പൗരോഹിത്യം: നിത്യതയെ മറക്കാതെ നിരന്തരം നവീകരിക്കപ്പെടുക

പൗരോഹിത്യം: നിത്യതയെ മറക്കാതെ നിരന്തരം നവീകരിക്കപ്പെടുക

ഫാ. പോള്‍ ആച്ചാണ്ടി സി.എം.ഐ.
പ്രിയോര്‍ ജനറല്‍, സി.എം.ഐ. സഭ

യഹൂദരുടെ വിശുദ്ധദിനങ്ങളില്‍ ഏറ്റവും പ്രധാനമായി കരുതുന്നത് സാബത്തുകളുടെ സാബത്ത് എന്നു വിശേഷിപ്പിക്കപ്പെടുന്ന പാപപ്പരിഹാരദിനമാണ്. ഒരു വര്‍ഷത്തെ മുഴുവന്‍ പാപങ്ങള്‍ക്കും പരിഹാരം ചെയ്യുന്നതും വിശുദ്ധീകരിക്കപ്പെടുന്നതുമായ ഒരു ദിനം. ആ ദിനത്തില്‍ മൂന്നു കാര്യങ്ങള്‍ക്കു വേണ്ടിയാണ് പുരോഹിതന്‍ പ്രാര്‍ത്ഥിക്കുക. ഒന്ന്, തനിക്കുവേണ്ടി, രണ്ട്, പുരോഹിത ഗണത്തിനു വേണ്ടി, മൂന്ന്, മുഴുവന്‍ ഇസ്രായേല്‍ ജനത്തിനു വേണ്ടി. ഈ പ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തിലുള്ളതാണ് യോഹന്നാന്‍റെ സുവിശേഷം 17-ാം അദ്ധ്യായത്തിലെ ഈശോയുടെ പ്രസിദ്ധമായ പ്രാര്‍ത്ഥന.

മൂന്ന് അവബോധങ്ങളാണ് ഈ പ്രാര്‍ത്ഥനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ദൈവവുമായുള്ള അനുരഞ്ജനമാവശ്യമാണ് എന്നതാണ് ഒന്ന്. തങ്ങള്‍ വേര്‍തിരിക്കപ്പെട്ട വിശുദ്ധജനമാണ് എന്ന അവബോധമാണ് രണ്ടാമത്തേത്. ഈ അവബോധത്തിന്‍റെ ഫലമായി ഉണ്ടാകേണ്ട ഒരു തിരിച്ചു പോക്കിന്‍റെ ആവശ്യകതയാണ് മൂന്നാമത്തേത്.

തന്‍റെ ഈ ചരിത്രപശ്ചാത്തലത്തില്‍ നിന്നു കടമെടുത്തുകൊണ്ടാണ് ഈശോയും പ്രാര്‍ത്ഥിക്കുന്നത്. തനിക്കുവേണ്ടിയും അപ്പസ്തോലന്മാര്‍ക്കുവേണ്ടിയും വരാനിരിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കു വേണ്ടിയുമാണ് ഈശോ പ്രാര്‍ത്ഥിക്കുന്നത്. തനിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന യേശു തുടങ്ങുന്നത് സ്വര്‍ഗത്തിലേയ്ക്കു കണ്ണുകളുയര്‍ത്തിക്കൊണ്ടാണ്. ഇക്കാലത്തെ പൊതുവായ കാഴ്ചപ്പാട് വളരെ ലൗകീകമാണ്. നിത്യതയും നിത്യരക്ഷയും ആധാരമാക്കിയുള്ള വീക്ഷണവും പ്രവൃത്തിയും ആളുകള്‍ക്ക് ഒരു പരിധിവരെ അചിന്തനീയമായി തോന്നുന്നു. പ്രായോഗികവാദം എല്ലായിടത്തും മുന്നിട്ടു നില്‍ക്കുന്നു. പരലോകത്തെ കുറിച്ചുള്ള ചിന്തയിലേയ്ക്കും നിത്യതയെ സംബന്ധിച്ച സംവാദങ്ങളിലേയ്ക്കും പോകാന്‍ വലിയ മടി മനുഷ്യര്‍ക്കുണ്ട്. ലൗകികതയും താത്കാലികതയും പ്രായോഗികവാദവും മതനിരാസവും എല്ലാ തലങ്ങളിലും വളരെയധികം വേരൂന്നിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഈശോ സ്വര്‍ഗത്തിലേയ്ക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചുവെന്നതിനു സവിശേഷമായ പ്രാധാന്യമുണ്ട്. വൈദികരുടെയും വിശ്വാസികളുടെയും അസ്തിത്വത്തിന് അര്‍ത്ഥമുള്ളത് സ്വര്‍ഗവുമായും നിത്യതയുമായും അതിനെ ബന്ധപ്പെടുത്തുമ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍ ഒരു ക്ലബ്ബിന്‍റെയോ സംഘടനയുടെയോ അവസ്ഥയില്‍ നിന്നു വേറിട്ടൊരു അസ്തിത്വം നമുക്ക് അവകാശപ്പെടാനാകില്ല. നിത്യതയെ അവഗണിച്ചതാണ് നമ്മുടെ കാലഘട്ടത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം. വളരെ ലാഘവത്തോടെ നാം മുന്നോട്ടു നീങ്ങുന്നത് അതുകൊണ്ടാണ്. യേശുവിന്‍റെ പ്രാര്‍ത്ഥനയിലെ നിത്യത സംബന്ധിച്ച ഘടകം വൈദികര്‍ പ്രധാനമായി കരുതേണ്ടതാണ്.

