സമര്‍പ്പിത പരിശീലനം ഒരു വെട്ടിയൊരുക്കല്‍; അടിമത്തമല്ല

സമര്‍പ്പിത പരിശീലനം ഒരു വെട്ടിയൊരുക്കല്‍; അടിമത്തമല്ല

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

ഹൃദയത്തെ ആഴമായി സ്പര്‍ശിച്ച വ്യക്തികളേയും ചിന്താധാരകളെയും എന്ത് വിലകൊടുത്തും അനുവാധനം ചെയ്യുന്ന മനുഷ്യമനസ്സുകള്‍ അപൂര്‍വ്വമാണെങ്കിലും, ചരിത്രത്തിലുടനീളം ഇക്കൂട്ടരെ കാണാന്‍ കഴിയും, എന്നാല്‍ വ്യക്തിയുടെയോ ആശയത്തിന്‍റെയോ തടഞ്ഞു നിര്‍ത്താനാവാത്ത കാന്തിക ആകര്‍ഷണത്തിന്‍റെ പ്രവാഹത്തില്‍ പൊങ്ങുതടിപോലെ ജീവിതാവസാനം വരെ നിര്‍ജ്ജീവമായി ഒഴുകി അവസാനം ഒരു സ്വഭാവിക ജലസമാധിയില്‍ അന്ത്യം കാണേണ്ടതുമല്ല 'ദൈവവിചാരം' എന്ന് സിവില്‍ രേഖകളില്‍ അടയാളപ്പെടുത്തുന്നു സമര്‍പ്പിതജീവിതം. പൊടുന്നനെയുള്ള ആകര്‍ഷണത്തിനും തീരുമാനത്തിനും അല്പായുസ്സാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാല്‍ അധികം പേര്‍ സഞ്ചരിക്കാത്ത ഒറ്റയടിപ്പാതയില്‍ മുള്ള്, മുരട്, മൂര്‍ഖന്‍പാമ്പുകളെ അവഗണിച്ചുകൊണ്ട് മുമ്പോട്ട് പോകാന്‍ പരിശീലനം ആവശ്യമുണ്ട്.

ബുദ്ധ, ക്രൈസ്തവ, ജൈന സന്ന്യാസാശ്രമങ്ങളിലും സുദീര്‍ഘമായ ഒരു പരിശീലനഘട്ടം കാണാവുന്നതാണ്. അതിസ്വഭാവികമായ തീര്‍ത്ഥയാത്രയായതുകൊണ്ട് കര്‍ശനരൂപീകരണം അനിവാര്യമാകുന്നു. ക്രിസ്തുവിന് മുമ്പുതന്നെ ബുദ്ധപാരമ്പര്യത്തിലും സന്യാസജീവിതശൈലി നിലനിന്നിരുന്നെങ്കിലും, ക്രിസ്തുവിന് ശേഷമാണ് അതിന് വ്യക്തമായ ചിട്ടവട്ടങ്ങള്‍ ഉണ്ടായത്. പലതിനും ഏറെക്കുറെ സമാന സ്വഭാവമുണ്ടെങ്കിലും സ്ഥാപക ആചാര്യന്‍റെ ദര്‍ശനം ഈ സമൂഹങ്ങളെ കാര്യമായിതന്നെ സ്വാധീനിക്കും. സുവിശേഷ മൂല്യങ്ങളുടെ ഇടുങ്ങിയ പാതയുടെ മുമ്പില്‍ കുരിശു വഹിക്കുന്ന യേശുക്രിസ്തു നടന്നു നീങ്ങുന്നു. സമര്‍പ്പിതജീവിത പരിശീലനം ഇന്ന് പൊതുചര്‍ച്ചയ്ക്കു വിഷയമായിരിക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം അനുഭവത്തില്‍ വൈദിക പരിശീലനത്തെ ഈ കുറിപ്പിലൂടെ ഒന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. സര്‍വ്വസ്വാതന്ത്ര്യാധികാരം ഇല്ലെങ്കിലും (അത് സഹായകരവുമല്ല) മനുഷ്യജീവിതത്തിന്‍റെ അന്തസ്സിനും അഭിമാനത്തിനും കൂച്ചുവിലങ്ങിടുന്ന ഒരു സാഹചര്യവും ഒരിക്കലും എന്‍റെ പരിശീലനത്തില്‍ ഉണ്ടായിട്ടില്ല തന്നെ. വ്യത്യസ്ത സ്വഭാവങ്ങളുള്ള രണ്ട് പരിശീലനങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോന്നത്.

