പരിമിതികളില്ലാത്ത പങ്കുവയ്പിന്റെ സം​ഗീതവുമായി സഹൃദയ മെലഡീസ്

പരിമിതികളില്ലാത്ത പങ്കുവയ്പിന്റെ സം​ഗീതവുമായി സഹൃദയ മെലഡീസ്
Published on

ജീസ് പോള്‍

ഇല്ലായ്മകളുടെ വല്ലായ്മകളില്‍ പരിതപിച്ചു ജീവിതം പാഴാക്കാതെ ഉള്ളവും ഉള്ളതും അവനവന്‍റെ അതിജീവനത്തിനും അപരന്‍റെ കണ്ണീരൊപ്പാനുമായി പങ്കുവച്ച് മാതൃകയാവുകയാണ് സഹൃദയ മെലഡീസ് കലാസമിതി. ശാരീരിക പരിമിതികള്‍ സ്വതന്ത്ര ചലനങ്ങള്‍ക്കു തീര്‍ത്ത പരിധികളെ മറികടന്ന് സര്‍ഗ്ഗശേഷികളെ ആവോളം അപരിമേയമാക്കി വളര്‍ത്തി ചുറ്റുപാടുമുള്ള വേദനിക്കുന്നവരെ കാണാനും കരുതലോടെ പരിഗണിക്കാനുമുള്ള മെലഡീസിന്‍റെ മനോഭാവത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് പ്രളയ ദുരിതബാധിതര്‍ക്കായി അവരുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വരുന്ന ഭവനം.

'വിധിയോട് വിജയത്തിനായി പൊരുതുന്നവരുടെ വിസ്മയാവഹവും അവിസ്മരണീയവുമായ പ്രകടനം' നാലു വര്‍ഷം മുന്‍പ് സഹൃദയ മെലഡീസിന്‍റെ ആദ്യ മെഗാഷോ കണ്ടിറങ്ങിയ കാണികളിലൊരാള്‍ പറഞ്ഞ കമന്‍റ് ഇരുന്നൂറു വേദികള്‍ പിന്നിട്ടുകഴിഞ്ഞ ഇപ്പോഴും കാണികളില്‍നിന്ന് കേള്‍ക്കുന്നുവെന്നത് അതിജീവനത്തിന്‍റെ സംഗീത വഴികളിലൂടെയുള്ള ഇവരുടെ യാത്രയ്ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. പരിമിതികളില്ലെന്നു നടിക്കുന്നവരുടേതായ ലോകത്തില്‍ ഗോചരമായ ശാരീരിക, മാനസിക പരിമിതികളോടെ എങ്ങനെ ജീവിക്കുമെന്നുള്ള ചിന്ത അലട്ടിയിരുന്ന ഒരു പറ്റം മനുഷ്യരെ തങ്ങളുടെ ഭിന്നശേഷികളില്‍ അഭിമാനിക്കുന്നവരും അതിനെ കര്‍മശേഷിയാക്കി അപരന്‍റെ കണ്ണീരൊപ്പുന്നതിനു കെല്പുള്ള വരുമായി മാറ്റിയെന്നുള്ളതാണ് സഹൃദയ മെലഡീസിനെ സമാന കലാ സമിതികളില്‍നിന്നും വ്യത്യസ്തമാക്കുന്നത്.

സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് എന്നും പിന്തള്ളപ്പെട്ടിരുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തി, അവരുടേതായ കൂട്ടായ്മകള്‍ രൂപീകരിച്ച് ആത്മവിശ്വാസവും അറിവുകളും വളര്‍ത്തി സമൂഹത്തിന്‍റെ മുഖ്യധാരയോട് ചേര്‍ന്ന് നില്‍ക്കാനും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ക്ഷേമ, പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി, ഭിന്നശേഷികളുള്ള കലാകാരന്മാരെ സംഘടിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ (വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം) നാലു വര്‍ഷം മുമ്പ് രൂപീകരിച്ചതാണ് സഹൃദയ മെലഡീസ് എന്ന കലാ സംഘം. കലാകാരന്മാരുടെ സര്‍ഗവാസനകള്‍ക്ക് പ്രോത്സാഹനമെന്ന നിലയിലും ജീവിത മാര്‍ഗം സ്വരൂപിക്കാനുള്ള ഒരു ഉപാധി എന്ന നിലയിലും വേദികളിലെത്തിയ മെലഡീസ് ടീം ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള ഒരു വഴി കൂടിയായി മാറി. ഗാനമേള, മിമിക്സ്, മാജിക് ഷോ, ഡാന്‍സ്, സ്കിറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ മെഗാഷോ യുമായി ഇരുന്നൂറ് വേദി കള്‍ വിജയകരമായി ഇവര്‍ പിന്നിട്ടു കഴിഞ്ഞു. ഉത്സവ, തിരുനാള്‍ ആഘോഷങ്ങളും സര്‍ക്കാര്‍ തലത്തിലുള്ള ഓണാഘോഷവും ടൂറിസം വാരാഘോഷവും അത്തച്ചമയവുമൊക്കെ ഇവരുടെ മികവു തെളിയിക്കാനുള്ള വേദികളായി.

