Latest News
|^| Home -> Cover story -> റിപ്പബ്ളിക്കിലെ കരിന്തിരികള്‍

റിപ്പബ്ളിക്കിലെ കരിന്തിരികള്‍

Sathyadeepam

സെബാസ്റ്റ്യന്‍ പോള്‍

റിപ്പബ്ളിക് എന്ന പദത്തിന്‍റെ അര്‍ത്ഥം പല റിപ്പബ്ളിക് ദിനങ്ങള്‍ക്കു ശേഷമാണ് എനിക്ക് മനസിലായത്. എല്ലാറ്റിന്‍റെയും വിശദീകരണം ക്ളാസ് മുറികളില്‍നിന്ന് ലഭിക്കാത്തതുകൊണ്ടാണ് ആ അറിവ് നീണ്ടുപോയത്. അറിഞ്ഞപ്പോള്‍ അര്‍ത്ഥം ലളിതം. റെസ് എന്നും പബ്ളിക്കസ് എന്നുമുള്ള രണ്ട് ലത്തീന്‍ പദങ്ങള്‍ ചേര്‍ന്നാണ് റിപ്പബ്ളിക് എന്ന പദമുണ്ടായത്. ജനങ്ങളുടെ താത്പര്യവും ഉത്തരവാദിത്വവും എന്നാണ് രണ്ടും ചേരുമ്പോഴുള്ള അര്‍ത്ഥം. രാജനീതിയെക്കുറിച്ചും ഭരണവ്യവസ്ഥയെക്കുറിച്ചുമുള്ള പ്ലേറ്റോയുടെ സുവിദിതമായ ഗ്രന്ഥത്തിന് അദ്ദേഹം നല്‍കിയ പേര് റിപ്പബ്ളിക് എന്നായിരുന്നു. ഇന്നും പുതുമ നശിക്കാത്ത പദമായി രാജ്യവ്യവഹാരത്തില്‍ ആ പദം നിലനില്‍ക്കുന്നു.

എല്ലാ ജനാധിപത്യവും റിപ്പബ്ളിക്കല്ല എന്നതാണ് റിപ്പബ്ളിക്കിന്‍െറ പ്രത്യേകത. പാര്‍ലമെന്‍ററി ജനാധിപത്യത്തിനു മാതൃകയായ ബ്രിട്ടന്‍ റിപ്പബ്ളിക്കല്ല. രാഷ്ട്രത്തലവന്‍റെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് പങ്കില്ലാത്തതുകൊണ്ടാണ് ബ്രിട്ടന്‍ റിപ്പബ്ളിക്കല്ലാത്തത്. കുടുംബത്തിലെ അഞ്ചാം തമ്പുരാന്‍ വരെ അവിടെ സിംഹാസനത്തിനുവേണ്ടി കാത്തിരിക്കുന്നു. 1952-ല്‍ രാജ്ഞിയായ എലിസബത്ത് സിംഹാസനമൊഴിയുന്നില്ല. അമേരിക്കയില്‍ നാലാം വര്‍ഷവും ഇന്ത്യയില്‍ അഞ്ചാം വര്‍ഷവും പ്രസിഡന്‍റിനെ മാറ്റും. ജനങ്ങള്‍ നേരിട്ടോ അല്ലാതെയോ പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കും. ബ്രിട്ടീഷ് മോഡലിലുള്ള പാര്‍ലമെന്‍ററി സമ്പ്രദായവും അമേരിക്കന്‍ മോഡലിലുള്ള പ്രസിഡന്‍ഷ്യല്‍ സമ്പ്രദായവും സമന്വയിപ്പിക്കുന്നതാണ് ഇന്ത്യന്‍ റിപ്പബ്ളിക്.

നമ്മുടെ രാജ്യത്തെ പരമാധികാര ജനാധിപത്യ റിപ്പബ്ളിക്കായി ഭാരതത്തിലെ ജനങ്ങളായ നാം 1949 നവംബര്‍ 26-ന് പ്രഖ്യാപിച്ചു. 1950 ജനുവരി 26-ന് പ്രഖ്യാപനം പ്രാബല്യത്തിലായി. സ്വാതന്ത്ര്യദിനമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കരുതിവച്ചിരുന്ന ദിവസമായിരുന്നു അത്. നിരവധി അര്‍ത്ഥതലങ്ങളും വ്യാഖ്യാനസാധ്യതകളും ഉള്ള പദമാണ് റിപ്പബ്ളിക്.

പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണെന്നതു മാത്രമല്ല റിപ്പബ്ളിക്കിന്‍റെ സവിശേഷത. രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നുവെന്നത് ജനകീയപരമാധികാരത്തിന്‍റെ ബഹുമുഖമായ പ്രതിഫലനങ്ങളില്‍ ഒന്നു മാത്രമാണ്. ജനകീയ റിപ്പബ്ളിക്കെന്നത് മൗലികവും സനാതനവുമായ മൂല്യങ്ങളുടെ സംശ്ളേഷണമാണ്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, അന്തസ് എന്നിങ്ങനെ ലഘുവായ പദങ്ങളില്‍ റിപ്പബ്ളിക്കിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ വിവരിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ വിപ്ളവകാരികളെ ത്രസിപ്പിച്ച ആശയങ്ങളാണിത്. ഇവയുടെ സഫലീകരണത്തിനുവേണ്ടിയുള്ള യാത്രയാണ് മനുഷ്യന്‍െറ ചരിത്രം. യാത്രയിലെ അത്താണിയാണ് റിപ്പബ്ളിക്; പാഥേയമാണ് ഭരണഘടന; വെളിച്ചമാണ് മാനവികത. മറ്റെല്ലാം അപ്രസക്തമാണ് – ദേശീയതപോലും. പതാകയും ഗാനവും പ്രതീകങ്ങള്‍ മാത്രമാണ്. ദേശീയഗാനം പാടാം, പാടാതിരിക്കാം. പ്രധാനം റിപ്പബ്ളിക്കാണ്. അതിനേക്കാള്‍ പ്രധാനമാണ് റിപ്പബ്ളിക്കിനെ നിലനിര്‍ത്തുന്ന മൂല്യങ്ങള്‍.

രാജ്യസ്നേഹമെന്നത് മാറ്റത്തിനു വിധേയമാകുന്ന വികാരം മാത്രമാണ്. സനാതനമായ മൂല്യങ്ങളൊഴികെ മറ്റെല്ലാം മാറിക്കൊണ്ടിരിക്കുന്നു. എല്ലാം നശ്വരമാണ്. 1935-ലെ ഭരണഘടന ഇന്നില്ല. 1949-ലെ ഭരണഘടനപോലും അതേ രൂപത്തില്‍ ഇന്നില്ല. 1947 ആഗസ്റ്റ് പതിനഞ്ചിനു മുമ്പുള്ള ഇന്ത്യ ഇന്നില്ല. കുറേ പോയി; കുറച്ച് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ എന്ന് ഭരണഘടന പറഞ്ഞു. അന്നത്തെ സംസ്ഥാനങ്ങളല്ല ഇന്നുള്ളത്. ഭരണഘടനയും റിപ്പബ്ളിക്കും ഇന്നത്തെ രൂപത്തില്‍ എക്കാലവും നിലനില്‍ക്കില്ല. പക്ഷേ നിലനില്‍ക്കുവോളം ചില കാര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്.

ഭരണഘടനയില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്‍റിന് അധികാരമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി ചില കാര്യങ്ങള്‍ മാറ്റത്തിനു വിധേയമല്ലെന്നുകൂടി പറഞ്ഞു. ബേസിക് സ്ട്രക്ചര്‍ സിദ്ധാന്തം ആവിഷ്കരിച്ചുകൊണ്ട് കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതി നല്‍കിയ വിധി ഇന്ത്യന്‍ ജനാധിപത്യത്തിനു രക്ഷാകവചം തീര്‍ത്ത വിധിയായി പ്രകീര്‍ത്തിക്കപ്പെട്ടു. അടിയന്തരാവസ്ഥയിലൂടെ എക്സിക്യൂട്ടീവ് കേശവാനന്ദ ഭാരതിക്ക് മറുപടി നല്‍കി. റിപ്പബ്ളിക്കിന്‍െറ വിളക്കുകള്‍ ഒന്നൊന്നായി അണഞ്ഞുപോയി. രാജ്യം തടങ്കല്‍പാളയമായി; ജനം അടിമകളായി.

