വായിച്ചുവോ നിങ്ങള്‍, പ്രളയദിനങ്ങള്‍ എഴുതിച്ചേര്‍ത്ത പുതിയ സാമൂഹ്യപാഠങ്ങള്‍…?

വായിച്ചുവോ നിങ്ങള്‍, പ്രളയദിനങ്ങള്‍ എഴുതിച്ചേര്‍ത്ത പുതിയ സാമൂഹ്യപാഠങ്ങള്‍…?


ആന്‍റണി ചടയംമുറി

മനുഷ്യരല്ലേ നമ്മള്‍, കൈ നീട്ടി തൊടാന്‍ കഴിയണം അരികെയായാലും അകലെയായാലും. അരികെയുണ്ടായിട്ടും നാം മനസ്സുകൊണ്ട് അകലങ്ങളിലാക്കിയവര്‍, പ്രളയദിനങ്ങളില്‍ നമുക്കു രക്ഷകരായി മാറി. നമ്മുടെ മുഖമറിയാതെ, മതമറിയാതെ പ്ര ളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ അകലങ്ങളില്‍നിന്ന് ആരൊക്കെയോ നമ്മുടെ കണ്ണീരില്‍ കുതിര്‍ന്ന ഹൃദയങ്ങളെ തൊടുന്നുണ്ട്, ഇപ്പോഴും.

ലാഭനഷ്ടങ്ങള്‍ നോക്കാതെ, മതമോ കളമോ നോക്കാതെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസമെത്തിക്കാനുമായി കൈനീട്ടിയ വ്യക്തികളും പ്രസ്ഥാനങ്ങളും നമ്മുടെ പരമ്പരാഗതമായ വിശ്വാസസങ്കല്പങ്ങള്‍ പുനര്‍വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. കൂട്ടായ്മകളുടെ കൂടിവരവിലും പ്രസ്ഥാനങ്ങളുടെ ആശയ രഥഘോഷയാത്രയിലും പ്രഥമസ്ഥാനത്തുണ്ടായിരിക്കേണ്ട മനുഷ്യര്‍ ഇനിയും ചവിട്ടിയരയ്ക്കപ്പെടരുത്. മതമില്ലെങ്കിലും അവനൊരു മുഖമുണ്ട്. പൊന്നുതമ്പുരാന്‍ കല്പിച്ചു നല്കിയ ദൈവത്തിന്‍റെ തന്നെ മുഖം… ആ മുഖം നാം തിരിച്ചറിഞ്ഞേ മതിയാവൂ. അവനെ നെഞ്ചോടു ചേര്‍ത്തു പിടിക്കുമ്പോള്‍, നാം ആരാധിക്കുന്ന ദൈവത്തിന്‍റെ ഹൃദയസ്പന്ദനങ്ങള്‍, നമ്മുടെ നെഞ്ചിന്‍ താളത്തോടു ചേര്‍ന്നു തുടിക്കുന്നത് അനുഭവിച്ചറിയാന്‍ കഴിയും.

ഇന്നു പല കൂട്ടായ്മകളും സംഘടനകളും വളരെ നിശിതമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. കൂടിവരവുകളെല്ലാം നിസ്വാര്‍ത്ഥവും ആ ദര്‍ശപരവുമായ ലക്ഷ്യംവച്ചാണെന്നു പറയാനാവാത്തവിധം പല കൂട്ടായ്മകളും ഇന്നു കളങ്കപ്പെട്ടിരിക്കുന്നു. സംഘടനകളെന്നോ പ്രസ്ഥാനങ്ങളെന്നോ പറയാവുന്നവയും സുതാര്യമായ പ്രതിച്ഛായയുടെ കുടക്കീഴിലില്ല. ഒരര്‍ത്ഥത്തില്‍ കൂട്ടായ്മയെന്ന കളങ്ങള്‍ക്കുള്ളിലും സംഘടനയെന്ന കുറേക്കൂടി വിശാലമായ കളങ്ങളിലും കറയും കരിയും പുരണ്ട താത്പര്യങ്ങള്‍ ചേക്കേറിയിരിക്കുന്നതായി നമുക്കു കാണാന്‍ കഴിയുന്നു.

ഈ വിഷയം ഏറെ സമഗ്രമായി പഠിച്ച ഒരു ജര്‍മ്മന്‍ സാമൂഹികശാസ്ത്രജ്ഞനുണ്ട്. പേര് ഫെര്‍ഡിനാന്‍ഡ് ടോണ്ണീസ് (Ferdinand Tonnies) 1855 മുതല്‍ 1936 വരെയാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ സോഷ്യോളജി എന്ന ഒരു സംഘടന അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. 900-ഓളം പ്രബന്ധങ്ങളുണ്ട് ഫെര്‍ഡിനാന്‍ഡ് ടോണ്ണീസിന്‍റേതായി. നാസികളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ അദ്ദേഹം തന്നെ സ്ഥാപിച്ച ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ സോഷ്യോളജിയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടു. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വൈദികനായിരുന്ന രാഷ്ട്രീയ, തത്ത്വശാസ്ത്ര പണ്ഡിതന്‍ തോമസ് ഹോബ്സി(Thomas Hobbes)ന്‍റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു ഫെര്‍ഡിനാന്‍ഡ്.

