പ്രണയപ്പകയുടെ മനഃശാസ്ത്രം

പ്രണയപ്പകയുടെ മനഃശാസ്ത്രം


ഡോ. വിപിന്‍ റോള്‍ഡന്‍റ്

കൂടെ നിന്നിരുന്നവളെ കാലൊന്നിടറിയതിനു കുരുതി കൊടുക്കുന്ന കാടന്‍ കാമുകന്മാര്‍ കാല്പനിക കഥാപാത്രങ്ങളല്ലാത്ത കാലത്താണ് നമ്മള്‍. പ്രാണനു തുല്യം സ്നേഹിച്ചുവെന്നു വീമ്പിളക്കിയ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ വെറും പരസ്യവാചകങ്ങളായിരുന്നുവെന്നു സ്വന്തം പ്രവൃത്തികള്‍ കൊണ്ട് തെളിയിക്കുന്ന കമിതാക്കളുടെ കാലം. ഏതൊരു ലേറ്റസ്റ്റ് ടെക്നോളജിയും തന്‍റെ കൈപ്പിടിയിലൊതുങ്ങും എന്ന് മേന്മ ഭാവിക്കുന്ന യുവത്വം ഒടുവില്‍ തന്‍റെ മനസിന്‍റെ സോഫ്റ്റ്വെയര്‍ പോലും തന്‍റെ കൈപ്പിടിയിലില്ല എന്ന് സ്വയം തിരിച്ചറിയുകയും മാലോകരെ അറിയിക്കുകയും ചെയ്യുന്ന കാലം. മാറുന്ന ലോകം വികൃതമായ കോലം കെട്ടിയാടുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട മാതാപിതാക്കളുടെ എണ്ണത്തില്‍ മുമ്പില്ലാത്തവിധം വര്‍ദ്ധനവ് അനുഭവപ്പെടുന്ന കാലം. ഈ കാലത്തില്‍ കലിയടങ്ങാതെ കൗമാര യൗവനങ്ങള്‍ കൊണ്ടാടുന്ന ആനപ്പകയാണ് പ്രണയപ്പക.

യുവദുരന്തങ്ങള്‍… മണ്ടന്‍ പ്രതികാരങ്ങളും…
എങ്ങനെയാണ് സ്നേഹിച്ച പെണ്ണിനെ ഒരാള്‍ക്ക് കൊല്ലാനാവുക എന്ന ചോദ്യത്തിന് പോവുക, കൊല്ലുക, പറ്റുമെങ്കില്‍ കൂടെ ചാവുക എന്ന സിമ്പിള്‍ ഫോര്‍മുല കണ്ടെത്തിയ 'അപാര സുബോധമുള്ള' ചില 'യുവദുരന്ത'ങ്ങളാണ് ഈ നാടിന്‍റെ പുതിയ കണ്ടുപിടിത്തം. ഒരുപാടൊരുപാട് നന്മകളുള്ള യുവജനങ്ങളുടെ പേര് ചീത്തയാക്കാന്‍ പറ്റിയ 'ഒന്നാന്തരം' തരംതാണ പരാക്രമങ്ങള്‍. 'സ്നേഹിച്ച പെണ്ണിനെ' അല്ലെങ്കില്‍ ചെക്കനെ എന്ന പ്രയോഗം തെറ്റായിരുന്നു എന്നും താന്‍ സ്നേഹം എന്ന ഭാവം അഭിനയിക്കുക മാത്രമായിരുന്നെന്നും, താന്‍ അവളെ സ്നേഹിച്ചിട്ടില്ലായിരുന്നു, വെറുതെ ഒരു സ്ക്രിപ്റ്റ് സന്ദര്‍ഭമനുസരിച്ച് ഉണ്ടാക്കി സ്വയം സംവിധാനം ചെയ്ത പ്രണയസിനിമയില്‍ നായകനായി അഭിനയിക്കുകയായിരുന്നെന്നും ലോകത്തോട് മുഴുവന്‍ വിളിച്ചു പറഞ്ഞ വ്യാജകാമുകന്മാരുടെ പെട്രോള്‍, ആസിഡ് കഥകളാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കിയ വാര്‍ത്തകളായി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അരങ്ങേറിയത്. ഇത്തരം 'മണ്ടന്‍ പ്രതികാരം' നടത്തുന്ന പൊട്ടന്‍ കഥാപാത്രങ്ങള്‍ കടന്നുപോയ അബദ്ധ വഴികള്‍ പഠനവിഷയമാക്കേണ്ട സന്ദര്‍ഭങ്ങളായിക്കഴിഞ്ഞു. അനുകരണ കലയില്‍ സമര്‍ത്ഥനായ മലയാളി താനാരെന്നുള്ള തിരിച്ചറിവ് പോലും മറന്നു മറ്റാരോ ചെയ്തു കാണിച്ച ഭ്രാന്തന്‍ വഴികള്‍ മുന്‍പിന്‍ ചിന്തകളില്ലാതെ എടുത്തുചാടി ചെയ്തതിന്‍റെ ദുരന്തഫലങ്ങളാണ് ജീവിതവഴിയില്‍ കത്തിയമര്‍ന്ന യുവസ്വപ്നങ്ങള്‍. ചത്തവള്‍ സഹതാപതരംഗത്തില്‍ രക്തസാക്ഷിയാവുമ്പോള്‍ കൊന്നവന്‍ തോല്‍ക്കുന്ന റിവേഴ്സ് ഗെയിം തനിയാവര്‍ത്തനങ്ങളാകാതിരിക്കാന്‍ തന്‍റെ മനസ്സിലോടുന്ന വിപരീത വഴികളെ മനസ്സിലാക്കാന്‍ നമ്മുടെ യുവത്വം തയ്യാറാകേണ്ടിയിരിക്കുന്നു.

