Latest News
|^| Home -> Cover story -> സഭ നിത്യയൗവനത്തിന്‍റെ നിറവിലേയ്ക്ക്

സഭ നിത്യയൗവനത്തിന്‍റെ നിറവിലേയ്ക്ക്

Sathyadeepam

ഒക്ടോബര്‍ 3-28 തീയതികളിലായി റോമില്‍ നടന്ന ആഗോളമെത്രാന്‍ സിനഡില്‍ സംബന്ധിച്ച കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് തന്‍റെ ദര്‍ശനങ്ങളും അനുഭവങ്ങളും സത്യദീപവുമായി പങ്കുവയ്ക്കുന്നു.

യുവജനങ്ങളെ കേന്ദ്രവിഷയമാക്കി കത്തോലിക്കാസഭ നടത്തിയ ആഗോള മെത്രാന്‍ സിനഡിന്‍റെ ആസൂത്രണത്തിലും നടത്തിപ്പിലും വളരെയേറെ പുതിയ സമീപനങ്ങള്‍ പ. പിതാവിന്‍റെയും സിനഡ് സെക്രട്ടേറിയറ്റിന്‍റെയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഈ സിനഡിനുള്ള ഒരുക്കങ്ങള്‍ മറ്റു സിനഡുകളേക്കാള്‍ വ്യാപകമായി നടത്തിയിരുന്നു. സിനഡിനു വേണ്ടി ലോകത്തിലെ എല്ലാ രൂപതകളിലും ചര്‍ച്ചകളും അഭിപ്രായസമാഹരണവും ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള രൂപതകളില്‍നിന്നു യുവജനപ്രതിനിധികളെ റോമില്‍ സമ്മേളിപ്പിച്ച് ഒരു പ്രീസിനഡല്‍ സമ്മേളനം നടത്തി. യുവജനങ്ങള്‍ക്കു പ. പിതാവിനോടും സഭയോടുമുള്ള പ്രതികരണങ്ങളും കാഴ്ചപ്പാടുകളും ശേഖരിക്കാന്‍ അതുപകരിച്ചു.

യുവജനങ്ങളും മറ്റുള്ളവരും ഓണ്‍ലൈനായി അഭിപ്രായങ്ങളറിയിക്കുകയും അവയെല്ലാം അവിടെ രേഖപ്പെടുത്തുകയും ചെയ്തു. “യുവജനങ്ങള്‍, വിശ്വാസം, ദൈവവിളി തിരിച്ചറിയല്‍” എന്ന പ്രമേയം സംബന്ധിച്ച അഭിപ്രായങ്ങള്‍ ആര്‍ക്കും അറിയിക്കാനുള്ള അവസരമുണ്ടായിരുന്നു. സാധാരണ സിനഡുകള്‍ക്ക് രൂപതകളില്‍ നിന്നുള്ള ചര്‍ച്ചകള്‍ മാത്രമേ സമാഹരിച്ചിരുന്നുള്ളൂ. ഇത് യുവജനങ്ങളെ സംബന്ധിച്ചായതുകൊണ്ട് ഇത്തരത്തില്‍ വ്യത്യസ്തമായ തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നു. ഇങ്ങനെ സഭയുടെ വിവിധ തലങ്ങളിലുള്ള ആശയവിനിമയത്തിനും അഭിപ്രായസമാഹരണത്തിനും ശേഷമാണ് സിനഡിന്‍റെ ശരിയായ സമ്മേളനത്തിലേയ്ക്കു പ്രവേശിച്ചത്.

