സഭയ്ക്കും സമൂഹത്തിനും ദിശാബോധം പകരുന്ന സത്യദീപം

സഭയ്ക്കും സമൂഹത്തിനും ദിശാബോധം പകരുന്ന സത്യദീപം

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സത്യദീപം ഭാരതത്തിലെ മലയാളി ക്രൈസ്തവരുടെ പൊതുസ്വത്താണ്. അതിലുപരി അത് ജാതിമതഭേദമെന്യേ വായിക്കപ്പെടുന്ന വാരികയുമാണ്. അത്തരത്തില്‍ ഏറെ ശ്രദ്ധ ആര്‍ജ്ജിച്ചുകഴിഞ്ഞ സത്യദീപം അതിന്‍റെ നവതിയിലെത്തുമ്പോള്‍ നാമെല്ലാം ആ മുത്തശ്ശിയുടെ മക്കളെപ്പോലെ ഒന്നു ചേര്‍ന്ന് ആ സന്തോഷത്തില്‍ പങ്കുചേരുകയാണ്.

സത്യദീപത്തിന്‍റെ ധര്‍മ്മം എല്ലാക്കാലത്തും അത് നിര്‍വഹിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ വാരികയുടെ മഹത്ത്വം. സത്യദീപത്തിന് ഒരു കുഞ്ഞു പിറന്ന് 'ലൈറ്റ് ഓഫ് ട്രൂത്ത്' എന്ന പേരില്‍ ഇംഗ്ലീഷ് ദ്വൈവാരികയും മനോഹരമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ വന്നിട്ടുള്ള എല്ലാ പിതാക്കന്മാരും ഈ വാരികയെ താലോലിച്ചിട്ടുണ്ട് എന്നു മാത്രമല്ല, ഈ വാരികയിലൂടെ വളര്‍ന്നിട്ടുമുണ്ട്. അതില്‍ ഞാന്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിനെയാണ്. പിതാവ് ഈ വാരികയുടെ ചീഫ് എഡിറ്ററായിരുന്നു. ഈ വാരികയിലൂടെ തന്‍റെ പ്രബോധനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും കൊടുത്ത വ്യക്തിയാണ്. ഇത്തരത്തില്‍ പിതാക്കന്മാരുടെ പ്രോത്സാഹനവും അംഗീകാരവും ലഭിച്ചു വളര്‍ന്നിട്ടുള്ള വാരികയാണ് സത്യദീപം.
സഭയുടെയും സമൂഹത്തിന്‍റെയും കണ്ണുതുറപ്പിക്കുന്ന വാരികയാണ് സത്യദീപം. കാലികവിഷയങ്ങളെ കൈകാര്യം ചെയ്ത് സഭയ്ക്കു ദിശാബോധം കൊടുക്കുന്ന, സമൂഹത്തില്‍ പുതുചിന്തകള്‍ അവതരിപ്പിക്കുന്ന ഒരു വാരികയാണ് സത്യദീപം. ക്രൈസ്തവരായ പല എഴുത്തുകാരും അതിലൂടെ വളര്‍ന്നു വന്നിട്ടുണ്ട്. ഇതെല്ലാം ഈയവസരത്തില്‍ നാം അനുസ്മരിക്കുമ്പോള്‍ ഇനി അങ്ങോട്ട് സത്യദീപത്തിന് എന്തു ചെയ്യാന്‍ സാധിക്കും എന്നുള്ളതിനെക്കുറിച്ചുകൂടി ആലോചിക്കുന്നത് നന്നായിരിക്കും.

ഇന്നു മാധ്യമങ്ങളെല്ലാം ഒരു വഴിത്തിരിവിലാണ്. ഏതു മാധ്യമമായാലും ഇതു ശരിയാണ്. മാധ്യമങ്ങളുടെ ധര്‍മ്മം പലരും പുനര്‍വിചിന്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങള്‍ പത്രമാസികകളെ ഗ്രസിച്ചുകളയുന്ന സാഹചര്യവുമുണ്ട്. പത്രമാസികകള്‍ക്കു വേണ്ടി കാത്തിരുന്ന കാലം ഉണ്ടായിരുന്നുവെങ്കില്‍ ഇന്നു പത്രമാസികകളിലൂടെ വാര്‍ത്തകള്‍ മാത്രം പ്രചരിച്ചാല്‍ ജനങ്ങള്‍ക്ക് അതില്‍ അഭിരുചി ഉണ്ടാകണമെന്നില്ല. കാരണം, ആ വാര്‍ത്തകളെല്ലാം തന്നെ നവമാധ്യമങ്ങളിലൂടെ അവര്‍ക്കു ലഭിച്ചതായിരിക്കാം. വാര്‍ത്തകള്‍ ചര്‍വിതചര്‍വണം ചെയ്ത് സമൂഹത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്‍റെ മുഷിപ്പ് പത്രമാസികകളുടെ വായനക്കാര്‍ പ്രകടിപ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

