Latest News
|^| Home -> Cover story -> പ്രണയനൈരാശ്യം പ്രതികാരമാകുമ്പോള്‍

പ്രണയനൈരാശ്യം പ്രതികാരമാകുമ്പോള്‍

Sathyadeepam


ഡോ. ജോര്‍ജ് മണലേല്‍ വി.സി.

“വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ യുവാവു തീവച്ചു കൊന്നു.” “പ്രണയനൈരാശ്യത്താല്‍ യുവാവ് കാമുകിയെ കൊന്നശേഷം ആത്മഹത്യ ചെയ്തു.” അടുത്തകാലത്തു നമ്മുടെ മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകളാണിവ. പ്രണയവും നൈരാശ്യവും എന്നും ഉണ്ടായിട്ടുണ്ട്. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്ത കഥകള്‍ സാഹിത്യത്തിലും സിനിമയിലും നമുക്കു സുപരിചിതമാണ്. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നതും ക്രൂരമായ കൊലപാതകത്തിലേക്കു നയിക്കുന്നതുമായ സംഭവങ്ങള്‍ പുതിയ പ്രതിഭാസമാണ്. ഇങ്ങനെയുള്ള കൃത്യങ്ങള്‍ നടക്കുന്നതു പെട്ടെന്നുള്ള പ്രകോപനം കാരണമാണോ? പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതിന്‍റെ ആഘാതത്തില്‍ സമനില തെറ്റിയ മനസ്സിന്‍റെ പ്രകടനമാണോ ഇത്? വ്യക്തിത്വത്തിന്‍റെ വൈകല്യമാണോ ഇതിനു കാരണം? പ്രണയത്തെയും വിവാഹത്തെയുംകുറിച്ചുള്ള അപക്വമായ ധാരണകളും നമ്മുടെ സമൂഹത്തില്‍ വന്ന മൂല്യശോഷണവുമാണോ ഇങ്ങനെയുള്ള അക്രമപ്രവൃത്തികളിലേക്കു നയിക്കുന്നത്? മനഃശാസ്ത്രവും സാമൂഹ്യശാസ്ത്രവും ഗഹനമായി വിശകലനം ചെയ്യേണ്ട വിഷയങ്ങളാണിവ.

