Latest News
|^| Home -> Cover story -> പാരസ്പര്യത്തിന്റെ അതിജീവന മന്ത്രവുമായി സഹൃ​​ദയ

പാരസ്പര്യത്തിന്റെ അതിജീവന മന്ത്രവുമായി സഹൃ​​ദയ

Sathyadeepam

ഫാ. പോള്‍ ചെറുപിള്ളി
ഡയറക്ടര്‍, സഹൃദയ

മഹാപ്രളയത്തിനു മുന്നോടിയായി ജൂലൈ മാസത്തില്‍ എറണാകുളം അതിരൂപതയുടെ തെക്കന്‍ പ്രദേശങ്ങളിലും കുട്ടനാടന്‍ മേഖലയിലുമൊക്കെ ഉണ്ടായ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നതിനാല്‍ മഹാപ്രളയത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ സഹൃദയയ്ക്കു സാധിച്ചു. പ്രളയത്തിനു നടുവില്‍ പെട്ടവരെ രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിക്കാന്‍ ബഹു. വികാരിയച്ചന്മാരുടേയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശ്രമിച്ചപ്പോള്‍ അതിരൂപതയിലെ ദേവാലയങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് 805 ക്യാമ്പുകളാണ് തുറക്കപ്പെട്ടത്. ആഹാരം, വസ്ത്രം, മരുന്നുകള്‍ എന്നിവ സാധ്യമായ ഗതാഗത സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി സഹൃദയ പ്രവര്‍ത്തകര്‍ ക്യാമ്പുകളിലെത്തിച്ചു. ദിവസേന ആയിരക്കണക്കിനു ഭക്ഷണപ്പൊതികളാണ് നല്‍കിയത്. മുപ്പതിനായിരത്തോളം ഭക്ഷണപൊതികള്‍ വരെ നല്‍കിയ ദിവസങ്ങളുണ്ട്. ബഹു. വൈദികരുടേയും പരിചയസമ്പന്നരായ സന്നദ്ധപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കേന്ദ്രതലത്തില്‍ നടത്തിയ ഏകോപനം, ജില്ലാ ഭരണകൂടം, നേവി, പോലീസ് പോലുള്ള സംവിധാനങ്ങള്‍ക്കും ആശ്രയം തേടി എത്തുന്നതിന് പ്രേരണയേകി. തീരപ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യ ത്തൊഴിലാളികളെ സംഘടിപ്പിച്ച് പറവൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങി.

അതിരൂപതയിലെ സന്യാസ സമൂഹങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായവും സംലഭ്യമാക്കി. ഒരു ജന്മം കൊണ്ട് സമ്പാദിച്ചവ ഒരു നി മിഷം കൊണ്ട് ഒലിച്ചു പോയപ്പോള്‍ വിറങ്ങലിച്ചു നിന്നവരെ കൗണ്‍സിലിംഗ് സേവനത്തിലൂടെ യാഥാര്‍ത്ഥ്യബോധത്തിലേക്ക് കൊണ്ടുവരാനും സമാശ്വസിപ്പിക്കാനും പ്രത്യേക സംഘം തന്നെ മുന്നിട്ടിറങ്ങി.

അടിയന്തിര രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ അതിരൂപതാതലത്തില്‍ ബഹു. വൈദികര്‍, സന്യാസസമൂഹ, സംഘടനാ, സ്ഥാപനപ്രതിനിധികള്‍, ദുരിത ബാധിതര്‍ എന്നിവരുടെ യോഗം അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തില്‍ വിളിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടര്‍നടപടികള്‍ ആസൂത്രണം ചെയ്തു. മേഖലാതലത്തില്‍ ഇടവക പ്രതിനിധികളുടെ യോഗം വിളിച്ച് ദുരിത അവലോകനവും വിവരശേഖരണവും തുടര്‍ പ്രവര്‍ത്തന വിശദീകരണവും നടത്തി. ഇതിന്‍റെയെല്ലാം വെളിച്ചത്തിലാണ് വിവിധ മേഖലകളെ ഉള്‍പ്പെടുത്തി കാരുണ്യപ്രവാഹം എന്ന പേരില്‍ സമഗ്ര പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സഹൃദയ നടപ്പാക്കിയത്. നാമൊന്നായ്, ലൈറ്റ് എ ലൈഫ്, സഹയാത്ര, പ്രകൃതിവിചാരം, ഹരിത ഭവനം, ജീവാമൃതം, അതിജീവനം തുടങ്ങിയ ഘടകപദ്ധതികള്‍ കാരുണ്യപ്രവാഹം പദ്ധതിയെ ജനപ്രിയമാക്കിയതിനൊപ്പം നാടിനാകെ മാതൃകയുമാക്കി.

