പുതുവൈപ്പിന്‍റെ തീരത്ത് അലയടിക്കുന്ന ആകുലതകള്‍

പുതുവൈപ്പിന്‍റെ തീരത്ത് അലയടിക്കുന്ന ആകുലതകള്‍

സിജോ പൈനാടത്ത്

എല്‍എന്‍ജി, എല്‍പിജി സംഭരണികളില്‍ ചോര്‍ച്ചയുണ്ടാകുമ്പോള്‍ ആറു മിനിട്ടു സൈറണ്‍ മുഴങ്ങും. ഉടന്‍ നിങ്ങള്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങി നിലത്തു നിന്നു പൂഴിയെടുത്തു മുകളിലേക്കെറിയണം. പൂഴി ചലിക്കുന്ന ദിശയിലേക്കാകും വാതകച്ചോര്‍ച്ച പടരുന്നത്. അപ്പോള്‍ എതിര്‍ദിശയിലേക്കു നിങ്ങള്‍ ഓടിമാറണം. കൈയിലുള്ള ടവല്‍ ഉയര്‍ത്തിപ്പിടിച്ചാലും നിങ്ങള്‍ക്കു വാതകച്ചോര്‍ച്ചയുടെ ദിശയറിയാം. ഇതിനൊപ്പം നിങ്ങള്‍ വീട്ടിലെ കിണ്ണങ്ങളും മറ്റു പാത്രങ്ങളുമെടുത്തു പരസ്പരം കൊട്ടി ശബ്ദമുണ്ടാക്കി മറ്റുള്ളവരെ വിവരമറിയിക്കണം….. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളില്‍.!!

എല്‍എന്‍ജി പെട്രോനെറ്റ് കമ്പനി പുതുവൈപ്പില്‍ ആരംഭിച്ചപ്പോള്‍ പരിസരവാസികള്‍ക്ക് അധികൃതര്‍ വിതരണം ചെയ്ത കൈപ്പുസ്തകത്തിലെ മുന്നറിയിപ്പാണിത്. ചോര്‍ച്ചയുണ്ടായാല്‍ എല്‍എന്‍ജിയെക്കാള്‍ വേഗത്തില്‍ പടരുന്ന എല്‍പിജിയുടെ സംഭരണകേന്ദ്രം പുതുവൈപ്പില്‍ നിര്‍മാണം തുടങ്ങിയപ്പോഴും ഇതേ കൈപ്പുസ്തകം ആളുകള്‍ക്കു നല്‍കി. വന്‍ സംഭരണിയില്‍ നിന്ന് എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ പൂഴിയെറിയാനും ടവല്‍ വീശാനും പാത്രങ്ങള്‍ കൊട്ടാനും തൊട്ടടുത്തുകിടക്കുന്ന വീട്ടുകാര്‍ക്ക് എവിടെ സമയം കിട്ടും? ചോര്‍ച്ചയുടെ ദിശ കിഴക്കോട്ടെങ്കില്‍ മുന്നറിയിപ്പു പുസ്തകത്തില്‍ ഓടാന്‍ പറയുന്ന പടിഞ്ഞാറു വശം കടലാണല്ലോ? ഞങ്ങളുടെ സുരക്ഷ ആരുടെ കൈകളില്‍? ഇത്തരം ലളിതവും എന്നാല്‍ അടിസ്ഥാനപരവുമായ ചോദ്യങ്ങളാണു കഴിഞ്ഞ കുറേ നാളുകളായി പുതുവൈപ്പിലെ സാധാരണക്കാരായ ജനങ്ങള്‍ സര്‍ക്കാരിനെ നോക്കി ചോദിക്കുന്നത്.

