Latest News
|^| Home -> Cover story -> സന്യാസികള്‍: ആനന്ദത്തിന്‍റെ സാക്ഷികള്‍

സന്യാസികള്‍: ആനന്ദത്തിന്‍റെ സാക്ഷികള്‍

Sathyadeepam


ഫാ. ഡൊമിനിക് മുണ്ടാട്ട് MCBS

പ്രൊവിന്‍ഷ്യല്‍, MCBS എമ്മാവൂസ് പ്രൊവിന്‍സ്, കോട്ടയം

പാശ്ചാത്യസഭയില്‍ സന്യാസം കാലഹരണപ്പെട്ടുകഴിഞ്ഞെന്നും ഭാരതത്തില്‍ സന്യാസത്തിന്‍റെ ശോഭ മങ്ങിയെന്നും കേരളസഭയില്‍ സന്യാസം കളങ്കപ്പെട്ടുവെന്നും പ്രചരിപ്പിക്കപ്പെടുമ്പോള്‍ സന്യാസത്തിന്‍റെ ശോഭിതമുഖത്തെ വെളിപ്പെടുത്തുകയുമാണ് ദിവ്യകാരുണ്യ മിഷണറി സന്യാസസഭ (MCBS) എമ്മാവൂസ് പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. ഡൊമിനിക് മുണ്ടാട്ട്.

കത്തോലിക്കാ സഭയുടെ പുളിമാവായി കര്‍മനിരതരായിരിക്കുന്നവരും ശോഭപരത്തുന്നവരുമായ സമൂഹമാണ് വ്രതത്രയത്തിലൂടെ ആത്മാര്‍പ്പണം ചെയ്ത പുരുഷ-സ്ത്രീ സന്യാസസമൂഹങ്ങള്‍. തിരുസഭയില്‍ സന്യസ്തരിലൂടെ നിലനില്‍ക്കേണ്ട ആത്മീയസാക്ഷ്യത്തിന് ഇന്ന് വലിയ ഇടിവ് സംഭവിച്ചിരിക്കുന്നുവെന്ന് പരിതപിക്കുമ്പോള്‍ സന്യാസത്തിന്‍റെ സത്താസവിശേഷതകള്‍ കാണാത്തവരും അവിടേക്ക് കണ്ണും മനസ്സും തുറക്കാന്‍ തയ്യാറാകാത്തവരുമായവരുടെ പ്രലപനം മാത്രമായി ചുരുങ്ങുകയാണ് ഈ പഴിപറച്ചിലുകളെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സന്യാസസഭാംഗം കൂടിയായ ഫ്രാന്‍സിസ് പാപ്പാ വ്യക്തമായി പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്; ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ നിന്നും മുളച്ചുവരുന്ന ആനന്ദമാണ് സന്യാസജീവിതം. അതായത് വലിയ നിധി കണ്ടെത്തിയവന്‍ ഭൗതിക സമ്പത്ത് വേണ്ടെന്ന് വയ്ക്കുന്നതിന്‍റെ ആനന്ദമാണിത്.

പരസ്നേഹത്തിന്‍റെ പരിപൂര്‍ണ്ണത
സന്യാസജീവിതത്തിന്‍റെ നവീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ‘സ്നേഹത്തിന്‍റെ പൂര്‍ണത’ (Perfectae Caritatis-PC) എന്ന ഡിക്രി തന്നെ പുറപ്പെടുവിച്ചത്. കാരണം ഭൗതികതയില്‍ സമ്പന്നരാകാതെ ദൈവത്തില്‍ സമ്പന്നരാകാന്‍ വിളിക്കപ്പെട്ടവരാണ് സന്യാസികള്‍. ഏതൊരു ജീവിതാന്തസിലും പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ടെന്നുള്ളത് അവിതര്‍ക്കിതമായ കാര്യമാണ്. എല്ലാ ദൈവവിളികള്‍ക്കും അന്തര്‍ധാരയായി പ്രവര്‍ത്തിക്കേണ്ട മൂന്ന് ഘടകങ്ങളുണ്ട്; വിളിക്കപ്പെട്ടവനോട് ദൈവത്തിനുള്ള സവിശേഷമായ ഇഷ്ടം, തന്‍റെ ജനത്തിന്‍റെ നിലവിളിക്ക് ദൈവം കൊടുക്കുന്ന മറുപടി, വിളിക്കപ്പെട്ടവന്‍റെ സമ്പൂര്‍ണ്ണ സമര്‍പ്പണം. ദൈവത്തിനുള്ള സവിശേഷമായ ഇഷ്ടം തിരിച്ചറിയാതെയും ദൈവത്തിന്‍റെ മറുപടിയെ ശരിയായി ഉള്‍ക്കൊള്ളാതെയും പ്രത്യുത്തരിക്കാതെയും സ്വീകരിച്ച വിളിയില്‍ പൂര്‍ണസമര്‍പ്പണം കൊടുക്കാതെയും വരുമ്പോഴാണ് പ്രശ്നങ്ങളും പ്രതിസന്ധികളും ഉടലെടുക്കുന്നത്. ദൈവം ഒരു വ്യക്തിയെ മുന്‍ കൂട്ടികണ്ടുകൊണ്ടാണ് വിളിക്കുന്നത്. വിശുദ്ധഗ്രന്ഥം തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