സജി മലയാറ്റുര്‍, അനില്‍ ശ്രീമൂലനഗരം, ഡിക്സണ്‍ പള്ളുരുത്തി, സാബു വരാപ്പുഴ, ആരാധന അശോകന്‍, നവ്യ തോമസ്, മേരി ജയ, സജി വാഗമണ്‍, ജോമറ്റ് വേകത്താനം, ഉണ്ണി മാക്സ്, സിന്ധു, ഉഷ, ജന്‍സി, അഭിഷേക്, പ്രീതി, രാഹുല്‍, സതീശന്‍, സോന എന്നിവരാണ് മെലഡീസിന്‍റെ പ്രധാന ഗായകര്‍. തിരുവനന്തപുരം സ്വദേശിയായ സതീഷ് മാജിക് ഷോ കൈകാര്യം ചെയ്യുന്നു. സിനിമാ, ടി.വി. താരം കൂടിയായ പ്രദീപ് പെരുമ്പാവൂരാണ് മിമിക്സ്, സ്കിറ്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരെ കൂടാതെ ഡാന്‍സുകള്‍ അവതരിപ്പിക്കാന്‍ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ സഹകരിക്കുന്നുമുണ്ട്. ഗായകരായും മറ്റും വേദിയിലെത്തുന്നവരൊക്കെ ശാരീരിക പരിമിതികളുള്ളവരാണ്. വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ യാത്രകളില്‍ ഇവരുടെ സഹായികളാകുന്നു. മെലഡീസ് വേദികള്‍ ഇവരില്‍ പലര്‍ക്കും ടി.വി. ഷോകളിലേക്കും സിനിമയിലേക്കുമുള്ള ചവിട്ടുപടികളായി മാറിയെന്നുള്ളതും സന്തോഷകരമാണ്. പരിമിതികളെ മറന്ന് സ്വന്തം അധ്വാനത്തിലൂടെ ഒരു വരുമാനം കണ്ടെത്താനും അതുവഴി ആശ്രിതമനോഭാവത്തില്‍ നിന്ന് പുറത്തുവരാനും കഴിഞ്ഞു എന്നുള്ളതാണ് പ്രധാന നേട്ടമായി മെലഡീസ് ടീം അംഗങ്ങള്‍ സ്വയം വിലയിരുത്തുന്നത്. വൈക്കം വിജയലക്ഷ്മിയെ പോലുള്ള പ്രതിഭകളും മെലഡീസ് വേദിയില്‍ സഹകരിച്ചിട്ടുണ്ട്. പാലാരിവട്ടം പി.ഒ.സി. ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ഒരു മെഗാ ഷോയില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഒരു ഗാനം ആലപിച്ചാണ് മെലഡീസ് ടീമിനെ പ്രോത്സാഹിപ്പിച്ചത്. സിനിമാ, ഭക്തിഗാനങ്ങളും നാടന്‍ പാട്ടുകളും കൂടാതെ പരിസ്ഥിതി സന്ദേശഗാനങ്ങളും സനാതന മൂല്യങ്ങളെ അധികരിച്ചുള്ള ഗാനങ്ങളും സ്കിറ്റുകളുമൊക്കെ അവസരത്തിനൊത്ത് ഇവര്‍ വേദികളില്‍ അവതരിപ്പിക്കുന്നു.