തൃപ്തികരമല്ലാത്ത വിശദീകരണങ്ങള്‍ കേട്ടുമടുത്തതിലെ നിരാശ സമരാഗ്നിയായി കത്തിപ്പടര്‍ന്നപ്പോള്‍ പുതുവൈപ്പുകാര്‍ക്കു സര്‍ക്കാര്‍ നല്‍കിയ മറുപടി പോലീസിന്‍റെ ലാത്തിപ്രയോഗമായിരുന്നു. അടികളേറ്റതു കൈക്കരുത്തുകൊണ്ടു പ്രതിരോധമൊരുക്കാന്‍ മനസൊരുക്കിയവര്‍ക്കായിരുന്നില്ല. സമരപ്പന്തലില്‍ മാസങ്ങളോളമായി കഞ്ഞിയും കട്ടന്‍ചായയും തിളപ്പിച്ചു വിശപ്പകറ്റി നാടിനും തലമുറയ്ക്കുമായി നിലവിളിച്ച് കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാര്‍, പോലീസിന്‍റെ ലാത്തിയോളം ഉയരമില്ലാത്ത കുഞ്ഞുങ്ങള്‍, പരസഹായത്തില്‍ നടക്കാനാകുന്ന വൃദ്ധര്‍, നിലപാടിലുറച്ച ആത്മവിശ്വാസവുമായി ചെറുപ്പക്കാര്‍… ഇവര്‍ക്കെല്ലാം നേരെയാണു കാക്കിപ്പട നിര്‍ദയം അക്രമത്തിന്‍റെ ഉത്സവം തീര്‍ത്തത്. അതെ; ജീവല്‍പ്രശ്നങ്ങളുയര്‍ത്തിയുള്ള സമരാവേശത്തെ നിയമത്തിന്‍റെ ധാര്‍ഷ്ഠ്യഭാവംകൊണ്ടു നിര്‍വീര്യമാക്കുകയും നിശബ്ദമാക്കുകയും ചെയ്യുന്ന 'ഭരണകൂടത്തിന്‍റെ മാത്രം ശരി'കളുണ്ട് കേരളചരിത്രത്തില്‍. അതിന്‍റെ പുതിയ അധ്യായമാകുന്നു പുതുവൈപ്പ്…!

സംഭരണകേന്ദ്രത്തില്‍ സംഭവിക്കുന്നത്
കൊച്ചിയുടെ വ്യവസായ ഹബ്ബായി അറിയപ്പെടുന്ന പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റേതാണു (ഐഒസി) നിര്‍ദിഷ്ട പാചകവാതക (എല്‍പിജി) സംഭരണകേന്ദ്രത്തിന്‍റെ പദ്ധതി. പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെട്ട എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപം ജനവാസമേഖലയോടു ചേര്‍ന്നാണ് എല്‍പിജി സംഭരണ കേന്ദ്രം നിര്‍മാണം തുടങ്ങിയിട്ടുള്ളത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നു പാട്ടത്തിനെടുത്ത തീരഭൂമിയാണിത്. മൂന്നു കിലോമീറ്റര്‍ അപ്പുറത്തുള്ള പോര്‍ട്ട് ട്രസ്റ്റിന്‍റെ ജട്ടിയില്‍ നിന്നു പൈപ്പ് ലൈന്‍വഴി എത്തിക്കുന്ന പാചകവാതകം സംഭരിച്ചു ടാങ്കറുകള്‍ വഴി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോവുകയാണു സംഭരണകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. 15,450 ടണ്‍ എല്‍പിജിയാണു സംഭരണശേഷി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാചക വാതക സംഭരണി എന്നാണു കമ്പനി തന്നെ അവകാശപ്പെടുന്നത്. പ്ലാന്‍റ് പൂര്‍ണപ്രവര്‍ത്തനസജ്ജമായാല്‍ പ്രതിദിനം അഞ്ഞൂറു ടാങ്കര്‍ ലോറികളില്‍ പാചകവാതകം സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും കയറ്റിയയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

2009-ലാണു പുതുവൈപ്പ് എല്‍പിജി സംഭരണകേന്ദ്രത്തിന്‍റെ നിര്‍മാണം തുടങ്ങിയത്. 2015-ല്‍ പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശമെങ്കിലും പാരിസ്ഥിതിക, നിയമ പ്രശ്നങ്ങളിലും നാട്ടുകാരുടെ എതിര്‍പ്പുകളിലും കുരുങ്ങി നിര്‍മാണം ഇഴഞ്ഞു. തുടര്‍ന്നു രണ്ടു വര്‍ഷത്തേക്കു കൂടി സമയം നീട്ടിനല്‍കി. വരുന്ന ജൂലൈയില്‍ ഈ കാലാവധിയും അവസാനിക്കാനിരിക്കെയാണു നിര്‍മാണം പുനരാരംഭിക്കാന്‍ ഐഒസി ശ്രമം തുടങ്ങിയിട്ടുള്ളത്.