യേശു ഗലീലി കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍ ശിമയോനെയും അന്ത്രയോസിനെയും കണ്ടിട്ടാണ് (മര്‍ക്കോ 1:16) തന്നെ അനുഗമിക്കാന്‍ വിളിക്കുന്നത്. വഞ്ചിയിലിരുന്ന് വലയുടെ കേടുപാടുകള്‍ തീര്‍ക്കുന്ന യാക്കോബിനെയും യോഹന്നാനെയും യേശു കണ്ടിട്ടാണ് (മര്‍ക്കോ 1:19) ശിഷ്യത്വത്തിലേക്ക് വിളിക്കുന്നത്. കാളകളെക്കൊണ്ട് ഉഴുതുകൊണ്ടിരുന്ന സ്ഥലത്താണ് ഏലിയാ ഏലീഷായെ കാണുന്നതും (1 രാജ 19:19) വിളിക്കുന്നതും. ഒരാളെ ദൗത്യസ്വീകരണത്തിനായി വിളിക്കുമ്പോള്‍ മാത്രമല്ല ഈ കാഴ്ച. ആ വ്യക്തി ജനിക്കുന്നതിനുമുമ്പ് ഈ കാഴ്ച സംഭവിക്കുന്നുണ്ട്. സങ്കീര്‍ത്തകന്‍ ആലപിക്കുന്നതിങ്ങനെ: “എനിക്ക് രൂപം ലഭിക്കുന്നതിനുമുമ്പ് തന്നെ അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു” (സങ്കീ. 139:16). ദൈവത്തിന്‍റെ ഈ കാഴ്ചയും വിളിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഒരു വിളിയും ആകസ്മികമായി സംഭവിക്കുന്നതല്ല. വിളിക്കപ്പെട്ടയാളിന്‍റെ ജീവന്‍റെ ആരംഭം മുതല്‍ അവസാനംവരെ കണ്ടിട്ടാണ് ദൈവം ഒരുവനെ വിളിക്കുന്നത്. ഒരുവന്‍ എന്താണെന്നല്ല അവനെ എന്താക്കിത്തീര്‍ക്കണമെന്ന ഭാവി കണ്ടിട്ടാണ് ദൈവം വിളിക്കുന്നത്. യേശുവിന്‍റെ ആദ്യവിളിമുതല്‍ അത് പ്രകടമാണ്. മീന്‍പിടിച്ചുനില്‍ക്കുന്ന ശിമയോനെയും തന്നെ മൂന്നുതവണ തള്ളിപ്പറയാന്‍ പോകുന്ന ശിമയോനെയുമല്ല ഗലീലിക്കടല്‍ക്കരയില്‍ വച്ച് യേശു പത്രോസില്‍ കണ്ടത്. റോമില്‍ തലകീഴായി കുരിശില്‍ തറക്കപ്പെടാന്‍ വിധേയനായി നില്‍ക്കുന്ന പത്രോസിനെയാണ് അവന്‍ ദര്‍ശിച്ചത്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന സാവൂളിനെയല്ല, ദൈവസ്നേഹത്തില്‍നിന്ന് ആരെന്നെ വേര്‍പെടുത്തും എന്ന് കണ്ണുനിറഞ്ഞുദ്ഘോഷിച്ച് ഒരു വാള്‍മുനത്തുമ്പില്‍ ശിരസ്സര്‍പ്പിച്ച പൗലോസിനെയാണ് കര്‍ത്താവ് കണ്ടത്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നവനാണെന്ന് സാവൂളിനെക്കുറിച്ച് അനനിയാസ് പറഞ്ഞപ്പോള്‍ കര്‍ത്താവിന്‍റെ പ്രതികരണം ശ്രദ്ധേയമാണ്. “വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്‍റെ നാമം വഹിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്‍. എന്‍റെ നാമത്തെപ്രതി അവന്‍ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവന് ഞാന്‍ കാണിച്ചുകൊടുക്കും” (അപ്പ. 9:15-16). ഈ വിളിയുടെ തുടര്‍ച്ചയും കാഴ്ചയുമാണ് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പഴയ-പുതിയ നിയമചരിത്രങ്ങളുടെ ഏടുകളില്‍മാത്രം കാണുന്ന കാഴ്ചയും വിളികളുമല്ലിത്. ആധുനികയുഗത്തിലും വര്‍ത്തമാനകാലഘട്ടത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുംതന്നെയാണ്.

