പ്രണയമല്ലേ… പോട്ടെ സാരമില്ല

പ്രണയമല്ലേ… പോട്ടെ സാരമില്ല

റോബിള്‍ പി. മാത്യു
പന്തലാനിക്കല്‍

രണ്ടു വര്‍ഷം മുന്‍പ് വാട്സാപ്പില്‍ വൈറലായിരുന്ന ഒരു ദൃശ്യം വീണ്ടും ഓര്‍മ്മവന്നു. കോടതി വരാന്തയിലെ ഒരമ്മയുടെ നിസ്സഹായതയുടെ നിലവിളി. കോടതി വിധിയെ മാനിച്ചു സ്വന്തം മോളെ എതിര്‍കക്ഷികള്‍ക്ക് വിട്ടു കൊടുക്കേണ്ടിവന്ന ഹതഭാഗ്യയായ ഒരമ്മ. തന്നെ ഗൗനിക്കാതെ തട്ടമിട്ട ഒരു സ്ത്രീയുടെ കൈപിടിച്ചു നടന്നു നീങ്ങുന്ന സ്വന്തം മോളോട് കെഞ്ചിക്കേഴുന്ന ഒരമ്മ. തനിക്കു ചെവി തരാതെ അവള്‍ പോകുമെന്നുറപ്പായപ്പോള്‍ അവസാന പ്രതീക്ഷയെന്നവണ്ണം നിലത്തു വീണു ആ മകളുടെ കാലുകളില്‍ കെട്ടിപ്പിടിച്ച് "പോവല്ലേ മോളെ…' എന്നു യാചിക്കുന്ന ഒരമ്മയുടെ ദയനീയ ചിത്രം. "പൊന്നുമോളെ ഞങ്ങളെ ഉപേക്ഷിച്ചു പോവല്ലേ…. ഞങ്ങള്‍ക്കിനി ആരാണുള്ളത്? ഞങ്ങളിനി ആര്‍ക്കുവേണ്ടി ജീവിക്കണം?" എന്ന കരളലിയിക്കുന്ന രോദനം ഇപ്പോഴും ഉള്ളിലെവിടെയോ കുത്തി നോവിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പല പത്രവാര്‍ത്തകളും മറക്കാനാഗ്രഹിച്ച ആ സങ്കടക്കാഴ്ചയെ വീണ്ടും തട്ടിയുണര്‍ത്തുന്നവയായി… എങ്ങനെയാണ് നമ്മുടെ മക്കള്‍ ഇങ്ങനെ ആയത്? എവിടെയാണ് നമുക്ക് പിഴച്ചത്?

അരുത് സൂക്ഷിക്കണം എന്നു പറയുന്നവര്‍ക്കോ അതോ പോട്ടെ സാരമില്ല എന്നു പറയുന്നവര്‍ക്കോ, ആര്‍ക്കാണ് നമ്മോടു കൂടുതല്‍ സ്നേഹം? ഇവരില്‍ ആരോടാണ് നമുക്ക് താല്പര്യം കൂടുതല്‍ തോന്നുക? ഉത്തരത്തിലേക്കു വരുന്നതിനു മുന്നോടിയായി രണ്ടു ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടാം, Proactive & Reactive. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാല്‍ മുകളിലുള്ള ചോദ്യത്തിന്‍റെ ഉത്തരം പെട്ടെന്ന് തന്നെ കണ്ടെത്താനാവും. Proactive എന്ന പദം മുന്നൊരുക്കങ്ങളെയും മുന്‍കരുതലുകളെയും സുരക്ഷയെയും സൂചിപ്പിക്കുമ്പോള്‍ Reactive എന്നത് പ്രതികരണ നടപടികളെയും പ്രതി പ്രവര്‍ത്തനങ്ങളെയുമാണ് സൂചിപ്പിക്കുക. ആദ്യത്തേത്, ദുരന്തത്തിനെതിരെ മുന്‍കരുതലുകളെടുക്കാനും പ്രതിരോധിക്കാനും സഹായിക്കുമ്പോള്‍ ദുരന്തത്തിന് ശേഷമുള്ള അതിജീവനത്തിനും തിരിച്ചുവരവിനും രണ്ടാമത്തേത് സഹായിക്കുന്നു. തമ്മില്‍ മെച്ചം ഏതെന്നു ചോദിച്ചാല്‍ Proactive എന്നതാവണം ശരിയുത്തരം. കാരണം ദുരന്തമുണ്ടായ ശേഷം പരിഹരിക്കുന്നതിലും നല്ലതല്ലേ ദുരന്തമുണ്ടാവാതെ നോക്കുന്നത്. പ്രതിരോധം ചികിത്സയെക്കാള്‍ മെച്ചം (Prevention is better than cure) എന്ന ചൊല്ലുണ്ടായതും ഈ അര്‍ത്ഥത്തില്‍ തന്നെയാവണം.