പാശ്ചാത്യരാജ്യങ്ങളിലെ ചില പ്രസിദ്ധമായ പത്രമാസികകള്‍ അവരുടെ പ്രസാധന ധര്‍മ്മത്തോടൊപ്പം ചിന്തകള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ധര്‍മ്മം കൂടി നിര്‍വഹിക്കാറുണ്ട്. അതായത് കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ചര്‍ച്ചാവിഷയങ്ങളാക്കിയിട്ട് ആ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പത്രമാസികകളിലൂടെ അവര്‍ തങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കുന്നു. സമൂഹത്തെ നയിക്കുന്നു, സഭയെ നയിക്കുന്നു. അങ്ങനെയുള്ള ധര്‍മ്മം ഒരുപക്ഷെ സത്യദീപത്തിനും ഇനി ഉണ്ടാകേണ്ടതില്ലേ എന്നു ചിന്തിക്കുന്നത് നന്നായിരിക്കും.

സാഹിത്യരംഗത്ത്, എഴുത്തു ലോകത്ത് ഇന്നു കാണുന്ന അപച്യുതി എപ്രകാരം മാറ്റിയെടുക്കാമെന്നു ചിന്തിക്കുന്നതും ഉചിതമെന്നു തോന്നുന്നു. ഇപ്പോഴും മലയാള ഭാഷയില്‍ സാഹിത്യം അതിന്‍റെ ഉന്നത തലത്തില്‍ പഴയ തലമുറയുടെ കൈകളില്‍ കിടന്നു കളിക്കുകയല്ലേ? പുതിയ തലമുറ സാഹിത്യത്തെ ഏറ്റെടുത്തിട്ടുണ്ടോ എന്നു നാം ചിന്തിക്കണം. മലയാളഭാഷയില്‍ ഉള്ള തലയെടുപ്പുള്ള എഴുത്തുകാരുടെ ലിസ്റ്റ് നാം തയ്യാറാക്കുകയാണെങ്കില്‍ പുതിയ തലമുറയില്‍ നിന്ന് എത്രപേരെ അതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നുള്ളത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അധികം പേരെ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്നില്ല എന്നു വരികില്‍ നാം തീര്‍ച്ചയായും പരാജയപ്പെടുന്നുണ്ട്. ഈ പരാജയം പിന്നീടു വരുന്ന തലമുറ വിലയിരുത്തുന്നതിനു പകരം, നാം തന്നെ അതു മനസ്സിലാക്കിക്കൊണ്ട് നമ്മുടെ തലമുറയില്‍ത്തന്നെ ഉന്നതശീര്‍ഷരായ എഴുത്തുകാരെ, സാഹിത്യകാരന്മാരെ, കവികളെ ഒക്കെ സൃഷ്ടിക്കുവാന്‍ പരിശ്രമിക്കേണ്ടതല്ലേ? തീര്‍ച്ചയായും സമൂഹത്തിന് അങ്ങനെയൊരു ഉത്തരവാദിത്വമുണ്ട്. ഇവിടെയാണ് പത്രമാസികകള്‍ അക്ഷീണം പരിശ്രമിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നത്.
വിശ്വാസത്തിന്‍റെ വിഷയങ്ങളായാലും മതങ്ങളുടെ വിഷയങ്ങളായാലും സമൂഹത്തിലെ വിഷയങ്ങളായാലും പത്രമാസികകള്‍ അത് അവതരിപ്പിച്ച് സമൂഹത്തെ സമുദ്ധരിക്കുന്ന ഒരു ഉത്തരവാദിത്വം എഴുത്തുകാരിലൂടെ നിര്‍വഹിക്കാനുള്ള യജ്ഞം നടത്തേണ്ടിയിരിക്കുന്നു എന്നാണു ഞാന്‍ സൂചിപ്പിച്ചത്. അങ്ങനെ ഒരു യജ്ഞത്തിലൂടെ എഴുത്തുകാര്‍ കൂടുതലായി സഭയെയും സമൂഹത്തെയും നയിക്കുന്ന ഒരു കാലഘട്ടത്തിനു വേണ്ടി വാസ്തവത്തില്‍ സമൂഹം ദാഹിക്കുന്നുണ്ട്. ആ കാലഘട്ടമാണ് ഇനിയങ്ങോട്ട് സത്യദീപം ഉള്‍പ്പെടെയുള്ള നമ്മുടെ പത്രമാസികകള്‍ ചെയ്യേണ്ടതെന്ന് ഞാന്‍ കരുതുന്നു.