നിസ്സാരകാര്യങ്ങളെ പര്‍വ്വതീകരിച്ച് സന്യാസത്തെ തെറ്റിദ്ധരിച്ചുകാണാനും വിമര്‍ശിക്കാനും തുനിയുന്നവര്‍ ആത്മപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. കാഴ്ചയുണ്ടായിട്ടും അന്ധരെപ്പോലെ അഭിനയിക്കുന്ന ഇവര്‍ സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാനസാന്തര പ്രകിയകളും പ്രേഷിതപ്രവര്‍ത്തനങ്ങളും സാമൂഹിക-വിദ്യാഭ്യാസ – ജീവകാരുണ്യ രംഗങ്ങളിലെ നിസ്തുല സേവനങ്ങളും ഇവര്‍ കണ്ടിട്ടും കാണാത്തവരെപ്പോലെ നടിക്കുകയാണ്. വിശുദ്ധിയുടെ പടവുകളിലേക്ക് അതിവേഗം ആരോഹിതരായിക്കൊണ്ടിരിക്കുന്നത് സന്യാസസമൂഹത്തില്‍നിന്നുള്ള പ്രതിഭകളാണെന്ന യാഥാര്‍ത്ഥ്യത്തെയും കാണാതിരിക്കരുത്.

ഭാരതസഭയില്‍നിന്നും വിശുദ്ധിയുടെ സോപാനങ്ങളിലേക്കെത്തിയ കൊല്‍ക്കത്തയിലെ മദര്‍ തെരേസയും കേരളസഭയില്‍നിന്നും പുണ്യത്തിന്‍റെ ഗിരിശൃംഗങ്ങള്‍ കീഴടക്കിയ അല്‍ഫോന്‍സാമ്മയും ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയുമൊക്കെ സന്യാസവനിയിലെ സുരഭില സൂനങ്ങളായിരുന്നില്ലേ. എത്രയോ സന്യാസിനി സന്യാസിമാരും സന്യാസസഭാ സ്ഥാപകരുമാണ് ഈ കൊച്ചുകേരളത്തില്‍ത്തന്നെ ദൈവദാസ, ധന്യ, വാഴ്ത്തപ്പെട്ട പദവികളുടെ കൊടുമുടിയേറി നില്‍ക്കുന്നത്. വാഴ്ത്തപ്പെട്ട രക്തസാക്ഷിയെന്ന അഭിധാനത്തിനുപോലും യോഗ്യയായിത്തീര്‍ന്നത് ഒരു സന്യാസിനിയാണ് – സിസ്റ്റര്‍ റാണി മരിയ. സിസ്റ്റര്‍ വല്‍സ ജോണ്‍ മുതല്‍ മദര്‍ ഏലീശ്വ, ഫാ. തിയോഫിന്‍വരെ നീളുന്ന സന്യാസികളായ ഒട്ടേറെ ധന്യാത്മാക്കള്‍ സന്യാസത്തിന്‍റെ ശോഭിതമുഖമല്ലെ വെളിപ്പെടുത്തിത്തരുന്നത്.

ഓരോ കാലഘട്ടത്തിലും മനുഷ്യന്‍റെ വിലാപങ്ങള്‍ക്ക് ദൈവം മറുപടി നല്‍കുന്നുണ്ട്. ഈജിപ്തിലെ ഇസ്രായേല്‍ മക്കളുടെ നിലവിളിക്ക് മോശയായിരുന്നു ദൈവത്തിന്‍റെ മറുപടിയെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ ചേരിയിലും ചേറിലും കഴിഞ്ഞിരുന്ന അവഗണിക്കപ്പെട്ട, തിരസ്കൃതരായിരുന്ന മക്കളുടെ രോദനത്തിന്‍റെ മറുപടിയായിരുന്നു കൊല്‍ക്കത്തയിലെ മദര്‍തെരേസ. ദൈവജനത്തിന്‍റെ സമഗ്രവളര്‍ച്ചയില്‍ മറുപടി കൊടുത്ത ഇത്തരത്തിലുള്ള ഒട്ടനവധി സമര്‍പ്പിതരെ കാലവും ചരിത്രവും നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നില്ലേ. ഇവരൊക്കെ ഹൃദയത്തിലും ജീവിതത്തിലും സന്തോഷം കണ്ടെത്തിയവരാണ്. അതാണ് ഫ്രാന്‍സി സ് പാപ്പായും പറയുന്നത്: “യേശുവിനെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയത്തിലും ജീവിതത്തിലും സുവിശേഷത്തിന്‍റെ സന്തോഷം നിറയുന്നുണ്ട്. ക്രിസ്തുവിനോടൊപ്പം സന്തോഷം നമ്മില്‍ നിരന്തരം പുതുജന്മം പ്രാപിക്കുന്നു” (സുവിശേഷത്തിന്‍റെ സന്തോഷം 1). “എവിടെയെല്ലാം സമര്‍പ്പിത വ്യക്തികളുണ്ടോ, അവിടെ എപ്പോഴും സന്തോഷമുണ്ട്.” ഈ സന്തോഷത്തിന് ഭംഗംവരുകയും ദൈവസാമീപ്യത്തെക്കാള്‍ ഭൗതികവളര്‍ച്ചയെ തേടിപ്പോകുമ്പോഴുമാണ് സന്യാസത്തിന് മ്യൂലച്യുതി സംഭവിക്കുന്നത്. സന്തോഷം നഷ്ടപ്പെട്ട സന്യാസത്തില്‍നിന്ന് സ മര്‍പ്പിതശോഭ മാത്രമല്ല ദൈവാംശവും കെട്ടുപോകുന്നു.

