Latest News
|^| Home -> Cover story -> സംഗീതം ജീവാമൃതം

സംഗീതം ജീവാമൃതം

Sathyadeepam

പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള കച്ചേരി കാണാന്‍ ഉത്സാഹത്തോടെ വീടുവിട്ടിറങ്ങിയ ഒരു വിദ്യാര്‍ത്ഥിയുണ്ട്. ആ പയ്യന് ഇന്ന് എണ്‍പതാം വയസ്സിലും കച്ചേരി എന്നു കേട്ടാല്‍ ഇരിക്കപ്പൊറുതിയില്ല. പാട്ടുകച്ചേരികളോടുള്ള ഭ്രമം അത്രയ്ക്കാണ്.
റേഡിയോയിലൂടെ ശാസ്ത്രീയ സംഗീതം കേട്ടും പഠിച്ചും പാടിയും വളര്‍ന്ന ആ വിദ്യാര്‍ത്ഥിയാണ്,  ഈ വര്‍ഷത്തെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) മാധ്യമകമ്മീഷന്‍റെ  ഗുരുപൂജ പുരസ്ക്കാര ജേതാക്കളിലൊരാളായ  സ്റ്റീഫന്‍ പുഷ്പമംഗലം.

ഭാരതീയ ശാസ്ത്രീയ സംഗീതശാഖയില്‍ ആലാപനത്തിനും ഗാനരചനയ്ക്കും വളരെയേറെ സംഭാവനകള്‍ നല്കിയ സ്റ്റീഫന്‍ പുഷ്പമംഗലം കോട്ടയം അതിരൂപതാംഗമാണ്. ചങ്ങനാശ്ശേരി സന്ദേശനിലയത്തിലെ സംഗീതജ്ഞന്‍ ബേബി ജോണ്‍ ഭാഗവതരുടെ ശിഷ്യനായി സംഗീതത്തില്‍ കൂടുതല്‍ അവഗാഹം നേടുമ്പോള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

ചെറുപ്പം മുതല്‍ ശാസ്ത്രീയ സംഗീതത്തോടായിരുന്നു സ്റ്റീഫന്‍ പുഷ്പമംഗലത്തിനു പ്രതിപത്തി. പക്ഷെ ഗുരുമുഖത്തുനിന്ന് അതു പഠിക്കാനായില്ല. റേഡിയോയിലൂടെ കച്ചേരികള്‍ കേട്ടും, ക്ഷേത്രങ്ങളിലും മറ്റുമുള്ള കച്ചേരികള്‍ ആസ്വദിച്ചും സംഗീതത്തെ ഉപാസിച്ചു. പഠനകാലത്തും ഉദ്യോഗസമയത്തും വീട്ടിലെത്താന്‍ വൈകുമ്പോള്‍ അതേപ്പറ്റി അമ്മയ്ക്കു തെല്ലും ആശങ്കയുണ്ടായിട്ടില്ലെന്ന് ഇദ്ദേഹം ഓര്‍ക്കുന്നു. അന്വേഷിക്കുന്നവരെ അമ്മ ആശ്വസിപ്പിക്കും: “അവന്‍ ഏതെങ്കിലും കച്ചേരിയുടെ മുന്നില്‍ കാണും.”

കച്ചേരികള്‍ ഗുരുമുഖമാക്കി ശാ സ്ത്രീയ സംഗീതത്തിന്‍റെ ശീലുകള്‍ ക്രൈസ്തവഗാനങ്ങളില്‍ സന്നിവേശിപ്പിക്കാന്‍ പരിശ്രമിച്ച സ്റ്റീഫന്‍ പുഷ്പമംഗലം അതിനുവേണ്ടി 1992-ല്‍ റവ. ഡോ. ജേക്കബ് വെള്ളിയാനച്ചനോടൊപ്പം സിസിലിയന്‍ മ്യൂസിക് അക്കാദമി സ്ഥാപിച്ചു. അതിന്‍റെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഇക്കാലയളവില്‍ ക്രൈസ്തവ സംസ്കൃതിയില്‍ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീതപൈതൃകത്തിന്‍റെ പ്രചാരണത്തിനായി അത്യധ്വാനം ചെയ്തു. പ്രതിഭാശാലികളായ ക്രൈസ്തവ-ക്രൈസ്തവേതര സംഗീതോപാസകരെ വളര്‍ത്താനും പരിശീലിപ്പിക്കാനും പരിശ്രമിക്കുകയുണ്ടായി.

