പ്രതിമാനാടകം

പ്രതിമാനാടകം

ജോര്‍ജ് കട്ടയ്ക്കല്‍

ആനന്ദലബ്ധിക്കിനിയെന്തു വേണം? ഭാരതീയര്‍ക്ക് അഭിമാനിക്കാം, ലോകം നമ്മുടെ കാല്‍ക്കീഴിലായെന്ന്. അതും ഒരൊറ്റ പ്രതിമകൊണ്ട്. 2018 ഒക്ടോബര്‍ 31 അങ്ങനെ ചരിത്രദിനമായി! നവംബര്‍ 8 മറ്റൊരു ചരിത്ര ദിനം. കേവലം 2990 കോടി രൂപകൊണ്ടല്ലേ ഒരു തുള്ളി ചോര ചിന്താതെ ഒരു മഹായുദ്ധം നാം ജയിച്ചത്. കുറച്ചു ഗോത്രവിഭാഗക്കാരെ ഓടിച്ചുവിടേണ്ടി വന്നതു മാത്രമാണു സ്വൈര്യക്കേട്. അല്ലെങ്കിലും ഈ സനാതന ഭാരതത്തില്‍ അത്തരക്കാര്‍ക്കെന്തു കാര്യം? ഡിജിറ്റല്‍ ഇന്ത്യയുടെ മാനം കെടുത്താന്‍ ഒട്ടിയ വയറുമായി ഒരുമ്പെട്ടിറങ്ങുന്നവരെ വെടിവയ്ക്കാത്തത് ഒരു വെടിയുണ്ട പാഴാക്കേണ്ടെന്നു കരുതിയല്ല. മറിച്ച്, നാളെയോ മറ്റന്നാളോ ഒരു സാമുദായിക കലാപത്തിനു മുമ്പില്‍ നിര്‍ത്താന്‍ അവരേക്കാള്‍ ബുദ്ധിശൂന്യരായി മറ്റാരെയും കാണാത്തതുകൊണ്ടാണ്. ചാകുന്നതു ബാലിയോ സുഗ്രീവനോ ആരായാലും നമുക്കെന്തു ചേതം?

ഒറ്റയടിക്കല്ലേ അമേരിക്ക, ചൈന, ജപ്പാന്‍, റഷ്യ തുടങ്ങിയ മല്ലന്മാരെ മലര്‍ത്തിയടിച്ചത്. ചൈനയിലെ 153 മീറ്റര്‍ ബുദ്ധപ്രതിമ നമ്മുടെ 182 മീറ്ററിനു മുമ്പില്‍ വെറും ലില്ലിപ്പുട്ട്. രാജ്യസ്നേഹിയായ എനിക്കു രോമാഞ്ചംകൊണ്ട് ഇരിക്കാനാവുന്നില്ല; നില്ക്കാനും. എന്നിട്ടും കുശുമ്പിനും കുന്നായ്മയ്ക്കും ഒരു കുറവുമില്ല. പെട്രോള്‍, കക്കൂസ് സമവാക്യവും ഗംഗാശുദ്ധീകരണവുമൊക്കെ പറഞ്ഞു വിമര്‍ശിക്കുന്നവര്‍ ആങ്ങള ചത്താലും നാത്തൂന്‍റെ കണ്ണീരു കാണണമെന്ന ആഗ്രഹക്കാരാണ്. അതിനാല്‍ മറുപടിയില്ല.

ആദിവാസികളെ കുടിയൊഴിപ്പിച്ചെന്ന ആക്ഷേപം കേട്ടാല്‍ തോന്നും അതു നടാടെയാണെന്ന്. 75 ഗ്രാമവും 75,000 ജനങ്ങളുമൊക്കെ എത്ര തുച്ഛം. അല്ലെങ്കില്‍, ഇന്ത്യയിലെ ജനസംഖ്യ അധികമാണെന്ന് ആര്‍ക്കാണറിയാത്തത്? ഈ പുണ്യപുരാതന ഭാരതത്തെ ഹിന്ദുത്വവത്കരിക്കാന്‍ ആര്യന്മാരെന്നു വിളിക്കപ്പെട്ട ഞങ്ങളുടെ പൂര്‍വികര്‍ പെട്ട പെടാപ്പാടുകളുണ്ടോ സെക്കുലര്‍ ചരിത്രകാരന്മാര്‍ വിലമതിക്കുന്നു! മഹാബലിയുള്‍പ്പെടെ എത്രയോ പേരെ ചവിട്ടിത്താഴ്ത്തിയാണ് ഇവ്വിധം ധര്‍മ്മസംസ്ഥാപനം നിര്‍വഹിച്ചത്. വാനര, രാക്ഷസ, അസുരനാമങ്ങള്‍ യഥോചിതം വിളിച്ചതും നിങ്ങളെയാണ്. ഈ മണ്ണിന്‍റെ യഥാര്‍ത്ഥ ഉടമകളെയാണ് ഇല്ലായ്മപ്പെടുത്തുകയോ ആട്ടിപ്പായിക്കുകയോ ചെയ്തതെന്നു മലയരയന്മാര്‍ക്കറിയില്ലെങ്കിലും ഞങ്ങള്‍ക്കറിയാം.