ജനങ്ങള്‍ പരാജയപ്പെടുത്തിയ അടിയന്തരാവസ്ഥയെ അതിന്‍റെ ഉപജ്ഞാതാക്കള്‍ പിന്നീട് തള്ളിപ്പറഞ്ഞു. അഭിശപ്തമായ നാളുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള കരുതല്‍ നാല്‍പത്തിനാലാം ഭേദഗതിയിലൂടെ ഉണ്ടായി. എന്നാല്‍ കരുതല്‍ച്ചിറകളെ ഭേദിച്ചുകൊണ്ട് മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനും എതിരായി വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാതെ പോയി. മന്‍മോഹന്‍ സിങ്ങില്‍നിന്ന് നരേന്ദ്ര മോദിയിലെത്തിയപ്പോള്‍ റിപ്പബ്ളിക്കിന്‍െറ അസ്തിവാരംതന്നെ ഇളകുന്ന അവസ്ഥയായി. ചരിത്രത്തിലെ ചില ദിശാസന്ധികളെ അനുസ്മരിപ്പിച്ചുകൊണ്ട് ഒരു രണ്ടാം റിപ്പബ്ളിക്കിനുവേണ്ടിയാണ് ബിജെപി പരിശ്രമിക്കുന്നത്. പ്ലേറ്റോയുടെ റിപ്പബ്ളിക്കില്‍ ദാര്‍ശനികര്‍ക്കാണ് പ്രാമുഖ്യമെങ്കില്‍ സംഘപരിവാര്‍ വിഭാവന ചെയ്യുന്ന റിപ്പബ്ളിക്കില്‍ മതാധിഷ്ഠിത ദേശീയതയ്ക്കാണ് പ്രാധാന്യം.

മൂല്യങ്ങളുടെ നിരാസത്തില്‍ തകരുന്ന റിപ്പബ്ളിക്കിന് കൊടിയും പാട്ടും തുണയാവില്ല. ഭരണഘടനയുടെ സര്‍വവ്യാപിയായ ചൈതന്യമാണ് റിപ്പബ്ളിക്കിനെ ജ്വലിപ്പിക്കുന്നത്. എന്നാല്‍ പ്രഖ്യാപിക്കാതെ നടപ്പാക്കുന്ന അടിയന്തരാവസ്ഥകളില്‍ ജ്വലനം അസാധ്യമാകുന്നു. ഫെഡറല്‍ തത്ത്വങ്ങളെ മാനിക്കാതെ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്‍റെ ഇടപെടലുണ്ടാകുന്നു. അനുഛേദം 356-ന്‍െറ പ്രത്യക്ഷത്തിലുള്ള പ്രയോഗമില്ലാതെ കേന്ദ്രം സംസ്ഥാനങ്ങളുടെ ഭരണത്തില്‍ ഇടപെടുന്നു. അനുഛേദം 352 പ്രയോഗിക്കാതെയുള്ള അവകാശധ്വംസനങ്ങളും സ്വാതന്ത്ര്യനിഷേധവും വ്യാപകമാകുന്നു. അനുഛേദം 360 അനുവദിക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു കടക്കാതെ സമാനമായ അവസ്ഥ സൃഷ്ടിക്കുന്നു. ആര്‍ക്കും ആരോടും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ റിപ്പബ്ളിക് ജനാധിപത്യ റിപ്പബ്ളിക് അല്ലാതാകും.