വിവിധ മതസ്ഥരുടെ ഭക്തിഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ക്രൈസ്തവ ഭക്തിഗാനങ്ങളെക്കുറിച്ച് വലിയ വിഷമം തോന്നിയ കാലഘട്ടത്തിലാണ് സ്റ്റീഫന്‍ പുഷ്പമംഗലം ക്ലാസിക്കല്‍ സംഗീതത്തിന്‍റെ പ്രവാചകനും പ്രചാരകനുമായി കടന്നുവരുന്നത്. “സാഹിത്യവും സംഗീതവും വികലമാക്കിക്കൊണ്ടുള്ള ഗാനങ്ങളല്ല, നമ്മുടെ ഭക്തിഗാനത്തിലും ലിറ്റര്‍ജിയിലും വരേണ്ടതെന്ന് തോന്നി. അക്കാലത്ത് നമ്മുടെ പാട്ടു പുസ്തകങ്ങളില്‍ ഗാനങ്ങള്‍ക്കൊപ്പം അതിന്‍റെ രാഗങ്ങളും സൂചിപ്പിച്ചിരുന്നു. ക്ലാസിക്കല്‍ രാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അവയില്‍ ഉണ്ടായിരുന്നുതാനും. പക്ഷെ പിന്നീടെപ്പോഴോ ആ ശൈലി നമുക്കു നഷ്ടമായി” — സ്റ്റീഫന്‍ പുഷ്പമംഗലം പറയുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സാംസ്ക്കാരികാനുരൂപണത്തിന്‍റെ തലത്തില്‍ വലിയ വ്യതിയാനങ്ങള്‍ വന്നപ്പോഴും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതം ലിറ്റര്‍ജിഗാനങ്ങള്‍ രാഗലയബദ്ധമായി അവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നപ്പോഴും ഇക്കാര്യത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായതായി ഇദ്ദേഹം നിരീക്ഷിക്കുന്നു. ഇന്നു നമ്മുടെ ലിറ്റര്‍ജി ഗാനങ്ങളില്‍ ക്ലാസിക്കല്‍ സംഗീതവും ഉള്‍പ്പെടുത്തുന്നുണ്ട്. ആവിധത്തില്‍ പഴയതില്‍ നിന്നു വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നുള്ളത് നല്ല കാര്യമാണ് –സ്റ്റീഫന്‍ പുഷ്പമംഗലം പറയുന്നു.

ക്രൈസ്തവ കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും എഴുതി സംഗീതം പകര്‍ന്ന് ശുദ്ധസംഗീതത്തിന്‍റെ തലത്തില്‍ അവ പ്രകാശിപ്പിക്കാനായത് പുഷ്പമംഗലത്തിന് ഏറെ സംതൃപ്തി നല്‍കുന്ന കാര്യമാണ്. സിസിലിയന്‍ മ്യൂസിക് അക്കാദമി ആദ്യമായി പുറത്തിറക്കിയ “നവ്യധാര” എന്ന കാസറ്റ് ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്തെ പ്രഥമ സെമി ക്ലാസിക്കല്‍ സംഗീത വിരുന്നായിരുന്നു. അത് ക്ലാസിക്കല്‍, സെമിക്ലാസിക്കല്‍ ഗാനങ്ങള്‍ അവതരിപ്പിക്കാന്‍ ഏറെപേര്‍ക്കു പ്രചോദനവും ശക്തിയുമായിത്തീര്‍ന്നുവെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു.

