സാന്‍മിഷേലിന്‍റെ കഥ

സാന്‍മിഷേലിന്‍റെ കഥ

ഡോ. എം.എം. ബഷീര്‍

സാന്‍മിഷേലിന്‍റെ കഥ സ്വീഡിഷ് ഡോക്ടറായ അക്സല്‍ മുന്തേയുടെ ആത്മകഥാപരമായ ആഖ്യാനമാണ്. 1929-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ലോകത്തിലെ മികച്ച പത്തു പുസ്തകങ്ങളിലൊന്നായി കരുതപ്പെടുന്നു. മിക്ക ലോകഭാഷകളിലേയ്ക്കും ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തന്‍റെ ഭിഷഗ്വരവൃത്തിയിലൂടെ അടുത്തറിഞ്ഞ മനുഷ്യജീവിതത്തിന്‍റെ സമഗ്രതലങ്ങളേയും അതിന്‍റെ ഭാവതീവ്രതയോടെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. സാന്‍മിഷേലിന്‍റെ കഥയിലെ ജീവിതസത്യങ്ങളെ പകര്‍ത്തുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.
ഒരു ഡോക്ടറുടെ ഓര്‍മക്കുറിപ്പുകളായോ അനുഭവക്കുറിപ്പുകളായോ കരുതാവുന്നതാണ്. ഈ പുസ്തകം ഒരു ഡോക്ടറെ സംബന്ധിച്ചു മറ്റു മനുഷ്യരെപ്പോലെ സ്വയം ചിരിക്കാനും സഹപ്രവര്‍ത്തകരെ ചിരിപ്പിക്കാനും അയാള്‍ക്കും അവകാശമുണ്ട്. അവരോടൊപ്പം ഡോക്ടര്‍ കണ്ണീരൊഴുക്കുന്നതു നന്നല്ല. കരയുന്ന ഡോക്ടര്‍ ആ പണിക്കു കൊള്ളാത്തവനാണ്. അനുഭവസമ്പന്നനായ ഡോക്ടര്‍ ഓര്‍മക്കുറിപ്പുകള്‍ എഴുതുമ്പോള്‍ രണ്ടു പ്രാവശ്യമെങ്കിലും ആലോചിക്കണം. കാരണം, അയാള്‍ ജീവിതമരണങ്ങളില്‍ നിന്നു മനസ്സിലാക്കിയത് അയാളോടൊപ്പം അവസാനിക്കുകയാണു നല്ലത്. മരിച്ചവരെ അവരുടെ പാട്ടിനു വിടുകയും ജീവിച്ചിരിക്കുന്നവരെ സ്വപ്നം കാണാന്‍ അനുവദിക്കുകയും ചെയ്യുകയാണ് ഉചിതം.
രോഗങ്ങളുടെയും മരണങ്ങളുടെയും വിചിത്രമായ മനുഷ്യബന്ധങ്ങളുടെയും കഥകളാണു സാന്‍ മിഷേല്‍. മറ്റുള്ളവര്‍ക്കുവേണ്ടി അക്സല്‍മുന്തേ മരണത്തോടു ജീവിതകാലം മുഴുവന്‍ യുദ്ധം ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം മരണം വിജയിച്ചിട്ടേയുള്ളൂ. മനുഷ്യരെ അവന്‍ കൊണ്ടുപോകുന്നത് അദ്ദേഹം