എന്തിന് എതിര്‍ക്കണം?
നാടിന്‍റെയും രാജ്യത്തിന്‍റെയും വികസനസംരംഭങ്ങളില്‍ സഹകരിക്കേണ്ട നാട്ടുകാര്‍, എന്തിനു പുതുവൈപ്പിലെ പാചകവാതക സംഭരണ കേന്ദ്രത്തെ എതിര്‍ക്കണമെന്ന് ഉറക്കെയും പതുക്കെയും ചോദിക്കുന്നവരുണ്ട്. സ്വസ്ഥമായ ജീവിതത്തിന് എന്നാണു പുതുവൈപ്പുകാരുടെ ചുരുക്കത്തിലുള്ള ഉത്തരം. എളിയ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പുതുവൈപ്പിലൂടെ സഞ്ചരിച്ചപ്പോള്‍ ചോദ്യത്തിന്‍റെയും ഉത്തരത്തിന്‍റെയും പൊരുളറിയാനായി.
15,450 ടണ്‍ സംഭരണ ശേഷിയുള്ള എല്‍പിജി പ്ലാന്‍റിനടുത്തുള്ള വാസം ഒരര്‍ത്ഥത്തില്‍ ഏതു നിമിഷവും പൊട്ടാവുന്ന ബോംബിനടുത്തു കിടന്നുറങ്ങുക എന്നു പറയുന്നതിനു സമാനമാണെന്നു പ്രദേശവാസിയായ മുരളി. 15,450 ടണ്‍ എല്‍പിജി എന്നതു പത്തു ലക്ഷം ഗാര്‍ഹിക സിലിണ്ടറുകള്‍ നിറയ്ക്കാനുള്ള വാതകമാണ്. ഒരു ഗാര്‍ഹിക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന അപകടത്തെക്കുറിച്ചു വ്യക്തമായി അറിയുന്ന നമുക്ക് അപകടസാധ്യതയുള്ള ഇത്രയും വലിയ എല്‍പിജി സംഭരണിക്കടുത്ത് എങ്ങനെ ജീവിക്കാനാകും?

സംസ്ഥാനത്തെ ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിലൊന്നാണു എളങ്കുന്നപ്പുഴയെന്നു സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 11.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പഞ്ചായത്തില്‍ 65,000 ഓളം ജനങ്ങള്‍ താമസിക്കുന്നു. പദ്ധതി പ്രദേശം ഉള്‍പ്പെട്ട 20, 23 വാര്‍ഡുകളിലായി നാലായിരത്തോളം ആളുകള്‍. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സി.എസ്.ഇ.ഇസഡ്.  മേഖലയില്‍ മത്സ്യത്തൊഴിലാളികളാണു ഭൂരിഭാഗവും. പദ്ധതി പ്രദേശത്തിനു മുപ്പതു മീറ്റര്‍ മാറി വീടുകളുണ്ട്. എല്‍പിജി സംഭരണകേന്ദ്രത്തില്‍ ഉണ്ടായേക്കാവുന്ന വാതക ചോര്‍ച്ച പോലുള്ള അപകട സാധ്യതകള്‍ ജീവനും സ്വത്തിനും ഭീഷണിയാവുന്നു, എല്‍പിജി ടാങ്കറുകളില്‍ നിറയ്ക്കുമ്പോള്‍ പുറത്തുവരുന്ന മെര്‍ക്കാപ്റ്റ്യന്‍ എന്ന വിഷവാതകം സ്ഥിരമായി പ്രദേശവാസികള്‍ ശ്വസിക്കേണ്ടിവരുന്നു തുടങ്ങിയ വിഷയങ്ങളാണു തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍.