ഇത്തരത്തില്‍ സ്റ്റീഫന്‍ പുഷ്പമംഗലം കുറെ ക്ലാസ്സിക്കല്‍ സംഗീതരചനകള്‍ നടത്തുകയും സംഗീതം പകരുകയും സി.ഡി.കളായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അവ തൃശൂര്‍ ചേതന പോലുള്ള സംഗീതകേന്ദ്രങ്ങളില്‍ പാഠ്യവിഷയമാണ്. മലയാളത്തിലെ മിക്ക ക്രൈസ്തവ ചാനലുകളിലും അവ അവതരിപ്പിച്ചുവരുന്നുമുണ്ട്. 1993-ല്‍ കോട്ടയം സീരി സംഘടിപ്പിച്ച അഖിലലോക സംഗീത സെമിനാറില്‍, “ദക്ഷിണേന്ത്യന്‍ ശാസ്ത്രീയസംഗീതവും സുറിയാനി സംഗീതവും: ഒരു താരതമ്യ പഠനം” എന്ന പേരില്‍ പുഷ്പമംഗലം അവതരിപ്പിച്ച പ്രബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘രാഗലയവര്‍ഷിണി’, എന്നപേരില്‍ ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രൈസ്തവരില്‍, വിശേഷിച്ച് കത്തോലിക്കരില്‍ 90 ശതമാനവും ഇഷ്ടപ്പെടുന്നത് ഇന്നത്തെ അടിപൊളി ഗാനങ്ങളാണെന്ന് ഇദ്ദേഹം പറയുന്നു. വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് ക്ലാസ്സിക്കല്‍ സംഗീതത്തോടു താത്പര്യമുള്ളത്. ഭക്തിഗാനങ്ങളില്‍ ക്ലാസിക്കല്‍ എത്ര വേണമെങ്കിലും ചെയ്യാമെങ്കിലും അതിനു പലരും തയ്യാറാകുന്നില്ല. എന്നാല്‍ ലിറ്റര്‍ജിയില്‍ ക്ലാസിക്കല്‍ ഗാനങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നതിനു പരിമിതിയുണ്ട്. തനി ക്ലാസിക്കല്‍ അവിടെ ചേരില്ല. എന്നാല്‍ അതിന്‍റെ ചുവടുപിടിച്ച് ഗാനങ്ങള്‍ ചിട്ടപ്പെടുത്താം. അപ്പോള്‍ ഭക്തിനിര്‍ഭരമായി അതിനെ പരിവര്‍ത്തിപ്പിക്കാനാകും. –സ്റ്റീഫന്‍ പുഷ്പമംഗലം വിശദീകരിക്കുന്നു.

പാശ്ചാത്യ സംഗീതത്തിന്‍റെ അതിപ്രസരം നമ്മുടെ സംഗീത ത്തെ വികലമാക്കിയിട്ടുണ്ട്. ഭക്തിഗാനത്തില്‍ എന്തുമായിക്കൊള്ളട്ടെ എന്നുവയ്ക്കാം. കാരണം അതു പള്ളിക്കു പുറത്താണ്. എന്നാല്‍ ലിറ്റര്‍ജി ഭക്തിനിര്‍ഭരമാകണം. അവിടെ ശബ്ദഘോഷങ്ങള്‍ക്കു നിയന്ത്രണം വേണം. പണ്ട് ലിറ്റര്‍ജിയില്‍ ഒരു ഹര്‍മോണിയവും താളത്തിന് ഒരു തബലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്ര മനോഹരമായിരുന്നു ആ ആലാപനവും സംഗീതവും. ഇന്നിപ്പോള്‍ ഒരു കീ ബോര്‍ഡു മാത്രം ഉപയോഗിച്ചു ആ സ്ഥിതി വീണ്ടെടുക്കാം. അതിനുപകരം ‘ഗാനമേള കുര്‍ബാന’കളാണ് പലയിടത്തും അരങ്ങേറുന്നത്. ഇതിനെതിരെ പല വൈദികരും സഭാനേതൃത്വവും ശബ്ദിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്ന് സ്റ്റീഫന്‍ പറയുന്നു. ഇതേക്കുറിച്ച് പരിതപിക്കുന്നതല്ലാതെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല. തിരുനാളിനും മറ്റാഘോഷങ്ങള്‍ക്കുമുള്ള സംഗീതം ഭക്തിസംവര്‍ദ്ധകമാകണം. രാഗാധിഷ്ഠിതമായ ഗാനങ്ങള്‍ രൂപപ്പെടണം. ആവശ്യത്തിനുള്ള സംഗീതോപകരണങ്ങള്‍ മതി. ഉച്ചസ്ഥായിയിലുള്ള ശബ്ദസംവിധാനങ്ങള്‍ക്കും നിയന്ത്രണം വേണം. പള്ളിയില്‍ വരുന്നവര്‍ ക്വയറിന്‍റെ പ്രകടനമാണു വീക്ഷിക്കുന്നത്. അതുപാടില്ല. ക്വയര്‍ എപ്പോഴും പാട്ടു ലീഡു ചെയ്യുന്നവര്‍ മാത്രമായിരിക്കണം. വിശ്വാസികള്‍ ഒന്നിച്ചു ചേര്‍ന്നുള്ള ആലാപനമാണ് ലിറ്റര്‍ജിയില്‍ ഉണ്ടാകേണ്ടത്.

