‘പൊതുഭവനത്തിന് ‘ തീയിടാന്‍ ട്രംപ്

‘പൊതുഭവനത്തിന് ‘ തീയിടാന്‍ ട്രംപ്

ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട്

ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപനെകുറിച്ച് ലൂക്കായുടെ സുവിശേഷം 18-ാം അദ്ധ്യായത്തില്‍ പരാമര്‍ശമുണ്ടല്ലോ. ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രവേശിച്ചതു മുതല്‍ നാളിതുവരെയുള്ള പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ ഈ സംജ്ഞ ആധുനികകാലത്ത് ഏറ്റവും ചേരുന്നത് ട്രംപിനായിരിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനായി അമിതദേശീയതയും തീവ്രവംശീയതയും തുറുപ്പ്ചീട്ടാക്കിയ ട്രംപ് തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്‍റനെ ചെറിയൊരു ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയെങ്കിലും അമേരിക്കന്‍ജനതയുടെ പൂര്‍ണ്ണ പിന്തുണ കരസ്ഥമാക്കാനായിട്ടില്ലയെന്നത് ഒരു വസ്തു തതന്നെയാണ്. ഇക്കഴിഞ്ഞ ദിവസം പാരീസ് കാലാവസ്ഥ ഉച്ചകോടി (2015 ഡിസംബര്‍ 23) തീരുമാനങ്ങളില്‍നിന്ന് പിന്‍മാറിയ ട്രംപ് അമേരിക്കയിലെതന്നെ 56% ജനങ്ങളുടെ ഹിതത്തിന് വിപരീതമായാണ് പ്രവര്‍ത്തിച്ചത്. പാരീസ് ഉടമ്പടിയില്‍ ഒപ്പുവച്ച 195 രാഷ്ട്രങ്ങളുടെ എതിര്‍പ്പ് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആഗോളതാപന വര്‍ദ്ധന 2020-ല്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തെ ട്രംപിന്‍റെ മകളും ഔദ്യോഗിക ഉപദേശകയുമായ ഇവാന്‍ക പോലും എതിര്‍ത്തിരുന്നു എന്നറിയുന്നു. ഇക്കാര്യത്തില്‍ ഭാരതത്തിന് ഒരു രഹസ്യ അജണ്ടയുണ്ടെന്ന് തോന്നിപ്പിക്കും വിധം ഒരു ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. പ്ലൂട്ടോക്രസിയില്‍ (പണക്കാരുടെ ഭരണം) വിശ്വസിക്കുന്ന മോദി അമേരിക്കക്കെതിരെ തീവ്രനിലപാടെടുക്കാത്തതിനാല്‍ അത്ഭുതപ്പെടാനില്ല. അത് അദ്ദേഹത്തിന്‍റെ സ്യൂഡോ ഡിപ്ലമസിയുടെ ഭാഗവുമാകാം! പാലങ്ങള്‍ക്ക് പകരം മതില്‍ പണിയുകയും അഭയാര്‍ത്ഥികളെ അമേരിക്കയുടെ ശത്രുക്കളെപ്പോലെ കാണുകയും ചെയ്യുന്ന ട്രംപിനെ, പോപ്പ് ഫ്രാന്‍സിസ് "നിങ്ങള്‍ ഒരു ക്രിസ്ത്യാനിയല്ല" എന്നു വിളിച്ചെങ്കില്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. ഏതായാലും പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുള്ള ട്രംപിന്‍റെ പിന്‍മാറ്റം മൂലം അമേരിക്ക അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടുകയാണ്. ബറാക് ഒബാമ തുടങ്ങിവച്ച ആരോഗ്യസംരക്ഷണ പദ്ധതികള്‍ (ഒബാമ കെയര്‍) അടക്കം പല പദ്ധതികളും റദ്ദാക്കുന്നത് രാഷ്ട്രീയ പകപോക്കലായി കാണാമെങ്കിലും അതിന്‍റെയെല്ലാം ദുരന്തഫലങ്ങള്‍ ലോകത്തെ വിഴുങ്ങാനായി കാത്തിരിക്കുന്നുവെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ഭൂമിയെ കാര്‍ബണ്‍ വിമുക്തമാക്കുക എന്ന മനുഷ്യനിലനില്‍പ്പിനായുള്ള അടിയന്തിരപ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ അതിനശീകരണശക്തിയുള്ള ഒരു ബോംബാണ് ട്രംപ് വര്‍ഷിച്ചിരിക്കുന്നത്. ലോകചരിത്രത്തില്‍ പട്ടിണിയെയും ദാരിദ്ര്യത്തെയും നേരിടാന്‍ അമേരിക്ക ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ട്രംപിന്‍റെ ഈ തീരുമാനം മൂലം നിഷ്പ്രഭമാകുന്നു.