കാപട്യത്തിന്‍റെ കള്ളറകള്‍
ഫെര്‍ഡിനാന്‍ഡ് ടോണ്ണീസ് മുന്നോട്ടുവച്ച് ഒരു സങ്കലപ്മാണു കൂട്ടായ്മയും സംഘടനയും. ജര്‍മ്മന്‍ ഭാഷയില്‍ ഇതു Gemeinschaft and Gesellschaft എന്നാണു വിശേഷിപ്പിക്കുക. പ്രകൃതിജന്യമായ ഇച്ഛ (natural will) യുക്തിസഹമായ ഇച്ഛ (rational will) എന്നിങ്ങനെ രണ്ടു തരം ഇച്ഛകളാണു മനുഷ്യനിലുള്ളതെന്ന് അദ്ദേഹം പ്രതിപാദിക്കുന്നു. ലാഭനഷ്ടങ്ങള്‍ നോക്കാതെ ഒരു മനുഷ്യന്‍ ഒരു കളത്തില്‍ അല്ലെങ്കില്‍ ഒരു സംഘത്തില്‍ നിലകൊള്ളുന്നതിനെ പ്രകൃതിജന്യമായ ഇച്ഛയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ലാഭനഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള സംഘംചേരലാണ് യുക്തിസഹമായ ഇച്ഛയ്ക്കു കീഴില്‍ വരിക. ഈ കളത്തില്‍ നില്ക്കുന്നവര്‍, എന്തെങ്കിലും സ്വന്തമായി 'തടഞ്ഞാല്‍' മാത്രമേ അവിടെ നിലയുറപ്പിക്കുകയുള്ളൂ. അതു പ്രശസ്തിയോ ചിലപ്പോള്‍ പണമോ ആകാമെന്നു മാത്രം.

പ്രകൃതിജന്യമായ ഇച്ഛയാല്‍ ഒരുമിച്ചു കൂടുന്നവരെ നാം കഴിഞ്ഞ പ്രളയകാലത്തു കണ്ടു. അവര്‍ സ്വന്തം ജീവസന്ധാരണത്തിനുള്ള വഞ്ചികളും ബോട്ടുകളും നഷ്ടപ്പെട്ടൂ തന്നെയും ജീവനുവേണ്ടി കൈനീട്ടുന്നവരെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. പ്രളയാനന്തരം, ദുരിതാശ്വാസങ്ങള്‍ അനര്‍ഹര്‍ക്കു വിതരണം ചെയ്യപ്പെട്ടപ്പോഴാകട്ടെ, പൊതുസമൂഹത്തിലെ കളങ്കിതരായവരുടെ സംഘടനകളെ നമുക്കു ചുണ്ണാമ്പു തൊട്ടു എണ്ണാനായി.

പൊതുസമൂഹത്തിന്‍റെ കളങ്ങളിലെ കള്ളറകളില്‍ അടിഞ്ഞുകൂടുന്ന കാപട്യത്തിന്‍റെ ഈ കറകള്‍ ഇല്ലായ്മ ചെയ്യാനുള്ള ഇന്നിന്‍റെ ക്രിസ്തീയ സാക്ഷ്യമെങ്ങനെയായിരിക്കണം? ഈ ചോദ്യത്തിന് ഉത്തരം തേടാനാണ് ഇവിടെ ശ്രമിക്കുക. ഒപ്പം, ഭാരതീയ പശ്ചാത്തലത്തിലും ക്രിസ്തീയ കാഴ്ചപ്പാടിലും കളങ്ങളില്‍ പടര്‍ന്നുപോയ കാപട്യങ്ങളെക്കുറിച്ചും ഇടര്‍ച്ചകളെക്കുറിച്ചുമുള്ള വിശകലനം കൂടിയാണിത്.

കളത്തില്‍ നിന്ന് കുത്തരുതേ
സംഘാത്മകതയെന്നത് ഒരു കളം വരയ്ക്കല്‍ തന്നെയാണ്. എന്നാല്‍ എല്ലാ മനുഷ്യരെയും ഉള്‍പ്പെടുത്തിയുള്ള കളംവരയ്ക്കലാണു ക്രിസ്തീയത. അങ്ങനെ വരുമ്പോള്‍, സംഘാത്മകതയ്ക്കു സര്‍ഗാത്മകത കൈവരുന്നു. മതങ്ങളായാലും പാര്‍ട്ടികളായാലും പ്രസ്ഥാനങ്ങളായാലും അവയുടെ പൊതുസ്വഭാവമാണു സംഘാത്മകത. കൂട്ടായ്മയെന്നു നാം പറഞ്ഞുപഴകിയ പദംതന്നെയാണു സംഘാത്മകത എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുക.

