മാറ്റി പ്രതിഷ്ഠിക്കുന്ന ഭൂതകാലത്തിന്റെ അടയാളക്കല്ലുകള്‍

മാറ്റി പ്രതിഷ്ഠിക്കുന്ന ഭൂതകാലത്തിന്റെ അടയാളക്കല്ലുകള്‍

നിരന്തരം തിരുത്തപ്പെടാനിടയുള്ള ഭൂതകാല നൈതികതയെ താത്വികമായി പരിശോധിക്കുന്നു, നിരൂപകനും, കവിയും, നോവലിസ്റ്റുമായ ലേഖകന്‍.

കല്പറ്റ നാരായണന്‍

മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചലച്ചിത്രത്തിലെ ഏറെ പ്രശസ്തമായ ഒരു ഫലിതമാണ് വേണമെങ്കില്‍ അരമണിക്കൂര്‍ നേരത്തെ പുറപ്പെടാം എന്നത്. ഇനിയും പുറപ്പെട്ടില്ലേ, നിങ്ങളിനി എപ്പോഴാണെത്തുക എന്ന് സംഭ്രമിച്ച മറുതലയ്ക്കലെ ഫോണിലെ അക്ഷമയോട് വേണമെങ്കില്‍ അര മണിക്കൂര്‍ നേരത്തെ പുറപ്പെടാം എന്ന് പറഞ്ഞതിലെ ഫലിതം നമ്മെ ചിരിപ്പിച്ചു. എങ്ങനെയാണൊരാള്‍ അരമണിക്കൂര്‍ നേരത്തെ പുറപ്പെടുക? കഴിഞ്ഞു പോയ ഒരു സംഗതിയെ എങ്ങനെ ഭേദഗതി ചെയ്യും? ഭൂതകാലത്തില്‍ ഇടപെടാന്‍ കഴിയുമോ? അസാദ്ധ്യമായതിന്റെ വിവരണം ആയതിനാലാണ് അത് നമ്മെ ചിരിപ്പിച്ചത്. 'അസാദ്ധ്യഫലിതം', മലയാളി ചിരിച്ചു മറിഞ്ഞു. യഥാര്‍ത്ഥത്തില്‍ അസാദ്ധ്യമാണോ അത്?

അര മണിക്കൂര്‍ നേരത്തെ പുറപ്പെട്ടിരുന്നെങ്കില്‍ കൃത്യസമയത്ത് തന്നെ എത്താമായിരുന്നു എന്ന വേവലാതിയാണ് മറുതല യ്ക്കലെങ്കില്‍ അത് പരിഹരിക്കാവുന്നതല്ലേയുള്ളൂ.
അരമണിക്കൂര്‍ മുമ്പേ എത്തുന്ന ഒരതിവേഗ വാഹനത്തില്‍ കയറി നിഷ്പ്രയാസം തീര്‍ക്കാം ആ വിഷമം. ആ ചിരിയും. തീവണ്ടിയില്‍ നിന്നിറങ്ങി വിമാനത്തില്‍ക്കയറി വേണമെങ്കിലയാള്‍ക്ക് ദിവസങ്ങള്‍ ക്കു മുമ്പേ എത്താം. വേണമെങ്കില്‍ രണ്ടു ദിവസം മുമ്പേ പുറപ്പെടാം; അയാള്‍ക്ക് പറയാം.

മോഹഞ്ചൊദാരൊയില്‍ നിന്ന് കിട്ടിയ 'ഡാന്‍സിങ് വുമന്‍' രണ്ടായിരം കൊല്ലത്തെ പാരമ്പര്യം മാത്രമുണ്ടായിരുന്ന ഭാരതീയ നൃത്തകലയ്ക്ക് അയ്യായിരം കൊല്ലത്തെ പാരമ്പര്യം നല്‍കി. ചരിത്ര ഗവേഷകരും നരവംശ ശാസ്ത്രജ്ഞന്മാരും ഭൂതകാലത്തെ അടയാളക്കല്ലുകളെ പിന്നോട്ടേക്ക് ദിനേന മാറ്റിക്കൊണ്ടിരിക്കുന്നു. 1929 ല്‍ വേണമെങ്കില്‍ 'മൂവ്വായിരം കൊല്ലം മുമ്പേ ഞാന്‍ പുറപ്പെടാം' എന്നായീ നര്‍ത്തകന്‍. (അതൊര് നര്‍ത്തകിയേയല്ല, മറിച്ച് ഖനനം ചെയ്ത കാലത്തെ ചര്‍ച്ചകളിലെ സജീവമായ ദേവദാസീ സാന്നിദ്ധ്യം അങ്ങനെ തോന്നിച്ചതാവാമെന്ന് സദാനന്ദ് മേനോന്‍).