പ്രൊഫഷണല്‍ കലാസമിതികളോട് ഒപ്പം നില്‍ക്കുന്ന മികവു പുലര്‍ത്തുമ്പോഴും താരതമ്യേന കുറഞ്ഞ പ്രതിഫലം എന്നത് ഇവരുടെ ആകര്‍ഷണീയതയാണ്. മെഗാഷോ അവതരിപ്പിക്കുന്ന ഓരോ വേദിയിലും കാണികളില്‍ നിന്ന് തത്സമയം ലഭിക്കുന്ന സമ്മാനങ്ങളും സംഭാവനകളും നിര്‍ധന കാന്‍സര്‍ രോഗികളുടെ ചികിത്സാര്‍ത്ഥം സഹൃദയ നടപ്പാക്കി വരുന്ന ആശാ കിരണം കാന്‍സര്‍ കെയര്‍ പദ്ധതിയിലേക്ക് ഇവര്‍ നല്‍കുന്നു. ഓഖി ദുരന്തബാധിതര്‍ക്കായി ഏതാനും സ്ഥലങ്ങളില്‍ ഗാനമേള നടത്തി സമാഹരിച്ച ഒന്നര ലക്ഷത്തിലധികം രൂപ ഓഖി പുനരധിവാസ പദ്ധതിയിലേക്കു നല്‍കിയ ഇവര്‍ ഇക്കഴിഞ്ഞ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി 'കൂടെയുണ്ട് ഞങ്ങളും' എന്ന സന്ദേശവുമായി നടത്തിയ സാന്ത്വന സംഗീത യാത്രയിലൂടെ അഞ്ചു ലക്ഷം രൂപയോളമാണ് സമാഹരിച്ചത്. സഹൃദയയുടെ നേതൃത്വത്തില്‍ പ്രളയ ദുരിത ബാധിതര്‍ക്കായി നടപ്പാക്കി വരുന്ന ഭവന നിര്‍മാണ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് കിടപ്പാടമൊരുക്കാന്‍ തങ്ങളുടെ അധ്വാനഫലം ഉപകരിക്കുന്നതില്‍ ആഹ്ളാദിക്കുകയാണിവര്‍.

കാണാനും കേള്‍ക്കാനും ഓടാനും ചാടാനും ആടാനും പാടാനുമുള്ള കഴിവുകള്‍ ദൈവം ഓരോരുത്തരിലും നിക്ഷേപിച്ചിരിക്കുന്നത് ഓരോ അളവുകളിലാണെന്നുള്ള ബോധ്യം എല്ലാവരിലുമുണ്ടെങ്കില്‍ ചിലരെ മാത്രം വികലാംഗര്‍ എന്ന് വിളിക്കുന്നത് എത്രമാത്രം നിരര്‍ത്ഥകമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സഹൃദയ മെലഡീസിന്‍റെ ഒരു മെഗാഷോയില്‍ പങ്കാളിയായാല്‍ മാത്രം മതി. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്താനാവാത്തതാണ് യഥാര്‍ത്ഥ വൈകല്യം എങ്കില്‍, തങ്ങളുടെ ഉള്ളതില്‍ നിന്ന് വേദനിക്കുന്ന സഹോദരങ്ങള്‍ക്കായി ഉള്ളു തുറന്ന് പങ്കു വയ്ക്കുന്നതാണ് യഥാര്‍ത്ഥ മനുഷ്യത്വമെങ്കില്‍, ഇവരറിയാതെ ഇവര്‍ സമൂഹത്തിന് മാര്‍ഗദര്‍ശികളായി മാറുകയാണ്.

ഭിന്നശേഷിക്കാര്‍ക്കായി മൂന്നു പതിറ്റാണ്ടിലേറെക്കാലമായി വിവിധ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്ന സഹൃദയ, ഭിന്ന ശേഷിക്കാരേയും പരിഗണിക്കുകയും ഉള്‍ച്ചേര്‍ക്കുക യും ചെയ്യുന്ന സമൂഹ നിര്‍മിതി എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നതെന്ന് മെലഡീസ് എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് കൂടിയായ സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി പറഞ്ഞു. അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും സമീപ രൂപതകളിലും മെലഡീസിന്‍റെ മെഗാഷോയ്ക്ക് ആവശ്യക്കാര്‍ ഏറി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രൂപതകളുമായി സഹകരിച്ചുകൊണ്ട് പ്രാദേശിക തലത്തില്‍ ഭിന്നശേഷിയുള്ള കലാകാരന്മാരെ സംഘടിപ്പിച്ച് സഹൃദയ മെലഡീസ് മാതൃകയില്‍ കലാസമിതികള്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി അദ്ദേഹം അറിയിച്ചു.

For details and booking:
ഫാ. പോള്‍ ചെറുപിള്ളി
ഫോണ്‍: 9567744939

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org