അതുപോലെ നമ്മുടെ വിശ്വാസപരിശീലനത്തിലും ഗാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സ്റ്റീഫന്‍ പുഷ്പമംഗലം നിര്‍ദ്ദേശിക്കുന്നു. ഹൈന്ദവര്‍ എവിടെയും പോയി വേദപാഠം അഭ്യസിക്കുന്നില്ല. രാമായണവും മഹാഭാരതവും ഗാനങ്ങളിലൂടെയാണവര്‍ ഹൃദിസ്ഥമാക്കുന്നത്. പാട്ടുകളിലൂടെയാണ് അവരുടെ വിശ്വാസവും മതബോധനവും നിലനിറുത്തുന്നത്. ഏത് ആശയവും ഗദ്യത്തേക്കാള്‍ എളുപ്പത്തിലും ഹ്രസ്വമായും ഗാനത്തിലൂടെ അവതരിപ്പിക്കാനും ഹൃദിസ്ഥമാക്കാനും കഴിയും. അഞ്ചുപേജുള്ള ഒരു ഗദ്യരചനയ്ക്കു പകരം 5 വരിഗാനം മതിയാകും. ഇത്തരത്തില്‍ നമ്മുടെ മതപഠനരംഗത്ത് സാഹിത്യമേന്മയും അര്‍ത്ഥസമ്പുഷ്ടവുമായ ഗാനങ്ങള്‍ എഴുതി അവതരിപ്പിച്ചാല്‍ അതിന്‍റെ ഫലം ആശാവഹമായിരിക്കുമെന്ന് സ്റ്റീഫന്‍ പുഷ്പമംഗലം പ്രത്യാശിക്കുന്നു.

