പ്രാണൻകൊണ്ടൊരു കത്ത്

പ്രാണൻകൊണ്ടൊരു കത്ത്

സി. മരിയ സോന സിഎംസി

അമ്മയായിരുന്നു ഞാന്‍; എല്ലാവര്‍ക്കും. പക്ഷേ, ഇന്നു മരണമാണ്; വിഷത്താലുള്ള മരണം
ജീവിതമായിരുന്നു; ജീവന്‍റെ സമൃദ്ധിയുണ്ടായിരുന്നു
പക്ഷേ, ഇന്ന് വിഷമാണ്; പ്രാണഹരമായ വിഷം.
ഊര്‍ജ്ജമായിരുന്നു; ഒരു സംസ്കാരത്തിന്‍റെ
പക്ഷേ, ഇന്ന് രോഗമാണ്; രോഗം പേറുന്ന കലവറ
പോഷകസമൃദ്ധമായ രക്തവാഹിനിയായിരുന്നു.
പക്ഷേ, ഇന്നു നിലയ്ക്കാത്ത രക്തസ്രാവമാണെന്നില്‍.
ഞാന്‍ പെരിയാര്‍. സമ്പത്തിന്‍റെയും പ്രൗഢിയുടെയും രൂപഭാവങ്ങളോടെ ഒഴുകിത്തിമിര്‍ത്ത എന്നിലൂടെ ഒരു സംസ്കാരംതന്നെ രൂപപ്പെടുന്നതു ഞാന്‍ കണ്ടു. നി ങ്ങളുടെ ആത്മീയവഴികളിലും ചരിത്രത്തിലും കാല്പനികതയിലുമെല്ലാം ഊറിക്കിടക്കുന്നത് എന്‍റെ ജീവനാണ്.
എന്നെ ആവശ്യമായിരുന്നു, എല്ലാവര്‍ക്കും. കുടിവെള്ളത്തിന്… വെളിച്ചത്തിന്… ജീവന്‍ നിലനിര്‍ത്താന്‍… ഒഴിച്ചുകൂടാനാവാത്ത സത്യമായി അന്നും എന്നും. കാലത്തിന്‍റെ കടന്നുകയറ്റത്തില്‍ വികസനം അനിവാര്യമായിരുന്നു. പക്ഷേ, കാവലാകേണ്ടവര്‍ സ്വാര്‍ത്ഥതയുടെ മൂടുപടമണിഞ്ഞപ്പോള്‍ ഇല്ലാതാക്കിയത് എന്‍റെ പ്രാണനെയായിരുന്നു.
എന്നിലെ രസതന്ത്രം തന്നെ മാറ്റിയെഴുതാന്‍ പോന്നതായിരുന്നു വമ്പന്‍ ഫാക്ടറികളുടെ രംഗപ്രവേശം. വ്യവസായ ആവശ്യങ്ങള്‍ക്കായി എന്നില്‍നിന്നും ഊറ്റിയെടുക്കുന്ന വെള്ളത്തിന്‍റെ ഇരട്ടി അളവില്‍ മാലിന്യങ്ങളും രാസവസ്തുക്കളും അവര്‍ എന്നിലേക്കു നിക്ഷേപിക്കാന്‍ തുടങ്ങി. വിഷമാലിന്യത്തിന്‍റെ കുത്തൊഴുക്കിനാല്‍ വികൃതയായ എന്നെ നോക്കി ആര്‍ത്തട്ടഹസിക്കുന്ന കമ്പനികളുടെ എണ്ണം ഇന്ന് 270 കവിഞ്ഞിരിക്കുന്നു. നീരൊഴുക്കു കുറഞ്ഞ എന്നില്‍ 70 കൊല്ലത്തോളമായി ഈ വിഷരാസമാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയാണ്.
സിങ്ക്, കാഡ്മിയം, ലെഡ്, മെര്‍ക്കുറി തുടങ്ങിയ വിഷലോഹങ്ങളും ഡിഡിടി പോലുള്ള കീടനാശിനികളും എന്‍റെ സ്വഭാവത്തെത്തന്നെയാണു മാറ്റിമറിച്ചത്. കമ്പനികളുടെ ലാഭവും രാഷ്ട്രീയ ഭരണകക്ഷികളുടെ ഒത്താശയും മലിനീകരണനിയന്ത്രണ ബോര്‍ഡിന്‍റെ നിസ്സംഗതയും സമ്മാനിച്ചതു രോഗാതുരമായ ഒരു തലമുറയെയാണ്. രാസമലിനീകരണത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള എല്ലാ മുന്നറിയിപ്പുകളെയും കാറ്റില്‍ പറത്തിക്കൊണ്ടു വ്യവസായ-രാഷ്ട്രീയ കൂട്ടുകെട്ടു മുന്നേറുമ്പോള്‍ വീട്ടുകിണറുകള്‍ പോലും ഇന്ന് ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണ്.
