Latest News
|^| Home -> Cover story -> ക്വോ വാദിസ് ?

ക്വോ വാദിസ് ?

Sathyadeepam

കുരുവിള ജോണ്‍ IAS

നാം ക്രിസ്തുവില്‍ നിന്നകലുകയാണോ?
ജീവിക്കുന്നതിനിടെ നഷ്ടമായ ജീവിതമെവിടെ?
വിജ്ഞാനത്തില്‍ നഷ്ടമായ ജ്ഞാനമെവിടെ?
വിവരത്തില്‍ നഷ്ടമായ വിജ്ഞാനമെവിടെ?
ഇരുപതു നൂറ്റാണ്ടുകളിലെ സ്വര്‍ഗചക്രങ്ങള്‍ നമ്മെ
ദൈവത്തില്‍ നിന്നേറെയകറ്റുകയും
മണ്ണിനോടടുപ്പിക്കുകയും ചെയ്തു

-ടി.എസ്. എല്യറ്റ്, ശിലാഗീതങ്ങള്‍

71 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യാക്കാരായ നാം വിധിയുമായി സമാഗമത്തിലേര്‍പ്പെട്ടു. മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നാം ഒരു റിപ്പബ്ലിക്കായി മാറി.

നമ്മുടെ നവറിപ്പബ്ലിക്
പ്ലേറ്റോയുടെ റിപ്പബ്ലിക്കിലെ നിശബ്ദഭാഷണങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഭരണഘടനാ അസംബ്ലി വിഭാവനം ചെയ്ത ആ ദര്‍ശാധിഷ്ഠിത സമൂഹത്തിന്‍റെ സ്വഭാവത്തെ കുറിച്ച് ചെങ്കോട്ടയുടെ മട്ടുപ്പാവില്‍ നിന്ന് ഉറക്കെ പ്രഘോഷിക്കേണ്ടതായി വന്നു, നമ്മുടെ നേതാക്കള്‍ക്ക്. ഓരോ തിരഞ്ഞെടുപ്പിനു മുമ്പായും അവരിതു വികാരാവേശത്തോടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പഞ്ചവത്സരപദ്ധതികള്‍ നടപ്പാക്കി. ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലേയ്ക്കുള്ള നമ്മുടെ പരിവര്‍ത്തനം ഉറപ്പാക്കുന്നതിനു സമുന്നതമായ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കു വിത്തിട്ടു. പിന്നീട് രാജ്യത്തിന്‍റെ ആദ്യ 17 വര്‍ഷത്തെ പ്രധാനമന്ത്രിയാകാനിരുന്ന യുവവിദ്യാര്‍ത്ഥിയായ ജവഹര്‍ലാല്‍ നെഹ്രുവിനു ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഹാരോള്‍ഡ് ലാസ്കി പകര്‍ന്നു നല്‍കിയിരുന്ന ആശയമായിരുന്നു അത്. ‘ഇന്ത്യയെ ക ണ്ടെത്തല്‍’ എന്ന ഗ്രന്ഥത്തില്‍ നെഹ്രു ചോദിക്കുന്നു, “നമുക്കെന്തു ചെയ്യാനാകും? അകപ്പെട്ടു പോയിരിക്കുന്ന ദാരിദ്ര്യത്തിന്‍റെയും പരാജയശീലത്തിന്‍റെയും ചെളിക്കുണ്ടില്‍നിന്ന് ഭാരതാംബയെ എങ്ങനെ പുറത്തു കടത്തും? അങ്ങനെയിരിക്കെ ഗാന്ധി വന്നു. ശുദ്ധവായുവിന്‍റെ സുശക്തമായ ഒരു പ്രവാഹം പോലെ.”

