Latest News
|^| Home -> Cover story -> സന്ന്യാസവും വ്യക്തിസ്വാതന്ത്ര്യവും ഒരു അല്മായന്‍റെ ദൃഷ്ടിയില്‍

സന്ന്യാസവും വ്യക്തിസ്വാതന്ത്ര്യവും ഒരു അല്മായന്‍റെ ദൃഷ്ടിയില്‍

Sathyadeepam


സെബാസ്റ്റ്യന്‍ പാലംപറമ്പില്‍

മാനന്തവാടി രൂപത
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി

അന്ധന്‍ ആനയെ കണ്ടതുപോലെ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമാണു ക്രൈസ്തവസഭയിലെ സന്ന്യാസത്തെക്കുറിച്ചും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും നടക്കുന്നത്. ഒരു ജനാധിപത്യരാജ്യത്ത് അനുവദിക്കപ്പെട്ടിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും പ്രയോജനപ്പെടുത്തുമ്പോള്‍ ജാഗ്രതക്കുറവും വിഷയത്തെക്കുറിച്ചുള്ള അറിവുകുറവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കുന്നത് അഭിപ്രായം പറഞ്ഞ വ്യക്തിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. പൊതുസമൂഹത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുടെയോ രാഷ്ട്രീയനേതൃത്വത്തിന്‍റെയോ മറ്റേതെങ്കിലും പ്രമുഖ വ്യക്തികളുടെയോ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന സാമൂഹികസംവിധാനമായി സന്ന്യാസത്തെ കാണുന്നുവെങ്കില്‍ അത് ആദ്യം സൂചിപ്പിച്ച ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നു.

സന്ന്യാസം എന്ത്?
സന്ന്യാസമെന്നത് ഒരു വ്യക്തി അയാളുടെ വിശ്വാസത്തിന്‍റെയും ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വയം സ്വീകരിക്കുന്ന ജീവിതരീതിയാണെന്നു പറയാം. ലോകത്ത് എല്ലായിടത്തും ഇത്തരത്തില്‍ ജീവിതം ക്രമീകരിച്ച വ്യക്തികളെ ചരിത്രത്തിലും വര്‍ത്തമാനത്തിലും കാണാന്‍ സാധിക്കും. വളരെ ലളിതമായി നിസ്വാര്‍ത്ഥവും നിഷ്കാമവുമായ ജീവിതരീതിയിലൂടെ ഈശ്വരസാക്ഷാത്കാരം നേടുന്നതിനായി വ്യക്തി നയിക്കുന്ന സ്വതന്ത്രജീവിതമാണ്. ഭാരതീയ സംസ്കാരത്തില്‍ ഇതു വളരെ വ്യക്തമായി നമുക്കു കാണാന്‍ സാധിക്കും. ഒരു ‘കൂട്ട’ മായി ജീവിക്കാന്‍ ആരംഭിച്ചതോടെ അവിടെ ചില ക്രമങ്ങളും സ്വയം പാലിക്കേണ്ട നിയമങ്ങളും സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരുമെന്നതു യാദൃച്ഛികമല്ല. അത് അപരനോടുള്ള കരുതലിന്‍റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഒരു നിയമവും സ്വയം സംരക്ഷണമെന്നതിനേക്കാള്‍ മറ്റൊരുവന്‍റെ നന്മ കാണുന്ന തിരിച്ചറിവാണു നമുക്കുണ്ടാകേണ്ടത്.