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ ഭരണകൂടത്തിന്‍െറ ജനവിരുദ്ധമായ പ്രവൃത്തികള്‍ സുതാര്യവും സത്യസന്ധവും നിയമവിധേയവും ആകുമായിരുന്നു. ജനങ്ങളുടെ സ്വന്തം പണം പിടിച്ചുവയ്ക്കാനും അവരുടെ ചെലവുകള്‍ നിയന്ത്രിക്കാനും അടിയന്തരാവസ്ഥയില്‍ മാത്രമാണ് സര്‍ക്കാരിന് അധികാരമുണ്ടാകുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ലോക്സഭയുടെ അംഗീകാരം ആവശ്യമുണ്ട്. പാര്‍ലമെന്‍റിന്‍റെ പടവുകളില്‍ പ്രകടനപരമായി സാഷ്ടാംഗ പ്രണാമം നടത്തി സെന്‍ട്രല്‍ ഹാളിലേക്കു പ്രവേശിച്ച നരേന്ദ്ര മോദി ഇരുസഭകളെയും പരസ്യമായി അവഗണിക്കുന്നു. പ്രതിപക്ഷത്തെ അപ്രസക്തമാക്കുന്ന ഭൂരിപക്ഷം ഭരണകക്ഷിക്കുണ്ടായാല്‍ പാര്‍ലമെന്‍റ് അപ്രസക്തമാകുന്നില്ല. പാര്‍ലമെന്‍റിനെ അവഗണിച്ചുകൊണ്ടാണ് ഏകാധിപതികള്‍ ഉദിച്ചുയരുന്നത്. ഇന്ദിരഗാന്ധി പാര്‍ലമെന്‍റിനെ ബന്ദിയാക്കി. നരേന്ദ്രമോദി പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കി.

അപ്രസക്തമാക്കപ്പെടുന്ന പാര്‍ലമെന്‍റ് ഒടുവില്‍ അനാവശ്യമായിത്തീരും. അതുതന്നെയാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. വെസ്റ്റ്മിന്‍സ്റ്ററില്‍നിന്ന് വൈറ്റ് ഹൗസിലേക്കുള്ള മാറ്റമാണ് മോദി ആഗ്രഹിക്കുന്നത്. പക്ഷേ അത് ക്ഷിപ്രസാധ്യമല്ല. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഏക കാലത്ത് തിരഞ്ഞെടുപ്പെന്ന നിര്‍ദേശം പാര്‍ലമെന്‍ററി വ്യവസ്ഥയെ താറുമാറാക്കാനുള്ളതാണ്. അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധമുണ്ടായാല്‍ മന്ത്രിസഭയ്ക്ക് ലോക്സഭയോടുള്ള കൂട്ടുത്തരവാദിത്വം ഇല്ലാതാകും. മന്ത്രിസഭയുടെ ആയുസ് ലോക്സഭയുടെ നിയന്ത്രണത്തില്‍നിന്ന് മുക്തമായാല്‍ പിന്നെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കുള്ള ചുവടുകളുടെ എണ്ണം കുറയും. ഭരഘടനാപരമായി സാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ റിപ്പബ്ളിക്കിന് ഏല്‍ക്കുന്ന ക്ഷതം നിസാരമാവില്ല. പ്രസിഡന്‍ഷ്യല്‍ രീതിയില്‍ ഏത് ട്രംപിനും അധികാരത്തിലെത്താന്‍ കഴിയുമെന്ന ചിന്തയാകാം മോദിയെ പ്രലോഭിപ്പിക്കുന്നത്. എതിരാളി രാഹുല്‍ ഗാന്ധിയാണെങ്കിലുള്ള സാധ്യതകളും അദ്ദേഹത്തെ മോഹിപ്പിക്കുന്നുണ്ടാകാം.

റിപ്പബ്ളിക്കിനെതിരെയുള്ള പ്രത്യക്ഷമായ ആക്രമണങ്ങള്‍ കാണാനും പ്രതിരോധിക്കാനും കഴിയും. എന്നാല്‍ പരോക്ഷമായ ആക്രമണങ്ങള്‍ അനായാസം ഗോചരമാവില്ല. റിപ്പബ്ളിക്കിനെ നിശ്ചേതനമാക്കുന്നതിനുള്ള എളുപ്പമാര്‍ഗം മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന വിഷപ്രയോഗമാണ്. കപടമായ ദേശീയതയുടെയും വ്യാജമായ രാജ്യസ്നേഹത്തിന്‍റെയും പേരില്‍ ന്യൂനപക്ഷങ്ങളെ മാത്രമല്ല തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത സകലരെയും ആക്രമിക്കുന്ന സംഘപരിവാര്‍ നിലപാട് ഹിന്ദുത്വ റിപ്പബ്ളിക്കിലേക്കുള്ള അന്വേഷണമാണ്. ഇസ്ലാമിക് സ്റ്റേറ്റ് പോലെ തന്നെ അപകടകരമാണ് ഹിന്ദുത്വ റിപ്പബ്ളിക്കും. രാജ്യത്തിന് ഹിന്ദുസ്ഥാന്‍ എന്ന പേരുപോലും നല്‍കാതിരുന്നവരാണ് റിപ്പബ്ളിക്കിന്‍െറ ശില്‍പികള്‍.

ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് പാക്കിസ്ഥാനില്‍നിന്ന് വ്യത്യസ്തമായി നമുക്ക് റിപ്പബ്ളിക് ഓഫ് ഇന്ത്യ ഉണ്ടായത് യാദൃഛികമല്ല. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലാണ് ആധുനികമായ ജനാധിപത്യ റിപ്പബ്ളിക്കിനു നാം രൂപം കൊടുത്തത്. മതനിരപേക്ഷത എന്ന മഹനീയതത്വം അടിയന്തരാവസ്ഥയില്‍ ഇന്ദിരഗാന്ധി സംഭാവന ചെയ്തതല്ല. നാല്‍പത്തിരണ്ടാം ഭേദഗതിക്കുമുമ്പും നമ്മുടെ ഭരണഘടന മതനിരപേക്ഷമായിരുന്നു. മതനിരപേക്ഷത കേവലമായ മതസ്വാതന്ത്ര്യമല്ല. അതിന്‍റെ അടിസ്ഥാനം സഹിഷ്ണുതയാണ്. അപരനോടുള്ള ആദരവാണ് സഹിഷ്ണുത. ചിന്തയിലും പ്രവൃത്തിയിലും അതാവശ്യമുണ്ട്. പ്രാകൃതവാസനകളുടെ ഇരുട്ടില്‍ തെളിയുന്ന ധ്രുവനക്ഷത്രമാണ് സഹിഷ്ണുത. മനുഷ്യാഭിമുഖ്യമില്ലാതെ പശുക്കളെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അതിന്‍െറ അര്‍ത്ഥം മനസിലാവില്ല. അതുകൊണ്ടാണ് നരേന്ദ്ര ദാബോല്‍കറും ഗോവിന്ദ് പന്‍സാരെയും എംഎം കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും ഉണ്ടായത്. അവര്‍ റിപ്പബ്ളിക്കിന്‍റെ രക്തസാക്ഷികളാണ്.

മാനവികതയുടെ മഷിയിലാണ് ഭരണഘടന എഴുതപ്പെട്ടിരിക്കുന്നത്. അസഹിഷ്ണുതയുടെ വെയിലില്‍ മങ്ങുന്നതല്ല ആ മഷി. എന്നാല്‍ മാനവികതയ്ക്കു നിരക്കാത്ത അധമവാസനകള്‍ ആധിപത്യം ചെലുത്തിത്തുടങ്ങുമ്പോള്‍ ഭരണഘടനയെ ആധാരശിലയാക്കുന്ന റിപ്പബ്ളിക്കിന്‍റെ അസ്തിവാരങ്ങള്‍ ഇളകും. എഴുപതിനോട് അടുക്കുന്ന റിപ്പബ്ളിക് നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണിത്. റോമില്‍ റിപ്പബ്ളിക്കന്‍ മൂല്യങ്ങള്‍ അന്ത്യം വരെ ഉയര്‍ത്തിപ്പിടിക്കാന്‍ സിസെറോ ഉണ്ടായി. മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടപ്പോള്‍ റിപ്പബ്ളിക്കിന്‍െറ വിളക്കുകള്‍ എന്നേയ്ക്കുമായി അണഞ്ഞുപോയി. റിപ്പബ്ളിക് സാമ്രാജ്യത്തിനു വഴിമാറി. സാമ്രാജ്യകാലത്തെ ചക്രവര്‍ത്തിമാരായിരുന്നു നീറോയും കലിഗുളയും.

കത്തേണ്ട തിരികള്‍ കരിന്തിരിയാകരുത്.

Leave a Comment

*
*