Latest News
|^| Home -> Cover story -> പുനര്‍ജീവന്‍: ഉത്ഥാനത്തിന്‍റെ മിഷണറിമാര്‍

പുനര്‍ജീവന്‍: ഉത്ഥാനത്തിന്‍റെ മിഷണറിമാര്‍

Sathyadeepam

ബലമറ്റ കാലുകള്‍ക്കു പകരം മനസ്സുകളില്‍ ചിറകു മുളപ്പിച്ച് അനേകരെ പ്രത്യാശയുടെ ആകാശങ്ങളിലേക്ക് പറത്തിവിടുകയാണ് പുനര്‍ജീവന്‍. രോഗക്കിടക്കയില്‍ നിന്ന് ഇവര്‍ പരത്തുന്ന പുഞ്ചിരിയുടെ പ്രകാശത്തിന് അനേകം
സുവിശേഷപ്രഘോഷണങ്ങളേക്കാള്‍ ശക്തിയുണ്ട്. പുനര്‍ജീവനേയും അമരക്കാരനായ 
മാത്യൂസ് ചുങ്കത്തിനെയും കുറിച്ച്…..

വീല്‍ചെയറും യൂറിന്‍ ബാഗുമായി കഴിയുന്ന മുപ്പതോളം കി ടപ്പുരോഗികളുമായി അടുത്തമാസം മദ്ധ്യപ്രദേശിലെ സാഗറിലേയ്ക്ക് ഒരു ദീര്‍ഘയാത്രയ്ക്കൊരുങ്ങുകയാണ് മാത്യൂസ് ചുങ്കത്ത്. മാത്യൂസ് നേതൃത്വം നല്‍കുന്ന ഒല്ലൂരിലെ പുനര്‍ജീവന്‍ എന്ന സ്നേഹഭവനത്തോടു ബന്ധപ്പെട്ട ഈ സഹോദരങ്ങളുമായി ഇത്തരം ദീര്‍ഘയാത്ര ആദ്യത്തേതല്ല. കഴിഞ്ഞ രണ്ടു വര്‍ഷവും ഇതേ മട്ടില്‍ യാത്രകള്‍ നടത്തി. കിടപ്പുരോഗികള്‍ക്ക് ഇത്തരം യാത്രകളേക്കാള്‍ വലിയ ഫിസിയോ തെറാപ്പി ഇനി കണ്ടുപിടിക്കണം എന്ന അഭിപ്രായക്കാരനാണ് മാത്യൂസ്. യാത്രയ്ക്കൊരുങ്ങുന്നവരുടെ ആവേശം തന്നെയാണ് അതിനു തെളിവ്. ലോകം കാണാന്‍ തങ്ങള്‍ക്കും അവസരമുണ്ട്, ഈയവസ്ഥയിലും അതൊന്നും അസാദ്ധ്യമല്ല എന്നറിയുമ്പോഴുണ്ടാകുന്ന ആ സന്തോഷവും അതിനായി നടത്തുന്ന പരിശ്രമങ്ങളും അവരുടെ രോഗാവസ്ഥകളെ പകുതി കുറയ്ക്കും.

മുച്ചക്ര വാഹനത്തിലും ഇലക്ട്രിക് വീല്‍ ചെയറുകളിലും പുറംലോകത്തേയ്ക്കു സഞ്ചരിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആവശ്യമായ പിന്തുണയും ധൈര്യവും പകരുന്നതാണ് മാത്യൂസിന്‍റെ ശൈലി. കാലുകള്‍ക്കു ബലമല്ല, മനസ്സിനു ചിറകുകളാണ് മനുഷ്യനു പുറംലോകം തേടി പറക്കാന്‍ ആവശ്യമെന്നു മാത്യൂസ് ചിന്തിക്കുന്നു. അങ്ങനെ മറ്റുള്ളവരെ ചിന്തിപ്പിക്കുന്നു. അതിനു സാഹചര്യമൊരുക്കുന്നു. ഇതാണ് അദ്ദേഹത്തിന്‍റെ പുനര്‍ജീവന്‍ പ്രസ്ഥാനം ചെയ്യുന്നത്.