ഞാന്‍ പഠിച്ചിരുന്ന കോഴിക്കോട്ട് മെഡിക്കല്‍ കോളേജിന് സമീപമുള്ള ക്രൈസ്റ്റ് ഹാള്‍ എന്ന ജെസ്വിറ്റ് പരിശീലന കേന്ദ്രമായിരുന്നു ആദ്യ കളരി. സ്വാതന്ത്ര്യത്തോടുകൂടിയുള്ള ഉത്തരവാദിത്വം എന്ന തത്വത്തിന്മേലാണ് അവിടേയും, പിന്നീട് ചെന്നൈയിലെ അടയാറിലെ സേക്രട്ട് ഹാര്‍ട്ട് കോളേജ് ഓഫ് ഫിലോസഫിയിലേയും പരിശീലന സമ്പ്രദായം. ഒരു വ്യക്തിയുടെ സമഗ്രവളര്‍ച്ചയ്ക്ക് അനുയോജ്യമായ പരിശീലനം എന്നതാണ് ഇതിന്‍റെ മഹത്ത്വം. സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദികളും പരീക്ഷണ പരിപാടികളും ഒരു പുരുഷായുസ്സ് സമര്‍പ്പിക്കുന്ന വ്യക്തിക്ക് മാന്യമായിത്തന്നെ ഉപയോഗപ്പെടുത്താം. കോഴിക്കോട്ടെ സെമിനാരിപ്പറമ്പില്‍ ഇന്നും ഓര്‍മ്മയില്‍നിന്ന് മാഞ്ഞുപോകാതെ നില്‍ക്കുന്ന ഏകദേശം ഇരുന്നോറോളം വര്‍ഷം പഴക്കമുള്ള ഒരു വലിയ മാവുണ്ടായിരുന്നു. കാഴ്ചയില്‍ അപകട സാധ്യതയില്ല. നില്‍ക്കുന്നത് യാതൊരു അപകട സാധ്യതയില്ലാത്ത സ്ഥലത്തും. പക്ഷേ അത് വെട്ടാന്‍ തീരുമാനമായി. പ്രകൃതി സ്നേഹവും കലാവിഷ്കാരദാഹവും മുറ്റിനിന്ന യൗവനത്തില്‍ ഞങ്ങള്‍, മുതിര്‍ന്ന വൈദീകരടക്കമുള്ള ഒരു യോഗത്തില്‍ മാവിന്‍റെ വേദനയും, മനുഷ്യന്‍റെ സ്വാര്‍ത്ഥതയും മറ്റും ചേര്‍ത്ത് ഒരു കലാശില്പം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. അതിന്‍റെ അവസാനത്തില്‍ "ഇതിന്നൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍" എന്ന ചങ്ങമ്പുഴയുടെ (വാഴക്കുല) വിപ്ലവഗാനമാലപിച്ചിട്ടും, ഞങ്ങളുടെ കലാവിഷ്കാരത്തെ അനുമോദിക്കുകയല്ലാതെ, ഒരു ശിക്ഷയോ പ്രതികാരമോ ഉണ്ടായില്ല.