‘സന്യാസജീവിതത്തെ മാമ്മോദീസായുടെ ഫലമായും സന്യാസവ്രതത്തെ മാമ്മോദീസായുടെ പൂര്‍ണപ്രകാശനവുമായി പ്രത്യേക സമര്‍പ്പണമായി കണക്കാക്കുകയും ചെയ്യണമെന്നാണ്’ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ബോധിപ്പിക്കുന്നത് (PC 5). സമര്‍പ്പിതജീവി തം സഭയുടെ ഹൃദയത്തില്‍ത്തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ “അത് ക്രിസ്തീയ വിളിയുടെ ആന്തരിക സ്വഭാവം വെളിപ്പെടുത്തുന്നു…” എ ന്ന് സമര്‍പ്പിതജീവിതമെന്ന അപ്പസ്തോലിക പ്രബോധനം വ്യക്തമാക്കുന്നു (Vita Consecrata 3).

മറ്റേതൊരു ജീവിതാന്തസുപോലെ തന്നെ സന്യാസജീവിതാന്തസും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. സന്യാസജീവിതത്തിലേക്കുള്ള ദൈവവിളി അതിനാല്‍ കുറഞ്ഞുകൊണ്ടേയിരിക്കുന്നു എന്ന വലിയ വിലാപവും കേള്‍ക്കാം. കേരളത്തിലെ സന്യാസസമൂഹങ്ങള്‍ ആഗോളസഭയി ലെ തന്നെ ഒരത്ഭുതപ്രതിഭാസമാണ്. ഇത്രയധികം ദൈവവിളികളുള്ള സന്യാസസമൂഹങ്ങള്‍ ഈ കൊച്ചുകേരളത്തില്‍നിന്ന് ആഗോളസഭയുടെ വൈവിധ്യമാര്‍ന്ന കര്‍മമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ആഗോളസഭയില്‍ ലോകത്തില്‍ മറ്റൊരിടത്തും കണ്ടെത്തിയെന്നുവരില്ല. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ സന്യാസസമൂഹങ്ങള്‍ ദൈവത്തിന്‍റെ വലിയൊരനുഗ്രഹവും തിരുസഭയ്ക്കും ദൈവജനത്തിനും മഹാസേവനവുമാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതെന്നതില്‍ ഒരു സംശയവുമില്ല. ഇതില്‍ പ്രതിസന്ധികളുണ്ടെന്നുള്ളത് ആരും നിഷേധിക്കുന്നില്ല.