ഈ നവതിയാഘോഷം വാസ്തവത്തില്‍ ചരിത്രത്തിന്‍റെ ഒരു അവലോകനം കൂടിയാണ്. പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ വളരെയേറെ നല്ല കാര്യങ്ങള്‍ സത്യദീപം വാരികയിലൂടെ നമുക്കു ലഭിച്ചിട്ടുള്ളത് നാം നന്ദിപൂര്‍വം അനുസ്മരിക്കുന്നു. കാലാകാലങ്ങളില്‍ ഇതിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ നമുക്ക് നന്ദിപൂര്‍വം അനുസ്മരിക്കാം. ഇതുപോലുള്ള വാരികകളുടെ നടത്തിപ്പില്‍ എത്രയേറെപ്പേരുടെ സഹകരണം ഉണ്ട് എന്നുള്ളത് നാം മനസ്സിലാക്കണം. ജോലിക്കാരും എഴുത്തുകാരും മാനേജുമെന്‍റ് പ്രതിനിധികളുമെല്ലാം ഓരോ വാരികയെയും പ്രസ്ഥാനത്തെയും വളര്‍ത്തുമ്പോഴാണ് അതു വാസ്തവത്തില്‍ സമൂഹത്തിനു തന്നെ വലിയ സമ്പത്തായിത്തീരുന്നത്.

ഇന്നു ഭാരതത്തില്‍ രാഷ്ട്രീയരംഗത്തായാലും ഭരണരംഗത്തായാലും സാംസ്ക്കാരിക രംഗത്തായാലും പുതിയ ചിന്താരീതികളും സമീപനങ്ങളും ഉരുത്തിരിയുകയാണ്. ഇവയെക്കുറിച്ച് നമുക്കെല്ലാം ഓരോ രീതിയിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകാം. എല്ലാം നല്ലതിനു വേണ്ടി എന്നു ചിന്തിക്കുന്നവരുണ്ടാകാം, അതില്‍ ആകുലചിത്തരാകുന്നവര്‍ ഉണ്ടാകാം. എന്തായാലും ഇവ നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങളായതുകൊണ്ട് അവയില്‍ എല്ലാമുള്ള വീക്ഷണങ്ങള്‍ വായനക്കാര്‍ക്കു കൊടുക്കുവാന്‍ സത്യദീപം പോലുള്ള വാരികകള്‍ക്കു കഴിയണം. കര്‍ത്താവായ യേശുക്രിസ്തു ഈ ലോകത്തില്‍ അവതരിച്ചപ്പോള്‍ അവിടുന്ന് ഈ ലോകത്തിനു മുഴുവന്‍ ഒരു പുതിയ മുഖം കൊടുക്കുകയാണു ചെയ്തത്. അതാണ് നാം ക്രൈസ്തവര്‍ രക്ഷ, വിമോചനം എന്നൊക്കെയുള്ള വാക്കുകളിലൂടെ പറയുന്നത്. ഈ പ്രപഞ്ചത്തിനും മനുഷ്യസമൂഹത്തിനും ലഭിച്ച രക്ഷയുടെ അനുഭവം തുടര്‍ന്നും കൊടുക്കാന്‍ നമുക്കു സാധിക്കുന്നില്ലായെങ്കില്‍ അതൊരു കൃത്യവിലോപമായിരിക്കും.

ഇതു സംഭവിക്കാതിരിക്കണമെങ്കില്‍ ഇന്നു സാര്‍വത്രികസഭയിലെ ചിന്തകള്‍പോലെ തന്നെ കാലികമായ വിഷയങ്ങളെല്ലാം അവലോകനം ചെയ്ത് വിശകലനം ചെയ്ത് നാം ലോകത്തില്‍ അവതരിപ്പിക്കണം. ചിലപ്പോള്‍ പത്രമാസികകള്‍ അവയുടെ ഉന്നതമായ ലക്ഷ്യങ്ങളില്‍ നിന്ന് ഒതുങ്ങിമാറി, സ്വകാര്യദുഃഖങ്ങളുടെ ചര്‍ച്ചകളിലേക്ക് പോകാറുണ്ട്. അതിലൊക്കെ ആത്മസംതൃപ്തി കാണാറുണ്ട്. എന്നാല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന് യഥാര്‍ത്ഥത്തില്‍ ലക്ഷ്യബോധം നല്‍കുന്നതും സമൂഹത്തിന്‍റെ പ്രവര്‍ത്തനത്തിന് സഹായകരമാകുന്നതും. അതുകൊണ്ട് അപ്രകാരമുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങണം. ഓരോ വിഷയത്തിലുമുള്ള ജനങ്ങളുടെ താത്പര്യം മനസ്സിലാക്കി അവയ്ക്കു ശരിയായ അര്‍ത്ഥം പകര്‍ന്നു കൊണ്ടും നമുക്കു സമൂഹത്തെ നയിക്കാന്‍ സാധിക്കണം.