വേദനയോടെ നോക്കിനിന്നു. അവന്‍റെ പിടിയില്‍ നിന്നും പലരെയും രക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ജീവിക്കാന്‍ ആഗ്രഹിക്കുകയും ദുരിതമനുഭവിക്കുകയും മരണത്തിനുവേണ്ടി കാത്തുകിടക്കുകയും ചെയ്യുന്നവരെ അദ്ദേഹം ധാരാളം കണ്ടിട്ടുണ്ട്. അദ്ദേഹം പറയുന്നു. മാന്യനായ അവന് എങ്ങനെ ഇത്രയും ക്രൂരനാവാന്‍ സാധിക്കുന്നു? ഒരു കൈ കൊണ്ടു സന്തോഷവും സമാധാനവും നല്കുന്ന അവനു മറുകൈകൊണ്ട് ഇത്രയധികം യുവത്വവും ജീവിതവും എടുത്തുമാറ്റാന്‍ സാധിക്കുന്നത് എങ്ങനെയാണ്? ചിലരുടെ ചങ്കില്‍ അവന്‍റെ കൈപ്പിടി പതുക്കെ മുറുകുമ്പോള്‍, മറ്റു ചിലരെ വീശിയടിക്കുന്നതെന്തുകൊണ്ടാണ്? വയസ്സന്മാരെ മൃദുവായി തഴുകിയുറക്കി ജീവന്‍ അപഹരിക്കുന്ന അവനു പിഞ്ചുപൈതങ്ങളുടെ ജീവന്‍ കെടുത്തുവാന്‍ ഏറെനേരം കഷ്ടപ്പെടേണ്ടി വരുന്നത് എന്തുകൊണ്ടാണ്? കൊല്ലുന്നതുപോലെതന്നെ ശിക്ഷിക്കുന്നതും അവന്‍റെ ദൗത്യത്തിന്‍റെ ഭാഗമാണോ? അവന്‍റെ ദൗത്യം തുടങ്ങുമ്പോള്‍ തന്‍റെ ദൗത്യം തീരുന്നതായി അദ്ദേഹം സംശയിക്കുന്നു. അവസാന യുദ്ധത്തില്‍ അവന്‍ നാശം വിതയ്ക്കുമ്പോള്‍ ഒരു കാണിയെപ്പോലെ നിസ്സഹായനായി അദ്ദേഹത്തിനു നോക്കിനില്ക്കേണ്ടി വരുന്നത് എന്തുകൊ ണ്ട്? അവന്‍റെ കയ്യില്‍ ശാശ്വതമായ നിദ്രയുണ്ട്. തന്‍റെ കയ്യിലോ? പ്രകൃതി നല്കിയ മരുന്നു മാത്രം ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാന്‍ കഴിയാത്ത തനിക്ക് അവരെ മരിക്കാനെങ്കിലും സഹായിക്കാമല്ലോ എന്നാണു ഡോക്ടര്‍ സമാധാനിക്കുന്നത്. ഭീകരമായ പാപമാണു ഡോക്ടര്‍ ചെയ്യുന്നതെന്ന് ഒരു വൃദ്ധയായ കന്യാസ്ത്രീ അദ്ദേഹത്തോടു പറയുകയുണ്ടായി. കാരണം മരണസമയത്തു കൂടുതല്‍ വേദനിക്കുന്നവര്‍ക്ക് അന്ത്യവിചാരണയില്‍ പാപങ്ങള്‍ കൂടുതല്‍ പൊറുത്തുകൊടുക്കും. അതിനാല്‍ മരിക്കാന്‍ പോകുന്നവരെ വെറുതെ വിടുക.
പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ. പാസ്ചറുടെ കൂടെ ജോലി ചെയ്ത ഡോക്ടറാണ് അക്സല്‍മുന്തെ. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവിതകാലത്തെ അനുഭവങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ ഞടുങ്ങിപ്പോകും. പേപ്പട്ടിവിഷബാധയേറ്റ അനേകം രോഗികളെ അദ്ദേഹം ചികിത്സിച്ചിട്ടുണ്ട്. പേപ്പട്ടിവിഷത്തിനെതിരെ സിറം കണ്ടുപിടിക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡോ. പാസ്ചറും സഹപ്രവര്‍ത്തകരും ജീവന്‍ പണയം വച്ചിട്ടാണു പ്രവര്‍ത്തിച്ചത്. ഒരു ദിവസം ഡോ. പാസ്ചര്‍ പേപ്പേട്ടിയുടെ വായില്‍നിന്ന് സലൈവ എടുക്കാന്‍ ചുണ്ടുകള്‍ക്കിടയില്‍ കടിച്ചുപിടിച്ച ഒരു കുഴലുമായി നില്ക്കുന്നതു കണ്ടതായി മുന്തേ പറയുന്നു. ഒരിക്കല്‍, ചെന്നായ കടിച്ച മൂന്നു റഷ്യക്കാരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുവരികയുണ്ടായി. അവരില്‍ ഒരുവന് അല്പം പാല്‍ കൊടുക്കാന്‍ ശ്രമിച്ച മുന്തേയ്ക്കു ഭീകരമായ ആക്രമണം നേരിടേണ്ടി വന്നു. അയാളുടെ മുഖം മുഴുവന്‍ കീറിപ്പറഞ്ഞിരുന്നു. പെട്ടെന്ന് അയാള്‍ ഭീകരമായ ഒച്ചയോടെ വായ്പൂട്ടിത്തുറന്നു പത തുപ്പാന്‍ തുടങ്ങി അയാള്‍ മുന്തേയെ ഇടിച്ചു താഴെയിടാന്‍ ശ്രമിച്ചു. അവന്‍റെ കൈപ്പത്തി കരടിയുടെ കൈപ്പത്തി പോലെ ശക്തവും ദൃഢവും ആയിരുന്നു. അവന്‍റെ നിശ്വാസം മുഖത്തടിക്കുന്നുണ്ട്. അവന്‍റെ വായില്‍ നിന്ന് ഒഴുകുന്ന ചലം അദ്ദേഹത്തിന്‍റെ മുഖത്തു തെറിച്ചുവീഴുന്നുണ്ട്. അവന്‍റെ കഴുത്തില്‍ ശക്തിയായി കയറിപ്പിടിച്ചു കഷ്ടിച്ചു രക്ഷപ്പെടുകയാണുണ്ടായത്. ഇക്കാര്യം കുറേനാളത്തേയ്ക്ക് ആരോടും പറഞ്ഞില്ല. പാസ്ചറോടു പറഞ്ഞപ്പോള്‍ അദ്ദേഹം ശകാരിക്കുകയും കുറേക്കഴിഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തു. ഭീകരമായി അലറി വിളിക്കുകയും പേയെടുത്ത് ഇരുമ്പഴികള്‍ കടിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആ മൂന്നു റഷ്യക്കാരെ ദയാവധത്തിനു വിധേയരാക്കണം എന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എല്ലാവരും ചേര്‍ന്നു പാസ്ചറോട് അപേക്ഷിച്ചു. അദ്ദേഹം അനുമതി നല്കിയില്ല. ഒരു ജീവിയെയും കൊല്ലാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ദൈവം അനുഗ്രഹിച്ചു നല്കിയ ജീവന്‍ അപഹരിക്കാന്‍ നമ്മളാര്? സ്വാഭാവികമരണം ജീവികളെ അനുഗ്രഹിച്ചുകൊള്ളട്ടെ എന്നായി രുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
അക്സല്‍മുന്തേയുടെ സുഹൃത്തായിരുന്നു മോപ്പസാങ്ങ്. മോപ്പസാങ്ങ് പ്രശസ്തിയില്‍ കത്തിനില്ക്കുന്ന കാലം. അദ്ദേഹത്തിനു മരണത്തെ വല്ലാത്ത പേടിയായിരുന്നു. മോപ്പസാങ്ങ് തന്‍റെ പ്രധാനപ്പട്ട കൃതികള്‍ മുന്തയെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. മാസ്റ്റര്‍പീസുകള്‍ എഴുതാന്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ബുദ്ധി ഷാമ്പെയിനും ഈതറും ലഹരിമരുന്നുകളും കാര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം മോപ്പസാങ്ങ് മുന്തേയോടു പ റഞ്ഞു. ഒരപരിചിതന്‍ എന്‍റെ എഴുത്തുമുറിയിലേക്കു കയറിവന്നു ഞാന്‍ എഴുതിക്കൊണ്ടിരുന്ന നോവലിന്‍റെ ബാക്കി ഭാഗം പറയാന്‍ തുടങ്ങി. അയാള്‍ പറയുന്നതു കേട്ടു ഞാന്‍ എഴുതി. അത്ഭുതപ്പെട്ടു കൂടെ താമസിച്ചിരുന്ന ഫ്രാങ്കോയെ വിളിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സിലായി ആ അപരിചിതന്‍ ഞാന്‍ തന്നെയായിരുന്നു."