ദാരിദ്ര്യക്കണക്കുമായി ഇറങ്ങിയിട്ടുണ്ടു മറ്റു ചിലര്‍. ദാരിദ്ര്യപട്ടികയില്‍ 100-ാം സ്ഥാനത്തായിരുന്ന ഇന്ത്യ നാലു കൊല്ലം കൊണ്ടു 54-ാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു എന്നാണ് ആക്ഷേപം. "ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം" എന്നല്ലാതെന്തു മറുപടി? രാജ്യദ്രോഹികള്‍ അങ്ങനെയൊക്കെ പുലമ്പട്ടെ. കണക്ക് പഠിക്കാത്തതിന്‍റെ ദോഷവുമാകാം. സ്കൂളില്‍ വിട്ടപ്പം സ്വാതന്ത്ര്യസമരമെന്നൊക്കെ പറഞ്ഞു നടന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും. നോട്ട് പിന്‍വലിക്കല്‍പോലെ, ഓടുന്ന വണ്ടിയുടെ ടയര്‍ വെടിവച്ചിടുന്ന എത്രയോ അതിസാഹസിക കൃത്യങ്ങളിലൂടെയാണ് ഈ നേട്ടം നാം വെട്ടിപ്പിടിച്ചത്.

അടുത്ത പാഠ്യപദ്ധതി പരിഷ്കരണത്തോടെ ഇത്തരം തെറ്റിദ്ധാരണകളൊക്കെ മാറും. മോദിയന്‍ ഇക്കണോമിക്സിനൊപ്പംജ്യോതിഷം, കര്‍ണന്‍റെ ജനനത്തിലെ ജനിതശാസ്ത്രം, മഹാഭാരതത്തിലെ പ്ലാസ്റ്റിക് സര്‍ജറി, കുരുക്ഷേത്ര യുദ്ധത്തിലെ ആണവസാങ്കേതികവിദ്യ, സഞ്ജയന്‍റെ ഉപഗ്രഹ സാങ്കേതികവിദ്യ എന്നിവയൊക്കെ പാഠ്യവിഷയമാകുന്നതോടെ ഇന്ത്യ കുതിക്കും. അതിനുള്ള പശ്ചാത്തലമൊരുക്കാനാണു ബിപ്ലബ് കുമാറിനെപ്പോലുള്ള വിദ്യാഭ്യാസമന്ത്രിമാരെയും നാം നിയമിച്ചിട്ടുള്ളത്. അതിനിടയില്‍ ഉര്‍ജിത് പട്ടേലും വിരല്‍ ആചാര്യയും മറ്റും നേരെ വിരല്‍ചൂണ്ടി അര്‍ത്ഥശാസ്ത്രം പഠിപ്പിക്കാനിറങ്ങിയാല്‍ അവര്‍ പാഠം പഠിക്കും. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ചതുകൊണ്ടോ ലോകബാങ്കില്‍ പരിചയമുള്ളതുകൊണ്ടോ വിവരം ഉണ്ടാകില്ല. അതുണ്ടാകണമെങ്കില്‍ കാക്കിട്രൗസറിടണം. രഘുറാം രാജനെന്തു പറ്റി എന്നെങ്കിലും ഇവര്‍ അറിയണ്ടേ. ആര്‍.ബി.ഐ. ഗവര്‍ണറാണുപോലും; നിരക്ഷരകുക്ഷി. ഒറ്റ രാത്രികൊണ്ടു സി.ബി.ഐ. പൊളിച്ചടുക്കിയ നമ്മോടാണു കളി. മാളികമുകളിലേറ്റാമെങ്കില്‍ മാറാപ്പെടുപ്പിക്കാനുമറിയാം. ജാഗ്രതൈ!

