പ്രവാചകപാരമ്പര്യത്തിലെ എതിരിടങ്ങള്‍

പ്രവാചകപാരമ്പര്യത്തിലെ എതിരിടങ്ങള്‍

ഡോ. സി. നോയല്‍ റോസ്

പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും കൂടെ നില്ക്കുന്ന ഒരു ദൈവത്തെയാണു ബൈബിള്‍ അതിന്‍റെ സമഗ്രതയില്‍ അവതരിപ്പിക്കുന്നത്. ദൈവം വിമോചിപ്പിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഈ ചൂഷിതരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നതായി തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ബൈബിളിന്‍റെ പ്രവാചകപാരമ്പര്യം സാമൂഹ്യമായ അസമത്വങ്ങളെയും അധീശത്വത്തിന്‍റെ ആശയാവലികളെയും എന്നും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. പ്രവാചകരുടെ എന്നപോലെതന്നെ യേശുവിന്‍റെയും ദൗത്യത്തിന്‍റെ കേന്ദ്രമായിരുന്നു, ഈ പാരമ്പര്യം. അതിനാല്‍ ക്രിസ്തീയതയുടെ കേന്ദ്രമായിരിക്കേണ്ടത് പ്രവാചകരിലൂടെയും യേശുവിലൂടെയും പ്രഘോഷിക്കപ്പെട്ട ഈ വിമോചനത്തിന്‍റെ ദര്‍ശനമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ അടിച്ചമര്‍ത്തലിനു നേരെയുള്ള കഠിനമായ ആരോപണങ്ങള്‍, പ്രവാചകവചനങ്ങളില്‍ ഉടനീളം കാണാം പഴയ നിയമത്തില്‍. "പാവപ്പെട്ടവനു നീതി നിഷേധിക്കുന്നതിനും എന്‍റെ ജനത്തിലെ എളിയവന്‍റെ അവകാശം എടുത്തുകളയുന്നതിനും അനാഥരെ ചൂഷണം ചെയ്യുന്നതിനുംവേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്താവിക്കുന്നവര്‍ക്കും മര്‍ദ്ദനമുറകള്‍ എഴുതിയുണ്ടാക്കുന്നവര്‍ക്കും ദുരിതം" (ഏശ. 10:1-2).

ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന സാമ്പത്തികചൂഷണങ്ങളെ ആമോസ് പ്രവാചകനിലൂടെ ദൈവം ശക്തമായി അപലപിക്കുന്നു. "ദരിദ്രരെ ചവിട്ടിമെതിക്കുകയും പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേള്‍ക്കുവിന്‍. ധാന്യങ്ങളെ വിറ്റഴിക്കുന്നതിന് അമാവാസി കഴിയുന്നതെപ്പോള്‍, ഗോതമ്പ് വില്ക്കേണ്ടതിനും ഏഫ ചെറുതാക്കുന്നതിനും ഷെക്കല്‍ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോഡി ചെരിപ്പിനുംവേണ്ടി വിലയ്ക്കു വാങ്ങേണ്ടതിനും പതിരു വിറ്റഴിക്കേണ്ടതിനും സാബത്ത് കഴിയുന്നതെപ്പോള്‍ എന്നു നിങ്ങള്‍ ചോദിക്കുന്നു. യാക്കോബിന്‍റെ അഭിമാനമാണേ, കര്‍ത്താവ് ശപഥം ചെയ്യുന്നു, അവരുടെ പ്രവൃത്തികള്‍ ഞാന്‍ ഒരുനാളും മറക്കുകയില്ല…" (8:44).

ദൈവം ഇവിടെ ശക്തന്മാരുടെ കൂടെയല്ല കാണപ്പെടുന്നത്, മറിച്ച് അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെയാണ്. ചരിത്രത്തില്‍ ദൈവം ഇടപെടുന്നതു പാവങ്ങളെ പീഡിപ്പിക്കുന്നവരെയും വിധവകളെയും അനാഥരെയും ചൂഷണം ചെയ്യുന്നവരെയും വിധിക്കാനാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഈ പ്രവാചകശബ്ദമാണു യേശുവിന്‍റെ സിനഗോഗ് ശുശ്രൂഷയിലും നാം ആദ്യമായി കേള്‍ക്കുന്നത്. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4:18-19).