ക്രിസ്തീയ സന്ന്യാസത്തിന്‍റെ മുന്‍ മാതൃകകള്‍
യേശുവിന്‍റെ കാലത്തു പൗരസ്ത്യ നാടുകളില്‍ മുമ്പു സൂചിപ്പിച്ചവിധം ജീവിതം നയിച്ചിരുന്ന സമൂഹങ്ങളെക്കുറിച്ചു കാണാന്‍ സാധിക്കും. ‘എസ്സീനുകള്‍’ (Essenis) എന്ന യഹൂദവിഭാഗം ഇന്നു നാം കാണുന്ന ക്രിസ്തീയ സന്ന്യാസ സഭകളോട് ഏറെ സാദൃശ്യമുള്ളതായിരുന്നു. ഒരു വര്‍ഷത്തെ പ്രാരംഭപരിശീലനവും രണ്ടു വര്‍ഷത്തെ തീക്ഷ്ണ പരിശീലനവും സത്യപ്രതിജ്ഞയും വ്രതവാഗ്ദാനവും നടത്തിയിരുന്നു. ഭൗതികവസ്തുക്കളും സമ്പത്തും പൊതുവായിരുന്നു. എല്ലാവരുടെയും സമ്പാദ്യം പൊതു ട്രഷററിയിലേക്കായിരുന്നു. പ്രാര്‍ത്ഥനയ്ക്കും ജോലിക്കും വേണ്ടി മുഴുവന്‍ സമയവും മാറ്റിവച്ചിരുന്ന ഇവര്‍ ആചാരാനുഷ്ഠാനങ്ങളില്‍ അതിതീക്ഷ്ണന്മാരായിരുന്നു. ബുദ്ധ സന്ന്യാസത്തെക്കുറിച്ചു ഭാരതീയരായ നമുക്കു കൃത്യമായ ധാരണയുണ്ട്. ലളിതമായ വസ്ത്രധാരണവും ഭിക്ഷാപാത്രവും ‘ദാരിദ്ര്യ’ ജീവിതരീതിയെ പ്രകടിതമാക്കിയിരുന്നു.

നിലനിന്നിരുന്ന സന്ന്യാസജീവിത രീതിയെ ക്രിസ്തീയ വിശ്വാസപ്രകാരം ക്രമപ്പെടുത്തി സുവിശേഷമൂല്യങ്ങള്‍ക്കനുസൃതമാക്കി രൂപം നല്കിയത് വി. അന്തോണീസും ഇതിനു സാമൂഹിക, നിയമക്രമങ്ങള്‍ രൂപപ്പെടുത്തിയത് വി. പക്കേമീയുമാണ്.

ക്രൈസ്തവസഭയിലെ സന്ന്യാസം
ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്ന ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ സുവിശേഷോപദേശങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടു ദൈവസ്നേഹത്തില്‍ നിന്നും ദൈവരാധനയില്‍ നിന്നും വ്യതിചലിപ്പിച്ചേക്കാവുന്ന പ്രതിബന്ധങ്ങളില്‍നിന്നും സ്വതന്ത്രനാകാന്‍ ശ്രമിച്ചു ദൈവശുശ്രൂഷാര്‍ത്ഥം നടത്തുന്ന സ്വയം പ്രതിഷ്ഠയാണു സന്ന്യാസം. (സന്ന്യാസസമൂഹങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ 43, 44). ഇതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയുടെ നിര്‍മാണത്തിനായി സ്ഥാപിതമായിരിക്കുന്ന സന്ന്യാസസഭകള്‍ സ്ഥാപകചൈതന്യത്തില്‍ വര്‍ത്തിക്കുകയെന്നതു പരമപ്രധാനമാണ്. അതിനാല്‍ സമുന്നതരായ സ്ത്രീപുരുഷന്മാര്‍ നിര്‍മിച്ചതും പവിത്രാത്മാവിന്‍റെ പ്രചോദനത്തിനു വിധേയമായി തിരുസഭാ ഹയരാര്‍ക്കി അംഗീകരിച്ചതുമായ ക്രമീകരണങ്ങളെ നിയമങ്ങളായി അംഗീകരിച്ചു സ്വയം വിധേയപ്പെടുന്ന ജീവിതരീതിയാണ്. “സന്ന്യാസത്തിലെ ഏറ്റവും അടിസ്ഥാനപരമായ നിയമം ക്രിസ്തുവിനെ അനുകരിക്കുകയെന്നതാണ്. അങ്ങനെ ലോകത്തിന്‍റെ പ്രശ്നങ്ങള്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ബുദ്ധിപൂര്‍വം വീക്ഷിക്കാന്‍ പ്രാപ്തരായവരും പ്രേഷിതതീക്ഷ്ണതയില്‍ ജ്വലിച്ചു മനുഷ്യവര്‍ഗത്തിനു കൂടുതല്‍ നന്മ ചെയ്യുന്നവരുമായിരിക്കണം. ഇവിടെ സന്ന്യാസത്തെക്കുറിച്ചുള്ള ഡിക്രിയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഊന്നല്‍ നല്കുന്ന കാര്യം വിസ്മരിക്കപ്പെടരുത്. ‘കാലത്തിനനുസൃതമായ നവീകരണം എത്രമാത്രമുണ്ടായാലും ആദ്ധ്യാത്മിക നവീകരണം സാദ്ധ്യമാകാത്തിടത്തോളം ഒരു ഉപകാരവും അത്തരം വ്യക്തികളെക്കൊണ്ട് ഉണ്ടാകില്ല (ഖ ണ്ഡിക 2/സി). കാലവും കോലവും നവീകരിക്കേണ്ടത് ആദ്ധ്യാത്മികതയില്‍നിന്നാണെന്ന് ഒരു സന്ന്യാസി മറന്നുകൂടാ.