യേശുവിന്‍റെ പരസ്യജീവിതകാലത്തു ദൈവപുത്രന്‍ വരച്ച കളങ്ങളില്‍ എല്ലാ മനുഷ്യരുമുണ്ടായിരുന്നു. കുഷ്ഠരോഗിയും ചുങ്കക്കാരനും വേശ്യയുമെല്ലാം ഉള്‍പ്പെട്ട കളങ്ങളില്‍ അന്നത്തെ 'മാന്യന്മാര്‍ക്ക്' നില്ക്കാനോ ഇരിക്കാനോ കഴിഞ്ഞിരുന്നില്ല. കളങ്ങള്‍ വിശാലമാക്കിയും ശത്രുക്കളെപ്പോലും ആ കളത്തിലേക്കു വലിച്ചടുപ്പിച്ചുമുള്ള ആ ക്രിസ്തീയശൈലിയുടെ പിന്തുടര്‍ച്ചക്കാരാണു നാം.

ശരിയാണ്, പൊതുസമൂഹത്തില്‍ നാം കാണുന്ന കളങ്ങളില്‍ തന്നെ സ്വാര്‍ത്ഥതയുടെ ചെറുകളങ്ങളുണ്ട്. ഒരേ കളത്തിലാണെന്നു പറയുകയും രഹസ്യമായി പോരടിക്കുകയും ചെയ്യുന്ന 'കളത്തില്‍ കുത്ത്' നാം എവിടെയും കാണുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യം തന്നെ നോക്കൂ:

"ഇന്നു ദേശീയതലത്തില്‍ അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴ്. പ്രാദേശികമായി സംസ്ഥാന തലത്തില്‍ അംഗീകാരമുള്ളവ 24. രജിസ്റ്റര്‍ ചെയ്യപ്പെടാത്തതും ഔദ്യോഗികമായി അംഗീകാരമില്ലാത്തതുമായ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ 2044. ഓരോ പാര്‍ട്ടികളും ഓരോ കളങ്ങള്‍, അതല്ലെങ്കില്‍ ചട്ടക്കൂടുകളാണ്. ഇംഗ്ലീഷില്‍ ഫ്രെയിം (Frame) എന്നു പറയുന്ന ഈ പദത്തിനുള്ളില്‍, നമുക്കു കാണാനാവുന്നത്, അതാതു പ്രസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ മാത്രമായിരിക്കും. അതങ്ങനെ തന്നെ വേണംതാനും. എന്നാല്‍, ഇന്നു രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടനകളും മതങ്ങളുമെല്ലാം ഇത്തരത്തിലുള്ള ഒരേയൊരു ഫ്രെയിമില്‍ ഒരേ താത്പര്യവുമായിട്ടാണോ നിലകൊള്ളുന്നതെന്നു ചോദിച്ചാല്‍ അല്ലെന്നു പറയേണ്ടി വരും. കാരണം കളങ്ങള്‍ക്കുള്ളില്‍ അതല്ലെങ്കില്‍ ഫ്രെയിമുകളില്‍ തന്നെ വീണ്ടും കളംവരച്ചു പരസ്പരം പോരടിക്കുന്നവരെ നമുക്കു കാണാന്‍ കഴിയുന്നു. പാര്‍ട്ടിയിലും മതങ്ങളിലും ഇത്തരം കളങ്ങള്‍ വരയ്ക്കു ന്നതും അല്ലെങ്കില്‍ വരയ്ക്കാന്‍ നിര്‍ബന്ധിതരാക്കുന്നതും അടക്കമുള്ള കാപട്യക്കുരുക്കുകളില്‍ ഇന്നു പൊതുസമൂഹം വലയം ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ പൊതുസമൂഹപശ്ചാത്തലം യഥാവിധി വിശകലനം ചെയ്യപ്പെടാതെ പോയ പാപവനാന്തരങ്ങളില്‍ ദിക്കറിയാതെ നാം അമ്പരന്നു നി ല്ക്കുന്നു.