ജ്വല്ലറി ഷോറൂമുകളുടെ ഡിസൈനറായിരുന്നു ദീര്‍ഘകാലം മാത്യൂസ് ചുങ്കത്ത്. അക്കാലത്തു തന്നെ പരസ്നേഹപ്രവൃത്തികള്‍ തുടങ്ങിയിരുന്നു. അന്നു പരസ്നേഹം പാര്‍ട് ടൈം ജോലിയായിരുന്നു. പിന്നെ പരസ്നേഹം ഫുള്‍ ടൈം ജോലിയും ഷോറൂം ഡിസൈനിംഗ് പാര്‍ട് ടൈം ജോലിയുമായി. അതും കഴിഞ്ഞപ്പോള്‍ പരസ്നേഹം ജീവിതം തന്നെയായി മാറി. സഹിക്കുന്നവരെ കാണുക, അവരെ പരിചരിക്കുക, സഹനമേറ്റെടുക്കുക, അവര്‍ക്കു വേണ്ടി സഹിക്കുക… ആ സഹനത്തില്‍ ആനന്ദമനുഭവിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റെല്ലാമുപേക്ഷിച്ചു മുഴുവന്‍ സമയ ജീവകാരുണ്യപ്രവര്‍ത്തകനായി മാറിയ മനുഷ്യസ്നേഹിയുടെ കഥയാണ് മാത്യൂസിന്‍റേത്. സമാനഹൃദയര്‍ പലരും ഒപ്പം ചേര്‍ന്നു.

അപകടങ്ങളും രോഗങ്ങളും വഴി തളര്‍ന്നു പോയവരെയാണ് ഒല്ലൂരിലെ പുനര്‍ജീവനില്‍ മാത്യൂസും സംഘവും പ്രധാനമായും പരിചരിക്കുന്നത്. കിടപ്പുരോഗികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കിടക്കവൃണങ്ങള്‍. വര്‍ഷങ്ങള്‍ നീളുന്ന സ്ഥിരം കിടപ്പ് അവരുടെ ദേഹങ്ങളില്‍ വലിയ വ്രണങ്ങളായി മാറിയിട്ടുണ്ടാകും. നിരന്തരമായ പരിചരണവും വലിയ ചെലവു വരുന്ന ശസ്ത്രക്രിയകളും ഇതുണക്കാന്‍ ആവശ്യമായി വരും. അപകടവും ദീര്‍ഘകാലത്തെ കിടപ്പും രോഗിയെയും വീട്ടുകാരെയും എല്ലാ തരത്തിലും തളര്‍ത്തുകയും മടുപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. ഇതെല്ലാം പരിചരണത്തെയും തുടര്‍ചികിത്സകളേയും ബാധിച്ചു എന്നു വന്നേക്കാം. അവിടെയാണ് പുനര്‍ജീവന്‍റെ ഇടപെടല്‍. അവര്‍ രോഗിയെ തങ്ങളുടെ ഭവനത്തിലേയ്ക്കു സ്വീകരിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരെ അങ്ങനെയും അല്ലാത്തവരെ അല്ലാതെയും ചികിത്സിക്കുന്നു. ആശുപത്രി വാസത്തിനു ശേഷമുള്ള താമസത്തിനും പുനര്‍ജീവന്‍ അവസരമൊരുക്കും. മുറിവെല്ലാമുണങ്ങി വീട്ടില്‍ പോകേണ്ടവര്‍ക്കു പോകാം. പുനര്‍ജീവനില്‍ തന്നെ തുടരണമെന്നുള്ളവര്‍ക്ക് അവിടെ തുടരുകയുമാകാം. ഇപ്രകാരം ചികിത്സ നേടി പോയവരും ചികിത്സയ്ക്കായി വന്നവരും വീട്ടിലെ അസൗകര്യങ്ങളും അനാഥത്വവും മൂലം പുനര്‍ജീവനില്‍ കഴിയുന്നവരുമായി 250 ഓളം പേരുടെ കൂട്ടായ്മയാണ് ഈ വലിയ കുടുംബമിന്ന്.