പിന്നീട് ദൈവശാസ്ത്ര പഠനത്തിനായി ആലുവ മംഗലപ്പുഴ സെമിനാരിയിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഫോണ്‍ വിളികള്‍ നിയന്ത്രിക്കാന്‍ അധികാരികള്‍ ചില നിബന്ധനകള്‍ വച്ചു. പിതാക്കന്മാരടക്കമുള്ള സെമിനാരി കമ്മീഷന്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് വന്നപ്പോള്‍ ഞങ്ങള്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥികളോട് സംസാരിച്ച് ഒരു തീരുമാനത്തിലെത്താന്‍ അഭിവന്ദ്യ പിതാക്കന്മാര്‍ റെക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് വിളിച്ചു കൂട്ടിയ യോഗം സ്വാഭാവികമായും അല്പം ഒച്ചപ്പാടുണ്ടാക്കി. സെമിനാരിയിലെ ഏറ്റവും പ്രായം കൂടുതലുള്ള വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നോട് അഭിപ്രായം പറയാന്‍ പറഞ്ഞപ്പോള്‍ അല്പം ശബ്ദമുയര്‍ത്തിത്തന്നെ "ഈ നിയമം നിന്ദ്യവും നികൃഷ്ടവു"മാണെന്ന് ഞാന്‍ അഭിപ്രായം പറഞ്ഞു. പിന്നീട് അത് അല്പം കടന്നുപോയെന്ന് എനിക്ക്തന്നെ തോന്നി. അടുത്ത പ്രഭാതത്തില്‍ത്തന്നെ ദിവ്യബലിക്കുശേഷം ഞാന്‍ റെക്റ്ററച്ചന്‍റെ മുറിയിലെത്തി. ക്ഷമ ചോദിച്ചു. വന്ദ്യനായ ഗുരുവിന്‍റെ മറുപടി എന്‍റെ ചെവിയില്‍ ഇന്നും മുഴങ്ങുന്നു. "അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ. കുശലം പറഞ്ഞു റെക്റ്റര്‍ വിഷയം തന്നെ മാറ്റി.

സെമിനാരിയിലെ അവസാന ക്ലാസ്സ് കഴിഞ്ഞ്, വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത്രത്തോളം ആ സെമിനാരിയോടും ഗുരുക്കന്മാരോടും എനിക്ക് സ്നേഹമായിരുന്നു. സെമിനാരികളും സഭാപരിശീലനകേന്ദ്രങ്ങളും ഇന്ന് തടവറകളായി വിശേഷിക്കപ്പെടുമ്പോള്‍, ഞാന്‍ പറയും, അതെ സ്നേഹപരിശീലനത്തിന്‍റെ തടവറ! രക്തദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഒഴിവുദിവസങ്ങളില്‍ സെമിനാരി അധികൃതരുടെ അനുവാദത്തോടെ, എറണാകുളം ജില്ലയിലെ പല വിദ്യാലയങ്ങളിലും കലാലയങ്ങളിലും പോകുമായിരുന്നു. ഉത്തരവാദിത്വത്തോടും അനുവാദത്തോടും കൂടെ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടായിട്ടില്ല. പക്ഷേ, "ഡബിള്‍ ലൈഫ്" സെമിനാരിയില്‍ വേരുപിടിക്കില്ല. പുറംലോകം അറിയാത്ത അനാരോഗ്യകരമായ സംഭവങ്ങളുടെ പേരില്‍ പുറത്തുപോയവരെ രക്തസാക്ഷികളാക്കി മുദ്രകുത്തുന്ന ബാഹ്യലോകം പലപ്പോഴും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല, അധികൃതര്‍ ആ വ്യക്തിയുടെ സല്‍പേരിന് കോട്ടം വരാതിരിക്കാന്‍ സ്വന്തം വീട്ടുകാരോട് പോലും എല്ലാ കാര്യങ്ങളും വെളിപ്പെടുത്താറുമില്ല.

ഒരു ആയുഷ്ക്കാലം ക്രിസ്തുവിനുവേണ്ടി വ്യത്യസ്തമായ ഒരു ജീവിതശൈലി രൂപപ്പെടുത്തണമെങ്കില്‍ ഒരു ചിട്ടയും ക്രമവും അനിവാര്യമാണെന്നതിന് തര്‍ക്കമില്ല. പക്ഷേ, അതിനു വേണ്ടതായ അച്ചടക്കം ഇരുമ്പുലക്കയൊന്നുമല്ല. രക്ഷാകര പദ്ധതി തന്നെ ആരംഭിക്കുന്നത് പിതാവായ ദൈവത്തിന്‍റെ തീരുമാനത്തിന് പുത്രനായ ഈശോതമ്പുരാന്‍ അനുസരണത്തിലൂടെ പ്രത്യുത്തരം നല്‍കുമ്പോഴാണല്ലോ. സ്നേഹമുണ്ടെങ്കില്‍ അനുസരണം അടിമത്തമാകില്ല. നിത്യ പുരോഹിതനായ യേശുവിനോടുള്ള തീവ്രമായ സ്നേഹവും അനുകരണവുമല്ലേ ബ്രഹ്മചര്യവ്രതത്തിന്‍റെ അടിസ്ഥാനം. സമര്‍പ്പിതജീവിതശൈലിയുടെ വിജയത്തിന് ഇത് അനിവാര്യവുമാണ്. അങ്ങനെയാകുമ്പോള്‍ ബ്രഹ്മചര്യം പ്രയാസമുള്ളതാണെങ്കിലും, മനുഷ്യനെ അപൂര്‍ണ്ണനാക്കുന്നില്ല. ദൈവത്തിലും ദൈവജനത്തിലും വിശ്വാസമര്‍പ്പിക്കുന്ന ഓരോ വ്യക്തിയുടെ നിക്ഷേപം ഒരിക്കലും സ്വന്തം ബാങ്ക് ബാലന്‍സാകരുത് ധൂര്‍ത്ത് ഒഴിവാക്കിയാല്‍ സാമാന്യം മാന്യമായ ജീവിതം നയിക്കാന്‍ കര്‍ത്താവ് വിളിച്ചവന് അശ്ശേഷം ബുദ്ധിമുട്ടില്ല. പക്ഷെ വര്‍ഷത്തിലൊരിക്കല്‍ പുതിയ കാറ് മാറ്റി വാങ്ങണം എന്ന വ്രതമെടുത്തവര്‍ക്ക് ഒരിക്കലും ഒന്നിലും തൃപ്തിവരില്ല.