പ്രതിമയ്ക്കു പകരം ഐ.ഐ.ടി.കളും ഐ.ഐ.എമ്മുകളും സ്ഥാപിക്കാമായിരുന്നു എന്നു വാദിക്കുന്നു മറ്റൊരു കൂട്ടര്‍. ചൊവ്വദൗത്യം, വമ്പന്‍ സോളാര്‍ വൈദ്യുത പദ്ധതികള്‍ എന്നിവയെക്കുറിച്ചും വാചാലരാകുന്നവരുണ്ട്. കാലിമേച്ചു നടന്നവരെയൊക്കെ അക്ഷരം പഠിപ്പിച്ചതിന്‍റെ അനുസരണക്കേടുതന്നെ സഹിക്ക വയ്യ. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് സര്‍വകലാശാല, ജെ.എന്‍.യു. എന്നിവിടങ്ങളിലൊക്കെ കമ്മികളും ദളിതരും ആക്ടിവിസ്റ്റുകളും മറ്റും ഉണ്ടാക്കുന്ന പൊറുതികേടു ചില്ലറയല്ല. അതിന്‍റെയൊക്കെ ഷട്ടറിട്ടാലോയെന്നു കരുതിയിരിക്കുമ്പോഴാ പുതിയതിന്‍റെ കാര്യം. അതു സ്വാഹഃ

പട്ടേലിനെ അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുവെന്നാണു കോണ്‍ഗ്രസ്സുകാരുടെ പരിവേദനം. സ്വാതന്ത്ര്യ സമരത്തിലോ ദേശീയ പ്രസ്ഥാനത്തിലോ പങ്കുവഹിച്ച ഒരാളെപ്പോലും ഉയര്‍ത്തിക്കാട്ടാനില്ലാത്തതുകൊണ്ടാണ് ആര്‍.എസ്.എസ്സിനെ നിരോധിച്ച പട്ടേലിനെത്തന്നെ നെഹ്റുവിന്‍റെ പ്രതിയോഗിയായിരുന്നു എന്ന മട്ടിലവതരിപ്പിച്ചു സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നാണവരുടെ പരാതി. അയലത്തെ തറവാടിയായ ചേട്ടനെ അച്ഛാ എന്നു വിളിക്കുന്ന പരിപാടിയാണിത് എന്ന് ആക്ഷേപിക്കുന്നവരുടെ നാവു പിഴുതെടുക്കാത്തത് ഔദാര്യം. അതിനു കര്‍സേവകരൊന്നും വേണമെന്നില്ല, മഹിളാനനേതാക്കളാണുത്തമം.

അടിച്ചുമാറ്റല്‍ ഞങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ഒരു സുകുമാരകലയാണ്. കുമ്മനടി എന്നു കേട്ടിട്ടില്ലേ. അതൊരു ഉദാഹരണം മാത്രം. ഡോ. ഗുണ്ടര്‍ട്ട് ചെയ്തതിലും വലിയ ഭാഷാസേവനമാണു സംസ്ഥാന അദ്ധ്യക്ഷന്‍ ചെയ്തത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ദേശീയാദ്ധ്യക്ഷന്‍റെ ഒരെളിയ സംഭാവനയും. മെട്രോ, വിമാനത്താവളം – വലിയ സംഭവങ്ങളേ അടിച്ചുമാറ്റൂ എന്ന അഹങ്കാരമൊന്നും ഞങ്ങള്‍ക്കില്ല. രക്തസാക്ഷി സാദ്ധ്യതയുണ്ടെങ്കില്‍ മൃതദേഹങ്ങളും അടിച്ചുമാറ്റാന്‍ മടിയൊന്നുമില്ല.

വികസനം ആര്‍ക്ക് എന്നതില്‍ ഒരു സംശയവുമില്ല. അംബാനി, അദാനി, ചോക്സി തുടങ്ങിയ അകത്തും പുറത്തുമുള്ള ഉപകാരികള്‍ക്ക്. ഏറ്റവും ദരിദ്രനും നിസ്സഹായനുമായ മനുഷ്യന്‍റെ ജീവിതത്തില്‍ പ്രയോജനപ്പെടുമെങ്കില്‍ മാത്രമേ വികസനം പാടുള്ളൂ എന്നു പറയാന്‍ ഗാന്ധിയുടെ മൗഢ്യമൊന്നും ഇന്നാര്‍ക്കുമുണ്ടാവില്ല. ലോകത്തെ ഏറ്റവും ദരിദ്രരായ കച്ചിലെ മത്സ്യത്തൊഴിലാളികളും ഗുജറാത്തിലെ ഗ്രാമീണരും നാവടക്കിയാല്‍ നന്ന്.