നമ്മുടെ സ്വപ്നങ്ങളിലെ ഇന്ത്യ
നാം നമുക്കുവേണ്ടി നിശ്ചയിച്ച ആദര്‍ശങ്ങള്‍ സമുന്നതങ്ങളായിരുന്നു. പക്ഷേ ആദര്‍ശങ്ങള്‍ ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ ഇത്രയേറെ വിടവുള്ള, നല്ല നിയമങ്ങള്‍ക്കും മോശം നടപ്പാക്കലിനുമിടയില്‍ വിടവു വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന മറ്റൊരു രാജ്യവുമില്ല എന്ന വസ്തുതയും അവശേഷിക്കുന്നു. വിശ്വാസ്യതയുടെ വിടവ് വളരെയേറെയാണ്. സ്വന്തം ആത്മാവിനെ വഞ്ചിക്കുന്ന ഒരു രാജ്യം ഇവിടെയുണ്ടായിരിക്കുന്നു. വിജയകരമായ ഏതൊരു റിപ്പബ്ലിക്കിന്‍റെയും അടിസ്ഥാന സവിശേഷതകളായ സത്യസന്ധതയ്ക്കും അച്ചടക്കത്തിനും വേണ്ടി നാം കാര്യമായിട്ടൊന്നും ചെയ്തില്ല. ഏതൊരു സമൂഹത്തിലും അവശ്യമുണ്ടാകേണ്ട പുരോഗതിയെയും വികസനത്തെയും സൗകര്യപൂര്‍വം നാം അവഗണിച്ചു.

ദേശീയപലഹാരം പാകം ചെയ്യാതെ നാം തിന്നാന്‍ നോക്കി എന്നതാണ് ഇതിന്‍റെയൊക്കെ അനന്തരഫലം. എന്തെങ്കിലും ഉത്പാദിപ്പിക്കുന്നതിനു മുമ്പ് അതു വിതരണം ചെയ്യാന്‍ ശ്രമിച്ചു, കുതിരയ്ക്കു മുമ്പില്‍ വണ്ടിയെ കെട്ടി. ട്രേഡ് യൂണിയനിസവും രാഷ്ട്രീയവത്കരണവും സാര്‍വത്രികമായി, സകല ജനുസ്സിലും പെട്ട രാഷ്ട്രീയക്കാരുടെ സന്തുഷ്ടമേച്ചില്‍ പുറമായി. തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതിനുള്ള വൈരനിര്യാതനബുദ്ധിയോടെയാണ് ക്ഷേമനടപടികള്‍, അവ അനിവാര്യമാണെങ്കില്‍ കൂടിയും, ഉത്പാദനക്ഷമതയൊന്നും നോക്കാതെ വിതരണം ചെയ്യപ്പെട്ടത്.

ഇന്ത്യന്‍ ഭരണസംവിധാനത്തിന്‍റെ ഉരുക്കുചട്ടയായ – സര്‍ദാര്‍ പട്ടേലിന്‍റെ പൈതൃകം – സിവില്‍ സര്‍വീസും സാവധാനത്തില്‍, എന്നാല്‍ നിരന്തരമായി തുരുമ്പിക്കാന്‍ തുടങ്ങി. കുറെ കാലമായി ഉപയോഗരഹിതമായിരിക്കുന്ന ബദല്‍ നങ്കൂരംപോലെ വര്‍ത്തിച്ച ഈ സംവിധാനം വര്‍ഷങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയവത്കരണത്തിനു വിധേയമായി. ഇതോടെ അപചയം പൂര്‍ണമാകുകയും നാം ഒരു ബനാനാ റിപ്പബ്ലിക് എന്ന നിലയിലേയ്ക്കു കൂപ്പു കുത്തുകയും ചെയ്തു.

അതിരില്ലാത്ത അഴിമതിയും പണവും പ്രതാപവും സ്വന്തമാക്കുന്നതിനുള്ള അത്യാര്‍ത്തിയും സ്വജനപ്രീണനവും രാഷ്ട്രീയതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അധികാരദുരുപയോഗവും ആണ് തുടര്‍ന്നുണ്ടായത്. ജനറല്‍ സുകാര്‍ണോയുടെ 1960-കളിലെ ദുരന്തപൂര്‍ണമായ ഇന്തോനേഷ്യയെ ആണ് ഇതോര്‍മ്മിപ്പിക്കുന്നത്.

