മലബാറിനു താങ്ങായി സഹൃദയ ഭവനങ്ങള്‍

മലബാറിനു താങ്ങായി സഹൃദയ ഭവനങ്ങള്‍

പ്രളയത്തില്‍ തകര്‍ന്ന മലബാറിനൊപ്പം 25 സഹൃദയ ഭവനങ്ങളുമായി എറണാകുളം-അങ്കമാലി അതിരൂപത

ഫാ. പോള്‍ ചെറുപിളളി
ഡയറക്ടര്‍, സഹൃദയ

അപ്രതീക്ഷിത ദുരന്തങ്ങളില്‍ ശരീരവും മനസും തളര്‍ന്ന് നിസ്സഹായതയോടെ നില്‍ക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഓടിയെത്തുന്നതില്‍ നാം മലയാളികള്‍ നല്ലൊരു മാതൃകയാണെന്ന് ലോകം സാക്ഷ്യപ്പെടുത്തിയ അവസരമായിരുന്നു കഴിഞ്ഞ പ്രളയ കാലങ്ങള്‍. മലവെള്ളപ്പാച്ചില്‍ മണ്ണിലെ മതിലുകള്‍ തകര്‍ത്തതിനൊപ്പം ജനമനസ്സിലെ മതിലുകള്‍ തകര്‍ത്തുള്ള കാരുണ്യത്തിന്‍റെ കുത്തൊഴുക്കിനും കാരണമായി. മഹാപ്രളയത്തില്‍ ഏറെ ദുരിതമനുഭവിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഗ്രാമങ്ങളില്‍ സുമനസുകളുടെ സഹകരണത്തോടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവസമ്പത്തുമായാണ് മലബാര്‍ മേഖലയിലെ ദുരിതബാധിതര്‍ക്കിടയിലേക്ക് അതിരൂപത എത്തിയത്. ഒരു ജീവിതകാലം കൊണ്ട് സമ്പാദിച്ചവയൊക്കെ ഒരു നിമിഷത്തെ വെള്ളപ്പാച്ചിലില്‍ തകര്‍ന്നു വീണത് നോക്കിനില്‍ക്കേണ്ടി വന്ന ഹതഭാഗ്യരെ, പാരസ്പര്യത്തിന്‍റെ അതിജീവനമന്ത്രങ്ങളിലൂടെ മാത്രമേ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനാവുകയുള്ളു എന്ന ഉത്തമ ബോധ്യത്തോടെയാണ് അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ മലബാര്‍ മേഖലയിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്. മഹാപ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏറെ ജനകീയവും വിജയപ്രദവുമായ നാമൊന്നായ് – ഒരു ഗ്രാമം മറ്റൊരു ഗ്രാമത്തെ ദത്തെടുക്കുന്ന പദ്ധതി – മലബാറിലേക്കും വ്യാപിപ്പിക്കാന്‍ സഹൃദയ ശ്രദ്ധ വച്ചു.

ഏറ്റുവാങ്ങിയ നന്മകള്‍ക്കുള്ള പ്രതിനന്ദിയുടെ പ്രതിഫലനമെന്ന നിലയില്‍ കൂടി ഉത്തരകേരളത്തിലെ പ്രളയബാധിതര്‍ക്കായി എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ വഴി നടപ്പാക്കി വരുന്ന 'നാമൊന്നായ് മലബാറിനൊപ്പം' പദ്ധതിയെ കാണാവുന്നതാണ്. 2018 ലെ മഹാപ്രളയത്തില്‍ എറണാകുളം പ്രദേശം മുങ്ങിത്താഴ്ന്നപ്പോള്‍ ആഹാരവസ്തുക്കളായും ശുചീകരണ പ്രവത്തനങ്ങള്‍ക്കുള്ള ആള്‍ സഹായമായും ഒക്കെ വടക്കന്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ളവരുടെ സഹായം ഇവിടെ ലഭ്യമായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ ഉത്തര കേരളത്തില്‍ പ്രകൃതി ക്ഷോഭമുണ്ടായപ്പോള്‍ സഹായഹസ്തവുമായി മുന്നിട്ടിറങ്ങുന്നതില്‍ അതിരൂപത പ്രത്യേക താത്പര്യം കാട്ടി. അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ആദ്യഘട്ടത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന തുടര്‍ഘട്ടത്തിലും അകമഴിഞ്ഞ സഹകരണമാണ് വിവിധ ഇടവകകളില്‍ നിന്നും യുവജന, ഭക്ത സംഘടനകളില്‍ നിന്നുമൊക്കെ കാണാനായത്.