സാധാരണ സിനഡുകളില്‍ നിന്നു വ്യത്യസ്തമായി, യുവജന പ്രേഷിതത്വവുമായി ബന്ധപ്പെട്ട വ്യക്തികളാണു കൂടുതലും അവിടെ വന്നിരുന്നത്. പിതാക്കന്മാരായാലും അല്മായപ്രതിനിധികളായാലും ഇതു ശരിയായിരുന്നു. യുവജനപ്രതിനിധികള്‍ 36 പേരുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍. യുവജനങ്ങളുടെ സാന്നിദ്ധ്യം ഒക്ടോബര്‍ 3 മുതല്‍ 28 വരെയുള്ള സിനഡ് ദിനങ്ങളില്‍ എല്ലാ ദിവസവും സിനഡ് ഹാളില്‍ ഉണ്ടായിരുന്നത് ഒരു സവിശേഷതയാണ്. അവരുടെ പ്രതികരണങ്ങള്‍ സിനഡല്‍ സമ്മേളനത്തെ സജീവമാക്കിയിരുന്നു. ഉദാഹരണത്തിന്, പ്രഭാഷണങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആരവം മുഴക്കിയാണ് അവര്‍ സ്വീകരിച്ചിരുന്നത്. ഇത് സിനഡിന്‍റെ സജീവതയും ആസ്വാദ്യതയും വര്‍ദ്ധിപ്പിച്ചു. യുവജനങ്ങള്‍ക്കും മറ്റു പ്രതിനിധികള്‍ക്കൊപ്പം നാലു മിനിറ്റു വീതം ചര്‍ച്ചകളില്‍ ഇടപെട്ടു സംസാരിക്കാനുള്ള അവസരം നല്‍കിയിരുന്നു. ഈ ഇടപെടലുകളിലെല്ലാം പുത്തന്‍ ആശയങ്ങള്‍ യുവജനപ്രേഷിതത്വത്തെ കുറിച്ച് ഉണ്ടാകുകയും ചെയ്തു.

യുവജനങ്ങള്‍, അവരുടെ വിശ്വാസം, ദൈവവിളി തിരിച്ചറിയല്‍ എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകളെല്ലാം. എങ്കിലും യുവജനപ്രേഷിതത്വത്തിന്‍റേയും സഭയുടെ ആനുകാലിക സാക്ഷ്യത്തിന്‍റേതുമായ പല വശങ്ങളും അവിടെ ഉരുത്തിരിഞ്ഞു വന്നുകൊണ്ടിരുന്നു. സിനഡില്‍ ഒരു മെത്രാന്‍ പറഞ്ഞത് എനിക്കു ശ്രദ്ധേയമായി തോന്നി: “യുവജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും എന്നു മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ സിനഡിലേയ്ക്കു വന്നത്. പക്ഷേ ഇവിടെ വന്നു കഴിഞ്ഞപ്പോള്‍ എന്‍റെ ആലോചന, യുവജനങ്ങളോടൊപ്പം സഭയുടെ ദൗ ത്യം എങ്ങനെ നിര്‍വഹിക്കാന്‍ കഴിയും എന്നതാണ്.” യുവജനങ്ങള്‍ക്കു വേണ്ടി എന്നതിനേക്കാള്‍ യുവജനങ്ങളോടൊപ്പം എങ്ങനെ എന്ന ചിന്ത കൂടുതല്‍ നവീനവും പ്രസക്തവുമാണ്. യുവജനങ്ങളുടെ സാന്നിദ്ധ്യം സിനഡില്‍ ഉറപ്പു വരുത്തിക്കൊണ്ട് സിനഡ് നടത്തിപ്പില്‍ തന്നെ സഭയിലുണ്ടാകേണ്ട ശൈലി പ. പിതാവ് നമുക്കു കാണിച്ചു തരികയും ചെയ്തു.