സ്ത്രീകളുമായുണ്ടായിരുന്ന മോപ്പസാങ്ങിന്‍റെ ബന്ധങ്ങള്‍ യോവന്ന അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍ യാദൃച്ഛികമായി മുന്തേയ്ക്കു മനസ്സിലാക്കാന്‍ സാധിച്ചു. അവള്‍ക്ക് ഇനി അധികനാളില്ല എന്നു മനസ്സിലാക്കി ആ വിവരം മുന്തേ മോപ്പസാങ്ങിനെ അറിയിക്കാന്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്തു ചെല്ലുകയുണ്ടായി. പക്ഷേ, ഫ്രാങ്കോ മോപ്പസാങ്ങിനെ കാണാന്‍ അനുവദിച്ചില്ല. വിവരം കാണിച്ച് ഒരു കുറിപ്പു കൊടുത്തിട്ട് മുന്തേ മടങ്ങിപ്പോയി. യോവന്നയോടു കടുത്ത വിരോധമുണ്ടായിരുന്ന ഫ്രാങ്കോ ആ കുറിപ്പു മോപ്പസാങ്ങിനു കൊടുത്തിട്ടുണ്ടാവില്ല. അടുത്ത ദിവസം തന്നെ യോവന്ന മരിക്കുകയും ചെയ്തു. തലേദിവസം തന്‍റെ പ്രിയപ്പെട്ടവന്‍ വരും എന്നു കരുതി അടുത്തു കിടന്ന ഒരു സ്ത്രീയില്‍ നിന്നു പകിട്ടേറിയ വസ്ത്രങ്ങളും അലങ്കാരവസ്തുക്കളും വാങ്ങി യോവന്ന ഒരുങ്ങിയിരുന്നതായും കാണാതെ നിരാശപ്പെട്ടതായും മോപ്പസാങ്ങ് ആശുപത്രിയിലെ അന്തേവാസികളില്‍ നിന്നു പിന്നീട് അറിഞ്ഞു. രണ്ടു മാസത്തിനുശേഷം ഫ്രാങ്കോയുടെ കൈകളില്‍ പിടിച്ചുകൊണ്ടു മോപ്പസാങ്ങ് പ്രശസ്തമായ ഒരു ഭ്രാന്താശുപത്രിയില്‍ നടന്നു നീങ്ങുന്ന കാഴ്ച മുന്തേ കണ്ടു. അദ്ദേഹം കയ്യിലിരുന്ന ചെറിയ പളുങ്കുകള്‍ തോട്ടത്തിലേക്കു വലിച്ചെറിഞ്ഞുകൊണ്ടു പറയുന്നുണ്ടായിരുന്നു, "നോക്കൂ, വസന്തത്തില്‍ മഴയത്ത്, ഇവ ചെറിയ മോപ്പസാങ്ങുകളായി മുളച്ചുപൊന്തും."
