Latest News
|^| Home -> Cover story -> സംശയത്തിൽ നിന്നാവട്ടെ ആരംഭം

സംശയത്തിൽ നിന്നാവട്ടെ ആരംഭം

Sathyadeepam

ഡോ. സൂരജ് പിട്ടാപ്പിള്ളില്‍

ഇന്നത്തെ കേരളത്തിലെ ദൈവശാസ്ത്രമേഖലയുടെ അവസ്ഥ എന്താണെന്നു പഠിക്കാനുള്ള ശ്രമം നാം നടത്തുമ്പോള്‍, ദൈവശാസ്ത്രത്തെയും അതിന്‍റെ കാഴ്ചപ്പാടുകളെയും കുറിച്ചു വളരെ വ്യക്തമായ വെളിപ്പെടുത്തലുകള്‍ നമുക്കു ലഭിക്കും. തെര്‍ത്തുല്യന്‍ ചോദിച്ച ചോദ്യത്തി ന്‍റെ പ്രസക്തി നിങ്ങളുടെ ശ്രദ്ധയിലേക്കു ഞാന്‍ കൊണ്ടുവരികയാണ്. ‘ഏഥന്‍സിനെക്കൊണ്ടു ജെറുസലേമിന് എന്തു കാര്യം?”

ദൈവശാസ്ത്രത്തിന് ഏറ്റവും മികച്ച അല്ലെങ്കില്‍ ഏറ്റവും അര്‍ത്ഥവത്തായ നിര്‍വചനം കൊടുത്തിരിക്കുന്നതു കാന്‍റര്‍ ബെറിയിലെ വി. ആന്‍സലം ആണ്. “Faith Seeking Understanding.” വിശ്വാസം യുക്തിയോടു ചേരുന്നതും വെളിപാടു യുക്തിഭദ്രത നേടുന്നതിനുമാണു ദൈവശാസ്ത്രമെന്നു പറയുന്നത്. ഇവിടെ യുക്തി എന്നു പറയുന്ന വാക്ക് വളരെ പ്രസക്തമാണ്. ഒരുപക്ഷേ, തത്ത്വശാസ്ത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വാക്കും ഇതാണ്. തത്ത്വശാസ്ത്രത്തിന്‍റെ ചരിത്രം മുഴുവനെയും ഒരു സമരമായിട്ടു നമുക്കു കണക്കാക്കാം. രണ്ടു കാര്യങ്ങള്‍ തമ്മിലുള്ള സമരം – ആശയവും പദാര്‍ത്ഥവും തമ്മിലുള്ള സമരം.

ആശയവും പദാര്‍ത്ഥവും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി അവതരിപ്പിച്ചത് കലാകാരനായ റാഫേലാണ്. അദ്ദേഹത്തിന്‍റെ The School of Athens എന്ന വിഖ്യാത പെയ്ന്‍റിംഗില്‍. തിമേയോസ് എന്ന പുസ്തകം കൈയില്‍ പിടിച്ചുകൊണ്ടു പ്ലേറ്റോ സൂചിപ്പിക്കുന്നു, “യാഥാര്‍ത്ഥ്യം ഇവിടെയല്ല; ആകാശത്തിലാണ്.” തൊട്ടടുത്താകട്ടെ, കൈയില്‍ നിക്കോമാക്കിയന്‍ എത്തിക്സ് പിടിച്ച കരങ്ങള്‍ കുറച്ചുകൂടി താഴ്ത്തി അരിസ്റ്റോട്ടില്‍ സൂചിപ്പിക്കുന്നു, യാഥാര്‍ത്ഥ്യം ഇവിടെയാണ് എന്ന്. അന്നു തുടങ്ങിയ സമരമാണു യാഥാര്‍ത്ഥ്യം മുകളിലാണോ, താഴെയാണോ എന്നത്. ആശയവും പദാര്‍ത്ഥവും തമ്മിലുള്ള സമരം, അതും പല രൂപത്തില്‍ വന്നിട്ടുണ്ട്.

പഴയ വീഞ്ഞു പുതിയ തോല്ക്കുടത്തില്‍ വരുന്നതുപോലെ ആധുനികയുഗത്തിലേക്കു വരുമ്പോള്‍ അതു കോണ്ടിനന്‍റല്‍ റാഷണലിസവും ബ്രിട്ടീഷ് എംപിരിസിസവും തമ്മിലുള്ള സമരമാണ്.