ദരിദ്രരെ കൊള്ളയടിക്കുന്നു
തെനാര്‍ഡിയര്‍ക്കും ഇരയായ പോണ്ടമെര്‍സിക്കും ഇടയിലുണ്ടായ ഹൃദയദ്രവീകരണക്ഷമമായ സംഭവങ്ങളെ ‘പാവങ്ങളില്‍’ വിക്തര്‍ ഹ്യൂഗോ ചിത്രീകരിക്കുന്നുണ്ട് – “മരിച്ചവരുടെ ശരീരങ്ങള്‍ ആ രാത്രി കൊള്ളയടിക്കപ്പെട്ടു. കൊള്ളക്കാര്‍ യുദ്ധക്കളത്തിന്‍റെ ഒരറ്റത്ത് കൊള്ളയ്ക്കു കൂടി… പാതിരാത്രിയോടെ ഒരു മനുഷ്യന്‍… മനുഷ്യനെന്നതിനേക്കാള്‍ ഒരു രാക്ഷസന്‍, ശവങ്ങളുടെ മണം പിടിച്ചവിടെയെത്തി… അയാള്‍ പൊടുന്നനെ നിന്നു… ശവങ്ങളുടെ കൂട്ടം അല്‍പം കുറവുണ്ടായിരുന്ന ഒരിടം… കെട്ടുപിണഞ്ഞു കിടക്കുന്ന മനുഷ്യദേഹങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കരം പൊങ്ങി നിന്നിരുന്നു… നിലാവില്‍ ഒരു വിരലില്‍ എന്തോ തിളക്കം കാണാമായിരുന്നു, ഒരു സ്വര്‍ണമോതിരം. ആ മനുഷ്യന്‍ ഒന്നു കുനിഞ്ഞു നിന്നു, നിവര്‍ന്നു കഴിഞ്ഞപ്പോള്‍ ആ മോതിരം അവിടെ കാണാനില്ലായിരുന്നു…”

അധികാരത്തിലെത്തിയവര്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗചൈതന്യത്തെ അവഗണിച്ചുകൊണ്ട്, പാവങ്ങളെ മനസാക്ഷിയില്ലാതെ കൊള്ളയടിക്കുന്നതിനെയാണ് ഈ രംഗമോര്‍മ്മിപ്പിക്കുന്നത്. ആര്‍ക്കും അസൂയപ്പെടാനാകാത്ത ഈ അവസ്ഥ തെല്ലും ശമനമില്ലാതെ തുടര്‍ന്നു. ഗത്യന്തരമില്ലാത്ത ഒരു പരിഹാരമെന്ന നിലയില്‍ 1990-കളില്‍ നാമാരംഭിച്ച ആഗോളവത്കരണത്തെയും ഉദാരവത്കരണത്തെയും സ്വകാര്യവത്കരണത്തേയും തുടര്‍ന്ന് രാജ്യഭരണകൂടത്തിന്‍റെ അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങളിലും കടമകളിലും നിന്നു നമുക്കു നേരെ പിന്തിരിയേണ്ടി വന്നു. പാവപ്പെട്ടവരെ ഇതു കൂടുതല്‍ പാവപ്പെട്ടവരും പണക്കാരെ കൂടുതല്‍ പണക്കാരുമാക്കി മാറ്റി. സ്വാതന്ത്ര്യാനന്തരയുഗത്തില്‍ നാം സ്വീകരിച്ചു പോന്ന, എല്ലാവരേയും ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന നയങ്ങളില്‍ നിന്നുള്ള സമ്പുര്‍ണ പിന്മടക്കം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പന
പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പന ഒരുദാഹരണം മാത്രമാണ്. പൊതുജനങ്ങളില്‍ നിന്ന് ഏറ്റെടുത്തതാണ് ഭൂമി പോലുള്ള ആസ്തികള്‍. വിപണിവിലയ്ക്കു പകരം ന്യായമായ നഷ്ടപരിഹാരം മാത്രം നല്‍കി ഏറ്റെടുക്കപ്പെട്ട സ്വത്തുക്കള്‍.

ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ വിനോദസഞ്ചാരത്തിന്‍റെ കിരീടത്തിലെ രത്നമായി ശോഭിക്കുന്ന കോവളം ബീച്ചില്‍ ഐടിഡിസി ഒരു അശോക ഹോട്ടല്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ സ്പോര്‍ട്സിനും ടൂറിസത്തിനും അനശ്വരമായ സംഭാവനകള്‍ നല്‍കിയ ലെ.കേണല്‍ ഗോദവര്‍മ്മ രാജ 1966-ല്‍ ഇതിനു മുന്‍കൈയെടുക്കാന്‍ നിയോഗിക്കപ്പെട്ടു. അന്ന് എന്‍റെ പിതാവ് പരേതനായ ശ്രീ പി ഡി കുരുവിളയായിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍. കേരള ടൂറിസത്തെ സംബന്ധിച്ചു നിര്‍ണായകമായി മാറിയ ആ പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കല്‍ സമര്‍ത്ഥമായി നിര്‍വഹിച്ചത് അദ്ദേഹമാണ്. ടൂറിസമാണ് കേരളത്തിന്‍റെ ഏറ്റവും തനതായ വരുമാനമാര്‍ഗമെന്ന് പിന്നീടു തിരിച്ചറിയപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ ഓഖി ചുഴലിക്കാറ്റില്‍ നാം കണ്ടതുപോലെ, വട്ടം കറക്കുന്ന പ്രകൃതിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ജീവിതവും ജീവിതമാര്‍ഗവുമുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ സ്വന്തം ഭൂമി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയും അവരുടെ ഭൂമി ഒരു പൊതുആവശ്യത്തിനു വേണ്ടി ഭരണകൂടത്തിന്‍റെ ആജ്ഞപ്രകാരം ഏറ്റെടുക്കപ്പെടുകയും ചെയ്തു. മത്സ്യത്തൊഴിലാളികളും അവരുടെ കുട്ടികളും ജീവിക്കുകയും കളിക്കുകയും ചെയ്ത കടലും കടപ്പുറവും അവര്‍ക്കും മറ്റു സാധാരണക്കാര്‍ക്കും നിരോധിതമേഖലയായി മാറി. തൊണ്ണൂറുകളിലാരംഭിച്ച നിക്ഷേപം പിന്‍വലിക്കല്‍ നയത്തിന്‍റെ ഫലമായി നടന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ വില്‍പനയുടെ ഭാഗമായി ഈ ഹോട്ടല്‍ സമുച്ചയവും വില്‍പനയ്ക്കു വയ്ക്കപ്പെട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുറത്താക്കി കോവളം തീരത്തെ ഏതാണ്ടെല്ലാ തീരവും കടലും കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നതാണ് ഈ ഹോട്ടല്‍ സമുച്ചയം. പ്രാദേശിക ജനസമൂഹത്തിനുണ്ടായ അവസരനഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുച്ഛമായ ഒരു വിലയ്ക്ക് അതൊരു സ്വകാര്യവ്യക്തിക്കു വില്‍ക്കപ്പെട്ടു.

ഏറ്റെടുക്കപ്പെടുന്ന ഭൂമി, അത് ഏറ്റെടുക്കുമ്പോഴുണ്ടായിരുന്ന പൊതു ആവശ്യത്തിന് ആവശ്യമായി വരുന്നില്ലെങ്കില്‍ മറ്റേതെങ്കിലും പൊതു ആവശ്യത്തിന് ഉപയോഗിക്കണമെന്ന് ഈ ഭൂമി ഏറ്റെടുക്കുന്നതിനുപയോഗിച്ച ‘ഭൂമി ഏറ്റെടുക്കല്‍ പദ്ധതി’യില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെ യാതൊന്നുമില്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏതെങ്കിലും പൊതുലക്ഷ്യത്തിനായി അതു പരിഗണിക്കപ്പെടണം. അതിനും സാധിക്കുന്നില്ലെങ്കില്‍ ഭൂമി ആരില്‍ നിന്ന് ഏറ്റെടുത്തുവോ ആ യഥാര്‍ത്ഥ ഉടമയ്ക്കു തിരിച്ചു കൊടുക്കണം. ഈ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടുവെന്നതിനു യാതൊരു തെളിവും പൊതുമണ്ഡലത്തില്‍ ഇല്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു നഷ്ടപ്പെട്ടതും അവരില്‍ നിന്ന് അതിസമ്പന്നര്‍ നേടിയതും ഒരു സ്വര്‍ണഖനിയാണ്. കോവളം അവരൊരു പാട്ടും പാടി കൊണ്ടു പോയി!

