സമർപ്പിത സന്യാസം ദിശയറിയാതെ…?

സമർപ്പിത സന്യാസം ദിശയറിയാതെ…?

സിസ്റ്റര്‍ ഗ്രെയ്സ് CMC
വിമല പ്രോവിന്‍സ്

വൈവിധ്യമാര്‍ന്ന വസ്ത്രധാരണത്തോടെ എവിടെയും ഓടിയെത്തുന്ന സന്യാസിനികള്‍ കേരളത്തിലെ സ്ഥിരകാഴ്ചകളില്‍ ഒന്നാണ്. കേരളം കാലത്തിനൊത്ത് കോലം മാറിയപ്പോഴും ഇവര്‍ അചഞ്ചലരായി നിന്നു. സാന്ത്വനത്തിന്‍റെ മാലാഖമാരായ ഈ അമ്മമാര്‍ വീട്ടിലെത്തുന്നത് സാധാരണ കുടുംബങ്ങളെല്ലാം ഔദ്യോഗീകതകളില്ലാത്ത ഹൃദ്യമായ കുടുംബസന്ദര്‍ശനാവസരങ്ങളായിത്തന്നെ സ്വീകരിച്ചു.

കേരളത്തില്‍ 1866-ല്‍ വി. ചാവറയച്ചനും ഇറ്റാലിയന്‍ മിഷനറിയായ ലെയോപോള്‍ദച്ചനും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സന്യാസഭ വനം; അവിടെ അംഗങ്ങളായി ചേര്‍ന്ന പെണ്‍കുട്ടികള്‍ സ്ത്രീകള്‍ക്കും സാധ്യമാണ് സന്യാസം എന്ന് തെളിയിക്കുകയായിരുന്നു. അതായത് ദൃഢമായ മനസ്സുള്ളവര്‍ക്ക് മാത്രമാണ് സന്യാസം സാധ്യമാകുന്നതെന്നും, അത് ആണുങ്ങള്‍ക്കേ ഉള്ളൂ സ്ത്രീകള്‍ക്കില്ല എന്ന പൊതുധാരണയെ അവര്‍ മറികടന്നു. ദൈവകരുണയുടെ മൃദുലഭാവം ദൈവം പുരുഷനില്‍ എന്നതിനേക്കാള്‍ സ്ത്രീയിലാണ് ഉള്‍ച്ചേര്‍ത്തത്. അലിവാര്‍ന്ന വിവിധ ഭാവങ്ങളിലൂടെ (അമ്മ, ഭാര്യ, മകള്‍, സഹോദരി) അതവള്‍ക്ക് പ്രകടിപ്പിക്കാം. സ്വന്തം മനസ്സിനെയും വികാരങ്ങളെയും ഹൃദയപക്ഷങ്ങളും ക്രമീകൃതമായ ഏകാഗ്രതയില്‍ നിലനിര്‍ത്തി ദൈവകേന്ദ്രീകൃതമാകാനും അവളില്‍ ജന്മനാതന്നെ ഒരു ശക്തിയുണ്ട്. സന്യാസത്തില്‍ ഈ ശക്തിയെ അവള്‍ കൂടുതലായി ഉണര്‍ത്തണം.

