സ​ഹോദരന്റെ കാവൽക്കാരനാകാനുള്ള ആഹ്വാനം

സ​ഹോദരന്റെ കാവൽക്കാരനാകാനുള്ള ആഹ്വാനം

സന്തോഷ് ആന്‍റണി
ചീഫ് സെയില്‍സ് മാനേജര്‍, പോളികാബ്

ഉത്പത്തിയുടെ പുസ്തകം നാലാം അദ്ധ്യായത്തില്‍ ആബേലിനെ വധിച്ച കായേലിനോടു ദൈവം ചോദിക്കുന്നു: "നിന്‍റെ സഹോദരന്‍ എവിടെ? അവന്‍ പറഞ്ഞു. എനിക്കറിഞ്ഞുകൂടാ. എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍?" അമ്പതു നോമ്പിന്‍റെ ഈ കാലഘട്ടം എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാകാന്‍ എനിക്കു കഴിയുന്നുണ്ടോ എന്നു നാം ചിന്തിക്കേണ്ട അവസരമാണെന്ന് എനിക്കു തോന്നുന്നു.
ഒരിക്കല്‍ ഒരു സംഘം ആളുകളുമായി വിദേശനാടുകള്‍ സന്ദര്‍ശിക്കാന്‍ ഇടയായി. ആ അവസരത്തില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു വ്യക്തി വിമാനയാത്രയ്ക്കിടയില്‍ വിമാനത്തിലെ ലൈഫ് ജാക്കറ്റ് ഒരു തമാശയ്ക്കായി എടുത്തുകൊണ്ടു പോന്നു. ആരും അറിഞ്ഞില്ല. എയര്‍പോര്‍ട്ടിലെ സുരക്ഷാപരിശോധനയ്ക്കിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥനു സംശയം തോന്നി എന്‍റെ സുഹൃത്തിന്‍റെ ബാഗ് തുറന്നു. അതിലെ ലൈഫ് ജാക്കറ്റ് പിടിച്ചെടുത്തു കാര്യം അന്വേഷിച്ചു. സംഭവം മേലധികാരികളെ അറിയിച്ചു. സുരക്ഷാവിഭാഗം തലവന്‍ വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങി. ആദ്യത്തെ ചോദ്യത്തില്‍ തന്നെ എന്‍റെ സുഹൃത്ത് എല്ലാ സത്യവും തുറന്നു പറഞ്ഞു. ക്ഷമാപണവും നടത്തി. എല്ലാവര്‍ ക്കും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായി.
എല്ലാം ഭംഗിയായി അവസാനിച്ചു എന്നു കരുതിയ ഞങ്ങള്‍ക്കു തെറ്റി. ഒരു ഉദ്യോഗസ്ഥന്‍ വന്നു പറഞ്ഞു; പിഴ അടയ്ക്കണം. സുഹൃത്തു സമ്മതിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്‍റെ കയ്യിലുള്ള പേപ്പര്‍ നീട്ടി. ഞങ്ങള്‍ ആകാംക്ഷയോടെ അതിലേക്കു നോക്കി. ഒരു ലക്ഷം ഡോളര്‍. ഏകദേശം 65 ലക്ഷത്തോളം ഇന്ത്യന്‍ രൂപ. ഞങ്ങള്‍ കാര്യം തിരക്കി. വളരെ സംയമനത്തോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവരിച്ചു. താങ്കള്‍ യാത്ര ചെയ്ത വിമാനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ ഈ ലൈഫ്ജാക്കറ്റ് ഇല്ലാത്തതിന്‍റെ പേരില്‍ ഒരാളുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. അപകടത്തിലാകുന്ന വ്യക്തിയുടെ സമൂഹത്തിലെ പദവിയും പ്രവര്‍ത്തനമണ്ഡലവും മറ്റും വിലമതിക്കുമ്പോള്‍ വരാവുന്ന നഷ്ടം. അതു കൂടാതെ വ്യക്തിപരമായ നഷ്ടം, അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടാകാവുന്ന നഷ്ടം. എന്തിനിങ്ങനെ വലിയ ഒരു പട്ടികതന്നെ നിരത്തി. സംഭവത്തിന്‍റെ ഗൗരവം മനസ്സിലായി.
എന്നെ കൂടുതല്‍ ചിന്തിപ്പിച്ച ഒരു സംഭവമായിരുന്നു അത്. നമ്മുടെ ഒരു പ്രവൃത്തി ചെറുതാകാം, വലുതാകാം. മറ്റൊരാളുടെ ജീവന്, ഉയര്‍ച്ചയ്ക്ക്, സ്വാഭാവത്തിന്, ആത്മീയതയ്ക്ക്, ചിന്താശക്തിക്കു വരുത്താവുന്ന വ്യതിയാനങ്ങള്‍ എന്തെല്ലാമായിരിക്കാമെന്ന് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ പ്രവൃത്തിയോ ആശയമോ സംസാരമോ ഏതെങ്കിലും വ്യക്തികളുടെ നാശത്തിനു കാരണമാകുമ്പോള്‍ ദൈവം നമ്മളോടു ചോദിക്കും, നിന്‍റെ സഹോദരനെവിടെ എന്ന്?