മലബാര്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയവുമൊക്കെ ഉണ്ടായതായി മാദ്ധ്യമവാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ത്തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും കെ.സി.വൈ.എം. പോലുള്ള യുവജന സംഘടനാപ്രവര്‍ത്തകരും മുന്നിട്ടിറങ്ങി. പലയിടത്തു നിന്നും സംഭരിച്ച ഭക്ഷ്യ വസ്തുക്കളുമായി സഹൃദയ പ്രവര്‍ത്തകര്‍ ദുരിത മേഖലകളിലെ വിവിധ ക്യാമ്പുകളിലെത്തി. സഹൃദയ നേരിട്ടുതന്നെ വിവിധ തവണകളിലായി അമ്പത് ലക്ഷത്തിലേറെ രൂപയുടെ (50,03,207) ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചു നല്‍കിയത്. 20,91,756 രൂപയോളം വിലവരുന്ന വസ്ത്രങ്ങളും 11,10,537 രൂപയുടെ മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനല്‍കി. ചില ഇടവകകള്‍ സഹൃദയ വഴിയല്ലാതെ നേരിട്ടും സഹായമെത്തിക്കുകയുണ്ടായി.

സഹായഹസ്തവുമായി സമരിയക്കാര്‍

ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവയുടെ ആഘാതം പരമാവധി ലഘൂകരിക്കുക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലും കാര്യക്ഷമമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തില്‍ സഹൃദയ പ്രത്യേക പരിശീലനം നല്‍കി രൂപീകരിച്ച സന്നദ്ധ വിഭാഗമായ സമരിറ്റന്‍സ് പ്രവര്‍ത്തകരുടെ 20 പേരടങ്ങിയ ഒരു സംഘം ദുരിത മേഖലയില്‍ സഹായഹസ്തവുമായി ഓടിയെത്തി. വൈദികരും സമര്‍പ്പിതരും യുവജനങ്ങളുമടങ്ങിയ സംഘം മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള മൈലാടും പൊട്ടി സെന്‍റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയിലാണ് ആദ്യം എത്തിയത്. നിലമ്പൂര്‍, ചുങ്കത്തറ, മൈലാടും പൊട്ടി, വെള്ളിമുറ്റം, പാതാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് കൂടുതലായും ശ്രദ്ധിച്ചത്. ചെളിയില്‍ പുതഞ്ഞുപോയ വീടുകളും സ്ഥാപനങ്ങളുമൊക്കെ ദിവസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വൃത്തിയാക്കി ആദ്യ സംഘം മടങ്ങിയെത്തിയപ്പോള്‍ അതിരൂപതയില്‍ നിന്നുള്ള 17 വൈദികരുടെ സംഘം അടുത്ത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. നിലമ്പൂര്‍, വിലങ്ങാട്, ശ്രീകണ്ഠപുരം, തൊട്ടു കല്ല്, ചുങ്കത്തറ, മൈലാടും പൊട്ടി, പൂച്ചക്കുന്ന്, കവളപ്പാറ, ഭൂദാനം, ബത്തേരി, നൂല്‍പ്പുഴ, തോട്ടു വഴി, വെള്ളമുണ്ട, പനമരം, വൈത്തിരി, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രളയത്തില്‍ സര്‍വം നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനം പകരാനും ശ്രദ്ധവച്ചു. ചില സ്ഥലങ്ങളില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സഹകരണം നല്‍കി. വിവിധ ഇടവകകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും നേരിട്ടെത്തി സഹായം നല്‍കുന്നതില്‍ താത്പര്യം കാട്ടുകയുണ്ടായി.

പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ സഹൃദയയുടെ നേതൃത്വത്തില്‍ അതിരൂപത ശ്രദ്ധയൂന്നുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ തീവ്രദുരിതമനുഭവിച്ച ഇടവകകളെ മറ്റ് ഇടവകകള്‍ ദത്തെടുത്ത് അതിജീവനത്തിലേക്കു വിജയകരമായി നയിച്ച 'നാമൊന്നായ്' പദ്ധതി മലബാര്‍ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ സഹൃദയ നേതൃത്വം നല്‍കി. കഴിഞ്ഞ പ്രളയത്തില്‍ മറ്റുള്ളവരുടെ കരുതലും കാരുണ്യവും അനുഭവിച്ചറിഞ്ഞ ഗ്രാമങ്ങളാണ് ഇത്തവണ സഹായവുമായി ആദ്യം മുന്നിട്ടിറങ്ങിയതെന്നത് ശ്രദ്ധേയമാണ്. ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ നിര്‍മിച്ചു നല്‍കുക, ഉപ ജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതിജീവനത്തിനുള്ള വഴിയൊരുക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നത്.