പ്രകൃതി വിചാരം
വെള്ളം കയറിയിറങ്ങിയ വീടുകളും പരിസരവും ശുചീകരിച്ച് ക്യാമ്പുകളില്‍ നിന്ന് തിരികെയെത്തുന്നവര്‍ക്ക് വാസയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രകൃതിവിചാരം പദ്ധതി നടപ്പാക്കിയത്. പ്രാദേശികമായി സന്നദ്ധരായി വന്ന പ്രവര്‍ത്തകര്‍ക്കൊപ്പം കെസിവൈഎംപോലുള്ള സംഘടനാ പ്രവര്‍ത്തകര്‍, സെമിനാരിക്കാര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍, സഹൃദയ സംഘാംഗങ്ങള്‍ എന്നിങ്ങനെ നിരവധി പേര്‍ പ്രകൃതി വിചാരം പദ്ധതിയില്‍ അണിനിരന്നപ്പോള്‍ ചെളി നിറഞ്ഞ ഭവനങ്ങളും പരിസരവുമൊക്കെ വാസയോഗ്യമായി. പ്രകൃതിവിചാരം ഉള്‍പ്പടെയുള്ള പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ 20,970 മനുഷ്യപ്രയത്ന ദിനങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞു.

നാമൊന്നായ്
തീവ്ര ദുരിതബാധിത ഗ്രാമങ്ങളെ കഴിവുള്ള ഇടവകകള്‍ ദത്തെടുത്ത് അതിജീവനത്തിനു സഹായിക്കുന്ന നാമൊന്നായ് പദ്ധതി നാട്ടിലാകെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ്. ദത്തെടുത്ത ഇടവകയിലെ അര്‍ഹരായവര്‍ക്ക് ജാതി, മത ഭേദമെന്യേ കിടക്കാനുള്ള പായ മുതല്‍ താമസിക്കാനുള്ള വീടുകള്‍ വരെ; ആഹാരത്തിനുള്ള വസ്തുക്കളും പാത്രങ്ങളും മുതല്‍ ഉപജീവന മാര്‍ഗങ്ങള്‍ വരെ ഏര്‍പ്പെടുത്തുവാന്‍ സന്നദ്ധരായി നൂറോളം ഇടവകകളാണ് മുന്നോട്ടു വന്നത്.

ഹരിത ഭവനം, കൈത്താങ്ങ് പദ്ധതികള്‍
ഹരിത ഭവനം ഭവനനിര്‍മാണ പദ്ധതി വഴി പ്രളയത്തില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ട 189 കുടുംബങ്ങള്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇതില്‍ നൂറോളം വീടുകള്‍ ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞു. കൈത്താങ്ങ് ഭവന പുനരുദ്ധാരണ പദ്ധതി വഴി ഇതുവരെ 315-ലേറെ ഭവന പുനരുദ്ധാരണങ്ങളും പൂര്‍ത്തിയാക്കി. ഭവന നിര്‍മാണത്തിനായി 10,98,03,400 രൂപയും പുനരുദ്ധാരണത്തിനായി 2,15,64,898 രൂപയും ചെലവഴിച്ചു. ഏതാനും കുടുംബങ്ങള്‍ക്ക് സ്ഥലവും സൗജന്യമായി ലഭ്യമാക്കി. ഇതോടൊപ്പം തന്നെ ടോയ്ലെറ്റ് നിര്‍മാണത്തിനായി 261 കുടുംബങ്ങള്‍ക്ക് 18,80,000 രൂപയും ചെലവഴിച്ചു.