പാരിസ്ഥിതിക വെല്ലുവിളി

തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണു നിര്‍ദിഷ്ട പാചകവാതക സംഭരണകേന്ദ്രമെന്നു പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. വേലിയേറ്റ രേഖയില്‍ (ഹൈ ടൈഡ് ലൈന്‍-എച്ച്ടിഎല്‍) നിന്ന് ഇരുനൂറു മീറ്റര്‍ കരയിലേക്കു മാറിയേ സംഭരണിയും പൈപ്പ്ലൈനും നിര്‍മിക്കാവൂ എന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും കേരള തീരദേശ മാനേജ്മെന്‍റ് അതോറിറ്റിയുടെയും ചട്ടങ്ങള്‍ ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും സമരസമിതി വാദിക്കുന്നു.

ഓരോ വര്‍ഷവും രണ്ടു മുതല്‍ മൂന്നു മീറ്റര്‍ വരെ കടലെടുക്കുന്ന തീരത്തോടു (ഇറോഷന്‍ സോണ്‍) ചേര്‍ന്നാണു പാചകവാതക സംഭരണി സ്ഥാപിക്കുന്നതെന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു. കടലിനോടു ചേര്‍ന്നാണു പദ്ധതിപ്രദേശത്തിന്‍റെ ചുറ്റുമതിലുള്ളത്. തിരമാലകളടിച്ച് ഈ മതില്‍ തകര്‍ന്നുവീഴാറായ നിലയിലാണ്. നിര്‍മാണം ആരംഭിച്ചപ്പോള്‍ കടല്‍ത്തിരമാലയടിക്കുന്ന ഭാഗത്തുനിന്നു പത്തു മീറ്ററോളം അകലെയായിരുന്നു ഈ മതില്‍.

തീരദേശ പരിപാലന നിയമലംഘനത്തിന് എതിരെ പ്രദേശവാസികള്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. പ്ലാന്‍റ് നിര്‍മാണവുമായി ബന്ധപ്പെട്ടു പാരിസ്ഥിതികാനുമതിക്കുള്ള വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നു ട്രിബ്യൂണല്‍ നിയോഗിച്ച കേന്ദ്ര, സംസ്ഥാന, ഗ്രാമപഞ്ചായത്ത് പ്രതിനിധികളടങ്ങിയ പഠനസംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അന്തിമവാദം ജൂലൈ നാലിനുണ്ടാകും.

കമ്പനിക്ക് എന്തു പറയാനുണ്ട്
പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനല്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ദേശീയ ഹരിത ട്രിബ്യൂണലിന്‍റെയും ഹൈക്കോടതിയുടെയും അനുമതിയോടെയുമാണു സ്ഥാപിക്കുന്നതെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ വാദം. ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിക്കു ന്ന മൗണ്ടഡ് എല്‍പിജി വെസലുകളിലാണ് പുതുവൈപ്പില്‍ ദ്രവീകൃത ഇന്ധനം സൂക്ഷിക്കുന്നത്. 45 മില്ലി മീറ്റര്‍ കനമുള്ള ബോയ്ലര്‍ ക്വാളിറ്റി സ്റ്റീല്‍ കൊണ്ട് നിര്‍മിച്ചിട്ടുള്ള ഈ വെസലുകള്‍ മണ്ണില്‍ ആഴത്തില്‍ കുഴിച്ചിട്ടു ചുറ്റും 1.25 മീറ്റര്‍ കനത്തില്‍ കൂടുതല്‍ ബലപ്പെടുത്തിയ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിച്ച് സുരക്ഷിതമാക്കും. മൗണ്ടഡ് വെസലുകള്‍ സ്വാഭാവികമായി തന്നെ സുരക്ഷിതവും പൊട്ടിത്തെറിക്കാനുള്ള സാധ്യത തീര്‍ത്തും ഇല്ലാത്തതുമാണ്.

