പ്രലോഭനങ്ങള്‍ക്കൊരു നോമ്പ്

പ്രലോഭനങ്ങള്‍ക്കൊരു നോമ്പ്

ബിഷപ് ജോസ് പൊരുന്നേടം
മാനന്തവാടി രൂപത

നോമ്പും അതിന്‍റെ അവിഭാജ്യഘടകങ്ങളായ ഉപവാസവും പ്രത്യേക പ്രാര്‍ത്ഥനകളും തീര്‍ത്ഥാടനവും ദാനധര്‍മ്മവും എല്ലാ മതങ്ങളിലും തന്നെ ഉണ്ട്. ക്രൈസ്തവമതവും അക്കാര്യത്തില്‍ അപവാദമല്ല. കത്തോലിക്കര്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് അമ്പത് നോമ്പ് അഥവാ വലിയനോമ്പ്. ഈശോമിശിഹായുടെ പീഢാനുഭവവും കുരിശുമരണവും ഉത്ഥാനവും ആചരിക്കുന്നതിന് ഒരുക്കമായിട്ടാണ് ഈ നോമ്പ്. ഈശോ തന്‍റെ ഈലോകദൗത്യം ആരംഭിക്കുന്നതിനു മുമ്പായി കടന്നുപോയ നാല്പ്പത് ദിവസത്തെ മരുഭൂമി വാസത്തേയും ഉപവാസത്തേയും അനുകരിച്ചാണ് ഈ നോമ്പിന്‍റെ ആരംഭം. അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനു മുമ്പായി കര്‍ത്താവ് ഏകാന്തതയിലേക്ക് നീങ്ങി പ്രാര്‍ത്ഥിക്കുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് അവിടുത്തെ അനുയായികളും അതേ പാത തന്നെ പിന്തുടരുന്നു. കാരണം സഭ ഈശോമിശിഹായുടെ തുടര്‍ച്ചയാണ്. അവിടുന്ന് ശിരസ്സും അഥവാ ശരീരവും അവിടുത്തെ അനുയായികള്‍ അവയവങ്ങളും ആണെന്നാണല്ലോ വി. പൗലോസ് പഠിപ്പിക്കുന്ന ത് (1 കൊറി. 12:27; റോമാ 12:45; കൊളോ. 1:18). പ്രാര്‍ത്ഥനയും ഉപവാസവും കൂടാതെ പിശാചുക്കള്‍ പുറത്തുപോകുകയില്ല എന്ന് കര്‍ത്താവ് അര്‍ത്ഥശങ്കക്കിടയില്ലാതെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു (മത്താ. 17:21). സഭയുടെ ദൗത്യം ഈശോയുടെ ദൗത്യം തുടരുക എന്നതായതിനാല്‍ നോമ്പിലൂടെയും ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സഭാംഗങ്ങളും സഭാസംവിധാനങ്ങളും കൂടുതല്‍ ശക്തി പ്രാപിക്കേണ്ടതുണ്ട്. എങ്കിലേ അവിടുന്ന് ചെയ്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളു. അങ്ങനെ മാത്രമേ സഭ ലോകത്തില്‍ പ്രസക്തമാകുകയുള്ളു.