2018 ഡിസംബറിലെ പാരീസ് കാലാവസ്ഥ ഉച്ചകോടി ജനാധിപത്യസ്വഭാവംകൊണ്ടും ദരിദ്രരാഷ്ട്രങ്ങള്‍ക്ക് ആവും വിധത്തിലുള്ള പങ്കാളിത്തം സാധ്യമാക്കിക്കൊണ്ടും സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പരസ്പരവിശ്വാസം മുഖമുദ്രയാക്കിയ ഈ ഉടമ്പടിയില്‍നിന്ന് പിന്‍മാറുമ്പോഴുള്ള നഷ്ടപരിഹാരത്തെക്കുറിച്ചൊന്നും ഇതില്‍ കര്‍ശനനിയമങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ് കരാറിന്‍റെ ന്യൂനത. പ്രശ്നം സര്‍വ്വരാഷ്ട്രങ്ങള്‍ക്കുംമേല്‍ 'കാര്‍ബണ്‍ കരിനിഴല്‍' വീഴ്ത്തുന്നതാകയാല്‍ എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് അന്തരീക്ഷമലിനീകരണത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ചൈന, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളൊന്നും, പിന്‍വാങ്ങുകയില്ലയെന്നുള്ള വിശ്വാസത്തിലിരിക്കുമ്പോഴാണ് കൊടുംചതിയെന്ന് വിശേഷിപ്പിക്കാവുന്ന ട്രംപിന്‍റെ തീരുമാനം. "പാരീസ് എനിക്ക് പ്രശ്നമല്ല" അമേരിക്കയുടെ പുരോഗതി മാത്രമാണ് എന്‍റെ മുമ്പിലുള്ളതെന്ന് വീമ്പിളക്കുന്ന ട്രംപ് ഒരു കാര്യം വിസ്മരിക്കാതിരുന്നാല്‍ നന്ന്. ഇപ്പോള്‍ തന്നെ അമേരിക്കയുടെ വന്‍കാര്‍ബണ്‍ വമനം വഴിയായി ആഗോളതാപനം 0.20 C വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കാന്‍ ഡോണാള്‍ഡ് ട്രംപിനാകുമോ? ചില്ലുകൂട്ടിലിരുന്ന് മറ്റുള്ളവരെ കല്ലെറിയുന്ന ട്രംപിന്‍റെ ഹിഡന്‍ അജണ്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളുടെ അധോഗതിതന്നെയാണ്. ഇറാക്ക് യുദ്ധ തീരുമാനത്തേക്കാള്‍ പ്രധാനപ്പെട്ട ഒന്നാണ് ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റമെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം. ലോകരാഷ്ട്രങ്ങള്‍ അതീവപുച്ഛത്തോടെയാണ് അത് കാണുന്നതെന്ന് ഈ ദിവസങ്ങളില്‍ കാണുന്ന ആഗോള പ്രതിഷേധത്തില്‍നിന്ന് വ്യക്തമാണല്ലോ.
മലിനീകരണ നിയന്ത്രണത്തില്‍ മാതൃക കാണിച്ച കാലിഫോര്‍ണിയയുടെ ഉജ്ജ്വല മാതൃക ട്രംപ് എന്തേ കാണാതെ പോകുന്നു! അവിടെ കാര്‍ബണ്‍ മലിനീകരണം കാര്യമായി നിയന്ത്രിക്കാനായി എന്ന് മാത്രമല്ല, ആയിരകണക്കിന് സാങ്കേതിക വിദഗ്ധര്‍ക്ക് തൊഴിലും ലഭിച്ചു.

അമേരിക്ക, പാരീസ് കരാറില്‍ നിന്ന് പിന്‍വാങ്ങുന്നത് ആഗോളതാപനനിയന്ത്രണത്തില്‍ സൗരോര്‍ജ്ജംപോലുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്ഥാപിക്കുന്നതിനെ സാരമായി ബാധിക്കുമെങ്കിലും 195 ലോകരാഷ്ട്രങ്ങളുടെ നേരെ മുഖം തിരിച്ചുനില്‍ക്കുന്ന ട്രംപിനെ ഒഴിവാക്കി തങ്ങളാലാവും വിധം ഈ വര്‍ണ്ണപ്രപഞ്ചത്തെ സംരക്ഷിക്കുകയെന്ന കാര്യം ഏറ്റെടുക്കുക എന്ന മറുചിന്തയ്ക്ക് ഇപ്പോള്‍ ചിറക് മുളച്ചിട്ടുണ്ട്. 'പണക്കാരന്‍റെ ധാര്‍ഷ്ട്യത്തിന് എതിരെയുള്ള ആഗോളപ്രതികരണമാണിത്. ഉചിതമായ സമയത്ത് സാമ്പത്തികസഹായം നല്‍കാനുള്ള മറ്റൊരു ഉടമ്പടിയെക്കുറിച്ച് ആലോചിക്കാമെന്ന ട്രംപിന്‍റെ ഇരട്ടത്താപ്പിനൊന്നും അമേരിക്കയ്ക്ക് എതിരേയുള്ള ലോകപ്രതിഷേധത്തെ തണുപ്പിക്കാനാകുമെന്ന് തോന്നുന്നില്ല.

ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ മലിനീകരണമുണ്ടാക്കുന്ന ചൈനക്കും നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയ്ക്കും വേണ്ടി അമേരിക്ക എന്തിന് നഷ്ടം സഹിക്കുന്നു എന്ന ചോദ്യം അമേരിക്കക്കാരുടെ കൈയ്യടി ലഭിക്കാന്‍ സഹായകരമായിരിക്കും എന്നത് ട്രംപിന്‍റെ തെറ്റിദ്ധാരണ മാത്രമാണ്. പ്രസിഡന്‍റിന്‍റെ സ്വദേശ-വിദേശ നയങ്ങള്‍ക്ക് അമേരിക്കയില്‍ നിന്നു തന്നെ ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ കോടതികളും പ്രസിഡന്‍റിന്‍റെ നയങ്ങള്‍ (പ്രത്യേകിച്ച് തീവ്രവാദത്തിന്‍റെ പേരില്‍ മുസ്ളീംരാഷ്ട്രങ്ങളുടെ വിസ സംബന്ധിച്ചുള്ളത്) സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. വന്‍കിട കല്‍ക്കരിഖനി ഉടമകളില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റിയതിന്‍റെ പ്രത്യുപകാരമായി കരാറില്‍ നിന്നുള്ള പിന്‍മാറ്റത്തെ കാണുന്നവരുമുണ്ട്.

അമേരിക്കപോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ക്കൊപ്പം ആഫ്രിക്കയിലെ ചില ദരിദ്രരാഷ്ട്രങ്ങളും തങ്ങളാലാകുംവിധം അമ്മഭൂമിയുടെ നാശത്തെ തടുക്കുന്നതിനുള്ള ഈ വലിയ പദ്ധതിയില്‍ പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക ദാരിദ്ര്യമല്ല മനസ്സിന്‍റെ വികസനമില്ലായ്മയുടെ ഫലമാണ് ട്രംപിന്‍റെ തീരുമാനം. 2020 മുതല്‍ പ്രതിവര്‍ഷം ഏഴരലക്ഷം കോടി ഡോളറാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരുന്നത്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുകവഴി ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുക എന്നതാണ് ഈ ഫണ്ടിന്‍റെ ലക്ഷ്യം.

ആഫ്രിക്കന്‍ ചെറുരാജ്യങ്ങളേയും ഭാരതംപോലുള്ള വികസ്വരരാഷ്ട്രങ്ങളേയും സഹായിക്കേണ്ടതില്ല എന്ന നിലപാടിനു പിന്നില്‍ യുഎസ് ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു ചരിത്രസത്യമുണ്ട് – ഈ രാജ്യങ്ങളിലെ വിഭവസമ്പത്ത് ചൂഷണം ചെയ്തും കറുത്തവരെക്കൊണ്ട് മനുഷ്യരഹിതമായ അടിമപ്പണി ചെയ്യിപ്പിച്ചുകൊണ്ടുമാണ് അമേരിക്ക സമ്പന്നമായത് എന്നത്.

ഓരോ വര്‍ഷവും ഒന്നരലക്ഷം പേര്‍ക്ക് ആഗോളതാപനം മൂലം ജീവന്‍ നഷ്ടപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന ഈയിടെ പ്രഖ്യാപിക്കുകയുണ്ടായല്ലോ. ക്ഷയിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാരോഗ്യത്തിനുമേല്‍ പതിക്കുന്ന മറ്റൊരാഘാതമാണ് ട്രംപിന്‍റെ പിന്‍മാറ്റമെന്ന് ആരോഗ്യരക്ഷാപ്രവര്‍ത്തകര്‍ നിരാശയോടെ നോക്കികാണുന്നു. ലോകത്തെ കൂടുതല്‍ ദരിദ്രമാക്കാനും രോഗാതുരമാക്കാനും മാത്രമേ ഈ കരാര്‍ ലംഘനം ഉപകരിക്കുകയുള്ളൂ.
ലോകം ആദരിക്കുന്ന ഫ്രാന്‍സിസ് പാപ്പ 2015 ജൂണ്‍ 18-ന് പുറപ്പെടുവിച്ച 'ലൗദാത്തോ സീ' എ ന്ന ചാക്രികലേഖനത്തെ പ്രത്യക്ഷമായും പരോക്ഷമായും വെല്ലുവിളിക്കുന്നതാണ് ട്രംപിന്‍റെ ഈ നടപടി. ഈ പ്രപഞ്ചം "നമ്മുടെ പൊതുഭവനം" എന്ന മാര്‍പാപ്പയുടെ വിശേഷണം എത്ര ആദരവോടെയാണ് ലോകം സ്വീകരിച്ചത്. നന്മയുടെ പ്രചാരകനും ധാര്‍മ്മികതയുടെ അദ്ധ്യാപകനുമായാണ് ഫ്രാന്‍സിസ് പാപ്പ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ആധുനിക ലോകത്തിന് കത്തോലിക്ക സഭ സമ്മാനിച്ച ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് 'ലൗദാത്തോ സീ'. ഈയിടെ മാര്‍പാപ്പയെ സന്ദര്‍ശിച്ച ട്രംപ് രണ്ട് നാള്‍ കഴിഞ്ഞ് പരിശുദ്ധ പിതാവിന്‍റെ സന്ദേശം ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ പാപ്പയുമായുള്ള സൗഹൃദസന്ദര്‍ശനം ഒന്നാന്തരം അഭിനയമായിട്ടല്ലേ കാണാന്‍ കഴിയൂ!