യുവജനങ്ങളെ ഒരു ശല്യമായി കരുതുന്ന അജപാലകരുണ്ടാകാം. യുവജനങ്ങളുടെ പ്രേഷിതത്വം ക്ലേശകരമായി കരുതുന്ന വൈദികരും മറ്റു പ്രേഷിതരും പല സ്ഥലങ്ങളിലുമുണ്ട്. യുവജനങ്ങള്‍ തന്നെ സ്വയം സഭയില്‍ നിന്നു വിട്ടകന്നു ജീവിക്കുന്ന സാഹചര്യം പല രാജ്യങ്ങളിലുമുണ്ട്. അവര്‍ അവരുടേതായ ലോകത്ത്, സഭ മറ്റൊരു ലോകത്ത് എന്ന രീതിയിലായിപ്പോയിട്ടുണ്ട്, പലയിടങ്ങളിലും. അതിനെല്ലാം വ്യത്യാസം ഉണ്ടാകത്തക്ക രീതിയില്‍ യുവജനങ്ങളുമായി സംഭാഷണം നടത്തുക, അവരെ കണ്ടെത്തുക, അവര്‍ക്കായി ഇറങ്ങിത്തിരിക്കുക എന്ന ഒരാശയം ഈ സിനഡില്‍ ഉണ്ടായിട്ടുണ്ട്.

ഭാരതസഭയില്‍നിന്ന് ഈ സിനഡിനുള്ള സംഭാവനകളും സവിശേഷമായിരുന്നു. ഭാരതത്തില്‍ യുവജനങ്ങള്‍ക്കു സഭാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യമുണ്ട്. ഇവിടെ യുവജനങ്ങള്‍ തങ്ങളുടേതായ പ്രസ്ഥാനങ്ങളുമായി സഭാപ്രവര്‍ത്തനങ്ങളില്‍ ഒരര്‍ത്ഥത്തില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നവരാണ്. അങ്ങനെയൊരു സവിശേഷത ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയില്‍നിന്ന് ഞങ്ങള്‍ 9 മെത്രാന്മാരാണ് സിനഡില്‍ പങ്കെടുത്തത്. 9 പിതാക്കന്മാരും അവരുടേതായ സംഭാവനകള്‍ സിനഡില്‍ നല്‍കി.

കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്ത്യയിലെ യുവജനങ്ങളുടെ പ്രത്യേകതകളാണ് അവതരിപ്പിച്ചത്. ഇന്ത്യന്‍ യുവജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ്, വിശ്വാസത്തില്‍ പ്രയാസങ്ങളുണ്ടാകുമ്പോള്‍ സഭയെ ക്രിയാത്മകമായി വിമര്‍ശിക്കുവാന്‍ മുന്നോട്ടു വരുന്നവരാണ്, ആഗോളവത്കരണത്തിന്‍റെ അനന്തരഫലങ്ങള്‍ ഭാരതീയയുവജനങ്ങളേയും സ്വാധീനിക്കുന്നുണ്ട് എന്നെല്ലാം കാര്‍ഡിനല്‍ എടുത്തു പറഞ്ഞു.

ബിഷപ് ഹെന്‍റി ഡിസൂസ യുവജനങ്ങളുമായി വളരെയേറെ അടുത്തു പ്രവര്‍ത്തിക്കുന്നയാളാണ്. യുവജനങ്ങളെ കേള്‍ക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം സമര്‍ത്ഥിച്ചു. സഭയ്ക്കു പ്രയോജനകരമായ ധാരാളം ആശയങ്ങള്‍ ഉള്ളവരാണ് യുവജനങ്ങളെന്ന് അദ്ദേഹം വിശദീകരിച്ചു. അതു സഭ പ്രയോജനപ്പെടുത്തണം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബിഷപ് സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ ആവശ്യപ്പെട്ടത്, യുവജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ വൈദികര്‍ക്കു വേണ്ടത്ര പരിശീലനം ഉണ്ടോ എന്നു സഭ പരിശോധിക്കണമെന്നാണ്. പല വൈദികരും യുവജനപ്രേഷിതത്വത്തിനു മടിച്ചു നില്‍ക്കുകയാണ്. അവര്‍ക്കതിനുള്ള കഴിവില്ലായെന്നുള്ള ഒരു തോന്നലുള്ളതുകൊണ്ടുള്ള ഈ വിമുഖത യുവജനങ്ങള്‍ സഭയോടു ചേരുന്നതിനു വിഘാതമാകുന്നുണ്ടോയെന്ന സംശയം പിതാവ് പങ്കുവച്ചു. മറ്റു വിഷയങ്ങളും പിതാവ് പരാമര്‍ശിച്ചു.

ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് വിവരിച്ചത് സീറോ മലബാര്‍ സഭയിലെ യുവജനപ്രേഷിതത്വത്തിന്‍റെ സവിശേഷതകളാണ്. പിതാക്കന്മാര്‍ സാധാരണ യുവജനങ്ങളുടെ വലിയ വലിയ സമ്മേളനങ്ങളിലാണ് സംസാരിക്കുകയും സാന്നിദ്ധ്യം നല്‍കുകയും ചെയ്യുക. അതിനു പകരം യുവജനങ്ങളുടെ ചെറിയ ഗ്രൂപ്പുകളിലേയ്ക്കാണു മെത്രാന്മാരും വൈദികരും ഇറങ്ങി ചെല്ലേണ്ടതെന്നും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ഇന്നു വളരെയേറെ പ്രാധാന്യമുണ്ടെന്നും പണ്ടാരശ്ശേരില്‍ പിതാവു പറഞ്ഞു. യുവജനങ്ങള്‍ ചെറിയ ഗ്രൂ പ്പുകളില്‍ ആയിരിക്കുമ്പോള്‍ കൂടുതല്‍ തുറന്ന മനസ്സോടെ സംസാരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്രോസും യോഹന്നാനും യേശുവിനെ കാണാന്‍ ഓടിയ കാര്യം പറഞ്ഞുകൊണ്ട് ബിഷപ് ജോസഫ് പാംപ്ലാനി, യുവജനങ്ങളുടെ സ്വാഭാവികമായ ഒരു പ്രവണതയാണ് മുമ്പേ ഓടുവാനുള്ള കഴിവും താത്പര്യവും എന്നു പറഞ്ഞു. യുവജനങ്ങള്‍ അ പ്രകാരം മുമ്പേ ഓടുന്നുവെങ്കിലും യോഹന്നാന്‍ കല്ലറയില്‍ ചെന്നു നിന്നതു പോലെ നില്‍ക്കാന്‍ ഉള്ള മനോഭാവം കാണിക്കുകയാണെങ്കില്‍ മുതിര്‍ന്ന തലമുറയോടൊപ്പം കര്‍ത്താവിനെ കാണാന്‍ കല്ലറയില്‍ പ്രവേശിക്കാന്‍ കഴിയും എന്ന ആശയം പ്രതീകാത്മകമായി അദ്ദേഹം അവതരിപ്പിച്ചു. ഈ ആശയമവതരിപ്പിച്ചതിനു പ.പിതാവ് പാംപ്ലാനിപ്പിതാവിനെ പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.

ബിഷപ് വിന്‍സെന്‍റ് ബറുവാ കാന്ദമാലില്‍ നടന്ന പീഡനങ്ങളെ കുറിച്ചാണു സംസാരിച്ചത്. എത്ര പീഡിപ്പിക്കപ്പെട്ടാലും കര്‍ത്താവിനെ കൈവെടിയില്ല എന്ന ധീരതയോടെ നിലയുറപ്പിച്ച ക്രൈസ്തവരുടെ സാക്ഷ്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. വിശ്വാസത്തില്‍ സ്ഥിരപ്പെട്ടു നില്‍ക്കുന്ന ധാരാളം യുവജനങ്ങളുണ്ടെന്ന് അദ്ദേഹം അതുവഴി സമര്‍ത്ഥിച്ചു.