ജോര്‍ദ്ദാനില്‍ മാമ്മോദീസാ സമയത്ത് ഈശോ ദൈവപുത്രനാണെന്ന് വെളിപ്പെടുത്തപ്പെടുകയും പരിശുദ്ധാത്മാവിനാല്‍ നിറയുകയും ചെയ്ത ശേഷം ആദ്യം സംഭവിക്കുന്നത് അതേ ആത്മാവ് തന്നെ അവിടുത്തെ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പ്രക്രിയയാണ് (ലൂ ക്കാ 4:1). അവിടെ അവിടുന്ന് നാല്പത് ദിവസം പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് കഴിഞ്ഞു കൂടുന്നു. ആ ദിവസങ്ങളില്‍ അവിടുന്ന് ഒന്നും ഭക്ഷിക്കുന്നുമില്ല. ഇത് ഈശോ അവിടുത്തെ അനുയായികള്‍ക്ക് കൊടുക്കുന്ന ഒരു മുന്നറിയിപ്പായി കണക്കാക്കാം. നമ്മള്‍ യേശുവിന്‍റെ അനുയായികളായിത്തീര്‍ന്നാലും ആത്മാവ് കൊണ്ട് നിറഞ്ഞാലും മരുഭൂമിയിലെ പേടിപ്പെടുത്തുന്ന ഏകാന്തതയും ദൈവവും മനുഷ്യരും തന്നെ കൈവിട്ടു എന്ന് തോന്നുന്ന സന്ദര്‍ഭവും അനുയായികളുടെ ജീവിതത്തിലും ഉണ്ടാകും. മരുഭൂമിയെ പിശാചുക്കളുടെ വാസസ്ഥലമായി കരുതിയിരുന്ന യഹൂദജനതയുടെ ഭാഷാസങ്കേതമുപയോഗിച്ച് സുവിശേഷകന്‍ പറയുന്നത് ക്രിസ്തുശിഷ്യരുടെ കാര്യത്തിലും പ്രസക്തമാണ്. അതു കൊണ്ടാണ് അവിടുന്ന് ശിഷ്യര്‍ക്കു വേണ്ടി പിതാവിനോട് പ്രാര്‍ത്ഥിക്കുന്നത്: ലോകത്തില്‍ നിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്ടരില്‍ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് (യോഹ. 17:15). കാരണം അവര്‍ ഈശോ മിശിഹായെ അംഗീകരിക്കാത്ത എന്ന് മാത്രമല്ല എതിര്‍ക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ലോകത്തിലാണ് ജീവിക്കുന്നത് (യോഹ. 17:11). വി. പൗലോ സും ഇതേപ്പറ്റി എഴുതുന്നുണ്ട്: ഞങ്ങള്‍ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു, എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ് പ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു (2 കൊറി. 4:8-10). നോമ്പും ഉപവാസവും ഇപ്രകാരമൊരു മനോഭാവം ക്രിസ്തുശിഷ്യരില്‍ സൃഷ്ടിക്കപ്പെടാന്‍ വേണ്ടിയാണ്. അത് ഏതാനും ഭക്ഷണ പാനീയങ്ങള്‍ കേവലം ഏതാനും കാലത്തേക്ക് ഒഴിവാക്കുന്നതിലല്ല അടങ്ങിയിരിക്കുന്നത്. അവ ഒഴിവാക്കുമ്പോള്‍ വ്രതം നോക്കുന്നവരില്‍ ഉണ്ടാകുന്ന മാറ്റമാണ് നോമ്പു കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ഏശയ്യാ പ്രവാചകനിലൂടെ കര്‍ത്താവായ ദൈവം അരുളിച്ചെയ്തത് നമ്മുടെ ശ്രദ്ധയ്ക്ക് വിഷയീഭവിപ്പിക്കേണ്ടതാണ്: ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്ര ഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണ പോലെ തല കുനിക്കുന്നതും ചാക്ക് വിരിച്ച് ചാരവും വിതറി കിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിന് സ്വീകാര്യമായ ദിവസം എന്നും വിളിക്കുന്നത്? ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കു കയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? (ഏശ. 58:57). നോമ്പിന്‍റേയും ഉപവാസത്തിന്‍റേയും ഫലം എന്തായിരിക്കണം എന്നാണ് ദൈവം വ്യക്തമാക്കുന്നത്. ആ ഫലം ഉളവാക്കാത്ത നോമ്പും ഉപവാസവും അതിന്‍റെ പേരിന് അര്‍ഹമല്ല എന്ന് നമുക്കുള്ള മുന്നറിയിപ്പാണ് മേലുദ്ധരിച്ച ദൈവവചനം.