'സ്വര്‍ഗത്തിലേയ്ക്കു കണ്ണുകളുയര്‍ത്തുക' എന്നു പറയുമ്പോള്‍ അതൊരു ദര്‍ശനത്തെ സൂചിപ്പിക്കുന്നു. കാഴ്ചയും കാഴ്ചപ്പാടും വികലമാകുന്ന ഒരു കാലമാണിത്. കണ്ണിന്‍റെ പ്രശ്നവും കണ്ണടയുടെ പ്രശ്നവും ഇതിലുണ്ട്. നമ്മുടെ വ്യക്തിപരമായ കാഴ്ചയുടെ പ്രശ്നമുണ്ട്, നമ്മുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്ന സമൂഹത്തിന്‍റെ പ്രശ്നവുമുണ്ട്. ചാവറപ്പിതാവ് സന്യാസത്തിനു കൊടുത്ത പേര് 'ദര്‍ശനവീട്' എന്നാണ്. മലമുകളിലെ ദര്‍ശനവീട്. അതായത്, ഉന്നതമായ കാഴ്ചപ്പാടുകളുള്ള ഭവനം. ഉന്നതങ്ങളിലേയ്ക്കു കാഴ്ച തുറക്കുന്ന ഒരു ഭവനമാണ് സന്യാസവും പൗരോഹിത്യവും. അതാണ് ഇന്നു വൈദികര്‍ക്കു വേണ്ടത്.

പ്രാര്‍ത്ഥനയിലെ രണ്ടാമത്തെ ഘടകം മഹത്ത്വപ്പെടുത്തലിന്‍റേതാണ്. ദൈവത്തെ മഹത്ത്വപ്പെടുത്തുക. എല്ലാവരും സ്വയം മഹത്ത്വപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. ഇന്നത്തെ വൈദികരുടെ ഒരു പ്രശ്നം ഇവിടെയാണുള്ളത്. സ്തുതിബഹുമാനങ്ങള്‍ ആഗ്രഹിക്കുകയും അതു നല്‍കുന്ന ഉപജാപകവൃന്ദത്തിന്‍റെ നടുവിലകപ്പെടുകയും ചെയ്യുന്നതിനാല്‍ പ്രവാചകസ്വരവും പ്രവാചകതീക്ഷ്ണതയും നഷ്ടമാകുന്ന അവസ്ഥ. ഈശോ പിതാവിനെയാണു മഹത്ത്വപ്പെടുത്തിയത്. അതിനെ മാതൃകയാക്കുകയാണു വൈദികരുടെയും വിശ്വാസികളുടെയും കടമ.

മൂന്നാമതായി, ഈശോ ശിഷ്യര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്ഥിതി. "ഇതോ നിന്‍റെ അന്തസ്സിനടുത്ത ജീവിതം? നിന്‍റെ ഹൃദയത്തെ പകുത്ത് ഒരു പങ്ക് ദൈവത്തിനും ഒരു പങ്ക് ലോകത്തിനും കൊടുക്കാന്‍ നീ ഭാവിച്ചിരിക്കുന്നുവോ? എന്നാല്‍, മനുഷ്യനു ചൊവ്വുള്ള വഴി ഇതാകുന്നുവെന്നു തോന്നുന്നുവോ?" ചാവറയച്ചന്‍ വൈദികരോടു ചോദിക്കുകയാണ്. ദൈവത്തില്‍ നിന്നുള്ള മഹത്ത്വത്തേക്കാള്‍ മനുഷ്യരുടെ പ്രശംസ അവര്‍ ആഗ്രഹിക്കുന്നു എന്ന ബൈബിള്‍ വചനം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

ശിഷ്യര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ വൈദികരുടെ വിശുദ്ധീകരണമാണ് ഈശോയുടെ ഒരു പ്രധാന ലക്ഷ്യം. വൈദികര്‍ക്കു ധാരാളം കുറവുകള്‍ ഉണ്ടാകും. ശിഷ്യര്‍ക്ക് നിരവധി പോരായ്മകള്‍ ക്രിസ്തുവിന്‍റെ കാലത്തു തന്നെ ഉണ്ടായിരുന്നു. അവരെ വിശുദ്ധീകരിക്കുക എന്നത് ക്രിസ്തുവിന്‍റെ ഒരു പ്രധാന ലക്ഷ്യമായിരുന്നു….