ഒന്നാമതായി, വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ നിന്നും കടന്നുവരുന്നവരാണ് ഓരോ അര്‍ത്ഥികളും. പ്രശ്നകലുഷിതമായ കുടുംബബന്ധങ്ങളും സാഹചര്യങ്ങളുമൊക്കെ സമ്മര്‍ദ്ദത്തിലാക്കുമ്പോഴും ശ്രവിച്ച വിളിയും തിരഞ്ഞെടുത്ത ജീവിതാന്തസുമായി വലിയ പ്രതീക്ഷകളോടെ സന്യാസസഭകളിലേക്ക് കടന്നുവരുന്ന അര്‍ത്ഥികള്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള അനുഭവം സന്യാസസമൂഹത്തില്‍നിന്നും ചിലപ്പോഴെങ്കിലും ലഭിക്കാതെ വരുമ്പോള്‍ അതൊരു പ്രതിസന്ധിയാണ്. രണ്ടാമത്, സന്യാസസമൂഹങ്ങള്‍ സന്യാസാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പരിശീലനം അവര്‍ മുന്നില്‍ കാണുന്ന ജോലികളെ മുന്‍നിര്‍ത്തിയാണ്. അതായത് സന്യാസസമൂഹങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തി ആ സ്ഥാപനങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു പരിശീലന പദ്ധതി – ഒരു ക്ലാസ്റൂം ഫോര്‍മേഷന്‍! യഥാര്‍ത്ഥ സന്യാസാനുഭവം ഉണ്ടാകുന്ന തരത്തിലുള്ള ഒരു പരിശീലനത്തിന്‍റെ അഭാവം അസംതൃപ്തിക്കിടവരുത്തുന്നുണ്ട്. ഇതിന്‍റെയെല്ലാം ലക്ഷ്യം രൂപതകളിലെ പല ജോലികളും ഭാരിച്ച പണച്ചെലവില്ലാതെ യും പ്രതിഷേധങ്ങളോ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളിക ളോ ഇല്ലാതെ ചെയ്തുകിട്ടുക എന്ന സംവിധാനമുണ്ടാക്കുക എന്നതാണ്. മൂന്നാമത്, സന്യാസികളെ പലരും സമീപിക്കുന്നത് സന്യാസികളുടെ പ്രാര്‍ത്ഥനാ ജീവിതത്താലോ, ദാരിദ്ര്യജീവിതത്താലോ, അവരുടെ സുവിശേഷസാക്ഷ്യത്താലോ പ്രചോദിതരായി അതില്‍നിന്നും ഫലമെടുക്കാനല്ല. മറിച്ച് അവരുടെ സ്ഥാപനങ്ങളില്‍ ജോലി സംഘടിപ്പിക്കുക, മക്കള്‍ക്ക് പ്രവേശനം നേടിയെടുക്കുക തുടങ്ങിയ ഉപകാരങ്ങള്‍ക്കുവേണ്ടിയാണ്. ഇതും സന്യാസികളെ നേരിടുന്ന വെല്ലുവിളിയും പ്രതിസന്ധിയുമാണ്. ചുരുക്കത്തില്‍ സന്യാസാര്‍ത്ഥികളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും രൂപതാധികാരികളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും സന്യാസം വെല്ലുവിളി നേരിടുന്നുണ്ട്. അപ്പോള്‍ ആര്‍ക്കാണ് ഇവരെ കല്ലെറിയാന്‍ സാധിക്കുക? പക്ഷേ എന്നിട്ടും ദൈവവിളികള്‍ വര്‍ധിക്കുന്നു എന്നുപറയുന്നതാണ് ശരി. പ്രത്യേകിച്ച് പുരുഷസന്യാസ സമൂഹങ്ങളില്‍, ഇത് വെറും വര്‍ധനയല്ല വെളിപ്പെടുത്തുന്നത്. ഗുണകരമായ വലിയ വ്യത്യാസം കണ്ടെത്താനാകുന്നു. പത്താംതരമോ പ്ലസ്ടുവോ ബിരുദമോ കഴിഞ്ഞെത്തുന്ന അര്‍ത്ഥികളെക്കാളേറെ പ്രൊഫഷണല്‍ വിദ്യാഭ്യാസവും ഉന്നതജോലികളുമൊക്കെ കരസ്ഥമാക്കിയതിനുശേഷം അവയിലൊന്നും ‘സന്തോഷം’ പരിപൂര്‍ണമായും അനുഭവിക്കാനാവാതെ എത്രയോ പേരാണ് ഈ അടുത്തകാലത്തുതന്നെ കേരളത്തിലെ സഭാസമൂഹങ്ങളിലേക്ക് സമര്‍പ്പിതരായി കടന്നുവന്നിട്ടുള്ളത്. എഞ്ചിനീയര്‍മാ രും ഡോക്ടര്‍മാരും അധ്യാപക രും അഭിഭാഷകരും വിവരസാങ്കേതിക രംഗത്തെ പ്രഗല്‍ഭരായ മിടുക്കന്മാരുമൊക്കെ സന്യാസം സ്വീ കരിക്കാന്‍ പരപ്രേരണകളില്ലാതെ സ്വയം പ്രേരിതരായി കടന്നുവരു ന്ന കാഴ്ച പറയാതിരിക്കാനാവില്ല. ഈ ജീവിതത്തിന്‍റെ ഒളിമങ്ങാത്ത ശോഭ ഒന്നുമാത്രമാണ് ഇവരെയൊക്കെ ഇതിലേക്കാകര്‍ഷിക്കുന്നത്.