അരുത് എന്നു പറയുന്നവരെ വെറുക്കുകയും പോട്ടെ സാരമില്ല എന്നു പറയുന്നവരെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു തലമുറ. വിരോധാഭാസമെന്നല്ലാതെ എന്തു പറയാന്‍…! സംരക്ഷണത്തിനായി ഏല്‍പ്പിക്കപ്പെട്ടവരോട് പോട്ടെ സാരമില്ല എന്നു പറയേണ്ടി വരുന്നിടത്തോളം വലിയൊരു ദൗര്‍ഭാഗ്യമില്ല. കാരണം ഒരു ഇരയോടാണ് പോട്ടെ സാരമില്ല എന്നു നമുക്ക് പറയേണ്ടി വരിക. ഫ്രാന്‍സിസ് പാപ്പ പറയുന്നത് 'സ്നേഹിച്ചു കൊണ്ട് സേവനം ചെയ്യുന്നവര്‍ക്കേ സംരക്ഷിക്കാനാകൂ!' എന്നാണ്. സംരക്ഷണമാണ് ഉദ്ദേശമെങ്കില്‍ മുന്‍കരുതലുകളും സൂചനകളും അരുതുകളും അതിനോടൊപ്പമുണ്ടാവണം. അവയെ അവഗണിക്കുന്നവര്‍ക്കു തീര്‍ച്ചയായും പിന്നീട് പോട്ടെ സാരമില്ല എന്നു വേണ്ടപ്പെട്ടവരോട് പറയേണ്ടിയും വരും. നമ്മുടെ കൗമാരക്കാരുടെയും യുവജനങ്ങളുടെയും പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം 24×7 hours സിനിമകള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും പോര്‍ണോഗ്രഫിക്കും വിട്ടുകൊടുത്തിട്ട്, വീട്ടുകാരുടെയും മുതിര്‍ന്നവരുടെയും ഉപദേശം കേട്ടും catechism കൂടിയും അവര്‍ വിശുദ്ധിയില്‍ ജീവിക്കുമെന്നു ചിന്തിച്ച് നമ്മള്‍ മനസ്സിലാക്കിയില്ല അവര്‍ കേള്‍ക്കുന്നതല്ല കാണുന്നതാണ് ജീവിതത്തില്‍ പ്രാവൃത്തികമാക്കാന്‍ പോവുന്നതെന്ന്. കാലപ്പഴക്കത്തില്‍ തുരുമ്പെടുത്തിട്ടും വലിച്ചെറിയാന്‍ നമ്മള്‍ തയ്യാറാകാത്ത പറഞ്ഞുകൊടുക്കലിന്‍റെ പഴമ്പാത്രം. നമ്മള്‍ ഇനിയും അതില്‍ വിളമ്പു തുടരുകയാണ്. ഇന്ന് ജിഹാദിനെതിരെ സംഘടിക്കാനും പ്രതികരിക്കാനും ആഹ്വാനം ചെയ്തു സംതൃപ്തി അടയുന്നവര്‍ മനസ്സിലാക്കുക. ഇതു കേവലമൊരു പ്രതിപ്രവര്‍ത്തനമാണ്. ദുരന്തശേഷമുള്ള പരിഭ്രാന്തി മുഴക്കല്‍ മാത്രം. പോസ്റ്റ്മോര്‍ട്ടവും പ്രതിക്ഷേധയോഗങ്ങളും കൊണ്ടു നഷ്ടപ്പെട്ട ജീവിതമൊന്നും ആര്‍ക്കും തിരിച്ചുകിട്ടിയതായി ചരിത്രങ്ങളിലില്ല. തന്നെയുമല്ല ഇന്നത്തെ ജിഹാദികള്‍ക്കു പകരം നാളെ ഏതു കാമവെറിയനും ഇതേ തന്ത്രങ്ങളുമായി അവരെ സമീപിച്ചെന്നും വരാം. സംസാര… സ്പര്‍ശന… സംഭോഗ സുഖത്തിനും മുതലെടുപ്പിനുമായി എത്തുന്നവര്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയും സംരക്ഷണ വലയം തീര്‍ത്തും നമ്മള്‍ എത്രനാള്‍ അവരെ സംരക്ഷിക്കും… പുഴയില്‍ വീഴാതിരിക്കാന്‍ മതിലുകെട്ടുന്നതിന്‍റെ ഒപ്പം തന്നെ നീന്തല്‍ കൂടി പഠിപ്പിക്കേണ്ട കാലമല്ലേ നമുക്ക് മുന്നില്‍?