….ആ വിശുദ്ധീകരണ പ്രാര്‍ത്ഥനയില്‍ വൈദികാന്തസ്സിന്‍റെ ആഭിജാത്യം അഭിലഷിക്കുകയാണ്. ഒരു സംഗതിയുടെ വിശുദ്ധീകരണമെന്നത് അതിന്‍റെ മൗലികമായ ദൗത്യത്തിലേയ്ക്കും ഭാവത്തിലേയ്ക്കും ഉള്ള തിരിച്ചുപോക്കാണ്. വൈദികന്‍റെ സ്വത്വവും സത്തയും നഷ്ടപ്പെട്ടുവെങ്കില്‍ അയാള്‍ ഫലത്തില്‍ വൈദികനല്ലാതായി മാറുകയാണ്. അതു വീണ്ടെടുക്കുക അത്യാവശ്യമാണ്.

സ്വന്തം വിളിയെ കുറിച്ചുള്ള അവബോധം വൈദികജീവിതത്തില്‍ നിര്‍ണായകമാണ്. ഈ അവബോധം ഉണ്ടാകുമ്പോഴാണ് വൈദികവൃത്തിയെ കുറിച്ചു കൃതജ്ഞതാബോധവും അതിനോടു സ്നേഹവും അഭിമാനവും ഉണ്ടാകുകയെന്ന് ചാവറപ്പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും തന്‍റെ കഴിവല്ലെന്ന്, തന്‍റെ വൈദികജീവിതത്തെ കുറിച്ച് ചാവറപ്പിതാവു പറയുന്നു. "വീട്ടില്‍ നിന്നാരു വിളിച്ചു? പട്ടത്വത്തിനായെങ്ങനെ കൂട്ടി? കൊവേന്തയെങ്ങനെ കിട്ടി? പ്രിയോരെന്നാരു വിളിച്ചു? ഇതിനൊക്കെ നിന്നെ കൊള്ളാമോ? ഇല്ലയില്ല നിശ്ചയം. അപ്പോഴോ? ദൈവതിരുമനസ്സു നടക്കും, നടത്തും." വൈദികവിളിയുടെ അടിസ്ഥാനമിതാണ്. വ്യക്തികളുടെ കഴിവുകൊണ്ടല്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെകളെ അവലോകനം ചെയ്യുമ്പോള്‍ നാം കൂടുതല്‍ നന്ദിയുള്ളവരും കര്‍ത്തവ്യനിരതരുമായി മാറും.

ഇന്നത്തെ വൈദികരെ കുറിച്ചു ചിന്തിക്കുമ്പോള്‍ രക്തസാക്ഷിത്വമെന്ന വശവും ഉയര്‍ന്നു വരുന്നു. ആദ്യ നൂറ്റാണ്ടുകളേക്കാള്‍ രക്തസാക്ഷികളുള്ള കാലഘട്ടമാണിതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. വൈദികജീവിതമെന്നാല്‍ രക്തസാക്ഷിത്വമാണ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന്‍റെ ആദ്യത്തെ 5 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്‍റെ പേപ്പല്‍ ശുശ്രൂഷയുടെ അവലോകനമദ്ധ്യേ പറഞ്ഞ ഒരു കാര്യമുണ്ട്, "ഇതൊരു വലിയ ഭാരമാണ്. നമ്മുടെ കഴിവുകൊണ്ട് നമുക്കിതു വഹിക്കാന്‍ കഴിയില്ല. പക്ഷേ ഈശോ നമ്മെ വഹിക്കുന്നതുകൊണ്ടും നമ്മുടെ കൂടെയുള്ളതുകൊണ്ടുമാണ് ഇതു മുന്നോട്ടു പോകുന്നത്." ദൈവമാണ് ഇതു ചെയ്യുന്നതെന്ന ബോദ്ധ്യമാണ് നമുക്കു വേണ്ടത്.

പ്രഥമവും പ്രധാനവുമായി വൈദികന്‍റെ ഗുണം അഥവാ, സത്ത എന്നത് വിശുദ്ധിയാണ്. മറ്റുള്ളവരെ വിശുദ്ധീകരിക്കേണ്ടവര്‍ ആദ്യം സ്വയം വിശുദ്ധീകരിക്കേണ്ടതുണ്ട്. പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നതാണല്ലോ വൈദികരുടെ മൂന്നു ദൗത്യങ്ങള്‍. വിശുദ്ധീകരിക്കണമെങ്കില്‍ വിശുദ്ധി വേണം. നമുക്കുള്ളതു മാത്രമേ നമുക്കു കൊടുക്കാന്‍ കഴിയുകയുള്ളൂ. അല്മായരുടെ ആത്മീയതയേക്കാള്‍ മെച്ചപ്പെട്ട ആത്മീയത വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും ഇല്ലെങ്കില്‍ സഭയില്‍ അതു പ്രതിസന്ധിയുണ്ടാക്കും. ആര് ആരെ നയിക്കും? കുരുടന്‍ കുരുടനെ നയിക്കുന്ന സ്ഥിതി അപകടകരമാണ്. ഈ പ്രതിസന്ധിയുണ്ടാകരുത്. അല്മായരേക്കാള്‍ വലിയ ആത്മീയത വൈദികര്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത സ്ഥിതി പലയിടത്തുമുണ്ട്. അവകാശവാദങ്ങളും യഥാര്‍ത്ഥസ്ഥിതിയും തമ്മില്‍ വലിയ വിടവുണ്ട്. തങ്ങള്‍ക്കു നിരവധി കുറവുകളുണ്ടെന്ന് വൈദികരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, വൈദികരില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനുമാകില്ല.

