രോഗഭയമില്ലാതെ ജീവിക്കാന്‍

രോഗഭയമില്ലാതെ ജീവിക്കാന്‍

ജെയിംസ് ലൂക്കാ
(പ്രസിഡന്‍റ്,
നാഷണല്‍ ഹെല്‍ത്തി മിഷന്‍)

കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകള്‍ക്കിടയില്‍ അത്ഭുതകരമായ വേഗതയിലാണ് ആധുനികശാസ്ത്രം വളര്‍ന്നുവന്നത്. മുന്‍തലമുറകളെ അപേക്ഷിച്ചു നമ്മുടെ ജീവിതം ഒട്ടുമിക്ക മേഖലയിലും തീര്‍ത്തും ആയാസരഹിതമായിക്കഴിഞ്ഞു. പ്രത്യേകിച്ചും അദ്ധ്വാനഭാരവും ദൂരവും വളരെ കുറഞ്ഞിട്ടുണ്ട്. പക്ഷേ, രോഗബാധിതരുടെ എണ്ണവും ചികിത്സാച്ചെലവുകളും മാത്രം അപകടകരമായ തോതില്‍ വര്‍ദ്ധിച്ചുവരുന്നതു വലിയൊരു വിരോധാഭാസമായി തീര്‍ന്നിരിക്കുന്നു.

നമ്മുടെ നാട്ടില്‍ അപകടകരമായ തോതില്‍ വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗം, കാന്‍സര്‍, കരള്‍-കിഡ്നി തകരാറുകള്‍, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കാനും ചികിത്സിച്ചു ഭേദപ്പെടുത്തുവാനും പുതിയ മാര്‍ഗം നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ കൃഷി അറിവുകളും ആഹാരഘടകങ്ങളിലെ ചെറിയ മാറ്റങ്ങളും പ്രയോഗക്ഷമമാക്കിയാല്‍ മാത്രം മതി രോഗപ്രതിരോധം എളുപ്പമുള്ളതായി മാറ്റാന്‍ കഴിയും. വന്നുകഴിഞ്ഞ രോഗങ്ങളെയാകട്ടെ ചികിത്സിച്ചു മാറ്റുവാന്‍ രാസമരുന്നുകള്‍ ഒഴിവാക്കിക്കൊണ്ടു യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത പുതിയ മാര്‍ഗവും കണ്ടെത്തിയിരി ക്കുന്നു. ഇതിന്‍റെ രത്നച്ചുരുക്കം ഇതാണ്. നമ്മുടെ രോഗങ്ങളുടെ കാരണങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളും തീര്‍ത്തും ലളിതമാണ്. പക്ഷേ, ഈ ലളിതമായ ശാസ്ത്രസത്യം ഒരിക്കലും പരസ്യമാകരുതെന്ന് ആഗ്രഹിക്കുകയാണു ലോകമെങ്ങുമുള്ള മരുന്നുനിര്‍മാണ കമ്പനികളും ആശുപത്രി വ്യവസായികളും എന്നതാണു പ്രധാന തടസ്സം.

എന്തുകൊണ്ടു രോഗങ്ങള്‍?
അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലുമുള്ള കൃഷി-ആരോഗ്യശാസ്ത്ര ഗവേഷകരാണ് ജീവന്‍റെ അടിസ്ഥാന ഘടകങ്ങളെയും അവയ്ക്കുണ്ടാകുന്ന രോഗങ്ങളുടെ കാരണങ്ങളെയും പരിഹാരമാര്‍ഗങ്ങളെയും കണ്ടെത്തിയിട്ടുള്ളത്. നമ്മുടെ മണ്ണിലും വായുവിലും ജലത്തിലും അടങ്ങിയിട്ടുള്ള നിരവധി മൂലകങ്ങളുടെ പിന്തുണയോടെയാണ് എല്ലാ വിഭാഗം ജീവികളുടെയും കോശങ്ങള്‍ നിലനില്ക്കുന്നതെന്നും ഈ മൂലകങ്ങള്‍ യഥേഷ്ടം ലഭിക്കാതെ വരുമ്പോഴാണു കോശങ്ങളില്‍ വിവിധ രോഗങ്ങള്‍ തുടക്കം കുറിക്കുന്നതെന്നുമാണ് ഇവരുടെ കണ്ടെത്തല്‍ അതുകൊണ്ട് ഇത്തരം മൂലകങ്ങള്‍ ഭക്ഷണം, വായു, ജലം എന്നിവ വഴി കൃത്യമായ അളവില്‍ കോശങ്ങള്‍ക്കു ലഭിക്കുകയാണെങ്കില്‍ ഒരു രോഗവും നമ്മെ ബാധിക്കുകയില്ലെന്നാണു പാശ്ചാത്യരാജ്യങ്ങളിലെ കൃഷി, ആരോഗ്യശാസ്ത്ര ഗവേഷകരുടെ കണ്ടെത്തല്‍.