കറുത്ത തുണികൊണ്ടു വാ മൂടിക്കെട്ടി കുത്തിയിരിക്കുന്ന അമ്മമാരുടെ ദയനീയ ചിത്രം യഥാര്‍ത്ഥത്തില്‍ നമ്മെ ഓര്‍മ്മപ്പെടുത്തേണ്ടത് മറ്റൊന്നാണ്. ഒരു പെണ്‍കുട്ടിയുടെ കണ്ണിന്‍റെ പ്രണയ കടാക്ഷവും മൗനാനുവാദവുമില്ലാതെ അവളെ വീഴ്ത്താന്‍ ഒരു ജിഹാദിക്കുമാവില്ല എന്ന സത്യം. ആ കണ്ണിനെയും അതിന്‍റെ കഴിവുകളെയും വേണ്ടവിധം ഉപയോഗിക്കാന്‍ അവള്‍ക്കെന്തേ സാധിച്ചില്ല എന്ന വിചിന്തനം. സ്വയം പ്രതിരോധിക്കാന്‍. വികാരത്തള്ളലില്‍ വിവേകം കൈവിട്ടു കളയാതിരിക്കാന്‍, രക്ഷയുടെ ലക്ഷ്മണരേഖ സ്വയം മുറിക്കാതിരിക്കാന്‍, ഭേദിക്കാതിരിക്കാന്‍, നമ്മളവളെ പ്രാപ്തയാക്കിയില്ല. പക്വതയോടെ ബന്ധങ്ങളെ കാണാന്‍, രൂപപ്പെടുത്താന്‍, അതിന്‍റെ പേരില്‍ നിലവിലുള്ള ബന്ധങ്ങള്‍ തകര്‍ക്കാതിരിക്കാന്‍, അവള്‍ക്ക് നമ്മള്‍ മാതൃകകള്‍ നല്‍കിയില്ല. പുതിയ ബന്ധങ്ങള്‍ കിട്ടുമ്പോള്‍ പഴഞ്ചനും വിലയില്ലാത്തതുമായി അവള്‍ക്കു തോന്നിയ മാതാപിതാക്കളോടും കുടുംബത്തോടുമുള്ള ബന്ധത്തിന്‍റെ വില നമ്മള്‍ അവള്‍ക്കു മനസ്സിലാക്കി കൊടുത്തില്ല. ജലോപരിതലത്തില്‍ വിടര്‍ന്നുല്ലസിക്കുന്ന താമരയുടെ സൗന്ദര്യം താഴെയുള്ള ചെളിയോടും ചേറിനോടുമുള്ള ബന്ധമാണെന്നും ആ ബന്ധമറ്റാലുണ്ടാകാവുന്ന കുറവുകളും വിപത്തുകളും ഭാവിയില്‍ പരിഹരിക്കാനാവാത്തതാണെന്നും അവളെ പഠിപ്പിച്ചുമില്ല അവള്‍ സ്വയം മനസ്സിലാക്കിയതുമില്ല.

യുവജനങ്ങളെ ഭയക്കുകയും ആ ഭയത്തെ മറച്ചുപിടിക്കാന്‍ അവരുടെ താളത്തിനൊത്ത് തുള്ളാന്‍ വികലമായി ശ്രമിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ച്ചയുടെ ബാക്കി പത്രങ്ങളാണ് ലൗ ജിഹാദിന്‍റെ ബലിയാടുകള്‍. നയിക്കുന്ന വഴിയേ പോവാത്ത കൊണ്ടാവാം പോവുന്ന വഴിയേ നയിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവരുടെ കഥ, ഞാനും നിങ്ങളും നമ്മളെല്ലാരുമുള്‍പ്പെട്ട മുതിര്‍ന്ന തലമുറയുടെ, നാളെയെ കരുപ്പിടിപ്പിക്കേണ്ടിയിരുന്നവരുടെ, നയിക്കേണ്ടിയിരുന്നവരുടെ, വീഴ്ച്ചയുടെ കഥ. സൂചന തന്നിരുന്നവരെ (മുന്‍ ഇടുക്കി പിതാവ്) വിശാല കാഴ്ചപ്പാടിന്‍റെയും മതമൈത്രിയുടെയും പേരു പറഞ്ഞു പുച്ഛിച്ചു തള്ളിയവരുടെ, ആധുനികതയുടെ ആത്മീയതയെ ഉയര്‍ത്തിപ്പിടിച്ചിരുന്നവരുടെ പതനത്തിന്‍റെ കഥ. ഒപ്പം അപ്പനമ്മമാരുടെയും ആത്മീയ പിതാക്കന്മാരുടെയും വീഴ്ചകളുടെ കഥ.

