സന്ന്യാസം ‘ഭോഷത്ത’ത്തിലേക്കുള്ള വിളി

സന്ന്യാസം ‘ഭോഷത്ത’ത്തിലേക്കുള്ള വിളി


സി. ശോഭ സിഎസ്എന്‍

സന്ന്യാസജീവിതമെന്നത് ഒരു വിശ്വാസയാത്രയാണ്. വിശ്വാസമില്ലാതെ സന്ന്യാസത്തില്‍ അര്‍ത്ഥപൂര്‍ണമായി ജീവിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. എല്ലാറ്റിനെയും സാധാരണ യുക്തിയുടെ അളവുകോല്‍കൊണ്ട് അളക്കാന്‍ ശ്രമിച്ചാല്‍ പലതും യുക്തിക്കു നിരക്കാത്തതും നീതിയുടെ നിഷേധവുമായി തോന്നിയേക്കാം. ചെറുപ്പത്തിന്‍റെ ആവേശത്തില്‍ അത്തരം കാര്യങ്ങള്‍ക്കു നേരെ നെറ്റിചുളിക്കുന്നവരോടു തങ്ങളുടെ ഒരു ജ്യേഷ്ഠസഹോദരി പറയാറുള്ളത് ഓര്‍മ്മിക്കുന്നു. മക്കളേ, സന്ന്യാസഭവനം കോടതിമുറിയല്ലെന്ന്. എത്ര പെട്ടെന്നാണ് ആ ചെറുമക്കള്‍ സ്വസ്ഥരായിരുന്നത്. ഒരാള്‍ സന്ന്യാസജീവിതം ആശ്ലേഷിക്കുന്നതിലൂടെ ക്രിസ്തുവിനെപ്രതി സ്വയം വിഡ്ഢിയായിക്കൊള്ളാം എന്നൊരു സമ്മതംകൂടിയാണു നല്കുന്നത്.

ഇറ്റലിയിലെ കാസിയ എന്ന ഗ്രാമം അറിയപ്പെടുന്നതു വി. റീത്തയുടെ നാമത്തിലാണ്. അവിടെ ചെന്നപ്പോള്‍ ഏറ്റവും ആകര്‍ഷിച്ച ഒരു കാഴ്ച റീത്ത താമസിച്ചിരുന്ന മഠത്തിന്‍റെ മുറ്റത്തു പടര്‍ന്നുനില്ക്കുന്ന ഒരു മുന്തിരിച്ചെടിയാണ്. അതിനു പിന്നിലൊരു സംഭവമുണ്ട്. റീത്ത മഠത്തില്‍ പ്രവേശിച്ച കാലം അവളുടെ അനുസരണം ഒന്നു പരീക്ഷിച്ചറിയാന്‍ തീരുമാനിച്ച സുപ്പീരിയര്‍ ഒരു ഉണങ്ങിയ മുന്തിരിത്തണ്ടു നട്ടുനനയ്ക്കാന്‍ ആവശ്യപ്പെട്ടു. റീത്ത അങ്ങനെ ചെയ്തു; ദിവസങ്ങളോളം. ഒടുവില്‍ ആ ഉണക്കത്തണ്ടു കിളിര്‍ത്തു; കായ്ച്ചു! ആ മുന്തിരിച്ചെടിയില്‍നിന്നു മുറിച്ചെടുത്ത തണ്ടാണ് ഇപ്പോഴിവിടെ വളര്‍ന്നു പന്തലിച്ചു നില്ക്കുന്നത്.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെ അള്‍ത്താരയുടെ വിശുദ്ധിയിലേക്ക് ഉയര്‍ത്താന്‍ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. അവളുടെ ജീവിതത്തില്‍നിന്ന് ഒരേടുകൂടി. അഗാധമായ മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ മറിയം ത്രേസ്യ കടന്നുപോയിരുന്ന കാലം. തങ്ങള്‍ക്കു പരിചയമില്ലാതിരുന്ന അത്തരം അനുഭവങ്ങള്‍ പലരിലും തെറ്റിദ്ധാരണയുളവാക്കി, പലരും അതു പിശാചുബാധയാണെന്നാണു കരുതിയത്. എന്നാല്‍ മറിയം ത്രേസ്യയാകട്ടെ ഈ വാര്‍ത്ത കൂടുതല്‍ ആളുകള്‍ അറിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണ്. അങ്ങനെയായാല്‍ ആ അപമാനം നല്കുന്ന സഹനം വഴി കൂടുതല്‍ ആത്മാക്കളെ നേടാമല്ലോ എന്നായിരുന്നു അവളുടെ ചിന്ത. സന്ന്യാസബോധമുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്ന ഒരു ലോജിക്കാണിത്. അതില്ലാത്തവര്‍ക്ക് ഇതൊക്കെ വെറും വിഡ്ഢിത്തങ്ങളായേ അനുഭവപ്പെടൂ. അള്‍ത്താരയില്‍ വണങ്ങപ്പെടുന്ന ഏതു വിശുദ്ധ ജീവിതങ്ങളെയും എടുത്തു പരിശോധിച്ചു നോക്കുക. അവരൊക്കെ ക്രിസ്തുവിനെപ്രതി സ്വയം വിഡ്ഢിയാകാന്‍ സമ്മതിച്ചവരാണ്. എന്തുകൊണ്ടാണു ചില മനുഷ്യരിങ്ങനെ?