മനക്കരുത്ത് കുറഞ്ഞ യുവത്വം: അറിവിലും സാങ്കേതികവിദ്യയിലും നമ്മുടെ യുവജനങ്ങള്‍ വളരെയധികം വളര്‍ച്ച പ്രാപിച്ചവരാണ്. എന്നാല്‍ അതനുസരിച്ചുള്ള മാനസികപക്വത അവര്‍ക്കു വന്നിട്ടുണ്ടോ എന്നു സംശയകരമാണ്. മാനസികപക്വതയുടെ ഒരു പ്രധാന ഘടകമാണു വൈഷമ്യങ്ങളെ നേരിടാനുള്ള കഴിവ് (Tension Tolerance). ശാരീരികവും മാനസികവുമായ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വരുമ്പോള്‍ നമുക്കു വിഷമം അനുഭവപ്പെടും. അവയെ ആരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനെയാണ് Tension Tolerance എന്നു പറയുന്നത്. ഈ കഴിവു പെട്ടെന്നുണ്ടാകുന്നതല്ല. കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, മതവിശ്വാസം എന്നിവയെല്ലാം ഇക്കാര്യത്തില്‍ പങ്കുവഹിക്കുന്നതാണ്. ആഗ്രഹിക്കുന്നതെല്ലാം കിട്ടണമെന്നു വാശി പിടിക്കുന്ന കുട്ടികളും അതൊക്കെ ഉടനെ സാധിച്ചുകൊടുക്കുന്ന മാതാപിതാക്കന്മാരും ഒരുപോലെ ഉത്തരവാദികളാണ് ഇക്കാര്യത്തില്‍. യൗവ്വനത്തില്‍ യുവതീയുവാക്കള്‍ക്കു പരസ്പരം ആകര്‍ഷണം തോന്നുകയും അതു സൗഹൃദത്തിലേക്കും ചിലപ്പോള്‍ പ്രണയത്തിലേക്കും നയിക്കുകയും ചെയ്യുക സ്വാഭാവികമാണ്. പലപ്പോഴും ഇങ്ങനെയുള്ള ആകര്‍ഷണം ഒരാള്‍ക്കു മാത്രം തോന്നുന്നതായിരിക്കാം. മറ്റേയാള്‍ അത് അത്ര ഗൗരവമായി കണക്കാക്കുന്നുമില്ലായിരിക്കാം. തനിക്കു പ്രണയം തോന്നിയ വ്യക്തി തിരിച്ചു പ്രണയം കാണിക്കാതെ വരുമ്പോള്‍ വിഷമം തോന്നും. ഇവിടെയാണു പക്വത വന്ന മാനസികാവസ്ഥ രൂപീകരിക്കേണ്ടത്. തനിക്കു തോന്നിയ പ്രണയം എത്രമാത്രം വസ്തുനിഷ്ഠമാണ്? അതു വെറും ഉപരിപ്ലവമായ ആകര്‍ഷണങ്ങളില്‍ നിന്നു രൂപം കൊണ്ടതാണോ? പ്രണയം വിലയ്ക്കു വാങ്ങാന്‍ പറ്റില്ല. അതു രണ്ടു പേരുടെയും ഭാഗത്തുനിന്നു ഉണ്ടാകേണ്ടതാണ്. ആഗ്രഹിച്ച പ്രണയമൊന്നും നടക്കാതെ പോകുമ്പോള്‍ മോഹഭംഗം അനുഭവപ്പെടുക സ്വാഭാവികമാണ്. ഇവിടെയാണു സമചിത്തതയോടെ മനസ്സിലുണ്ടായ വിഷമം കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത്.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒരു ആത്മാര്‍ത്ഥ സുഹൃത്തുമായോ മാതാപിതാക്കന്മാരുമായോ അതല്ലെങ്കില്‍, സാധിക്കുമെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞനുമായോ മനസ്സിന്‍റെ വേദന പങ്കുവയ്ക്കുന്നത് ഉപകാരപ്രദമായിരിക്കും.