നമ്മുടെ ആഹാരം
വായുവും ജലവും കഴിഞ്ഞാല്‍ നമ്മുടെ ജീവന്‍ പരിപോഷിപ്പിക്കുവാന്‍ ആവശ്യമായ ഭക്ഷണം മുഴുവനും നമുക്കു ലഭിക്കുന്നതു സസ്യലതാദികളില്‍ നിന്നു നേരിട്ടും ഇവയെ ആഹാരമാക്കുന്ന ഇതര പക്ഷിമൃഗാദികളില്‍ നിന്നുമാണല്ലോ. അതുകൊണ്ടുതന്നെ നമ്മുടെ ആഹാരം പോഷകമൂലകങ്ങള്‍ ഉള്ളവയായിരിക്കണമെന്നു വ്യക്തം. ആഹാരം പോഷകമൂലകങ്ങള്‍ നിറഞ്ഞവയായിരിക്കണമെങ്കില്‍ നമ്മുടെ മണ്ണു പോഷകസമൃദ്ധമായേ തീരൂ. പക്ഷേ, പരമ്പരാഗതമായ അജ്ഞതകൊണ്ടും ആധുനികമനുഷ്യന്‍റെ അത്യാര്‍ത്തികൊണ്ടും അനിയന്ത്രിതമായ മറ്റു കാരണങ്ങളാലും നമ്മുടെ കൃഷിഭൂമി മിക്കയിടത്തും ഇപ്പോള്‍ തീര്‍ത്തും പോഷകദാരിദ്ര്യമുള്ളതായി മാറിക്കഴിഞ്ഞു. അതുകൊണ്ടു നമ്മുടെ ആഹാരവും പോഷകസമൃദ്ധമല്ലാതായിത്തീരുന്നു. തദ്ഫലമായി പോഷകമൂലകങ്ങളുടെ ഗുരുതരമായ അഭാവം മലയാളികളില്‍ ഇപ്പോള്‍ വ്യാപകമാണ്.

കാടാണു മാതൃക
നമ്മുടെ വനങ്ങളില്‍ വളരുന്ന സസ്യലതാദികള്‍ക്കും വന്‍വൃക്ഷങ്ങള്‍ക്കും അവിടംകൊണ്ടു ജീവിക്കുന്ന പക്ഷിമൃഗാദികള്‍ക്കും രോഗങ്ങള്‍ അത്യപൂര്‍വമാണെന്നതു മാത്രം മതി ഇതു വ്യക്തമാകുവാന്‍. കഠിനമായ സൂര്യപ്രകാശം വനത്തിനുള്ളിലെ മണ്ണില്‍ പതിക്കുകയില്ലെന്നതും മണ്ണൊലിപ്പ് അവിടെ ഉണ്ടാകാറില്ലെന്നതും സസ്യലതാദികളും മൃഗങ്ങളും ചത്തടിഞ്ഞു മണ്ണ് അടിക്കടി ഫലഭൂയിഷ്ഠമാകുമെന്നതും വനത്തിന്‍റെ പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെ പോഷകങ്ങളുടെ അനന്തമായ അക്ഷയഖനിയാണു വനത്തിലെ മണ്ണ്. അവിടങ്ങളിലെ ചെടികള്‍ക്കും ജീവജാലങ്ങള്‍ക്കും രോഗകീടബാധകള്‍ ഉണ്ടാകാതിരിക്കുന്നതിന്‍റെ കാരണവും ഇതുതന്നെ.