സാമൂഹികമായ അസമത്വത്തിനും അനീതിക്കുമെതിരെ പോരാടാനും സമ്പന്നന്‍റെയും ശക്തന്‍റെയും എതിരെയുള്ള ന്യായവിധികളുമാണു താന്‍ വന്നിരിക്കുന്നതെന്നു യേശു ഊന്നിപ്പറയുന്നു. പഴയ ഇസ്രായേലിനെ ദൈവത്തിന്‍റെ ഭാര്യയും ദാസിയുമായി ചിത്രീകരിക്കുന്ന പരമ്പരാഗതബിംബം ലൂക്കാ ഇവിടെ രൂപാന്തരപ്പെടുത്തുകയും പുതിയ ഇസ്രായേല്‍ – സഭ – അടിച്ചമര്‍ത്തലില്‍ നിന്നു വിമോചനം പ്രാപിക്കാനുള്ള വാക്കായി വെളിപ്പെടുത്തുകയും ചെയ്യുന്നു. മേരിയുടെ സ്തോത്രഗീതത്തില്‍ ഈ ദര്‍ശനം പ്രകടമാണ്.

"ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും. അവിടുന്ന് തന്‍റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു. എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങള്‍കൊണ്ട് സംതൃപ്തരാക്കി. സമ്പന്നരെ വെറുംകയ്യോടെ പറഞ്ഞയച്ചു
(ലൂക്കാ 1; 49-53).

അനീതി നിറഞ്ഞ സമൂഹത്തെ കീഴ്മേല്‍ മറിക്കുന്ന ദൈവത്തെയാണിവിടെ കാണുക. ഇപ്പോള്‍ നിലനില്ക്കുന്ന സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കുക മാത്രമല്ല, ഒരു നവലോകക്രമം സ്ഥാപിക്കുകകൂടി ചെയ്യുന്ന ദൈവമാണത്. ജെറെമിയ ഈ പുതിയ ലോകക്രമത്തെയാണു പ്രവചിക്കുന്നത്: "കര്‍ത്താവ് ഭൂമിയില്‍ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു. സ്ത്രീ പുരുഷനെ പരിപാലിക്കുന്നു" (The woman will protect the man 21:33).  പരസ്പരം സ്നേഹവും ആദരവും തുല്യതയും നിലനില്ക്കുകയും ആരും ആരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു നവലോകക്രമമാണിത്. സെന്‍റ് പോളിലും ഈ നവലോകക്രമത്തെക്കുറിച്ചുള്ള സ്വപ്നമുണ്ട്. "യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്" (ഗലാ. 2:28). വര്‍ഗം, വര്‍ണം, ലിംഗം ഇവയ്ക്കതീതമായി മനുഷ്യര്‍ പരസ്പരം തുല്യരായി കരുതുന്ന ഒരു ലോകക്രമം.

പ്രവാചകന്മാരിലൂടെ സംസാരിക്കപ്പെട്ട ഈ ദൈവഭാഷ (God- language) സമൂഹത്തില്‍ നിലനില്ക്കുന്ന സാമൂഹികവും മതപരവും സാമ്പത്തികവുമായ അധികാരശ്രേണികളെ നിഷേധിക്കുന്നു. അതു വിമോചനം എന്നതിനെ സംസ്കാരത്തിലും സാമൂഹികനീതിയിലുമുളള ഒരു പുതിയ സംവിധാനമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

പുതിയ നിയമത്തിലും പഴയ നിയമത്തിലും ഈ പ്രവാചകവിമര്‍ശനങ്ങള്‍ സാമൂഹികം മാത്രമല്ല, മതപരംകൂടിയാണ്. മതം അനീതിയെ പ്രോത്സാഹിപ്പിക്കുകയും നീതിക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ അജണ്ടയെ തമസ്കരിക്കുകയും ചെയ്യുമ്പോള്‍ ഈ പ്രവാചകശബ്ദം ഇടപെടുന്നതിനു ബൈബിളില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. "നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല. നിങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല…. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കേണ്ട, നിങ്ങളുടെ വീണാനാദം ഞാന്‍ ശ്രദ്ധിക്കുകയില്ല. നീതി ജലംപോലെ ഒഴുകട്ടെ. സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലു പോലെയും…" (ആമോസ് 5:21, 23, 24).