പിശാച് അഥവാ തിന്മയുടെ ശക്തി ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് കര്‍ത്താവിന്‍റെ പ്രലോഭകന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ക്രിസ്തു ശിഷ്യര്‍ അവന്‍റെ കെണികള്‍ക്കെതിരേ നിതാന്തജാഗ്രത പുലര്‍ത്തണം. പ്രലോഭകന്‍ ഏത് രൂപത്തിലും ഒട്ടും പ്രതീക്ഷിക്കാത്ത സന്ദര്‍ഭത്തിലും പ്രത്യക്ഷപ്പെടാം. ഈശോയുടെ ദൗത്യം തുടങ്ങുന്നതിനു മുമ്പ് പ്രലോഭകനെ പിശാച് എന്നാണ് ലൂക്കാ സുവിശേഷകന്‍ പരിചയപ്പെടുത്തുന്നത്. പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചു നിന്ന ഈശോയെ, പിശാച് പ്രലോഭനങ്ങള്‍ അവസാനിപ്പിച്ച് ഒരു നിശ്ചിതകാലത്തേക്ക് വിട്ടുപോയി എന്ന് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്നു (ലൂക്കാ 4:13). അതായത് അവന്‍ ഒരിക്കലും നമ്മെ എന്നന്നേക്കുമായി വിട്ടൊഴിയുന്നില്ല. പിന്നീടൊരവസരത്തില്‍ ശിഷ്യപ്രമുഖനായ പത്രോസിന്‍റെ രൂപത്തിലാണ് പിശാച് പ്രലോഭകനായി പ്രത്യക്ഷപ്പെടുന്നത് (മത്താ. 16:22). പീഡാസഹനവും കുരിശു മരണവും എങ്ങനെയും മാറ്റിക്കളയണം എന്നാണ് പത്രോസിന്‍റെ ആവശ്യം. കാരണം അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ അങ്ങനെ സഹിച്ച് മരിക്കേണ്ടവനല്ല മിശിഹാ അഥവാ രക്ഷകന്‍. അവന്‍ രാജാവായി ഇസ്രായേലിന്‍റെ രാജ്യം പുനഃസ്ഥാപിച്ച് തേനും പാലും ഒഴുകുന്ന രാജ്യത്തില്‍ അവരെ ഭരിക്കേണ്ടവനാണ്. അതുകൊണ്ടാണല്ലോ ഈശോയുടെ ഉത്ഥാനശേഷം ഒരുമിച്ച് കൂടിയിരിക്കുന്ന ശിഷ്യന്മാര്‍ അവിടുത്തോട് ചോദിക്കുന്നത്: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ച് നല്‍കുന്നത് ഇപ്പോഴാണോ എന്ന് (ന ടപടി 1:6). അവരുടെ ചിന്ത അപ്പോഴും ദൈവികമല്ല. സഭയുടെ സംവിധാനങ്ങളെ നയിക്കുന്നവരും അത്തരം പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാം. ക്രിസ്തുവിന്‍റെ ശി ഷ്യത്വം പൂര്‍ണ്ണമായി ജീവിച്ച് കാണിക്കാന്‍ വ്രതബദ്ധരായ സന്യസ്തരും ഇപ്പറഞ്ഞതിന് അപവാദമല്ല. ലോകത്തിന്‍റെ സ്വാധീനങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്ന മനുഷ്യരായ ക്രിസ്തുശിഷ്യര്‍ക്ക് എന്നും ഉണ്ടാകാവുന്ന പ്രലോഭനങ്ങളാണ് ഇപ്പറഞ്ഞതെല്ലാം. അവയെയെല്ലാം അതിജീവിച്ചെങ്കിലേ സഭ രക്ഷയുടെ കൂദാശയായി മാറുകയുള്ളൂ. സഭയിലെ നേതൃത്വവും അംഗങ്ങളും സംവിധാനങ്ങളും ഇത്തരം ഒരു പരിവര്‍ത്തനത്തിന് നിരന്തരം വിധേയപ്പെടാനുള്ള അവസരമാണ് നോമ്പ്. അതായത് നോമ്പിന്‍റെ അവസാനം അതുവരെ നോമ്പില്‍ ചെയ്തത് ഒരു സ്വഭാവമായി അഥവാ രണ്ടാം പ്രകൃതിയായി മാറണം. നോമ്പിന്‍റെ വിജയം ഈ ഫലദായകത്വത്തിലാണ്.