യേശുകേന്ദ്രീകൃത മാതൃകകളായിരിക്കണം പരിശീലനത്തിന് നിയോഗിക്കപ്പെടേണ്ടവര്‍. യേശു വിജ്ഞാനീയം സ്വന്തമാക്കേണ്ടത് അത്യാവശ്യമാണെങ്കിലും, അതിനോടൊപ്പം ലാളിത്യത്തിന്‍റേയും സുതാര്യതയുടേയും അകമ്പടിയില്ലാത്ത പരിശീലകര്‍ നല്‍കുന്ന സന്ദേശം പരിശീലനാര്‍ത്ഥിയെ തെറ്റായ ദിശയിലേക്ക് നയിക്കും. ഉത്തരവാദിത്വ സ്ഥാനം വഹിക്കുന്നവരെ തെരഞ്ഞെടുക്കുന്നതില്‍ ചിലപ്പോഴെല്ലാം സ്വജനപക്ഷപാതം കടന്നുവരുന്നുണ്ടെന്ന് നമുക്കെല്ലാം അറിയാം. പരിശീലനം ലഭിക്കുന്നവര്‍ക്ക് മുതിര്‍ന്ന സഹോദരനായി യേശു ശിഷ്യരെ കൂടെ നടത്തിയതുപോലെ കൊണ്ടു നടന്നാല്‍ ഒന്നാന്തരം പാഠമായിരിക്കുമല്ലോ അത്.

