രക്ഷിക്കുന്ന സ്നേഹം

രക്ഷിക്കുന്ന സ്നേഹം

തോമസ് എം.ജെ., എസ്ജെ.

യേശുവിന്‍റെ അതിക്രൂരവും അനീതിപരവുമായ കൊലപാതകം ആദിമക്രിസ്ത്യാനികളെ വല്ലാതെ അസ്വസ്ഥരാക്കി. പീഡാനുഭവത്തില്‍ എന്താണു പിതാവിന്‍റെ പങ്ക്? എന്തുകൊണ്ടാണ് ഒരു തെ റ്റും ചെയ്യാത്ത യേശുവിനു പീഡകള്‍ സഹിക്കേണ്ടിവന്നത്? ഇതിനൊക്കെ ഉത്തരം കാണാനും ആശ്വാസത്തിനുമായി വിശുദ്ധ ഗ്രന്ഥത്തിലേക്കാണ് അവര്‍ തിരിഞ്ഞത്. യേശുവിന്‍റെ കുരിശുമരണം 'പരിഹാരബലി'യായും രക്തത്തിലുള്ള പുതിയ ഉടമ്പടിയായും വ്യാഖ്യാനിക്കപ്പെട്ടു. 'സഹനദാസ'ന്‍റെയും 'ദൈവത്തിന്‍റെ കുഞ്ഞാടി'ന്‍റെയും അനുഭവങ്ങളുമായുള്ള സാമ്യം ശ്രദ്ധിക്കപ്പെട്ടു. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു' (1 കോറി. 15:3) എന്ന നിഗമനത്തിലെത്തി ഉത്ഥാനത്തിലൂടെ ദൈവം യേശുവിന് 'ആത്മം' നല്കുന്നതായി കണ്ടു (Acts 13:33-39). ഇതിലേക്കൊക്കെ കാര്യമായ വെളിച്ചം വീശുന്നതാണു Joso Pagola-യുടെ "Jesus An Historical Approximation" എ ന്ന പുസ്തകം. "ഇന്നലത്തെ അറിവ് ഇന്നത്തേയ്ക്കു പോരാ" എന്ന Karl Rahner-ടെ മനോഭാവം ഇല്ലാത്തവരെ Pagola പറയുന്നതു ഞെട്ടിച്ചേക്കാം. എന്നാലും രക്ഷാകരരഹസ്യത്തെപ്പറ്റിയും ധ്യാനം തുടരണമല്ലോ.

ഉത്ഥാനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. 'എല്ലാം പൂര്‍ത്തിയായി.' ചെയ്യേണ്ടതൊക്കെ ചെയ്തു എന്ന സംതൃപ്തിയോടെ പിതാവില്‍ പൂര്‍ണമായും ആശ്രയിച്ചാണു യേശു മരിക്കുന്നത്. മരണത്തില്‍ത്തന്നെ പിതാവു യേശുവിനെ തന്‍റെ അത്യഗാധമായ ജീവിതത്തിലേക്കു സ്വീകരിച്ചു. സ്നേഹത്തില്‍ ഒന്നായി യേശുവിന്‍റെ എല്ലാ പ്രവൃത്തികളിലും പ്രബോധനത്തിലും പ്രത്യേകിച്ചും എല്ലാവരെയും നിരുപാധികം സ്നേഹിക്കുന്ന പിതാവാണു ദൈവം എന്നതില്‍, ദൈവം പൂര്‍ണസംതൃപ്തനാണ് എന്നാണ് ഉത്ഥാനത്തിനര്‍ത്ഥം.

മരണത്തില്‍നിന്നല്ല, മരണത്തില്‍ത്തന്നെയാണു പിതാവ് യേശുവിനെ രക്ഷിക്കുന്നത്. വേദനയില്‍ പിടഞ്ഞുമരിക്കുന്ന യേശുവിനോടൊപ്പമാണു പിതാവ്; യേശുവുമായി പൂര്‍ണമായും താദാത്മ്യപ്പെട്ടു യേശുവിനെ താങ്ങിക്കൊണ്ടും യേശുവിനോടൊപ്പം സഹിച്ചുകൊണ്ടും.