ആഫ്രിക്കയുടെ ഇരുണ്ട മേഖലകളിലും ബ്രസീലിന്‍റെ ആമസോണ്‍ തീരങ്ങളിലേക്കുമൊക്കെ പ്രേഷിതചൈതന്യത്തിന്‍റെ നിറവേറ്റ് എത്രയോ സമര്‍പ്പിതരാണ് കടന്നുവരുന്നത്. ക്ഷണികമായ അടിച്ചുപൊളി ജീവിതത്തിന്‍റെ നശ്വരതവെടിഞ്ഞ് ജീവിതത്തെ ആനന്ദപ്രദവും സന്തോഷഭരിതവുമാക്കിത്തീര്‍ക്കാനാണ് ഈ യുവസന്യാസികള്‍ കടന്നുവരുന്നത്. പാശ്ചാത്യനാടുകളില്‍ സന്യാസത്തിന്‍റെ വേരറ്റുകൊണ്ടിരിക്കുന്നുവെന്ന് പ്രസംഗിക്കുന്നവരും തിരിച്ചറിയണം; എത്രയോപേരാണ് ഭാരതത്തില്‍ നിന്നും പ്രേഷിതപ്രവര്‍ത്തനങ്ങളുമായി ചൂടും അതിശൈത്യവുമൊക്കെ അനുഭവിച്ച് പാശ്ചാത്യനാടുകളില്‍ കര്‍മനിരതരായിരിക്കുന്നത്. ഒരുകാലത്ത് വിദേശമിഷണറിമാരുടെ സേവനംകൊണ്ട് ധന്യമായതാണ് ഭാരതവും കേരളവുമൊക്കെയെങ്കില്‍ ഇന്ന് ഭാരതീയരുടെയും കേരളീയരുടെയും പ്രേഷിതമുദ്ര വിദേശത്ത് പതിയുകയാണ്.

സന്യാസം പ്രതിസന്ധി നേരിടുന്നുവെന്ന് പ്രഘോഷിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. പ്രതിസന്ധി എന്നത് തികച്ചും നിഷേധാത്മകമായ ഒരു പ്രതിഭാസമല്ല. മറിച്ച് വളര്‍ച്ചയ്ക്കുള്ള അവസരമാണ്. ഒരു വ്യക്തിയുടെ ജീവിതം ശൈശവം പിന്നിട്ട് ബാല്യവും കൗമാരവും കഴിഞ്ഞ് യൗവ്വനത്തില്‍ എത്തുന്നതുപോലെ പടിപടിയായുള്ള ഘട്ടങ്ങളിലൂടെ സന്യാസജീവിതവും രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നവീകരിക്കപ്പെടാനും ആദിമചൈതന്യത്തിലേക്ക് തിരിഞ്ഞ് നടക്കാനുമുള്ള അവസരമായി ഓരോ പ്രതിസന്ധിഘട്ടങ്ങളെയും കാണേണ്ടതുണ്ട്. അത്തരമൊരു നവീകരണവും രൂപാന്തരീകരണവും നടക്കുമ്പോഴാണ് വിളഞ്ഞുകിടക്കുന്ന വയലിലേക്ക് കൂടുതല്‍ വേലക്കാരെത്തുക. അങ്ങനെ എത്തുന്നവര്‍ വെറുതെയിരുന്ന് സമയം കളയുന്നവരല്ല. മറിച്ച് വേലചെയ്യാന്‍ തയ്യാറുള്ള, ഗുണപ്രദമായിട്ടുള്ള വേലക്കാര്‍ തന്നെയായിരിക്കും. അത്തരത്തില്‍ കടന്നുവരുന്നവരാണ് മേല്‍ സൂചിപ്പിച്ച പ്രൊഫഷണല്‍സ്. പ്രതിസന്ധികള്‍ കണ്ട് പിറുപിറുത്ത് പിന്നാക്കം പോകുന്നവരല്ലിവര്‍. യാതൊരു പണിക്കും തയ്യാറല്ലാത്ത വെറുതെയിരിക്കുന്നവരുടെ മനോഭാവമാണ് പഴിപറച്ചിലിനും പല്ലിറുമ്മലിനും ആക്ഷേപങ്ങളുടെ നിഷേധ കുറിപ്പുകള്‍ എഴുതുന്നതിനും പറയുന്നതിനും കച്ചകെട്ടിയിറങ്ങുന്നതിന് പ്രേരിതരാകുന്നവര്‍. മാധ്യമ വിചാരണകള്‍കൊണ്ട് താറടിച്ചു കാണിച്ചതുകൊണ്ടോ അന്തിചര്‍ച്ചകളില്‍ ഘോരഘോരം പ്രസംഗിച്ചതുകൊണ്ടോ സന്യാസം കാലഹരണപ്പെട്ടുപോകുകയോ അന്യംനിന്ന് പോകുകയോ ചെയ്യില്ല. സഭയെയും സഭാപ്രവര്‍ത്തനങ്ങളെയും അതിന്‍റെ ചട്ടക്കൂടുകളെയുംകുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാത്തവരുടെ മേളക്കൊഴുപ്പുകള്‍ പോയ മാസങ്ങളിലൊക്കെ കണ്ടുകഴിഞ്ഞതല്ലേ. അതിന്‍റെയൊക്കെ പര്യവസാനവും നാം കണ്ടറിഞ്ഞു.