വൈദികരില്ലാത്ത ഒരു സമൂഹം ദരിദ്രസമൂഹമാണെന്ന് കാള്‍ യുംഗ് പറയുന്നുണ്ട്. കാരണം, വൈദികരാണ് മനുഷ്യന്‍റെ അടിസ്ഥാനപരമായ ആരാധനയ്ക്ക് അവരെ പ്രാപ്തരാക്കുന്നതും ഉത്തരമേകുന്നതും. മനുഷ്യന് എന്തിനെയെങ്കിലും ആരാധിക്കണമെന്നതു നിര്‍ബന്ധമാണ്. പഴയ നിയമത്തില്‍ കാളക്കുട്ടിയെ ആരാധിച്ചതു നമുക്കറിയാം. ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ മറ്റെന്തിനെയെങ്കിലും മനുഷ്യര്‍ ആരാധിക്കും. അതു ധനമായിരിക്കാം, ലൈംഗികതയായിരിക്കാം, പ്രത്യയശാസ്ത്രങ്ങളായിരിക്കാം, പ്രസ്ഥാനങ്ങളായിരിക്കാം. ഈ സാഹചര്യത്തില്‍ ദൈവാരാധനയ്ക്കു മനുഷ്യരെ പ്രാപ്തരാക്കണമെങ്കില്‍ ഉദാത്തരായ വൈദികര്‍ വേണം. അതിനാല്‍ ഏതു കാലഘട്ടത്തിലും മനുഷ്യസമൂഹത്തിനു വൈദികരെ ആവശ്യമുണ്ട്.

അജപാലനശുശ്രൂഷ വളരെ മനോഹരമായ ഒരു ജീവിതദൗത്യമാണ്. മാമോദീസ മുതല്‍ മരണം വരെ ഒരു മനുഷ്യന്‍റെ ജീവിതത്തെ സ്പര്‍ശിക്കാന്‍ കഴിയുന്ന അവസരങ്ങളുള്ളവരാണ് വൈദികര്‍. ഇത്രയേറെ കുടുംബങ്ങളിലെ കുട്ടികളെയും യുവാക്കളെയും വിവാഹിതരെയും വയോധികരെയും എല്ലാം സ്വാധീനിക്കാന്‍ ദൈവം നല്‍കിയിരിക്കുന്ന വലിയ അനുഗ്രഹമാണ് വൈദികരുടെ അജപാലനശുശ്രൂഷ. സന്യാസസഭയിലെ വൈദികര്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണല്ലോ. ഏറ്റവും കൂടുതല്‍ സംതൃപ്തി അവര്‍ക്കു ലഭിക്കുന്നത് അജപാലനശുശ്രൂഷയില്‍ നിന്നാണെന്ന് മിക്കവരും പറയാറുണ്ട്. ഇടവകകളില്‍ ജോലി ചെയ്യുന്നതിന്‍റെ സംതൃപ്തി മറ്റ് സേവനരംഗങ്ങളില്‍ നിന്നും സാധാരണയായി ലഭിക്കാറില്ല. വൈദികനെന്ന നിലയിലുള്ള ആത്മസംതൃപ്തി ഏറ്റവുമേറെ ലഭിക്കുക ഇടവകവികാരിമാര്‍ക്കാണ്. ഇടവകവികാരിയെന്നത് വൈദികര്‍ക്കു മാത്രം ചെയ്യാന്‍ കഴിയു ന്ന ജോലിയാണല്ലോ. സ്ഥാപനങ്ങളുടെ ഭരണം അങ്ങനെയല്ല. കൂടാതെ, ജോലിയിലൂടെ വൈദികരുടെ വിശുദ്ധീകരണം കൂടുതല്‍ നടക്കുന്നതും ഇടവകവികാരിമാരുടെ ജോലിയിലാണ്. ഒരു ശുശ്രൂഷ ചെയ്യുമ്പോള്‍ ആ വ്യക്തി വളരുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതില്‍ വിശുദ്ധീകരണത്തിനുള്ള സാദ്ധ്യത വളരെയേറെയാണ് ഒരു വികാരിയുടെ ജീവിതത്തില്‍.