സൗഹൃദം, പ്രണയം, വിവാഹം: സുഹൃദ്ബന്ധങ്ങള്‍ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. തന്നെ മനസ്സിലാക്കുകയും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ചില വ്യക്തികള്‍ ഉണ്ടായിരിക്കുക എന്നത് ഒരു മാനുഷികാവശ്യംതന്നെയാണ്. വ്യക്തിത്വവളര്‍ച്ചയ്ക്ക് അതു സഹായകരവുമാണ്. സുഹൃദ്ബന്ധങ്ങളില്‍ മാനസികവും വൈകാരികവും യുക്തിപരവുമായ ഘടകങ്ങളുണ്ട്. തുറവിയും പങ്കുവയ്ക്കലും പരസ്പര ധാരണയുമാണു സുഹൃദ്ബന്ധങ്ങളിലെ പ്രധാന ഘടകങ്ങള്‍. എന്നാല്‍ പ്രണയത്തില്‍ ശാരീരികവും മാനസികവും വൈകാരികവുമായ ഘടകങ്ങള്‍ കൂടുതലായി അനുഭവപ്പെട്ടെന്നു വരാം. പ്രണയബന്ധങ്ങളില്‍ വൈകാരികതയുടെ പ്രാധാന്യം കൂടുന്നതുകൊണ്ടും യുക്തിപരമായ വിലയിരുത്തലിനും വസ്തുനിഷ്ഠമായ വിശകലനത്തിനും ശ്രമമുണ്ടായെന്നു വരില്ല. സൗഹൃദം പ്രണയത്തിലേക്കു നയിക്കാമെങ്കിലും രണ്ടും വ്യത്യസ്തമാണ്. പരസ്പരം അറിഞ്ഞും സ്നേഹിച്ചും പിന്തുണച്ചും ഒരുമിച്ചു ജീവിക്കാന്‍ ഒരു പുരുഷനും സ്ത്രീയും എടുത്ത സ്വതന്ത്ര തീരുമാനമാണു വിവാഹം. സാമൂഹികവും സാംസ്കാരികവും ആദ്ധ്യാത്മികവും നിയമപരവുമായ മാനങ്ങളുണ്ട് വിവാഹത്തിന്. പരസ്പര ധാരണയോടും സമ്മതത്തോടുംകൂടിയ ഒരു ഉടമ്പടിയാണത്. വിവാഹജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ ജോലി, സാമ്പത്തികഭദ്രത, വിദ്യാഭ്യാസം, മതവിശ്വാസം, കുടുംബപശ്ചാത്തലം എന്നിവ കണക്കിലെടുക്കേണ്ടി വരും. പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍ വിവാഹം എന്നതു രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം എന്നതിനോടൊപ്പം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധംകൂടിയാണ്. വിവാഹജീവിതത്തിന്‍റെ ഈ പ്രായോഗികതലങ്ങളെക്കുറിച്ചു പ്രണയകാലത്തു കാമുകീകാമുകന്മാര്‍ ഗൗരവമായി ചിന്തിച്ചു എന്നു വരില്ല. കൂടാതെ പ്രണയ കാലഘട്ടത്തില്‍ കാമുകീകാമുകന്മാര്‍ പരസ്പരം ശ്രദ്ധിച്ചിട്ടുള്ള ചില സ്വഭാവപ്രത്യേകതകളും വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നതിനു ഭയമുണ്ടാക്കാം. സന്തോഷകരമായ വിവാഹജീവിതത്തിനു സാമ്പത്തികനില, മതവിശ്വാസം, കുടുംബപശ്ചാത്തലം, ജോലി, വിദ്യാഭ്യാസം എന്നിവയിലുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ അനുയോജ്യത (compatibility) ആവശ്യമാണ്. നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ കുടുംബത്തിന്‍റെ അംഗീകാരവും പിന്തുണയുമില്ലാത്ത വിവാഹബന്ധങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പ്രണയലഹരിയില്‍ മതിമറന്നു വിവാഹാഭ്യര്‍ത്ഥന നടത്തുന്ന യുവാവിനെ ഭാവിയെക്കുറിച്ചു പ്രായോഗികമായി ചിന്തിക്കുന്ന കാമുകി തിരസ്കരിച്ചു എന്നു വരാം. പ്രേമപരവശനായ യുവാവിന് അതൊരു വലിയ മാനസികാഘാതമായിരിക്കും.