ക്രൈസ്തവരുടെ പങ്ക്
ചുരുക്കം ചില അപഭ്രംശങ്ങളൊഴിച്ചു നിറുത്തിയാല്‍ നമ്മുടെ മാതൃഭൂമി, പുരാതന കാലം മുതല്‍ തന്നെ എന്നും സഹിഷ്ണുതയുടെയും അനുകമ്പയുടെയും സൗഹാര്‍ദ്ദത്തിന്‍റെയും നാടായിരുന്നുവെന്നത് ഭാവാത്മകമായ ഒരു വസ്തുതയാണ്. രാജ്യത്തിനു ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ നന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരള ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ഞാന്‍ ലക്നൗവില്‍ പ്രസിഡന്‍റ് നിയമിച്ച ഗവര്‍ണര്‍മാരുടെ ഒരു സമിതിയുടെ യോഗത്തില്‍ സംബന്ധിക്കാന്‍ പോയി. വര്‍ഗീയവികാരമുണര്‍ന്നു നില്‍ക്കുന്ന ഫൈസാബാദില്‍ നിന്ന് ഏറെയകലെയല്ലാത്ത വിമാനത്താവളത്തില്‍ സ്വീകരിക്കപ്പെട്ട ഞങ്ങളെ രാജ്ഭവനിലേയ്ക്കു കൊണ്ടു പോകുമ്പോള്‍ എസ്കോര്‍ട്ട് ഓഫീസര്‍ പ്രമുഖമായ ഒരു സ്ഥലത്തെ ആകര്‍ഷകമായ ഒരു കെട്ടിടം കാണിച്ചുകൊണ്ടു പറഞ്ഞു, “സര്‍, ഇതാണ് ലക്നൗവിലെ ഏറ്റവും മികച്ച സ്കൂള്‍.” ലൊറേറ്റോ കോണ്‍വെന്‍റ് സ്കൂളായിരുന്നു അത്. തീര്‍ച്ചയായും എന്നിലെ ക്രിസ്ത്യാനിക്ക്/കത്തോലിക്കന് ഒരു അഭിമാന നിമിഷം!

ഇന്ത്യന്‍ ജനസംഖ്യയുടെ 2 ശ തമാനത്തിലധികം വരുന്ന ക്രൈസ്തവരുടെയും കേരള ജനസംഖ്യയുടെ പത്തു ശതമാനത്തിലധികം വരുന്ന കത്തോലിക്കരുടെയും പങ്ക് നമുക്കൊന്നു നോക്കാം. ശ്ലാഘനീയമാണോ അത്? ജനങ്ങളുടെ ജീവിതങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ നമുക്കു സാധിച്ചിട്ടുണ്ടോ? ക്രൈസ്തവര്‍ ഭൂമിയുടെ ഉപ്പാകേണ്ടവരാണ്. മാറ്റമുണ്ടാക്കേണ്ടതിനു പകരം നമ്മളും നമ്മുടേതായ രീതിയില്‍ ഈ കുഴപ്പങ്ങളിലേയ്ക്കു സംഭാവനകള്‍ നല്‍കുകയാണോ? പ്രതിഫലമില്ലാതെ സേവിക്കുകയും നിശബ്ദമായി, അനര്‍ഹമായി സഹിക്കുകയും ചെയ്യുകയെന്നത് ദൗത്യമായിരിക്കുന്ന ഒരു മതമാണു നമ്മുടേതെന്നിരിക്കെ നാം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാകേണ്ടതല്ലേ? പൊതുജനസേവകനും സിവില്‍ സര്‍വന്‍റും ഡോക്ടറും എന്‍ജിനീയറും വ്യാപാരിയും കര്‍ഷകനുമെന്ന നിലയിലെല്ലാം ഒരു ക്രിസ്ത്യാനി മറ്റാരുമധികം പോകാത്ത വഴികളിലൂടെ പോകേണ്ടവനാണ്. വിനയവും കുറ്റമറ്റ സത്യസന്ധതയും സേവനചൈതന്യവും മികവും സര്‍വോപരി ത്യാഗവും ആയിരിക്കണം നമ്മുടെ മുഖമുദ്ര. ഇന്നു മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഗുണങ്ങളാണവ. ഉജ്ജ്വലസ്വഭാവമുള്ള വ്യക്തികള്‍ കുറെ മുമ്പു നമുക്കുണ്ടായിരുന്നു. മുന്‍മുഖ്യമന്ത്രി എ ജെ ജോണ്‍, മുന്‍ വൈസ് ചാന്‍സലര്‍ വി വി ജോണ്‍ തുടങ്ങിയവര്‍. ക്രൈസ്തവസമൂഹത്തെയാകെ പരിഗണിച്ചാല്‍ നെഹ്രുവിന്‍റെ മന്ത്രിസഭയിലെ പ്രഗത്ഭ ധനകാര്യമന്ത്രിയായിരുന്ന ഡോ. ജോണ്‍ മത്തായി, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദകരാഷ്ട്രമാക്കി മാറ്റിയ ഡോ വി കുര്യന്‍ തുടങ്ങിയവരെയും മറ്റു നിരവധി പേരെയും കാണാം. ജനലക്ഷങ്ങളുടെ ജീവിതങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചവര്‍. ക്രിസ്തുവിന്‍റെ സന്ദേശമാണ് അവര്‍ സംവഹിച്ചത് – എന്‍റെ ഈ എളിയ സഹോദരരില്‍ ഒരുവന് നിങ്ങളിതു ചെയ്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത്.