വ്യക്തിസ്വാതന്ത്ര്യം
സ്വാതന്ത്ര്യം അതുപയോഗിക്കുന്നതില്‍ വ്യക്തിക്കുള്ള പരിധിയും അനുവദിച്ചുകിട്ടുന്നതിനുള്ള അവകാശവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. സൃഷ്ടിയുടെ ‘നന്മയും മനോഹാരിതയും’ സംരക്ഷിക്കുക എന്ന പ്രഥമ ഉത്തരവാദിത്വമാണ് ഓരോ മനുഷ്യനും നിറവേറ്റാനുള്ളത്. ഏകനായിരുന്നുകൊണ്ട് ഇതു സാധ്യമല്ലെന്നതിനാലാണു സാമൂഹ്യജീവിതം പ്രസക്തമാകുന്നത്. ഒന്നിലധികം വ്യക്തികള്‍ ഒരുമിച്ചായിരിക്കേണ്ട സാഹചര്യത്തില്‍ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുമെന്നതിനു ചില നിബന്ധനകള്‍ വേണ്ടിവരുമെന്നതിനാലാണു നിയമങ്ങള്‍ പ്രസക്തമാകുന്നത്. അതായതു നിയമങ്ങള്‍ എന്‍റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയല്ല. അപരന്‍റെ സ്വാതന്ത്ര്യത്തെ ഉറപ്പാക്കുകയാണെന്ന ധാരണയാണു വ്യക്തിക്കുണ്ടായിരിക്കേണ്ടത്. അതിനാല്‍ സ്വാതന്ത്ര്യമെന്നതു കടമയുടെ നിര്‍വഹണമായി ചേര്‍ന്നുനില്ക്കുന്ന ഒന്നാണ്. കടമയുടെ നിര്‍വഹണമാണ് അവകാശത്തെ പ്രദാനം ചെയ്യുന്നത്. ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയും ഇതാണ്. കടമയെ വിസ്മരിച്ചുകൊണ്ടുള്ള അവകാശബോധവും സ്വാതന്ത്ര്യദാഹവും. ചുരുക്കത്തില്‍ നിയമത്തിനു കീഴ്പ്പെടുകയെന്നതു സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവൃത്തിയല്ല പൊതുനന്മയുടെ സംരക്ഷണത്തിനും വ്യക്തിപരമായ അവകാശതുല്യതയ്ക്കും സാഹചര്യമൊരുക്കലാണ്.

ക്രമം-അച്ചടക്കം-നന്മ
സമൂഹത്തില്‍ ക്രമം ഉണ്ടാകണമെങ്കില്‍ ചിലതെല്ലാം പാലിക്കപ്പെടേണ്ടതുണ്ട്. അപ്പോഴാണ് നന്മയുണ്ടാകുക. നന്മയ്ക്കായുള്ള സ്വയം ക്രമീകരണമാണ് അച്ചടക്കം. അല്ലാതെ നിയമത്തെയോ അധികാരിയെയോ ഭയന്നുള്ള വിധേയപ്പെടലല്ല. സ്വയം ക്രമീകരണം സാദ്ധ്യമായിട്ടില്ലാത്ത വ്യക്തികള്‍ എവിടെയാണെങ്കിലും അസ്വസ്ഥരും അസംതൃപ്തരുമായിരിക്കും. ഇവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. സ്വയം ക്രമീകരണം വ്യക്തി പല തരങ്ങളില്‍ നടത്തേണ്ടി വരും; കുടുംബത്തില്‍, സംഘടനകളില്‍, സ്ഥാപനങ്ങളില്‍, തൊഴില്‍ ഇടങ്ങളില്‍, പൊതുഇടങ്ങളില്‍ രാഷ്ട്രസംവിധാനങ്ങളില്‍… ഇവിടെയെല്ലാം വ്യക്തി ക്രമപ്പെടാതെ വരുമ്പോഴാണ് ‘അക്രമ’ങ്ങള്‍ രൂപംകൊള്ളുന്നത്. അതുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളായി നിയമം മാറുന്നു. നിയമത്തെ നിഷേധിക്കുകയോ വെല്ലുവിളിക്കുകയോ അല്ല ആത്മീയ സാംസ്കാരിക വളര്‍ച്ചയുള്ള മനുഷ്യര്‍ നടത്തുക. മറിച്ച്, പാലിക്കുകയും നവീകരിക്കാനുള്ള നിയമാനുസൃത മാര്‍ഗങ്ങള്‍ തേടുകയുമാണ് ചെയ്യുക.