വിഷാദവും പ്രതികാരേച്ഛയും: തീവ്രമായി ആഗ്രഹിച്ച കാര്യം നടക്കാതെ വരുമ്പോള്‍ അല്ലെങ്കില്‍ വളരെ പ്രധാനപ്പെട്ട എന്തെങ്കിലും നഷ്ടമാകുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകാവുന്ന ഒരു വികാരമാണു വിഷാദം. ഒരു പ്രിയപ്പെട്ട വ്യക്തിയുടെ മരണം, ജോലി നഷ്ടപ്പെടുന്നത്, ബിസിനസ്സിലുണ്ടായ പരാജയം, പരീക്ഷയിലെ പരാജയം ഇവയൊക്കെ വിഷാദത്തിലേക്കു നയിക്കും. പരാജയങ്ങളും നഷ്ടങ്ങളും ഈ വ്യക്തികളെ വിഷാദരോഗത്തിലേക്കു (Depression) നയിക്കും. എല്ലാറ്റില്‍നിന്നും പിന്മാറുക, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഒരു കാര്യത്തിലും താത്പര്യമില്ലാതെയാകുക എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രത്യേകതകള്‍. ചിലരില്‍ ഇത് ആത്മഹത്യാപ്രവണതയിലേക്കു നയിക്കും. എല്ലാം നഷ്ടമായില്ലേ, ഇനി എന്തിനാണു ജീവിക്കുന്നത് എന്നുള്ള ചിന്തയാണ് ഇതിനു കാരണം. പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്ത കാമുകീകാമുകന്മാരെക്കുറിച്ചു നമ്മള്‍ മാധ്യമങ്ങളില്‍ വായിക്കാറുണ്ടല്ലോ. ആത്മഹത്യയ്ക്കുമുമ്പ് എഴുതിവച്ച കുറിപ്പുകളില്‍ പ്രകടമാകുന്നതു നിരാശയും അപമാനവും വഞ്ചിക്കപ്പെട്ടു എന്ന വിഷമവും വഞ്ചിച്ച വ്യക്തിയോടുള്ള പകയുമാണ്. വഞ്ചിച്ച വ്യക്തിയോടുള്ള പക നേരിട്ടു പ്രകടിപ്പിക്കാതെ അതു സ്വന്തം വ്യക്തിത്വത്തിലേക്കു തിരിച്ചുവിടുന്നതാണു വിഷാദരോഗവും ആത്മഹത്യയും. മനഃശാസ്ത്രജ്ഞന്മാര്‍ ഇതിനെ ‘Inverted anger’ എന്നു വിളിക്കും. വിഷാദരോഗത്തിന് അടിമയാകുന്ന വ്യക്തിക്കു കൗണ്‍സലിംഗും ചിലപ്പോള്‍ ഔഷധചികിത്സയും ആവശ്യമായി വരും.

സമനില തെറ്റിയ ഒരു മാനസികാവസ്ഥയുടെ പ്രകടനമാണ് ഇങ്ങനെയുള്ള കൊലപാതകങ്ങള്‍. വളരെ ശ്രദ്ധേയമായ ഒരു കാര്യം താന്‍ വഞ്ചിക്കപ്പെട്ടു എന്നുള്ള ചിന്ത പലപ്പോഴും യഥാര്‍ത്ഥമായിരിക്കുകയില്ല. വധശ്രമത്തിന് ഇരയായിട്ടുള്ള പല വ്യക്തികളും പറയുന്നതു തങ്ങള്‍ ഒരിക്കലും പ്രണയസമ്മതമോ വിവാഹവാഗ്ദാനമോ നല്കിയിട്ടില്ല എന്നാണ്. എന്നാല്‍ പ്രണയവാഗ്ദാനം നല്കിയശേഷം പെട്ടെന്ന് അതില്‍ നിന്നു പിന്മാറുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.

