ആത്മഹത്യയെ എങ്ങനെ പ്രതിരോധിക്കാം?

ആത്മഹത്യയെ എങ്ങനെ പ്രതിരോധിക്കാം?
Published on

സെപ്റ്റംബര്‍ 10 അന്താരാഷ്ട്ര ആത്മഹത്യ പ്രതിരോധ ദിനം

സി.അഞ്ജിത SVM, M.Sc., M.Phil.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

മദ്ധ്യതിരുവിതാംകൂറിലെ ഒരു ഹൈന്ദവ കുടുംബം. പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. മാതാവ് വീട്ടു ജോലികളുമായി കഴിയുന്നു. ഈ ദമ്പതികള്‍ക്ക് ആകെയുള്ളത് ഒരു ആണ്‍കുട്ടി. അവന്‍ പഠനത്തില്‍ വളരെ മിടുക്കനായിരുന്നു. ഡിഗ്രിയും പിജിയും എല്ലാം കഴിഞ്ഞു. പിതാവിന് ഇവനെ ഒരു സര്‍ക്കാര്‍ ജോലിക്കാരനാക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി പിഎസ്സി ടെസ്റ്റ് എല്ലാം തന്നെ എഴുതിക്കും. എന്നാല്‍ അവന് പിഎസ്സി കടന്നുകൂടാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ എറണാകുളത്ത് ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഇതിനിടയില്‍ അവന്‍ വിവാഹിതനായി. മകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മരുമകളെ സര്‍ക്കാര്‍ ജോലിയില്‍ കയറ്റണമെന്ന് പിതാവ് ആഗ്രഹിച്ചു. അതിനായി പിഎസ്സി എഴുതിക്കാന്‍ തുടങ്ങി. ഭാര്യ സര്‍ക്കാര്‍ ജോലിക്കാരിയാകുന്നത് ഭര്‍ത്താവിന് ഇഷ്ടമില്ലായിരുന്നു. എങ്കിലും അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ടെസ്റ്റുകള്‍ എഴുതിക്കൊണ്ടിരുന്നു. എല്ലാ ടെസ്റ്റുകളിലും വിജയിക്കാതെ വന്നപ്പോള്‍ ഒരു ടെസ്റ്റ് മകന്‍ അറിയാതെ മരുമകളെക്കൊണ്ട് പിതാവ് എഴുതിച്ചു. ഈ ടെസ്റ്റില്‍ അവള്‍ ജയിക്കുകയും സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്തു. താന്‍ അറിയാതെ മരുമകളെ പരീക്ഷ എഴുതിച്ച് ജോലിക്കാരിയാക്കിയതിന്‍റെ മനോവിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു.

ഇതേപോലെ മറ്റൊരു സംഭവമാണ് അടുത്തയിടെ ഹൈറേഞ്ചിലുണ്ടായത്. അയല്‍വാസിയായ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടു പോയതിനെ സദാചാരക്കാര്‍ തടഞ്ഞ് യുവാവിനെ ആക്രമിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു. നാട്ടിലാകെ വാര്‍ത്ത പടര്‍ന്നു. ഇതേ തുടര്‍ന്ന് യുവാവ് ആത്മഹത്യാശ്രമം നടത്തുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇങ്ങനെ ചെറുതും വലുതുമായ എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു. മാനസിക സംഘര്‍ഷമുള്ളവരെ കണ്ടെത്തി അവരിലെ ചിന്തകളെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള ബോധവത്ക്കരണം നല്‍കുന്നതിനായിട്ടാണ് ലോകാരോഗ്യ സംഘടന സെപ്തംബര്‍ 10 അന്താരാഷ്ട്ര ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ആ ദിനത്തിന്‍റെ ചിന്തകള്‍ പങ്കുവയ്ക്കുമ്പോള്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളവരില്‍ ദൃശ്യമാകുന്ന പ്രധാന പെരുമാറ്റ രീതികളെക്കുറിച്ചും മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