ശുദ്ധ പ്രണയമോ പൊസ്സസ്സീവ് പ്രണയമോ?
തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കി ജീവനുള്ളിടത്തോളം കാലം ഇണയും തുണയുമായി സ്നേഹം പങ്കുവച്ചു വളരാന്‍ കൂടെ നില്‍ക്കുന്ന ഒരാളെ കണ്ടെത്താനും കൂട്ട് തേടാനുമുള്ള മനസ്സ് കൗമാരത്തില്‍ തന്നെ ഓരോരുത്തരിലും ഡബിള്‍ സ്ട്രോങ് ആയിട്ടുണ്ടാകും. ആരാണ് തന്‍റെ പങ്കാളി എന്ന് ഒരു സൂചനയും ഇല്ലാത്ത മനുഷ്യന്‍ ചുറ്റും കാണുന്നതില്‍, കയ്യില്‍ കിട്ടുന്നതില്‍ ഒരെണ്ണത്തോടങ്ങടുക്കും. ജീവിതപങ്കാളിക്കു വേണ്ടി കൊടുക്കാന്‍ വച്ചിരിക്കുന്ന സ്നേഹം മുഴുവന്‍ ഒറ്റയടിക്ക് ഹോള്‍സെയില്‍ ആയി അയാളിലേക്ക് കൊടുക്കും. മറുപക്ഷം തിരിച്ചും. തന്‍റേതാണെന്ന് ഉറപ്പിച്ചു കഴിയുമ്പോള്‍ കാവല്‍ക്കാരന്‍റെയും കാവല്‍ക്കാരിയുടെയും റോള്‍ കൂടെ കമിതാക്കള്‍ രണ്ടാളുമോ അതിലൊരാളോ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഇടംവലം തിരിയാന്‍ സമ്മതിക്കാത്ത പോസ്സസീവ്നെസ്സിലേക്ക് മിക്കവാറും ബന്ധങ്ങളും ചരിഞ്ഞിട്ടുണ്ടാകും. മറ്റെയാള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ആളാണെങ്കില്‍ ഇത്തരം കളികളില്‍ താല്‍പ്പര്യമുണ്ടാവില്ല. അമിത നിയന്ത്രണവും വ്യക്തി സ്വാതന്ത്ര്യ നിഷേധവും പതിയെ എതിര്‍പ്പുകളായും ഇഷ്ടരാഹിത്യമായും പുറത്തേക്കു വരും. ഒരാള്‍ മറ്റെയാളിനെ പേടിച്ചു ബന്ധം നിലനിര്‍ത്തിപ്പോകാന്‍ കുറേക്കാലം കൂടെ ശ്രമിച്ചേക്കാം. പക്ഷെ പ്രണയ ചര്‍ച്ചകള്‍ക്ക് പകരം നേരിട്ടും ഫോണിലും അലമ്പും അടിയും തകൃതിയാവുമ്പോള്‍ പ്രണയബന്ധത്തിന്‍റെ ചിറകൊടിയും. മറ്റെയാളിന്‍റെ മനോഗതങ്ങള്‍ക്കു വിലകല്പിച്ചു പരസ്പരസ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും വഴികളിലൂടെ നിലനിന്നു പോകുന്ന എത്രയോ ബന്ധങ്ങളാണ് പിന്നീട് വിവാഹ ജീവിതത്തിലേക്കെത്തുന്നത്. നല്ല പ്രണയങ്ങളും നല്ല ജീവിതങ്ങളും നമ്മുടെ ചുറ്റും ഉള്ളപ്പോള്‍ തന്നെയാണ് കല്ലുകടികളും ഏറ്റുമുട്ടലുകളും വഴി പരസ്പരവിശ്വാസവും ഇഷ്ടവും പോയി തകരുന്ന ബന്ധങ്ങള്‍ തുടര്‍ക്കഥകളാകുന്നത്.