ദൈവത്തിനുവേണ്ടി നീക്കിവയ്ക്കപ്പെട്ട ജീവിതം. അതാണല്ലോ സന്ന്യാസത്തെക്കുറിച്ചുള്ള ഒരു നിര്‍വചനം. സുവിശേഷത്തിലെ ക്രിസ്തുവിനെ ഒരു തടസ്സവുമില്ലാതെ അനുയാത്ര ചെയ്യുന്നതിനുവേണ്ടിയാണ് ഒരാള്‍ തന്നെത്തന്നെ ഇങ്ങനെ നീക്കിനിര്‍ത്തുന്നത്. അയാളുടെ ആ തീരുമാനത്തെ സഭ അംഗീകരിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നു. സുവിശേഷവും അയാള്‍ അയാളായിരിക്കുന്ന സന്ന്യാസസഭയിലെ നിയമാവലിയുമാണ് അയാളുടെ ജീവിതനിയമം.

ആരാണീ സുവിശേഷത്തിലെ ക്രിസ്തു? മലയോരങ്ങളില്‍ പ്രാര്‍ത്ഥിച്ചും രോഗികളെ സുഖപ്പെടുത്തിയും നന്മ ചെയ്തും ചുറ്റിസഞ്ചരിച്ച ഒരാള്‍ മാത്രമായിരുന്നില്ല അവിടുന്ന്. ശരിക്കും തോറ്റുപോയ ഒരു മനുഷ്യനെപ്പോലെ കുരിശുമരണത്തിനു തയ്യാറായവനാണ്. അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല. കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു എന്നാണ് അവനെക്കുറിച്ചുള്ള പ്രവാചകഭാഷ്യം. മൂന്നു കോടതിമുറികളില്‍ മാറിമാറി വിചാരണ ചെയ്തിട്ടും ചെറിയൊരു കുറ്റംപോലും തെളിയിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും അവന്‍ മരണത്തിനു വിധിക്കപ്പെട്ടു. ഞാനിവനില്‍ ഒരു കുറ്റവും കാണുന്നില്ല എന്നേറ്റു പറഞ്ഞതിനുശേഷമായിരുന്നു പീലാത്തോസ് ആ വിധിവാചകം ഉച്ചരിച്ചത്.

തനിക്കുണ്ടായിരുന്ന സമ്പത്തുപേക്ഷിച്ച് അപമാനം വകവയ്ക്കാതെ കുരിശു ക്ഷമയോടെ സ്വീകരിച്ച ക്രിസ്തുവിനെ അനുയാത്ര ചെയ്യുന്നവര്‍ തങ്ങളെത്തന്നെ ഈ കുരിശിന്‍റെ ഭോഷത്തത്തിനു വിട്ടുകൊടുക്കുന്നുണ്ട്. ഒരു തുണ്ടു ഭൂമിയില്‍ നിധി ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലാക്കി തനിക്കുള്ള മുഴുവന്‍ സമ്പത്തും വിറ്റ് ആ ചെറു തുണ്ട് ഭൂമി വാങ്ങുന്നവന്‍റെ വിവേകമാണത്. നിധിയെക്കുറിച്ചറിഞ്ഞുകൂടാത്തവര്‍ക്ക് എന്താരു ഭോഷത്തമാണത്. രണ്ടാമത്തെ ക്രിസ്തു എന്നു വിളിച്ചു ലോകം ആദരിക്കുന്ന അസ്സീസിയിലെ ഫ്രാന്‍സിസിനെ പരാമര്‍ശിക്കാതെങ്ങനെ? ക്രിസ്തുവിനാല്‍ വശീകരിക്കപ്പെട്ടുപോയ ആ മനുഷ്യന്‍ ഒരു ഉന്മാദിയെപ്പോലെയാണു ജീവിച്ചത്.