കല്ലുകളെ അപ്പമാക്കി അത്ഭുതം പ്രവര്‍ത്തിച്ച് ആളുകളെ വിസ്മയിപ്പിക്കാനും തന്‍റെ കഴിവുകള്‍ തന്‍റെ തന്നെ ഉദരപൂരണത്തിനായി ഉപയോഗിക്കാനുമുള്ള പ്രവണത മനുഷ്യനില്‍ എന്നുമുണ്ട്. ഭക്ഷിക്കാന്‍ വേണ്ടിയല്ല നമ്മുടെ ജീവിതം എന്നും പ്രത്യുത ജീവിക്കാനാണ് ഭക്ഷണമെന്നും എല്ലാവര്‍ക്കും ജീവിക്കാന്‍ ആവശ്യമായ ഭക്ഷണം ലഭിക്കാന്‍ അവകാശമുണ്ടെന്നും നോമ്പ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവത്തിന്‍റെ വായില്‍ നിന്ന് വരുന്ന ഓരോ വചനവും ഇക്കാര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതായി കര്‍ത്താവ് പ്രലോഭകന് ഉത്തരം കൊടുക്കുന്നതായി കാണുന്നു. കരുണയുടെ വര്‍ഷം അവസാനിച്ചിട്ട് അധികമായില്ലല്ലോ. ഇത്തരത്തിലൊരു മനോഭാവം സഭാംഗങ്ങളില്‍ രൂപപ്പെടണം എന്നതായിരുന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചപ്പോള്‍ ലക്ഷ്യമാക്കിയത്. തീര്‍ത്ഥയാത്രകളെപ്പറ്റി സൂചിപ്പിച്ചപ്പോഴും പരിശുദ്ധ പിതാവിന്‍റെ മനസ്സില്‍ അപരനിലേക്കുള്ള യാത്രയാണ് പ്രധാനമായും ഉണ്ടായിരുന്നത്. പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കാത്ത വിശ്വാസം ചത്തതാണല്ലോ.
ഇത് കേവലം നമുക്കുള്ളത് മാത്രം പങ്കുവയ്ക്കാനുള്ള ഒരാഹ്വാനമായി കണക്കാക്കാന്‍ കഴിയില്ല. പങ്കുവയ്ക്കാനുള്ള പരിശ്രമങ്ങളില്‍, അത് ഏത് മേഖലയില്‍ ആരുടെ ഭാഗത്ത് നിന്നായാലും, പങ്കെടുക്കാനുള്ള ആഹ്വാനം കൂടിയാണ്. അതുപോലെ ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനും ഉള്ള ഓര്‍മ്മപ്പെടുത്തലാണിത്. ഇക്കാര്യത്തില്‍ ക്രെെസ്തവരായ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ഭാരതത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ആവശ്യത്തിന് ഭക്ഷണസാധനങ്ങള്‍ ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. അവ സമയാസമയങ്ങളില്‍ സംഭരിക്കാനും സൂക്ഷിക്കാനും ആവശ്യക്കാര്‍ക്ക് ആവശ്യമായ അളവിലും സമയത്തും എത്തിച്ചു കൊടുക്കാനുമുള്ള വൈമുഖ്യമാണ് ഭക്ഷണക്ഷാമത്തിനുള്ള ഒരു പ്രധാന കാരണം. ഭക്ഷണവസ്തുക്കള്‍ അവയുടെ ഉല്പാദനസമയത്ത് സംഭരിക്കാനുള്ള സംവിധാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ പദ്ധതികള്‍ തയ്യാറാക്കണം. അവ യഥാസമയം പ്രാവര്‍ത്തികമാക്കപ്പെടുന്നു എന്ന് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ഉറപ്പ് വരുത്തുകയും ചെയ്യണം. നിര്‍ഭാഗ്യവശാല്‍ കൈക്കൂലിയും അഴിമതിയും കോഴയും സ്വജനപക്ഷപാതവുമെല്ലാം കൊടികുത്തി വാഴുന്ന നമ്മുടെ നാട്ടില്‍ ഒരു പദ്ധതിയും സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയുന്നില്ല. അങ്ങനെ വളരെയധികം ഭക്ഷണസാധനങ്ങള്‍ പാഴായിപ്പോകുന്നു. സര്‍ക്കാര്‍ തയ്യാറാക്കുന്ന ഭവനപദ്ധതികളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനപദ്ധതികളും എല്ലാം ഫലം കാണാതെ പോകുന്നത് മേല്‍പ്പറഞ്ഞ പ്രതിഭാസങ്ങള്‍ നമ്മുടെ നാട്ടില്‍ നിറഞ്ഞാടുന്നതു കൊണ്ടാണ്. ക്രെെസ്തവരായ രാ ഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ടവരുമെല്ലാം മുന്‍പ് സൂചിപ്പിച്ച രീതിയില്‍ നോമ്പിന്‍റെ യഥാര്‍ത്ഥ ലക്ഷ്യവും ചൈതന്യവും മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണെങ്കില്‍ത്തന്നെ നമ്മുടെ നാട്ടില്‍ നിന്ന് ദാരിദ്ര്യം ഒരു പരിധി വരെ തുടച്ച് നീക്കാന്‍ കഴിയും.
ഗോപുരത്തിന്‍റെ മുകളില്‍ നിന്ന് ചാടി പരിക്കേല്‍ക്കാതെ താഴെയെത്തുന്നതുപോലെ മാജിക്കുകള്‍ കാണിച്ച് ആളുകളെ അത്ഭുതസ്തബ്ധരാക്കാനുള്ള ത്വരയും അവിടുത്തെ അനുയായികളെ ഗ്രസിച്ചെന്ന് വരാം. ഇന്ന് കേരളത്തിലുടനീളം കാണുന്ന ഫ്ളക്സുകള്‍ ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. ഏതെങ്കിലും ഒരു പദ്ധതി പ്രഖ്യാപിച്ച് അല്ലെങ്കില്‍ ഏതെങ്കിലും ഒരു റോഡിനോ പാലത്തിനോ ഏതാനും കോടി രൂപ സര്‍ക്കാരില്‍ നിന്ന് അനുവദിപ്പിച്ച് കയ്യടി നേടാനുള്ള പ്രവണത വളരെയേറെയാണിന്ന്. രാജ്യത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടത്തുന്ന ഓരോ തരത്തിലുള്ള പദയാത്രകളും രഥയാത്രകളും സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. മനുഷ്യന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള കക്കൂസ് സൗകര്യങ്ങള്‍ പോലും ഒരു സമ്മേളനം വിളിച്ചുകൂട്ടി ഉല്‍ഘാടനം ചെയ്യപ്പെടണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കില്‍ നമ്മള്‍ ക്രൈസ്തവ നോമ്പിന്‍റെ അരൂപിയില്‍ നിന്ന് എത്രമാത്രം അകലെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഏതൊരു ക്ഷേമരാഷ്ട്രത്തിന്‍റേയും തലപ്പത്തുള്ളവരുടെ ഉത്തരവാദിത്വമാണ് പൗരന്മാരുടെ ക്ഷേമത്തിന് ആവശ്യമായതെല്ലാം ചെയ്തു കൊടുക്കുക എന്നത്. ഇതൊരു തുടര്‍ പ്രക്രിയയാണ്. നിര്‍ഭാഗ്യവശാല്‍ ഇത്തരം പ്രവണതകള്‍ സഭാതലങ്ങളിലേക്കും കടന്നുവരുന്നു എന്നത് ദുഃഖകരമാണ്. ഭക്ഷണക്കിറ്റ് നല്‍കുന്നതും വീടു വച്ച് നല്‍കുന്നതും വസ്ത്ര വിതരണം നടത്തുന്നതും എല്ലാം നേതാക്കളെ പങ്കെടുപ്പിച്ച് ആഘോഷമാക്കുമ്പോള്‍ എവിടെയോ എന്തോ ക്രൈസ്തവാരൂപിക്ക് ചേരാത്തതുപോലെ തോന്നുന്നു.