പ്രൊട്ടസ്റ്റന്‍റ് നവീകരണം, ഫ്രഞ്ച് വിപ്ലവം, പടിഞ്ഞാറന്‍സഭയുടെ പ്രതിസന്ധികളിലാണ് മിഷണറി സന്യാസസഭകള്‍ ഊര്‍ജംകൊള്ളാന്‍ തുടങ്ങിയത്. ഫ്രഞ്ച് വിപ്ലവത്തിന്‍റെ അലയൊലികളാണ് സന്യാസസമൂഹങ്ങളുടെ വഴിയൊരുക്കിയത്. കാലഘട്ടങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ക്രിസ്തുവിനെ അനുകരിക്കാനായി രൂപപ്പെട്ടതാണ് ഓരോ സന്യാസസമൂഹവും. ഓരോ സന്യാസസമൂഹത്തി ന്‍റെ സ്ഥാപകസിദ്ധിയും പാരമ്പര്യ ങ്ങളും നല്‍കപ്പെട്ടിരിക്കുന്നത് തിരുസ്സഭയുടെ നന്മയ്ക്ക് വേണ്ടിയാണ്. അതിനാല്‍ തിരുസഭയോടൊത്ത് ചിന്തിക്കുക, പ്രവര്‍ത്തിക്കുക, സഭയ്ക്കുവേണ്ടി നിലനില്‍ക്കുക എന്നതുതന്നെയാണ് സന്യാസസമൂഹങ്ങളുടെ ലക്ഷ്യം. അതേസമയം സന്യാസസമൂഹങ്ങളുടെ പ്രത്യേക ചൈതന്യം കാത്തുസൂക്ഷിക്കുക എന്നത് തിരുസഭയുടെ ഉത്തരവാദിത്വവുമാണ് (PC 2).

ആധുനിക ലോകത്തിന്‍റെയും അതിലെ മനുഷ്യരുടെയും സങ്കീര്‍ണങ്ങളായ പ്രശ്നങ്ങളെക്കുറിച്ചും തിരുസ്സഭയുടെ ആവശ്യങ്ങളെക്കുറിച്ചും സന്യാസീസന്യാസിനികള്‍ക്ക് അറിവുണ്ടായിരിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിന് സന്യാസഭവനങ്ങളുടെ മതിലുകള്‍ നല്‍കുന്ന സുരക്ഷിതത്വവും സുഖസൗകര്യങ്ങളും വെടിയാനും സാഹസം ഏറ്റെടുക്കാനും പ്രവാചകതുല്യമായ ധീരത അത്യന്താപേക്ഷിതമാണ്.

സന്യാസവ്രതങ്ങള്‍ അവയുടെ ചൈതന്യത്തില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യകത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ക്രിസ്തുശിഷ്യരാകാന്‍ വേണ്ടി സ്വയം ഏറ്റെടുക്കുന്ന ദാരി ദ്ര്യം എന്നും ലോകത്തില്‍ വിലമതിക്കപ്പെടുന്നതാണ്. ക്രിസ്തുവി നെ അനുഗമിക്കുന്നതിന്‍റെ അടയാളമാണിത്. നിക്ഷേപം സ്വര്‍ഗത്തില്‍ കണ്ടെത്തിയവര്‍ (മത്താ. 6:20) അരൂപിയിലും യാഥാര്‍ത്ഥ്യത്തിലും ദരിദ്രരായിരിക്കാനുള്ള ധൈര്യം കാട്ടണം. അടിസ്ഥാനാവശ്യങ്ങള്‍ക്കൊണ്ട് തൃപ്തിപ്പെടുകയും ഇല്ലായ്മകളില്‍ അസ്വസ്ഥപ്പെടുകയും ചെയ്യാത്ത മാനസിക അവസ്ഥയാണ് ദാരിദ്ര്യം (PC 13).

ദൈവരാജ്യത്തെപ്രതിയുള്ള ബ്രഹ്മചര്യം (മത്താ. 19:12) മനുഷ്യഹൃദയത്തെ സ്വതന്ത്രവും വിശാലവുമാക്കുന്നു. അതിനാല്‍ ദൈവത്തോടും സകലമനുഷ്യരോടുമുള്ള സ്നേഹം ബ്രഹ്മചര്യഹൃദയത്തില്‍ നിറയെ ഉണ്ടാകണം. യഥാര്‍ത്ഥ സഹോദരസ്നേഹം നിറഞ്ഞൊഴുകുന്ന സമൂഹങ്ങളിലാണ് ബ്രഹ്മചര്യം ഭദ്രമായി പാലിക്കപ്പെടുക (PC12). അനുസരണവ്രതംവഴി സന്യാസികള്‍ തങ്ങളുടെ മനസ്സിന്‍റെ സമ്പൂര്‍ണമായ വിധേയത്വത്തെ തങ്ങളുടെ ബലിവസ്തുവെന്നപോലെ ദൈവത്തിന് സമര്‍പ്പിക്കുന്നു. ഇതുവഴി ദൈവത്തിന്‍റെ രക്ഷാകരമായ തിരുമനസ്സിനോട് അവര്‍ കൂടുതല്‍ യോജിക്കുന്നു (PC 14).