അധഃപതിക്കുന്ന ആത്മബന്ധം
തന്‍റെ ചങ്കായ, കരളായ, തന്നെക്കാളുപരി ഇഷ്ടവുമായിരുന്ന കാമിനിയെയോ കാമുകനെയോ കുത്തിയോ വെട്ടിയോ ആക്രമിച്ചോ വേദനിപ്പിക്കാനും കൊല്ലാനും ഇല്ലാതാക്കാനും ഒരാള്‍ക്ക് സാധിക്കുന്നതെങ്ങനെ എന്നത് ആരെയും അമ്പരിപ്പിക്കുന്ന കാര്യമാണ്. പരസ്പരം ഇഷ്ടമായിരുന്ന കാലത്ത് അവളുടെ കണ്ണില്‍ നോക്കിയിരിക്കവേ ഈ കണ്ണുകള്‍ നിറയാന്‍ ഞാന്‍ ഇടയാക്കില്ലാന്നു പറഞ്ഞവന്‍, കുടുംബത്തിലെ ചില പ്രശ്നങ്ങളില്‍ മനസു സങ്കടം കൊണ്ട് പിടഞ്ഞ നാളുകളില്‍ അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു 'നീ സങ്കടപെടല്ലേ, ഞാനില്ലേ കൂടെ' എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവന്‍, തങ്ങള്‍ക്കിടയില്‍ ഉണ്ടായ ചില പ്രശ്നങ്ങളുടെയും, തമ്മില്‍ ചേരാത്ത കാര്യങ്ങളുടെയും പേരില്‍ അകന്നപ്പോള്‍, ആ പ്രണയം തകര്‍ന്നപ്പോള്‍ സ്നേഹം കാറ്റില്‍ പറത്തിവിട്ടും, ആറ്റില്‍ പ്രണയം ഒഴുക്കി വിട്ടും ഉള്ളില്‍ പകയും പ്രതികാരവും നിറഞ്ഞ മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നുവെങ്കില്‍ പ്രണയമെന്ന മാനസിക പക്വത വേണ്ട സമ്പര്‍ക്കത്തിന് അയാള്‍ യോഗ്യനല്ല എന്നതാണ് സത്യം.

വൈകാരിക പക്വതയും ഒരു പ്രശ്നമുണ്ടായാല്‍ പരിഹാര വഴികളും അറിയാത്ത ഒരാള്‍ ഏറ്റവുമധികം പ്രശ്നങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രണയത്തിലൂടെ കടന്നു പോയാല്‍ തമ്മില്‍ത്തല്ലിലേക്കും കൊലപാതകത്തിലേക്കും അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ നയിച്ചേക്കും.

ദുരന്തവും ദുര്‍മാതൃകയും
കോട്ടയത്തുള്ള സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ ആദര്‍ശ് എന്ന വിദ്യാര്‍ത്ഥി ക്ലാസ്സിലായിരുന്ന ലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനിയെ വിളിച്ചിറക്കി കൂട്ടുകാരുടെ മുന്നില്‍ വച്ചു തന്നോട് ചേര്‍ത്ത് മുറുകെപ്പിടിച്ചു പെട്രോളൊഴിച്ച് കത്തിച്ചു കൊല്ലുകയും അക്കൂടെ ആത്മഹത്യ ചെയ്യുകയും ചെയ്ത വാര്‍ത്ത നമ്മെ ഞെട്ടിപ്പിച്ചു 2 വര്‍ഷങ്ങള്‍ പിന്നിട്ടു. അവിടുന്നിങ്ങോട്ടു സമാനമായ ഏഴിലധികം സംഭവങ്ങള്‍ SME ദുരന്തത്തില്‍നിന്നും ദുര്‍മാതൃകയുള്‍ക്കൊണ്ടാലെന്നവണ്ണം പ്രബുദ്ധരായ മലയാളികള്‍ക്കിടയില്‍ നടന്നു കഴിഞ്ഞു. ഇഷ്ടം നഷ്ടമായാല്‍, ബന്ധം തകര്‍ന്നാല്‍ അതിനോടുള്ള പ്രതികരണം കൊലയും, പിടിക്കപ്പെടും മുന്‍പ് സ്വയഹത്യയുമാണെന്നു നമ്മുടെ യുവത്വത്തെ ആരോ പഠിപ്പിച്ചു വച്ചിരിക്കുന്ന പോലെ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഒന്നിനുപുറകെ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിത്വത്തകരാറുകളും, വൈകാരിക നിയന്ത്രണമില്ലാത്ത മനസ്സിന്‍റെ ഭ്രാന്തന്‍ തോന്നലുകളുമാണ് ഇതിനെല്ലാം സത്യത്തില്‍ കാരണം.

എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട
ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന കാര്യമാണ് വര്‍ഷങ്ങള്‍ നീണ്ട പ്രണയം എന്ത് കാരണത്താല്‍ തകര്‍ന്നാലും അതിലുള്‍പ്പെട്ട വ്യക്തി, ചിലപ്പോള്‍ അവര്‍ രണ്ടാളും നിരാശയിലേക്കു വീഴും എന്നുള്ളത്. ഇന്നലെ വരെ എന്‍റേതായവള്‍ ഇന്നെനിക്ക് ആരുമല്ല, ഈ ലോകത്ത് ഒറ്റപ്പെട്ടു പോയ പോലെ. ഉറക്കം നഷ്ടമാകുന്ന കാളരാത്രികള്‍, ഒന്നും കഴിക്കാന്‍ തോന്നാത്ത ദിവസങ്ങള്‍… ആരെയും കാണാന്‍ താല്പര്യമില്ലാതെ ചുറ്റുമുള്ളവരില്‍ നിന്നും സമൂഹത്തില്‍നിന്നും അകന്നു മാറി, നിയന്ത്രിക്കാന്‍ പറ്റാത്ത സങ്കടത്തില്‍ മുങ്ങിത്താണു പോകുന്ന അവസ്ഥ. 'അവളില്ലെങ്കില്‍ പിന്നെ എന്തിനു ജീവിക്കണം' എന്ന വിഷാദാത്മകമായ ചിന്തകള്‍ ഒടുവില്‍ 'അവളെ കൊന്നിട്ട് മരിക്കാം' എന്നതിലേക്ക് മാറിമറിയും. തന്‍റേതായിരുന്നവള്‍ തനിക്കില്ലെങ്കില്‍ അവള്‍ ആര്‍ക്കും വേണ്ട എന്ന മനുഷ്യത്വരഹിതമായ ചിന്തകള്‍ വളഞ്ഞവഴികള്‍ കാണിച്ചു കൊടുക്കും. ദുരന്തങ്ങള്‍ ആവര്‍ത്തിക്കും.

