവിധ പരിപാടികളും പൂര്‍ണമായി ഉപേക്ഷിച്ച് ഏകാന്തവും ആന്തരികവുമായ ദൈവാനുഭവത്തിന് ഇടവരുത്തണം.

4. സഭയിലെ അജപാലക നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ വ്യക്തിതാല്പര്യങ്ങള്‍, കക്ഷിക്കൂറുകള്‍ എന്നിവയില്‍ പ്രേരിതമാണ് എന്ന് എന്തെങ്കിലും സംശയമുണ്ടായാല്‍ ആ തിരഞ്ഞെടുപ്പുകള്‍ നൂറുശതമാനവും ഉപേക്ഷിക്കണം. നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും രക്ഷയെ ലക്ഷ്യം വച്ചുള്ളതുമാകണം.

5. വിശ്വാസീസമൂഹത്തില്‍ ഏതു പേരിലായാലും മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്.

6. വ്യക്തിപൂജ, ആള്‍ദൈവ വണക്കം തുടങ്ങിയവയും സ്ഥലബദ്ധമായ പുണ്യവില്‍പനയും പാടില്ല.

7. കളവുപറയുകയും കള്ളത്തരം ചെയ്യുകയും ചെയ്യുന്നവര്‍ ആരുതന്നെയായാലും അവര്‍ ശിക്ഷിക്കപ്പെടണം. നേതൃസ്ഥാനങ്ങള്‍ അത്തരം ശുശ്രൂഷകര്‍ക്ക് നല്‍കാന്‍ പാടില്ല.

8. എല്ലാ ശുശ്രൂഷകളും ശുശ്രൂഷകരും വിശ്വാസ്യത ഉറപ്പാക്കണം.

9. കച്ചവടശൈലിയുള്ള യാതൊന്നും സഭയ്ക്കു പാടില്ല. ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ചുവേണം സഭ ജീവിക്കാന്‍.

10. സുവിശേഷത്തിനു നിരക്കാത്തതൊന്നും സഭയ്ക്കു പാടില്ല.

(കേരള തിയോളജിക്കല്‍ അസോസിയേഷന്‍റെ (കെ.ടി.എ.) വാര്‍ഷിക സമ്മേളനത്തോടനു ബന്ധിച്ച് എറണാകുളത്ത് പി.ഒ.സിയില്‍ നടത്തിയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org