സന്ന്യാസവ്രതങ്ങളും സ്വാതന്ത്ര്യവും
സന്ന്യാസമെന്തെന്നറിഞ്ഞുകൊണ്ടു സ്വയം സമര്‍പ്പണം നടത്തുന്ന വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നു പറയാന്‍ കഴിയുമോ? ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നിവ പാലിക്കാമെന്നു വ്യക്തി വാഗ്ദാനം നടത്തുന്നതു ദൈവത്തോടാണ്. അധികാരികളുടെ മുമ്പില്‍ പ്രതീകാത്മകമായി അതു ചെയ്യുന്നുവെന്നു മാത്രം. ഇവിടെ വാഗ്ദാനം നടത്തുന്നയാള്‍ സ്വയം ക്രമീകരണം നടത്താന്‍ ചുമതലയേല്ക്കുകയാണു ചെയ്യുന്നത്. അതുകൊണ്ടു വ്രതപരിപാലനം അയാളുടെ കടമയും ഉത്തരവാദിത്വവുമാണ്.

അനുസരണവും സ്വാതന്ത്ര്യവും
അനുസരണം വഴി സന്ന്യാസി ദൈവത്തിന്‍റെ രക്ഷാകര തിരുമനസ്സിനോട് ചേര്‍ന്നുനില്ക്കുന്നു.” പിതാവിന്‍റെ ഇഷ്ടം നിര്‍വഹിക്കാന്‍ ലോകത്തിലേക്കു വന്ന ക്രിസ്തു (യോഹ. 4:34, 5:30) ദാസന്‍റെ രൂപം സ്വീകരിച്ചു. സഭാസേവനത്തെയും അനുസരണത്തെയും ഈ വിധമാണു സ്വീകരിക്കേണ്ടത്. അതുകൊണ്ടു തന്നെ സന്ന്യസ്ത സഭാസമൂഹത്തിന്‍റെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ അതിലെ വ്യക്തികള്‍ ബാദ്ധ്യസ്ഥരാണ്. ‘സന്ന്യാസ അനുസരണം മനുഷ്യവ്യക്തിയുടെ മാഹാത്മ്യം കുറയ്ക്കുകയല്ല മറിച്ചു ദൈവപുത്രര്‍ക്കുള്ള വിശാലസ്വാതന്ത്ര്യത്തില്‍ പരിപക്വത നേടുകയാണു ചെയ്യുന്നത്.

സ്ഥാപനത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കാതെ അതില്‍ തുടരുക സാദ്ധ്യമാണോ? തൊഴില്‍ ഇടങ്ങളില്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍ തൊഴിലാളി പാലിക്കാറില്ലേ? സര്‍ക്കാര്‍ സേവനമേഖലകളില്‍ എന്തിനാണു സേവനചട്ടങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്? അതു പാലിക്കാത്തവരുടെ മേല്‍ (എത്ര ഉന്നത സ്ഥാനീയരായിരുന്നാലും) നടപടി എടുക്കുന്നതെന്തിനാണ്? സര്‍ഗാത്മകരചനകളും അഭിപ്രായപ്രകടനങ്ങളും അനുവാദത്തോടെ വേണമെന്നു നിയമമുള്ളതെന്തിനാണ്? ഇതെല്ലാം അനുസരിക്കുന്നതു വ്യക്തിസ്വാതന്ത്ര്യത്തെ തടയലാണെന്ന് എന്തുകൊണ്ട് ആരും പരാതിപ്പെടുന്നില്ല? കാരണം ലളിതം. പൊതുനന്മയ്ക്കും സംവിധാനത്തിന്‍റെ നിലനില്പിനും ഇത് അനിവാര്യമാണ്. നിയമങ്ങളെയും അധികാരികളെയും അനുസരിക്കുകയെന്നതാണു സന്ന്യാസത്തിന്‍റെ അടിത്തറ. അതു ദൈവത്തോടുള്ള വാഗ്ദാന പാലനമാണ്. അവിടെ തന്‍റേതായ ഇഷ്ടങ്ങള്‍ ത്യജിക്കേണ്ടി വരും. എല്ലാ പൊതു ഇടങ്ങളിലും ഇതു സംഭവിക്കുന്നു; സംഭവിക്കണം.