സംരക്ഷിച്ചില്ല എന്നു മാത്രമല്ല നാശത്തിലേക്കുള്ള വഴി തെളിക്കാന്‍ കൂടി നമ്മള്‍ കാരണമായി എന്നതാവണം നമ്മുടെ വ്യസന കാരണം. സിനിമകളും സോഷ്യല്‍ മീഡിയകളും കാട്ടിക്കൊടുത്ത പ്രണയക്കാഴ്ചകളില്‍ പ്രചോദിതരായി ശാരീരിക മാനസിക വൈകാരിക പക്വതയില്‍ എത്തുന്നതിനും മുന്നേ Love hormones-ല്‍ മുങ്ങി കുളിക്കാന്‍ അവരെ പരുവപ്പെടുത്തുന്നതിനുള്ള വേദികളായി അധഃപതിക്കുന്ന കലാലയങ്ങളില്‍ മിക്കതും നമ്മുടെ സ്വന്തം. അഡാര്‍ ലൗ പോലെയുള്ള സിനിമകള്‍ ചിത്രീകരിക്കപ്പെടുന്ന കലാലയങ്ങളെപ്പറ്റിയും അത്തരം സിനിമകള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളില്‍ ഉണര്‍ത്തുന്ന തീവ്ര വികാരങ്ങളും ജനിപ്പിക്കുന്ന ആഗ്രഹങ്ങളും അവരെ എവിടേക്ക് നയിക്കും എന്നതിനെപ്പറ്റിയും നമ്മള്‍ വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനും തിരുത്താനും പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനും നമുക്കാവണം. 'ലക്ഷണങ്ങളെ ചികിത്സിക്കുന്ന' പതിവ് തമാശയ്ക്കു പകരം സഭാ പഠനങ്ങളും പ്രബോധനങ്ങളും മുന്‍നിര്‍ത്തി മനഃശാസ്ത്ര വസ്തുതകള്‍ കൂടി ഉള്‍ച്ചേര്‍ത്തു മൂലരോഗത്തെ ചികിത്സിച്ചു സൗഖ്യമേകുന്ന തിരുത്തലുകളിലേക്ക് നമുക്ക് മടങ്ങാനാവണം. നമ്മുടെ ഗാര്‍ഹിക സഭകളെ അതിലൂടെ നയിക്കാനാവണം. പെണ്‍കുട്ടികളുള്ള കുടുംബങ്ങളെയും അവരുടെ മാതാപിതാക്കളെയും സ്ത്രീ ശാക്തീകരണത്തിനു പ്രാപ്തരാക്കണം. അത് പുരുഷനോട് കിടപിടിക്കാനല്ല മറിച്ചു മനോബലം കൊണ്ട് സ്വയം ശക്തിപ്പെടാനും, വൈകാരിക പക്വത നേടാനും, ഇത്തരം പ്രണയ പ്രതിസന്ധികളെ അതിജീവിക്കാനും കൂടിയാവണം. നാളത്തെ സഭയുടെ മാതൃത്വത്തിന്‍റെ ഭാഗഭാക്കാണ് ഓരോ പെണ്‍കുഞ്ഞും എന്നു തിരിച്ചറിഞ്ഞു തിരിച്ചു നടക്കാനും നടത്താനും സംരക്ഷണ വലയം തീര്‍ക്കാനും നമുക്കാവണം. പിന്നീടൊരിക്കല്‍ പോട്ടെ സാരമില്ല എന്നു പറയാനിടവരാത്ത വിധം.

