പ്രളയം: മുന്‍ഗണനയുടെ മാനദണ്ഡങ്ങള്‍

പ്രളയം: മുന്‍ഗണനയുടെ മാനദണ്ഡങ്ങള്‍

അഡ്വ. ലിറ്റോ പാലത്തിങ്കല്‍
നാഷണല്‍ കൗണ്‍സില്‍ പ്രോജക്ട് ഓഫീസര്‍
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സെസാസൈറ്റി

പ്രളയാനന്തരം പുനര്‍ നിര്‍മാണവും പുനരധിവാസവും അതിനാവശ്യമായ മുന്നൊരുക്കങ്ങളും എങ്ങനെയാകണം എന്നു കേരളം മുഴുവന്‍ ആലോചനകള്‍ നടക്കുന്നുണ്ട്. പെരിയാറും അച്ചന്‍കോവിലാറും ബാണാസുര ഡാമും ചാലക്കുടിപ്പുഴയും എന്നതുപോലെ പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകള്‍ക്കും സ്ഥലകാലഭേദങ്ങളും പ്രാദേശികവും സാമൂഹികവുമായ വ്യത്യസ്ത രൂപഭാവങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള അവലോകനങ്ങളിലും കാഴ്ചപ്പാടുകളിലും ഒരേ അച്ചില്‍ വാര്‍ത്ത അളവുകോലുകള്‍ കേരളം മുഴുവന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതു ലക്ഷ്യത്തില്‍നിന്നു വ്യതിചലിക്കാന്‍ കാരണമാകും. മുകള്‍ത്തട്ടിലെ നിയന്ത്രണസംവിധാനങ്ങള്‍ ഉപയോഗിച്ചു താഴെത്തട്ടിലെ ഭരണനിര്‍വഹണം പൊതു ഉത്തരവുകളിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതു യഥാര്‍ത്ഥ ആവശ്യക്കാരനു പരിഹാരങ്ങള്‍ നിഷേധിക്കപ്പെടുവാന്‍ ഇടയാക്കും. കേരളത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലുമുള്ള കുടുംബങ്ങള്‍ക്ക് അവര്‍ ആയിരിക്കുന്നിടത്തേയ്ക്കു സേവനം ലഭ്യമാക്കുവാന്‍ സമീപനങ്ങളില്‍ പുനരാലോചന ആവശ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും കത്തോലിക്കാസഭയും ഒരുപോലെ വിമര്‍ശനവിധേയരാകുന്നുണ്ട്.

സമൂഹനിര്‍മിതിയുടെ പൂര്‍ണ ഉത്തരവാദിത്വവും ഏക അവകാശിയും ഭരണകൂടം മാത്രമല്ല. പ്രളയസമയത്തു മനുഷ്യജീവനെ രക്ഷിക്കുവാന്‍ ഈ നാട്ടിലെ സകല വ്യക്തികളും പ്രസ്ഥാനങ്ങളും ഭരണസംവിധാനങ്ങളും എപ്രകാരം ഒരുപോലെ മുന്നിട്ടിറങ്ങിയോ സമാനമായ മുന്നേറ്റം ഇവിടെ ഇനിയും നിലനില്ക്കുമന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും കത്തോലിക്കാസഭയ്ക്കുമുണ്ട്. മനുഷ്യസ്നേഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന സ്വാഭാവിക നന്മയുടെ അത്തരം ഉള്‍പ്രേരണകളുടെ തിരിനാളങ്ങളെ തല്ലിക്കെടുത്തി സര്‍ക്കാര്‍ വക ഒറ്റത്തിരി വെട്ടത്തില്‍ "മാത്രം" ഇവിടെ ഇരുട്ടകറ്റാം എന്ന ഭാഷ നാടിനു ഗുണകരമാവില്ല.

ഏതൊരു ദുരന്തത്തിലും ഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നത് ഏറ്റവും ദുര്‍ബലരായിരിക്കും. സ്വാഭാവികമായും അവരില്‍ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും വികലാംഗരും പാവപ്പെട്ടവരും വിധവകളും അനാഥരും ഉണ്ടാകാതിരിക്കില്ല. ജാതിപരമോ സാമൂഹപരമോ ആയ കാരണങ്ങളില്‍ മുഖ്യധാരയില്‍ നിന്നു മാറിപ്പോയിട്ടുള്ള വ്യക്തികളും കുടുംബങ്ങളും ഈ ദുരന്തമേഖലകളിലും ഉണ്ടാകും. മേല്പറഞ്ഞവര്‍ക്ക് ഈ ദുരന്തം ഇരട്ടപ്രഹരമാണ്.