2008 ഏപ്രില്‍ 16-നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അമേരിക്ക സന്ദര്‍ശിച്ചു. ജോര്‍ജ് ഡബ്ല്യു ബുഷാണ് പ്രസിഡന്‍റ്. ഇതിനു തൊട്ടുമുമ്പാണ് അമേരിക്ക ഇറാഖില്‍ നടത്തിയ ആക്രമണത്തെ വത്തിക്കാന്‍ നിശിതമായി വിമര്‍ശിച്ചത്. സുവിശേഷത്തിനു മാത്രമല്ല സാമാന്യബുദ്ധിക്കും നിരക്കാത്ത ഒന്നാണ് ആ ആക്രമണമെന്നാണ് മാര്‍പാപ്പ കുറ്റപ്പെടുത്തിയിരുന്നത്. ഇത്ര രൂക്ഷമായി അമേരിക്കയെ വിമര്‍ശിച്ചയാളാണെങ്കിലും അമേരിക്കയിലെത്തിയ മാര്‍പാപ്പയ്ക്ക് മറ്റൊരു ലോകനേതാവിനും നല്‍കാത്ത സ്വീകരണമാണ് നല്‍കിയത്. അന്നു പാപ്പയുടെ ജന്മദിനവുമായിരുന്നു. അതെല്ലാം പരിഗണിച്ച് സാധാരണ രാഷ്ട്രത്തലവന്മാര്‍ വരുമ്പോഴുള്ള ചട്ടങ്ങളെല്ലാം മറികടന്ന് ഊഷ്മളമായ സ്വീകരണം ബുഷിന്‍റെ നേതൃത്വത്തില്‍ നല്‍കുകയുണ്ടായി. അതേ കുറിച്ച് ഒരു അഭിമുഖത്തില്‍ ബുഷിനോടു ചോദ്യമുണ്ടായി. അമേരിക്കയെ അന്താരാഷ്ട്രതലത്തില്‍ ഇത്രയേറെ വിമര്‍ശിച്ച ഒരു നേതാവിനെ എന്തിന് ഇപ്രകാരം സ്വീകരിക്കണം എന്നതായിരുന്നു ചോദ്യം. ബുഷ് അതിനു രണ്ടു കാരണങ്ങളാണു പറഞ്ഞത്. "ഒന്ന്, ഒരു രാഷ്ട്രീയനേതാവ് എന്ന നിലയിലല്ല പാപ്പ വരുന്നത്. മറിച്ച് വിശ്വാസികളുടെ പിതാവ് എന്ന നിലയ്ക്കാണ്. രണ്ട്, അദ്ദേഹം സംസാരിക്കുന്നത് തനിക്കോ തന്‍റെ രാജ്യത്തിനോ വേണ്ടിയല്ല. മറിച്ച്, മനുഷ്യവംശത്തിനു വേണ്ടിയാണ്." ഒരു വൈദികന്‍റെ രണ്ടു പ്രധാന ധര്‍മ്മങ്ങള്‍ ഇതില്‍ വരുന്നുണ്ട്. ഒന്ന് വിശ്വാസികളുടെ പിതാവ് എന്നതാണ്. മറ്റൊന്ന്, മറ്റുള്ളവരുടെ സ്വരമാണെന്നതാണ്. പുരോഹിതനെന്ന നിലയിലുള്ള സ്വീകാര്യതയും ഇതിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്.

സെമിനാരിയില്‍ പഠിപ്പിക്കാത്ത 7 കാര്യങ്ങള്‍ എന്നൊരു പുസ്തകമുണ്ട്. ജോണ്‍ കില്ലിംഗറാണ് ഗ്രന്ഥകാരന്‍. അദ്ദേഹം പറയുന്ന 7 കാര്യങ്ങള്‍ ഇവയാണ്: 1, ഇടവക പള്ളി ഒരു സ്ഥാപനം മാത്രമാണ്, ആത്മീയ കേന്ദ്രമല്ല. കല്യാണങ്ങളും മാമോദീസകളും കുറിക്കമ്പനികളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഒക്കെ നടക്കുന്ന ഒരു സ്ഥാപനം. ഇങ്ങനെയൊരു സ്ഥാപനം/കാര്യാലയം എന്നതില്‍ നിന്ന് ഒരു ധ്യാനകേന്ദ്രത്തിനു സമാനമായ ആത്മീയാന്തരീക്ഷത്തിലേയ്ക്ക് ഇടവകപ്പള്ളികള്‍ രൂപം മാറണം. വിവിധ ആവശ്യങ്ങള്‍ക്കായി ഇടവകയില്‍ പോകുന്നവര്‍ തങ്ങളുടെ യഥാര്‍ത്ഥമായ ആത്മീയാവശ്യങ്ങള്‍ക്കായി ധ്യാനകേന്ദ്രങ്ങളിലേയ്ക്കു പോകുന്ന സ്ഥിതിയുണ്ട്. അതൊരു വിടവാണ്.