നമ്മുടെ കൃഷിഭൂമിയുടെ അവസ്ഥ
ആയിരക്കണക്കിനു വര്‍ഷങ്ങളായി ഒരേതരം കൃഷി ഒരു സ്ഥലത്തു തുടര്‍ച്ചയായി ചെയ്യുന്നതും മണ്ണിളക്കിയുള്ള കൃഷിയും ശക്തമായ കാലവര്‍ഷംകൊണ്ടു മേല്‍മണ്ണു നഷ്ടപ്പെടുന്നതും സൂര്യപ്രകാശം നേരിട്ടു മണ്ണില്‍ പതിക്കുന്നതും എന്‍പികെ ഉപയോഗിച്ച് അടുത്ത കാലത്ത് ആരംഭിച്ച അമിതോത്പാദനവും പോലുള്ള കാരണങ്ങളാല്‍ നമ്മുടെ കൃഷി ഭൂമിയിലെ പോഷകഘടകങ്ങള്‍ മിക്കതും നാമമാത്രമായിത്തീര്‍ന്നു. ഈ മണ്ണില്‍ വിളയുന്ന ഭക്ഷണത്തിന്‍റെ പോഷകരാഹിത്യമാണ് ഇപ്പോഴത്തെ ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. കൃഷി ശാസ്ത്രജ്ഞന്മാര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ മണ്ണിനെ പോഷകസമൃദ്ധമാക്കിക്കൊണ്ടുള്ള കൃഷിരീതികളിലേക്കു മലയാളികള്‍ ചുവടുമാറ്റം നടത്തിയാല്‍ മാത്രമേ അപകടകരമായ ഇപ്പോഴത്തെ രോഗാതുരതയെ കുറച്ചുകൊണ്ടുവരാനും ഇല്ലാതാക്കാനും കഴിയുകയുള്ളൂ.

ശാസ്ത്രീയ സത്യങ്ങള്‍ അവഗണിക്കരുത്
നമ്മുടെ മണ്ണും പരിസരവും ജീവന്‍റെ നിലനില്പിനും അഭിവൃദ്ധിക്കും ഉപകരിക്കുന്ന വിധത്തില്‍ മുമ്പു സ്വയം സമ്പൂര്‍ണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ലാതായി. ഇതു തിരിച്ചറിഞ്ഞു പ്രായശ്ചിത്തം ചെയ്യുവാന്‍ നാം തയ്യാറാവുകയാണു വേണ്ടത്. പ്രത്യേകിച്ചും ജൈവകൃഷിയില്‍ ഏര്‍പ്പെട്ടവരുടെ സാമൂഹ്യപ്രതിബദ്ധത അര്‍ത്ഥപൂര്‍ണമായി തീരണമെങ്കില്‍ ഇതു കൂടിയേ തീരൂ. പക്ഷേ, ഇതിനു തയ്യാറാകാതെ പരമ്പരാഗത ധാരണകളിലും അബദ്ധവിശ്വാസങ്ങളിലും കുടുങ്ങിക്കിടക്കുകയാണു മലയാളികളില്‍ ഭൂരിഭാഗവും. അര്‍ദ്ധസത്യങ്ങളുടെ മാത്രം പിന്തുണയുള്ള ജൈവകൃഷിയിലും പ്രകൃതിചികിത്സയിലും യോഗ-വ്യായാമ മാര്‍ഗങ്ങളിലും ആരോഗ്യസുരക്ഷിതത്വം നേടാമെന്നതു വസ്തുനിഷ്ഠമല്ല. ഭാഗികനേട്ടങ്ങള്‍ മാത്രമേ ഇതുവഴി സാദ്ധ്യമാവുകയുള്ളൂ. അതുകൊണ്ടു ജീവന്‍റെ അടിസ്ഥാനരഹസ്യങ്ങളും രോഗങ്ങളുടെ കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരെ അംഗീകരിക്കുകയും അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു ജൈവകൃഷികളെ അപ്ഡേറ്റ് ചെയ്യുവാന്‍ എല്ലാവരും തയ്യാറാകുകയും വേണം. പരിസ്ഥിതി സംരക്ഷണവും ആരോഗ്യസുരക്ഷിതത്വവും നേടുവാന്‍ വേണ്ടി ഉത്സാഹപൂര്‍വം ജൈവകൃഷിയിലേക്ക് ഇറങ്ങിത്തിരിച്ച കര്‍ഷകര്‍ക്കും അവരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്കും കൃത്യമായ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഇങ്ങനെ ചെയ്തേ തീരൂ.