പ്രതികാരകൃത്യങ്ങളിലേക്കു നയിക്കുന്ന മാനസികഘടകങ്ങള്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ കൊല ചെയ്യാന്‍ തീരുമാനിക്കുന്നതിനു പിന്നില്‍ നമ്മുടെ സമൂഹത്തില്‍ ഇന്നു നിലനില്ക്കുന്ന കൊലപാതകസംസ്കാരത്തിന്‍റെ സ്വാധീനവും വിസ്മരിക്കുവാന്‍ സാദ്ധ്യമല്ല. രാഷ്ട്രീയ എതിരാളികളെ കൊല്ലുകയും നമുക്കെതിരായി നില്ക്കുന്നവരെ നശിപ്പിക്കുകയും ചെയ്യുന്ന മനോഭാവമാണ് ഇന്നു നമ്മുടെ സമൂഹത്തിലുള്ളത്. നമ്മളെ ഉപദ്രവിച്ചിട്ടുള്ളവരോടു ക്ഷമിക്കുക എന്ന മതപ്രബോധനങ്ങള്‍ക്ക് ഇന്നാരും പ്രാധാന്യം കൊടുക്കാറില്ല. തന്‍റെ മനസ്സിനെ വേദനിപ്പിച്ച, തന്‍റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനു തടസ്സം നിന്ന കാമുകിയെ ഇല്ലാതാക്കണം. സാധിക്കുമെങ്കില്‍ ഏറ്റവും നിഷ്ഠൂരമായ വിധത്തില്‍ നശിപ്പിക്കണം എന്ന പ്രതികാരചിന്തയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ പ്രതികാരകൃത്യ ങ്ങള്‍ ചെയ്യണമെന്ന വികലമായ ചിന്തയ്ക്കു പിന്നില്‍ പല മാനസികാഘാതങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കാമുകിയുടെ ഭാഗത്തുനിന്നുമുണ്ടായ പ്രണയാഭ്യര്‍ത്ഥന നിരസിക്കല്‍ തന്‍റെ അഭിമാനത്തിനും പൗരുഷത്തിനും ഏറ്റ ഒരു വലിയ ആഘാതമായിട്ടാണു കാമുകന്‍ കണക്കാക്കുക. അതോടൊപ്പം താന്‍ ഏറ്റവും സ്നേഹിച്ച വ്യക്തി നഷ്ടപ്പെട്ടു എന്ന ചിന്തയും. ആ നഷ്ടബോധവും മുറിവേറ്റ വികാരവും നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു ചിന്തയായി (obsession) മനസ്സില്‍ വന്നുകൊണ്ടിരിക്കും. നഷ്ടപ്പെട്ട കാമുകിയെ എങ്ങനെയെങ്കിലും തിരിച്ചുകിട്ടണം എന്നാകും പിന്നീടുള്ള ഉന്നം. അവളെ എപ്പോഴുംഫോണ്‍ വിളിക്കാന്‍ ശ്രമിക്കുന്നു, കാണാന്‍ ശ്രമിക്കുന്നു. ഇവയൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഈ ഘട്ടത്തില്‍ വേറൊരു കാര്യത്തിലും ശ്രദ്ധിക്കുകയില്ല. എപ്പോഴും ഒരേയൊരു ചിന്ത മാത്രം (Fixation). പഠനത്തിലും ജോലിയിലുമൊന്നും ഈ ഘട്ടത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കില്ല. ഇത്ര തീവ്രമായി ശ്രമിച്ചിട്ടും കാമുകി നിഷേധഭാവത്തില്‍ പ്രതികരിക്കുമ്പോള്‍ അതു പ്രതികാരമനോഭാവത്തിലേക്കു നയിക്കുന്നു. ഈ സമയത്തു കാര്യങ്ങള്‍ വസ്തുനിഷ്ഠമായി കൈകാര്യം ചെയ്യാനുള്ള കഴിവു നഷ്ടപ്പെടുന്നു (lack of objectivity). നിരന്തരമായ മാനസികസംഘര്‍ഷം മൂലം തലച്ചോറില്‍ സംഭവിക്കുന്ന ചില രാസവസ്തുക്കളുടെ വ്യതിയാനവും കാമുകന്‍റെ ചിന്തയെയും പെരുമാറ്റത്തെയും സ്വാധീനിച്ചേക്കാം. ചിലപ്പോള്‍ അതു വിഷാദരോഗത്തിലേക്കായിരിക്കും നയിക്കുക. മറ്റു ചിലപ്പോള്‍ ആക്രമണസ്വഭാവത്തിലേക്കും. മനസ്സിന്‍റെ സമനില തെറ്റിയ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ പ്രതികാരത്തെക്കുറിച്ചല്ലാതെ വേറൊന്നും ചിന്തിക്കാറില്ല. അതിശക്തമായ മാനസികസംഘര്‍ഷം കാരണം അവര്‍ ശാന്തമായി ചിന്തിക്കുകയോ പ്രശ്നം വേറെ ആരെങ്കിലുമായി പങ്കുവയ്ക്കുകയോ ഇല്ല. അന്ധമായ പ്രതികാരേച്ഛയ്ക്ക് അടിമയാകുന്ന മനസ്സ് പ്രതികാരകൃത്യങ്ങളിലേക്ക് അവരെ നയിക്കുന്നു. ഇതാണു പ്രണയകൊലപാതങ്ങളുടെ പിന്നിലുള്ള മനഃശാസ്ത്രം.