അനുസരണത്തിലൂടെയാണ് ഒരു സന്ന്യാസി ഈ ഭോഷത്തത്തിനു തന്നെത്തന്നെ വിധേയനാക്കുന്നത്. അങ്ങനെയാണു മാര്‍പാപ്പയുടെ പരിഹാസത്തെപ്പോലും ഉത്തരവായി പരിഗണിച്ചു പന്നികളോടു ഫ്രാന്‍സിസ് സുവിശേഷം പ്രസംഗിച്ചത്. അത്രത്തോളം എത്തിയില്ലെങ്കിലും ചോദ്യങ്ങളില്ലാതെ അനുസരണവ്രതത്തിലൂടെ ഒരു സന്ന്യാസി തന്നെത്തന്നെ കടപ്പെടുത്തുന്നുണ്ട്.

ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയ്ക്കും പഠനത്തിനും ശേഷം മാത്രമാണ് ഇങ്ങനെയൊരു ജീവിതശൈലിയിലേക്കു പ്രവേശിക്കാനുള്ള തീരുമാനം ഒരാള്‍ പരസ്യമായി എടുക്കുന്നുള്ളൂ. അതു സിവില്‍ നിയമമനുസരിച്ചു സ്വതന്ത്രമായ തീരുമാനത്തിനുള്ള പ്രായപരിധിക്കുശേഷം. എന്നിട്ടും താന്‍ ജീവിക്കേണ്ട ജീവിതത്തെ സാമാന്യയുക്തികൊണ്ടും ലോകത്തിലെ നീതികൊണ്ടും അളക്കാന്‍ തുടങ്ങിയാല്‍ അതിന് എന്തു നീതീകരണമാണുള്ളത്? സന്ന്യാസഭവനങ്ങളില്‍ അത്തരം നീതി ലഭിക്കുന്നില്ല എന്നു വലിയ വായില്‍ നിലവിളിക്കുന്നവര്‍ വാസ്തവത്തില്‍ തങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം നല്കുകയാണ്. തങ്ങള്‍ സുവിശേഷവും സന്ന്യാസസഭയുടെ നിയമങ്ങളും തീരെ വായിക്കുന്നില്ല എന്നതാണ് അവര്‍ തങ്ങള്‍ക്കെതിരെതന്നെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ക്കു പിന്തുണ നല്കിക്കൊണ്ട് ഇടംവലം നോക്കാതെ ചാടിപ്പുറപ്പെടുന്നവര്‍, ഈ രണ്ടു പുസ്തകങ്ങളുംവച്ച് അവര്‍ ജീവിക്കേണ്ട ജീവിതമെന്താണെന്നാണ് ആദ്യമേ പരിശോധിച്ചറിയേണ്ടത്. എപ്പോള്‍ വേണമെങ്കിലും മാന്യമായി ഇറങ്ങിപ്പോകാനുള്ള ആനുകൂല്യം നല്കുന്ന സന്ന്യാസഭവനങ്ങളില്‍ ജീവിച്ചുകൊണ്ട് അനുവദിക്കപ്പെട്ടിട്ടില്ലാത്ത സ്വാതന്ത്ര്യത്തിനുവേണ്ടി കരയുന്നതെന്തിനാണെന്നു തീരെ പിടികിട്ടുന്നില്ല.

ഭാരതീയ ആത്മീയതയില്‍ ജ്ഞാനമാര്‍ഗമാണു സന്ന്യാസിക്കു നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനകമഹാരാജാവു ഋഷിയായ യജ്ഞാവാല്ക്യനുമായി നടത്തുന്ന ഒരു സംവാദം ഉപനിഷത്തിലുണ്ട്.

ജനകന്‍: അല്ലയോ മഹര്‍ഷേ, ഏതു വെളിച്ചത്തിലാണു മനുഷ്യന്‍ ജീവിക്കുന്നത്?

മഹര്‍ഷി: അതിലിത്ര സംശയിക്കാനെന്ത്? സൂര്യവെളിച്ചത്തില്‍.

ജനകന്‍: സൂര്യനസ്തമിച്ചാലോ?

മഹര്‍ഷി: അപ്പോഴവന്‍ ചന്ദ്രവെളിച്ചത്തില്‍ ജീവിക്കും.

ജനകന്‍: ചന്ദ്രന്‍ വെളിച്ചം നിഷേധിച്ചാലോ?