ആവശ്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ രണ്ടു ഭവനങ്ങള്‍ കൂടി പുനര്‍ജീവന്‍റെ ഭാഗമായി. ആദ്യഭവനത്തെ തറവാട് എന്നും രണ്ടാമത്തേതിനെ അമ്മവീട് എന്നും മൂന്നാമത്തേതിനെ മകന്‍റെ വീട് എന്നും പേരിട്ടു വിളിക്കുകയാണ് ഇവര്‍. രോഗചികിത്സയ്ക്കായി വന്നു താത്കാലികമായി താമസിച്ചു പോകേണ്ടവര്‍ക്ക് അമ്മ വീട്ടില്‍ ഇടം നല്‍കുന്നു. വയോധികരായ ആളുകള്‍ക്ക് മകന്‍റെ വീട്ടില്‍ അഭയമേകുന്നു.

വാര്‍ദ്ധക്യം സമൂഹത്തിനു വലിയ സമ്പത്താണെന്നു മാത്യൂസ് ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവര്‍ക്ക് ഉപദേശങ്ങളും അനുഭവസമ്പത്തും പ്രാര്‍ത്ഥനയും നല്‍കുന്നതിനുള്ള സമയമാണത്. അത്രയും ദീര്‍ഘമായ കാലത്തെ ജീവിതാനുഭവങ്ങളില്‍ നിന്നുള്ള ജ്ഞാനം വരുംതലമുറകള്‍ക്കുപയോഗിക്കാനുള്ളതാണ്. പ്രാര്‍ത്ഥിക്കാന്‍ ധാരാളം സമയമുള്ളവരാണ് അവര്‍. അതൊന്നും പാഴായിക്കൂടാ. ഏതെങ്കിലും കാരണങ്ങളാല്‍ സ്വന്തം ഭവനങ്ങളില്‍ ഇതിനൊന്നും കഴിയാതെ അസ്വസ്ഥരായും ദുഃഖിതരായും കഴിയുന്ന വൃദ്ധരെ മാത്യൂസേട്ടന്‍ സ്വാഗതം ചെയ്യുന്നു. മകന്‍റെ വീട് എന്നു പേരിട്ടിരിക്കുന്ന ഭവനത്തില്‍ ആ സ്വാതന്ത്ര്യത്തോടെ അവര്‍ക്കു താമസിക്കാം. ചിലപ്പോള്‍ കുറെ നാളത്തെ താമസത്തോടെ ഈ വൃദ്ധരുടെ മനോഭാവങ്ങളില്‍ മാറ്റം വന്നേക്കാം. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇവരോടുള്ള സമീപനം മാറിയേക്കാം. അപ്രകാരം അനുകൂല സാഹചര്യങ്ങള്‍ ഉരുത്തിരിയുമ്പോള്‍ മടങ്ങി പോകുകയും ചെയ്യാം. അനാഥാലയത്തിലേയ്ക്കു വരുമ്പോലെയല്ല, മകന്‍റെ വീട്ടില്‍വരുന്ന പോലെ വരാം. പല സാഹചര്യങ്ങളില്‍ നിന്നുള്ള ആളുകള്‍ വന്നു താമസിക്കുന്ന മകന്‍റെ വീട്ടിലെ താമസം പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. തികച്ചും അനാഥരും ദരിദ്രരുമായ വൃദ്ധര്‍ക്ക് അവിടെ സ്ഥിരമായി അഭയം നല്‍കുന്നതിനും പുനര്‍ ജീവന്‍ തയ്യാറാണ്.