‘സാഡിസവും’ ‘മാസോക്കിസവും’: മറ്റുള്ളവരെ വേദനിപ്പിച്ചു സന്തോഷിക്കുന്ന മാനസിക വൈകൃതത്തിനാണു സാഡിസം എന്നു പറയുന്നത്. ചിലപ്പോള്‍ ഒരു രതിവൈകൃതവുമായും പരിണമിക്കാറുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടപ്പോള്‍ ഉണ്ടായ മാനസികവേദന വൈരാജ്യമായിത്തീരുന്നു. തന്നെ വേദനിപ്പിച്ച വ്യക്തിയെ വേദനിപ്പിച്ച് അതിനു പകരംവീട്ടണം എന്ന ചിന്ത ശക്തമായിത്തീരുന്നു. അതുകൊണ്ടാണു വെറുതെ കൊല്ലാതെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി പ്രണയം നിരസിച്ച കാമുകിയെ കൊല്ലുന്നത്. ഇതുവഴി ഒരു വലിയ ആത്മസംതൃപ്തി കാമുകന് ഉണ്ടാകുകയും ചെയ്യുന്നു. കുറ്റബോധത്തിനു പകരം സന്തോഷവും സംതൃപ്തിയുമാണു കാമുകന് അനുഭവപ്പെടുക. അതുകൊണ്ടാണു കൊല നടത്തിയശേഷം നിര്‍വികാരതയോടെ പൊലീസിനെയും ജനങ്ങളെയുമൊക്കെ അഭിമുഖീകരിക്കുന്നത്.

സ്വയം വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മാനസികവൈകൃതമാണു ‘മാസോക്കിസം’. പ്രണയാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ കൊല്ലുന്നതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ തനിക്കു പ്രശ്നമുണ്ടാകുമെന്നറിയാമെങ്കിലും അവയൊക്കെ ലക്ഷ്യം നേടിയെടുത്തതിലുളള സന്തോഷവും സംതൃപ്തിയുമായിട്ടാണു കാമുകനു തോന്നുക. കാമുകിയെ കൊന്നശേഷം ആത്മഹത്യ ചെയ്യുന്നതും ഈ സ്വയം പീഡനമനഃസ്ഥിതിയുടെ ഭാഗമാണ്. പ്രണയവഞ്ചനയുടെ ഒരു രക്തസാക്ഷിത്വമായിട്ടാണ് അയാള്‍ ആത്മഹത്യയെ വീക്ഷിക്കുന്നത്. വഞ്ചിക്കപ്പെട്ടു എന്ന വേദനയുമായി ജീവിക്കണ്ട എന്ന ചിന്തയും അയാളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു. ഞാന്‍ വേദനിച്ചാലും മരിച്ചാലും എന്നെ വേദനിപ്പിച്ച വ്യക്തിയെ വേദനിപ്പിച്ചു നശിപ്പിക്കും എന്ന വികലമായ ചിന്തയാണ് ഇവരുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നത്. പ്രണയനൈരാശ്യംമൂലം കാമുകിയെ ക്രൂരമായി കൊന്നശേഷം ആത്മഹത്യ ചെയ്യുന്ന കാമുകന്‍റെ വ്യക്തിത്വത്തെ ‘Sado-masochist personality’ എന്നു വിളിക്കാം.