മഹര്‍ഷി: അങ്ങനെ വന്നാല്‍ അവന്‍ വിളക്കുതെളിച്ച് ആ വെളിച്ചത്തില്‍ ജീവിക്കും.

ജനകന്‍: വിളക്കു കെട്ടുപോയാലോ?

മഹര്‍ഷി: അപ്പോള്‍ അവന്‍റെ വാക്കു വെളിച്ചമാകും.

രാജാവു തോല്ക്കാന്‍ തയ്യാറായില്ല. അദ്ദേഹം തുടര്‍ന്നു ചോദിച്ചു. വാക്കില്ലാതായാല്‍ പിന്നെ അവന്‍ ഏതു വെളിച്ചത്തെയാണ്ആശ്രയിക്കുക?

"അപ്പോള്‍ അവന്‍ ആത്മവെളിച്ചത്തില്‍ വ്യാപരിക്കും" – യജ്ഞവാല്ക്യന്‍റെ അവസാനത്തെ മറുപടി അതായിരുന്നു.

ഈ വെളിച്ചമാണു സന്ന്യാസിയെ നയിക്കേണ്ടത്. നിലയ്ക്കാത്ത ആ വെളിച്ചത്തില്‍ നടക്കാന്‍ കഴിയുന്നയാള്‍ക്ക് അവകാശവാദങ്ങളോ തര്‍ക്കങ്ങളോ ഇല്ല. എന്നാല്‍ സമര്‍പ്പിതര്‍ ഓരോരുത്തരും തങ്ങളോടുതന്നെ നിര്‍ബന്ധം പിടിക്കേണ്ട ഒരു കാര്യംകൂടിയുണ്ട്, സഹസന്ന്യസ്തര്‍ മാത്രമല്ല നമ്മള്‍ ഇടപെടുന്ന ഏതൊരു മനുഷ്യനും അവരെത്ര എളിയവരാണെന്നു തോന്നിയാലും നമ്മുടെ ആദരവും നീതിയും അര്‍ഹിക്കുന്നവരാണ്. നമ്മുടെ നീതിനിഷേധങ്ങളോര്‍ത്ത് ഒരാളുടെയും കണ്ണു നനയാന്‍ പാടില്ല. എത്ര ആത്മവിശ്വാസത്തോടെയാണു പൗലോസ് ശ്ലീഹാ, ഞങ്ങള്‍ ക്രിസ്തുവിന്‍റെ സ്ഥാനപതികളാണെന്ന് ഏറ്റുപറയുന്നത്. അവിടുന്നു ജീവിച്ച അതേ സത്യത്തില്‍, അതേ കരുണയില്‍, അതേ സ്നേഹത്തില്‍… ജീവിക്കുമ്പോഴേ ഇങ്ങനെ ക്രിസ്തുവിന്‍റെ പകരക്കാരാണെന്നു നമുക്കും ഏറ്റുപറയാനാവൂ. ഞങ്ങള്‍ ലോകത്തിന്‍റെ വിശുദ്ധിയോടും പരമാര്‍ത്ഥതയോടുംകൂടി വ്യാപരിച്ചു എന്നു നെഞ്ചില്‍ തൊട്ടു പൗലോസിന് ഏറ്റുപറയാന്‍ കഴിഞ്ഞു. അതൊരു വെല്ലുവിളികൂടിയാണ്.

ഒടുവിലായി ഒരു കാര്യംകൂടി ഏറ്റുപറയണമെന്നുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു സന്ന്യാസിനിയായിത്തന്നെ ജീവിക്കണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. കുറവുകളൊന്നുമില്ല എന്നല്ല ഇതിനര്‍ത്ഥം. വീണും എഴുന്നേറ്റുമൊക്കെത്തന്നെയാണ് ഈ വഴിക്കുള്ള സഞ്ചാരം. അതെ, വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പാപി. എങ്കിലും സുവിശേഷം ജീവിക്കാന്‍ എനിക്ക് ഏറ്റവും ഉചിതം ഈ ജീവിതശൈലിതന്നെയാണ്. സങ്കീര്‍ത്തന പുസ്തകത്തിലെ അതിമനോഹരമായ പ്രാര്‍ത്ഥനയാണു മനസ്സുനിറയെ: "I will run in the way of your commandment when you enlarge my understanding" (Ps. 119:32). ദൈവമേ, അങ്ങയുടെ വചനത്തിന്‍റെ വഴിയേ ഉത്സാഹത്തോടെ സഞ്ചരിക്കുവാന്‍ എന്‍റെ ഗ്രഹണശേഷി വികസിപ്പിക്കണമേ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org