മണ്ണിനെ പോഷകസമൃദ്ധമാക്കുവാന്‍?
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത അനുപാതത്തിലാണു പോഷകഘടകങ്ങളുടെ അഭാവം കണ്ടെത്തിയിട്ടുള്ളത്. ഓരോ സോണിലുമുള്ള പോരായ്മകള്‍ നികത്തുന്നതിനു വ്യത്യസ്ത മൈക്രോ ന്യൂട്രിന്‍സ് കോമ്പൗണ്ടുകളും കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളും കാര്‍ഷിക കോളജുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ വാങ്ങി സ്വന്തം കൃഷിയിടങ്ങളില്‍ ഉപയോഗിച്ചു കൃഷി ചെയ്യുവാനുള്ള ബോധവത്കരണം വ്യാപകമായി നടത്തേണ്ടിയിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ കൃഷി അഭിവൃദ്ധിക്കു വേണ്ടി വ്യത്യസ്ത ഡിപ്പാര്‍ട്ടുമെന്‍റുകള്‍ പരസ്പരധാരണയില്ലാതെ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഇത്തരം പുതിയ കൃഷി അറിവുകള്‍ കര്‍ഷകരില്‍ ശരിക്കും എത്തുന്നില്ലെന്നതാണു പ്രധാന ന്യൂനത.

മണ്ണിനെ പോഷകസമൃദ്ധമാക്കിയാല്‍ മാത്രം മതിയോ?
പുതിയ കൃഷി അറിവുകള്‍ പ്രചരിച്ചാല്‍ മാത്രം പോരാ, നമ്മുടെ ഭക്ഷണരീതികളിലും ചില മാറ്റങ്ങള്‍ വരുത്തണം. ഇലക്കറികളും വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ചേര്‍ന്ന് 600 ഗ്രാം ഭക്ഷണം പ്രതിദിനം കഴിക്കുന്ന ശീലത്തിലേക്കു മലയാളികള്‍ മാറണം. പഴങ്ങള്‍ പുളിരസം ഉള്ളതുതന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഭക്ഷണത്തില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും ധാരാളം വരുന്ന വിധം ഇതിനെ ക്രമീകരിക്കണം. ഇതിന്‍റെ വിവിധ വശങ്ങള്‍ വിശദീകരിക്കാന്‍ ഈ ലേഖനത്തില്‍ പരിമിതികളുണ്ട്.

വിറ്റാമിനുകള്‍
ജൈവ രാസപ്രവര്‍ത്തനങ്ങള്‍ അഭംഗുരം നടക്കണമെങ്കില്‍ ധാതുലവണങ്ങള്‍ക്കൊപ്പം വിറ്റാമിനുകളും അത്യാവശ്യമാണ്. വൈറ്റമിന്‍ സി, ഇ, ബി കോംപ്ലക്സുകള്‍ ഒമേഗ-3 എന്നിവ അത്യാവശ്യ ഘടകങ്ങളാണ്. വേവിക്കുമ്പോള്‍ ഭക്ഷണസാധനങ്ങളിലുള്ള വിറ്റാമിനുകള്‍ ഒന്നുംതന്നെ ലഭിക്കുകയില്ലെന്നതാണു പ്രധാന തടസ്സം. അതുകൊണ്ടാണു വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തി ന്‍റെ ഭാഗമാക്കണമെന്നു ശാസ്ത്രജ്ഞന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഭക്ഷണം വഴി ഇവ ആവശ്യത്തിനു ലഭിക്കാത്ത പരിതസ്ഥിതിയിലാണു മിക്കപ്പോഴും പലവിധ രോഗങ്ങളും ഉരുത്തിരിഞ്ഞു വരുന്നത്. ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളെ ഭേദമാക്കുവാന്‍ മേല്പറഞ്ഞ വിറ്റാമിനുകള്‍ രാസരൂപത്തിലാണെങ്കില്‍പ്പോലും അധികഡോസായി നല്കിയാല്‍ ജലദോഷം മുതല്‍ കാന്‍സര്‍ വരെയുള്ള എല്ലാ രോഗങ്ങളും സുഖപ്പെടുത്താമെന്നു പാശ്ചാത്യരാജ്യങ്ങളിലെ ആരോഗ്യശാസ്ത്ര ഗവേഷകര്‍ തെളിയിക്കുകയുണ്ടായി.