വേണ്ടത് മധുര പ്രതികാരം… കത്തിക്കലല്ല പരിഹാരം…
ബ്രേക്ക് അപ്പ് അഥവാ പ്രണയ തകര്‍ച്ച മനസ്സിനേല്‍പ്പിച്ച ആഘാതത്തില്‍നിന്നും ഉണ്ടായ മുറിവുകള്‍ ഉണങ്ങാന്‍ നാളുകള്‍ വേണ്ടി വന്നേക്കാം. ഏതൊരു സര്‍ജറി കഴിഞ്ഞാലും മുറിവുണങ്ങാനൊരു പീരിയഡ് ഉണ്ട്. അതേപോലെ കാലം മായിക്കാത്തതൊന്നുമില്ല. പ്രകൃതിയോട് നമ്മള്‍ സഹകരിച്ചു സ്വസ്ഥത വീണ്ടെടുക്കണം. മനസ്സൊരുക്കേണ്ടത് മധുര പ്രതികാരത്തിനാണ്. 'നീ കൂടെ ഇല്ലെങ്കിലും ഞാന്‍ അന്തസ്സായി ജീവിക്കുന്നത് കാണിച്ചു തരാം' എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. അനേകായിരങ്ങള്‍ തെരഞ്ഞെടുത്തത് ഈ വഴിയാണ്. പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ജീവിതത്തിലേക്ക് പോയ ആര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ലാന്നു മാത്രമല്ല 'എന്‍റെ പ്രണയം അന്നുതകര്‍ന്നത് നന്നായി അല്ലേല്‍ എനിക്കിത്ര നല്ലൊരു കുടുംബജീവിതവും മിടുക്കരായ മക്കളേം കിട്ടില്ലായിരുന്നു' എന്ന് പറഞ്ഞ അനേകരെ എന്‍റെ 18 വര്‍ഷക്കാലത്തെ കൗണ്‍സിലിംഗ് പ്രാക്ടീസിനിടയില്‍ ഞാന്‍ കണ്ടിട്ടുമുണ്ട്. ഒരിക്കല്‍ നമുക്ക് ലോകം തന്നെയായിരുന്ന, അത്ര മേല്‍ സ്നേഹിച്ച കാമുകനെയും കാമുകിയെയും ശാരീരികമായി വേദനിപ്പിക്കാതെ, അവരുടെ ജീവന്‍ എടുക്കുന്ന ക്രിമിനല്‍ ആയി മാറാതെ, അവരുടെ തീരുമാനത്തെ ബഹുമാനിച്ച് അവരുടെ ജീവിതത്തില്‍നിന്നും മാറാന്‍ തയ്യാറാകുന്നത് നമ്മുടെ തന്നെ ജീവിതത്തെ നന്മയിലേക്ക് നയിക്കും. വിവാഹത്തെ സംബന്ധിച്ച സ്വതന്ത്രമായ ഏതു തീരുമാനങ്ങളുമെടുക്കാനുള്ള അവകാശവും അധികാരവും വിവാഹകര്‍മത്തിനു മുന്‍പ് വരെ യുവതീയുവാക്കള്‍ക്കുണ്ട് എന്നത് നാം വിസ്മരിക്കരുത്.