വിദ്യാര്‍ത്ഥികളും ഗുരുക്കന്മാരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ശൈലി പല കേന്ദ്രങ്ങളിലും ഇന്നില്ല. (ചില ദിവസങ്ങളില്‍ ഉണ്ടാകാറുണ്ട്.) ഗുരുക്കന്മാര്‍ക്ക് പ്രത്യേക ഊട്ട്പുരയുണ്ടാകുമ്പോള്‍, വിഭവങ്ങളില്‍ വലിയ വ്യാത്യാസം ഇല്ലെങ്കില്‍ തന്നെ ചില സംശയങ്ങളും അകല്‍ച്ചയും അത് സൃഷ്ടിക്കുന്നു. പരിശീലനാര്‍ത്ഥിയുടെ പള്‍സ് അറിയാന്‍ ഒരുമിച്ചുള്ള ഭക്ഷണവും. കളികളും. യാത്രകളും ഒക്കെ ഉപകരിക്കും. ലാളിത്യം അഭ്യസിപ്പിക്കാന്‍ സെമിനാരികളെ അമിത സൗകര്യങ്ങളും കാര്‍ഷെഡുകളിലും രാജകീയമാ യി വിശ്രമിക്കുന്ന വാഹനങ്ങളും സഹായിക്കുമോ! വ്യക്തി കേന്ദ്രീകൃതമായ പരിശീലനമാണ് ഇന്നത്തെ ആവശ്യം. മനശ്ശാസ്ത്രപഠനം പരീക്ഷ ജയിക്കാനുള്ള ഒരു രണ്ട് ക്രെഡിറ്റായി ചുരുങ്ങിപ്പോകാതെ ജീവിത പരീക്ഷണങ്ങളെ നേരിടാന്‍ ഉതകുന്നതായിരിക്കണം. പരിശീലകരും മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന ഒരു ടീം ആയിരിക്കണം യഥാര്‍ത്ഥ സെമിനാരി സ്റ്റാഫ്. പണം ചെലവഴിച്ചുള്ള അമിത ആഘോഷങ്ങളും വിലയേറിയ ഭക്ഷണരീതികളും സഹായകരമാണെന്ന് കരുതുക വയ്യ. പരിശീലനം സ്ഥാപനങ്ങളില്‍നിന്ന് ആരംഭിക്കുന്നെങ്കിലും പാതി രൂപീകരണം സെമിനാരി മതിലിന് പുറത്തായിരിക്കണം. പരീക്ഷകള്‍ ആവശ്യമാണെങ്കിലും, സുതാര്യത, ആത്മാര്‍ത്ഥത, അനുസരണം, വിശ്വാസതീക്ഷ്ണത എന്നതായിരിക്കണം മുഖ്യപരിശോധനാ വിഷയങ്ങള്‍. ഇതില്‍ പരാജയപ്പെടുന്നവര്‍ക്ക് "പ്രൊമോഷന്‍" സാധ്യത ഇല്ലാത്തതല്ലേ ഇരുകൂട്ടര്‍ക്കും നല്ലത്? കയറി വന്നതുപോലെ ഏത് കാലഘട്ടത്തിലും ഈ രീതിയോട് വിട പറയാനും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കേണ്ടതും ഇവിടെ ഗുരുധര്‍മ്മമാണ്. ഇവിടെ ഡയലോഗ് അനിവാര്യമാകുന്നു.

രൂപീകരണത്തിലും സമര്‍പ്പണ ജീവിത വീക്ഷണത്തിലും ശ്രീരാമകൃഷ്ണ മിഷന്‍ കത്തോലിക്കാ സഭയുമായി ഏറെ സാമ്യമുണ്ട്. തൃശ്ശൂരിലെ ശ്രീരാമകൃഷ്ണ ആശ്ര മത്തിലെ ചടങ്ങുകള്‍ക്ക് സ്ഥിരം ക്ഷണിതാവായ ഈ ഞാന്‍ അവിടെയുള്ള ക്രിസ്മസ് ആഘോഷം കൗതുകത്തോടും ആദരവോടും സ്മരിക്കുകയാണിവിടെ. പൂര്‍വ്വാശ്രമത്തില്‍നിന്ന് വളരെയധികം അകലം പാലിക്കുക വഴി അവര്‍ക്ക് കൂടുതല്‍ ആത്മസ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. ആദ്യ രണ്ടു വര്‍ഷത്തെ 'വന്നു കാണുക', പിന്നെ രണ്ടു വര്‍ഷം നീളുന്ന ആത്മീയ പരിശീലനക്കളരി, അതിനുശേഷം നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബേലൂര്‍ ആശ്രമത്തിലെ ബ്രഹ്മചര്യാവസ്ഥ, തുടങ്ങി ഒമ്പതുവര്‍ഷം കഴിയുമ്പോള്‍ മാത്രമാണ് കാഷായ വസ്ത്രവും സന്യാസദീക്ഷയും നല്‍കപ്പെടുന്നത്. മിഷന്‍ നല്‍കുന്ന ജോലികള്‍ക്കു പുറമെ സന്യാസജീവിതത്തിന് തടസ്സം വരാത്ത സാമൂഹികസേവനം അധികാരികളുടെ അനുവാദത്തോടെ ചെയ്യാം. ഞാന്‍ മനസ്സിലാക്കിയ മറ്റൊരു പ്രത്യേകത, ആശ്രമ പരിശീലനഘട്ടം ആരംഭിച്ചുകഴിഞ്ഞാല്‍ കാര്യമായ സിവില്‍പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയില്ല. നമ്മെപ്പോലെത്തന്നെ അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നിവ നിര്‍ബന്ധം. താത്പര്യമില്ലെങ്കില്‍ ഈ ജീവിതാവസ്ഥയോട് വിടപറയാം. സ്ഥലംമാറ്റം, വാര്‍ദ്ധക്യ സുരക്ഷ എന്നിവയെല്ലാം നമുക്കു സമാനം പക്ഷെ ഏറ്റവും വലിയ വ്യത്യാസം അവര്‍ പിന്തുടരുന്ന ലാളിത്യമാണ്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് മിഷന്‍റെ ആഗോള അദ്ധ്യക്ഷന്‍ സ്വാമിഗനാഥാനന്ദക്ക് രാഷ്ട്രം പത്മവിഭൂഷന്‍ ബഹുമതി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍, ഞങ്ങള്‍ ബഹുമതികള്‍ സ്വീകരിക്കുകയില്ല എന്ന ഹ്രസ്വവാക്കുകളില്‍ അദ്ദേഹം വിനയപൂര്‍വ്വം പിന്‍വാങ്ങി. പരിശീലനഘട്ടത്തില്‍ ഇന്ന് അഞ്ഞൂറോളം ബ്രഹ്മചാരികളും ആയിരത്തിലേറെ സ്വാമിമാരുമുള്ള ശ്രീരാമകൃഷ്ണ മിഷനില്‍ നിന്ന് നമുക്ക് ചില കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