വേറിട്ടു ചിന്തിക്കാന്‍ ശീലിച്ച അമേരിക്കയിലെ ഒരു ശാസ്ത്രപ്രതിഭയായിരുന്നു ഡോ. മത്യാസ് രത് എം.ഡി. ശാസ്ത്രത്തിന്‍റെ ശ്രീകോവിലായ സ്റ്റാന്‍ഫെഡ് യൂണിവേഴ്സിറ്റിയായിരുന്നു ഇദ്ദേഹത്തിന്‍റെ ഗവേഷണ പഠനകേന്ദ്രം. ഹൃദ്രോഗം മാറ്റുവാനുള്ള ഒറ്റമൂലി കണ്ടുപിടിച്ചുവെന്നു ലോകത്തോട് ഇദ്ദേഹം പ്രഖ്യാപിച്ചത് ഇവിടെവച്ചായിരുന്നു. ഭക്ഷണം വഴി നമുക്ക് ഇപ്പോള്‍ ലഭിക്കാത്തതും ശരീരകോശങ്ങള്‍ക്ക് അത്യാവശ്യവുമായ വൈറ്റമിന്‍ സി ധാരാളമായി നല്കിയാല്‍ ഹൃദ്രോഗം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇദ്ദേഹമാണു തെളിയിച്ചത്. പക്ഷേ, ഈ ലളിതമാര്‍ഗം പരസ്യമായാല്‍ ലോകമെങ്ങുമുള്ള ഹൈടെക് കാര്‍ഡിയോളജി സ്ഥാപനങ്ങളുടെ പ്രസക്തി ഇല്ലാതാകും. അതുകൊണ്ടുതന്നെ ഇത്തരം ലളിതമാര്‍ഗങ്ങള്‍ അന്നുമുതല്‍ തമസ്കരിക്കപ്പെടുന്നതു പതിവായിക്കഴിഞ്ഞു.

ബാക്കിപത്രം
നാം ചെയ്യുന്ന കൃഷികള്‍ക്കും നമ്മള്‍ വളര്‍ത്തുന്ന പക്ഷിമൃഗാദികള്‍ക്കും രോഗ-കീടബാധകള്‍ ഉണ്ടാകുന്നതിന്‍റെ കാരണങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളും തീര്‍ത്തും ലളിതമാണെന്ന ശാസ്ത്രസത്യം കുഴിച്ചുമൂടപ്പെട്ടുവെന്നതാണു പില്ക്കാലചരിത്രം. എങ്കിലും അമേരിക്ക, മെക്സിക്കോ, ജര്‍മനി, ആസ്ത്രേലിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള പല ഡോക്ടര്‍മാരും വൈറ്റമിന്‍ സി, ഇ, ബി കോംപ്ലക്സുകള്‍, മഗ്നീഷ്യം തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടു ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങി എല്ലാ രോഗങ്ങളെയും ചികിത്സിച്ചു ഭേദപ്പെടുത്തുന്നുണ്ട്. ബദല്‍ ചികിത്സയെന്നാണ് അഭിമാനപൂര്‍വം ഈ ചികിത്സയെ വിശേഷിപ്പിക്കുന്നത്. അതേ, ലോകമെങ്ങുമുള്ള ആരോഗ്യപ്രതിസന്ധികള്‍ ശരിക്കും പരിഹരിക്കാനുതകുന്ന ശാസ്ത്രീയബദല്‍ ഇതു മാത്രമാണ്. ജീവന്‍റെ അടിസ്ഥാനനിയമങ്ങള്‍ ലംഘിക്കപ്പെടുന്നിടത്താണു രോഗങ്ങള്‍ ഉണ്ടാകുക. ഇതു ക്രിയാത്മകമായി തിരുത്തുകയും അടിസ്ഥാന നിയമങ്ങള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ആരോഗ്യം തിരിച്ചെത്തുകയും ചെയ്യും.

പരിസമാപ്തി
ഇതേക്കുറിച്ചു കൂടുതല്‍ അറിയാന്‍, www.doctoryourself.com, www.mgwater.com, www. healthy mission.in എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക. 9447779340 എന്ന നമ്പറില്‍ ബന്ധപ്പെടുക. ആരോഗ്യവിഷയങ്ങളില്‍ താത്പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മുന്‍കയ്യെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org