2, ബാഹ്യരൂപങ്ങള്‍ക്കാണ് യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ പ്രാധാന്യം. പള്ളികളിലൊക്കെ നടക്കുന്നത് കൂടുതലും ഒരു തരം കാട്ടിക്കൂട്ടലുകളാണ്. ആത്മാവും അര്‍ത്ഥവും നഷ്ടമായ നിരവധി കാര്യങ്ങള്‍ പള്ളികള്‍ തോറും നടക്കുന്നുണ്ട്. അതു നിര്‍മ്മാണപ്രവര്‍ത്തനങ്ങളാകാം, ആഘോഷങ്ങളാകാം, മറ്റെന്തെങ്കിലുമാകാം.

3, വിജയിക്കുന്ന ആളുകള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് നിസ്സാരമായ കാര്യങ്ങളാണ്. ഇത്രമാത്രം പഠനവും പരിശീലനവും സിദ്ധിച്ചു വരുന്ന വൈദികര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് എന്താണ്? അത്ര മൂല്യവത്തായ കാര്യങ്ങളൊന്നുമല്ല എന്നു നമുക്കറിയാം. ചെറിയ ചെറിയ കാര്യങ്ങളില്‍ മുഴുകി ദിവസം മുഴുവന്‍ പാഴാക്കുകയാണു പലരും. മുന്‍ഗണന നിശ്ചയിക്കുന്നതില്‍ പാളിച്ചകള്‍ വരുന്നു. ഒരു ഡോക്ടര്‍ ചെയ്യേണ്ട കാര്യം മാത്രമേ ഡോക്ടര്‍ ചെയ്യേണ്ടതുള്ളൂ. നഴ്സും കമ്പൗണ്ടറും വാച്ച്മാനും ചെയ്യേണ്ടതും അവര്‍ക്കു ചെയ്യാവുന്നതുമായ കാര്യങ്ങള്‍ ഡോക്ടര്‍ ചെയ്യുമ്പോള്‍ അതു പരാജയമാണ്. അല്മായര്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ വൈദികര്‍ ചെയ്യേണ്ടതില്ല. എന്നാല്‍, വൈദികരുടെ ജീവിതത്തില്‍ പലപ്പോഴും 80 ശതമാനം സമയവും ചെലവാകുന്നത് ഇത്തരം കാര്യങ്ങള്‍ ചെയ്യാനാണ്. വൈദികരുടെ ഏറ്റവും പ്രധാനമായ ഒരു കടമയാണ് വചനപ്രഘോഷണം. പക്ഷേ വചനം പഠിക്കാനും ഒരുങ്ങാനും വൈദികര്‍ എത്ര സമയം ചിലവാക്കുന്നുണ്ട്? ഇടവകയിലെ മനുഷ്യരുടെ ആവശ്യങ്ങള്‍ കണ്ടെത്താന്‍ സമയം ചെലവഴിക്കുന്നവരുണ്ടോ?

4, അജപാലനസമിതികള്‍ സത്യം പറയാറില്ല. അച്ചന്മാര്‍ ആലോചനകള്‍ക്കായി ചുറ്റും കൂട്ടുന്നവര്‍ എപ്പോഴും അനുയോജ്യരായ ആളുകളാവില്ല. സ്തുതിപാഠകരെയായിരിക്കും എടുക്കുക. ഇങ്ങനെ വരുന്നവര്‍ക്ക് പലപ്പോഴും കാര്യങ്ങള്‍ അറിയില്ല, അറിഞ്ഞാലും മുഖത്തു നോക്കി പറയുകയുമില്ല. സ്തുതിപാഠകരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നവര്‍ക്ക് പുറത്തു നടക്കുന്നത് അറിയാനാകില്ല. സ്വയം വിമര്‍ശിക്കാത്ത, സ്വയം നവീകരിക്കാത്ത ഒരു സഭ വളരുകയില്ല എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നാം ആരോഗ്യപരിശോധനകള്‍ക്കു പോകുന്നതുപോലെ തന്നെയാണിത്. ഇപ്പോള്‍ കുറേയൊക്കെ ആത്മവിമര്‍ശനം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. അതുകൊണ്ട് ജനങ്ങളുടെ യഥാര്‍ത്ഥ അഭിപ്രായം കുറേയൊക്കെ പുറത്തറിയുന്നുണ്ട്.

5, എല്ലാ ഞായറാഴ്ചയും ഒരേ സമൂഹത്തോടു പ്രസംഗം പറഞ്ഞുകൊണ്ടിരിക്കുക എന്നത് എളുപ്പമല്ല. ശരിയായ പഠനവും ഒരുക്കവും ആവശ്യമാണ്. ഈശോയെ പോലെ ആധികാരികമായി പഠിപ്പിക്കാന്‍ വൈദികര്‍ക്കു സാധിക്കുന്നില്ല. പാതിരി ഭാഷ, പാതിരി മലയാളം എന്നൊക്കെയുള്ള വിമര്‍ശനം കേരളത്തില്‍ നാം കേള്‍ക്കുന്നതാണല്ലോ. പണ്ട് നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ക്കു മറ്റു വഴികളുണ്ടായിരുന്നില്ല. ഇന്നു ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ധാരാളം നല്ല പ്രസംഗങ്ങള്‍ ആളുകള്‍ കേള്‍ക്കുന്നു. അതുകൊണ്ടു തന്നെ ഈ രംഗത്തു വൈദികരുടെ വെല്ലുവിളികളും വര്‍ദ്ധിക്കുന്നു.