വേഗങ്ങള്‍ക്കപ്പുറത്തെ ജാതിക്കളങ്ങള്‍
ഏതൊരു മതത്തിന്‍റെയും സാരാംശം എന്നു പറയുന്നത് ആ മതത്തിന്‍റെ സത്തു മുഴുവന്‍ സമാഹരിച്ച വേദഗ്രന്ഥമോ വേദഗ്രന്ഥങ്ങളോ ആണ്. ഭാരതീയപശ്ചാത്തലത്തില്‍ ഉപനിഷത്തുക്കളാണു വേദഗ്രന്ഥങ്ങള്‍. ക്രിസ്തുമതത്തിലാകട്ടെ ബൈബിളും. ഭേദമരുതെന്നാണു വേദസാരം. എന്നാല്‍ ബ്രാഹ്മണ്യം വേദങ്ങള്‍ക്കപ്പുറം ജാതിക്കളങ്ങള്‍ വരച്ചു. മതത്തിനുള്ളില്‍ തന്നെ കളങ്ങള്‍ വരച്ചതിന്‍റെ ആ ദുരനുഭവങ്ങള്‍ ഇന്നും ഭാരതീയസമൂഹത്തെ വേട്ടയാടുകയാണ്. എല്ലാവരും ദൈവമക്കളാണെന്ന വിശാലമായ പരിപ്രേക്ഷ്യത്തിലേക്കു ബൈബിളും മനുഷ്യരെ നയിച്ചു. എന്നാല്‍ വേദവാക്യങ്ങളുടെ ഈ വിശാലവീക്ഷണം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിഞ്ഞുവോ? ലോകത്തില്‍ 43,870 മതങ്ങളുണ്ട്. എങ്കിലും ലോകജനസംഖ്യയില്‍ പകുതിയോളം വരും ക്രൈസ്തവര്‍. ക്രിസ്തുമതമടക്കം 22 മതങ്ങളിലാണു ലോകത്തിലെ 98 ശതമാനം ജനങ്ങളും വിശ്വസിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മൂന്നാമത്തേതാണു ക്രിസ്തുമതം. എ ന്നാല്‍ ക്രിസ്തുമതമെന്ന 'സാര്‍വത്രിക ക്യാന്‍വാസി'ല്‍ നാം സൗകര്യപൂര്‍വം വരച്ചിട്ട കളങ്ങളെക്കുറിച്ച്, അതുമൂലം ഭാരതത്തില്‍ ക്രിസ്തുമതത്തിനു ലഭിക്കാതെ പോയ ദേശീയസ്വീകാര്യതയെക്കുറിച്ചു ചില പുനര്‍വിചിന്തനങ്ങള്‍ അനിവാര്യമല്ലേ?

നാഗാലാന്‍ഡില്‍ 90 ശതമാനവും മിസ്സോറാമില്‍ 95 ശതമാനവും മേഘാലയത്തില്‍ 85 ശതമാനവും മണിപ്പൂരില്‍ 41 ശതമാനവും ക്രിസ്തുമത വിശ്വാസികളുള്ളപ്പോള്‍ കേരളത്തില്‍ പണ്ടു കണക്കാക്കിയിരുന്ന 30 ശതമാനത്തിലേറെ എന്ന കണക്ക് ഇ പ്പോള്‍ 18.4 ശതമാനം എന്നു മുഖമടച്ചു വീണതെങ്ങനെ എന്ന ചിന്ത നമുക്കു വേണ്ടതല്ലേ? കളത്തിലിരുന്ന് 'പാട്ട്' പാടുന്നത് ദേവസ്തുതിയാണ് ഹൈന്ദവമതത്തില്‍. എന്നാല്‍ 'കളത്തില്‍ നിന്നുകൊണ്ട്' പരസ്പരം കുന്തമെറിഞ്ഞു വാള്‍ വീശിയും നാം നടത്തുന്ന എതിര്‍ സാക്ഷ്യങ്ങള്‍ കൊണ്ടു മുഖരിതമാണു പൊതുസമൂഹം ഇന്ന്.

ഏലിയാ അടുക്കിവച്ച 12 കല്ലുകള്‍
പഴയനിയമത്തില്‍ വിഗ്രഹാരാധന കൊടുമ്പിരികൊണ്ട കാലത്തെക്കുറിച്ച് ഒരു ഫ്ളാഷ് ബാക്ക്. ആഹാബ് രാജാവിന്‍റെ കാലത്തു തന്നില്‍നിന്ന് അകന്നുപോയ ജനത്തെ തിരികെ കൊണ്ടുവരാന്‍ ദൈവം ഏലിയാപ്രവാചകനെ അയയ്ക്കുന്നു. ദൈവശിക്ഷയായ വരള്‍ച്ച മാറുവാന്‍ ബാലിന്‍റെ പ്രവാചകരും ദൈവത്തിന്‍റെ പ്രവാചകനായ ഏലിയായും തമ്മില്‍ നടത്തുന്ന ഈ മത്സരത്തെക്കുറിച്ചുള്ള വിവരണം രാജാക്കന്മാരുടെ ഗ്രന്ഥത്തിലുണ്ട്. പരസ്പരം പോരടിച്ച്, വിഗ്രഹാരാധനയിലേക്ക് ഇടറിപ്പോയ ജനത്തെ സത്യദൈവത്തിലേക്കു മടക്കിക്കൊണ്ടുവരാനായി ഏലിയാ ഒരു ബലിപീഠം നിര്‍മിക്കുന്നു. ഈ ബലിപീഠത്തില്‍ ഏലിയാപ്രവാചകന്‍ സ്ഥാപിച്ച പന്ത്രണ്ടു കല്ലുകള്‍ അതുവരെ അനൈക്യത്തിലായിരുന്ന ഇസ്രായേലിലെ 'പന്ത്രണ്ട്' ഗോത്രങ്ങളെയാണു സൂചിപ്പിക്കുന്നതെന്നു ബൈബിള്‍ പണ്ഡിതര്‍ പറയുന്നു. അതായത്, അനൈക്യവും അരാജകത്വവും നീങ്ങിപ്പോകണമെങ്കില്‍, വിഘടിച്ചുനില്ക്കുന്നവരുടെ കൂടിവരവു ദൈവസന്നിധിയില്‍ ഉണ്ടാകണം. ഭാരതത്തിന്‍റെ പശ്ചാത്തലത്തിലും പന്ത്രണ്ട് എന്ന സംഖ്യയ്ക്കു പ്രസക്തിയുണ്ട്. കാരണം എ.എന്‍. ബഷാം എന്ന ചരിത്രകാരന്‍ ഇന്ത്യയില്‍ പന്ത്രണ്ടു സംസ്കാരങ്ങളുടെ പ്രവാഹമുണ്ടായതായി 'ഇന്ത്യയെന്ന വിസ്മയം' (The wonder that was India) എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.