ഇന്നത്തെ കാലത്ത്, മുന്‍കാലത്തേക്കാളൊക്കെ അധികമായി പൊതുപ്രവര്‍ത്തകരിലും സിവില്‍ ഉദ്യോഗസ്ഥരിലും മറ്റു പ്രൊഫഷണലുകളിലും വളരെ വര്‍ദ്ധിച്ച ക്രൈസ്തവ പ്രാതിനിധ്യം കാണുന്നുണ്ട്. പക്ഷേ, എത്രപേര്‍ മുന്‍കാലത്തേതു പോലെ ശരിക്കും തിളങ്ങുന്നുണ്ട്? കള്ളത്തരങ്ങള്‍ കാണിക്കുകയും അഴിമതിയും മറ്റു അന്യായങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരില്‍ ക്രൈസ്തവരുടെ എണ്ണം തീരെ കുറവല്ല. വാസ്തവത്തില്‍ മറ്റുള്ളവരേക്കാള്‍ അല്‍പം അധികവുമാണ്.

നിങ്ങള്‍ നിങ്ങളുടെ ജീവിതകര്‍മ്മത്തില്‍ ശോഭിക്കുക മാത്രമല്ല വേണ്ടത്, സമൂഹത്തില്‍ നിന്ന് എടുക്കുന്നതിനേക്കാളധികമായി സമൂഹത്തിലേയ്ക്കു നല്‍കുകയും വേണമെന്ന്, വിജയം മാത്രം – സമ്പത്തിന്‍റെയും സുഖസൗകര്യങ്ങളുടെയും പദവിയുടെയും അധികാരത്തിന്‍റെയും അവയോടു ചേരുന്ന മറ്റുള്ളവയുടെയും ഭൗതിക രൂപത്തിലുള്ള വിജയങ്ങള്‍ – വിജയിക്കുന്ന പ്രവേശനപരീക്ഷകളുടെയും മത്സരങ്ങളുടെയും ലോകത്തില്‍ നെട്ടോട്ടം നടത്തുന്ന നമ്മുടെ കുഞ്ഞുങ്ങളോട് നമ്മിലെത്ര പേര്‍ ഇന്ന് ഉപദേശിക്കുന്നുണ്ട്? മക്കളുടെ കഴിവുകള്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാമെന്നല്ല, മറിച്ച്, കൂടുതല്‍ സമ്പാദിക്കാന്‍ എങ്ങനെ പ്രാപ്തരാക്കാമെന്നാണ് അവരെ പഠിപ്പിക്കുമ്പോള്‍ നാം ലക്ഷ്യം വയ്ക്കുന്നത്.

വ്യക്തികളാകട്ടെ, സ്ഥാപനങ്ങളാകട്ടെ, നാം ചെയ്യുന്നതിലെല്ലാം സുതാര്യതയും കണക്കുസുക്ഷിപ്പും ഉറപ്പു വരുത്തുന്നതിനുള്ള സത്യസന്ധമായ ആത്മപരിശോധന, അതു നിയമപരമായ ബാദ്ധ്യതയല്ലെങ്കില്‍ കൂടിയും, നാം നിരന്തരം നടത്തുന്നില്ലെങ്കില്‍, സമ്പന്നമായ സ്ഥാപനങ്ങളും ദരിദ്രരായ വ്യക്തികളുമുള്ള ഒരു സമൂഹമായി നാം മാറും. ശക്തമായ റോമന്‍ സാമ്രാജ്യത്തെ പോലെ നാം തകര്‍ന്നു വീഴാതിരിക്കട്ടെ.