ജീവാമൃതം
മലവെള്ളത്തിനു നടുവിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ ജനതയ്ക്ക് ശുദ്ധജലം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജീവാമൃതം പദ്ധതി വഴി മഴവെള്ള സംഭരണികള്‍, മഴവെള്ള റീചാര്‍ജിംഗ്, വാട്ടര്‍ പ്യൂരിഫയറുകളുടെ വിതരണം, ജലശുദ്ധതാ പരിശോധന തുടങ്ങിയവ സംഘടിപ്പിച്ചു. മഴവെള്ള സംഭരണികള്‍ക്കായി 40,00,000 രൂപയും റീചാര്‍ജിംഗിനായി 8,65,000 രൂപയും വാട്ടര്‍ പ്യൂരിഫയറുകള്‍ക്ക് 40,96,618 രൂപയും ജലശുദ്ധിപരിശോധനയ്ക്ക് 42,500 രൂപയുമാണ് ചെലവഴിച്ചത്.

സഹാനുഭൂതിയോടെ സഹയാത്ര
പ്രളയത്തില്‍ ഏറെ ക്ലേശിച്ച ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയവരെ പ്രത്യേകം പരിഗണിച്ച് ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളുമടങ്ങിയ കിറ്റുകളും മറ്റു സഹായങ്ങളും നല്‍കിയത് സഹയാത്ര പദ്ധതിയിലൂടെയാണ്. 5 മേഖലകളിലായി ആറായിരത്തിലേറെ കുടുംബങ്ങള്‍ക്ക് 18,00,000 രൂപയുടെ സഹായമെത്തിക്കാനായി.

അതിജീവനം
പ്രളയത്തില്‍ നഷ്ടപ്പെട്ട ഉപജീവനമാര്‍ഗങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു അതിജീവനം പദ്ധതി. തയ്യല്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ നല്‍കിയതു മുതല്‍ പശു, ആട്, കോഴി എന്നിവയുടെ വിതരണം, കാര്‍ഷിക പ്രവര്‍ത്തന സഹായം, സ്വയംതൊഴില്‍ സഹായങ്ങള്‍ എന്നിവയ്ക്കായി 304 കുടുംബങ്ങള്‍ക്ക് 44,18,148 രൂപ ചെലവഴിച്ചു. മൈക്രോ ഫിനാന്‍സ് വഴി സ്വയം തൊഴില്‍ വായ്പയായി 30,50,19,350 രൂപയും നല്‍കി.

ജൈവ സമൃദ്ധി
പ്രളയത്തില്‍ കൃഷി നാശം നേരിട്ടവര്‍ക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും കൂടുതല്‍ പേരെ പ്രത്യേകിച്ച് ഭിന്നശേഷിക്കാരെ കാര്‍ഷിക മുഖ്യധാരയിലേക്കെത്തിക്കുന്നതിനുമായി ജൈവ സമൃദ്ധി പദ്ധതി നടപ്പാക്കി. അടുക്കളത്തോട്ട നിര്‍മാണം മുതല്‍ നഷ്ടപ്പെട്ട വിളവുകള്‍ രണ്ടാമതും കൃഷി ചെയ്യുന്നതിനുള്ള സഹായം ഉള്‍പ്പടെ 8,29,000 രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതി വഴി നടപ്പാക്കിയത്.

ആരോഗ്യപാലനം
ദുരിതാശ്വാസ ക്യാമ്പുകളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും വിവിധ ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. ദുരിതത്തിന്‍റെ ആദ്യദിനങ്ങളില്‍ അതിരൂപതാ കുടുംബ കൂട്ടായ്മ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 320 സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ നടപ്പാക്കിത്തുടങ്ങിയ കൗണ്‍സിലിംഗ് സേവനവും തുടരുകയുണ്ടായി. 265 മെഡിക്കല്‍ ക്യാമ്പുകളാണ് പ്രളയാനന്തരം സംഘടിപ്പിച്ചത്.

ഫാമിലി കിറ്റുകള്‍
വീട്ടുപകരണങ്ങള്‍, ആഹാര വസ്തുക്കള്‍, വസ്ത്രങ്ങള്‍, അവശ്യമരുന്നുകള്‍ തുടങ്ങിയവ പല തവണകളായി പ്രളയമേഖലകളിലാകെ വിതരണം ചെയ്തു. 7,49,789 രൂപ വീട്ടുപകരണങ്ങളുടെ വിതരണത്തിനും 51,74,307 രൂപ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ആഹാര പദാര്‍ത്ഥങ്ങളുടെ വിതരണത്തിനായും ചെലവഴിച്ചു.