നാമെല്ലാവരും വലിയൊരു ആത്മീയാഘോഷത്തിന്‍റെ തുടക്കത്തിലാണ്. അതിനു മുന്നോടിയായി നാം വ്രതാനുഷ്ഠാനത്തിലേക്കു പ്രവേശിക്കുകയാണ്. ഈ നോമ്പുസമയത്തു ഭക്ഷണവര്‍ജ്ജനത്തിലുപരിയായി ഏതെല്ലാം രീതിയില്‍ നമുക്കു മറ്റുള്ളവര്‍ക്കു മാതൃകയാകാമെന്നു ചിന്തിക്കാം.
സൗകര്യപ്രദ ദൈവശാസ്ത്രത്തില്‍ നിന്നും യഥാര്‍ത്ഥ ദൈവശാസ്ത്രത്തിലേക്കുള്ള ഒരു പ്രയാണമാകട്ടെ ഈ നോമ്പുകാലം. വേഗവും കൃത്യതയും വിജയമന്ത്രമായി കരുതുന്ന ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും വളരെയധികം തിരക്കുള്ളവരാണ്. സാധാരണ രീതിയില്‍ തിരക്കു കൂടുതലുള്ളപ്പോള്‍ നാം പ്രധാനപ്പെട്ടത് ആദ്യവും പ്രാധാന്യം കുറഞ്ഞതു പിന്നീടും ചെയ്യുകയാണു പതിവ്. അതുകൊണ്ടുതന്നെ പ്രധാനം, അപ്രധാനം എന്നു തരംതിരിക്കുന്നതു വളരെ സൂക്ഷ്മതയോടെയാവണം. പലപ്പോഴും നാം ആത്മീയകാര്യങ്ങളാണ് അപ്രധാന പട്ടികയിലേക്കു തള്ളിവിടുന്നത്. ഇവിടെയാണു സൗകര്യപ്രദ ദൈവശാസ്ത്രം (comfortable theology) ഉടലെടുക്കുന്നത്. അതായത് നമ്മുടെ എല്ലാ തിരക്കുകളും പരിപാടികളും കഴിഞ്ഞ് അഥവാ നമ്മുടെ സമയത്തിനനുസരിച്ചു നാം നമ്മുടെ ആത്മീയകാര്യങ്ങളെ ക്രമീകരിക്കുന്നു. ഉദാഹരണമായി പഴയ തലമുറ സന്ധ്യാപ്രാര്‍ത്ഥനയ്ക്കും (കുടുംബപ്രാര്‍ത്ഥന) കുര്‍ബാനയ്ക്കും കൊടുത്തിരുന്ന പ്രാധാന്യം ഇന്നു നാം നമ്മുടെ സമയത്തിനനുസരിച്ചു ക്രമീകരിക്കുന്നു. അല്ലെങ്കില്‍ മദ്യപാനം ഒരു വലിയ തെറ്റാണെന്നു പറയുന്ന ഒരു പഴയ തലമുറയില്‍ നിന്ന്, മദ്യപാനം ഇല്ലെങ്കില്‍ നാം ഒരു സമൂഹജീവിയല്ലെന്നു പറയുന്ന കാലം സംജാതമാകുന്നു.
ദൈവാനുഗ്രഹം നമ്മിലേക്ക് ഒഴുകിയെത്തുവാന്‍ ഏറ്റവും നല്ല ഒരു ഉപാധിയാണു മറ്റുള്ളവരെ അനുഗ്രഹിക്കുക എന്നത്. ഓരോ ദിവസവും ഒത്തിരി വ്യക്തികള്‍ നമ്മളുമായി സംസാരിക്കുന്നു. ആശയങ്ങള്‍ പങ്കുവയ്ക്കുന്നു. അവരുടെ ചെറുതും വലുതുമായ പദ്ധതികള്‍ നമ്മോടു പങ്കുവയ്ക്കാറുണ്ടല്ലോ? സംസാരത്തിനുശേഷം "ദൈവം അനുഗ്രഹിക്കട്ടെ" എന്ന് ഒന്ന് ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഉണ്ടാകുന്ന പോസിറ്റീവ് എനര്‍ജി എത്ര വലുതായിരിക്കുമെന്നോ? അതോടൊപ്പം ആ വ്യക്തിക്കുണ്ടാകുന്ന ആനന്ദവും ആത്മവിശ്വാസവും വളരെ വലുതായിരിക്കും.
"നമ്മള്‍ അളക്കുന്ന അളവുകോലുകൊണ്ടുതന്നെ ദൈവം നമ്മളെയും അളക്കുന്നു." അതുകൊണ്ടുതന്നെ എത്ര ആതമാര്‍ത്ഥതയോടെ അനുഗ്രഹിക്കുന്നുവോ അത്രയുമധികം നമുക്കും ലഭിക്കും. ഈ നോമ്പുകാലം നമ്മുടെ ആത്മീയമാറ്റത്തിനു കാരണമാകുന്നതോടൊപ്പം മറ്റുള്ളവര്‍ക്കു നമ്മുടെ ഏതെങ്കിലുമൊരു പ്രവൃത്തി മാതൃകയാകുന്ന വിധത്തില്‍ ഉപകാരപ്രദമാക്കാനും പരിശ്രമിക്കാം.
santhosh.antony@polycab.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org