പ്രളയം വീടിനെയും നാടിനെയും എന്നതിനേക്കാള്‍ മനുഷ്യമനസ്സുകളെയാണു തകര്‍ത്തിട്ടുള്ളത്. മനസ്സിന്‍റെ ധൈര്യമാണു മനുഷ്യന്‍റെ ശക്തി. ഇപ്പോള്‍ അവന്‍റെ മുമ്പില്‍ നീണ്ടുകിടക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം തേടിയിറങ്ങാന്‍ അവന് ആത്മധൈര്യം ആവശ്യമാണ്. ഭരണാധികാരികളെ കണ്ട് അവന്‍റെ ആവശ്യങ്ങള്‍ ഉറക്കെ പറയാന്‍ അവനു കൂട്ടുപോകാന്‍ ആരാണുള്ളത്? ഇത്തരത്തില്‍ ദുര്‍ബലരായവരെ ശക്തിപ്പെടുത്തേണ്ടത്, കരുത്തേകേണ്ടതു പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും ആവശ്യമാണ്. ഇതിനായി ശരിയായ ആവശ്യക്കാരിലേക്കു നേരിട്ടെത്തി അവരുടെ വീടിന്‍റെ പടിവാതില്ക്കല്‍ കാര്യങ്ങള്‍ നടപ്പിലാക്കി കൊടുക്കുന്ന ഭരണനിര്‍വഹണം ആവശ്യമാണ്. സാമൂഹ്യഘടനയിലെ ഇത്തരം അവസാന വരിയിലെ വ്യക്തികളെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു കണ്ടെത്തി അവരോടു സംസാരിച്ചും ഇടപെട്ടും ജീവിതപുനര്‍നിര്‍മാണം അവര്‍ക്കു ലഭ്യമാക്കാന്‍ നീതിപൂര്‍വകമായ ഘടനാമാതൃകകള്‍ സൃഷ്ടിക്കണം. ഇതു സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ പൂര്‍ണമായി നേടാനാകില്ല. ഈ വിടവ്, കുറവു കണ്ടെത്തി അവിടെ പകരം നില്ക്കാന്‍ സഭയ്ക്കു കഴിയണം.

വിവരശേഖരണത്തിനും മുന്‍ഗണനാ നിശ്ചയങ്ങളിലും സഹായ-പുനര്‍നിര്‍മാണ പുനരധിവാസ പ്രക്രിയകളിലും ആവശ്യമായി വരുന്ന വിലയിരുത്തലിനുള്ള മൂലധന, മനുഷ്യവിഭവശേഷി സമാഹരണത്തിലും വിനിയോഗത്തിലും സംസ്ഥാനതലത്തിലും തദ്ദേശ സ്വയംഭരണതലത്തിലും പ്രാദേശികതലത്തിലും സംഭവിക്കാവുന്ന ശൂന്യതകളും കുറവുകളും മുന്‍ കൂട്ടി കണ്ട് അതിനു പരിഹാരമാകാന്‍ കത്തോലിക്കാസഭയ്ക്കു ചുമതലയുണ്ട്. അതിന് ആരുടെയും ക്ഷണമോ അനുമതിയോ നിര്‍ദ്ദേശമോ കാത്തുനില്ക്കേണ്ടതില്ല.

അടിസ്ഥാന സൗകര്യങ്ങളായ റോഡ്, പാലം, ബണ്ടുകള്‍, തടയണകള്‍, കടല്‍ഭിത്തി, ജലസേചനം തുടങ്ങിയവയിലും പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലും ആവശ്യമായ മൂലധനവും ഭരണനിര്‍വഹണവും സര്‍ക്കാര്‍ തലത്തില്‍ത്തന്നെ സാദ്ധ്യമാണ്. എന്നാല്‍ വ്യക്തി-കുടുംബ കേന്ദ്രീകൃതമായ ഉപജീവന-അതിജീവന ആവശ്യങ്ങള്‍ കണ്ടെത്തി പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് എളുപ്പമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിതര സംഘടനകളുടെയും അന്തര്‍ ദേശീയ സഹായ ഏജന്‍സികളുടെയും കമ്പനി സി.എസ്.ആര്‍ ഫണ്ടുകളുടെയും വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെയും പങ്കാളിത്തം സര്‍ക്കാരും കത്തോലിക്കാസഭയും കണ്ടെത്തി സമാഹരിച്ചു വിനിയോഗിക്കാന്‍ മടിക്കരുത്.

ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട പതിനായിരക്കണക്കിനു മനുഷ്യര്‍ക്കു താത്കാലികമായും ദീര്‍ഘകാലത്തേയ്ക്കും യോജിക്കുന്ന ലഘുപദ്ധതികള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ആട്, പശു, തയ്യല്‍ മെഷീന്‍, കയര്‍ റാക്ക്, കൂടു മീന്‍കൃഷി വിതരണം മുതല്‍ പച്ചക്കറി-മീന്‍ ചില്ലറ വില്പനശാലകള്‍ വരെ ഈ മേഖലയില്‍ അടിയന്തിരമായി എത്തിച്ചു കുടുംബങ്ങളിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഉറപ്പു വരുത്തണം.

ശക്തമായ മണ്ണിടിച്ചിലുണ്ടായ മലയോര മേഖലകളിലും കടലാക്രമണ ഭീതിയില്‍ തുടര്‍ന്നും നില്ക്കുന്നതീരദേശത്തും ഉപരിതല ജലനിരപ്പില്‍ മാറ്റം വന്നിട്ടുള്ള താഴ്ന്ന മണ്ണിലും പ്രാദേശികമായ പ്രശ്നപരിഹാരങ്ങളും കാഴ്ചപ്പാടുകളം ജനപങ്കാളിത്തത്തോടെ രൂപീകരിച്ചു നടപ്പിലാക്കണം. സുസ്ഥിരമായ വികസനം അന്തിമ ലക്ഷ്യമായിരിക്കെത്തന്നെ ജനങ്ങള്‍ക്ക് ഇന്ന് അത്താഴം എങ്ങനെ ലഭിക്കും എന്നതിനും ഉത്തരം നല്കേണ്ടതുണ്ട്. ഇതെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ കഴിയുന്ന ഒരു വലിയ ഭരണനിര്‍വഹണ ശൃംഖല കത്തോലിക്കാസഭയ്ക്കുണ്ട്. ഇത്തരുണത്തില്‍ റീത്ത് വ്യത്യാസങ്ങളും സന്ന്യാസി-സന്ന്യാസിനി സഭകളുടെ മുന്‍-പിന്‍ചിന്തകളും ഉയര്‍ന്നുവരാതെ നോക്കാന്‍ സഭാനേതൃത്വത്തിനാകണം. അല്ലെങ്കില്‍ മൂലധനസമാഹരണത്തിലും വിഭവസേവനവിതരണത്തിലും ഗൗരവമായ അനാവശ്യ ചെലവുകളും ആവര്‍ത്തനങ്ങളും ദുരുപയോഗങ്ങളും സംഭവിക്കാന്‍ ഏറെ സാദ്ധ്യതകളുണ്ട്. അതു സഭാസംവിധാനത്തിന്‍റെ ഏകോപനംകൊണ്ടു പരിഹരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഉണ്ടാകണം.

ഇടുക്കി, വയനാട് തുടങ്ങിയ മേഖലകളിലും കുട്ടനാട്, പമ്പ നദീതടത്തിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പുനഃനിര്‍വചിക്കേണ്ട സാഹചര്യങ്ങളുണ്ട്. ഇവിടെ വിരുദ്ധതലത്തിലുള്ള തീവ്ര നിലപാടുകളെ ക്ഷമയോടെ മുന്‍വിധിയില്ലാതെ ശാസ്ത്രീയ അടിത്തറയില്‍ നിന്നു പരിശോധിച്ച് ചരിത്രവും ഭാവിയും മനസ്സിലാക്കി ഇരു വിഭാഗക്കാര്‍ക്കും സാധാരണക്കാരനും സ്വീകാര്യമാവുന്ന ഒരു പൊതുനിലപാട് രൂപപ്പെടുത്തിയെടുക്കാന്‍ സഭയ്ക്കു കഴിയേണ്ടതാണ്. നിലവില്‍ വിവിധ കാരണങ്ങളാല്‍ തകര്‍ച്ച നേരിടുന്ന ചെറുകിട കര്‍ഷകര്‍ക്ക് ഒരു കുടിയിറക്കല്‍ അംഗീകരിക്കാനാകില്ല.