ചികിത്സയ്ക്കായി താത്കാലികമായി എത്തിച്ചേരുന്നവരെയാണ് സാധാരണയായി അമ്മവീട്ടില്‍ താമസിപ്പിക്കുന്നത്. അവിടെ ഇപ്പോള്‍ താമസിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥ മാത്യൂസ് വിവരിച്ചു. ഇരുപത്തഞ്ചു വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന ഒരു മകന്‍. അയാളുടെ അമ്മയും രണ്ടു സഹോദരിമാരും. 110 കിലോ ഭാരമുണ്ട് ഈ മകന്. കിടക്കവൃണം ഗുരുതരമാകുകയും ചികിത്സ  അത്യാവശ്യമാകുകയും ചെയ്തു. ഇയാളെ പരിചരിക്കാന്‍ അമ്മയ്ക്കോ സഹോദരിമാര്‍ക്കോ ആരോഗ്യവും സാമ്പത്തികസ്ഥിതിയും പോരാ. മകനെ മാത്യൂസേട്ടന്‍റെ മുന്‍കൈയില്‍ ഒല്ലൂരിലെ സെ.വിന്‍സെന്‍റ് ഡി പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തി ചികിത്സിക്കുന്നു. അമ്മയും സഹോദരിമാരും പുനര്‍ ജീവന്‍റെ അമ്മവീട്ടില്‍ താമസിക്കുകയും ആശുപത്രിയില്‍ പോയി വരികയും ചെയ്യുന്നു. വലിയ ആശ്വാസമാണ് ഈ കുടുംബത്തിന് പുനര്‍ജീവന്‍ നല്‍കുന്ന ഈ പിന്തുണ. അങ്ങനെ നിരവധി പേര്‍ വരികയും പോകുകയും ചെയ്തു.

സ്വന്തം വീട്ടിലെ കട്ടിലില്‍ കിടക്കുമ്പോള്‍ സ്വന്തം രോഗസഹനങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ പുനര്‍ജീവനിലെത്തുമ്പോള്‍ അനേകരെ കാണുന്നു. അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാകുന്നു. സ്വന്തം രോഗത്തെ പുതിയൊരു വീക്ഷണത്തില്‍ കാണാന്‍ കഴിയുന്നു. ഇതും പുനര്‍ജീവനില്‍ വന്നു താമസിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടമാണെന്നു മാത്യൂസ് ചൂണ്ടിക്കാട്ടി.

ഒല്ലൂരില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സെ.വിന്‍സെന്‍റ് ഡി പോള്‍ ആശുപത്രിയാണ് പുനര്‍ ജീവന്‍റെ പ്രവര്‍ത്തനങ്ങളുമായി കൂടുതലും സഹകരിക്കുന്നത്. അവിടെ സൗജന്യമായ മുറിയും ഇളവുകളോടു കൂടിയ ചികിത്സയും പുനര്‍ജീവന്‍ കുടുംബാംഗങ്ങള്‍ക്കു നല്‍കുന്നുണ്ട്. തൃശൂര്‍ ജൂബിലി മിഷന്‍, അമല, ഗവ. മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളുടെ സേവനവും ആവശ്യം വരുമ്പോള്‍ ലഭ്യമാക്കാറുണ്ട്.