എല്ലാറ്റിനുമുപരി പണവും സ്ഥാനമാനങ്ങളും കാണുമ്പോള്‍ തന്‍റെ സ്രഷ്ടാവായ ദൈവത്തെ തന്നെ മറക്കാനുള്ള സാദ്ധ്യതയും എന്നും എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തന്നെ എന്നും ആരാധിക്കാനായി കര്‍ത്താവിനോട് പ്രലോഭകന്‍ ആവശ്യപ്പെടുന്നില്ല, പ്രത്യുത ഒരല്പസമയം മാത്രം മതി. അപ്പോള്‍ സകല സമ്പത്തും സ്ഥാനമാനങ്ങളും അവിടുത്തേതാകുമത്രെ. പക്ഷേ നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്ന വചനം അവിടുന്ന് ഓര്‍മ്മിപ്പിക്കുന്നു. അധികാരവും പണവും ആര്‍ജ്ജിച്ച് അപരനെ കീഴ് പ്പെടുത്തി തന്‍റെ കാല്‍ക്കീഴിലാക്കാനുള്ള ത്വരയാണിത് സൂചിപ്പിക്കുന്നത്. നമ്മുടെ രാജ്യം ഓരോ വര്‍ഷവും പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ആ പുരോഗമനത്തിന്‍റെ ഫലങ്ങള്‍ ജനസംഖ്യയുടെ വെറും 20 ശതമാനത്തില്‍ ഒതുങ്ങിപ്പോകുന്നു എന്ന കാര്യം നോമ്പെടുക്കുന്ന ക്രൈസ്തവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. രാജ്യത്തിന്‍റെ ഉത്തമ പൗരന്മാരായി ജീവിക്കുകയും മറ്റുള്ളവര്‍ക്ക് അതിനുള്ള പ്രചോദനമാകുകയും ചെയ്യുക എന്നത് ക്രൈസ്തവധര്‍മ്മമാണ്. നികുതി വെട്ടിപ്പും കള്ളപ്പണവും മറ്റും ദരിദ്രന്‍റെ ജീവിതത്തെ അസാദ്ധ്യമാക്കുമ്പോള്‍ നമ്മുടെ നോമ്പും ഉപവാസവും എന്ത് മാറ്റം നമ്മളിലും സമൂഹത്തിലും സഭയിലും ഉണ്ടാക്കുന്നു എന്നൊരു കണക്കെടുപ്പ് നടത്താന്‍ നമുക്ക് ബാദ്ധ്യതയുണ്ടെന്ന് തോന്നുന്നു. ഇതെല്ലാം പിശാചിന്‍റെ പ്രവര്‍ത്തനങ്ങളാണെന്നും ദൈവത്തെ പരീക്ഷിക്കലാണെന്നും നമ്മള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മരുഭൂമിയില്‍ അവിടുന്ന് പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ അവിടുന്ന് ഒന്നും ഭക്ഷിച്ചില്ല എന്ന് വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ഈശോയുടെ പ്രലോഭനങ്ങളെപ്പറ്റി വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഇക്കാര്യ ങ്ങള്‍ അവിടുന്ന് തന്നെ ശിഷ്യര്‍ക്ക് പറഞ്ഞു കൊടുത്തതാണെന്ന് ന്യായമായും ഊഹിക്കണം. കാരണം മരുഭൂമിയില്‍ അവിടുന്ന് തനിച്ചായിരുന്നല്ലോ. ആ ദിവസങ്ങളില്‍ താന്‍ ഒന്നും ഭക്ഷിച്ചില്ല എന്ന കാര്യവും അവിടുന്ന് തന്നെ വെളിപ്പെടുത്തിയതാകണം. ഒന്നും ഭക്ഷിച്ചില്ല എന്ന് പറയാന്‍ എന്തെങ്കിലും കാരണം ഉണ്ടാകണമല്ലോ. അതെന്തായിരിക്കാം? കാരണം വിശക്കുന്നവരെ അവിടുന്ന് വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കുന്നു എന്ന പരിശുദ്ധ മറിയത്തിന്‍റെ പ്രഖ്യാപനം തന്നെ. ശാരീരികമായിത്തന്നെ നമ്മള്‍ വിശക്കുമ്പോള്‍ ദൈവം നമ്മെ ശക്തിപ്പെടുത്തുകയും നമ്മുടെ സഹായത്തിന് നമ്മോടു കൂടെ ആത്മാവിന്‍റെ രൂപത്തില്‍ ആയിരിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നമുക്ക് പറയാന്‍ കഴിയും ബലഹീനരായ മനുഷ്യര്‍ ദൈവത്താല്‍ ശക്തിപ്പെടുത്തപ്പെടാന്‍ വേണ്ടിയാണ് നോമ്പെടുക്കുകയും ഉപവസിക്കുകയും ചെയ്യുന്നത്.