കലിപ്പ് വരുന്ന വഴി
ഞാന്‍ സ്നേഹിച്ച വ്യക്തി എന്നോടുള്ള ബന്ധത്തില്‍നിന്നും ബോധപൂര്‍വം വിട്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള സുബോധം ഒട്ടുമിക്ക കമിതാക്കള്‍ക്കും ഉണ്ടാവില്ല. അഥവാ ഉണ്ടായാല്‍ തന്നെ അതു വിശ്വസിക്കില്ല. തന്നെ ഒഴിവാക്കാനോ ഉപേക്ഷിച്ചു പോകാനോ മറക്കാനോ അവനോ/അവള്‍ക്കോ കഴിയില്ല എന്ന ഉറച്ച ബോധ്യത്തില്‍ തന്നെയായിരിക്കും മനസ്സ്. എന്നാല്‍ താന്‍ വിചാരിച്ചതു പോലല്ല, എന്തോ പ്രശ്നമുണ്ട്, ഞാന്‍ വിശ്വസിച്ചത് പോലെയല്ല കാര്യങ്ങള്‍ എന്ന് വളരെ സാവധാനം മാത്രം മനസ്സിലാക്കിയെടുക്കുന്ന ആള്‍ ആകെ ഉലഞ്ഞുപോകും. നഷ്ടപ്പെട്ടു പോകാന്‍ സാധ്യതയുള്ള പ്രണയത്തെ സര്‍വ്വശക്തിയുമുപയോഗിച്ചു സംരക്ഷിച്ചു നിര്‍ത്താനും അഥവാ അപ്പോഴേക്കും അകന്നു കഴിഞ്ഞിരുന്ന ബന്ധത്തെ തിരിച്ചുപിടിക്കാനും കമിതാവ് നടത്തുന്ന തയ്യാറെടുപ്പുകളാണ് പിന്നെ. എന്ത് ചെയ്യുമ്പോഴും ചെയ്യാത്തപ്പോഴും ഭക്ഷണസമയത്തും ജോലിസമയത്ത് ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും മനസ്സില്‍ അതു മാത്രമാകും. നിരാശ ബാധിച്ചു തുടങ്ങുന്ന മനസ്സ് തന്‍റെ എല്ലാമെല്ലാമായിരുന്ന ആള്‍ എന്നെ ഉപേക്ഷിച്ചു പോകുമ്പോള്‍ അനുഭവപ്പെടാന്‍ പോകുന്ന നൊമ്പരത്തെ അപ്പോഴേയ്ക്കും സ്വീകരിച്ചു കഴിഞ്ഞിരിക്കും. കണ്ണടച്ചാലും കണ്ണ് തുറന്നാലും ഓര്‍മ്മകളില്‍ അവള്‍/അവന്‍ നിരന്തരമായി കടന്നുവരും. കാമുകിയെ/കാമുകനെക്കുറിച്ചുള്ള ചിന്തകള്‍ നമ്മെ വിടാതെ പിടികൂടും. എന്‍റെ എന്ത് തെറ്റുകൊണ്ടാണ് അവള്‍ എന്നെ വിട്ടിട്ടു പോകുന്നതെന്നുള്ള ആത്മപരിശോധനകളും സ്വന്തം സ്വഭാവത്തിലെ കുഴപ്പങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുള്ള ആത്മവിമര്‍ശനങ്ങളും വ്യക്തിയെ കെട്ടി വരിയും. താന്‍ ഇനി എന്ത് പറഞ്ഞാല്‍ പഴയ സ്നേഹബന്ധം വീണ്ടെടുക്കാന്‍ പറ്റുമെന്ന് ആലോചിച്ച് അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും. തന്‍റെ ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്നു കണ്ടാല്‍ ഇഷ്ടപ്പെട്ടിരുന്ന ആളോട് ദേഷ്യവും സങ്കടവും ഒടുവില്‍ പ്രതികാരചിന്തയുമൊക്കെ ഉള്ളില്‍ അഗ്നിപര്‍വതമായി രൂപപ്പെടും. എങ്കിലും വിട്ടുകൊടുക്കാതെ പല ഹംസങ്ങളെയും പുറത്തിറക്കി പ്രണയത്തെ തിരിച്ചുപിടിക്കാന്‍ 18 അടവുകളും പയറ്റിയിട്ടും പോയ ആള്‍ തിരിച്ചു വന്നില്ലേല്‍ പരാജിതനായി വളരെ വേദനയോടെ പ്രണയത്തില്‍ നിന്നു പിന്മാറുന്ന വ്യക്തികള്‍ വിഷാദാവസ്ഥയിലേക്കോ പ്രതികാരാവസ്ഥയിലേക്കോ എത്തിച്ചേരും. ഇവിടെ അതു മനസ്സിലാക്കി കൂടെനിന്നു സപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സാധിക്കണം. ഒറ്റപ്പെട്ടു പോകുന്ന മനസ്സില്‍ അക്രമചിന്തകളും ആത്മഹത്യ ചിന്തകളും വളര്‍ന്നു നാശം വിതയ്ക്കും.

തകരാതെ, തകര്‍ക്കാതെ, തിരിച്ചുവരാന്‍
മനസ്സു ശാന്തമാക്കാന്‍ വേണ്ട നടപടികളാണ് ആദ്യം വേണ്ടത്. ചാടിത്തുള്ളി ബൈക്ക് എടുത്തു പെണ്‍കുട്ടീടെ വീട്ടില്‍ ചെന്ന് എല്ലാരേം നിലംപരിശാക്കിയാല്‍ നമുക്ക് പോയ ബന്ധങ്ങള്‍ തിരികെ കിട്ടുമോ?

ആരുമായിട്ടായിരുന്നോ പ്രശ്നം ആ ആളുടെ ഏരിയ വിട്ടു മറ്റൊരു അന്തരീക്ഷത്തിലേക്ക് മാറി നില്‍ക്കണം. മറ്റുള്ളവര്‍ അതു ക്രമീകരിച്ചു മാറ്റി നിര്‍ത്തണം. ആത്മീയ സഹായം കിട്ടാന്‍ പര്യാപ്തമായ തീര്‍ത്ഥാടനം, താമസിച്ചുള്ള ധ്യാനം, നമ്മെ ശാന്തതയിലേക്കെത്തിക്കാന്‍ പര്യാപ്തമായ രീതിയില്‍ സഹായിക്കുന്ന നല്ല കൂട്ടുകാരുമായിട്ടുള്ള സഹവര്‍ത്തിത്വം ഒക്കെ പ്രതിസന്ധിയെ മറികടക്കാന്‍ വ്യക്തിയെ സഹായിക്കും.

കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി (CBT) സ്വന്തം ചിന്തകളെ കീറിമുറിച്ചു പരിശോധിച്ച് നമ്മുടെ പ്രശ്നങ്ങളെയും നെഗറ്റീവ് ചിന്തകളെയും പരിഹരിക്കാന്‍ സഹായിക്കുന്ന മനഃശാസ്ത്ര ചികിത്സാ രീതിയാണ്. അതനുസരിച്ച് ഒരു പ്രണയം നഷ്ടപ്പെട്ട അവസ്ഥ ജീവിതവസാനമോ ലോകാവസാനമോ അല്ല. എല്ലാവരുടെയും ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളില്‍ കടന്നുവന്നിട്ടുള്ള അപകടങ്ങള്‍, രോഗങ്ങള്‍, പ്രകൃതി ദുരന്തങ്ങളുടെ ഫലമായിട്ടുള്ള കഷ്ടപ്പാടുകള്‍, കടബാധ്യതകള്‍ തുടങ്ങിയ പല അസുഖങ്ങളില്‍പ്പെട്ട ഒന്നു മാത്രം ആണ് ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയപരാജയവും. പ്രണയിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ പറ്റാത്ത കാമുകന്മാരും പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാന്‍ പറ്റാതെ വന്ന കാമുകിമാരും ഈ ലോകത്ത് കോടിക്കണക്കിനുണ്ട്. അവരെല്ലാം പ്രതികാരം ചെയ്യാന്‍ ചാടിപുറപ്പെട്ടിരുന്നെങ്കില്‍ ഈ ലോകത്തിന്‍റെ അവസ്ഥ എന്താകുമായിരുന്നു. അവര്‍ ഒരു പ്രായത്തില്‍ തീവ്രമായി ആഗ്രഹിച്ച കാര്യം നടക്കാതെ വന്നതിന്‍റെ പേരില്‍ മറ്റൊരാളെ വിവാഹം കഴിക്കാതിരിക്കുകയോ വിവാഹമേ വേണ്ടാന്ന് വച്ചു ജീവിക്കുകയോ ചെയ്തിരുന്നെങ്കില്‍ ലോകജന സംഖ്യ 700 കോടിയിലധികം ആയി നില്‍ക്കുന്ന അവസ്ഥയിലേക്കെത്തില്ലായിരുന്നു.

ക്ഷമിക്കാം പ്രാര്‍ത്ഥിക്കാം
ജീവിതത്തില്‍ ചെറുതും വലുതുമായ പരാജയങ്ങള്‍ നാം ഇതിനോടകം തന്നെ നേരിട്ടിട്ടുണ്ടെന്നതാണ് സത്യം. പഠനത്തിലും സ്പോര്‍ട്സിലും സൗഹൃദങ്ങളിലും മത്സരപരീക്ഷകളിലുമൊക്കെ നാം തോറ്റിട്ടുണ്ട് എന്നത് അലോസരമായി അന്ന് നമ്മെ അലട്ടിയെങ്കിലും നാം അതിനെ മറികടന്നാണ് ഇന്നത്തെ അവസ്ഥയിലേക്കെത്തിയിരിക്കുന്നത്.

മനസ്സു ചുട്ടുനീറുന്ന സങ്കടാവസ്ഥകളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെങ്കിലും ഏതൊരു പ്രതിസന്ധിയെയും അതിനു ജീവിക്കാന്‍ പോന്ന കരുത്തും നല്‍കിയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ദൈവത്തോടു ചേര്‍ന്നുനിന്നു സ്വയം ക്ഷമിക്കാനും നമ്മളെ വഞ്ചിച്ചുവെന്ന് നമ്മള്‍ വിചാരിക്കുന്ന പഴയ കാമുകനോടും കാമുകിയോടും ഉള്ളാലെ നിരുപാധികം ക്ഷമിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും നാം തയ്യാറായാല്‍ നമ്മുടെ മനസ്സ് സ്വസ്ഥമാകും. മുറിവുകള്‍ ഉണങ്ങും. നാം ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരും.

ബോംബ്, ബോംബ്
പ്രണയകാലത്ത് ഒന്നിച്ചെടുത്ത സെല്‍ഫീസ്, സ്നാപ്സ്, വീഡിയോസ് ഒക്കെ വീണ്ടും കാണുന്നതും പരിശോധിക്കുന്നതും വ്യക്തിയുടെ മൂഡ് തെറ്റിക്കും. മുന്‍പ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകള്‍ ഒരു പ്രധാന വില്ലനാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് സ്നാപ്സ്, ചാറ്റുകള്‍ ഒക്കെ ഒറ്റയടിക്ക് വായിക്കാതെ തന്നെ ക്ലിയര്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യണം. പൊട്ടിത്തെറിക്കാന്‍ പര്യാപ്തമായ ഒരു ബോംബ് നമ്മുടെ കയ്യില്‍ കൊണ്ടുനടക്കുന്നതിനു തുല്യമാണ് പ്രണയകാലത്തെ എല്ലാ 'കലാപരിപാടികളുടെയും' 'തിരുശേഷിപ്പുകള്‍.' പ്രതികാരബുദ്ധിയായിട്ടാണ് ആ ബോംബ് പൊട്ടുന്നതെങ്കിലും നിരാശ കയറി ആത്മഹത്യചിന്തയാണ് ഉള്ളില്‍ നിറയുന്നതെങ്കിലും നഷ്ടം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമാണ് ആത്മീയതയുടെ ബലത്തില്‍ ആശ്രയിച്ചു, ക്രിസ്തുവിലായിരിക്കുന്നവന്‍ ഒരു പുതിയ സൃഷ്ടിയാണ്, പഴയതു കടന്നു പോയി എന്ന വചനം ഉള്‍ക്കൊണ്ടു മുന്‍പോട്ടു പോയാല്‍ ജീവിതത്തിനു ഒരു പുതുവെളിച്ചം കണ്ടെത്താനാകും.