അനൈക്യത്തിന്‍റെ കളങ്ങള്‍ ഏതൊരു പ്രസ്ഥാനത്തിലും വരച്ചിടുന്നവര്‍ ദൈവതിരുമുമ്പില്‍ കുറ്റവാളികളായി മാറാം. കാരണം, ഭേദമില്ലാത്ത വിധത്തിലുള്ള ജനങ്ങളുടെ കൂടിവരവിലാണു ദൈവം പ്രസാദിക്കുന്നത്. സാംസ്കാരികമോ പ്രാദേശികമോ പാരമ്പര്യമോ മൂലം ചിലപ്പോള്‍ പ്രസ്ഥാനങ്ങളില്‍, പാര്‍ട്ടികളില്‍, മതങ്ങളില്‍, സംഘടനകളില്‍ വ്യത്യസ്ത കളങ്ങള്‍ അനിവാര്യമായിരിക്കാം. എങ്കിലും ആ വ്യത്യസ്ത കളങ്ങളില്‍നിന്നുകൊണ്ടുള്ള കാപട്യമില്ലാത്ത കൈനീട്ടലാണു ക്രിസ്തീയത എന്ന കാര്യം വിസ്മരിക്കരുത്.

പൊതുസമൂഹത്തില്‍ ക്രിസ്തുമതത്തിന്‍റെ സംഭാവനകള്‍ ദേശീയ, പ്രാദേശിക തലങ്ങളില്‍ വിവരിക്കാനാവാത്തവിധം വിപുലമാണ്; അമൂല്യമാണ്. എന്നാല്‍ അതേ സമൂഹത്തിനു മുമ്പില്‍ ക്രിസ്തീയ മിഷനറിമാര്‍ വഹിച്ച പങ്ക് കളങ്ങളില്‍ അല്ലാതെ അവതരിപ്പിക്കുന്നതില്‍ നാം വിജയിച്ചുവോ? ഉദാഹരണം പറയാം; നെല്‍സണ്‍ മണ്ടേലയോടൊപ്പം ആഫ്രിക്കക്കാരുടെ സ്വാതന്ത്ര്യത്തിന്‍റെ സമരമുഖത്തു വെടിയേറ്റു മരിച്ചുവീണ ഒരു ഇംഗ്ലീഷുകാരനുണ്ട് – ഡെനിസ് ബ്രൂട്ടസ്. എന്നാല്‍, ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ക്രൈസ്തവരായ ബ്രിട്ടീഷുകാരുടെ ശവക്കല്ലറകള്‍ എവിടെയാണെന്നുപോലും നമുക്കറിയില്ല. ഫലമോ? വിദേശമതമെന്ന ദുഷ്പ്പേരും, സ്വാതന്ത്ര്യസമരത്തില്‍ ക്രൈസ്തവര്‍ സായ്പിന്‍റെ പക്ഷം പിടിച്ചുവെന്ന ദുഷ്പ്രചരണവും നാം കേള്‍ക്കേണ്ടി വന്നു.