6, ചില വൈദികര്‍ തീരെ മോശമാണ്. സാമാന്യമനുഷ്യരുടെ നിലവാരം പോലും ഉണ്ടാകില്ല. അഹങ്കാരവും പിടിവാശിയും ഏകാധിപത്യവും മറ്റെല്ലാ ദുഷ്പ്രവണതകളും നിറഞ്ഞ ചില വൈദികരും അധികാരികളും ഉണ്ട്. സന്യാസസഭകളുടെ നേതൃപദവികളില്‍ കാലാകാലം മാറ്റങ്ങളുണ്ടാകും. എന്നാല്‍ സ്ഥിരമായി ഒരേ പദവി വഹിക്കുന്നവരില്‍ അഹങ്കാരം മുളയെടുക്കാന്‍ എളുപ്പമാണ്.

7, ഇതൊക്കെയാണെങ്കിലും, എത്ര ബലഹീനതകളുണ്ടെങ്കിലും വിളിച്ചതു ദൈവമായതുകൊണ്ട്, ഈ ദൗത്യം നിറവേറ്റുന്നതിനുള്ള ശക്തി ദൈവം തന്നെ നല്‍കും.
ഇന്നു വ്യക്തിവാദങ്ങളും വിഭാഗീയതകളും വര്‍ദ്ധിച്ചു വരുന്ന ഒരു കാലമാണ്. ഈ കാലത്ത് കൂട്ടായ്മയുടെ മനുഷ്യരായിരിക്കുക എന്നതാണ് വൈദികര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. കൂട്ടായ്മ വളര്‍ത്തുക എന്നത് വൈദികരുടെ വലിയൊരു ദൗത്യമാണ്. ഒരിടവകയിലെ കത്തോലിക്കര്‍ മാത്രമല്ല, മറ്റു സഭാംഗങ്ങളുമായും ഇതര മതസ്ഥരുമായും ബന്ധങ്ങള്‍ സ്ഥാപിക്കാനും വളര്‍ത്താനും വികാരിമാര്‍ക്കു കടമയുണ്ട്.

വിശ്വാസ്യതാനഷ്ടമാണ് മറ്റൊരു പ്രതിസന്ധി. നേതൃത്വം നേരിടുന്ന വിശ്വാസ്യതയുടെ പ്രതിസന്ധിയുണ്ട്. അഴിമതി, കോഴ എന്നിവയൊക്ക ഈ പ്രതിസന്ധിയ്ക്കു കാരണമായിട്ടുണ്ട്. വിശ്വാസ്യതയുടെയും സത്യസന്ധതയുടെയും മാതൃകകളായി നില്‍ക്കേണ്ടതു വൈദികരാണ്.

പാവപ്പെട്ടവരുടെ എണ്ണം ഓരോ മേഖലയിലും വര്‍ദ്ധിച്ചു വരുന്നു എന്നതാണ് ശ്രദ്ധയര്‍ഹിക്കുന്ന അടുത്ത യാഥാര്‍ത്ഥ്യം. ഇവിടെ വൈദികര്‍ അനുകമ്പയുള്ളവരായി മാറേണ്ടതുണ്ട്. ജീവിതത്തിന് അര്‍ത്ഥം തേടുന്ന യുവജനങ്ങള്‍ക്കും മറ്റും പ്രത്യാശ പകരുന്ന മനുഷ്യരാകാനും വൈദികര്‍ക്കു ബാദ്ധ്യതയുണ്ട്.

മറ്റൊരു പ്രധാനകാര്യം വൈദികരുടെ നേതൃത്വശൈലി എങ്ങനെയാകണമെന്നതാണ്. ബൈബിളില്‍ നാം കാണുന്നത് മൂന്നു തരത്തിലുള്ള നേതൃത്വശൈലികളാണ്. 1, ഇടയന്‍റെ ശൈലി. 2, ശുശ്രൂഷിക്കുന്ന നേതൃത്വം. 3, കാര്യസ്ഥത. വികാരിയച്ചന്‍ ഉടമയല്ല. മൂന്നു വര്‍ഷത്തേയ്ക്കുള്ള കാര്യസ്ഥതയാണ് ഏല്‍പിച്ചിരിക്കുന്നത്. അപ്പോള്‍ സുതാര്യതയും കണക്കു ബോധിപ്പിക്കലും പ്രധാനമാണ്. ഈ മൂന്നു ശൈലികളും സംയോജിപ്പിക്കുന്ന ഒരു നേതൃത്വമാണ് വൈദികര്‍ നല്‍കേണ്ടത്.