അധികാരം ശുശ്രൂഷയ്ക്കു വേണ്ടിയാണെന്നു നാം പറയാറുണ്ട്. അതില്‍ കവിഞ്ഞ ഒരു വിശദീകരണം പ. പിതാവിനെ ഉദ്ധരിച്ചുകൊണ്ട് ഒരാള്‍ പങ്കുവച്ചു. അധികാരം വളരാനും മറ്റുള്ളവരെ വളര്‍ത്താനുമാണ്. വളരാനും വളര്‍ത്താനുമുള്ള ഒരു നിയോഗമായി അധികാരത്തെ കാണണം. അത് ആരുടെ മേലും അടിച്ചേല്‍പിക്കാനുള്ളതല്ല. അധികാരം ശുശ്രൂഷയ്ക്കു വേണ്ടിയുള്ളതാണെന്നു പറയുമ്പോള്‍, ആര്‍ക്കു വേണ്ടി അധികാരം നല്‍കപ്പെട്ടിരിക്കുന്നുവോ അവരെയെല്ലാം തങ്ങളോടൊപ്പം വളര്‍ത്താനുള്ള ഒരു നിയോഗമായി അതിനെ കാണുകയാണെങ്കില്‍ നാം സദാ മറ്റുള്ളവരുടെ സേവനത്തിലാണ് എന്നു പറയാം. സഭയുടെ വളര്‍ച്ചയുടേതായ ഒരു നിയോഗമാണ് അധികാരത്തിനുള്ളത്. ഇത് എല്ലാ തലങ്ങളിലുമുള്ളവരും എല്ലാ ശുശ്രൂഷകളിലുമുള്ളവരും മനസ്സിലാക്കണം.

ഇന്ത്യയില്‍ ആരംഭിച്ച് ഇന്‍റര്‍നാഷണലായ തലത്തിലേയ്ക്കു വളര്‍ന്ന ജീസസ് യൂത്തിനു പ. പിതാവ് പൊന്തിഫിക്കല്‍ പദവി കൊടുത്തത് വലിയൊരു അംഗീകാരമായി എന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നു. അപ്രകാരം സ്വയം രൂപപ്പെട്ട ഒരു പ്രസ്ഥാനമാണ് ഫിയാത്ത്. ഫിയാത്ത് സുവിശേഷവത്കരണത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അവരും ഇപ്പോള്‍ ഇന്ത്യയില്‍ നല്ല രീതിയില്‍ വ്യാപിച്ചിട്ടുണ്ട്. ഇത്തരം എല്ലാ യുവജനപ്രസ്ഥാനങ്ങള്‍ക്കും സഭയില്‍ അംഗീകാരമുണ്ടാകണം എന്നു ഞാന്‍ പറഞ്ഞു.

യുവജനങ്ങളെ അനുധാവനം ചെയ്യുന്നതിനൊപ്പം സഭാധികാരികളെ അനുധാവനം ചെയ്യാന്‍ യുവജനങ്ങളെ അനുവദിക്കുകയും വേണം. അവര്‍ക്കു സുവിശേഷവേലയുടെ സ്വന്തമായ പദ്ധതികളും ശുശ്രൂഷകളുമായി രംഗത്തു വരാനും ആത്മാവിന്‍റെ പ്രചോദനങ്ങള്‍ സ്വീകരിക്കാനും അവകാശമുണ്ട്. അങ്ങനെ സംഭവിക്കാറുണ്ട്. അവരെ സഭയോടു ചേര്‍ത്തു നിറുത്തിയാല്‍ അവര്‍ വഴിയായി ധാരാളം പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. മെത്രാന്മാരും വൈദികരും അവര്‍ക്കൊപ്പം നിന്നാല്‍ മതിയാകും. എല്ലാ വരങ്ങളും ദാനങ്ങളും ലഭിക്കുന്നതു മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും മാത്രമല്ല. സഭാംഗങ്ങളില്‍ എല്ലാവര്‍ക്കും വരങ്ങളും ദാനങ്ങളുമുണ്ട്. ആ വരങ്ങളുടേയും ദാനങ്ങളുടേയും ഫലമായി, സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിനുള്ള പുത്തന്‍പദ്ധതികളും പരിപാടികളുമായി വരാന്‍ എല്ലാ യുവജനപ്രസ്ഥാനങ്ങളേയും ആത്മാവ് പ്രചോദിപ്പിക്കുന്നുണ്ട്. ആ പ്രചോദനത്തിന്‍റെ ഫലങ്ങളെ എല്ലാ സഭാംഗങ്ങളില്‍നിന്നും സ്വീകരിക്കാന്‍ നാം തയ്യാറാകണം.