അഡിക്ഷന്‍റെ ന്യൂറോ സയന്‍സ്
അഡിക്ഷന്‍ ഒരു വസ്തുവിനോടാണ് എന്നതായിരുന്നു പണ്ട് കാലത്തുണ്ടായിരുന്ന ഒരു മിഥ്യാ ധാരണ. ഇന്നത് മാറി അഡിക്ഷന്‍ ഒരു വസ്തുവിനോടോ പ്രവൃത്തിയോടോ വ്യക്തിയോടൊ ഒക്കെയാകാം എന്നു നമ്മള്‍ മനസ്സിലാക്കുന്നു. അങ്ങനെയെങ്കില്‍ പ്രണയം ഒരു അഡിക്ഷന്‍ ആണോ? ഉത്തരത്തിലേക്കു എത്തുന്നതിനു മുന്നേ അഡിക്ഷനെ കുറച്ചുകൂടി വിശദമായി നമ്മള്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ഇപ്പറഞ്ഞ ഒന്നിനോടുമല്ല മറിച്ച് ഒരു വസ്തുവോ പ്രവൃത്തിയോ വ്യക്തിയോ പ്രദാനം ചെയ്യുന്ന സന്തോഷത്തോടാണ് ഒരു വ്യക്തിയുടെ അഡിക്ഷന്‍ എന്നതാണ് ഏറ്റവും പുതിയ കാഴ്ചപ്പാട്. അങ്ങനെയെങ്കില്‍ മനുഷ്യന് ആ സന്തോഷം ലഭിക്കുന്നത് എവിടെ നിന്ന്? അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏതെങ്കിലും ഹോര്‍മോണുകള്‍ ആണോ? എങ്കില്‍ അത് ഏത്?

മനുഷ്യന്‍റെ സന്തോഷത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് dopamine എന്നു പറയുന്ന ഹോര്‍മോണ്‍ ആണ്. അതായത് മനുഷ്യന്‍റെ അഡിക്ഷന്‍ ഈ hormone ലഭിക്കാന്‍ സഹായിക്കുന്ന എന്തിനോടുമാവാം. അതായത് ഭക്ഷണം, സെക്സ്, ചീട്ടുകളി, മദ്യപാനം, മയക്കുമരുന്ന്, വിനോദം, വായന, ആഘോഷങ്ങള്‍, നമുക്ക് താല്പര്യമുള്ള വ്യക്തികളുടെ സാമീപ്യം അങ്ങനെ സന്തോഷം നല്‍കാനുതകുന്ന എന്തിനോടുമാകാം ഈ അഡിക്ഷന്‍. അതിലുപരി അതിനു വേണ്ടി തലച്ചോര്‍ ഉത്പാദിപ്പിക്കുന്ന dopamine എന്ന രസഘടകത്തിനു വേണ്ടിയാണ് ഈ അഡിക്ഷന്‍. അതിലൂടെ ലഭ്യമാകുന്ന നല്ല അനുഭവങ്ങളും സന്തോഷ ലബ്ധിയും (Good feeling & Pleasure reward) ആവണം ഒരുവനെ അഡിക്ഷനില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്. നമുക്ക് നല്ല അനുഭവങ്ങള്‍ നല്‍കുന്ന എന്തിന്‍റെ പിന്നിലും ഈ അഡിക്ഷനുള്ള പ്രേരണയും സാധ്യതയും ഉണ്ടെന്നും അതിനാല്‍ത്തന്നെ പ്രണയത്തിനും ഒരു അഡിക്റ്റിവ് പ്രകൃതമുണ്ടെന്നും നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് അഡിക്റ്റിവ് ബ്രെയിന്‍റെ പ്രതികരണ രീതികളില്‍ കണ്ടു വരുന്ന ചില കാര്യങ്ങള്‍ (Addictive Brain Responses), തലച്ചോര്‍ സന്തോഷദായകമായ രാസഘടകങ്ങള്‍ (Pleasure related neuro-transmitters) കൊണ്ട് നിറയുക. അമിതമായി അനിയന്ത്രിതമായ ഉന്മേഷം ഉത്സാഹം ഉണ്ടാവുക. ഏതു പ്രതിസന്ധിയിലും കൂസലില്ലായ്മ. യഥാര്‍ത്ഥ അപകടത്തിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോഴും അതിനെ വകവയ്ക്കാതിരിക്കുക. പ്രേരണകളെയും പ്രലോഭനങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള ശേഷിക്കുറവ്. അപകട സൂചനകളെ മനസ്സിലാക്കാനുള്ള കഴിവില്ലായ്മ. അതിലുപരി വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍. തുടങ്ങിയവയെല്ലാം, മിക്ക കഠിന കമിതാക്കളുടെയും സ്വഭാവ വിശേഷങ്ങളില്‍ പ്രകടമായിക്കാണുന്ന പ്രത്യേകതകളാണ്. ഈ സവിശേഷതകള്‍ മൂലമാണ് മയക്കുമരുന്നും മദ്യവുമുപയോഗിക്കുന്നവര്‍ ഏതു അതിക്രമത്തിനും തയ്യാറാവുന്നത്. ആരെക്കൊല്ലാനും മടി കാട്ടാത്തത്. ഒരു ബന്ധത്തെയും വകവയ്ക്കാത്തത്. ഏതു പ്രതിസന്ധികളുടെ നടുവിലേക്കും വീണ്ടു വിചാരമില്ലാതെ എടുത്തു ചാടുന്നത്. മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാതെ വെട്ടൊന്ന് മുറി രണ്ട് എന്ന സമീപനങ്ങള്‍ സ്വീകരിക്കുന്നത്..