എന്നാല്‍ ഈ സമരത്തെ ഒരു പരിസമാപ്തിയിലേക്ക് അല്ലെങ്കില്‍ ഒരു ഒത്തുതീര്‍പ്പിലേക്കു കൊണ്ടുവന്നതു ലോകചരിത്രത്തിലെ മൂന്നാമത്തെ ദൈവശാസ്ത്രജ്ഞനെന്ന് ഞാന്‍ കരുതുന്ന ഇമ്മാനുവേല്‍ കാന്‍റ് ആണ്. അദ്ദേഹം ചര്‍ച്ച ചെയ്യുന്നതു പരസ്പരമുള്ള ഒരു മനസ്സിലാക്കലിനെക്കുറിച്ചാണ്. ഈ മനസ്സിലാക്കലിന്‍റെ ഘടകങ്ങളായ ഗുണം, അളവ്, ബന്ധം, നടപടിക്രമം എന്നിവയില്‍പ്പെടാത്തതൊന്നും നമ്മുടെ മാനുഷികപരിമിതികള്‍കൊണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല. ഭൗതികമായി മനസ്സിലാക്കണമെങ്കില്‍ വിശ്വാസത്തെ കണ്ടെത്തുന്ന മനസ്സിലാക്കല്‍ (faith seeking understanding) ആകണമെങ്കില്‍ വിശ്വാസമെന്നതു മാത്രമല്ല ഏതു കാര്യവും ഈ മനസ്സിലാക്കലിന്‍റെ തരംതിരിക്കലുകളിലൂടെ കടന്നുപോകണം. പക്ഷേ, ഈ ഘടകങ്ങള്‍ നമ്മുടെ ചര്‍ച്ചകളില്‍നിന്നു കുടിയൊഴിഞ്ഞു പോയിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ ദുരന്തം. കാരണം പുറംപൂച്ചുകളില്‍ മാത്രം ഇണങ്ങിച്ചേര്‍ന്നിരിക്കുന്ന ഒരു മനുഷ്യവ്യക്തിത്വത്തിന്‍റെ പരിച്ഛേദമാണ് ഇന്നത്തെ ഇവിടത്തെ ശരാശരി ദൈവശാസ്ത്രജ്ഞന്‍.

നമുക്കു റബറുണ്ട്. റബറിന്‍റെ പ്രോസ്സസിങ്ങ് (ഇലാസ്തികതയും ബലവുമുള്ളതാക്കല്‍) സായ്പ് കണ്ടുപിടിച്ചതുകൊണ്ടാണു റബറുകൊണ്ടു ടയറുണ്ടാക്കുന്നത്. നമുക്ക് നൂറുകണക്കിന് എഞ്ചിനീയറിംഗ് കോളേജുകളുണ്ട്. എന്നാല്‍ ഈ റബര്‍കൊണ്ടു വേറെന്തെങ്കിലും കാര്യമുണ്ടോ എന്നു കണ്ടുപിടിക്കാന്‍ പറ്റിയ എന്‍ജിനീയര്‍ നമുക്കുണ്ടായിട്ടുണ്ടോ? ഇല്ല. ഏറ്റവും കൂടുതല്‍ സിഡികള്‍ ഇറങ്ങുന്ന, ഏറ്റവും കൂടുതല്‍ പുണ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളിറക്കുന്ന സഭ ഒരുപക്ഷേ, നമ്മുടേതായിരിക്കും. എന്നാല്‍ അതിന്‍റെ ഗുണത്തെക്കുറിച്ചായിരിക്കണം നമ്മള്‍ ചിന്തിക്കേണ്ടത്. താത്ത്വികമായ ആഴം ഇല്ലാതെ പോകുന്നത് വളരെ ഗൗരവമായ കാര്യമാണ്. അങ്ങനെ വളരണമെങ്കില്‍ ഈ സംശയത്തിന്‍റെ സ്ഥലം അവിടെയുണ്ടാകണം. അല്ലെങ്കില്‍ ശാസ്ത്രം വെറും പുണ്യശാസ്ത്രമായി പോകും. അതുകൊണ്ട് ഈ ഉറപ്പുകളെയാണു നാം മറ്റുള്ളവരുടെ മുമ്പില്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ട് എന്ന് ഉറപ്പിച്ചു പറയുന്നവരാണ് അഭിഷേകമുള്ളവന്‍. ഇതിനെ വളരെ താത്ത്വികമായി പരാമര്‍ശിക്കുന്നതു ഹെന്‍ട്രി ബെക്ക്സണാണ്.