രസകരമായ അനേകം സംഭവങ്ങള്‍ മുന്തേ പറഞ്ഞിട്ടുണ്ട്. അക്കാലത്തു പ്രഭുകുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ടെന്നു തോന്നുകയും നാട്ടിലുള്ള ഡോക്ടര്‍മാരെയൊക്കെ കണ്ടു ചികിത്സിക്കുകയും ചികിത്സ ഫലിക്കാതെ ഡോക്ടര്‍മാരെ പഴിപറയുകയും ചെയ്യുക പതിവായിരുന്നു. അത്തരത്തില്‍പ്പെട്ട ജൂലിയറ്റ് പ്രഭ്വിയുടെ കഥ രസകരമാണ്. അവര്‍ അപ്പെന്‍ഡിസൈറ്റിസ് എന്ന രോഗത്തിനാണു ചികിത്സിച്ചുകൊണ്ടിരുന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ അക്സല്‍ മുന്തേയ്ക്കു തോന്നി ഇവര്‍ക്ക് ഒരസുഖവുമില്ല. അങ്ങനെ പറഞ്ഞാല്‍ സംഗതി കുഴപ്പമാവുമെന്നു കരുതി ഡോക്ടര്‍ പറഞ്ഞു: "നിങ്ങള്‍ക്കു കോലിറ്റിസ് എന്ന രോഗമാണ്." പ്രഭ്വി ക്കു സമാധാനമായി. ഇതുവരെ ആരും കണ്ടുപിടിക്കാത്ത രോഗം കണ്ടെത്തിയ ഡോക്ടറോടു വലിയ മമതയും സൗഹൃദവുമായി. എന്താണു രോഗം എന്നു ചോദിച്ചാല്‍ ഡോക്ടര്‍ പറയും, നിങ്ങള്‍ക്കറിയാവുന്നതേ എനിക്കും അറിയുകയുള്ളൂ. കാരണം അതു രോഗമില്ലാതെ രോഗമുണ്ട് എന്നു കരുതുന്ന അവസ്ഥയെക്കുറിക്കുന്ന ഒരു പേരാണ്.
സാധാരണക്കാരുമായി യാതൊരു ബന്ധവുമില്ലാതിരുന്ന പ്രഭ്വിയെ ഒരു ദിവസം മുന്തേ ചേരിപ്രദേശത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്‍റെ വണ്ടിയില്‍ കണ്ട പാവകളെക്കുറിച്ചു പ്രഭ്വി ചോദിച്ചു. ഈ പാവകള്‍ ആര്‍ക്കാണ്? ഡോക്ടര്‍ പറഞ്ഞു, കുട്ടികള്‍ക്ക്. താങ്കള്‍ക്ക് എത്ര കുട്ടികളുണ്ട്? ഡോക്ടര്‍ വിചാരിക്കുന്നു, തനിക്കു പന്ത്രണ്ടില്‍ താഴെ കുട്ടികള്‍, ചേരിപ്രദേശത്തു പോയതു പ്രഭ്വിക്ക് ഒരനുഭവമായി. അവര്‍ പറഞ്ഞു, എനിക്കു വിഷമമില്ല. ഞാന്‍ താങ്കളോടു കടപ്പെട്ടവളാണ്. എന്നാല്‍ ഞാന്‍ ലജ്ജിക്കുന്നു. താന്‍ ഇതേവരെ ഇത്തരം മനുഷ്യരെ കണ്ടില്ലല്ലോ എന്നോര്‍ത്ത്, അവര്‍ക്കുവേണ്ടി താന്‍ ഒന്നും ചെയ്യുന്നില്ലല്ലോ എന്നോര്‍ത്ത് അവര്‍ ലജ്ജിക്കുന്നു. പിന്നീട് ആ സ്ത്രീ ചേരിപ്രദേശത്തെ കുട്ടികള്‍ക്കു പാവയുമായി പോകാറുണ്ടായിരുന്നു എന്നു മുന്തേ അവരുടെ ഗൃഹത്തില്‍ ചെന്നപ്പോള്‍ മനസ്സിലാക്കി.