വീടുകളില്‍, വിഭജിതമായ കുടുംബങ്ങളില്‍, സ്വന്തം ഓഹരി ഘോരമായി ചോദിക്കാനും അതിനു വേണ്ടി ഔചിത്യമില്ലാതെ പോരാടാനും സ്ഥാപനാകാരമായ ഒരു പ്രവണത നമുക്കുണ്ട്. മരം കണ്ടു കാടു കാണാതിരിക്കുകയും സ്വന്തം അവകാശങ്ങളില്‍ അതിമാത്രം ശ്രദ്ധയൂന്നുകയും ചെയ്യുന്ന നമ്മള്‍ നമ്മുടെ കടമകളെ കുറിച്ച് ഒട്ടും ആകുലരല്ല. നമ്മുടെ കര്‍ത്താവിന്‍റെ മുന്നറിയിപ്പ് ഫ്രാന്‍സിസ് സേവ്യറോട് ഇഗ്നേഷ്യസ് ലൊയോള ആവര്‍ത്തിക്കുന്നുണ്ടല്ലോ, “ലോകം മുഴുവന്‍ നേടിയാലും ഒരുവന്‍ തന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്തു ഫലമാണുള്ളത്?”

ഗാന്ധിജിയുടെ രക്ഷാമന്ത്രം
ഗാന്ധിജി നമുക്കൊരു രക്ഷാമന്ത്രം നല്‍കിയിട്ടുണ്ട്: “….സന്ദേഹമുണ്ടാകുമ്പോള്‍, സ്വാര്‍ത്ഥതയില്‍ അമിതമായി മുഴുകുമ്പോള്‍, ഇനി പറയുന്ന പരീക്ഷണം പ്രയോഗിക്കുക. നിങ്ങള്‍ കണ്ടിട്ടുള്ള ഏറ്റവും പാവപ്പെട്ടവന്‍റെയും ബലഹീനന്‍റെയും മുഖമോര്‍ക്കുക. എന്നിട്ട് സ്വയം ചോദിക്കുക. നിങ്ങള്‍ എടുക്കാന്‍ പോകുന്ന നടപടി കൊണ്ട് അയാള്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടാകുമോ? അതില്‍ നിന്ന് അയാള്‍ക്കെന്തെങ്കിലും നേട്ടമുണ്ടാകുമോ? സ്വന്തം ജീവിതത്തിലും വിധിയിലും നിയന്ത്രണം വീണ്ടെടുക്കാന്‍ അതുകൊണ്ടയാള്‍ക്കു സാധിക്കുമോ? മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വിശക്കുകയും ആത്മീയമായി പട്ടിണി കിടക്കുകയും ചെയ്യുന്ന ജനലക്ഷങ്ങളെ അതു സ്വരാജിലേയ്ക്കു നയിക്കുമോ? അപ്പോള്‍ നിങ്ങളുടെ സംശയങ്ങളും സ്വാര്‍ത്ഥതയും അലിഞ്ഞില്ലാതാകും.”

ഏതൊരു സുപ്രധാന തീരുമാനവും നടപടിയും സ്വീകരിക്കുന്നതിനു മുമ്പ് ആവശ്യമായ മുന്‍കൂര്‍ പരിശോധനകള്‍ നടത്തുന്നതിന് സമാനമായ ഒരു രക്ഷാമന്ത്രം ഉണ്ട്; ക്രിസ്തു, ബെത്ലേഹമിലെ പുല്‍ത്തൊട്ടിയില്‍ മാതാപിതാക്കളായ പ.മറിയത്തിന്‍റെയും ഔസേഫിന്‍റെയും ചുറ്റുമുള്ള ആട്ടിടയരുടേയും കരുതലില്‍ കഴിയുന്ന ഉണ്ണീശോയല്ല, മറിച്ച് കുരിശില്‍ തറയ്ക്കപ്പെട്ട് രക്തം വാര്‍ന്നു മരിക്കാന്‍ കിടക്കുന്ന മര്‍ദ്ദിതനായ ക്രിസ്തു (അതേസമയം പ്രത്യാശയുടെയും അനുകമ്പയുടെയും മനുഷ്യവംശത്തോടുള്ള സ്നേഹത്തിന്‍റെയും പുതിയൊരു ലോകത്തിലേയ്ക്ക് ഉയിര്‍ക്കാനിരിക്കുന്നവനുമായ), എങ്കിലും എല്ലാവരോടും ക്ഷമിക്കുന്ന ക്രിസ്തു, ഇത് അംഗീകരിക്കുമോ? കാരണം, കര്‍ത്താവു ഭവനം പണിയുന്നില്ലെങ്കില്‍ പണിയെല്ലാം വ്യര്‍ത്ഥമാകും.

Leave a Comment

*
*