പ്രണയനഷ്ടത്തില്‍ സ്വയം നഷ്ടപ്പെടാതിരിക്കാന്‍

പ്രണയനഷ്ടത്തില്‍ സ്വയം നഷ്ടപ്പെടാതിരിക്കാന്‍

ഡോ. ബോബന്‍ ഇറാനിമോസ്

പ്രണയം ഒരു വൈകാരികാനുഭവം മാത്രമല്ല. തീവ്രമായ പ്രണയം മനുഷ്യമസ്തിഷ്കത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രണയപരാജയങ്ങളോടു ഭീകരമായ വിധത്തില്‍ പ്രതികരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഈ ശാസ്ത്രീയവശങ്ങള്‍ കൂടി നാമറിഞ്ഞിരിക്കുന്നതു നല്ലതാണ്. പ്രണയത്തെക്കുറിച്ചു നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ഹെലന്‍ ഫിഷര്‍ എന്ന ആന്ത്രോപോളജിസ്റ്റിന്‍റെ കണ്ടെത്തലുകള്‍ ശ്രദ്ധേയമാണ്. പ്രണയിക്കുന്നവരുടെ മസ്തിഷ്കത്തിലെ വെന്‍ട്രല്‍ ടാഗ്മെന്‍റ് ഏരിയ, ന്യൂക്വിയസ് അക്വിബെന്‍സ് എന്നിവ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കി. മയക്കുമരുന്നുകള്‍ കഴിക്കുമ്പോള്‍ ഉത്തേജിതമാകുന്ന അതേ മസ്തിഷ്കഭാഗങ്ങള്‍ തന്നെയാണിതും. ഇതിനു പുറമെ കൗഡേറ്റ് ന്യൂക്ലിയസ് എന്ന മസ്തിഷ്കഭാഗവും പ്രണയത്തില്‍ ഭാഗമാകുന്നുണ്ട്. പ്രണയത്തെ അനുഭൂതിയിലേയ്ക്ക് എത്തിക്കുന്നതില്‍ ഡോപാമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ വഹിക്കുന്ന പങ്കും ചെറുതല്ല. ഡോപാമിന്‍റെ പ്രവര്‍ത്തനം ഏതാണ്ടൊരു ലഹരിമരുന്നിനു സമാനമാണ് എന്നു പറയേണ്ടി വരും.

ഈ സാഹചര്യത്തില്‍, ആദര്‍ശങ്ങളേയും മൂല്യങ്ങളേയും മറക്കാനും കൊല്ലാനും മരിക്കാനുമൊക്കെ തയ്യാറാകുന്ന സ്ഥിതിയിലേയ്ക്കു മാറാനും പ്രണയം ചില ആളുകളെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. ജൈവികമായ ഈ ഘടകങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ട് വൈകാരികമായ പക്വതയുടെയും ധാര്‍മ്മികതയുടെയും തലത്തില്‍ മാത്രം നിന്നുകൊണ്ട് ഈ പ്രശ്നത്തെ ഒരുപക്ഷേ നമുക്ക് മനസ്സിലാക്കാനാകില്ല.

പ്രണയ തിരസ്കാരം മാനസികതകര്‍ച്ച ഉണ്ടാക്കുന്നതു ഈ അര്‍ത്ഥത്തില്‍ സ്വാഭാവികമാണ്. പക്ഷേ ഈ സത്യം നാം മനസ്സിലാക്കുന്നതു തന്നെയാണ് അതിനെ മറികടന്നു പോകുന്നതിനുള്ള ആദ്യ ചുവടുവയ്പും. പ്രണയം തന്‍റെ മസ്തിഷ്കത്തെ ബാധിച്ചിട്ടുണ്ടാകാമെന്നും അതുകൊണ്ടാണു താന്‍ തീവ്രമായ വിധത്തില്‍ ഇതിനോടു പ്രതികരിക്കുന്നതെന്നും തിരിച്ചറിയുക. ഇതു പ്രണയത്തിലും പ്രണയനഷ്ടത്തിലും പെട്ടിരിക്കുന്ന വ്യക്തികള്‍ മാത്രമല്ല, അവരുടെ വേണ്ടപ്പെട്ടവര്‍ കൂടി മനസ്സിലാക്കുക. ആവശ്യമായ മനഃശാസ്ത്രസഹായവും മറ്റു തരത്തിലുള്ള പിന്തുണയും നല്‍കുക. അങ്ങനെ അവരെ ഈ നഷ്ടപ്രണയത്തിന്‍റെ മയക്കത്തില്‍നിന്ന് ഉണര്‍ത്തി നിത്യജീവിതത്തിലേയ്ക്കു കൊണ്ടുവരിക.