ഇന്നു ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിലൂടെ നിങ്ങളും. നിങ്ങള്‍ കുടിക്കുന്ന വെള്ളം എന്‍റേതാണെന്ന അഹങ്കാരം ഇന്നെനിക്കില്ല. എന്നില്‍നിന്നും ജീവനും ഓജസ്സും സ്വീകരിച്ചവര്‍ എന്നില്‍ത്തന്നെ വിഷമായി ഒഴുകിനടന്നു. ചത്തുപൊങ്ങിയ ഈ വിഷത്തെ വിറ്റു കാശാക്കുന്നവരെയും വിലപേശി വാങ്ങി അകത്താക്കുന്നവരെയും ഞാന്‍ കണ്ടു. എത്രയോ തവണ ഞാനും നിറം മാറി ഒഴുകാന്‍ നിര്‍ബന്ധിക്കപ്പെട്ടു. കറുത്തും പിന്നെ ചുവന്നു വിഷപ്പുകയേറ്റും വിഷമത്സ്യം കഴിച്ചും വിഷജലം കുടിച്ചു ദാഹമകറ്റിയും ഡയാലിസിസ് സെന്‍ററുകള്‍ക്കു മുന്നില്‍ ക്യൂ നില്ക്കുന്ന ജനത്തെ ആശങ്കയോടെ നോക്കാനേ എനിക്കാകുന്നുള്ളൂ. ഇന്നിങ്ങനെയെങ്കില്‍ ഒരു ഇരുപതു വര്‍ഷത്തിനുശേഷം എന്തായിരിക്കും സ്ഥിതി?
ഒരു കാര്യത്തില്‍ പ്രതീക്ഷയുണ്ട്. അവയവദാനങ്ങളിലൂടെ ജനസമ്മിതി നേടിയ കൊച്ചി നഗരത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെയും ഡയാലിസിസ് സെന്‍ററുകളുടെയും എണ്ണത്തില്‍ ഇനിയും ഇരട്ടി വര്‍ദ്ധന ഉണ്ടാകാനാണു സാദ്ധ്യത. അറിവു കൂടിയ മനുഷ്യന്‍ എന്തേ അറിയേണ്ടത് അറിയാതെ പോകുന്നു. രോഗത്തെ അല്ലല്ലോ, രോഗകാരണത്തെയല്ലേ ആദ്യം ചികിത്സിക്കേണ്ടത്.
കാലം തെറ്റിവന്ന മഴയും വരള്‍ച്ചയും ഉഗ്രകോപിയായ സൂര്യനും വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളും മനുഷ്യന്‍റെ കയ്യടക്കലുകളുടെ അവശേഷിപ്പുകളാകുമ്പോള്‍ ആരൊക്കെയോ തിരിച്ചറിയുന്നുണ്ട് ഒരു തുള്ളി ജീവജലത്തിന്‍റെ വില! വരാനിരിക്കുന്ന ദുരന്തങ്ങളുടെ ഓര്‍മപ്പെടുത്തലുകളില്‍ ഒരു സത്യംകൂടി പറയട്ടെ. ഇനി ഒരു സ്രോതസ്സില്‍നിന്നുമുള്ള രാസമാലിന്യങ്ങളെയോ വിഷവസ്തുക്കളെയോ ഉള്‍ക്കൊള്ളാന്‍ എനിക്കു കെല്പില്ല. എന്‍റെ പ്രതീക്ഷകള്‍ ഇനിയും അസ്തമിച്ചിട്ടില്ല. എന്നെ കരുതലോടെ സംരക്ഷിക്കാന്‍ ഇനിയും നിങ്ങള്‍ക്കാവും. അതിനു തെളിവുകളാണല്ലോ ജാതിമതഭേദമെന്യേ എനിക്കുവേണ്ടി നിങ്ങള്‍ ഒത്തുചേര്‍ന്നതും വന്‍ ജനസാദ്ധ്യത്താല്‍ അനുഗൃഹീതമായ സമരറാലിയും സമ്മേളനവുമെല്ലാം. നി ലച്ചുപോകുന്ന എന്‍റെ ശ്വാസത്തെ തിരിച്ചുപിടിക്കാന്‍, മാലിന്യവിമുക്തയായ എന്നെ സ്വപ്നം കാണുന്ന നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുന്നു.

പ്രതീക്ഷയോടെ,
പെരിയാര്‍

mariaputhussery@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org