ബുദ്ധിയുള്ളവര്‍ക്കു ഭയങ്കര സംശയമാണ്. പക്ഷേ തെമ്മാടികള്‍ക്ക് എല്ലാ കാര്യവും അറിയാം; 100 ശതമാനം ഉറപ്പാണ്. ഇങ്ങനെയുള്ള 100 ശതമാനക്കാര്‍ അഭിമാനിക്കുമ്പോഴാണു വലിയ തെറ്റുകളിലേക്കു നമ്മള്‍ പോകുന്നത്. ശാസ്ത്രം എങ്ങനെയാണു വളര്‍ന്നത്? മുന്‍ഗാമികളുടെ പഴയ തീരുമാനങ്ങള്‍ മുഴുവന്‍ വെള്ളം തൊടാതെ വിഴുങ്ങിയതുകൊണ്ടാണോ? അല്ല; അങ്ങനെയാണെങ്കില്‍ ഇന്നും ഭൂമിക്കു ചുറ്റും സൂര്യന്‍ കറങ്ങുന്നുണ്ട് എന്നു പറയും. അതു ചോദ്യം ചെയ്യാന്‍ ആദ്യം ഒരു അരിസ്റ്റാര്‍ക്കസ് ഉണ്ടായപ്പോള്‍, പിന്നീട് ഒരു കോപ്പര്‍നിക്കസ് ഉണ്ടായപ്പോള്‍ സൂര്യനു ചുറ്റും ഭൂമിയാണ് കറങ്ങുന്നതെന്നു വന്നു. വളരണമെങ്കില്‍ ഇങ്ങനെ സംശയത്തിന്‍റെ ഒരു സ്പെയ്സ് അവിടെ വേണം. ശാസ്ത്രം വളരുന്നതവിടെയാണ്.

ആധുനിക മനുഷ്യന്‍ പല കാര്യങ്ങളിലും വ്യഗ്രചിത്തനാണ്. ഉള്ളതിനെ എങ്ങനെ ഉപകാരപ്രദമായി ഉപയോഗിക്കാന്‍ പറ്റും എന്നു നാം ചിന്തിക്കുന്നില്ല. ഫ്രാന്‍സിസ് ബേക്കന്‍ പറയുന്നതുപോലെ ഒന്നു രുചിച്ചുനോക്കാന്‍പോലും പോന്നതു പുറമെയെങ്കിലും ഉണ്ടോ എന്നു നാം ചിന്തിക്കണം. ആ രീതിയിലേക്കു നമ്മള്‍ വളരാത്തത് വ്യത്യസ്തമായ മനസ്സിലാക്കല്‍, താത്ത്വികമായ ആഴം നമുക്ക് ഇല്ലാത്തതുകൊണ്ടാണ്. ഇതു വളരെ ഗൗരവപൂര്‍വം ചിന്തിക്കേണ്ട ഒന്നാണ്.

ഫ്രഞ്ചുവിപ്ലവം നടക്കുന്ന കാലത്ത് ആധുനിക രസതന്ത്രത്തിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന ആന്‍റോണി ലാവറന്‍റ് ദി ലാവോയിസറിനെ 1794-ല്‍ തലവെട്ടി കൊല്ലുവാന്‍ വിധിക്കുമ്പോള്‍, പ്രശസ്തനായ ശാസ്ത്രജ്ഞന്‍റെ തലവെട്ടുകയോ എന്ന മറുചോദ്യത്തിന് ഒരു റിപ്പബ്ലിക്കിന് ശാസ്ത്രജ്ഞനെ ഒരിക്കലും ആവശ്യമില്ല എന്നു പറഞ്ഞതുപോലെയാണു ദൈവശാസ്ത്രത്തിനു ചിന്ത ആവശ്യമില്ല എന്നു പറയുന്നത്. അത്തരം ദൈവശാസ്ത്രജ്ഞര്‍ ഇന്നുമുണ്ട്.