നമ്മള്‍ ശക്തിപ്പെടുത്തപ്പെടേണ്ടതിന്‍റെ ലക്ഷ്യം എന്തായിരിക്കാം? അത് തന്‍റെ പുത്രനിലൂടെ ആരംഭിച്ച രക്ഷ എല്ലാ തലമുറകളിലേക്കും അവിടുത്തെ അനുയായികളിലൂടെ എത്തിക്കുക എന്നത് തന്നെയാണ്. തന്നെ പിതാവായ ദൈവം ഭരമേല്‍പ്പിച്ച മനുഷ്യ രക്ഷ എന്ന മഹത്തായതും അതേ സമയം അതീവദുഷ്കരവുമായ ദൗത്യനിര്‍വഹണത്തിനുള്ള ശക്തിയും ധൈര്യവും സംഭരിക്കലായിരുന്നു അവിടുത്തെ ഉപവാസത്തിന്‍റെ ഉദ്ദേശ്യം. അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായിരുന്നു. അതുകൊണ്ട് മാനുഷികബലഹീനതകള്‍ അവിടുത്തെ ദൗത്യനിര്‍വഹണത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാം എന്നവിടുത്തേക്ക് ബോദ്ധ്യമുണ്ടായിരുന്നു. ഭക്ഷണം പോലും വേണ്ടെന്ന് വച്ച് തന്‍റെ ദൗത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടണമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ജനങ്ങള്‍ അവിടുത്തെ ചുറ്റും കൂടിയിരുന്നു എന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപ്പോള്‍ ഭക്ഷണകാര്യത്തില്‍ ബലഹീനനായ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമായിരുന്നില്ല അവിടുത്തേത്. അതുപോലെ തന്നെ തന്‍റെ മനസ്സിനും ശക്തി വേണ്ടിയിരുന്നു. അല്പം ഭക്ഷണം മാത്രമുള്ള സന്ദര്‍ഭങ്ങളില്‍ സ്വന്തം വിശപ്പിനെപ്പറ്റി മാത്രം ചിന്തിച്ച് ഭക്ഷിച്ച് തൃപ്തിവരുത്താനുള്ള പ്രലോഭനവും സാദ്ധ്യമായിരുന്നു. അതെല്ലാം ഒഴിവാക്കേണ്ടിയിരുന്നു. മരുഭൂമിയില്‍ നിന്ന് പുറത്തു വരുമ്പോള്‍ ആദ്യമുണ്ടാകുന്ന പ്രലോഭനം കല്ലുകളെ അപ്പമാക്കി സ്വന്തം വിശപ്പടക്കാനായിരുന്നല്ലോ. അപ്പോള്‍ പിന്നെ സഹനത്തിലൂടെയും കുരിശുമരണത്തിലൂടെയുമേ രക്ഷ സാധിതമാകൂ എന്ന സന്ദേശം കൊടുക്കാന്‍ അവിടുത്തേക്ക് സാധിക്കുമായിരുന്നില്ല. അവിടുത്തെ വരവിന്‍റെ ഉദ്ദേശം തന്നെ പാളിപ്പോകുമായിരുന്നു. അപ്പോള്‍ ഉപവസിക്കുമ്പോള്‍ എന്തിന് നമ്മള്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കണം എന്നതിന് ഉത്തരം കര്‍ത്താവ് ഇതിലൂടെ തരുന്നുണ്ട്. അത് നമ്മെത്തന്നെ ശക്തിപ്പെടുത്താനും നമ്മുടെ ലക്ഷ്യം സാധിക്കേണ്ടത് സിദ്ധന്‍ ചമഞ്ഞുകൊണ്ടല്ല എന്നും ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയാണ്. ക്രിസ്തീയസഹനം ക്രിസ്തീയജീവിതത്തിന്‍റെ ഒരു അടിസ്ഥാനപ്രമാണമാണ്. സ്വയം ശൂന്യമാക്കുന്നവര്‍ക്കേ അവിടുത്തെ ശിഷ്യരായിരിക്കാന്‍ കഴിയുകയുള്ളൂ എന്ന അവിടുത്തെ വചനം ഇവിടെ എടുത്ത് പറയേണ്ടതുണ്ട്.