കളങ്ങളില്‍ നിന്നു കൈകോര്‍ക്കാം
അടുത്തിരിക്കുന്നവനാണു ദൈവമെന്നു പഠിപ്പിച്ച ആത്മീയതയുടെ ഭാരതീയപശ്ചാത്തലത്തില്‍ അപരനെ ദൈവസമാനം കാണണമെന്നു പഠിപ്പിക്കുന്ന ക്രിസ്തുമതത്തിനു വേരോടാന്‍ പറ്റിയ മണ്ണായിരുന്നു ഇത്. അതുകൊണ്ടാണ്, സ്വന്തം ജീവരക്തം ഈ മണ്ണില്‍ വീഴ്ത്തിയ സെന്‍റ് തോമസും 52 രാജ്യങ്ങളിലേക്കു സ്വന്തം രോഗാവസ്ഥപോലും അവഗണിച്ചു ക്രിസ്തുവചനങ്ങളുമായി കടന്നുപോയ സെന്‍റ് ഫ്രാന്‍സിസ് സേവ്യറും ഓരോ വിശ്വാസിയുടെയും മനസ്സില്‍ തിരുശേഷിപ്പുകളായി പരിണമിച്ചത്. ഇന്നു ക്രൈസ്തവരില്‍ പകുതിയിലധികം പേര്‍ ഭാരതത്തില്‍ മൂന്നു മൂഖ്യറീത്തുകളിലായുണ്ട്. ശേഷിച്ചവര്‍ കല്‍ദായരും ഓര്‍ത്തഡോക്സ്, യാക്കോബായ തുടങ്ങിയ വിഭാഗക്കാരടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെടുന്നു (പഴയ കണക്കനുസരിച്ച് ഈ ക്രൈസ്തവവിഭാഗങ്ങളുടെ എണ്ണം 771). ഓരോ റീത്തുകള്‍ക്കും സെക്ടുകള്‍ക്കുമെല്ലാം അവരവരുടെ കാഴ്ചപ്പാടുകളുണ്ടാവാം, പൈതൃകങ്ങളുണ്ടാവാം. എങ്കിലും ഭാരതത്തിലെ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ അവരവരുടെ കളങ്ങളില്‍ നിന്നുകൊണ്ടുതന്നെയുള്ള കൈ നീട്ടലും കൈക്കോര്‍ക്കലും പ്രാവര്‍ത്തികമാക്കാന്‍ നാം ശ്രമിച്ചുവോ? സംശയമാണ്. പകരം, ഭാരതത്തിന്‍റെ സമകാലികവും സങ്കീര്‍ണവുമായ സാമൂഹികകാലാവസ്ഥയില്‍ അവരവരുടെ കളങ്ങളില്‍ നിന്നുകൊണ്ടുതന്നെയുള്ള ചിലരുടെ 'അങ്കക്കലി' രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നില്ലേ എന്നു നാം സംശയിക്കണം.

വാക്കുകള്‍ക്ക് അതല്ലെങ്കില്‍ വചനത്തിനു യുഗംതോറും ജീവന്‍ പകരേണ്ട ഉത്തരവാദിത്വം ഓരോ കാലഘട്ടത്തിലും ജനങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ചും ക്രൈസ്തവര്‍ക്ക്. ആ ദൗത്യം മറന്നുകൊണ്ടുള്ള 'കളങ്ങളിലെ കുത്തും വെട്ടും ചവിട്ടും' അവസാനിപ്പിച്ചില്ലെങ്കില്‍ ക്രിസ്തീയതയ്ക്കുള്ള ആള്‍സാക്ഷ്യങ്ങള്‍ എന്നതു കാലത്തിന്‍റെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന തണുത്തുമരവിച്ച ആശയജഡങ്ങളായി മാറാം.

ക്രൈസ്തവജീവിതം സ്ഥിരയുദ്ധം
ഓരോ ജനപദത്തെയും ഭരിക്കപ്പെടേണ്ട വിശിഷ്ടമൂല്യങ്ങള്‍ നിര്‍ദ്ദേശിക്കുക വഴി, ആ മൂല്യ സംവേദനത്തിനായുള്ള നിലമൊരുക്കാന്‍ ഓരോ ക്രിസ്തീയ കൂട്ടായ്മകളും വിളിക്കപ്പെടുന്നുണ്ട്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പ ഈ വിശിഷ്ടമൂല്യങ്ങളെ സത്യം, നീതി, സ്നേഹം, സ്വാതന്ത്ര്യം എന്നിങ്ങനെ വേര്‍തിരിച്ചെഴുതി (ചെന്തേസീ മൂസ് അന്നൂസ്, നമ്പര്‍ 54) പൊതുജീവിതത്തിന്‍റെ നവീകരണത്തിന് ഈ മൂല്യങ്ങളോടുള്ള ഉപാധികളില്ലാത്ത വിധേയത്വം അനിവാര്യമാണെന്നു സഭ പഠിപ്പിക്കുന്നു. (സഭയുടെ സാമൂഹികപ്രബോധനം നമ്പര്‍ 527). പൊതുസമൂഹത്തിനു മുമ്പില്‍ ക്രിസ്തീയസാക്ഷ്യങ്ങളായി മാറുകയെന്നത്, വിശ്വാസത്തിലുള്ള നമ്മുടെ തീക്ഷ്ണതയുടെ ഉറപ്പിക്കലാണ്. അങ്ങനെ തീക്ഷ്ണതയില്ലാത്ത വിശ്വാസം "ഉള്ളില്‍ നിന്നു വരുന്നതുകൊണ്ട് ഏറെ ഗൗരവതരമാണെ"ന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ മുന്നറിയിപ്പ് നല്കുകയുണ്ടായി. അതുകൊണ്ടു ഫ്രാന്‍സിസ് പാപ്പയും പറയുന്നു: "ക്രൈസ്തവജീവിതം സ്ഥിരയുദ്ധമാണ്. പിശാചിന്‍റെ പരീക്ഷകളെ എതിര്‍ത്തുകൊണ്ടു നിലകൊള്ളാനും സുവിശേഷം പ്രഘോഷിക്കാനും നമുക്കു ശക്തിയും ധീരതയും വേണം. ഈ പടപൊരുതല്‍ സുന്ദരമാണ്. കാരണം, കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ ജൈത്രയാത്ര നടത്തുന്ന ഓരോ പ്രാവശ്യവും സന്തോഷിക്കാന്‍ അതു നമുക്ക് ഇടവരുത്തുന്നു (ആനന്ദിച്ച് അഹ്ലാദിക്കുവിന്‍ 158).