പേരു പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത ഏതാനും പ്ലാസ്റ്റിക് സര്‍ജന്മാരും പുനര്‍ജീവന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി സഹകരിക്കുന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് ഈ ഡോക്ടര്‍മാര്‍. പക്ഷേ മാത്യൂസ് ആവശ്യപ്പെട്ടാല്‍ ഇവര്‍ ഒല്ലൂരിലെ ആശുപത്രിയിലും മറ്റുമെത്തി ശസ്ത്രക്രിയകള്‍ ചെയ്തു കൊടുക്കുന്നു. കിടക്കവ്രണങ്ങളുടെ ഡ്രസിംഗ് വളരെ ശ്രദ്ധാപൂര്‍വം വിദഗ്ദ്ധമായി ചെയ്യേണ്ടതാണ്. മാത്യൂസേട്ടന്‍ ഇത്രയും കാലത്തെ പരിചയം കൊണ്ട് ഇതു പഠിച്ചെടുത്തിട്ടുണ്ട്. ഡോക്ടര്‍മാരുടെ കൂടെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പോലും പ്രവേശനമുണ്ട് അദ്ദേഹത്തിന്. രോഗീപരിചരണത്തില്‍ മാത്യൂസിനുള്ള ആവേശവും വൈദഗ്ദ്ധ്യവും മനസ്സിലാക്കുന്ന ഈ ഡോക്ടര്‍മാര്‍ അദ്ദേഹം കൊണ്ടുവരുന്ന രോഗികളുടെ കാര്യത്തില്‍ പതിവില്ലാത്ത പല വെല്ലുവിളികളുമേറ്റെടുക്കാന്‍ സന്നദ്ധത കാണിക്കാറുണ്ട്. ഉദാഹരണത്തിന്, മുറിച്ചു കളയണം എന്നു ഒരു ആശുപത്രിയില്‍ വിധിയെഴുതിയ, പഴുപ്പു ബാധിച്ച കാല്‍ മുറിവു തുറന്നിട്ടു പരിചരിച്ചു മൂന്നര മാസം നീണ്ട ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുത്തിട്ടുണ്ട്. മാത്യൂസിന്‍റെ പരിചരണത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഡോക്ടര്‍മാര്‍ അതിനു തുനിഞ്ഞത്.

പണം ബാങ്കില്‍ ബാക്കി വച്ചിട്ടല്ല പുനര്‍ജീവന്‍ രോഗികളെയും മറ്റ് അന്തേവാസികളേയും ഏറ്റെടുക്കുന്നത്. ആശുപത്രികളില്‍ നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ നേരം പണമില്ലാതെ പ്രാര്‍ത്ഥനയില്‍ മാത്രം അഭയം തേടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ സമയമാകുമ്പോഴേയ്ക്കും കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടക്കും. ഇത്തരം അനുഭവങ്ങള്‍ നല്‍കുന്ന ദൈവപരിപാലനയുടെ ആനന്ദം വാക്കുകള്‍ക്കതീതമാണെന്നു പറയുകയാണു മാത്യൂസ്.

വലിയ നോമ്പിന്‍റെ ഈ അമ്പതു ദിവസവും വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസത്തിലായിരുന്നു മാത്യൂസ്. ചിലപ്പോള്‍ പുനര്‍ജീവന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചു നല്‍കുന്ന ഒരു ജ്യൂസ് കുടിക്കും. ഉണങ്ങാത്ത മുറിവിന്‍റെയും മലമൂത്രാദികളുടെയും ദുര്‍ഗന്ധമായിരുന്നു തനിക്ക് ഈ ലോകത്തില്‍ സഹിക്കാന്‍ ഒട്ടും പറ്റാത്ത കാര്യങ്ങളെന്ന് അദ്ദേഹം ഓര്‍ക്കുന്നു. പക്ഷേ സാഹചര്യം കൊണ്ടും പരിശീലനം കൊണ്ടും അതിനെ മറികടന്നു. ഇപ്പോള്‍ അതൊന്നും ഒരു സഹനമായി തോന്നുന്നില്ല. രോഗീപരിചരണം ഇപ്പോള്‍ വിഷമമല്ല ആനന്ദമാണു തരുന്നത്. ഒരു ജലദോഷം പോലും തനിക്കു വരുന്നുമില്ല. തന്‍റെ കുടുംബാംഗങ്ങളാകട്ടെ തീവ്രമായ വേദന അനുഭവിക്കുന്നവരും. അങ്ങനെ താന്‍ മാത്രം വേദന സഹിക്കാതെ ജീവിക്കുന്നതെങ്ങനെ? ഈ നോമ്പുകാലത്ത് മാത്യൂസ് അതിനൊരു വഴി കണ്ടെത്തി. പാറക്കല്ലുകള്‍ വിരിച്ച നിലത്തു കിടക്കുക. പുനര്‍ജീവന്‍റെ മുറ്റത്തുള്ള പ്രാര്‍ത്ഥനാലയത്തിലെ തറയില്‍ വലിയ പാറക്കല്ലുകള്‍ വിരിച്ചാണ് മാത്യൂസേട്ടന്‍ ഇപ്പോള്‍ ഉറങ്ങുന്നത്. എല്ലുകള്‍ തകരുന്ന രോഗമുള്ള പുനര്‍ജീവന്‍ കുടുംബാംഗമായ ബിന്‍റോയും ഈ സഹനശയ്യയില്‍ മാത്യൂസേട്ടനൊപ്പമുണ്ട്.