പട്ടേലിന്‍റെ പ്രതിമയ്ക്കു കര്‍ണാടകക്കാരന്‍ എച്ച്.ഡി. ദേവ ഗൗഡയുടെ ഛായയെന്നാണു ദോഷൈകദൃക്കുകളുടെ കണ്ടുപിടുത്തം. ചൈനീസ് നിര്‍മ്മിതിയെന്നു പറയുന്നതു ചൈനയെ പാഠം പഠിപ്പിക്കാനിറങ്ങിയവര്‍ക്ക് എങ്ങനെ സഹിക്കാനാവും. ഞങ്ങടെ പ്രതിമ, ഞങ്ങടെ സര്‍ക്കാരിന്‍റെ കാശ്. നിങ്ങക്കിത്ര ദെണ്ണമെന്തിന്?

പ്രതിമയോരോന്നു വേണം കുറയാതോരോ സംസ്ഥാനത്തും എന്നതാണു ദേശീയനയം. ഗുജറാത്തികളേക്കാള്‍ മോശമാകാമോ മറാഠികള്‍ക്ക്. ഛത്രപതി ശിവജിയുടെ പ്രതിമ 3200 കോടിക്കു മുംബൈയില്‍ ഉയരാന്‍ പോകുന്നു. യു.പി.യില്‍ സരയൂ തീരത്ത് യോഗി വക മറ്റൊന്ന്. അങ്ങനെ ഓരോ ദേശീയതയുടെയും ഉപദേശീയതയുടെയും ഗോത്രപ്പെരുമയുടെയും പേരില്‍ ജനങ്ങള്‍ അഹമഹമികയാ പ്രതിമകള്‍ നിര്‍മിക്കട്ടെ. പട്ടിണിയും പരിവട്ടവും അലട്ടാതിരിക്കാന്‍ അതാണു നല്ല വഴി. പുതിയ കടല്‍പ്പാലങ്ങളും സ്വന്തം സ്പേസ് സ്റ്റേഷനുമൊക്കെ നിര്‍മിക്കാന്‍ നമ്മള്‍ ചൈനക്കാരെപ്പോലെ അത്ര മണ്ടന്മാരല്ലല്ലോ. അങ്ങനെ രാജ്യം പ്രതിമകള്‍കൊണ്ടു പുഷ്കലമാകട്ടെ. വിദ്യാലയങ്ങള്‍ വേണ്ട; ഞങ്ങള്‍ക്കു പ്രതിമകള്‍ മതി എന്നു ജനം ആര്‍ത്തിരമ്പട്ടെ. അന്നം ചോദിക്കാത്ത, അക്ഷരം ചോദിക്കാത്ത പ്രതിമകളാണു നല്ലത്. വെങ്കല പ്രതിമകള്‍, മെഴുകുപ്രതിമകള്‍, ഉരുക്കുപ്രതിമകള്‍, പൂര്‍ണകായ പ്രതിമകള്‍… അങ്ങനെ പ്രതിമകള്‍ നാടാകെ തളിര്‍ക്കട്ടെ. അങ്ങനെ സ്വച്ഛഭാരത സ്വപ്നം പൂവണിയട്ടെ.

ഇന്ത്യയുടെ ഔന്നത്യം ഹിമാലയത്തിലും ഉപനിഷത്തിലുമൊക്കെ കണ്ടിരുന്നതു പഴങ്കഥ. കാലം മാറി, ആഗോള താപനമാണിപ്പോള്‍. അതിനാല്‍ ഹിമാലയത്തെ വിശ്വസിച്ചുകൂടാ. എപ്പഴാ ഉരുകിയൊലിച്ചുപോകുന്നതെന്നു പറയുക വയ്യ. പിന്നെ, ഉപനിഷത്ത്. അതൊക്കെ വായിച്ചാല്‍ ഈ പണിക്കിറങ്ങാന്‍ പറ്റില്ല. അഥവാ വായിച്ചുപഠിച്ചാല്‍ സന്ദീപാനന്ദഗിരിയുടെ സ്ഥിതിയുമാകും. അതുകൊണ്ടു ഭാരതത്തിനു ശിരസ്സുയര്‍ത്താന്‍ പ്രതിമ തന്നെ വേണം. അതെ, സിനിമാനടന്‍ പ്രകാശ് രാജ് പരിഹസിച്ചതുപോലെ മനുഷ്യന്‍ കുരങ്ങാകുന്ന വിപരീത പരിണാമത്തിനാണ് ഒരു ജനതതി നിര്‍ലജ്ജം നിശ്ശബ്ദം സാക്ഷ്യം വഹിക്കുന്നത്!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org