ക്രിസ്തുവചനങ്ങള്‍ക്കു പിന്നാലെയുള്ള ആത്മാര്‍ത്ഥമായ നമ്മുടെ ഓട്ടം എല്ലാ സങ്കുചിതത്വത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും കളങ്ങളില്‍നിന്നു നമ്മെ പുറത്തുകൊണ്ടുവരും. കാരണം, 'കളത്തിനു പുറത്ത്' എന്ന പദപ്രയോഗം ക്രിസ്തുമതത്തിന് അനുയോജ്യമല്ല. അപരനിലേക്കു നിര്‍മിക്കാവുന്ന സ്നേഹസേതു ബന്ധനങ്ങള്‍ക്കായുള്ള സ്നേഹശിലാപാളികളുടെ ഖനനവും അവയുടെ കൂട്ടിയോജിപ്പിക്കലുമാണ് ഇന്നു പൊതുസമൂഹത്തില്‍ നടക്കേണ്ടത്. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. ഏ.പി.ജെ. അബ്ദുള്‍ കലാം പൊതുസമൂഹത്തിനു സാക്ഷാത്കരിക്കാവുന്ന ഈ സ്വപ്നം വരച്ചിടുന്നുണ്ട്: "നമ്മുടെ ദേശീയതയുടെ ആധാരശിലയും സാംസ്കാരികമായ ഔന്നത്യത്തിന്‍റെ പ്രധാന സവിശേഷതയുമായ മതനിരപേക്ഷതയെന്ന മൗലികപ്രമാണത്തോടു നാം അചഞ്ചലമായ പ്ര തിബദ്ധത പുലര്‍ത്തേണ്ടതുണ്ട്. എല്ലാ മത നേതാക്കളും ജനങ്ങള്‍ക്കിടയിലെ മാനസികമായ ലയപൊരുത്തത്തിന്‍റെയും ഹൃദയൈക്യത്തിന്‍റെയും സന്ദേശം മുഴക്കണം. അങ്ങനെയായാല്‍ ഏറെ വൈകാതെ നമ്മുടെ രാഷ്ട്രത്തിന്‍റെ സുവര്‍ണയുഗത്തിനു നാം സാക്ഷികളാകും" (ഇന്ത്യയുടെ ചൈതന്യം, പേജ് 9).

വേണം സുതാര്യതയാര്‍ന്ന ക്രിസ്തീയസാക്ഷ്യങ്ങള്‍
രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും ധാര്‍മ്മിക മൂല്യകണക്കെടുപ്പില്‍ അവരുടെ ഓഹരിവില ഇന്നു താഴോട്ടാണ്. അഴിമതി നടത്തുന്ന രാഷ്ട്രീയനേതൃത്വത്തോടൊപ്പം, 'മോഷണമുതലി'ന്‍റെ പങ്ക് തങ്ങള്‍ക്കും വേണമെന്ന മട്ടിലാണു പാര്‍ട്ടികളുടെ വേരറ്റങ്ങളിലുള്ള വേരുചീയല്‍ രോഗം. മൂല്യങ്ങള്‍ അവശേഷിച്ചിട്ടുള്ള ആത്മീയമേഖലകളിലേക്കുള്ള വിഷപ്പുക പരത്തലില്‍ ചില മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും മത്സരിക്കുന്നു. ഈ സമൂഹികസാഹചര്യത്തില്‍, വിവാദപുകപടലങ്ങള്‍ക്കപ്പുറത്തുള്ള നേര്‍ക്കാഴ്ചകളിലേക്ക് കണ്ണയയ്ക്കാന്‍ ക്രൈസ്തവര്‍ ശീലിക്കേണ്ടതുണ്ട്. പൊതുസമൂഹവുമായുള്ള ക്രിസ്തീയസമൂഹത്തിന്‍റെ സംവേദനം, നാം തന്നെ പരിമിതപ്പെടുത്തിയോ എന്നു വി ലയിരുത്താന്‍ സമയമായി. മതങ്ങള്‍ക്കുള്ളില്‍ കളങ്ങള്‍ തീര്‍ക്കുന്നവരെയും മതങ്ങളെ ചില നിര്‍ദ്ദിഷ്ടകളങ്ങളിലാക്കി കുത്തിരസിക്കുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങളിലൂടെ മാത്രമേ, പൊതുസമൂഹത്തിനു മുന്നില്‍ സുതാര്യതയാര്‍ന്ന ക്രിസ്തീയ സാക്ഷ്യങ്ങള്‍ തീര്‍ക്കാന്‍ നമുക്കു കഴിയൂ.