കൊലയ്ക്കു പകരം മാനസികപീഡനം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ കൊല ചെയ്യുന്ന സംഭവങ്ങള്‍ അടുത്തകാലത്തു കൂടിവരുന്നുണ്ടെങ്കിലും കൂടുതല്‍ വ്യാപകമായി കാണുന്നതു മാനസികപീഡനമാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ‘മാനസികമായ കൊലപാതകം.’ പ്രണയാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ മാനസികമായി തേജോവധം ചെയ്യുന്ന രീതി ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നുണ്ട്. കാമുകിയെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുക, അതിനായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുക, പ്രണയകാലത്തെ ചില കത്തുകളും സന്ദേശങ്ങളം ഫോട്ടോകളും പരസ്യമാക്കുക, കല്യാണാലോചനകള്‍ വരുമ്പോള്‍ അവ മുടക്കുക… ഇങ്ങനെ പലവിധത്തിലാണ് ഈ മാനസികപീഡനം നടക്കുന്നത്. പഴയ കാമുകന്‍റെ നിരന്തരമായ മാനസികപീഡനംമൂലം ആത്മഹത്യ ചെയ്ത പല സംഭവങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. സാഡിസത്തിന്‍റെ വേറൊരു മുഖമാണ് ഇവിടെ നാം കാണുന്നത്. തന്‍റെ ഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തി ഒരിക്കലും സന്തോഷമായി ജീവിക്കരുതെന്ന വൈരാഗ്യ മനഃസ്ഥിതിയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്ന കാമുകന് ഒരു കുറ്റബോധവും ഉണ്ടാകാറില്ല. അവള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് ഇതൊക്കെയെന്ന വികലമായ മനഃസാക്ഷിയാണ് അവര്‍ക്കുള്ളത്.

പ്രതിവിധികള്‍: സൗഹൃദവും പ്രണയവുമൊക്കെ യുവത്വത്തിന്‍റെ പ്രത്യേകതയാണ്. ഇതില്‍ നിന്നൊക്കെ വ്യത്യാസമാണു വിവാഹജീവിതം. ഇവയ്ക്കിടയിലുള്ള അതിര്‍വരമ്പുകളെക്കുറിച്ചു ശരിയായ അവബോധം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. പ്രണയത്തിന്‍റെ മായാലോകത്തില്‍ ജീവിക്കുന്ന കാമുകീകാമുകന്മാര്‍ക്കു വസ്തുനിഷ്ഠമായി ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കുകയില്ല. വിവാഹജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തേണ്ടി വരും. അതുകൊണ്ടു പലപ്പോഴും കാമുകനോ കാമുകിയോ വിവാഹജീവിതം എന്ന ആശയത്തില്‍നിന്നും പിന്മാറിയെന്നും വരും. സാമൂഹികവും വ്യക്തിപരവും സാമ്പത്തികവുമായ പരിഗണനകള്‍ ഇങ്ങനെയുള്ള പിന്‍മാറ്റത്തിനു കാരണമാകാം. പരസ്പര അംഗീകാരവും ബഹുമാനവുമാണല്ലോ എല്ലാ സ്നേഹബന്ധങ്ങളുടെയും അടിസ്ഥാനം. ഒരാളുടെ ആഗ്രഹം മറ്റേയാളുടെ മേല്‍ അടിച്ചേല്പിക്കാന്‍ സാദ്ധ്യമല്ല. പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന മാനസികവിഷമം സ്വാഭാവികമാണ്. സമചിത്തത കൈവെടിയാതെ പക്വമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് ആവശ്യമാണ്. ഇതിനു സഹായകരമായ ചില കാര്യങ്ങളാണ് ഒരു നല്ല സുഹൃത്തിനോടോ മാതാപിതാക്കളോടോ ഈ പ്രശ്നം പങ്കുവയ്ക്കുക എന്നത്. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുന്നതിനു പകരം പക്വമായി ചിന്തിക്കുന്നതിന് ഇതു സഹായകരമാകാം. പ്രാര്‍ത്ഥനയും ധ്യാനവും കൗണ്‍സലിംഗും ഇക്കാര്യത്തില്‍ വളരെ ഉപകാരപ്രദമായിരിക്കാം. തങ്ങളുടെ മക്കളുടെ സ്നേഹബന്ധങ്ങളെക്കുറിച്ചു മാതാപിതാക്കന്മാര്‍ ശ്രദ്ധിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അവരുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും അസാധാരണമായി കണ്ടാല്‍ പ്രത്യേക ശ്രദ്ധയും ഇടപെടലും അത്യാവശ്യമാണ്.

Leave a Comment

*
*