സ്കൂളുകളും കോളേജുകളും നടത്തുന്ന മെത്രാന്മാരും സമര്‍പ്പിതരും പറഞ്ഞു, “കുട്ടികളും യുവാക്കളുമാണ് സഭ കൂടുതല്‍ പരിഗണനയും കരുതലും നല്‍കേണ്ടവര്‍. അവരിലാണു നാം കൂടുതല്‍ നിക്ഷേപം നടത്തേണ്ടത്. അങ്ങനെയെങ്കില്‍ സഭയെന്നും യൗവനത്തോടെ നില്‍ക്കും.”

യേശു നിത്യയുവാവാണ് എന്ന വസ്തുത സിനഡില്‍ വിശദീകരിക്കപ്പെട്ടു. അതുപോലെ സഭയേയും നിത്യയൗവനത്തിലേയ്ക്കു കൊണ്ടു വരാന്‍ നമുക്കു സാധിക്കും. ഏതു പ്രായത്തിലുള്ളവര്‍ക്കും ഈ യൗവനമനോഭാവത്തിലേയ്ക്കു വന്നു സഭയെ അതിന്‍റെ വളര്‍ച്ചയുടെ തലത്തില്‍ നിലനിറുത്താന്‍ സാധിക്കും.

എല്ലാ മനുഷ്യരും എന്തോ തേടിക്കൊണ്ടിരിക്കുകയാണ്. ഈ അ ന്വേഷണവും കണ്ടെത്തലും എല്ലാ ജീവിതത്തിലുമുണ്ട്. യൗവനത്തില്‍ ഇതു സ്വാഭാവികമായി സംഭവിക്കുന്നു. എല്ലാവരും ബൗദ്ധികമായിട്ടായിരിക്കണം അന്വേഷിക്കുക എന്നു പറയാനാവില്ല. ചിലര്‍ വൈകാരികവും മറ്റു ചിലര്‍ സാംസ്കാരികവുമായ തലങ്ങളിലായിരിക്കും അന്വേഷണം നടത്തുക. വിവിധങ്ങളായ വികാര വിചാരങ്ങളോടു കൂടിയാണ് മനുഷ്യര്‍ നന്മയ്ക്കായുള്ള അന്വേഷണം നടത്തുക. ആ അന്വേഷണത്തില്‍ അവരെ സഹായിക്കുക സഭയുടെ കടമയാണ്, അവര്‍ ഏതു മതങ്ങളില്‍ ഉള്ളവരാണെങ്കിലും.

ഡിജിറ്റല്‍ ലോകത്തോട് യുവജനങ്ങള്‍ക്കുള്ള താത്പര്യവും ചര്‍ച്ചാവിഷയമായി. യുവജനങ്ങളോടു അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ ഡിജിറ്റല്‍ ലോകത്തില്‍ ഇടപെടേണ്ടതുണ്ട്. സഭയില്‍ മുഴുവന്‍ ഒരു ഡിജിറ്റല്‍ സംസ്കാരം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്കിടയിലുണ്ടാകാനിടയുള്ള ലൈംഗികാഭിമുഖ്യങ്ങള്‍ ചര്‍ച്ചാവിഷയമായി. പരിശീലനം സിദ്ധിച്ച അജപാലകരും ആത്മീയ ശുശ്രൂഷകരും വഴി, എല്ലാത്തരം യുവജനങ്ങളേയും സഭയോടു ചേര്‍ത്തു നിര്‍ത്തുവാനുള്ള സംവിധാനമുണ്ടാകണം. ഇത്തരം വിഷയങ്ങളില്‍ യുവജനങ്ങള്‍ക്കു മാര്‍ഗദര്‍ശനം കൊടുക്കാന്‍ കഴിയുന്നവരെ സഭ പരിശീലിപ്പിച്ചെടുക്കണം.