കഴിഞ്ഞ 200 വര്‍ഷത്തെ കേരള മണ്ണിന്‍റെ ചരിത്രം പരിശോധിച്ചാല്‍ സഭ എങ്ങനെയാണു കേരള സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ മുന്‍ഗണനകള്‍ നിശ്ചയിച്ചു കൊടുത്തത് എന്നു കാണാം. സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ള അവഗണിക്കപ്പെട്ടു കിടക്കുന്നവരുടെ ശാക്തീകരണം ലക്ഷ്യമാക്കി അവരെ ആരോഗ്യപരമായും സാംസ്കാരികമായും വിദ്യാഭ്യാസമേഖലയിലും കാര്‍ഷികരംഗത്തും മുന്‍നിരയില്‍ എത്തിക്കാന്‍ സഭയ്ക്കു കഴിഞ്ഞു. ഇന്ന് ഇതൊന്നും ആര്‍ക്കും നിഷേധിക്കപ്പെടുന്നില്ല. എങ്കിലും ലഭ്യത തുല്യമല്ല എന്നു പറയാം. അതിന്‍റെ പുനഃരവതരണം സഭയ്ക്കു കഴിയും. അതിനു കാലികമായ നവീകരണം വരുത്തേണ്ടി വരും. പണ്ടു രാജാക്കന്മാരും ഭരണകൂടങ്ങളും സഭയും എങ്ങനെ നയരൂപീകരണത്തിലും വികസനകാഴ്ചപ്പാടിലും സമരസപ്പെട്ടു സാധുക്കള്‍ക്കു നല്ല വിശേഷങ്ങള്‍ പകര്‍ന്നു നല്കിയോ അപ്രകാരമുള്ള ഒരു നവകേരള പുനര്‍നിര്‍മിതിയില്‍ കത്തോലിക്കാസഭ മുന്നിട്ടു നില്ക്കണമെന്നു പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്.

ക്ഷണികമായ മാധ്യമശ്രദ്ധയ്ക്കോ വ്യക്തിപരമായ പ്രശസ്തിക്കോ സ്വജനചിന്തകള്‍ക്കോ വശപ്പെട്ടു സഭയുടെ അമൂല്യമായ സത്പ്പേരും മനുഷ്യമൂലധനസാദ്ധ്യതകളും ദുരുപയോഗം ചെയ്യാന്‍ ഇനി ഇടയുണ്ടാകരുത്. ഇക്കാര്യത്തില്‍ സ്വയംവിമര്‍ശനം അനുവദിക്കാന്‍ നേതൃത്വം തയ്യാറാകണം. ആയിരം വീട്, ആയിരം കക്കൂസ്, ആയിരം പദ്ധതികള്‍ എന്ന തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രകടനപരമായ പൊതുപ്രഖ്യാപനങ്ങള്‍ ആപത്താണ്. ഇവിടെയാണു സഭയുടെ വിവരശേഖരണ വിഭവവിതരണശൃംഖലകള്‍ ചിട്ടയായി പ്രവര്‍ത്തിക്കേണ്ടത്.

കുടുംബയൂണിറ്റുകള്‍, ജീവകാരുണ്യ മേഖലയില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചു പരിചയമുളള സഭയുടെ സംഘടനകള്‍, പദ്ധതിരൂപീകരണത്തിലും നടത്തിപ്പിലും പ്രായോഗിക പരിജ്ഞാനമുള്ള കാരിത്താസ്, സേവ് എ ഫാമിലി പ്ലാന്‍, രൂപതാ സോഷ്യല്‍ സര്‍വീസ് വിഭാഗങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും ആലോചനകളും സംസ്ഥാനതലത്തിലും രൂപതാ തലത്തിലും സന്ന്യാസി-സന്ന്യാസിനി സഭതലങ്ങളിലും നിര്‍ബന്ധമായും ഉപയോഗപ്പെടുത്തണം. അപ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കു കേരളത്തില്‍ പൊതുസ്വീകര്യത ഉണ്ടാകും. അപ്രകാരം യേശുവിന്‍റെ സ്നേഹനൗകയില്‍ കേരളജനതയ്ക്കു സംരക്ഷണം ലഭിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org