ജനതയുടെ ലോകചരിത്രം (A people's History of The world) എന്ന ക്രിസ്‌ഹെര്‍മന്റെ രചന ആരംഭിക്കുന്നത് 'ബ്രെഹ്റ്റി'നെ ഉദ്ധരിച്ചുകൊണ്ടാണ്.' തീബ്‌സിന്റെ ഏഴു വാതിലുകള്‍ ആരാണ് നിര്‍മ്മിച്ചത്; നിങ്ങള്‍ വായിക്കും രാജാക്കന്മാരുടെ പേരുകള്‍, പക്ഷെ അവരാണോ കല്ലും മണ്ണും ചുമന്നത്…' ആരാണ് യഥാര്‍ത്ഥത്തില്‍ ലോകത്തെ സൃഷ്ടിച്ചത് എന്ന ബ്രഹ്റ്റിയന്‍ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ചരിത്ര രചനയുടെ കടമയെന്ന് ക്രിസ് ഹെര്‍മന്‍ പറയുന്നു. ജനത, രാജാക്കന്മാരല്ല, എങ്ങനെ ലോകത്തെ പുരോഗതിയിലേക്ക് നയിച്ചു എന്ന്. ഭാവി യെ നിയന്ത്രിക്കുവാനായി ഭൂതകാലത്തെ തിരുത്തിയെഴുതി മാര്‍ക്‌സും മാര്‍ക്‌സിയന്‍ ചരിത്രകാരന്മാരും. ചരിത്രം വര്‍ഗ്ഗസമര ങ്ങളുടെ ചരിത്രമായി. മുന്നോട്ട് നടക്കാന്‍ മാത്രം ശേഷിയുള്ള മനുഷ്യനെ അനുകരിക്കാന്‍ തുടങ്ങി ചരിത്രവും. ആര് ഭൂത കാലത്തെ നിയന്ത്രിക്കുന്നുവോ അവര്‍ ഭാവിയെ നിയന്ത്രിക്കുമെ ന്ന സര്‍വ്വാധിപത്യത്തിന്റെ മുദ്രാ വാക്യത്തെ (1984, ജോര്‍ജ് ഓര്‍ വെല്‍) കൂടെക്കൂട്ടി, അനുകൂല മായ ഭൂതകാലം സ്വാതന്ത്ര്യ മായി മാറുമെന്ന് കാട്ടി, ഭൂതകാലത്തെ ദാസ്യവൃത്തിക്ക് നിര്‍ത്തി. എപ്പോള്‍ വേണമെങ്കിലും പുറപ്പെടാം, പുറപ്പെട്ടതൊന്നും കൂട്ടാക്കണ്ട!

പലപ്പോഴും നവോത്ഥാന നായകരില്‍ നിന്നെന്നതിനേക്കാള്‍ വഴിമുട്ടിയ ദളിതന്റെ മുറുമുറുപ്പില്‍ നിന്നാണ്, അസ്വസ്ഥതയില്‍ നിന്നാണ്, മര്‍ദ്ദനങ്ങള്‍ക്കിടയാക്കിയ ചെറു ചെറു ധിക്കാരങ്ങളില്‍ നിന്നാണ് നവോത്ഥാനമാരംഭിക്കുന്നതെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്ന പുതിയ ചരിത്രകാരന്മാര്‍ പിന്നിട്ട വഴിയുടെ നീളം കൂട്ടുകയാണ്. ഒന്നുകൂടി പുറകോട്ട് പോയി ഊര്‍ജ്ജം സംഭരിക്കുകയാണ്. പുരാവസ്തു ഗവേഷകര്‍ നിത്യേനയെന്നോണം പുതുപുതു തെളിവു കളുമായി വന്ന് മുന്‍കാല ഗണനകളെ തിരുത്തുന്നു. മനുഷ്യന്‍ കൃഷിയാരംഭിച്ചത് നാം ധരിച്ചിരുന്നതിനേക്കാള്‍ ആയിരമോ രണ്ടായിരമോ കൊല്ലങ്ങള്‍ മുമ്പാണെന്നതിന്റെ തെളിവുകള്‍ കുറഞ്ഞ ഇടവേളകള്‍ക്കുള്ളില്‍ വന്നു കൊണ്ടിരിക്കുന്നു. ഭാവിയേക്കാള്‍ അനിശ്ചിതമായിരിക്കുന്നു ഭൂതകാലം.

ചരിത്ര സംഭവങ്ങളെ ആശ്രയിക്കുന്ന എല്ലാ നോവലുകളും ഭൂതകാലത്തെ തിരുത്തുകയാണ്. ആഗ്രഹിക്കുന്നൊരു ഭൂതകാലത്തെ സൃഷ്ടിക്കുകയാണ്. ഭൂമി കൈയേറ്റക്കാര്‍ നിയമപരമായി സഹായകമായ കാലത്തിലെ രേഖകളെ അവലംബിക്കുന്നത് പോലെ. എന്നാല്‍ 1960-ല്‍ നമുക്ക് റജിസ്റ്റര്‍ ചെയ്യാം. ചെറിയ ഒരു ചിരിയോടെ സിനിമയിലെ ജഗതിയെപ്പോലെ ലാഘവത്തില്‍ രേഖ തിരുത്തുന്ന വിദഗ്ദ്ധന്‍ അനുകൂലമായ കാലം കൂടിയാണ് നിര്‍മ്മിക്കുന്നത്.

പൊതുവില്‍ ഒരുല്‍പ്പത്തിക്കഥയും ഉല്‍പ്പത്തിയേക്കുറിച്ചുള്ള സത്യമുള്‍ ക്കൊള്ളുന്നില്ല. പില്‍ക്കാലത്ത്, അപ്പോഴത്തെ സാഹചര്യത്തിന്റെ സാദ്ധ്യതകളോ പരിമിതികളോ കൊണ്ട് രചിക്കപ്പെട്ടവയാണവ. പില്‍ക്കാലം കൂട്ടിച്ചേര്‍ത്ത ആരംഭങ്ങള്‍. പില്‍ക്കാലത്തിന്റെ ആവശ്യത്തിന് ചേര്‍ന്ന ഉല്‍പ്പ ത്തി. നാലായിരത്തില്‍ താഴെ വയസ്സ് മാത്രമുള്ള നമ്മുടെ മതങ്ങള്‍ സൃഷ്ടികഥകള്‍ സൃഷ്ടിച്ചതു പോലുള്ള ഫലിത ങ്ങള്‍. അരമണിക്കൂര്‍ നേരത്തെ പുറപ്പെട്ടതിന്റെ വിസ്മയങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org