ജോലികളുടെ ആധിക്യത്തില്‍ മുഴുകിപ്പോകുന്ന വൈദികര്‍ ദൈവത്തെക്കുറിച്ചു മറന്നുപോകാനുള്ള സാദ്ധ്യതയേറെയാണ്. ആത്മീയതയുള്ള ഒരു വൈദികനു മാത്രമേ ഇന്നത്തെ കാലത്ത് ജനങ്ങള്‍ക്കു കരുത്ത് പകരാന്‍ സാധിക്കുകയുള്ളൂ.

സഭയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഈശോയുടെ പ്രാര്‍ത്ഥനയിലെ അടുത്ത ഭാഗം. ത്രിത്വകുടുംബം, തിരുക്കുടുംബം, തിരുസഭാകുടുംബം, കത്തോലിക്കാകുടുംബം (ഗാര്‍ഹികസഭ) എന്ന ദര്‍ശനം ചാവറയച്ചന്‍ അവതരിപ്പിച്ചിട്ടുണ്ട്. സഭയെന്നാല്‍ കുടുംബമാണ്. ഈശോ ശിരസ്സായി വരുന്ന ശരീരമാകുന്ന സഭ. സഭയിലെ ഏറ്റവും വലിയ ഒരു വൃണമാണ് ഐക്യമില്ലായ്മ. ഈശോ ഈ പ്രാര്‍ത്ഥനയില്‍ ഐക്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ സഭ ഇന്നും ഒരു വിഭജിത കുടുംബമായി തുടരുന്നു. ഇടവകയ്ക്കുള്ളിലും ഇടവകകള്‍ തമ്മിലും സന്യാസസഭകള്‍ക്കുള്ളിലും സഭകളും രൂപതകളും തമ്മിലും വിവിധ സഭകള്‍ തമ്മിലും ഒക്കെ ഐക്യമില്ലാത്ത അവസ്ഥ. സഭയിലെയും സഭകള്‍ തമ്മിലുമുള്ള അനൈക്യം വലിയൊരു ഉതപ്പാണ്. കാരണം ലോകത്തിന്‍റെ ഉപ്പും പ്രകാശവുമായി നിന്നു കൊണ്ട് ലോകത്തിന്‍റെ ഐക്യം വളര്‍ ത്താന്‍ സഭയ്ക്കു കടമയുണ്ട്.

ഇന്നത്തെ മനുഷ്യരുടെ പ്രശ്നങ്ങളോടുള്ള വിശ്വസ്തത വൈദികര്‍ക്കു പ്രധാനമാണ്. രണ്ടു വിശ്വസ്തതകളുടെ അടിസ്ഥാനത്തിലായിരിക്കണം ഇതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത്. ഒന്ന്, യേശുവിനോടും അവിടുത്തെ സുവിശേഷത്തോടുമുള്ള വിശ്വസ്തത. രണ്ട്, സഭയോടും അതിന്‍റെ ദൗത്യത്തോടുമുള്ള വിശ്വസ്തത. വൈദികരെടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഈ മൂന്നു ഭാവങ്ങളും പ്രതിഫലിച്ചിരിക്കണം. അല്ലാതെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലല്ല.

ദൈവത്തെ ആവശ്യമുണ്ട്, സഭയെ ആവശ്യമില്ല എന്നു പറയുന്ന നിരവധി മനുഷ്യര്‍ ഇന്നുണ്ട്. ആത്മീയത വേണം, അതിനു കത്തോലിക്കാസഭയുടെ ആവശ്യമില്ല എന്ന കാഴ്ചപ്പാട്. കത്തോലിക്കാസഭ ആളുകള്‍ക്കു സ്വീകാര്യമായ ഒരു രീതിയിലേയ്ക്കു വരണം. സഭ ഇന്ന് സാമുദായിക, സാമ്പത്തിക, രാഷ്ട്രീയ ശക്തിയായിട്ടുണ്ടെങ്കിലും ആത്മീയ, ധാര്‍മ്മിക ശക്തിയല്ലെന്ന അഭിപ്രായം ജെസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. എം കെ ജോര്‍ജ് മുമ്പ് സത്യദീപത്തില്‍ പങ്കുവച്ചിരുന്നു. അതു വളരെ ശരിയാണ്. കേരള സഭ ഇന്നു ഒരു ധാര്‍മ്മിക ശക്തിയായി മാറണം.

സഭയെ വിമര്‍ശിക്കുന്നത് സഭയോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്. പ്രശ്നത്തിന്‍റെ ഭാഗമാകുന്നതിനു പകരം പരിഹാരത്തിന്‍റെ ഭാഗമായി മാറുകയാണാവശ്യം എന്നതു വിമര്‍ശകര്‍ മറന്നു പോകരുതെന്നു മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org