മടങ്ങിവരുന്ന പ്രവാസികൾ: സഭയുടെ ദൗത്യം

മടങ്ങിവരുന്ന പ്രവാസികൾ: സഭയുടെ ദൗത്യം


സന്ദീപ് വിളമ്പുകണ്ടം

വയനാട്

കൊറോണവൈറസ് വ്യാപനത്തിന്‍റെ ആരംഭഘട്ടം മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് പ്രവാസികളുടെ മടങ്ങി വരവ്. കേരള 'സമ്പദ്ഘടനയുടെ നട്ടെല്ലെന്നു' വിശേഷിപ്പിക്കുന്ന പ്രവാസികള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വന്നുതുടങ്ങിയിരിക്കുകയാണ്. കേരളത്തിന്‍റെ സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതില്‍ പ്രവാസികള്‍ക്കും വിദേശ മലയാളികള്‍ക്കും വലിയ പങ്കാണുള്ളത്. 1980 കളുടെ അവസാനം മുതല്‍ കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥ താരതമ്യേന വേഗത്തിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. 80 കളുടെ തുടക്കത്തില്‍ കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യന്‍ ശരാശരിയുടേതിനേക്കാള്‍ 16 ശതമാനം താഴെയായിരുന്നു. എന്നാല്‍, 2000 ത്തിന്‍റെ അവസാന പാദത്തോടെ അത് ഇന്ത്യന്‍ ശരാശരിയേക്കാള്‍ 34 ശതമാനം മുകളിലായി. അഭൂതപൂര്‍വ്വമായ ഈ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂട്ടിയത് നമ്മുടെ സംസ്ഥാനത്തുനിന്നും ഗള്‍ഫ് മേഖലകളിലേക്കും മറ്റും പ്രവാസികളായി പോയവര്‍ നാട്ടിലേക്കയച്ച സമ്പാദ്യങ്ങളാണ്. പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തിന്‍റെ ഭൂരിഭാഗവും കേരളത്തിലേക്കാണ് വരുന്നത്.

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ക്രിസ്തീയ സമൂഹത്തിനു ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല പ്രവാസികളും വിദേശമലയാളികളുമായ വിശ്വാസികളുടെ സംഭാവനകള്‍. സഭാ വളര്‍ച്ചയുടെ സമസ്ത മേഖലകളിലും വിദേശത്തുള്ള സഭകളുടേയും പ്രവാസികളുടെയും പങ്ക് വളരെ വലുതാണ്. കേരളക്കരയില്‍ ഒട്ടനവധി ക്രിസ്തീയ സഭാസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ ബന്ധമോ സഹായമോ ഇല്ലാത്ത സഭയും സംഘടനകളും കുറവാണ്, അത്രമാത്രം അനിവാര്യ ഘടകമാണ് സഭയെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍.

വിദേശ സഭകളുടെയും വ്യക്തികളുടെയും വലിയ തോതിലുള്ള സാമ്പത്തിക പിന്തുണയാണ് ഇന്ന് നാം കാണുന്ന രീതിയില്‍ മലയാളക്കരയില്‍ ക്രൈസ്തവ സഭകള്‍ വളരാന്‍ കാരണം. നമുക്ക് അഭിമാനിക്കാവുന്ന രീതിയില്‍ സഭകള്‍ക്ക് സ്വന്തമായി ആസ്ഥാന കേന്ദ്രങ്ങളും കെട്ടിട സമുച്ചയങ്ങളും നിരവധി സ്ഥാപനങ്ങളും ഉണ്ടായതില്‍ പ്രവാസികളുടെ വിയര്‍പ്പ് വളരെ വലുതാണ്. പല വൈദീക പാഠശാലകളും പ്രവര്‍ത്തിക്കുന്നത് വിദേശ സഹായത്തോടെയാണ്. കേരളത്തിലെ പ്രേഷിത പ്രവര്‍ത്തകര്‍ക്ക് പ്രവാസിസമൂഹം വിവിധ നിലകളില്‍ നല്‍കിയ പിന്തുണകള്‍ സ്മരിക്കേണ്ടതാണ്. ഇന്ന് നാം കാണുന്ന ഭൂരിപക്ഷം വലിയ ക്രിസ്തീയ ദേവാലയങ്ങളും നമുക്ക് അഭിമാനിക്കാവുന്ന വിധത്തില്‍ വളരുവാന്‍ മുഖ്യകാരണം പ്രവാസി വിശ്വാസികളുടെ സാന്നിധ്യമാണ്. ക്രിസ്തീയ മാധ്യമ പ്രവര്‍ത്തനങ്ങളെയും എക്കാലത്തും പ്രോത്സാഹിപ്പിച്ചവരാണ് ഈ സമൂഹം. സഭകളുടെ പോഷക സംഘടനകള്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നല്‍കുന്ന ആത്മീക-ഭൗതീക പ്രോത്സാഹനങ്ങള്‍ ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല.