വടക്കന്‍ കേരളത്തിലെ 7 രൂപതകളിലെ പ്രളയ ബാധിതര്‍ക്കായി അതിരൂപതയുടെ നേതൃത്വത്തില്‍ 25 വീടുകളെങ്കിലും നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സഹൃദയ മുന്നോട്ടു നീങ്ങുന്നത്. അതാതു രൂപതകളിലെ സാമൂഹ്യപ്രവര്‍ത്തന വിഭാഗങ്ങള്‍ കണ്ടെത്തുന്ന ഗുണഭോക്താക്കള്‍ക്ക് ഒരു ഭവനത്തിന് 5 ലക്ഷം രൂപ വീതമാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. അതിരൂപതയിലെ എണ്‍പതിലേറെ ഇടവകകള്‍ ഈ സംരംഭത്തില്‍ കൈകോര്‍ത്തു കൊണ്ട് ഇതുവരെ മുന്നോട്ടുവന്നുകഴിഞ്ഞു. ഈ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് പാലക്കാട് രൂപതാതിര്‍ത്തിയിലെ അട്ടപ്പാടി മേഖലയില്‍ ഭവനനിര്‍മാണത്തിനുള്ള സഹായം പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് ഏറ്റുവാങ്ങുകയുണ്ടായി. നാലു മാസത്തിനുള്ളില്‍ ഭവന പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.

ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് വിവിധ ഇടവകകളില്‍ നിന്ന് ലഭിച്ച സഹായങ്ങള്‍ക്കൊപ്പം ഒരു ഭവനത്തിനുള്ള തുക സമാഹരിച്ചത് സഹൃദയ സ്റ്റാഫംഗങ്ങളും സഹൃദയ സംഘാംഗങ്ങളും ചേര്‍ന്നാണ്. മറ്റൊരു ഭവനത്തിനുള്ള തുക സഹൃദയ നേതൃത്വം നല്‍കി രൂപീകരിച്ചിട്ടുള്ള ഭിന്നശേഷിക്കാരുടെ കലാസമിതിയായ സഹൃദയ മെലഡീസ് വിവിധ സ്ഥലങ്ങളില്‍ ഗാനമേളകള്‍ നടത്തിയാണെന്നതും ഈ പദ്ധതിയുടെ പ്രത്യേകതകളാണ്.

ഇതിനൊപ്പം തന്നെ മലപ്പുറം ജില്ലയിലെ മമ്പാട് ഗ്രാമപഞ്ചായത്തിലെ 1, 10 വാര്‍ഡുകളിലെ പ്രളയ ബാധിതര്‍ക്കായി വി ഗാര്‍ഡ് ഫൗണ്ടേഷന്‍ ആവിഷ്കരിച്ച സ്റ്റാന്‍ഡ് വിത്ത് കേരള എന്ന പദ്ധതിയുടെ ഭാഗമായി ലഭിച്ച 5 വീടുകള്‍ കൂടി സഹൃദയയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്കുന്നുണ്ട്.

അങ്ങനെ ആകെ 30 ഭവനങ്ങളാണ് മലബാര്‍ മേഖലയില്‍ പരസ്പര സൗഹൃദത്തിന്‍റെയും കരുതലിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമായി ഉയര്‍ന്നു വരുന്നത്.

വ്യക്തിയായാലും സമൂഹമായാലും ഇന്ന് ദാതാക്കളാകുന്നവര്‍ നാളെ സ്വീകര്‍ത്താക്കളും ഇന്നത്തെ സ്വീകര്‍ത്താക്കള്‍ നാളത്തെ ദാതാക്കളുമാകാന്‍ ഒരു നിമിഷം മതിയാകുമെന്ന യാഥാര്‍ഥ്യം തിരിച്ചറിയാനും മനുഷ്യരിലെ നന്മയും കരുതലും കര്‍മ്മപഥത്തിലെത്തിക്കാനുള്ള അവസരമെന്ന നിലയിലും നാമൊന്നായ് മലബാറിനൊപ്പം പദ്ധതി ശ്രദ്ധേയമാവുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org