ഏല്‍പ്പിക്കപ്പെടുന്ന ജോലികളില്‍ ഉണ്ടാകാവുന്ന വൈവിധ്യമല്ലാതെ മറ്റൊരു വ്യത്യാസവും സഹോദരിമാര്‍ തമ്മില്‍ ഉണ്ടാകരുതെന്നാണ് സ്ത്രീകളുടെ സന്യാസസമൂഹങ്ങളോട് ഡിക്രി ആവശ്യപ്പെടുന്നത്. ഇതിനു വിപരീതമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉടലെടുത്ത ഒറ്റപ്പെട്ട സംഭവങ്ങളാണ് ചിലപൊട്ടിത്തെറികളായി തെരുവീഥികളിലേക്കും മാധ്യമങ്ങളിലേക്കും പ്രവഹിച്ചെത്തിയത്. അതേറ്റെടുത്ത ന്യൂനപക്ഷത്തിന്‍റെ പിന്നിലെ ഉദ്ദേശശുദ്ധിയും വെളിപ്പെട്ടതാണ്. സന്യാസസഭകളുടെ കാലാനുസൃതമായ നവീകരണത്തിന് ഉതകുന്ന പരിശീലന രീതികളില്‍ വ്യതിയാനം വരുത്തുന്നതിനെക്കുറിച്ച് ഈ പ്രമാണരേഖ പറയുന്നുണ്ട് (PC 18).

സന്യാസദൈവവിളികള്‍ കുറഞ്ഞുവെന്നും സന്യാസത്തെ വി മര്‍ശിക്കുകയും ചെയ്യുമ്പോള്‍ വിമര്‍ശകര്‍ ആത്മശോധന ചെയ്യേണ്ട ഒരു കാര്യമുണ്ട്. മക്കളെ ക്രിസ്തീയ ചൈതന്യത്തില്‍ വളര്‍ത്തുന്നതിലും സന്യാസദൈവവിളിയുടെ വിത്തുകള്‍ അവരുടെ ഹൃദയങ്ങളില്‍ വിതക്കുന്നതിനും അത് വളരാന്‍ പ്രചോദനമേകുന്നതിനും ശ്രമിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തേണ്ടത് ആവശ്യമാണ്. സമര്‍പ്പിതര്‍ വിളിക്കുള്ളിലെ വിളി ശ്രവിച്ചവരാണ് (Vita Consecrata N. 14).

പന്ത്രണ്ട് ശിഷ്യന്മാരില്‍ മൂന്ന് പേരെ – പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രമാണ് യേശു മലമുകളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ശിഷ്യന്മാരെല്ലാവരും കൂടെപ്പോകാന്‍ യോഗ്യതയുള്ളവരും അവകാശമുള്ളവരുമായിരുന്നു. എന്നിട്ടും കൂട്ടിക്കൊണ്ടുപോകാന്‍ ഗുരു തയ്യാറായത് മൂന്ന് പേരെമാത്രം. ഇതാണ് വിളിക്കുള്ളിലെ വിളി. ഒരു ദൗത്യത്തിന്‍റെ പ്രാര്‍ത്ഥനാദൂരം മാത്രമേ ഈ മലകയറ്റത്തിനുണ്ടായിരുന്നുള്ളൂ. എല്ലാ സമര്‍പ്പിതരും തുല്യരാണ്. ഇവര്‍ വേര്‍പെട്ട് നില്‍ക്കുന്നത് ദൗത്യനിര്‍വ്വഹണത്തില്‍ മാത്രമാണ്. രൂപാന്തരീകരണത്തില്‍ എന്നതുപോലെ സമര്‍പ്പിതര്‍ മലകയറാനും ഇറങ്ങാനും തയ്യാറായിരിക്കണം. സന്യാസ ജീവിതത്തില്‍ ക്രമംതെറ്റാതെയും വ്രതശുദ്ധിയോടെയും ആവര്‍ത്തിക്കപ്പെടേണ്ട ഒരു സത്യമാണ് ഈ മലകയറ്റം. മലമുകളും രൂപാന്തരീകരണവും ബോദ്ധ്യപ്പെടുത്തുന്ന രണ്ട് യാഥാര്‍ത്ഥ്യങ്ങളുണ്ട്. വിളിക്കപ്പെട്ടവര്‍ നോക്കിനില്‍ക്കണം. വിളിച്ചവനെ മാത്രം നോക്കിനില്‍ക്കണം. ഇത് സമര്‍പ്പിതരുടെ പ്രാര്‍ത്ഥനാജീവിതത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ്. സമര്‍പ്പിതര്‍ പ്രാര്‍ത്ഥനയുടെ കൂടാരങ്ങളില്‍ മൗനമായിരുന്ന്, കൂട്ടിരുന്ന് ദൈവത്തെ നോക്കിനില്‍ക്കുമ്പോഴാണ് ദൈവസ്വരം കേള്‍ക്കാനാകുക.

Leave a Comment

*
*