ഇങ്ങനെ സാന്‍മിഷേലിന്‍റെ കഥകള്‍ പറയാന്‍ തുടങ്ങിയാല്‍ അവസാനിക്കുകയില്ല. സാന്‍മിഷേലിന്‍റെ കഥ വായിക്കുന്ന ആര്‍ക്കും തോന്നും പുസ്തകം രണ്ടു തരത്തിലേയുള്ളൂ. നല്ല പുസ്തകവും ചീത്ത പുസ്തകവും. നല്ല പുസ്തകം എങ്ങനെ കണ്ടെത്താന്‍ സാധിക്കും? ആ അന്വേഷണംപോലും ഒരനുഭവമാണ്. നല്ല പുസ്തകം മനസ്സിനെ അലോസരപ്പെടുത്തും. അതു ദുഷ്ടവികാരങ്ങളില്‍നിന്നും അധമമനോഭാവങ്ങളില്‍ നിന്നും നമ്മെ അകറ്റുകയും ഹൃദയത്തെ പാവനമാക്കുകയും മൂല്യങ്ങളെക്കുറിച്ചുള്ള ബോധം ഉണര്‍ത്തുകയും നന്മയിലേക്കു വഴികാട്ടുകയും ചെയ്യുന്നു. മനുഷ്യന്‍റെ ദുഃഖങ്ങളും വേദനകളും വീര്‍പ്പുമുട്ടലുകളും ക്രൂരതകളും അവതരിപ്പിക്കുമ്പോഴും മനുഷ്യനെ വെറുക്കുവാനും അകറ്റുവാനുമല്ല, അവന സ്നേഹിക്കുവാനും അവന്‍റെ ഉള്ളിലെ നന്മയുടെ തരികള്‍ കണ്ടെത്താനും പ്രേരിപ്പിക്കുന്നു. ജീവിതത്തിന്‍റെ പ്രതിസന്ധികളില്‍പ്പെട്ടു നട്ടംതിരിയുകയും ഒരിറ്റു സ്നേഹത്തിനുവേണ്ടിയും സമാശ്വാസത്തിനുവേണ്ടിയും നിലവിളിക്കുകുയം ചെയ്യുമ്പോഴും മനുഷ്യന്‍ സ്വത്വം നിലനിര്‍ ത്താന്‍ ശ്രമിക്കുന്നു. അക്സല്‍മുന്തേയുടെ സാന്‍മിഷേലിന്‍റെ കഥ വായിച്ചു കഴിയുമ്പോള്‍ നമ്മള്‍ കൂടുതല്‍ നന്മയുള്ളവരായിത്തീരുന്നു. മനുഷ്യജീവിതം നാം കരുതുന്നതിലും സങ്കീര്‍ണമാണ്. ഓരോ ജീവിതവും പേറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നവയാണ്. ജീവിതത്തിന്‍റെ സമസ്തതലങ്ങളേയും അതിന്‍റെ തനിമയോടെ പകര്‍ത്താനാണ് ആക്സല്‍ മുന്തേ ശ്രമിക്കുന്നത്. നമ്മുടെ വിലയിരുത്തലുകളും വിധി പറച്ചിലുകളും എത്ര ബാലിശമാണെന്ന് അക്സല്‍ മുന്തേ പറയാതെ പറയുന്നുണ്ട്. എത്ര എളുപ്പത്തിലാണ് മനുഷ്യരെ കുറിച്ച് അന്തിമ നിഗമനങ്ങളില്‍ നാമെത്തുന്നത്. യാഥാര്‍ത്ഥ്യങ്ങളുടെ ചില തലങ്ങളെ മാത്രം അധികരിച്ചുള്ള വിധിതീര്‍പ്പുകളാണവ. സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നു ക്രിസ്തു പറയുമ്പോള്‍ സത്യത്തിന്‍റെ അടരുകള്‍ക്ക് അനേകം തലങ്ങളുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അക്സല്‍ മുന്തേയും ഈ തിരിച്ചറിവുകളാണ് നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നത്. ഇത്തരം അനുഭവം അപൂര്‍വം ഗ്രന്ഥങ്ങളില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org