അഡിക്ഷനും തലച്ചോറും
അഡിക്ഷനോട് ബന്ധപ്പെട്ട dopamine-ന്‍റെ ഉല്‍പ്പാദനം നടക്കുന്നത് തലച്ചോറിന്‍റെ മധ്യഭാഗ (Mid Brain)ത്താണ്. അവിടെ നിന്നും അതു Striatum എന്ന ഭാഗത്തിലേക്കെത്തുന്നു. തലച്ചോറിന്‍റെ ഈ ഭാഗത്തിന്‍റെ പ്രധാന ധര്‍മ്മം ലക്ഷ്യപ്രാപ്തിയാണ്. ലക്ഷ്യത്തിലേക്കു ശ്രദ്ധയെ കേന്ദ്രീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന തലച്ചോറിന്‍റെ ഭാഗം. ലക്ഷ്യം നേടാനുള്ള ആഗ്രഹവും അതിനുള്ള പ്രചോദനവും വരുന്നതും ഇവിടെ നിന്ന്. ഇവിടേക്ക് പമ്പ് ചെയ്യപ്പെടു ന്ന dopamine ഓരോ ചുവടിലും ലക്ഷ്യത്തിലേക്കു മാത്രം നോക്കാനും അതിലേക്കു എത്രയും പെട്ടെന്ന് എത്താനും പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ അതേ സമയം തന്നെ ലക്ഷ്യപ്രാപ്തിക്കിടയിലുണ്ടാകാവുന്ന വിപത്തുകളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്ന തലച്ചോറിന്‍റെ മുന്‍ഭാഗവുമായുള്ള (prefrontal cortex) ആശയ വിനിമയ സംവിധാനം (synaptic connections) ദുര്‍ബ്ബലമാവുന്നു. ചിന്തയില്ലാതെ നടത്തുന്ന ഓട്ടോമാറ്റിക് പ്രവര്‍ത്തനം പോലെ നമ്മുടെ രീതികള്‍ മാറ്റപ്പെടുന്നു. മുന്നോട്ടോ പിന്നോട്ടോ നോട്ടമില്ലാതെ 'നൈമിഷിക ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ഏതറ്റം വരെ പോവാനും അത്തരം വ്യക്തികള്‍ തയ്യാറാവുന്നു. അതിനാലാവണം കമിതാക്കള്‍ക്ക് പലപ്പോഴും സാമാന്യബുദ്ധിയോടെ കാര്യങ്ങള്‍ ഗ്രഹിക്കാനും പക്വതയോടെ തങ്ങളുടെ നിലവിലുള്ള ബന്ധങ്ങളെ പരിഗണിക്കാനും ആവാത്തത്. ഇവിടെ അവരെ കൈയ്യൊഴിയുകയോ വളച്ചൊടിക്കുകയോ അല്ല വേണ്ടത് പകരം പക്വതയോടെ അവരുടെ മാനസിക അവസ്ഥ മനസ്സിലാക്കി തിരിച്ചു കൊണ്ടു വരുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കേണ്ടത്.