രണ്ടു ഘട്ടങ്ങളിലൂടെയാണ് ഒരു പ്രണയം അവസാനിക്കുക. ആദ്യത്തേത് പ്രതിഷേധത്തിന്‍റെയും ഉപേക്ഷിക്കലിന്‍റെയും ഘട്ടമാണ്. ഇഷ്ടവ്യക്തി തന്നില്‍നിന്ന് അകലുകയാണെന്ന വിവരം ആദ്യം ആര്‍ക്കും വിശ്വസിക്കാനാകില്ല. പിന്നീടത് വസ്തുതയാണെന്നു മനസ്സിലാകുമ്പോള്‍ ആ വ്യക്തിയുടെ പ്രണയത്തെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാന്‍ ശ്രമിക്കും. സ്നേഹവും പ്രതികാരവും ഒക്കെ ചേര്‍ന്ന ഒരു സമ്മിശ്രവികാരമായിരിക്കും ഈ ഘട്ടത്തില്‍ ബന്ധപ്പെട്ട വ്യക്തിയോടുണ്ടാകുക. രണ്ടാമത്തെ ഘട്ടം ഇനിയൊരു വീണ്ടെടുപ്പില്ലാത്ത വിധം പ്രണയം അവസാനിച്ചുവെന്ന തിരിച്ചറിഞ്ഞ് അതിനോടു ഗുഡ്ബൈ പറയുന്നതാണ്. ഈ ഘട്ടത്തില്‍ കടുത്ത നിരാശ ചിലരെ ബാധിച്ചേക്കും.

പ്രണയം സംഘര്‍ഷത്തിലായി കഴിയുമ്പോള്‍, ഇനി സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ എന്തൊക്കെ എന്നു മുന്‍കൂട്ടി മനസ്സിലാക്കിവേണം മുന്നോട്ടു നീങ്ങാന്‍. പ്രണയിക്കുന്ന വ്യക്തിയുമായി സംസാരിച്ചു കഴിയുമ്പോള്‍ രണ്ടു തീരുമാനങ്ങള്‍ വരാം. പ്രണയം തുടരാനും അവസാനിപ്പിക്കാനും. അവസാനിപ്പിക്കാനാണ് തീരുമാനമെങ്കില്‍ അതിനെ മാനസീകമായി സ്വീകരിക്കാന്‍ തയ്യാറായിരിക്കണം.

പ്രണയപരാജയത്തെക്കുറിച്ച് ഏറ്റവും അടുപ്പമുള്ളവരോടു വെളിപ്പെടുത്തുന്നതു നന്നായിരിക്കും. ഇതില്‍നിന്നു കരകയറാന്‍ അവരുടെ വാക്കുകളും പിന്തുണയും സഹായകരമാകും. പ്രണയവും പരാജയവും ഉണ്ടാകുന്ന ലോകത്തിലെ ആദ്യത്തെയാളാണ് താനെന്ന ചിന്ത ഉപേക്ഷിക്കുക. ചുറ്റുമുള്ളവരില്‍ പലരും ഇത്തരം അനുഭവങ്ങളുള്ളവരായിരിക്കുമെന്നറിയുക. പ്രണയത്തിനു വേണ്ടി ചിലവഴിച്ചിരുന്ന ഊര്‍ജവും സമയവും സൃഷ്ടിപരമായ മറ്റു കാര്യങ്ങളിലേയ്ക്കു തിരിച്ചുവിടുക.

പ്രതികാരചിന്ത വിടുക. പ്രതികാരം ചെയ്യണമെങ്കില്‍ തന്നെ അതു മറ്റുള്ളവരുടെയും തന്‍റെ തന്നെയും ജീവിതം നശിപ്പിച്ചുകൊണ്ടല്ല; മറിച്ചു ജീവിതത്തില്‍ വിജയിച്ചു കാണിച്ചുകൊടുത്തുകൊണ്ടാണ്. പ്രണയ തിരസ്കാരത്തിന് എപ്പോഴും കാരണമാകുന്നത് സ്വന്തം പോരായ്മകളാണെന്ന ചിന്ത പാടില്ല. പ്രണയിച്ചിരുന്ന വ്യക്തിയുടെ ജീവിതവീക്ഷണം, മൂല്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയൊക്കെയാകാം അതിനു കാരണം. എല്ലാവരും എല്ലാവര്‍ക്കും ചേരുന്നവരല്ല. സ്വന്തം വ്യക്തിത്വത്തിന്‍റെ മികവുകളും കഴിവുകളും തിരിച്ചറിഞ്ഞു ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു ജീവിതത്തില്‍ മുന്നോട്ടു പോകുകയാണ് ആവശ്യം.

പ്രണയ തിരസ്കാരം സംഭാവ്യമാണെന്നും അതു സംഭവിക്കുമ്പോള്‍ വേദനയും വൈകാരികവിക്ഷോഭവുമുണ്ടാകുന്നതില്‍ നമ്മുടെ മസ്തിഷ്കവ്യതിയാനങ്ങള്‍ കൂടി കാരണമാകുന്നുണ്ടെന്നും അതു മറികടന്നു പോകാവുന്നതാണെന്നും മനസ്സിലാക്കിയിരുന്നാല്‍ ഇത്തരം പ്രതിസന്ധികളെ വിജയകരമായി നേരിടുവാന്‍ സാധിക്കും.

(മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മനഃശാസ്ത്രവിഭാഗം അദ്ധ്യാപകനും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാണു ലേഖകന്‍.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org