സാമൂഹികനീതിയില്‍ ശ്രദ്ധിക്കാത്ത ആരാധനാനുഷ്ഠാനങ്ങളെ ജെറെമിയ വിമര്‍ശിക്കുന്നുണ്ട്, നാട്ടില്‍ എന്തു നടന്നാലും പള്ളിയില്‍ കയറിയിരുന്നുള്ള പ്രാര്‍ത്ഥന ഒരുതരം രക്ഷപ്പെടലാണെന്ന സൂചനയും മുന്നറിയിപ്പുമുണ്ട്. ജെറെമിയായുടെ വാക്കുകളില്‍. "കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം എന്ന പൊള്ളവാക്കുകളില്‍ ആശ്രയിക്കരുത്. നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്ക്കാരനോടു യഥാര്‍ത്ഥമായ നീതി പുലര്‍ത്തിയാല്‍, പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതെയും ഇവിടെ നിഷ്കളങ്കരക്തം ചിന്താതെയും ഇരുന്നാല്‍… നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ നല്കിയ ഈ ദേശത്ത് എന്നേയ്ക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും. എന്‍റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ…? (ജെറെ. 7:4-11). തന്‍റെ ശുശ്രൂഷയുടെ അവസാന നാളുകളില്‍ ദേവാലയം ശുദ്ധീകരിച്ചുകൊണ്ടു യേശുവും ഇതേ പ്രവാചകധര്‍മ്മമാണു നിറവേറ്റുന്നത്.

ഹെബ്രായ പാരമ്പര്യത്തിലെ മതപരമായ വിമര്‍ശനവും ശുദ്ധീകരണവും യേശു തന്‍റെ ജീവിതത്തിലും പൂര്‍ത്തീകരിക്കുന്നുണ്ട്. 'കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം. നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. മറ്റുള്ളവരെ അവഗണിക്കാതെ തന്നെ" (മത്താ. 23:23).

മതപരമായ ഇത്തരം വിമര്‍ശനങ്ങളും സാമൂഹിക അസമത്വത്തിനെതിരെ യേശു സ്വീകരിച്ച നിലപാടുകളുമാണ് അവിടുത്തെ ക്രൂശീകരണത്തിലേക്കു പോലും നയിച്ചത്. പ്രവാചകപരമായ ഇത്തരം വിമോചന ആശയാവലികള്‍ സമൂഹത്തിന്‍റെ എല്ലാക്കാലത്തുമുള്ള അസമത്വത്തിനും ചൂഷണത്തിനും എതിരെയുള്ള ആയുധമാകേണ്ടതാണ്.

വര്‍ണം, ലിംഗം, വര്‍ഗം, സമ്പത്ത്, അധികാരം – ഇവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യേശുവില്‍ നിലനിന്നിരുന്ന പ്രവാചകപാരമ്പര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ബൈബിളിലെ ചില വാക്യങ്ങള്‍ വളച്ചൊടിച്ച് അടിമത്തത്തെയും അന്ധമായ വിധേയത്വത്തെയും സ്വാര്‍ത്ഥ താത്പര്യത്തിനുവേണ്ടി പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ യേശുവില്‍ നിവേറിയ പ്രവാചകപാരമ്പര്യത്തെ നിഷേധിക്കുകയാണു ചെയ്യുന്നത്.

യഹൂദമതത്തിലെ അധീശ വര്‍ഗത്തിനു നേരെയുള്ള യേശുവിന്‍റെ പ്രവാചകശബ്ദം മതത്തെ ശുദ്ധീകരിക്കാനുള്ളതായിരുന്നു. എന്നാല്‍ ക്രിസ്തുമതം സ്വാതന്ത്ര്യം പ്രാപിച്ചതോടെ റോമാ സാമ്രാജ്യത്തിലെ പ്രബല മതമായി തീരുകയും അതു മറ്റു മതങ്ങളെയും സംസ്കാരത്തെയും ഇതുപോലെ അധീനരായി കാണാന്‍ തുടങ്ങുകയും ചെയ്തു. യേശു അധികാര-അധീതബന്ധത്തിനു പുതിയ മാനം നല്കുകയും അധികാരമെന്നാല്‍ ശുശ്രൂഷയാണെന്നു പഠിപ്പിക്കുകയും ചെയ്തു. ദൈവം മാത്രം ഭരിക്കുകയും മനുഷ്യരെല്ലാം ദൈവത്തിന്‍റെ പ്രജകളും മാനുഷിക അധികാരശ്രേണിയില്‍ നിന്നു സ്വതന്ത്രരുമാണെന്നു യേശു പഠിപ്പിച്ചു. എന്നാല്‍ റോമാസാമ്രാജ്യത്തിന്‍റെ അധികാരശ്രേണി മാതൃകയില്‍ വളര്‍ന്ന മധ്യകാല ക്രിസ്തുമതം യേശുവിന്‍റെ നാമം ഉപയോഗിച്ചുതന്നെ മറ്റുള്ളവരെ കീഴടക്കാനും ഭരിക്കാനും തുടങ്ങി. മിശിഹാ രാജാവും ഭരിക്കുന്നവനുമാണെന്ന പൂര്‍വധാരണ യേശു പണ്ടേ തിരുത്തിയതാണ്, എങ്കില്‍പ്പോലും.