സെമിനാരികളിലെല്ലാം വൈദികരുടെ പരിശീലനം സമര്‍പ്പിതരുടേയും അല്മായരുടേയും സാന്നിദ്ധ്യത്തിലാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നു. ആത്മീയ പരിശീലകര്‍ പോലും അല്മായരാകുന്നതില്‍ തെറ്റില്ലെന്നാണു മാര്‍പാപ്പയുടെ അഭിപ്രായം. എല്ലാവരും കൂടി നിര്‍വഹിക്കുന്ന ഒരു യജ്ഞമായിരിക്കണം സഭയിലെ വൈദികപരിശീലനം. അത് ഏതാനും പ്രൊഫസര്‍മാരുടെ മാത്രം ജോലിയല്ല. സെമിനാരികളില്‍ പുതിയൊരു വിഭാഗം പരിശീലകരെ വിഭാവനം ചെയ്യുന്നത് മെന്‍റേഴ്സ് (മാര്‍ഗദര്‍ശകര്‍) ആയിട്ടാണ്. യുവജനങ്ങള്‍ക്കു പൊതുവിലും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കു പഠനകാലത്തും മെന്‍റര്‍മാര്‍ ഉണ്ടാകണം. വ്യക്തിത്വത്തിന്‍റെ എല്ലാ തലങ്ങളിലും യുവാക്കള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നവരായിരിക്കണം മെന്‍റര്‍മാര്‍. ആത്മീയോപദേശകരായ വൈദികരും കുമ്പസാരക്കാരുമെല്ലാം ഉണ്ടായിരിക്കണം. അവരോടൊപ്പം മെന്‍റര്‍മാരും വേണം. അവര്‍ ഓരോ വ്യക്തിയുടെയും കഴിവുകളും മറ്റും പരിശോധിച്ചുകൊണ്ടിരിക്കണം.

പ. പിതാവിന്‍റെ സജീവസാന്നിദ്ധ്യമായിരുന്നു സിനഡിന്‍റെ സവിശേഷത. എല്ലാവരുമായും ഇടപഴകാനും യുവജനങ്ങള്‍ക്കു നേരിട്ടു ചെന്നു സംസാരിക്കാനും അഭിപ്രായങ്ങള്‍ പറയാനും ഫോട്ടോകളെടുക്കാനുമെല്ലാം പിതാവ് അവസരം നല്‍കി. നൈസര്‍ഗീകമായ ലാളിത്യത്തോടും പൈതൃകമായ വാത്സല്യത്തോടും കൂടി പിതാവ് ഇടപെട്ടുകൊണ്ടിരുന്നു. 25 ദിവസം രാവിലെ ഒമ്പതു മുതല്‍ പന്ത്രണ്ടര വരേയും വൈകീട്ട് നാലര മുതല്‍ ഏഴേകാല്‍ വരേയും ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സിനഡ് നടക്കുകയായിരുന്നു. ക്ഷീണിപ്പിക്കുന്ന സമയക്രമം എന്നു പറഞ്ഞുകൂടെങ്കിലും പരമാവധി സമയം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആസൂത്രണമായിരുന്നു ഇത്. ഗ്രൂപ്പ് ഡിസ്കഷനുകളുണ്ടായിരുന്നു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ട്ടുഗീസ്, ജര്‍മ്മന്‍ എന്നീ ആറു ഭാഷകളില്‍ തത്സമയം പരിഭാഷകളും ഉണ്ടായിരുന്നു.

Leave a Comment

*
*