ഫിലോസഫി പഠിക്കാന്‍ വരുന്ന കുട്ടികളുടെ ചിന്ത എന്താണെന്നു വച്ചാല്‍ രണ്ടു വര്‍ഷം ചുമ്മാ തള്ളി നീക്കാം. പ്രത്യേകിച്ച് ഒന്നും പഠിക്കാനില്ല. ഏഥന്‍സിനു ജെറുസലേമിനെക്കൊണ്ട് ഒന്നും ചെയ്യാനില്ല. ഇത്തരം ചിന്താഗതിയുള്ളവര്‍ ഒരിക്കലും തിയോളജി സൃഷ്ടിക്കുന്നവരായിരിക്കുകയില്ല. ഈ അവസ്ഥ ഒരുതരം ഷണ്ഡത്വത്തിലേക്കാണ് നമ്മുടെ തിയോളജിയെ നയിക്കുന്നതെന്ന് ചിന്തിക്കണം.

സംശയത്തില്‍ നിന്ന് ആരംഭിക്കുന്നത് യഥാര്‍ത്ഥത്തില്‍ സത്യത്തിലും തീരുമാനത്തില്‍ നിന്ന് ആരംഭിക്കുന്നത് സംശയത്തിലും എന്ന് ആദ്യം പറഞ്ഞത് ഇംഗ്ലണ്ടുകാരനായ ഫ്രാന്‍സിസ് ബേക്കണ്‍ ആണ്. പക്ഷേ ഈ സംശയത്തില്‍നിന്ന് തീരുമാനത്തിലേക്കുള്ള താത്ത്വികമായ പാത തുറന്നിരിക്കുന്നത് ഫ്രഞ്ചുകാരനായ റെനേ ദെക്കാര്‍ത്തെ ആണ്.

സംശയത്തില്‍ നിന്ന് തുടങ്ങിയാലേ തീര്‍ച്ചകളിലെത്തുകയുള്ളൂ. പക്ഷേ നമ്മളെല്ലാവരും ആരംഭിക്കുന്നതേ തീര്‍ച്ചകളില്‍ നിന്നാണ്. ഇത്തരത്തില്‍ തീര്‍ച്ചകള്‍ ഉള്ളവരാണ് ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദികള്‍. അതുകൊണ്ട് സംശയമില്ലാത്തവരാണ് ലോകത്തിലെ ഏറ്റവും വലിയ അപകടകാരികള്‍. ചാള്‍സ് ബുക്കോഷ് പറയുന്നു: “ബുദ്ധിജീവികള്‍ സംശയാലുക്കളായിരിക്കും, വിഡ്ഢികളാകട്ടെ തീര്‍ച്ചയുള്ളവരും എന്നതാണു ലോകത്തിന്‍റെ പ്രശ്നം.”

ശാസ്ത്രം വളര്‍ച്ച പ്രാപിച്ചത് മുന്‍ഗാമികളുടെ പഴയ തീരുമാനങ്ങള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങിയതുകൊണ്ടാണെന്ന് ചിന്തിക്കുന്നതില്‍ പ്രസക്തിയില്ല. വളര്‍ ച്ച പ്രാപിക്കണമെങ്കില്‍ സംശയത്തിന്‍റെ ഇടം നമ്മില്‍ ഉണ്ടായിരിക്കണം. ശാസ്ത്രത്തെ ശാസ്ത്രം എന്ന് വിളിക്കണമെങ്കില്‍ അവിടെ സംശയം ഉണ്ടായിരിക്കണം.