എന്നാല്‍ സഭ കലകളെയും സംഗീതത്തെയും കലാകാരന്മാരെയും വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്നു പറയണം. രൂപതകള്‍ക്കനുസൃതം ആപേക്ഷികമാണിത്. ചിലയിടത്ത് നല്ല പ്രോത്സാഹനങ്ങളുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ഒട്ടും താത്പര്യം കാണിക്കുന്നില്ല. സംഗീതത്തിലൂടെ, കലകളിലൂടെ നമ്മുടെ സംസ്ക്കാരവും വിശ്വാസവും ഭക്തിയും വളരണം. ഇന്നു സംഗീതത്തില്‍ തത്പരരായ ധാരാളം പേരുണ്ട്, പ്രത്യേകിച്ചു യുവജനങ്ങള്‍. അവരുടെ അഭിരുചികള്‍ വളര്‍ത്താന്‍ നമുക്കു കഴിയണം. പക്ഷെ പലര്‍ക്കും ശരിയായ അവബോധം കിട്ടുന്നില്ലെന്ന് പുഷ്പമംഗലം പറയുന്നു. ഇന്നത്തെ സിനിമാഗാനങ്ങളില്‍ കൂടുതലും അടിപൊളി പാട്ടുകളാണ്. പഴയകാല ഗാനങ്ങളുടെ സാഹിത്യമേന്മയോ സംഗീതമികവോ ഒന്നിനുമില്ല. പക്ഷെ യുവാക്കള്‍ അവയ്ക്കു പിന്നാലെ പോകുന്നു. ശുദ്ധസംഗീതം അവര്‍ക്ക് അജ്ഞാതമാകുന്നു. ഈ ന്യൂജനറേഷന്‍ പാട്ടുകളില്‍ സംഗീതവുമില്ല സാഹിത്യവുമില്ല. കേള്‍ക്കാന്‍ ഇമ്പമുള്ള തരത്തില്‍ വെറുതെ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു. അതിനു പക്ഷെ നിലനില്‍പ്പില്ല. അതുപോലെ മറ്റൊന്നു വരുമ്പോള്‍ ആദ്യത്തേത് അപ്രസക്തമാകുന്നു. എന്നാല്‍ ശുദ്ധസംഗീതം കാലാതിവര്‍ത്തിയായി നിലനില്‍ക്കും – സ്റ്റീഫന്‍ പുഷ്പമംഗലം സമര്‍ത്ഥിക്കുന്നു.

കെസിബിസിയുടെ അവാര്‍ഡ് വലിയ അംഗീകാരമായി കരുതുകയാണ് ഇദ്ദേഹം: “ഞാന്‍ ആഗ്രഹിക്കാവുന്നതിനപ്പുറമുള്ള ഒരു ആദരവായി ഇതിനെ കണക്കാക്കുന്നു. ഈ രംഗത്ത് എന്നേക്കാള്‍ പ്രമുഖരായവര്‍ എത്രയോ ഉണ്ട്. എന്‍റെ എളിയ കഴിവുകള്‍ക്കുള്ള ഈ അംഗീകാരം ഏറെ വിനയത്തോടെയാണു ഞാന്‍ സ്വീകരിക്കുന്നത്.” ഇന്നും കച്ചേരി കേള്‍ക്കാന്‍ സമയം കണ്ടെത്തുന്ന സ്റ്റീഫന്‍ പുഷ്പമംഗലം കോട്ടയത്തെ ‘രഞ്ജിനി സംഗീത സദസി’ ന്‍റെ സ്ഥാപകാംഗമാണ്. ഏറെക്കാലം ഈ കലാസംഘടനയുടെ ജോ. സെക്രട്ടറിയുമായിരുന്നു. എണ്‍പതാം വയസ്സിലും സംഗീതത്തെ ഉപാസിച്ച് അതിന്‍റെ താളലയങ്ങളില്‍ അഭിരമിച്ച് കോട്ടയം പേരൂരിലുള്ള വസതിയില്‍ മകന്‍ മാത്യുവിനും കുടുംബത്തിനുമൊപ്പം സസന്തോഷം കഴിയുന്ന ഇദ്ദേഹത്തിനു സംഗീതം ജീവാമൃതമാണ്. സംഗീതത്തെ പ്രണയിച്ചുള്ള യാത്ര ഏറെ സംതൃപ്തിദായകവും ഉന്മേഷപ്രദവുമായിരുന്നുവെന്നു സൂചിപ്പിച്ചുകൊണ്ട് സ്വന്തം ജീവിതം വിലയിരുത്തി സ്റ്റീഫന്‍ പുഷ്പമംഗലം വെളിപ്പെടുത്തുന്നു: “സംഗീതം നല്‍കുന്ന ആനന്ദവും സന്തോഷവും അതിലൂടെ കൈവരുന്ന ഊര്‍ജ്ജവും…. അതാണെന്‍റെ ബലവും ബലഹീനതയും.

Leave a Comment

*
*