മലയാളികള്‍ക്കുണ്ടായ ഏതു പ്രതിസന്ധിഘട്ടത്തിലും വിശ്വാസ സമൂഹത്തെ ചേര്‍ത്തണച്ചവരാണ് ഇവര്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മഹാപ്രളയം കേരളത്തെ പിടിച്ചുലച്ചപ്പോള്‍ വിദേശ സഭകളും വിശ്വാസികളും നല്‍കിയ സഹായങ്ങള്‍ക്ക് പകരം നല്കാന്‍ നമുക്ക് കഴിയില്ല, അത്രയധികമായിരുന്നു അവരുടെ സംഭാവനകള്‍. മാനുഷീക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അനേകരുടെ കണ്ണുനീര്‍ തുടച്ചവരാണ് നമ്മുടെ സഹോദരങ്ങളായ പ്രവാസികള്‍. എന്തിനേറെ പറയുന്നു കോവിഡ് 19 (കൊറോണ വൈറസ് ഡിസീസ് 2019) വ്യാപനത്തിന്‍റെ ആരംഭഘട്ടത്തില്‍ നിരവധി സഹായങ്ങള്‍ ചെയ്തവരാണ് പ്രവാസി സുഹൃത്തുക്കള്‍.

വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പള്ളികള്‍ നിര്‍മ്മിക്കാനും ധനശേഖരണാര്‍ത്ഥം സന്ദര്‍ശനവിസയില്‍ പോകുന്ന ഒരാളെപ്പോലും ഇവര്‍ വെറും കയ്യോടെ വിടുകയില്ല. സാമ്പത്തികമായി നല്‍കുന്നതിലുപരി ധനശേഖരണത്തിനായി മീറ്റിംഗുകള്‍ സംഘടിപ്പിച്ചും താമസ സൗകര്യവും ട്രാന്‍സ്പോര്‍ട്ടേഷന്‍ നല്‍കിയും നാട്ടിലേക്കു മടങ്ങുമ്പോള്‍ വിവിധ സമ്മാനങ്ങള്‍ വാങ്ങിച്ചുകൊടുത്തും സന്ദര്‍ശനം നടത്തുന്ന സഭാപരിപാലകരെ പരിപോഷിപ്പിച്ചു പറഞ്ഞയക്കുന്ന സംസ്കാരമാണ് ഇവരുടേത്.

അദ്ധ്യയനവര്‍ഷാരംഭത്തില്‍ വിദ്യാഭ്യാസസഹായങ്ങള്‍, വിവാഹ സഹായങ്ങള്‍, വീടുവച്ചു നല്‍കല്‍, വിധവാസഹായങ്ങള്‍, പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തങ്ങള്‍ മുതലായ എല്ലാപ്രവര്‍ത്തങ്ങളുടെയും പിന്നില്‍ വിദേശ രാജ്യങ്ങളില്‍പോയി കഷ്ടപ്പെട്ടു ജോലിചെയ്യുന്ന നമ്മുടെ സഭാംഗങ്ങളുടെ പ്രോത്സാഹനങ്ങള്‍ ചെറുതല്ല. ഇന്നു കേരളക്കരയില്‍ നടക്കുന്ന എല്ലാ വിധ ആത്മീക, സാമൂഹ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നല്‍കുന്ന ത്യാഗപൂര്‍ണവും നിസ്വാര്‍ത്ഥവുമായ പിന്തുണ മറക്കുവാന്‍ കഴിയുന്നതല്ല.

എന്നാല്‍ ഇന്ന് ലോകവ്യാപകമായി വെല്ലുവിളി സൃഷ്ടിച്ച കോറോണ വൈറസ്, ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. അനേകര്‍ക്ക് ജോലി നഷ്ടപ്പെട്ടു, വ്യവസായങ്ങള്‍ പ്രതിസന്ധിയിലായി. ഇതിന്‍റെ ഭാഗമായി നല്ലൊരു വിഭാഗം പ്രവാസികളും തിരികെ നാട്ടിലേക്ക് വരുവാന്‍ സാധ്യതയേറുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവര്‍ ഒഴികെ ബാക്കി മലയാളികള്‍ തിരികെ കേരളത്തിലേക്ക് വരേണ്ടവരാണ്. ഈ സാഹചര്യത്തില്‍ ഒട്ടനവധിയാളുകള്‍ തിരികെവരാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇതു നമ്മുടെ സഭാ പ്രവര്‍ത്തനങ്ങള്‍ക്കും ചെറുതല്ലാത്ത രീതിയില്‍ കോട്ടംതട്ടാന്‍ സാധ്യതയുണ്ട്. അപ്രതീക്ഷിത തിരിച്ചടി വിദേശമലയാളികള്‍ക്ക് അല്പമല്ലാത്ത നിരാശയും ഉളവാക്കിയിട്ടുണ്ട്.