മറ്റ് വാക്കുകളില്‍ നോമ്പ് നമ്മുടെ എന്തെങ്കിലും സ്വകാര്യ സാദ്ധ്യത്തിന് വേണ്ടിയല്ല എന്ന വസ്തുത പ്രത്യേകം പ്രസ്താവ്യമാണ്. നോമ്പെടുത്ത് ഉപവസിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ പ്രാര്‍ത്ഥന ദൈവം കൂടുതല്‍ ശ്രവിക്കുന്ന അനുഭവം നമുക്കുണ്ടാകും. അതിന്‍റെ കാരണം പരിശുദ്ധ മറിയം പ്രഘോഷിച്ചത് തന്നെയാണ്: നമ്മള്‍ വിശക്കുന്നവരാണെങ്കില്‍ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് അവിടുന്ന് നമ്മെ സംതൃപ്തരാക്കുന്നു. സ്വന്തം കഴിവില്‍ ആശ്രയം വയ്ക്കാതെ ദൈവത്തില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് സമ്പന്നരാക്കുന്നു. അതായത് നോമ്പെടുത്ത് ഉപവസിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ നമുക്ക് കാര്യസാദ്ധ്യമുണ്ടായത് നമ്മുടെ പ്രവൃത്തിയുടെ ശക്തികൊണ്ടല്ല, പ്രത്യുത നമ്മള്‍ ബലഹീനരാണ് എന്നേറ്റു പറഞ്ഞപ്പോള്‍ ദൈവം നമ്മളെ സഹായിച്ചതുകൊണ്ടാണ്. അതുകൊണ്ടാണ് ഇപ്രകാരം പറയാന്‍ കഴിഞ്ഞത്: എന്തെന്നാല്‍ അവിടുന്ന് എന്നോട് അരുളിച്ചെയ്തു. നിനക്ക് എന്‍റെ കൃപ മതി. എന്തെന്നാല്‍ ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്‍റെ ശക്തി എന്‍റെ മേല്‍ ആവസിക്കേണ്ടതിന് ഞാന്‍ പൂര്‍വ്വാധികം സന്തോഷത്തോടെ എന്‍റെ ബലഹീനതയെക്കുറിച്ച് പ്രസംഗിക്കും. അതുകൊണ്ട് ബലഹീനതകളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്. എന്തെന്നാല്‍ ബലഹീനനായിരിക്കുമ്പോഴാണ് ഞാന്‍ ശക്തനായിരിക്കുന്നത് (2 കോറി 12:9-10). കര്‍ത്താവിന്‍റെ രക്ഷാകരദൗത്യം ഈ ലോകത്തില്‍ വിശ്വസ്തതയോടെ തുടരാനുള്ള ശക്തിപ്പെടുത്തലായി നോമ്പ് അവിടുത്തെ അനുയായികള്‍ക്ക് അനുഭവപ്പെടട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org