ദാരിദ്ര്യവും വ്യക്തിസ്വാതന്ത്ര്യവും
വ്രതങ്ങള്‍ രണ്ടു തരത്തിലുണ്ട്; ആഘോഷവ്രതവും സാമാന്യവ്രതവും. ആഘോഷവ്രതം സ്വീകരിച്ച വ്യക്തിക്കു വസ്തുക്കളുടെ മേല്‍ ഉടമസ്ഥാവകാശം ഇല്ല. അതിനാല്‍ത്തന്നെ സ്വന്തമായി വസ്തുക്കള്‍ വാങ്ങുകയോ വില്ക്കുകയോ സാദ്ധ്യമല്ല, സാധ്യവുമല്ല. ജോലി ചെയ്യണമെന്ന സാധാരണ നിയമത്തിനു തങ്ങളും വിധേയമാണെന്നു സന്ന്യാസികള്‍ അറിഞ്ഞിരിക്കണം. ജീവിതാവശ്യങ്ങള്‍ക്കും ജോലിക്കും ആവശ്യമായവ സൂക്ഷിക്കാമെങ്കിലും സുഖജീവിതത്തിന്‍റെയോ അമിതമായ സ്വത്തുസമ്പാദനത്തിന്‍റെയോ ലാഞ്ചന ഉണ്ടാകരുത്” (സന്ന്യാസത്തെക്കുറിച്ചു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രി).

സന്ന്യാസസമൂഹത്തില്‍ സമ്പത്തും ട്രഷററിയും പൊതുവാണെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണു വ്രതവാഗ്ദാനം നടത്തുന്നത്. പൊതുസമൂഹത്തിലും ഇതു നിലനില്ക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരും പൊതുപ്രവര്‍ത്തകരും അര്‍ഹിതപ്പെട്ടതു മാത്രം സ്വീകരിക്കുന്നു. സ്വത്തു വെളിപ്പെടുത്തുന്ന (ധാര്‍മ്മികതയും സത്യസന്ധതയുമില്ലാത്തവര്‍ അഴിമതിക്കാരാകുന്നു). അതിനാല്‍ ആധുനിക ലോകത്തിന്‍റെ സൗകര്യങ്ങള്‍ നിഷേധി ക്കപ്പെടുന്നുവെന്നു പരാതിപ്പെടാന്‍ കഴിയില്ല. ബുദ്ധഭിക്ഷുക്കളുടെ ഭിക്ഷാപാത്രവും വസ്ത്രവും ദാരിദ്ര്യത്തിന്‍റെ പ്രതീകങ്ങളായിരുന്നു. ‘സന്ന്യാസവസ്ത്രം സമര്‍പ്പണത്തിന്‍റെ അടയാളമാണ്. അതു ലളിതവും വിനീതവും ഉചിതവുമായിരിക്കണം. ആരോഗ്യത്തിനു നിര്‍വഹിക്കേണ്ട സേവനത്തിനും യോജിച്ചതാകണം. ഇവയില്ലാത്തവ നിയമാനുസൃതം വ്യത്യാസപ്പെടേണ്ടതാണ്” (സന്ന്യാസത്തെക്കുറിച്ചുള്ള ഡിക്രി 17).

ബ്രഹ്മചര്യവും വ്യക്തിസ്വാതന്ത്ര്യവും
ശരീരമാണ് വ്യക്തിയുടെ പ്രധാന സ്വത്ത്. അതുകൊണ്ടുതന്നെ അതു പ്രധാനമാണ്. അതിന്‍റെ വിവിധങ്ങളായ ധര്‍മ്മങ്ങളും വിശുദ്ധമാണ്. സൃഷ്ടികര്‍മത്തില്‍ പങ്കു ചേരാനുള്ള ലൈംഗികതയാണ് ഏറ്റം മഹനീയമായ ശാരീരിക കഴിവ്. ഏറ്റവും മഹത്തായതിനെ ദൈവശുശ്രൂഷയ്ക്കായി വേണ്ടെന്നുവയ്ക്കലാണു ബ്രഹ്മചര്യം. ഇതുമൂലം തങ്ങളെത്തന്നെ പൂര്‍ണമായി സേവനത്തിനു സജ്ജരാക്കുകയാണു സന്ന്യാസവ്രതക്കാര്‍ ചെയ്യുന്നത്. അവര്‍ കുടുംബബന്ധങ്ങളുടെ മാത്രം ശശ്രൂഷകരാകാതെ ലോകത്തിലെ എല്ലാ മനുഷ്യരുടെയും ശുശ്രൂഷകരാകുന്നു. സന്ന്യാസിനികളെ ‘അമ്മ’യെന്നും വൈദികരെ ‘അച്ചന്‍’ എന്നുമുള്ള വിളിയിലൂടെ ആത്മീയ മാതൃ-പിതൃത്വങ്ങള്‍ അംഗീകരിക്കപ്പെടുകയാണു ചെയ്യുന്നത്.