ആവിലയിലെ വി. അമ്മത്രേസ്യയും കുരിശിന്‍റെ വി. യോഹന്നാനും കൂടി പുനരാവിഷ്കരിച്ച നവീകൃത കര്‍മ്മലയിലെ സന്യാസദര്‍ശനങ്ങളാണ് കര്‍മ്മലീത്താ മിഷണറിയായ ലെയോപോള്‍ദച്ചനിലൂടെ ആദ്യസന്യാസിനികളിലേക്ക് പകരപ്പെട്ടത.് ബുദ്ധിയിലുയരുന്ന ചോദ്യങ്ങളെയും തര്‍ക്കങ്ങളെയും നിശ്ശബ്ദമാക്കിക്കൊണ്ട് അന്ധമായ വ്രതപാലനം. ദൈവസ്നേഹത്തില്‍ അടിമുടി കുതിര്‍ന്നവരായി സന്യാസമതില്‍ക്കെട്ടിനുള്ളില്‍ ജീവിക്കുക. ഈ ജീവിതം യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ക്ക് സാധിച്ചു? വി. എവുപ്രാസ്യാമ്മയ്ക്കത് സാധിച്ചു. ഇങ്ങനെ വിരലിലെണ്ണാവുന്ന ചു രുക്കം പേരൊഴിച്ച് ബാക്കി വരുന്ന ഭൂരിഭാഗം പേരുടെ കാര്യം കണക്കിലെടുക്കാതിരിക്കാനാവില്ലല്ലോ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നിട്ട വാതായനങ്ങളി ലൂടെ സന്യാസിനിമാരും പുറത്തേക്കിറങ്ങി. സന്യാസം പുതിയ ദിശാബോധം സ്വീകരിച്ചു. പിന്നീടങ്ങോട്ട് ദിശകള്‍ മാറുകയാണ്. കാഴ്ചപ്പാടുകള്‍ തര്‍ക്കവിഷയമാവുകയാണ്. സമരപ്പന്തലുകളിലും, ടി.വി. ചാനലുകളിലെ ചര്‍ച്ചകളിലുമായി സന്യാസജീവിതത്തെ ചവച്ചുതുപ്പുന്നതു കാണുമ്പോള്‍ ഏത് ദിശയിലാണ് ഇതിന്‍റെ മുന്നേറല്‍ എന്നറിയാതെ പൊതുജനത്തോടൊപ്പം കുറെയേറെ സന്യാസികളും കടല്‍ത്തിരയിലകപ്പെട്ടാലെന്നപോലെ ഇന്ന് മലക്കം മറിയുന്നു. സന്യാസത്തില്‍നിന്ന് പുറത്തുകടന്നവരും; വികലമായ കാഴ്ചപ്പാടോടെ അതില്‍ ജീവിക്കുന്നവരുമാണ് ശബ്ദഘോഷമായി സന്യാസത്തെ ചര്‍ച്ചാവിഷയമാക്കുന്നത് എന്നതാണ് ഏറെ ദയനീയം. യഥാര്‍ത്ഥത്തില്‍ സന്യാസം ജീവിക്കുന്നവരെ ഇവിടെയെവിടെയെങ്കിലും കാണാനാകുമോ? ആള്‍ക്കൂട്ടത്തില്‍ അവരെ കാണില്ല. ശബ്ദഘോഷങ്ങളിലും, തെരുവ് നാട്യങ്ങളിലും അവരുടെ നിഴല്‍പോലും വന്നെത്തുകയില്ല. ഈ ആഘോഷങ്ങളെല്ലാം അരങ്ങ് തകര്‍ത്താടുമ്പോള്‍ അവര്‍ ദിശ തെറ്റാതൊഴുകുന്ന നദീപ്രവാഹം പോലെ നേര്‍വഴിക്ക് ചരിക്കുകയാണ്. മറുവശവും നാം കാണാതെ പോകരുത്. നിറകുടം തുളുമ്പില്ല; പൊള്ളക്കലങ്ങള്‍ പടപടാ ശബ്ദിച്ചു കൊണ്ടിരിക്കും എന്ന് പറയുമ്പോഴും ഇങ്ങനെ ശബ്ദിക്കുന്നവരെ അതൊരു കാരണം കൊണ്ടു മാത്രം അടച്ചാക്ഷേപിക്കാമോ? പുറംതള്ളാമോ? എന്ന ചോദ്യം ചങ്കില്‍ തറച്ചുകയറുന്ന കഠാരപോലെ ഇന്ന് തിരുസഭയെ കീറിമുറിക്കുകയാണ്.

സഭയുടേയും രാഷ്ട്രത്തിന്‍റെയും ചരിത്രത്തിന്‍റെ ഏടുകള്‍ പരി ശോധിക്കുമ്പോള്‍ വിപ്ലവവീര്യം നിറഞ്ഞവരിലൂടെയാണ് കെട്ടിക്കിടന്ന അഴുക്ക് ജലാശയങ്ങള്‍ പുറത്തേയ്ക്ക് ചാലുകീറി ശുദ്ധീകൃതമാകുന്നതെന്ന് നാം കാണുന്നു. ഒരിക്കല്‍ ഒരു കന്യാസ്ത്രീ സഭാവസ്ത്രം മാറ്റി തെരുവിലേയ്ക്കിറങ്ങി. കല്‍ക്കട്ടയിലെ ചേരിയില്‍. അവിടത്തെ ഏറ്റവും ദരിദ്രരായ തോട്ടിപ്പണിക്കാരുടെ വസ്ത്രം അവള്‍ സ്വീകരിച്ചു. പരമ്പരാഗത നിയമങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ അതില്‍നിന്ന് പുതു ജീവന്‍ ആര്‍ജ്ജവത്വത്തോടെ വളര്‍ന്നുപൊങ്ങുമോ? കാലം തെളിയിക്കട്ടെ. അന്നറിയാം ഈ വിവാദങ്ങളില്‍ എതിര്‍പക്ഷം നില്‍ക്കുന്നവരും മാന്യതയുടെ പുറംതോടിനുള്ളില്‍ നില്‍ക്കുന്നവരും എല്ലാവരും തങ്ങളുടേതായ സംഭാവനകള്‍ ചരിത്രത്തിന് നല്‍കുന്നുണ്ടെന്ന്.