യേശു പീഡകള്‍ സഹിക്കണമെന്നല്ല പിതാവ് ആഗ്രഹിക്കുന്നത്. ആരും നിര്‍ദ്ദയം നശിപ്പിക്കപ്പെടണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. ഇതു മാത്രമാണു പിതാവ് ആഗ്രഹിക്കുന്നത്. അന്ത്യംവരെ യേശു തന്‍റെ ദൗത്യത്തോടു വിശ്വസ്തനായിരിക്കണമെന്ന്, നിസ്വരോടു താദാത്മ്യപ്പെട്ട്, അവരിലൊരാളായി ദൈവരാജ്യത്തിന്‍റെ സൗഭാഗ്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന്.

ദൈവത്തെ പ്രീതിപ്പെടുത്താനായി യേശു സ്വന്തം രക്തം സമര്‍പ്പിക്കുന്നു എന്നതിനു യാതൊരു സൂചനയുമില്ല. കുരിശുമരണത്തിലൂടെ തിന്മയെ പരാജയപ്പെടുത്തുന്നതില്‍ യേശുവും പിതാവും ഒറ്റക്കെട്ടാണ്. പീഡനം തിന്മയാണ്. കുരിശില്‍ കൊല്ലുന്നതു കുറ്റകരവും. ഇതിന് ഉത്തരവാദികള്‍ യഹൂദമതാധികാരികളും പീലാത്തോസും. പല യഹൂദ ആചരണങ്ങളും പാരമ്പര്യങ്ങളും സാബത്തുനിയമംപോലും ലംഘിക്കുന്ന, വേദപുസ്തകം തിരുത്തുന്ന, റോമന്‍ മേല്ക്കോയ്മയെ വെല്ലുവിളിക്കുന്ന ഉറച്ച വിപ്ലവകാരിയായിട്ടാണ് അവര്‍ യേശുവിനെ കണ്ടത്. പ്രത്യേകിച്ചും ദേവാലയശുദ്ധീകരണത്തിനുശേഷം സാധാരണക്കാര്‍ക്കിടയില്‍ യേശുവിനു ലഭിച്ച അംഗീകാരവും പ്രശസ്തിയും താങ്ങാനാവാത്ത ഭീഷണിയായി അവര്‍ കണ്ടു. തങ്ങളുടെ നിലനില്പിനു യേശുവിനെ കൊല്ലേണ്ടതാണെന്ന് അവര്‍ തീരുമാനിച്ചു (മര്‍ക്കോ. 11:18).

ശാരീരികമായ ആക്രമണത്തില്‍നിന്നും വധഭീഷണിയില്‍ നിന്നും യേശു പല പ്രാവശ്യം സ്വയം പരിരക്ഷിക്കുന്നുണ്ട്. ആരുംതന്നെ വധിക്കണമെന്നല്ല തന്‍റെ ആഗ്രഹമെന്നു ഗെത്സമേനി സാക്ഷ്യം. എന്നാല്‍ മരണം അനിവാര്യമെങ്കില്‍ അതു സ്വീകരിക്കാനും യേശു സന്നദ്ധനാണ്. ഇവിടെയാണു യേശുവിനു പിതാവിലുള്ള വിശ്വാസവും പിതാവിനോടുള്ള വിശ്വസ്തതയുടെയും സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഴം.

കുരിശുമരണവും ഉത്ഥാനവുമാണു ദൈവം സ്നേഹമാണെന്നതിന് എനിക്ക് ഏറ്റവും നല്ല തെളിവ്. യേശുവിന്‍റെ പിഡാസഹനത്തിലും മരണത്തിലും പങ്കുചേരുന്ന പിതാവിന്‍റെ മനസ്സുനിറയെ മനുഷ്യമക്കളാണ്. നമുക്കുവേണ്ടി സഹിച്ചുകൊണ്ട്, നമുക്കുവേണ്ടി മരിച്ചുകൊണ്ട്.

