Latest News
|^| Home -> Cover story -> വിശു​ദ്ധ എവുപ്രാസ്യ കർമ്മലയിലെ നിശാ​ഗന്ധി

വിശു​ദ്ധ എവുപ്രാസ്യ കർമ്മലയിലെ നിശാ​ഗന്ധി

Sathyadeepam

ലിന്‍സി ജോസഫ്

ചുറ്റുപാടും ഇരുളില്‍ മൂടിയ നിശബ്ദത. നിശയിലെ തെളിഞ്ഞ വായുവില്‍ അലിഞ്ഞലിഞ്ഞ് ആ ഗന്ധം പരന്നു. അതു നുകര്‍ന്നവരെല്ലാം പിടഞ്ഞെണീറ്റു. കണ്ണുകള്‍ തുറന്നു. ആരാലും അറിയപ്പെടാതിരിക്കാന്‍ കൊതിച്ച എവുപ്രാസ്യ എന്ന നിശാപുഷ്പം കര്‍മ്മലയുടെ കനത്തഭിത്തികള്‍ക്കുള്ളിലെ ആരാമത്തില്‍ വിശുദ്ധിയുടെ പരിമളം പരത്തിക്കൊണ്ട് വിരിഞ്ഞത് അധികമാരും കണ്ടില്ല. എന്നാല്‍ എവുപ്രാസ്യയില്‍ വര്‍ദ്ധിച്ചുവരുന്ന വിശുദ്ധിയെ തിരിച്ചറിഞ്ഞതു പൈശാചിക ശക്തികളാണ്. വിശുദ്ധിയിലേക്കുള്ള അവളുടെ വളര്‍ച്ചയെ തടയാന്‍ ജാഗരൂകതയോടെ അവര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അങ്ങനെ രാത്രിയുടെ യാമങ്ങളില്‍ എവുപ്രാസ്യ കൊടിയ യാതനകളാല്‍ പിടഞ്ഞു.

ജപമാലയെന്ന ദിവ്യായുധത്തിലൂടെ അവള്‍ അമലോത്ഭവ മാതാവിന്‍െറ ദിവ്യസാന്നിദ്ധ്യത്തിലായിരുന്ന് നാരകീയ ശക്തികളോടെതിരിട്ടു. പിശാചിന്‍െറ തല തകര്‍ക്കുന്ന സഹരക്ഷകയായ അമ്മതന്നെ എവുപ്രാസ്യയെ കാത്ത് നാരകീയശക്തികളെ തുരത്തുന്നത് വിവരിച്ചിരിക്കുന്ന കത്തുകള്‍ എവുപ്രാസ്യയുടെ ലിഖിതങ്ങള്‍ എന്ന കൃതിയില്‍ പലയാവര്‍ത്തി കാണാം. ദൈവസ്നേഹത്തില്‍ അടിമുടി കുതിര്‍ന്നു പോയവരാണ് വിശുദ്ധരെല്ലാം. വി. എവുപ്രാസ്യയില്‍ ചൂഴ്ന്നിറങ്ങിയ ദൈവസ്നേഹം അവളെ ഉന്മാദത്തിലാക്കി. അതിനാല്‍ കന്യകാലയത്തിന്‍െറ വിജനമായ വീഥികള്‍ അവള്‍ക്കരോചകമായില്ല. മറിച്ച് പ്രണയസമാഗമത്തിന്‍െറ വസന്തലഹരിയാര്‍ന്ന പൂന്തോപ്പുകളായി. അവിടെ ദിവ്യമണവാളന്‍ ഒന്നല്ല മൂന്നുവട്ടം ഞാന്‍ നിന്നെ എന്‍െറ ദിവ്യമണവാട്ടിയായി തിരഞ്ഞെടുത്തിരിക്കുന്നു എന്നറിയിക്കാനെത്തി. പരിണയത്തിന്‍െറ മുദ്രയുള്ള അദൃശ്യമോതിരം അണിഞ്ഞുകൊണ്ടുള്ള ജീവിതം 12-ാംവയസ്സിലേ അവളാരംഭിച്ചിരുന്നു. നീ എന്‍േറത്; എന്‍േറതുമാത്രം എന്ന് നിശബ്ദമായി ആ അദൃശ്യമോതിരം അവളോടെന്നും മന്ത്രിച്ചിരിക്കണം. ശരീരത്തിലും മനസ്സിലും ദൈവസ്നേഹത്തിന്‍െറ തിളങ്ങുന്ന അടയാളമായിരുന്നു ആ മോതിരാനുഭവം. എവുപ്രാസ്യ എന്ന മിസ്റ്റിക്കിന്‍െറ രൂപാന്തര വഴികളാണിവ. ആത്മാവിനെ മധുരമായി മുറിപ്പെടുത്തുന്ന സ്നേഹജ്വാലയാല്‍ പ്രണയക്ഷതങ്ങളേറ്റ കുരിശിന്‍െറ യോഹന്നാന്‍, ആവിലായിലെ ത്രേസ്യ, വി. കൊച്ചുത്രേസ്യ, വി. ഇഡിത്ത്സ്റ്റെയിന്‍ എന്നിവരുടെ നിരയില്‍ വി. എവുപ്രാസ്യയും അങ്ങനെ സ്ഥാനം പിടിച്ചിരിക്കുന്നു.