കാലക്രമേണ ഈ dopamine പ്രൊഡക്ഷന്‍ കുറയുന്ന കാലങ്ങളില്‍prefrontal cortex-മായി അവര്‍ക്ക് നഷ്ടപ്പെട്ടsynaptic connections rebuild ചെയ്യപ്പെടുന്നു. അവര്‍ വിവേകത്തോടെ കാര്യകാരണങ്ങള്‍ മനസ്സിലാക്കി ചിന്തിച്ചു തുടങ്ങുന്നു. വിവേകത്തോടെ മനസ്സിലാക്കാനും ഉറച്ച തീരുമാനങ്ങള്‍ എടുക്കാനും അവര്‍ പ്രാപ്തരാവുന്നു. പല പ്രണയവിവാഹങ്ങളും വേര്‍പിരിയുന്നതിലേക്കു നീങ്ങുന്നതും തിരിച്ചറിവിന്‍റെ വിവേകം മടങ്ങിയെത്തുന്ന ഈ കാലത്താണ്. ഈ സമയത്താണ് തങ്ങള്‍ പൊട്ടിച്ചെറിഞ്ഞ യഥാര്‍ത്ഥ ബന്ധങ്ങളുടെ വില പലരും തിരിച്ചറിയുക. അപ്പോഴേക്കും അതില്‍ മിക്കതും അറ്റുപോയിട്ടുമുണ്ടാവും. പക്വതയോടെ ഈ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കേണ്ടതിന്‍റെ ശാസ്ത്രീയ ഘടകങ്ങളും വൈകാരിക നിയന്ത്രണത്തിന്‍റെ ആവശ്യകതകളും മനസ്സിലാവുന്നതിനു മുന്നേ; അതായത് പ്രായപൂര്‍ത്തിക്കും മുന്നേ പ്രണയത്തെ എന്തുകൊണ്ട് ഉണര്‍ത്തിക്കൂടാ എന്നതിന്‍റെ ശാസ്ത്രീയ കാര്യങ്ങളാണ് മേല്പറഞ്ഞവ.

പക്ഷെ സിനിമകളും സോഷ്യല്‍ മീഡിയകളും തൊടുത്ത മന്മഥ ശരങ്ങളുല്‍പ്പാദിപ്പിച്ചു തുടങ്ങുന്ന dopamine ന്‍റെ ത്വരിത കേന്ദ്രങ്ങളായി ഇന്നത്തെ കലാലയങ്ങളും ഭക്ത സംഘടനകളും Sunday Catechism ക്ലാസ്സുകളും എന്തിനു പള്ളികള്‍ പോലും വഴിമാറുമ്പോള്‍, അവര്‍ പോവുന്ന വഴിയേ അവരെ നയിക്കാനായി മുതിര്‍ന്നവര്‍ മത്സരിക്കുമ്പോള്‍, അറിഞ്ഞോ അറിയാതെയോ നമ്മുടെ കുഞ്ഞുങ്ങളിലെ പ്രണയത്തെ നേരത്തെ ഉണര്‍ത്തുന്നതിലൂടെ അവരെ പ്രണയ ഭീകരരിലേക്ക് എത്തിക്കുന്നതില്‍ മുതിര്‍ന്നവരുടെ അജ്ഞതയ്ക്കും നിശ്ശബ്ദതയ്ക്കും പങ്കുണ്ടെന്നത് അംഗീകരിക്കാതിരിക്കാനാവില്ല. പ്രണയം അവരുടെ പ്രായത്തിന്‍റെ ആവശ്യകത, വളര്‍ച്ചയുടെ അനിവാര്യത, അതിലുപരി അത് അവരുടെ സ്വകാര്യത എന്ന ആധുനികതയ്ക്കു പകരം പണം മാത്രം ലക്ഷ്യമാക്കി ഇറക്കുന്ന വാണിജ്യ സിനിമകള്‍ എന്തുകൊണ്ട് പ്രണയത്തെ ഒരു പ്രമേയമാക്കുന്നു എന്നതും അതിന്‍റെ പിന്നിലെ അനന്ത വില്‍പ്പന സാധ്യതകളാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും നമ്മുടെ മക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. അതിന്‍റെ പിന്നില്‍ ഒളിച്ചു വച്ചിരിക്കുന്ന ശാരീരിക മാനസിക-ആത്മീയ-വൈകാരിക വിപത്തുകള്‍ നമ്മള്‍ വെളിപ്പെടുത്തി കൊടുക്കേണ്ടിയിരിക്കുന്നു. അതിലൂടെ തലച്ചോറിനുണ്ടാവുന്ന വ്യതിയാനങ്ങള്‍ ഡി-അഡിക്ഷന്‍ അര്‍ഹിക്കുന്നവയാണെന്നും ഭാവിയില്‍ dopamine ഉല്പാദനം കുറയുമ്പോള്‍ നിലവിലുള്ള ആളെ മാറ്റി പുതിയ ആളെ കണ്ടെത്തുന്നതും, multiple relationships-ലേക്ക് നയിക്കുന്നതും അനുബന്ധമായെത്തുന്ന പ്രീ മാരിറ്റല്‍ ലൈംഗീകതയും അവരുടെ ഭാവി കുടുംബജീവിതത്തെ കുളംതോണ്ടുമെന്ന യാഥാര്‍ഥ്യവും അവര്‍ക്കു മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. അത്തരം രൂപംകൊടുക്കുന്ന കുടുംബങ്ങളിലെ ഭാര്യാ-ഭര്‍തൃബന്ധങ്ങള്‍ ഭാവിയില്‍ തകര്‍ന്നടിയാനുള്ള ശാസ് ത്രീയ വസ്തുതകള്‍ കാര്യ-കാരണ സഹിതം മനസ്സിലാക്കി കൊടുക്കാം.