ചുറ്റും നിറയട്ടെ കൂട്ടുകാര്‍
പ്രണയകാലത്തു നമ്മുടെ ഫോക്കസ് എല്ലാം ഒരു വ്യക്തിയിലേക്കൊതുങ്ങിയിരുന്നു. ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റാത്തത്ര. നമ്മുടെ ഫുള്‍ ഫോക്കസും അയാളിലായിരുന്നു. പല സൗഹൃദങ്ങളും നാം വേണ്ടാന്ന് വച്ചു. അവരാരും നമുക്ക് നഷ്ടമായിട്ടില്ല. ഒന്നൊന്നായി എല്ലാരേം വിളിച്ചു തുടങ്ങാം. പ്രണയത്തില്‍ തല കുരുക്കും മുന്‍പ് എങ്ങനെയായിരുന്നു എന്നാലോചിച്ചു ആ തരംഗത്തിലേക്കു തിരികെപോവുക. സൗഹൃദങ്ങള്‍ നമ്മെ വീണ്ടെടുക്കും. സുഹൃത്തുക്കളൊന്നിച്ചുള്ള ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക. പൊട്ടിച്ചിരികളും ഉത്സാഹവും നമ്മുടെ ജീവിതത്തെ സുന്ദരമാക്കട്ടെ.

പങ്കുവയ്ക്കാം സങ്കടങ്ങള്‍
ജീവിതത്തില്‍ മുതിര്‍ന്നവരുടെയും അദ്ധ്യാപകരുടെയും മെന്‍റര്‍സിന്‍റെയുമൊക്കെ പിന്തുണ കിട്ടുന്നത് നമ്മുടെ ജീവിത വിജയത്തിന് അത്യാവശ്യമാണ്. നമ്മളെ വിധിക്കാതെ കുറ്റപ്പെടുത്താതെ കേള്‍ക്കാനും മനസ്സിലാക്കാനും പറ്റിയ ആളുകള്‍ നമ്മള്‍ക്കാവശ്യമുണ്ട്. അവരോടു സമ്പര്‍ക്കം പുലര്‍ത്താനും നമ്മുടെ സങ്കടങ്ങള്‍ തുറന്നു പറയാനും നഷ്ട പ്രണയത്തിന്‍റെ നൊമ്പരങ്ങള്‍ പങ്കുവയ്ക്കാനും സാധിച്ചാല്‍ മനസ്സിന്‍റെ ഭാരം ലഘൂകരിക്കാനും സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്നുവരാനും സാധിക്കും.

ഇനി എന്‍റെ ജീവിതത്തില്‍ പെണ്ണില്ല, ചെക്കനില്ല
ഒരുത്തിയോ ഒരുത്തനോ നമ്മളെ തേച്ചിട്ടു പോയി എന്നതിന്‍റെ പേരില്‍ കല്യാണമേ വേണ്ടാന്ന് വയ്ക്കുന്നവരുണ്ട്. എന്‍റെ മനസ്സു ചത്തുപോയി, ഇനിയും വഞ്ചിക്കപ്പെടാന്‍ ഞാന്‍ ഒരുക്കമല്ല എന്ന മട്ടിലുള്ള മുഴുത്ത ഡയലോഗ് മനസ്സിലേക്ക് വന്നെന്നാലും അതിനെ സാവധാനം മറികടക്കേണ്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്വവും നമ്മള്‍ക്ക് തന്നെയാണ്. കാരണം നമുക്ക് ദൈവം ഒരേയൊരു ജീവിതമേ തന്നിട്ടുള്ളൂ. അതൊരു പ്രതികാരത്തിന്‍റെ രൂപത്തിലോ കൊലപാതകിയുടെ രൂപത്തില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ആളായിട്ടോ ആത്മഹത്യയില്‍ ഒളിച്ചോടിയ ഭീരുവിന്‍റെ രൂപത്തിലോ കാണാനല്ല സ്രഷ്ടാവ് ആഗ്രഹിക്കുന്നത്. പകരം സന്തോഷകരമായ വിജയജീവിതം നയിക്കുന്ന വ്യക്തിയായിട്ടാണ്. അതിനു നമ്മുടെ ചുറ്റും നമ്മളെ സ്നേഹിക്കുന്ന അനേകരുണ്ട്. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും കൂടെയൊക്കെ സമയം ചിലവഴിക്കാന്‍ കഴിഞ്ഞ കാല ജീവിതം നമ്മളെ അനുവദിച്ചിട്ടില്ലെങ്കില്‍ ഇതാണ് ഏറ്റവും നല്ല സമയം എന്ന് മനസ്സിലാക്കുക. നിങ്ങളെ സ്നേഹിക്കുന്ന അനേകരെ കണ്ടുമുട്ടുമ്പോള്‍ പതിയെപ്പതിയെ നമ്മുടെ മനസ്സും സ്വസ്ഥമാകും. ആ സ്വസ്ഥതയില്‍നിന്നും ആവശ്യമായ മനസ്സൊരുക്കത്തോടെ കുടുംബജീവിതത്തിനായി പ്രാര്‍ത്ഥിച്ചോരുങ്ങുക. ദൈവം അനാദിയിലെ നമുക്കായി ഒരുക്കിവച്ച ആളെ നമ്മിലേക്ക് സമയത്തിന്‍റെ തികവില്‍ അയക്കും.