മാര്‍പാപ്പയുടെ ചാക്രികലേഖനവും ഭൂമിയുടെ നിലനില്‍പ്പിനെ കാംക്ഷിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ ആഹ്വാനവും ലോകം ഗൗരവമായി പരിഗണിച്ചതിന്‍റെ ഫലമായി, മുമ്പ് തകര്‍ന്നുപോയ ഓസോണ്‍ പാളികള്‍ കൂടിച്ചേരുന്നതിന്‍റെ സദ്വാര്‍ത്ത സസന്തോഷം ശ്രവിച്ചാശ്വസിച്ച ലോകത്തിന് ട്രംപിന്‍റെ ധിക്കാരം കലര്‍ന്ന പ്രഖ്യാപനം സൃഷ്ടിച്ച ആഘാതം ചെറുതല്ല. ട്രംപിന്‍റെ സ്വാധീനത്തിലും ശക്തിയിലും മറ്റു രാഷ്ട്രങ്ങള്‍ വിധേയപ്പെട്ടാല്‍ ആഗോളതാപനം 1.50 C താഴെയാക്കി നിര്‍ത്താമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എബ്രഹാം ലിങ്കനും ജോണ്‍ എഫ് കെന്നഡിയും ഒബാമയും മറ്റും അലങ്കരിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ അതിവിശിഷ്ടമായ ഇരിപ്പിടത്തിലാണ് ഡോണാള്‍ഡ് ട്രംപ് ഇരിയ്ക്കുന്നതെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം വല്ലപ്പോഴെങ്കിലും അനുസ്മരിക്കുന്നത് ഉചിതമായിരിക്കും.
ട്രംപിന്‍റെ പിന്‍മാറ്റപ്രഖ്യാപനം വന്ന ദിവസംതന്നെ അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുപാളിക്ക് വിള്ളല്‍ വീണു എന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. രണ്ടായിപ്പിളര്‍ന്ന മഞ്ഞുപാളികള്‍ തമ്മിലുള്ള അകലം ആറു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനൊന്ന് മൈല്‍ ആയി എന്നത് താപനം മൂലമുള്ള മഞ്ഞുരുകലിന്‍റെ തെളിവാണ്. ഇത് തുടര്‍ന്നാല്‍ മാലിദ്വീപ്പോലുള്ള രാഷ്ട്രങ്ങളുടെയും സമുദ്രതീരപ്രദേശങ്ങളുടേയും ഭാവി അപകടത്തിലായിരിക്കും.

അനുബന്ധചിന്ത:
ട്രംപിന്‍റെ തീരുമാനം ധിക്കാരമെന്ന് മുദ്രകുത്തി പ്രതിഷേധിക്കാന്‍ പലരും ഉണ്ടായെന്നിരിക്കും. ഭാവിതലമുറയുടെ ക്ഷേമത്തിനായി നമുക്ക് മുമ്പേ പോയവര്‍ നട്ടുപിടിപ്പിച്ച വൃക്ഷങ്ങളുടെ കടയ്ക്കല്‍ കോടാലി വച്ച്, മനുഷ്യന്‍റെ സ്പര്‍ശനമേല്‍ക്കാന്‍ കൊതിച്ചിരിക്കുന്ന അമ്മമണ്ണിനെ ടാറിട്ട് കുഴിച്ചുമൂടുന്ന നടപടിയുമായി മുന്നോട്ട് തന്നെ!! പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വൃക്ഷതൈകളുടെ വിലാപദിനമാകാതിരിക്കട്ടെ.
(പരിസ്ഥിതി പ്രവര്‍ത്തകനായ ലേഖകന്‍ ഏങ്ങണ്ടിയൂര്‍ എം. ഐ. മിഷന്‍ ആസ്പത്രി ഡയറക്ടറാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org