സ്കെപ്റ്റിസിസം എന്നു പറയുന്ന സങ്കല്പം തന്നെ ഇന്ന് അന്യാധീനപ്പെട്ടിരിക്കുകയാണ്. താത്ത്വികനായ കാന്‍റ് പറയുന്നു: “ഹ്യൂമിന്‍റെ വായന പ്രത്യയശാസ്ത്രമയക്കത്തില്‍നിന്ന് എന്നെ ഉണര്‍ത്തി.” ഇതിനു മുമ്പുണ്ടായിരുന്ന തത്ത്വശാസ്ത്രത്തിന്‍റെ ചരിത്രം മുഴുവന്‍ വെള്ളം തൊടാതെ വിഴുങ്ങിയവനാണ് ഞാന്‍. അതിന്‍റെ ആധികാരികതയില്‍ വിശ്വസിച്ച് സുഷുപ്തിയിലാണ്ടുപോയവനായ എന്നെ തൊട്ടുണര്‍ത്തിയത് സംശയവാദിയായ ഹ്യൂമാണ്. അദ്ദേഹം സൂചിപ്പിക്കുന്നു: “ആര്‍ക്കും തത്ത്വചിന്ത പഠിക്കാനാവില്ല.” ഇത് തിയോളജി പഠിക്കുന്നവര്‍ക്കും ബാധകമാണ്. (“One can do only Theologize”).

നമുക്കറിയാവുന്നതുപോലെ വൃക്ഷത്തിന്‍റെ ഇലയും ശാഖകളും എല്ലാം നാരായവേരുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഉരുളക്കിഴങ്ങ്, ഇഞ്ചി എന്നിവ മുളച്ചാല്‍ അതിന്‍റെ ഏതെങ്കിലും മുളയ്ക്ക് നാരായ വേര് ഏതാണെന്ന് അവകാശപ്പെടാന്‍ പറ്റുമോ എന്നു പറയുന്നതുപോലെ, എന്‍റെ പേരിലേക്ക് എല്ലാത്തിനെയും കൊണ്ടെത്തിക്കാനാണു നമ്മുടെ പരിശ്രമം. ഇതിന് നീതിശാസ്ത്ര മോഡലില്‍ പറയുന്ന പേരാണ് arborescent മോഡല്‍.

അതിനാല്‍ പേരവകാശപ്പെടാനില്ലാത്തവന്‍ വ്യത്യസ്തനായവനാണ്. അവനെയും കൂടെ അംഗീകരിക്കുന്ന സംസ്കാരത്തിലേക്ക് നമ്മുടെ തിയോളജി വളരണം.

ഇവിടെ ഹാബര്‍മാസിന്‍റെ വാചകം വളരെ ശ്രദ്ധയര്‍ഹിക്കുന്നതാണ്. അദ്ദേഹം പറയുന്നു: “പല വസ്തുക്കളെക്കുറിച്ചും നമുക്ക് പറയാന്‍ സാധിക്കും; ഒരു വസ്തു എന്താണെന്നും എന്തായി തീരുമെന്നും പറയാന്‍ സാധിക്കും. പക്ഷേ ഒരു വസ്തുവിന് ഗുണകരമായ മാറ്റം വരുത്താന്‍ നമുക്ക് എങ്ങനെ സാധിക്കും എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്.” ഇത് വ്യക്തമാക്കാന്‍ അദ്ദേഹം മൂന്നു തരത്തിലുള്ള ജ്ഞാനത്തെക്കുറി ച്ച് പറയുന്നു. അറിവ്, പ്രായോഗിക അറിവ്, പൊതുവിജ്ഞാനം എന്നിവയാണവ. അവ നമുക്ക് ഉണ്ടായിരിക്കണം.

അതിനാല്‍ ഗുണകരമായ മാറ്റം വരുത്താന്‍ പറ്റുന്ന അറിവ് സമൂഹത്തിന് കൊടുക്കാന്‍ സാധിക്കുമ്പോഴേ തിയോളജി രക്ഷപ്പെടുകയുള്ളൂ. അതുകൊണ്ട് ആശാന്‍റെ എഴുത്ത് എനിക്കേ അറിയാന്‍ പറ്റൂ എന്ന് അവകാശപ്പെടുന്നതുപോലെ ഏകമാന ദൈവശാസ്ത്രമാണ് നാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അവിടെ തിയോളജി കൂട്ടിലടയ്ക്കപ്പെട്ട തത്തയായി മാറുകയാണ്.

പാലാരിവട്ടം പിഒസിയില്‍ നടന്ന കേരള ദൈവശാസ്ത്രജ്ഞരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.
തയ്യാറാക്കിയത്: ബ്രദര്‍ വിനയ്

Leave a Comment

*
*