രാജ്യത്തെ എല്‍പിജി ഉപയോഗം കഴിഞ്ഞ വര്‍ഷത്തെ 61 ശതമാനത്തില്‍ നിന്നു 2016-17-ലെത്തിയപ്പോള്‍ 72 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തെ പൗരന്‍മാര്‍ക്ക് കാലതാമസമില്ലാതെ എല്‍പിജി ലഭ്യമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതി ദേശീയ പ്രാധാന്യമുള്ളതാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
സുരക്ഷിതമെന്നു കമ്പനി ഉറപ്പിച്ചുപറയുമ്പോഴും നേരത്തെ സൂചിപ്പിച്ച മുന്നറിയിപ്പു കൈപ്പുസ്തകം വിതരണം ചെയ്തതിന്‍റെയും ബോധവത്കരണ പരിപാടികള്‍ നടത്തിയതിന്‍റെയും സാംഗത്യം പരിസരവാസികള്‍ക്കു മനസിലാവുന്നില്ല. ജനവാസ മേഖല മാറ്റിനിര്‍ത്തി എല്‍പിജി സംഭരണി സ്ഥാപിക്കാന്‍ മറ്റു സ്ഥലം തേടാമല്ലോയെന്നും ഇവര്‍ ചോദിക്കുന്നു.

നടുക്കുന്ന വൈരുധ്യങ്ങള്‍
കേരളത്തില്‍ സമരങ്ങളേറെ നയിച്ച, അതിന്‍റെ തീച്ചൂളയില്‍ പരുവപ്പെട്ടതെന്നവകാശപ്പെടുന്ന പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരില്‍ നിന്നാണു ജനകീയമുഖമുള്ള ഒരു സമരത്തെ ക്രൂരമായി അടിച്ചൊതുക്കാന്‍ ആജ്ഞയെന്നറിയുമ്പോള്‍ സാധാരണ മലയാളിക്കു വൈരുധ്യമായി തോന്നും (വൈരുധ്യാത്മക ഭൗതികവാദത്തിനു പുതിയ ഭാഷ്യം ചമയ്ക്കുന്നവര്‍ക്കു തോന്നിയില്ലെങ്കിലും). കൊച്ചി മെട്രോ ഉദ്ഘാടനത്തിനു മുമ്പും പിറ്റേന്നും പുതുവൈപ്പുകാരെ കാക്കിപ്പട പൊതിരേ തല്ലിച്ചതച്ചു, റോഡിലൂടെ വലിച്ചിഴച്ചു, പോലീസ് സ്റ്റേഷനുകളില്‍ പട്ടിണിക്കിട്ടു… സന്യാസിനികള്‍ ഉള്‍പ്പടെ സ്ത്രീകളോടുള്ള പോലീസിന്‍റെ ഭാഷയില്‍ മാന്യത മറന്നു. മെട്രോ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി ഈ തല്ലിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും അര്‍ഥമെന്താണെന്നു പരോക്ഷമായി വിശദീകരിക്കുകയും ചെയ്തു. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ നോക്കേണ്ടെന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ പലവട്ടം പറഞ്ഞ പാര്‍ട്ടി നേതാവ്, മുഖ്യമന്ത്രിയുടെ വെള്ളവേഷമണിഞ്ഞപ്പോള്‍ ഉപയോഗിക്കുന്ന ഭാഷ പുതുവൈപ്പുകാര്‍ക്കെങ്കിലും മനസിലാകുന്നില്ല.

കേരളം കണ്ട പല സമരങ്ങള്‍ക്കെതിരെയും പോലീസ് പ്രയോഗിച്ച തീവ്രവാദബന്ധം എന്ന നാലാം മുറയും ഇവിടെ കണ്ടു. സമരാഗ്നിയില്‍ അതും ശുദ്ധീകരിക്കപ്പെടട്ടെ.

ഏതു വികസനത്തിന്‍റെ പേരിലായാലും ഏതു രാഷ്ട്രീയനേട്ടങ്ങള്‍ കൊതിച്ചായാലും പുതുവൈപ്പിലെ സമരപ്പന്തലില്‍ 125 ദിവസത്തോളമായി കുത്തിയിരുന്ന്, 'ജീവിക്കാനാണീ സമര'മെന്നു നിലവിളിക്കുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിനും ചോരയ്ക്കുമുള്ള മറുപടിയില്‍ നീതിയുണ്ടാവണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org