Last but not the Least
സഭാ സ്ഥാപനങ്ങളുടെ ബാലന്‍സ് ഷീറ്റുകളല്ല, സഭയിലെ കുടുംബങ്ങള്‍. അതായത് ഗാര്‍ഹിക സഭകളാണ് തമ്പുരാന്‍റെ സഭയുടെ സമ്പത്തും ആസ്തിയും എന്ന തിരിച്ചറിവ്. അതിലുപരി ആ കുടുംബങ്ങളിലെ അമ്മമാരിലൂടെയും പെണ്മക്കളിലൂടെയുമാണ് നാളത്തെ സഭ നിലനില്‍ക്കുകയും വളരുകയും ചെയ്യുക എന്ന തിരിച്ചറിവ്. നമ്മള്‍ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ച നാളുകളില്‍ ഈ ഗാര്‍ഹിക സഭകളുടെ സംരക്ഷണവും കൂടി നമ്മുടെ priority ലിസ്റ്റില്‍ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ്. അവരോടു പോട്ടെ സാരമില്ല എന്നു പറയേണ്ടി വരുന്നത് നമ്മുടെ വീഴ്ചയാണെന്ന വൈകിയ തിരിച്ചറിവ്. വിവേകരഹിതരായ കന്യകമാരുടെreactive methods-ക്കാള്‍ വിവേകമതികളുടെ proactive measures ആയിരിക്കും തമ്പുരാന്‍റെ സഭയ്ക്ക് വേണ്ടതെന്നും അതു തന്നെയാണ് ആടുകളെ ഭരമേല്‍പ്പിച്ചവന്‍ ആഗ്രഹിച്ചിരുന്നതെന്നുമുള്ള തിരിച്ചറിവ്. ഈ തിരിച്ചറിവുകളിലേക്കു സഭ വളരുന്നിടത്തു മാറ്റങ്ങള്‍ സാധ്യമാണ്.

ഉത്തരവാദിത്വപ്പെട്ടവരുടെയും അറിവുള്ളവരുടെയും priority-കളിലുണ്ടായ മാറ്റങ്ങള്‍, ഉത്തരവാദിത്വപ്പെട്ട ചിലരുടെ നിശ്ശബ്ദതകള്‍, ചിലരുടെ നിസ്സംഗതകള്‍, ചിലരുടെ വീഴ്ചകള്‍, ചിലരുടെ ദുര്‍സാക്ഷ്യങ്ങള്‍, അവയ്ക്കിടയില്‍ മങ്ങിയും മുങ്ങിയും വിലമതിക്കപ്പെടാതെയും അവമതിക്കപ്പെട്ടും അവഗണിക്കപ്പെട്ടും പോയ അനേകം അഭിഷക്തരുടെയും സമര്‍പ്പിതരുടെയും അല്മായരുടെയും അദ്ധ്വാനങ്ങളും ആത്മസമര്‍പ്പണങ്ങളും എല്ലാമെല്ലാം ഇന്നത്തെ പ്രത്യേക അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിച്ച വസ്തുതകളാണ്.

നനവൂറുന്ന നയനങ്ങളുമായി നെടുവീര്‍പ്പുകളുതിര്‍ക്കുന്ന നമ്മുടെ അമ്മമാര്‍, കുടുംബങ്ങളിലും സന്യസ്ത മഠങ്ങളിലും, നാളത്തെ സഭയെയും സമൂഹത്തെയും വാര്‍ത്തെടുക്കേണ്ട നമ്മുടെ സ്വന്തം സഭയിലെ മാതൃത്വങ്ങള്‍, അവരുടെ കണ്ണുനീര്‍ത്തുള്ളികളും തമ്പുരാന്‍റെ കുപ്പിയില്‍ ശേഖരിക്കപ്പെടുന്നുണ്ടാവില്ലേ…? അതിന്‍റെ കാരണക്കാരുടെ പട്ടിക അവന്‍റെ കൈയ്യിലുണ്ടാവുമോ? ഉണ്ടെങ്കില്‍ അതില്‍ എന്‍റെയും നിങ്ങളുടെയും പേരുകളുണ്ടാവില്ലേ…? ഉപേക്ഷകരുടെ പട്ടികയില്‍???

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org