കര്‍മ്മലയുടെ കറകളഞ്ഞ താപസചൈതന്യം ജീവിതത്തിലുടനീളം അവളില്‍ നിറഞ്ഞുനിന്നു.ഓരോ നിമഷവും ലോകസുഖങ്ങള്‍ക്ക് മരിക്കാന്‍ തയ്യാറായപ്പോള്‍ അകക്കണ്ണുകള്‍ തുറക്കപ്പെട്ട അവള്‍ക്ക് ശുദ്ധീകരണാത്മാക്കള്‍ ദൃശ്യരായി. പ്രാര്‍ത്ഥനകള്‍ യാചിച്ചുവന്ന അവര്‍ക്കായി തന്‍െറ ഏകാന്തരാവുകളില്‍ അവള്‍ മുട്ടിന്‍മേല്‍നിന്ന് ദൃഷ്ടികള്‍ സ്വര്‍ഗത്തിലേയ്ക്കുയര്‍ത്തി. തന്‍റെ അപ്പനുള്‍പ്പെടെ അനേകം ആത്മാക്കള്‍ സ്വര്‍ഗത്തിലേയ്ക്ക് കരേറ്റപ്പെടുന്ന ദര്‍ശനസമൃദ്ധി ദൈവം അവള്‍ക്കായി ഒരുക്കി.

പ്രാത്ഥിക്കുന്ന അമ്മയുടെ മുമ്പില്‍ തങ്ങളുടെ ചങ്കിലെ നൊമ്പരങ്ങള്‍ പങ്കുവയ്ക്കാന്‍ സന്യാസിനിമാരും നാട്ടുകാരും രഹസ്യമായെത്തി. മരിച്ചാലും മറക്കില്ലാട്ടോ എന്ന വാഗ്ദാനവുമായി എവുപ്രാസ്യ അവര്‍ക്കഭയമരുളിയപ്പോള്‍ എത്രയോപേര്‍ തങ്ങളുടെ വിളികള്‍ ഉറപ്പിച്ചു. ദുഃസ്വഭാവങ്ങളില്‍ നിന്നുമകന്ന് ജീവിതം നിര്‍മ്മലമാക്കി. മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും ഒരുപോലെ അഭയമേകാന്‍ അദൃശ്യരൂപികളായ പൈശാചിക ശക്തികളോട് എതിരിട്ട് നില്‍ക്കാന്‍ സാധിച്ച എവുപ്രാസ്യാമ്മ 1877-ല്‍ കാട്ടൂരില്‍ ജനിച്ച് 1952-ല്‍ ഒല്ലൂര്‍ സി.എം.സി .മഠത്തില്‍ വച്ച് 75-മത്തെ വയസ്സില്‍ മരണമടഞ്ഞു.

കന്യകാലയത്തിലെ സാധാരണ ജീവിതത്തിലെ ദൈനംദിന കൃത്യങ്ങളിലെ പരിത്യാഗവും, പ്രാര്‍ത്ഥനയും വിഷയസുഖങ്ങളുടെ മറുപുറം രചിക്കുമ്പോള്‍ പൈശാചികതയോടും വര്‍ദ്ധിച്ചു വരുന്ന തിന്മയോടും ബലാബലം നില്‍ക്കുവാന്‍ ഈ ജീവിതശൈലിയിലെ വിശുദ്ധിക്കാകും എന്ന സത്യം മനസ്സിലാക്കാന്‍ ഇനിയും വൈകരുതേ…

Leave a Comment

*
*