വിധേയത്വം എന്ന വാക്ക് ഇന്നേറെ വിമര്‍ശനാത്മകമാണ്. ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരാകണം എന്ന് വി. ബൈബിള്‍ തന്നെ ആവശ്യപ്പെടുമ്പോള്‍ ഭാര്യയും ഭര്‍ത്താവും പരസ്പര പൂരകങ്ങളാണെന്നും ജീവന്‍റെ വളര്‍ച്ചയിലും പരിപാലനയിലും തുല്യ ഉത്തരവാദിത്വമുള്ളവരാണെന്നും ഉദ്ബോധിപ്പിക്കുന്നുമുണ്ട്. ഒരു കുടുംബം ഇമ്പകരമായ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് മക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വളര്‍ച്ച സാധ്യമാക്കണമെങ്കില്‍ സ്നേഹം നിറഞ്ഞ പരസ്പരാദരവും വിധേയത്വവും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കാവശ്യമാണ്. സന്യാസ ജീവിതത്തിലും അനുസരണം എന്ന വ്രതം ഒരു വ്യക്തി പാലിക്കേണ്ടത് കുരിശോളം ശൂന്യമായ യേശുവിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് അധികാരിയുടെ നിര്‍ദ്ദേശം ദൈവഹിതമായി കണ്ട് ദൈവവിശ്വാസവും ദൈവസ്നേഹവും മനസ്സില്‍ നിറച്ചുകൊണ്ടാണ്. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍നിന്ന് സന്യാസജീവിതം വേറിട്ട് നില്‍ക്കുന്നത് ഈ തലങ്ങളിലാണ്. കുറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലോ, സാമൂഹ്യസമുദ്ധാരണ പ്രവര്‍ത്തനങ്ങളിലോ ആവേശകരമായി പങ്കെടുത്ത് അവകാശങ്ങള്‍ നേടിയെടുക്കുക എന്ന രീതി സന്യാസത്തിന്‍റെ അടിസ്ഥാന നിലപാടുകള്‍ക്ക് തന്നെ എതിരാണ്. അതുകൊണ്ടാണ് പ്രത്യക്ഷത്തില്‍ നീതിയല്ല; സംസ്കാരസമ്പന്നമല്ല എന്ന് തോന്നിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പോലും അനുസരിച്ച് ഒരു വ്യക്തി കുരിശില്‍ ബലിയായിത്തീര്‍ന്ന യേശുവിനോട് തന്നെത്തന്നെ താദാത്മ്യപ്പെടുത്തുന്നതിലൂടെ സന്യാസം ജീവിക്കുന്നത്. ഈ ഒരു നിലപാടില്‍ മാത്രമേ സന്യാസജീവിതമുള്ളൂ.

ഇരുപതും നാല്പതും വര്‍ഷങ്ങള്‍ ജീവിച്ചിട്ടും സമര്‍പ്പിതര്‍ക്ക് പലര്‍ക്കും ഇത് മനസ്സിലാകുന്നില്ല; (കുരിശിന്‍റെ ഭോഷത്തം) ജീവിക്കാനാകുന്നില്ല മാത്രമല്ല സന്യാസത്തിന്‍റെ അടിസ്ഥാനവശങ്ങള്‍ അറിയാത്ത വ്യക്തികള്‍ പറയുന്നവയാണ് ശരി എന്ന അബദ്ധധാരണയില്‍ അവള്‍ പെട്ടെന്ന് തന്നെ ചെന്ന് ചാടുകയും ചെയ്യുന്നു. യേശുവാണ് രക്ഷകന്‍; അവനാണ് പ്രവര്‍ത്തിക്കുന്നവന്‍ എന്ന വിശ്വാസമാകുന്ന അടിത്തറയിലാണ് വിള്ളല്‍ വീണിരിക്കു ന്നത്.

സമര്‍പ്പിതസന്യാസത്തിന് ദിശാബോധം കൊടുക്കുന്നത് ഓരോ സന്യാസിനിയും അവളുടെ ചങ്കില്‍നിന്ന് തന്നെയാകട്ടെ. തര്‍ക്കങ്ങളും അസ്വസ്തതകളും മനസ്സിലും, ബുദ്ധിയിലും വിശ്വാസത്തിലും നിറയാത്തവരായി നമ്മിലാരെങ്കിലും ഇന്നുണ്ടോ? ഉള്ളിലും പുറത്തും നടക്കുന്ന ഈ കുരുക്ഷേത്രയുദ്ധത്തില്‍ കുരിശില്‍ ബലിയായവന്‍റെ കാലടികള്‍ നമ്മുടെ പാദങ്ങള്‍ക്ക് വെളിച്ചമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org