ക്രിസ്തുവിന്‍റെ അനുയായികള്‍ക്കു കളങ്ങള്‍ വരയ്ക്കാനാവില്ല. 'കളങ്ങളില്‍ നിരന്നു നിന്നാല്‍ ചോദിക്കുന്നതെല്ലാം തരാം' എന്ന പ്രലോഭനങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ഈ വാക്കുകള്‍ കൂടി കേള്‍ക്കൂ: "തങ്ങളുടെ രാജ്യത്തിന്‍റെ അവസ്ഥ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയെന്നതു ക്രൈസ്തവസമൂഹത്തിന്‍റെ കടമയാണ്. സുവിശേഷത്തിന്‍റെ മാറ്റപ്പെടാത്ത പ്രകാശം അതില്‍ ചൊരിയുകയെന്നതും സഭയുടെ സാമൂഹികപ്രബോധനത്തില്‍നിന്നു വിചിന്തനത്തിനുള്ള തത്ത്വങ്ങളും വിധിനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളും പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയെന്നതും ക്രൈസ്തവസമൂഹത്തിന്‍റെ കടമയാണ് (സഭയുടെ സാമൂഹികപ്രബോധനം, നമ്പര്‍ 574).

മറച്ചുവയ്ക്കരുത് സത്യദീപങ്ങള്‍
വിവരവിസ്ഫോടനത്തിന്‍റെ കല്ലുമഴ പെയ്യുന്ന കാലമാണിത്. നവ മാധ്യമങ്ങളിലൂടെ പുരപ്പുറത്തു നിന്നു പ്രഘോഷിക്കേണ്ട സത്യങ്ങളല്ല ഇന്നു പ്രചരിപ്പിക്കപ്പെടുന്നത്. കൂലിപ്പട്ടാളം അല്ലെങ്കില്‍ 'ക്വട്ടേഷന്‍ ശൈലിയിലുള്ള സ്വഭാവവധം' സൈബര്‍ സ്പേസിലുമുണ്ട്. ഇവിടെയെല്ലാം ക്രൈസ്തവര്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിരീക്ഷിച്ചത് ഇങ്ങനെ: "ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും യജമാനന്മാര്‍ എന്ന നിലയിലാണു ക്രൈസ്തവര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടത്. മറിച്ച്, അവയുടെ അടിമകളായിത്തീരരുത്. മനുഷ്യന്‍റെ മൗലികാവകാശങ്ങളെ മാത്രമല്ല, ജൈവസത്തയെ തന്നെ അപകടപ്പെടുത്തുന്ന ബൃഹത്തായ നവീന സാങ്കേതികശക്തി ധാര്‍മ്മികവെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സാര്‍വത്രിക (ആഗോള) സഭയുടെ സഹായത്തോടെ അല്മായ ക്രൈസ്തവര്‍ ആധികാരിക മനുഷ്യത്വത്തിന്‍റെ തത്ത്വങ്ങളിലേക്കു സംസ്കാരത്തെ തിരിച്ചുകൊണ്ടുവരാനുള്ള യജ്ഞം ഏറ്റെടുക്കണം. അതോടൊപ്പം തന്നെ സാരാംശത്തില്‍ തന്നെ മനുഷ്യജീവിയുടെ പരിരക്ഷയ്ക്കും അഭിവൃദ്ധിക്കും ഊര്‍ജ്ജസ്വലവും സുനിശ്ചിതവുമായ അടിസ്ഥാനം നല്കുകയും വേണം. മേല്പറഞ്ഞ സാരാംശം തന്നെയാണു സുവിശേഷപ്രഘോഷണം ഏവര്‍ക്കും വെളിവാക്കിത്തരുന്നതും" (അല്മായ വിശ്വാസികള്‍, പേജ് 109).

മഹാകവി ടാഗോര്‍ തന്‍റെ പ്രിയ പത്നിയുടെ മരണശേഷം, അവരുടെ ഛായാചിത്രം സ്വീകരണമുറിയില്‍ തൂക്കിയിടവേ, കൂടെയുള്ളവരോടു പറഞ്ഞു: "അവള്‍ ആ ഫ്രെയിമില്‍ അടങ്ങിയിരിക്കില്ല" എന്ന്. ഫ്രെയിമില്‍, ചട്ടക്കൂട്ടില്‍ ആര്‍ക്കും ഒതുക്കാനാവാത്ത ക്രിസ്തുവെന്ന ചരിത്രപുരുഷനായ ദൈവപുത്രന്‍റെ പിന്‍ഗാമികള്‍ സ്വന്തം സാക്ഷ്യത്തിനായി കൊളുത്തി വയ്ക്കേണ്ട സത്യദീപങ്ങള്‍ മറയ്ക്കാന്‍ ആര്‍ക്കു കഴിയും? സ്വയം വരച്ചിടുന്ന കളങ്ങളില്‍ കുടുങ്ങിപ്പോകുന്ന നിങ്ങളും ഞാനും ഉള്‍പ്പെട്ട ക്രൈസ്തവര്‍ക്കല്ലാതെ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org