ഇന്നു സമൂഹങ്ങള്‍ തമ്മില്‍ അകലുന്ന പ്രവണത കാണുന്നുണ്ട്. മതവിശ്വാസികളുടെ ഇടയില്‍ ത്തന്നെയും അകല്‍ച്ച ഒരു അസ്വസ്ഥതയായിത്തീരുന്ന സാഹചര്യമുണ്ട്. അവയൊക്കെ ചിലപ്പോള്‍ സംഘര്‍ഷങ്ങളിലേക്കും സംഘട്ടനങ്ങളിലേക്കും വരെ നീങ്ങുന്നുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണെങ്കിലും സത്യദീപം പോലുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് വളരെയേറെ ചെയ്യുവാനുണ്ട് എന്നു തോന്നുന്നു. പല പ്രശ്നങ്ങളും ഇന്നു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മദ്യനിയന്ത്രണത്തെക്കുറിച്ച്, അതുപോലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശുശ്രൂഷയെക്കുറിച്ച്…. ഇവിടെയൊക്കെ നമ്മുടെ പത്രമാസികകള്‍ എന്തു ദിശാബോധമാണ് സമൂഹത്തിനു കൊടുക്കുന്നത് എന്നത് ചോദ്യചിഹ്നമാണ്. അതൊക്കെ മറ്റുള്ളവരുടെ പ്രശ്നങ്ങളായി വിട്ടതിനുശേഷം നമ്മുടെ പ്രശ്നങ്ങള്‍ സ്വകാര്യദുഃഖങ്ങളാക്കി മാത്രം ഒതുക്കിയാല്‍ തീര്‍ച്ചയായും നമ്മുടെ മാധ്യമ ധര്‍മ്മത്തില്‍ നിന്നു നാം പിന്നോക്കം പോകുകയായിരിക്കും.

അതിനാല്‍ യുവസുഹൃത്തുക്കളായ സത്യദീപം പ്രവര്‍ത്തകരോട് എനിക്കു പറയുവാനുള്ളത് നിങ്ങള്‍ കൂടുതല്‍ പ്രബുദ്ധതയോടുകൂടി, സമൂഹത്തിലെയും സഭയിലെയും ശരിയായ വീക്ഷണങ്ങളെയും ചിന്താഗതികളെയും വിശകലനം ചെയ്തു പഠിച്ച് അതിന്‍റെ വെളിച്ചത്തിലുള്ള ഈടുറ്റ ലേഖനങ്ങളിലൂടെയും മറ്റു സാഹിത്യ സൃഷ്ടികളിലൂടെയും സമൂഹത്തിന്‍റെ മധ്യത്തില്‍ ഉന്നത നിലവാരം പുലര്‍ത്തി മുന്നോട്ടു പോകുവാന്‍ പരിശ്രമിക്കണം എന്നാണ്. ഇപ്പോഴുള്ള നിലയില്‍ നിന്ന് എപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ച രിത്രമാകണം സത്യദീപത്തിന് ഉണ്ടാകേണ്ടത്. മാധ്യമ ലോകത്ത്, പ്രത്യേകിച്ച് സാഹിത്യരചനകളുടെ രംഗത്ത് ഉണ്ടായിട്ടുള്ള ചെറിയ പിന്നാക്കാവസ്ഥയില്‍ നിന്ന് മുന്നോട്ടു പോകാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ നാം കണ്ടെത്തണം. അതിലൂടെ എല്ലാവരെയും കോര്‍ത്തിണക്കി മനുഷ്യസമൂഹത്തിന്, ഭാരതജനതയ്ക്ക് മുന്നോട്ടു പോകാനുള്ള പുതിയ പാത നാം കണ്ടെത്തണം. അതിലൂടെ ലോകത്തെ നയിക്കുന്നതു തന്നെയാണ് യഥാര്‍ത്ഥത്തിലുള്ള സുവിശേഷവത്കരണം. സുവിശേഷവത്കരണം ക്രിസ്തുവിന്‍റെ വീക്ഷണം ലോകത്തിനു നല്‍കുക എന്നതാണ്. ക്രിസ്തു മനുഷ്യസമൂഹത്തെ മുഴുവന്‍ ഒന്നായി കണ്ടവനാണ്. എല്ലാവരേയും ഐക്യത്തിന്‍റെ പാതയില്‍ എത്തിക്കുകയായിരുന്നു കര്‍ത്താവിന്‍റെ ലക്ഷ്യം. ആ ലക്ഷ്യം നമ്മുടെ ജീവിതത്തിലൂടെ തുടരുവാനും എല്ലാവര്‍ക്കും അനുഗ്രഹം പകരുന്ന, എല്ലാവരെയും പുരോഗതിയിലേക്കു നയിക്കുന്ന ധര്‍മ്മം നിര്‍വഹിക്കാനും എല്ലാ മാധ്യമങ്ങള്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org