കാല്‍വരിയില്‍ ദൈവം നിശ്ശബ്ദനാണെങ്കില്‍ ദൈവം യേശുവിനെ കൈവെടിഞ്ഞെന്നല്ല അതിനര്‍ത്ഥം. ദൈവം സജീവമായി യേശുവിനൊപ്പമായിരുന്നു, യേശുവിനെ മരണത്തില്‍നിന്നും ഉയര്‍പ്പിച്ചുകൊണ്ട്, യേശുവിന്‍റെ അന്തിമവിജയം ഉറപ്പാക്കിക്കൊണ്ട്, യേശുവിന്‍റെ വിജയമാണു ദൈവത്തിന്‍റെയും വിജയം. തിന്മ ചെയ്യുന്നവരെ നശിപ്പിക്കാതെ തിന്മയെ നശിപ്പിക്കാന്‍ സാധിക്കുമെന്നതാണു ദൈവത്തിന്‍റെ പ്രത്യേകത. ദൈവം ലോകത്തെ തന്നോടു രമ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് (1 കോറി. 1:22-25).

രക്തദാഹിയല്ല ദൈവം. ദൈവനീതിയെ തൃപ്തിപ്പെടുത്തുന്ന, മനുഷ്യകുലത്തോടു ക്ഷമിക്കാനും ദൈവം യേശുവിന്‍റെ പീഡാസഹനവും രക്തവും ആവശ്യപ്പെടുന്നില്ല. ആവശ്യപ്പെട്ടിരുന്നെങ്കില്‍, യേശു പഠിപ്പിച്ചതുപോലെ ദൈവം സ്നേഹവും കരുണയും ആയിരിക്കുമായിരുന്നില്ല.

പാപികള്‍ക്കു പകരക്കാരനായല്ല ദൈവം യേശുവിനെ കാണുന്നത്. ആരുടെയും പാപം ദൈവം യേശുവില്‍ കെട്ടിവയ്ക്കുന്നില്ല. യേശു ദൈവത്തിന്‍റെ ബലിയാടല്ല. കയ്യഫാസും പീലാത്തോസുമാണു യേശുവിനെ ബലിയാടാക്കുന്നത്. യേശുവിനോടൊപ്പം പിതാവും അന്യായമായ പീഡകള്‍ സ ഹിക്കുന്നു.

പീഡകളല്ല നമ്മെ രക്ഷിക്കുന്നത്. പൂര്‍ണമായും സൗജന്യവും നിരുപാധികവുമായ ദൈവസ്നേഹമാണ് നമ്മെ രക്ഷിക്കുന്നത്. സൃഷ്ടിച്ച ദൈവം തന്നെയാണു രക്ഷിക്കുന്ന ദൈവവും. കാല്‍വരിയിലുള്ള ഏകനന്മ യേശുവില്‍ മാംസം ധരിച്ച, മരിച്ചുകൊണ്ടിരിക്കുന്ന യേശുവിന്‍റെ പ്രകടമായ സ്നേഹമാണ്, കൊലയാളികളോടും ക്ഷമിക്കുന്ന, പിതാവിനുതന്നെത്തന്നെ പൂര്‍ണമായും വിട്ടുകൊടുക്കുന്ന സ്നേഹം.

പീഡകള്‍ തിന്മയാണെങ്കിലും സഹനത്തിലൂടെയാണു സ്നേഹം പ്രകടിപ്പിക്കപ്പെടുന്നത്. അത്ഭുതകരമായ ദൈവസ്നേഹത്തിനേ കുരിശിന്‍റെ രഹസ്യം വെളിപ്പെടുത്താനാകൂ. കുരിശിന്‍റെ നിഴലില്‍ 'ദൈവം സ്നേഹ'മാണെന്ന് ആദിമക്രിസ്ത്യാനികള്‍ മനസ്സിലാക്കി. 'ക്രിസ്തു തന്നെ സ്നേഹിച്ചു' എന്നു പൗലോസ് ഏറ്റുപറഞ്ഞു. (ഗലാ. 2:20).

യേശുവിനെപ്പോലെ തികച്ചും ദാനമായി നിരുപാധികം ദൈവസ്നേഹത്തിലാശ്രയിച്ച്, ഈ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരിക്കട്ടെ നമ്മുടെ ഏകലക്ഷ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org