ആത്മഹത്യയുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ ഒന്നുപോലെ വര്‍ദ്ധിച്ചുവരുന്ന ഒരു പ്രവണത അല്ലെങ്കില്‍ കാലഘട്ടത്തിന്‍റെ ഒരു പ്രത്യേക ശൈലിയായി മാറിക്കൊണ്ടിരിക്കുകയാണിത്. ആനുകാലിക സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ ചില ആഗ്രഹങ്ങള്‍ സാധിക്കാത്തതിന്‍റെ, പ്രേമബന്ധങ്ങള്‍ നഷ്ടമായതിന്‍റെ, സംശയത്തിന്‍റെ, തെറ്റിദ്ധാരണയുടെ, പരാജയത്തിന്‍റെ, നഷ്ടബോധത്തിന്‍റെ ഒക്കെ പേരിലാണ് ആത്മഹത്യകള്‍ നടന്നിട്ടുള്ളത്. വികലമായ ചിന്തകളും കാഴ്ചപ്പാടുകളുമാണ് ഇതിന്‍റെ പ്രധാനപ്പെട്ട കാരണമായി കണക്കാക്കപ്പെടുന്നത്. പ്രശസ്ത മനഃശാസ്ത്രജ്ഞനായ കാള്‍റോജര്‍ പറയുന്നത്, "നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ജീവിതത്തിന്‍റെ ഉത്തരവാദി." സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍കൊണ്ട് അല്ലെങ്കില്‍ ചില വ്യക്തികള്‍ മൂലമാണ് എന്‍റെ ജീവിതം ഞാന്‍ നശിപ്പിച്ചതെന്ന് ഒരു വ്യക്തിക്കും പറയാന്‍ അവകാശമില്ലായെന്ന് അദ്ദേഹം പറയുന്നു. സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോഴും, ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ നേരിടേണ്ടി വരുമ്പോഴും അതിനോട് ഓരോരുത്തരും സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് അനുസരിച്ചാണ് പ്രശ്നങ്ങളെ പരിഹരിക്കാന്‍ കഴിയുന്നത്. ഒരു വ്യക്തിയുടെ മനസ്സില്‍കൂടെ കടന്നുപോകുന്ന ചിന്തകള്‍ എന്തെല്ലാമെന്ന് കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ സൂക്ഷ്മനിരീക്ഷണത്തിലൂടെ മറ്റുള്ളവരുടെ പെരുമാറ്റ രീതിയിലുള്ള വ്യത്യാസം, സംസാരത്തിലെ പ്രത്യേകതകള്‍ എന്നിവയിലൂടെ ഒരു വ്യക്തി മാനസിക സംഘര്‍ഷത്തിലൂടെ കടന്ന് പോകുന്നുണ്ടോയെന്ന് മനസ്സിലാക്കാന്‍ സാധിക്കും. പെട്ടെന്നൊരു നിമിഷത്തിലല്ല ആത്മഹത്യയ്ക്ക് വിധേയമാകുന്നത്. ആത്മഹത്യ ചെയ്ത വ്യക്തികളുടെ ഏറ്റവും അടുത്ത ആള്‍ക്കാരുമായി സംസാരിക്കുമ്പോള്‍ പലരും പറയുന്നത് ഇപ്രകാരമാണ് "ഒരു ആഴ്ചയായിട്ട് അല്ലെങ്കില്‍ ഒരു മാസമായിട്ട് അവന്/അവള്‍ക്ക് എന്തോ വിഷമം ഉള്ളത് പോലെ തോന്നിയിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ അത് കാര്യമായി എടുത്തില്ലായെന്നാണ്. സങ്കീര്‍ണമാകുന്ന ജീവിതസാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം പ്രവണതകള്‍ രൂപപ്പെടുന്നത്.

ആത്മഹത്യ പ്രവണതയുള്ളവരുടെ ലക്ഷണങ്ങള്‍ ഇവയാണ്:
* ഒന്നിനോടും താത്പര്യമില്ലായ്മ. തന്നെകൊണ്ട് ഒന്നും കഴിയില്ല എന്ന തോന്നല്‍. അമിതമായ ഉത്കണ്ഠ, ഭയം. എനിക്ക് എന്നെതന്നെ കൊല്ലാന്‍ തോന്നുന്നു, ഞാന്‍ മരിച്ചിരുന്നെങ്കില്‍… എന്ന സംസാര രീതികള്‍.

* എപ്പോഴും ഒറ്റയ്ക്ക് ആയിരിക്കുന്നതില്‍ താത്പര്യം കാണിക്കുക – എപ്പോഴും നിരാശ കലര്‍ന്ന സംസാരരീതി.

* മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ മടുപ്പ് കാണിക്കുക.

ഇങ്ങനെ തുടര്‍ച്ചയായി പെരുമാറ്റത്തില്‍ പ്രത്യേകതകള്‍ കാണിക്കുമ്പോഴും, ഇതുവരെ ഉണ്ടായിരുന്ന ജീവിതശൈലികളില്‍ അനാവശ്യ മാറ്റങ്ങള്‍ വരുത്തുമ്പോഴും നമുക്ക് ഒരു ശ്രദ്ധയുണ്ടാവുന്നത് നല്ലതാണ്. കാരണം ഇത്തരത്തില്‍ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ എപ്പോഴും സംഘര്‍ഷാവസ്ഥ പ്രകടിപ്പിക്കണമെന്നില്ല.

ജീവിതത്തിന്‍റെ പരുപരുത്ത നിമിഷങ്ങളില്‍ അതിനെ അതിജീവിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം നല്ല വ്യക്തിബന്ധങ്ങള്‍ ഉണ്ടായിരിക്കുകയെന്നുള്ളതാണ്. പ്രതീക്ഷകള്‍ അവസാനിക്കുമ്പോഴും ദുഃഖത്തിന്‍റെ താഴ്വരകളില്‍ നീ ഒറ്റയ്ക്കല്ല എന്ന ബോധ്യം മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയുമ്പോള്‍ മാത്രമെ വ്യക്തി ബന്ധത്തിന്‍റെ അര്‍ത്ഥം തിരിച്ചറിയാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് കൈത്താങ്ങായി മാറാന്‍ നമുക്ക് പരിശ്രമിക്കാം.

നമ്മുടെ സമയ പരിമിതികൊണ്ടോ സ്വാര്‍ത്ഥതകൊണ്ടോ ഒരു ജീവന്‍ പോലും നഷ്ടമാകാതിരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. ഒറ്റപ്പെടലുകളില്‍, തെറ്റിദ്ധാരണകളില്‍, പരാജയത്തില്‍, മറ്റുള്ളവരെ താങ്ങിനിര്‍ത്തുന്ന കരങ്ങളായി മാറിക്കൊണ്ട് ആത്മഹത്യയെ നമ്മുടെ കുടുംബത്തില്‍നിന്ന്, സമൂഹത്തില്‍നിന്ന്, ലോകത്തില്‍ നിന്നു തന്നെ ഇല്ലാതാക്കാന്‍ കഴിയട്ടെ.

(ലേഖിക കോട്ടയം ജീവ കൗണ്‍സിലിംഗ് & സൈക്കോതെറാപ്പി സെന്‍റര്‍ ഡയറക്ടറാണ്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org