നമ്മിലേക്കിറങ്ങാന്‍ സമയമായി
എന്നിലെ പോരായ്മകളും എടുത്തു ചാട്ടങ്ങളും സ്വയം മനസ്സിലാക്കി കരുത്തുറ്റ ഒരു വ്യക്തിത്വമായി നമ്മളെ രൂപപ്പെടുത്തിയെടുക്കാന്‍ കുറച്ചുനേരമെങ്കിലും ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നത് നല്ലതാണ്. ഭാവിയില്‍ എന്താകണം, എവിടെയെത്തണം എന്നതൊക്കെ ഇത്തരം ഒറ്റയ്ക്കിരുന്നുള്ള പ്ലാനിങ് വഴിയും വ്യക്തിപരമായ പ്രാര്‍ത്ഥനകളിലൂടെയുമൊക്കെ മനസ്സിലാക്കാന്‍ പറ്റും. പ്രതികാരം ചെയ്യേണ്ടത് മറ്റൊരാളെ മുറിവേല്‍പ്പിച്ചു കൊണ്ടല്ല എന്നും തന്നെ തിരസ്ക്കരിച്ച ആളിന്‍റെ മുന്‍പില്‍ വിജയിച്ചു കാണിച്ചു കൊടുക്കണമെന്നുമുള്ള വാശി ഉള്‍ക്കരുത്ത് കൂട്ടും. തളര്‍ന്ന മനസ്സിന് പകരം ആത്മവിശ്വാസത്തിന്‍റെ ഇന്നലെകള്‍, കഴിഞ്ഞ ജീവിതത്തിലെ നേട്ടങ്ങളുടെ ഓര്‍മ്മകള്‍ ഒക്കെ മനസ്സിലേക്ക് കൊണ്ടുവന്നാല്‍ ആ അനുഭവങ്ങളിലേക്ക് റിലീവ് (Relive) ചെയ്യാന്‍ പറ്റുക വഴി മനസ്സ് ഉഷാറാകും. ചിന്തകള്‍ പോസിറ്റീവ് ആകും.

ചില ബന്ധങ്ങള്‍ എന്‍റെ സ്വഭാവത്തിന്‍റെ ചില കുഴപ്പങ്ങള്‍ കാരണമാകാം. എനിക്ക് എന്നില്‍ത്തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ പോയ ദേഷ്യത്തിന്‍റെയാകാം, മറ്റെയാള്‍ സ്വന്തമാകും മുന്‍പ് അധികാരം ഉറപ്പിക്കാന്‍ പരിധികള്‍ വച്ച എന്‍റെ ഈഗോ ആകാം, പരസ്പര വിശ്വാസത്തിന്‍റെ അഭാവമാകാം, സ്വാതന്ത്ര്യം അനുവദിക്കാത്ത പൊസ്സസ്സീവെന്‍സ് ആകാം, ഇതല്ല കാരണമെങ്കില്‍ മറ്റെയാളിന്‍റെ സ്വഭാവത്തിന്‍റെ ആയിരുന്നിരിക്കാം പ്രശ്നം. അയാളുടെ ഇഷ്ടങ്ങള്‍, സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍ എല്ലാം നമ്മളുമായി സെറ്റ് ആവുന്നില്ലെന്നു കണ്ടത് കൊണ്ടാകാം അയാള്‍ പിന്‍വലിഞ്ഞത്. അതിനു അയാള്‍ക്ക് അവകാശവുമുണ്ട്. മറ്റു ചിലതു സാഹചര്യങ്ങളുടെയാകാം. മറ്റൊരാളുടെ സ്വഭാവത്തെയോ സാഹചര്യങ്ങളുടെ പ്രശ്നങ്ങളെയോ എനിക്ക് മാറ്റാന്‍ പറ്റില്ല. പക്ഷെ, എനിക്ക് എന്നെ തിരുത്താന്‍ സാധിക്കും. അതിനു നമ്മുടെ വ്യക്തിത്വത്തിന്‍റെ കുഴപ്പങ്ങളെ ആഴത്തില്‍ കണ്ടെത്തി തിരുത്താന്‍ നമുക്ക് മനഃശാസ്ത്ര സഹായങ്ങള്‍ ഇന്ന് നിലവിലുണ്ട്. നിങ്ങളുടെ കൂടെ നിന്നു നിങ്ങളെ സഹായിക്കാനും നിങ്ങളുടെ ജീവിതത്തെ വിജയത്തിലേക്കെത്തിക്കാനും ആത്മീയ മനഃശാസ്ത്ര വാതിലുകള്‍ എന്നെന്നും പര്യാപ്തമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org