ലൈറ്റ് എ ലൈഫ് – പ്രത്യാശയുടെ കൈത്തിരി വെട്ടം
എല്ലാം നഷ്ടപ്പെട്ടതിന്‍റെ വേദനയിലും ഇരുളിലും മുങ്ങിത്താഴുന്ന കുടുംബങ്ങള്‍ക്ക് പ്രത്യാശയുടെ തിരിവെട്ടം പകര്‍ന്നു കൊണ്ടാണ് ലൈറ്റ് എ ലൈഫ് ഫാമിലി സ്പോണ്‍സര്‍ഷിപ്പ് പദ്ധതി നടപ്പാക്കി വരുന്നത്. പ്രളയത്തിന്‍റെ നഷ്ടങ്ങള്‍ പേറി ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവാതെ വലഞ്ഞ നിരവധി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വഴി സഹായം എത്തിക്കാന്‍ നമുക്കു കഴിഞ്ഞു.

ഈ പ്രവര്‍ത്തനങ്ങള്‍ കൂടാതെ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട സ്കൂളുകള്‍, അംഗനവാടികള്‍, എന്നിവയുടെ പുനരുദ്ധാരണത്തിനും സഹൃദയ വഴി സഹായം എത്തിച്ചു.

സാമൂഹ്യസുരക്ഷയ്ക്കായി ആശ്വാസ്, വിദ്യാര്‍ത്ഥി സുരക്ഷാ ഇന്‍ഷുറന്‍സുകള്‍
ആകസ്മികമായി ഉണ്ടാകാവുന്ന അപകടങ്ങള്‍, രോഗചികിത്സകള്‍ എന്നിവയില്‍ ആശ്വാസം പകരുന്നതിനായി സാധാരണക്കാര്‍ക്കും പ്രാപ്യമായ രീതിയില്‍ ഫാമിലി ഇന്‍ഷുറന്‍സ് പദ്ധതിയും കുട്ടികള്‍ക്കായി വിദ്യാര്‍ത്ഥി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കി. ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ക്കും അമ്പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചു വരുന്നു.

ഇടവകകളുടെ സഹകരണം, സന്യാസസമൂഹങ്ങളുടേയും സംഘടനകളുടേയും സഹകരണം എന്നിവക്കൊപ്പം കാരിത്താസ് ഇന്ത്യ, സി.ആര്‍.എസ്, യുണൈറ്റഡ് വേ, ഫ്രാന്‍സ് ഡി ഫൗണ്ടേഷന്‍, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ, ഹാബിറ്റാറ്റ് ഇന്ത്യ, കാരിത്താസ് ഇറ്റലിയാന, ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ്, കാരിത്താസ് സെറാമസോണി, റോമന്‍ കത്തോലിക് ട്രസ്റ്റ്, കാത്തലിക് ഡിയോസിസ് ഓഫ് ചിക്കാഗോ, ഗ്രേറ്റര്‍ അറ്റ് ലാന്‍റ മലയാളി അസോസിയേഷന്‍, കുവൈറ്റ് സിറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ തുടങ്ങിയ ഏജന്‍സികളും ആത്മാര്‍ത്ഥമായി സഹകരിച്ചപ്പോഴാണ് സഹൃദയയുടെ നേതൃത്വത്തിലുള്ള കാരുണ്യപ്രവാഹം പദ്ധതി വിജയ പാതയിലൂടെ മുന്നേറുന്നതെന്ന് ഞങ്ങള്‍ നന്ദിയോടെ അനുസ്മരിക്കുന്നു. വിവിധ പദ്ധതികളിലൂടെ ഏകദേശം 68 കോടിയിലേറെ (68,32,46,683) രൂപയിലധികം ചെലവഴിക്കാനും അതിനനുസരണമായി അതിജീവനത്തിന്‍റെ പടവുകളിലേക്ക് നിരവധി കുടുംബങ്ങളെ ആനയിക്കാനും കഴിഞ്ഞു എന്നുള്ളത് തികച്ചും ചാരിതാര്‍ത്ഥ്യജനകമാണല്ലോ.

Leave a Comment

*
*