സന്ന്യാസവും പൊതുജീവിതവും
സുവിശേഷപ്രബോധനങ്ങളും ദൈവരാധനയും പ്രാര്‍ത്ഥനയും വഴിയുള്ള പൊതുജീവിതമായിരിക്കണം സന്ന്യസ്തരുടേത്. സമൂഹത്തില്‍ ക്രിസ്തുവിന്‍റെ പ്രതിപുരുഷരായി മാറാന്‍ അവര്‍ക്കു സാധിക്കണം. സഹോദരങ്ങളെപ്പോലെ ഒരുമിച്ചു താമസിച്ചും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും സാമൂഹ്യജീവിതത്തെ ശക്തിപ്പെടുത്തണം. പൊതുസമൂഹത്തില്‍ തന്‍റെ സാന്നിദ്ധ്യം സഭയുടെയും ക്രിസ്തുവിന്‍റെയും സാന്നിദ്ധ്യമാണെന്നു ബോദ്ധ്യമുണ്ടാകണം. ‘പ്രജകളുടെ നിഷ്കളങ്കതയും സര്‍പ്പത്തിന്‍റെ വിവേകവും സൂക്ഷിക്കപ്പെടണം. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിലെ ഇടപെടല്‍ വ്രതാനുഷ്ഠാനത്തോടെയും നിയമാനുഷ്ഠാനത്തിലൂടെയുമുള്ള മാനസിക പരിവര്‍ത്തനത്തിലേക്കു നയിക്കാനുള്ള ശ്രമമായിരിക്കണം.

സമാപനം
ക്രിസ്തുവിന്‍റെ ആത്മാവുള്ളവരും സഭയ്ക്കു നല്കപ്പെട്ടിട്ടുള്ള രക്ഷയുടെ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരും സഭയുടെ ദൃശ്യഘടനയില്‍ യോജിച്ചിരിക്കുന്നുവരുമാണു ക്രിസ്ത്യാനി. അല്ലാതുള്ള ക്രൈസ്തവര്‍ ശരീരംകൊണ്ടു സഭയുടെ മടിയിലാണ്. പക്ഷേ, ഹൃദയംകൊണ്ട് അങ്ങനെയല്ല (CCC 837).

ക്രൈസ്തവ ജീവിതത്തിന്‍റെ യഥാര്‍ത്ഥ പൂര്‍ണതയിലേക്കുള്ള തെരഞ്ഞെടുപ്പാണു സന്ന്യാസസ്വീകരണത്തിലൂടെ വ്യക്തി സ്വയം നടത്തുന്നത്. ശരീരംകൊണ്ടും ഹൃദയംകൊണ്ടും സഭയുടെ മടിയിലായിരിക്കുവാനും അങ്ങനെയാണെന്നു ജീവിച്ചു കാണിക്കാനും അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ‘നവീകരണമെന്നതു നിയമങ്ങളെ പുറന്തള്ളലോ കൂട്ടിച്ചേര്‍ക്കലോ അല്ല. ഉള്ളവ വിശ്വസ്തതയോടെ അനുസരിക്കലാണ്.” അതിനാല്‍ സഭാപഠനങ്ങള്‍ക്കും സഭയ്ക്കുമൊപ്പം ചേര്‍ന്നു ദൈവശുശ്രൂഷ നടത്തുന്ന സമര്‍പ്പിതരെയാണ് അല്മായസമൂഹം പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ളവരാണു ലോകത്തിനു വെളിച്ചം നല്കിയ സന്ന്യാസ ശ്രേഷ്ഠര്‍.

Comments

One thought on “സന്ന്യാസവും വ്യക്തിസ്വാതന്ത്ര്യവും ഒരു അല്മായന്‍റെ ദൃഷ്ടിയില്‍”

Leave a Comment

*
*