മതാധികാരങ്ങള്‍ക്കു നേരെയുള്ള യേശുവിന്‍റെ വിമര്‍ശനം, ദൈവരാജ്യത്തെക്കുറിച്ചുള്ള "ആത്മീയ"വാദത്തിന്‍റെ രൂപത്തിലേക്കു മാറ്റിയെഴുതപ്പെട്ടു. ബൈബിളിന്‍റെ സമഗ്രമായ പ്രവാചകപാരമ്പര്യത്തിലെ സാമുദായിക നീതിക്കുവേണ്ടിയുള്ള വിമോചനാശയങ്ങള്‍ തമസ്കരിക്കപ്പെട്ടു. സാമൂഹിക അനീതികളെ വിമര്‍ശിക്കാത്ത ഒരു "പരലോക ക്രിസ്തു" ഈ ലോകത്തെ കീഴടക്കാനും മാറ്റിത്തീര്‍ക്കാനുമുള്ള ദൈവത്തിന്‍റെ വക്താവ് എന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ടു!

ഒരു നവലോകക്രമത്തിന്‍റെ നിര്‍മ്മിതി ക്രിസ്തുവിന്‍റെ അവതാരലക്ഷ്യമായിരുന്നു. നിലനിന്നിരുന്ന വ്യവസ്ഥിതിയെയും അനീതികളെയും ചൂഷണങ്ങളെയും ജീര്‍ണതകളെയും നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണ് ഈ ദൈവരാജ്യനിര്‍മിതിക്കായി ക്രിസ്തു തന്നെത്തന്നെ സമര്‍പ്പിച്ചത്. എന്നാല്‍ ക്രിസ്ത്യാനികള്‍ ക്രിസ്തുവിലെ ദൈവികതയെ മാത്രം മുന്‍നിര്‍ത്തി അവന്‍ കൊണ്ടുവന്ന നവജീവിതശൈലി അനുഷ്ഠാനങ്ങളിലേക്കും ആചാരങ്ങളിലേക്കും ചുരുക്കി. യേശുവചനങ്ങളിലെ സാമൂഹിക പ്രബോധനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും യേശുവചനങ്ങള്‍ കാണാതെ പഠിച്ച് ഉരുവിട്ടു രോഗശാന്തി നേടാനും ഭൗതികലക്ഷ്യപ്രാപ്തിക്കുമുള്ള മന്ത്രമാക്കി മാറ്റി….

അമിതമായ ആത്മീയവത്കരണത്തില്‍നിന്ന് (over spiritualisation) ക്രിസ്തു പ്രഖ്യാപിച്ച വിമോചനാശയങ്ങള്‍ വീണ്ടെടുക്കപ്പെടേണ്ടതുണ്ട്. യേശു പ്രഖ്യാപിച്ച അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തില്‍ ക്രൈസ്തവവിശ്വാസികളില്‍ പകുതിയിലധികം വരുന്ന സ്ത്രീകളുണ്ട്, ദളിതരുണ്ട്, ദരിദ്രരുണ്ട്. ഈ വിമോചനം അവരുടെ സ്വന്തം അനുഭവമായി മാറുവാന്‍ യേശു സ്വന്തം ജീവിതത്തിലും പ്രബോധനങ്ങളിലും എപ്രകാരമാണ് അവരെ ഉള്‍ച്ചേര്‍ത്തത് എന്നറിയണം. അതിനു പരമ്പരാഗതവും കേട്ടു തഴമ്പിച്ചതുമായ പതിവു വ്യാഖ്യാനങ്ങള്‍ക്കപ്പുറത്തു യേശുവിന്‍റെ ആര്‍ദ്രമായ ഹൃദയത്തോടു ഹൃദയം ചേര്‍ത്ത്, അവിടുത്തെ സ്വരവും ഹൃദയഭാവവും ഹൃദയപൂര്‍വം അന്വേഷിക്കപ്പെടണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org