പരിശീലനം എങ്ങനെയോ അങ്ങനെയായിരിക്കും ഭാവി സമര്‍പ്പിതജീവിതവും. മരത്തിനും ആശാരിക്കും ഒരുപോലെ ന്യൂനതകളുണ്ടാകും. പക്ഷെ ഉപേക്ഷിക്കാനുള്ള ആഗ്രഹമെങ്കിലും ആത്മാര്‍ത്ഥമായുണ്ടെങ്കില്‍, പിന്നെ നിത്യപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ ശക്തിയായി അവതരിക്കും. പൗരോഹിത്യം ഇന്നും പ്രസക്തവും അര്‍ത്ഥപൂര്‍ണ്ണവും തന്നെ. അലങ്കാര ആര്‍ഭാടങ്ങള്‍ നമ്മെ കൊടുംനാശത്തിലേക്ക് നയിക്കുമെന്ന് കാലം നമ്മെ പഠിപ്പിക്കുന്നു. മഹാകവി കുമാരനാശാന്‍റെ 'വീണപൂവ്' എന്ന കവിതയില്‍ വൈരാഗിയായ വൈദികന്‍ എന്നൊരു പരാമര്‍ശം ഉണ്ട്. ലോകത്തോടുള്ള നിര്‍മ്മമമായ അഭിനിവേശമെന്നോ നിസ്സംഗതയെന്നോ ഒക്കെ 'വൈരാഗ്യം' എന്ന വാക്കിന് നാനാര്‍ത്ഥം കല്‍പിച്ച് ധ്യാനിക്കാം.

കൃഷിസ്ഥലം ഉഴുതു മറിക്കുന്ന കാളകള്‍ക്ക് നുകം ഒഴിച്ചുകൂടാനാകാത്തതാണ്. അല്ലെങ്കില്‍ അവയുടെ അദ്ധ്വാനം ഫലം അണിയുകയില്ല. അതുപോലെതന്നെയാണല്ലോ പരിശീലന കാലഘട്ടവും. നുകം ഒരു നിയന്ത്രണം തന്നെ, അതിന് ഭാരവും ഉണ്ട്. എന്തിനീ ഭാരം ചുമക്കണം എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ക്ക് സാക്ഷാല്‍ ഗുരുനാഥന്‍ തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്, എന്‍റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്. (മത്തായി 11,30). ഭക്തിയോടെ വൃതമെടുത്ത ശബരിമല തീര്‍ത്ഥാടകര്‍ക്ക് ക ല്ലും മുള്ളും കാലുക്ക് മെത്തയാകുന്നതിന്‍റെ രഹസ്യവും മറ്റൊന്നുമല്ലല്ലോ.

അനുബന്ധം: വിമര്‍ശനങ്ങളെ വിമര്‍ശിക്കേണ്ടതില്ല, അകാരണമായി ഭയപ്പെടുകയും വേണ്ട. ഏത് പ്രതിസന്ധിയിലും സത്യം, ധര്‍മ്മം, നീതി, സുതാര്യത എന്നിവ നാം മുറുകെ പിടിച്ചാല്‍ മതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org