ഈ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടാന്‍ സഭയും സഭാംഗങ്ങളും മുന്നിട്ടിറങ്ങണം. മുന്‍കാലങ്ങളില്‍ സഭയുടെ അവിഭാജ്യ ഘടകമായിരുന്ന ഇവരെ അതിജീവനത്തിലേക്ക് കൈപിടിക്കേണ്ടത് കേരളത്തിലെ ക്രിസ്തീയ സമൂഹത്തിന്‍റെ കൂടെ ഉത്തരവാദിത്വമാണ്. മാനസീക പിന്തുണ നല്കുമ്പോള്‍ത്തന്നെ പ്രത്യേക ക്ഷേമ പ്രവര്‍ത്തങ്ങള്‍ ആവിഷ്കരിച്ചു ഇവര്‍ക്ക് കൈത്താങ്ങാകുവാന്‍ നേതൃത്വം തയ്യാറാകണം. ഈ ആകസ്മികമായ പ്രതിസന്ധി തരണം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന പ്രവാസികളെ കണ്ടെത്തി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസമുള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ സഹായിക്കാന്‍ ശ്രമിക്കണം. നമ്മുടെ വിദ്യാഭ്യാസ-മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പരമാവധി ഇളവുകളോടെ പഠിക്കാന്‍ അവസരം ഒരുക്കണം. താഴെത്തട്ടു മുതല്‍ ക്രമീകൃതമായ ഭരണസംവിധാനങ്ങളോടും വ്യവസ്ഥാപിത നിയമസംഹിതകളോടും കൂടി പ്രവര്‍ത്തിക്കുന്നവയാണ് ക്രിസ്തീയ സഭകള്‍. ചെറിയ ഞെരുക്കങ്ങള്‍ പോലും നാം അവഗണിക്കരുത്. ആയതിനാല്‍ സഭയ്ക്ക് എന്നുവച്ചാല്‍ പ്രാദേശിക ഇടവകകള്‍ക്കു പോലും മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കാന്‍ നിരവധി സാധ്യതകളുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്നപദവികള്‍ വഹിച്ചവരാണ് പലരും, ആയതിനാല്‍ സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി നല്‍കി ഇവര്‍ക്ക് തണലാകുവാനും സഭ ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അവരെ സഹായിക്കാം. ഒട്ടനവധി വ്യവസായ പ്രമുഖരുമായി നല്ല ബന്ധമാണ് സഭകള്‍ക്കുള്ളത്, ജോലി നഷ്ടപ്പെട്ടുവരുന്ന പ്രവാസികള്‍ക്ക് ഇവരുടെ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കാനും ശ്രമിക്കാം. ഭരണതലത്തില്‍ സഭയ്ക്കുള്ള സ്വാധീനം ഉപയോഗിച്ചും പ്രവാസികള്‍ക്ക് കൈത്താങ്ങായി നല്‍കാം.

വിദേശത്തു പ്രത്യേകിച്ച് ക്രിസ്തീയതയ്ക്ക് വലിയ വേരോട്ടമില്ലാത്ത പല രാജ്യങ്ങളിലും സഭാസ്ഥാപനത്തിലും വളര്‍ച്ചയിലും മുഖ്യപങ്കാളിത്തം വഹിച്ചവരാണ് തിരിച്ചുവരുന്ന പല പ്രവാസികളും. ഒരു നിലയിലും അവരെ മാറ്റിനിര്‍ത്താതെ സഭയുടെ സ്ഥാപനങ്ങളിലും മറ്റും അര്‍ഹമായ സ്ഥാനങ്ങളിലേക്ക് കൊണ്ടു വരുവാന്‍ കേരളത്തിലെ ക്രിസ്തീയ സമൂഹം തയ്യാറാകണം. ഈ കൊറോണ കാലം സാഹോദര്യത്തിന്‍റേയും കൈപിടിച്ചുയര്‍ത്തലിന്‍റെയും സമയമാക്കി നമുക്ക് തീര്‍ക്കാം.

കാരണം ഈ കൊറോണ വ്യാധി ഉടനെയെങ്ങും കെട്ടടങ്ങില്ല. അതിന് സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള അതിജീവനം മാത്രമേ സാധ്യമാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org