ഇതുപോലെയൊന്നും വേണ്ടെങ്കിലും പ്രായശ്ചിത്തത്തിന്‍റെ ഒരു ചൈതന്യം സ്വന്തമാക്കാന്‍ എല്ലാ ക്രൈസ്തവര്‍ക്കും കടമയുണ്ടെന്ന് അഭിപ്രായപ്പെടുകയാണ് മാത്യൂസ്. ഇഷ്ടമില്ലാത്ത സമയത്ത് ഒരു വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതോ കുമ്പസാരിക്കുന്നതോ പോലും ഈ ചൈതന്യം പകരും. നമ്മോടു ദേഷ്യം കാണിക്കുന്നവരോടു ക്ഷമിക്കുമ്പോള്‍, ചിരിക്കുമ്പോള്‍ അതുമൊരു പ്രായശ്ചിത്തപ്രവൃത്തിയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അവിടെ ഒരു പുനര്‍ജീവന്‍ ഉണ്ടാകുകയാണ്.

രോഗത്തിന്‍റെ നിരാശയില്‍ കഴിഞ്ഞവര്‍ പ്രത്യാശയിലേയ്ക്കു വന്നപ്പോള്‍ അവിടെ പുനര്‍ജീവനുണ്ടാകുകയാണു ചെയ്തതെന്നു വീല്‍ചെയറുകളില്‍ നീങ്ങുകയും കട്ടിലുകളില്‍ കിടക്കുകയും ചെയ്യുന്ന തന്‍റെ കുടുംബാംഗങ്ങളെ നോക്കി മാത്യൂസ് പറയുന്നു. “ക്രിസ്തു ലോകത്തിനു നല്‍കിയ പുനര്‍ജീവനില്‍ ഞങ്ങളെയും ചേര്‍ത്തു വച്ചിരിക്കുന്നു. ദൈവം ഞങ്ങളെ സ്നേഹിക്കുന്നുവെന്ന ബോദ്ധ്യം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടു ഞങ്ങള്‍ക്കു പുനര്‍ജീവനുണ്ടായിരിക്കുന്നു. അങ്ങനെയാണ് യേശുവിന്‍റെ ഉത്ഥാനം ഞങ്ങളുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥം പകരുന്നത്.”

കിടപ്പുരോഗികളായ ഇവര്‍ സമൂഹത്തെ നോക്കി ഒന്നു പുഞ്ചിരിച്ചാല്‍ ആരോഗ്യമുള്ള ആയിരംപേരുടെ പ്രഭാഷണങ്ങളേക്കാള്‍ വലിയ പുനര്‍ജീവന്‍ ലോകത്തിനു നല്‍കാന്‍ സാധിക്കുമെന്നു മാത്യൂസ് ചൂണ്ടിക്കാട്ടുന്നു. “കാരണം ഈ അവസ്ഥയിലും പുഞ്ചിരിക്കാന്‍ അവര്‍ക്കു കഴിയുന്നു. അതുകൊണ്ടു ഉത്ഥാനത്തിന്‍റെ മിഷണറിമാരാണ് ഇവര്‍. ഇവരോടൊപ്പം ഇവരുടെ വഞ്ചിയില്‍ കയറാന്‍ ഭാഗ്യം കിട്ടിയ ഒരാളായിട്ടാണ് ഞാന്‍ എന്നെ കാണുന്നത്.”

(പുനര്‍ജീവന്‍, ഒല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപം, തൈക്കാട്ടുശേരി, ഒല്ലൂര്‍.
ഫോണ്‍: 9142585780, punarjivantrust@gmail.com)

Leave a Comment

*
*